അഹ്‌ലെ ഹദീസ്
വഹാബിസം, നജ്ദിസം, സലഫിസം, ഇസ്വ്‌ലാഹിസം എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ ആശയങ്ങളുടെ മറ്റൊരു പതിപ്പാണ് അഹ്‌ലെ ഹദീസ്. ഇന്ത്യാ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് അഹ്‌ലെ ഹദീസ് പ്രവര്‍ത്തിക്കുന്നത്. ഇതുപോലെ അള്‍ജീരിയയിലെ മുസ്‌ലിം ജംഇയ്യത്തുല്‍ ഉലമ, ഈജിപ്തിലെയും സുഡാനിലെയും അന്‍സ്വാറുസ്സുന്നത്തില്‍ മുഹമ്മദിയ്യ തുടങ്ങിയ സംഘടനകളും വഹാബിസത്തിന്റെ മറ്റുചില പ്രാദേശിക പതിപ്പുകളാണ്.
സൈദ്ധാന്തിക മേന്മയോ ആദര്‍ശ വിശുദ്ധിയോ ഇല്ലാത്ത വഹാബിസത്തിനെങ്ങനെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ശാഖകള്‍ ഉണ്ടായി എന്നതിനെക്കുറിച്ച് ആധുനിക മുസ്‌ലിം ലോകത്തിന്റെ ഗതിവിഗതികളെ നിരീക്ഷിച്ച പല ചിന്തകന്മാരും വാചാലരായിട്ടുണ്ട്. രണ്ടു കാരണങ്ങളാണത്രെ വഹാബിസത്തെ നിലനിര്‍ത്തിയതും പ്രചരിപ്പിച്ചതും. ഒന്ന്, മുസ്‌ലിംകളുടെ സാംസ്‌കാരിക കേന്ദ്രങ്ങളായ മക്കയും മദീനയും ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ ഔദ്യോഗിക മതമായി രംഗത്തുവരാനായി എന്നത്. രണ്ട്, എഴുപതുകള്‍ക്കു ശേഷം അവിടെയുണ്ടായ പെട്രോഡോളറിന്റെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തി ആഗോള വ്യാപകമായി വഹാബിസത്തിന്റെ പ്രചരണത്തിനു പദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നത്. ഈ രണ്ടു കാരണങ്ങളും ഇല്ലായിരുന്നെങ്കില്‍ നജ്ദിന്റെ വരണ്ട കുന്നിന്‍മുകളില്‍ വെച്ചുതന്നെ അതെന്നോ വാടിപ്പോകുമായിരുന്നു.
ആദ്യകാലത്ത് വിശുദ്ധ ഭൂമിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയ വേളയിലാണ് പലര്‍ക്കും വഹാബിസത്തിന്റെ വിഷബാധയേറ്റത്. ഇന്ത്യയില്‍ ഈ വിഷാംശം കൊണ്ടുവന്ന ഷാ ഇസ്മാഈല്‍ ദഹ്‌ലവി, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ തുടങ്ങിയവര്‍ക്ക് ഇതു ലഭിച്ചത് ഹജ്ജിനു പോയ വേളയിലായിരുന്നു. വഹാബീ ചരിത്രകാരന്‍ രേഖപ്പെടുത്തുന്നതു കാണുക.
”ഇന്ത്യയില്‍ മുസ്‌ലിം നവോത്ഥാനത്തിന്റെ വിഷയത്തില്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി വഹിച്ച പങ്ക് അനിഷേധ്യമത്രെ. എന്നാല്‍ അതിന്റെ സ്ഥാപകനായ സര്‍ സയ്യിദ് അഹ്മദ് ഖാന് ഹജ്ജ് കര്‍മ്മത്തിനു പോയപ്പോഴാണ് ഉല്‍ബുദ്ധതയുടെ ആവേശം ലഭിച്ചത്. ലണ്ടനില്‍ വെച്ച് അദ്ദേഹവുമായി കണ്ടുമുട്ടിയ അമീര്‍ അലിയും ഇബ്‌നു അബ്ദില്‍ വഹാബിന്റെ ചിന്താധാരയില്‍ ആകൃഷ്ടനാകുകയും ‘സ്പിരിറ്റ് ഓഫ് ഇസ്‌ലാം’ എന്ന ലോകപ്രസിദ്ധ ഗ്രന്ഥം രചിക്കുന്നതിലേക്ക് അത് വഴിതെളിയിക്കുകയും ചെയ്തു.” ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം: 19)
മക്കയും മദീനയും ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ ഔദ്യോഗിക മതമായി എന്നത് സര്‍ സയ്യിദിനെ പോലെ പരിഷ്‌കരണത്തിനു വേണ്ടി ദാഹിച്ചവരെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരമായി വഹാബികളുപയോഗപ്പെടുത്തിയതാണ് നാം ഇവിടെ കാണുന്നത്. (പില്‍ക്കാലത്ത് സര്‍ സയ്യിദ് വഹാബിസവും വലിച്ചെറിഞ്ഞ് സ്വന്തം വഴി കണ്ടെത്തുകയായിരുന്നു). പെട്രോ ഡോളറിന്റെ ഊര്‍ജ്ജം വളരെ സമര്‍ത്ഥമായിട്ടാണവര്‍ ഉപയോഗപ്പെടുത്തിയത്. ഹജ്ജിനു പോകുന്ന ഓരോ തീര്‍ത്ഥാടകനും പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത വഹാബീ ഗ്രന്ഥങ്ങള്‍ സൗജന്യമായി നല്‍കി. പഴയ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മുഴുവന്‍ ടിപ്പണി എഴുതി വികലമാക്കിയോ വരികള്‍ക്കിടയില്‍ കത്രിക വെച്ചോ പ്രസിദ്ധീകരിച്ചു. ഹാഫിസ് അസ്ഖലാനിയുടെ ‘ഫത്ഹുല്‍ ബാരി’യിലെ സുന്നീ നിലപാടുകളെ ടിപ്പണി എഴുതി മലിനമാക്കിയ ഇബ്‌നു ബാസിന്റെ ശൈലിയും തഫ്‌സീര്‍ സ്വാവിയിലെ വഹാബീ വിരുദ്ധ പരാമര്‍ശങ്ങളെ കഷ്ണിച്ചു നീക്കം ചെയ്തു പ്രസിദ്ധീകരിച്ച രീതിയും ഉദാഹരണം. എല്ലാത്തിനും പുറമെ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സഘടനകള്‍ക്കും ഫണ്ടും പണവും നല്‍കി പ്രോല്‍സാഹിപ്പിച്ചു.
1962-ല്‍ സ്ഥാപിതമായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്)ന്റെ മറവില്‍ അവരിതിനെല്ലാം ചരടു വലിച്ചു. മദീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയവരെ ഇസ്‌ലാമിക പ്രബോധനത്തിനെന്ന പേരില്‍ പലപ്പോഴും റാബിത്വ പറഞ്ഞയച്ചത് മുസ്‌ലിംകളില്‍ വഹാബിസം പ്രചരിപ്പിക്കാനായിരുന്നു. ഇബ്‌നു അബ്ദില്‍ വഹാബിന്റെ പിന്തുടര്‍ച്ചക്കാരനായ മുഫ്തി മുഹമ്മദ് ബിന്‍ ഇബ്‌റാഹിം അശ്ശൈഖിനെ പോലുള്ള സഊദിയുടെ മുഖ്യ മുഫ്തിമാര്‍ പലപ്പോഴും റാബിത്വയുടെ നായകത്വം വഹിച്ചതും മക്ക തന്നെ ആസ്ഥാനമായതും കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാക്കി. 1972-ല്‍ റിയാദ് ആസ്ഥാനമായി റാബിത്വയുടെ യുവജന ഘടകം വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) രൂപീകൃതമായപ്പോഴും അവരത് തങ്ങള്‍ക്കനുകൂലമായി ഉപയോഗിച്ചു എന്നതാണ് വസ്തുത. ‘വമി’ പ്രസിദ്ധീകരിച്ച ‘മൗസൂഅത്ത്’ പോലുള്ള ഗ്രന്ഥങ്ങളില്‍ ഇസ്‌ലാമിലെ പാരമ്പര്യ പ്രസ്ഥാനങ്ങളെയും സൂഫി ത്വരീഖകളെയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും ബിദ്അത്തിന്റെയും കേന്ദ്രങ്ങളാക്കിയാണ് ചിത്രീകരിക്കുന്നത്. ‘മുസ്‌ലിം ലോകത്തിന്റെ ഐക്യവേദി’യെന്നു പേരിട്ടിരിക്കുന്ന സംഘടനയുടെ ബാനറിലാണ് വഹാബികള്‍ ഈ തന്ത്രങ്ങള്‍ മുഴുവന്‍ ആവിഷ്‌കരിക്കുന്നത് എന്ന നഗ്‌ന സത്യം അവരുടെ ചൂഷണത്തിന്റെ വികൃത മുഖമാണ് പ്രകടമാക്കുന്നത്.
അഹ്‌ലേ ഹദീസ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുളച്ചു പൊങ്ങിയ വഹാബീ ഗ്രൂപ്പുകളുടെ നിലനില്‍പ്പിന്റെ സ്രോതസ്സിലേക്കും കാരണത്തിലേക്കും വെളിച്ചം വീശാനാണ് ഇത്രയും വിശദീകരിച്ചത്.
രൂപീകരണവും പ്രവര്‍ത്തനവും
1824-ല്‍ ഹജ്ജിനെത്തിയ ഷാ ഇസ്മാഈല്‍ ദഹ്‌ലവിയാണ് ഇന്ത്യയില്‍ വഹാബിസത്തിന്റെ വിത്തു വിതച്ചതെന്നു സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ തഖ്‌വിയത്തുല്‍ ഈമാന്‍ പോലുള്ള ഗ്രന്ഥങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ ഉത്തരേന്ത്യയുടെ ഒറ്റപ്പെട്ടയിടങ്ങളിലുണ്ടായിരുന്നെങ്കിലും അവര്‍ക്കൊരു സംഘടിത രൂപമുണ്ടായിരുന്നില്ല. 1906-ല്‍ ഡിസംബര്‍ 22ന് ബീഹാറിലെ ‘അല്‍ മദ്‌റസത്തുല്‍ അഹ്മദിയ്യ’യുടെ വാര്‍ഷികാഘോഷത്തില്‍ വെച്ചാണ് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് എന്ന സംഘടനക്കു രൂപം നല്‍കിയത്.
പ്രഥമ പ്രസിഡണ്ട് അബ്ദുല്ല ഗാസിപൂരിയും ജനറല്‍ സെക്രട്ടറി സനാഉല്ലാ അമൃതസരി (1868-1948)യുമായിരുന്നു. സുന്നീ വിശ്വാസാദര്‍ശങ്ങള്‍ക്കു നേരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങിയ അഹ്‌ലെ ഹദീസുകള്‍ മദ്ഹബുകള്‍ക്കെതിരെയാണ് കാര്യമായ കടന്നാക്രമണങ്ങള്‍ നടത്തിയത്. പക്ഷേ, ഇതിനൊന്നും ഉത്തരേന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഹനഫീ മദ്ഹബ് സ്വീകരിക്കുന്ന അവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ബറേല്‍വികളും ദയൂബന്ദികളും, മദ്ഹബുകളെ വലിച്ചെറിയണമെന്ന അഹ്‌ലെ ഹദീസുകാരുടെ വാദം അംഗീകരിച്ചില്ല.
1947-ല്‍ വിഭജനാനന്തരം മിക്ക അഹ്‌ലെ ഹദീസ് നേതാക്കളും പാകിസ്ഥാനിലേക്കു വണ്ടി കയറിയതോടെ വര്‍ഷങ്ങളോളം സംഘടന നിര്‍ജീവമായി കിടന്നു. 1952-ല്‍ അബ്ദുല്‍ വഹാബ് ആര്‍വിയാണ് പിന്നീട് അഹ്‌ലെ ഹദീസ് പുനഃസംഘടിപ്പിച്ചത്. 1961-ല്‍ കിഴക്കന്‍ യു.പിയിലെ നോഗാറില്‍ സമ്മേളനം സംഘടിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തന രംഗത്തിറങ്ങുന്നത്. 1963-ല്‍ ബനാറസില്‍ സ്ഥാപിച്ച ജാമിഅ സലഫിയ്യ, ഉമറാബാദിലെ ജാമിഅ ദാറുസ്സലാം, മുംബൈയിലെ ജാമിഅ ഇസ്‌ലാമിയ്യ എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍. ‘തര്‍ജുമാന്‍’ ഉര്‍ദു മാഗസിനാണ് അഹ്‌ലെ ഹദീസിന്റെ മുഖപത്രം. ‘ഇസ്വ്‌ലാഹെ സമാജ്’ എന്ന പേരില്‍ ഒരു ഹിന്ദി മാസികയും ഇവര്‍ക്കുണ്ട്.
ആള്‍ഇന്ത്യാ അഹ്‌ലെ ഹദീസ് കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് 41 അംഗ കമ്മിറ്റിയാണ്. ഹാഫിസ് മുഹമ്മദ് യഹ്‌യ ഛബ്രയാണ് പ്രസിഡണ്ട്. അസ്ഗര്‍ അലി ഇമാം മഹ്ദി സലഫി ജനറല്‍ സെക്രട്ടറിയും. ഡല്‍ഹി ജുമാമസ്ജിദിനടുത്തുള്ള ‘അഹ്‌ലെ ഹദീസ് മന്‍സില്‍’ ആണ് ആസ്ഥാനം.
ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളില്‍ അഹ്‌ലെ ഹദീസിന് ശാഖകളുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ വേരോട്ടമില്ലെന്ന് അവരുടെ റിപ്പോര്‍ട്ടുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. കേരളത്തില്‍ അതിനു ശാഖകളില്ലെങ്കിലും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ അഹ്‌ലെ ഹദീസിന്റെ കേരളാ ഘടകത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ‘വമി’ പ്രസിദ്ധീകരിച്ച ‘മൗസൂഅത്തി’ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അഹ്‌ലെ ഹദീസിന്റെ ഏറ്റവും സജീവമായ ഘടകമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ നിന്നുതന്നെ മറ്റു സംസ്ഥാനങ്ങളെ വിലയിരുത്താം.
പാകിസ്ഥാനില്‍ 1950-ലാണ് പാകിസ്ഥാന്‍ അഹ്‌ലെ ഹദീസ് രൂപീകൃതമാകുന്നത്. മുഹമ്മദ് ദാവൂദ് ഗസ്‌നവി (1895-1963)യാണ് സ്ഥാപകനും പ്രഥമ പ്രസിഡണ്ടും. ഫൈസ്വലാബാദിലെ ജാമിഅ സലഫിയ്യ അവരുടെ പ്രധാന സ്ഥാപനമാണ്. തര്‍ജുമാനുല്‍ ഹദീസ്, മുഹദ്ദിസ്, അഹ്‌ലെ ഹദീസ്, സൗത്തുല്‍ ഉമ്മ, തൗഹീദ് എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങള്‍ അവര്‍ക്കുണ്ട്. 1972-ല്‍ ബംഗ്ലാദേശ് രൂപീകൃതമായപ്പോള്‍ അവിടെയും അഹ്‌ലെ ഹദീസിനു ശാഖയുണ്ടായി. അവിടെ നിന്നും ‘അറഫാത്ത്’ വാരിക പ്രസിദ്ധീകരിക്കുന്നു.
ഇന്ത്യയില്‍ തന്നെ അഹ്‌ലെ ഹദീസുകാര്‍ ഒരേ ആശയവും നിലപാടും വെച്ചുപുലര്‍ത്തുന്നവരല്ല. അഹ്‌ലെ ഹദീസുകാരുടെ നയനിലപാടുകളോടു വിയോജിച്ചുകൊണ്ടു പുറത്തുപോയവര്‍ ഇയ്യിടെ ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് എന്ന പേരില്‍ സംഘടിക്കുകയുണ്ടായി. അതിന്റെ ദേശീയ പ്രസിഡണ്ട് അബ്ദുല്‍ വഹാബ് ഖില്‍ജിയും ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരുമാണ്.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment