നബിദിനാഘോഷവും കേരളവഹാബികളും

”ഇവിടെയാണ്  അല്‍മുര്‍ശിദിന്റെ വ്യതിരിക്തത നാം മനസ്സിലാക്കേണ്ടത്. ജനങ്ങളെ ഖുര്‍ആനും സുന്നത്തുമനുസരിച്ച് തൗഹീദിന്റെ ശരിയായ പാന്‍ഥാവിലേക്ക് നയിക്കുവാനും സംസ്‌കാര സമ്പന്നരാക്കുവാനും വേണ്ടി പക്വമതികളും പണ്ഡിത കേസരികളുമായ ഒരുകൂട്ടം ഉലമാക്കളുടെ ശ്രമഫലമായുണ്ടായതാണ് അല്‍മുര്‍ശിദ്. യഥാസ്ഥിക പണ്ഡിതന്‍മാര്‍ ഖുര്‍ആനും സുന്നത്തും വലിച്ചെറിഞ്ഞും ഖുറാഫാത്തിന്റെയും ഖാല,ഖീലകളുടെയും ദലീലിന്റെയും പിറകെ ഓടിയിരുന്ന കാലത്ത് ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ദലീലെന്നും നിങ്ങള്‍ അവലംബിക്കുന്ന ദലീല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമല്ലെന്നും കേരള ജനതയെ ഉണര്‍ത്തി ഉല്‍ബുദ്ധരാക്കിയത് അല്‍മുര്‍ശിദും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പണ്ഡിത പ്രതിഭകളുമായിരുന്നു.


അല്‍ മുര്‍ശിദില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ലേഖനങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. ഓരോ ലേഖനവും ഒരു പൂര്‍ണഗ്രന്ഥം എന്നുതന്നെ ആയിരുന്നുവെന്ന് അതിലൂടെ കടന്നുപോയവര്‍ക്ക് മനസ്സിലാകും. ഓരോ വിഷയത്തിലും ഖുര്‍ആനും സുന്നത്തും സലഫുകളും എന്തു പറയുന്നു എന്നുള്ളത് ശരിക്കും വിശകലനം ചെയ്തുകൊണ്ടുള്ള ഒരു നീണ്ട ചര്‍ച്ച തന്നെയായിരുന്നു അതിലുണ്ടായിരുന്നത്. തെളിവുകളും അത് അവതരിപ്പിക്കുന്ന രചനാപാഠവവും ഒന്നു വേറെത്തന്നെയാണ്.” (വിചിന്തനം, 2005 ഏപ്രില്‍ 1)


വഹാബി പുരോഹിത സഭയായ കേരള ജംഇയ്യതുല്‍ ഉലമാ(?)യുടെ മുഖപത്രമായി 1935 ഫെബ്രുവരിയിലാണ് അല്‍മുര്‍ശിദ് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.
ഖുര്‍ആനും സുന്നത്തും സലഫിന്റെ  പ്രവൃത്തിയും അനുസരിച്ചും തീര്‍ത്തും പ്രമാണ ബന്ധിതവുമായിരുന്നു ഓരോ ലക്കവും ഓരോ വിഷയവും അതില്‍ പ്രതിപാദിച്ചിരുന്നത് എന്നുമാണല്ലോ വിചിന്തനം അവകാശപ്പെടുന്നത്. ഇത്രയും ആധുനിക വഹാബി പുരോഹിതന്‍മാര്‍ അവകാശപ്പെട്ട  സ്ഥിതിക്ക് അല്‍മുര്‍ശിദിന്റെ പഴയ താളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം സാന്ദര്‍ഭികമായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ചില കാര്യങ്ങള്‍ കുറിക്കട്ടെ.


നബി(സ) ജനിച്ച മാസമാണല്ലോ ഇത്. നബി(സ) ജനിച്ച മാസം എന്ന നിലക്ക് ലോകത്തുള്ള  മുസ്‌ലിംകള്‍ വിവിധ തരത്തില്‍ ആഹ്‌ളാദം പങ്കിടുകയും ചെയ്യുന്നു. ഇത് സമസ്തക്കാര്‍ സംവിധാനിച്ചതോ തുടക്കം കുറിച്ചതോ അല്ല. ഉമ്മത്തിലെ സലഫ് അംഗീകരിച്ച് അനുവര്‍ത്തിച്ചു പോരുന്ന സമ്പ്രദായമാണത്. ഇതിനെതിരെ ഓരിയിടുന്ന ഒരേയൊരു ഖൗമ് കേരളാ കോണ്‍ഗ്രസ് വഹാബികള്‍ മാത്രമാണ്.


നബിദിനാഘോഷത്തെ ആക്ഷേപിക്കാന്‍ അവരുപയോഗിക്കുന്ന ചില ഭാഷാ പ്രയോഗങ്ങള്‍ വഹാബി നിഘണ്ടുവില്‍ മാത്രം കാണുന്നതുമാണ്. ഒരു ചീഞ്ഞളിഞ്ഞ സംസ്‌കാരമാണ് ആധുനിക വഹാബികള്‍ പേറുന്നത്. ആരെയും എന്തും പറയാമെന്നും ഏത് തരംതാണ പ്രയോഗവും പ്രയോഗിക്കാമെന്നും അടുത്ത കാലത്തായി വഹാബികള്‍ സ്വീകരിച്ച നയമായി  മനസ്സിലാകുന്നു.


നബിദിനാഘോഷം ബിദ്അത്തും നീചകൃത്യവും അനിസ്‌ലാമികവുമൊക്കെയായി ഇന്ന് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വഹാബികള്‍ അല്‍ മുര്‍ശിദില്‍ മുമ്പ് വന്നത് ഒരാവര്‍ത്തി വായിക്കണമെന്ന് ഉണര്‍ത്തുന്നു.


അല്‍ മുര്‍ശിദിന്റെ ഓരോ ലക്കവും ഓരോ ലേഖനവും ഖുര്‍ആനും സുന്നത്തും സലഫുകളുടെ പ്രവര്‍ത്തനവും അനുസരിച്ചായിരുന്നുവെന്നാണല്ലോ ഏറ്റവും പുതിയ വിചിന്തനത്തില്‍ പോലുമുള്ളത്. അല്‍ മുര്‍ശിദില്‍ നബിദിനത്തെക്കുറിച്ചെഴുതിയ ലേഖനങ്ങള്‍ക്ക് മാത്രം ഈ വിശേഷണങ്ങള്‍ ബാധകമല്ലെന്ന് വരുമോ?


അതുകൊണ്ട് ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം കൈകാര്യം ചെയ്യുന്ന അല്‍ മുര്‍ശിദില്‍ അന്നത്തെ മൗലവിമാര്‍ -കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍- നബിദിനത്തെക്കുറിച്ചെഴുതിയത് പുനര്‍വായനക്ക് വിധേയമാക്കുകയാണിവിടെ.


”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ ആനന്ദ തുന്ദിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം? ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉല്‍സുകരായിത്തന്നെ ഇരിക്കുന്നു. ഇസ്‌ലാം മത പ്രബോധകരായ ആ മഹാ പുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്‍മകളെപ്പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല. കാരണം, ലോകഗതിക്ക് പ്രതിബന്ധമായി നില്‍ക്കുന്ന നിരീശ്വര വിശ്വാസത്തെ അദ്ദേഹം നശിപ്പിച്ചു. തല്‍സ്ഥാനത്ത് ഏകദൈവ വിശ്വാസം ഉറപ്പിച്ചു. ജാതിക്കോട്ടയെ തച്ചുടച്ചു. ഒരു ദൈവം, ഒരു മതം, ഒകു ജാതി എന്നുള്ള മഹല്‍ തത്വം പ്രഖ്യാപിച്ചു. ബുദ്ധിയെ നശിപ്പിച്ച് പൊതുസമാധാനത്തിന് ഹാനി വരുന്ന മദ്യപാനത്തെ നിറുത്തല്‍ ചെയ്തു.


ലോകത്ത് നടക്കുന്ന സകല സംഗതികളെക്കുറിച്ചും മതം പ്രതിപാദിച്ചിട്ടുണ്ട്. വേദവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു വാദപ്രതിവാദം നടത്തുമ്പോഴേ ഈ വാസ്തവം വെളിപ്പെടുകയുള്ളൂ. ഇങ്ങനെയുള്ള പ്രാധാന്യം കൊണ്ടു മാത്രമാണ് ഒരു ലക്ഷത്തിലധികം അനുയായികള്‍ തിരുമേനിക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലഭിച്ചത്. ഇങ്ങനെയുള്ള മഹല്‍ മതത്തിന്റെ പ്രബോധകന്‍, പ്രജാവല്‍സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശ വാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്.


തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാംദീനിന്റെ പ്രചാരത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍  നബി(സ)യുടെ ചര്യയില്‍ സ്ഥിതി ചെയ്യുന്നു. അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്. അന്ത്യനാളിനെക്കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക് നബി(സ) തിരുമേനിയില്‍ നല്ല മാതൃകയുണ്ട്. (അല്‍ അഹ്‌സാബ്) എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെപ്പറ്റി ഭയമില്ലാത്തവര്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണം ഉറപ്പിക്കാനുള്ള സന്നദ്ധത ഉണ്ടായിരിക്കയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും നബി(സ) തിരുമേനിയെ മാതൃയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെത്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിനത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്നുചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവ ഗുണങ്ങള്‍ വിവരിക്കും. നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും. സദസ്സില്‍ നബിയോടുള്ള പ്രേമം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക:

”നബിയേ, ജനങ്ങളോട് പറയുവീന്‍, നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവീന്‍, എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. കുറ്റങ്ങളെ മാപ്പ് ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്.”  ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബി തിരുമേനിയെ അംഗീകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം. നബിയെ അനുകരിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം, അല്ലാഹുവിനെ വെറുക്കുകയും അവന്റെ സ്‌നേഹത്തെ ആര്‍ജിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. മേല്‍പറഞ്ഞ സംഗതികള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ സദസ്സ്.  ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലിദില്‍-മൗലിദ് സദസ്സില്‍-ദീനിയ്യായ, സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം.

അന്തവിശ്വാസങ്ങളും കള്ളങ്ങളും ഉള്‍ക്കൊണ്ട യാതൊന്നും അവര്‍ പറയുകയില്ല. കള്ളക്കഥകളും അടിയുറപ്പില്ലാത്ത രിവായത്തുകളും ആ ബഹുമാന സദസ്സില്‍ അവര്‍ പറയുകയില്ല. ശരിയായ ആലിമുല്‍ ഹഖിന് അറിയാം,നബി(സ)യെപ്പറ്റി കളവ് പറയുന്നത് മൂബിഖാതില്‍ പെട്ടതാണെന്ന്; ദീനില്‍ അടിയുറപ്പില്ലാത്തത് പറയല്‍ തെറ്റാണെന്ന്. ‘ളഈഫ്’ സ്വഹീഹാണെന്ന് പറയല്‍ കുറ്റകരമാണ്. ആഖിറത്തിലേക്ക് വഴികാട്ടുന്ന സ്വാലിഹായ ആലിം ജനങ്ങളെ വഞ്ചിക്കുകയില്ല.”………. (അല്‍ മുര്‍ശിദ് -ഹി.1357, റബീഉല്‍ അവ്വല്‍)


‘റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്യുന്നതിന് സന്നദ്ധരാവുക’ എന്ന തലക്കെട്ടില്‍ ഹിജ്‌റ 1357ല്‍  റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇറങ്ങിയ അല്‍ മുര്‍ശിദിലെ സുദീര്‍ഘമായ ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് മുകളിലുദ്ധരിച്ചത്. റബീഉല്‍ അവ്വലിന്റെ മഹത്വങ്ങളും നബിദിനം കൊണ്ടാടുന്നതിന്റെ ഗുണവശങ്ങളും അനിവാര്യതയും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ 33 സംഗതികള്‍ ഈ ഉദ്ധരണിയില്‍നിന്ന് ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാം.


1. റബീഉല്‍ അവ്വല്‍ മാസം പവിത്ര മാസമാണ്.
2.  റബീഉല്‍ അവ്വല്‍ പിറക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ ആനന്ദിക്കുന്നു.
3. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉല്‍സുകരായിരിക്കും.
4. റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ നബി(സ)യെ സ്മരിക്കാതെ നിവൃത്തിയില്ല.
5. മഹല്‍ മതത്തിന്റെ പ്രബോധകന്‍, പ്രജാവല്‍സരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍ക്കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6. ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്.
8. ഈ ആഘോഷം പല നല്ലകാര്യങ്ങളും സാധിപ്പിക്കുന്നു.
9. നബിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു.
10. നബിയുടെ സച്ചരിതങ്ങളെയും സ്വഭാവങ്ങളെയും ഓര്‍മ്മിക്കാന്‍ വഴിവെക്കുന്നു.
11. ജനങ്ങള്‍ക്ക് അവ വിവരിക്കുന്നതിന് അവസരം ലഭിക്കുന്നു.
12. ദീനിന്റെ പ്രചാരണത്തിന് അതുപകരിക്കുന്നു.
13. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിക്കുന്നു.
14. അല്ലാഹുവെ ഭയമില്ലാത്തവര്‍ നബിയെ അനുകരിക്കാന്‍ തുനിയുകയില്ല.
15. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവര്‍ റസൂലിനെ മാതൃകയാക്കി സ്വീകരിക്കുകയില്ല.
16. ആല്ലാഹുവിനെയും പരലോകത്തെയും പേടിയുള്ളവര്‍ മൗലിദ് യോഗത്തില്‍ പങ്കുചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
17. മുസ്‌ലിം ലോകം ഒന്നായി മൗലിദ് യോഗം കൊണ്ടാടുന്നു.
18. അതില്‍ നബിചര്യ നന്നായി വിവരിച്ചു കൊടുക്കണം.
19. തങ്ങളുടെ ഉത്തമ ഗുണങ്ങളും വിവരിക്കണം.
20. നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കണം.
21. സദസ്സില്‍ നബിയോടുള്ള പ്രേമം വളര്‍ത്തും.
22. സ്വഹാബത്തിന്റെ മതനിഷ്ടയും ഭക്തിയും വിവരിക്കും.
23. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും.
24. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും.
25. നബിയെ അംഗീകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിന്റെ ലക്ഷണം.
26. നബിയെ അനുകരിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം അല്ലാഹുവിനെ വെറുക്കുകയും അവന്റെ സ്‌നേഹത്തെ ആര്‍ജിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്.
27. ഈ മേല്‍പറഞ്ഞ സംഗതികള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ സദസ്സ്.
28. ഈ സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്.
29. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്.
30. മൗലിദ് സദസ്സില്‍ ദീന്‍ അറിയുന്ന ആലിമ് ഉണ്ടായിരിക്കണം.
31. അവരുടെ ഉപദേശം മുറക്ക് നടക്കണം.
32. മുസ്‌ലിംകളില്‍ ദീനീ ചൈതന്യം അനുകരിപ്പിക്കണം.
33. കള്ളക്കഥകളും അടിയുറപ്പില്ലാത്ത റിപ്പോര്‍ട്ടുകളും പറയാന്‍ പാടില്ല.


വഹാബിസം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് 1921ന് ശേഷമാണ്.  അല്‍മുര്‍ശിദ് പ്രസിദ്ധീകരിച്ചു തുടങ്ങുന്നതാവട്ടെ, 1935ലും. പത്രം നടത്തിയിരുന്നത് ഏതാനും മൂന്നാം ക്ലാസ് വഹാബികളായിരുന്നില്ല. അവരുടെ പുരോഹിതസഭയായ കേരളാ ജംഇയ്യത്തുല്‍ ഉലമ തന്നെയായിരുന്നു. ഖുര്‍ആനും സുന്നത്തും സലഫുകളുടെ പ്രവര്‍ത്തനങ്ങളും അനുസരിച്ചുള്ള ലേഖനങ്ങള്‍ മാത്രമേ അതിലുണ്ടായിരുന്നുള്ളൂവെന്ന് വിചിന്തനവും സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും എന്തേ മുറിമൗലവിമാര്‍ ഇപ്പോള്‍ നബിദിനത്തിനെതിരെ കുരച്ചു ചാടുന്നു? കാരണം, ഒന്ന്, തൗഫീഖ് ഒരു വിഷയമാണല്ലോ, അതവര്‍ക്കില്ല, അതുള്ളവര്‍ക്കല്ലെ അതില്‍ പങ്കെടുക്കാനൊക്കൂ.


രണ്ട്, മേല്‍ സംഗതികള്‍ നബിദിനാഘോഷത്തിന്റെ നേട്ടങ്ങളും ഉദ്ദേശങ്ങളുമാണ്. അത് മുറക്ക് നടക്കുകയാണെങ്കില്‍ ദീനിന്റെ ശക്തി പകര്‍ന്നെങ്കിലോ എന്ന് വഹാബിസം ഭയപ്പെട്ടു. ഇസ്‌ലാമിന് ഗുണകരമായതൊന്നും വഹാബിസം ഇഷ്ടപ്പെടില്ലല്ലോ. അങ്ങനെയാണ് ജൂതസൃഷ്ടിയായ മാസൂണിസത്തിന്റെ അപ്പോസ്തലന്‍മാരായ ത്രിമൂര്‍ത്തികളുടെ -അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിസാ-യുടെ അരുമ ശിഷ്യരായ കേരള കോണ്‍ഗ്രസ് വഹാബികള്‍ ഇസ്‌ലാമിനെതിരെ തിരിഞ്ഞത്. അതില്‍ അതിശയോക്തി ഒട്ടുമില്ല. വഹാബിസം അതിന്റെ സാമ്പ്രദായിക മുഖം കാണിക്കുന്നുവെന്നു മാത്രം!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter