ഖുര്‍ആനും അല്ലാഹുവിലുള്ള വിശ്വാസവും
ചില മൗലിക സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുവാന്‍ മാത്രം നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പ്രവൃത്തികള്‍ എന്തും എങ്ങനെയും ആവാമെന്ന നിലക്ക് അതിനെക്കുറിച്ച് മൗനം അവലംബിക്കുകയല്ല ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. അപ്രകാരം തന്നെ പ്രവര്‍ത്തനങ്ങളെ മാത്രം ചില നിയമങ്ങള്‍ മൂലം നിയന്ത്രിച്ച് വിശ്വാസം എന്തുമാവാം എന്ന നിലക്ക് അതിനെ അവഗണിച്ചിട്ടുമില്ല ഖുര്‍ആന്‍. പ്രത്യുത അനര്‍ഘങ്ങളായ ചില മൂല തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിക്കാനും തദനുസരണം പ്രവൃത്തികളെ നിയന്ത്രിച്ച് ക്രമീകരിക്കുവാനുമാണ് അത് ശക്തിയുക്തം അനുശാസിക്കുന്നത്. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നത് വിശ്വാസമാണല്ലോ. വിശ്വാസം നല്ലതായാല്‍ പ്രവൃത്തി നന്നാകുന്നു. അത് പിഴച്ചുപോയാല്‍ പ്രവൃത്തിയും പിഴക്കും. നബി (സ) പറയുകയാണ്: അറിയുക, ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുക്കെ ദുഷിച്ചു-അതാണ് ഹൃദയം (ബുഖാരി). യഹൂദികളെ സംബന്ധിച്ച് അല്ലാഹു വ്യക്തമാക്കുന്നു: പറയുക, നിങ്ങള്‍ വിശ്വസിച്ചവരായിട്ടുണ്ടെങ്കില്‍, ആ വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ നീചമായതു തന്നെ (2:93). മനുഷ്യനെ പ്രവൃത്തിയിലേക്ക്-അത് നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ-പിടിച്ചു തള്ളുന്നത് അവന്റെ വിശ്വാസമാണെന്ന് ഈ വാക്യം പഠിപ്പിക്കുന്നുണ്ടല്ലോ.
അല്ലാഹുവില്‍ വിശ്വസിക്കല്‍
വിശ്വാസപരമായ കാര്യങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പരമപ്രാധാന്യം കല്‍പിച്ചിട്ടുള്ളത് പ്രപഞ്ചനാഥനിലുള്ള വിശ്വാസത്തിനാണ്. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്ന കാലത്ത് അറബികളില്‍ നിരീശ്വര വിശ്വാസികളുണ്ടായിരുന്നുവെങ്കിലും അവര്‍ താരതമ്യേന വിരളമായിരുന്നു; ഏറിയ കൂറും ബഹുദൈവ വിശ്വാസികളായിരുന്നു. അതായത് പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് അവര്‍ പറയും, അതോടുകൂടിത്തന്നെ ലോകത്തെ നിയന്ത്രിക്കുന്നതില്‍ മറ്റ് പലതിനും പങ്കുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. അതിനാല്‍ തങ്ങളുടെ അങ്ങേയറ്റത്തെ എളിമത്തം പ്രകടിപ്പിക്കുന്നതിന്-ഇബാദത്തിന്-അവ അര്‍ഹരാണെന്ന്, അതായത് അവ ഇലാഹുകളാണെന്ന് വിശ്വസിക്കുകയും അവക്ക് ഇബാദത്ത് ചെയ്യുകയും ചെയ്തിരുന്നു അവര്‍. അതിനാല്‍ അല്ലാഹുവെ മാത്രം ഇലാഹായി സ്വീകരിക്കുകയും അവനു മാത്രം ഇബാദത്ത് ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിന്റെ ന്യായങ്ങളും തെളിവുകളുമാണ് നബി ÷ യുടെ ഹിജ്‌റക്കു മുമ്പ് അവതരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ സുലഭമായി സ്ഥാനം പിടിച്ചിട്ടുള്ളത്.
എന്നാല്‍ അല്ലാഹുവിനെ മാത്രമേ ഇലാഹായി സ്വീകരിക്കാവൂ എന്ന തത്ത്വത്തിന് ഖുര്‍ആനില്‍ പറഞ്ഞ തെളിവുകളും ന്യായങ്ങളും ബഹുദൈവ വിശ്വാസികള്‍ക്കെന്ന പോലെ നിരീശ്വരവാദികള്‍ക്കും മറുപടിയാണ്. അല്ലാഹു ചൂണ്ടിക്കാണിച്ച ചില തെളിവുകള്‍ കാണുക: നിങ്ങള്‍ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ അവന്‍ ആകാശങ്ങള്‍ ഉണ്ടാക്കി. സൂര്യന്‍, ചന്ദ്രന്‍, എണ്ണമറ്റ നക്ഷത്രങ്ങള്‍ എന്നിവ സൃഷ്ടിച്ചു. മേഘങ്ങളെ സംഘടിപ്പിക്കുകയും അവയില്‍ കൂടി മഴ വര്‍ഷിക്കുകയും മേഘങ്ങളെ ഓരോ ഭാഗത്തേക്ക് നയിക്കേണ്ടതിന് കാറ്റിനെ നിയോഗിക്കുകയും ചെയ്തു. ഭൂമിയെ ഒരു വിരിപ്പെന്നോണം നിങ്ങള്‍ക്ക് സൗകര്യപ്രദമായി സൃഷ്ടിക്കുകയും നിങ്ങളെയും കൊണ്ട് അത് ചാഞ്ഞുപോകാതിരിക്കേണ്ടതിന് കനത്ത മലകളെ അതില്‍ സ്ഥാപിക്കുകയും ചെയ്തു. ഉണങ്ങിവരണ്ട് നിര്‍ജീവമായി കിടക്കുന്ന ഭൂപ്രദേശങ്ങളെ ആകാശത്തു നിന്ന് മഴ വര്‍ഷിച്ച് സജീവമാക്കി. വിവിധങ്ങളായ സസ്യോല്‍പന്നങ്ങള്‍ അതില്‍ ഉല്‍പാദിപ്പിക്കുകയും നാനാവിധം ജീവജാലങ്ങളെ അതില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. രാവ് പകലിനെയോ പകല്‍ രാവിനെയോ അതിക്രമിക്കാതെ ഒന്ന് മറ്റൊന്നിന് വഴിമാറിക്കൊടുത്തുകൊണ്ട് അവ രണ്ടിനെയും നിയന്ത്രിച്ചു. രാവിനെ വിശ്രമത്തിനും പകലിനെ ജീവിതമാര്‍ഗം അന്വേഷിക്കുന്നതിനും പര്യാപ്തമായ സമയങ്ങളാക്കി. നിര്‍ജീവ വസ്തുക്കളില്‍ നിന്ന് ജീവികളെയും ജീവികളില്‍ നിന്ന് നിര്‍ജീവികളെയും പുറത്തേക്കു കൊണ്ടുവന്നു… ഇങ്ങനെ പോകുന്നു ആ പട്ടിക. ഇതെല്ലാം മനുഷ്യരുടെ നന്മക്കു വേണ്ടിയാണ് ചെയ്തതെന്നും ഇവയുടെയൊന്നും സൃഷ്ടിയിലോ ഉടമാവകാശത്തിലോ തനിക്ക് മറ്റാരും പങ്കില്ല എന്നും അതിനാല്‍ തന്നെയല്ലാതെ ഇലാഹാക്കരുതെന്നുമാണ് അല്ലാഹു പറയുന്നത്. ഇതെല്ലാം പ്രപഞ്ചത്തിനൊരു സൃഷ്ടികര്‍ത്താവുണ്ട് എന്നതിന്റെയും തെളിവുകളാണല്ലോ.
ഇലാഹ് എന്നാല്‍ ഇബാദത്ത് ചെയ്യപ്പെടുവാന്‍ അര്‍ഹന്‍ എന്നും ഇബാദത്ത് എന്നാല്‍ അത്യധികമായ, അങ്ങേ അറ്റമായ എളിമത്വം എന്നും അര്‍ഥമാകുന്നു. അപ്പോള്‍ öഏ ത്സഋഏ ല്‍റഋഏ ത്സ എന്നതിന് അത്യധികമായ, അങ്ങേ അറ്റത്തെ എളിമത്വം പ്രകടിപ്പിക്കപ്പെടുവാന്‍ അര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന അര്‍ഥമായി. ഇബാദത്തിന് അനുസരണം എന്നും അര്‍ഥമുണ്ടെന്നും അതിനാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്കായിരിക്കയാല്‍ അവനല്ലാത്തവരെ അനുസരിക്കലും ശിര്‍ക്കാണ് എന്നും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ (മൗദൂദികള്‍) വാദിക്കുന്നു. എന്നാല്‍ ഈ വാദം തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണ്. താന്‍ അല്ലാത്ത മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുതെന്ന് ഖുര്‍ആനില്‍ പല സ്ഥലത്തും അല്ലാഹു പറഞ്ഞിട്ടുണ്ട്. മറിച്ച്, താനല്ലാത്ത മറ്റാരെയും അനുസരിക്കരുതെന്ന് അവന്‍ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല മറ്റു ചിലരെ അനുസരിക്കണമെന്ന് ശക്തിയായി കല്‍പിക്കുകയാണ് ചെയ്തത്. ഉദാഹരണത്തിന് ഖുര്‍ആന്‍ 3:132, 4:59, 4:64 എന്നിവ നോക്കുക. നബി (സ) ഹദീസുകളിലൂടെയും ഇക്കാര്യം ബലമായി ഊന്നിപ്പറയുകയുണ്ടായി. ഇതുതന്നെ അവരുടെ വാദം ശരിയല്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. ഈ തത്ത്വം ധിക്കരിക്കുന്ന ആര്‍ക്കും തന്നെ ഇസ്‌ലാമില്‍ നിലനില്‍പില്ല. ഈ തത്ത്വത്തെക്കുറിച്ച് സന്ദേശം നല്‍കിയിട്ടല്ലാതെ ഒരു പ്രവാചകനെയും ഈ ഭൂമുഖത്തേക്ക് അല്ലാഹു നിയോഗിച്ചിട്ടില്ല. (21:25)
ഇസ്‌ലാമിന്റെ അടിത്തറയായ ഈ തത്ത്വത്തെക്കുറിച്ച് നിഷ്പക്ഷബുദ്ധ്യാ ചിന്തിക്കുന്നവര്‍ക്ക് ഇത്ര സുന്ദരവും സുമോഹനവുമായ ഒരു തത്ത്വം ലോകത്ത് വേറെയില്ലെന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ പ്രപഞ്ചത്തില്‍ മനുഷ്യനാണ് ഏറ്റവും ഉന്നതനായ സൃഷ്ടി. മറ്റു സാധനങ്ങളെല്ലാം അവനു വേണ്ടിയാണ് പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യന് രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന് ജഡം, മറ്റേത് ആത്മാവ്. എന്നാല്‍ ആത്മാവിന്റെ വാഹനവും ആജ്ഞാനുവര്‍ത്തിയുമാണ് ജഡം. ആത്മാവിന്റെ നിര്‍ദേശമനുസരിച്ച് ജഡം പ്രവര്‍ത്തിക്കുന്നു. മനുഷ്യന്റെ വിലയും നിലയുമെല്ലാം അവന്റെ ജഡത്തില്‍ ആത്മാവുള്ളപ്പോള്‍ മാത്രമായിരിക്കും നിലകൊള്ളുക. ചില സമുദായങ്ങളിലെ സമുന്നത ശീര്‍ഷന്മാര്‍ പോലും മരണപ്പെട്ടാല്‍-ജഡത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടാല്‍-അവരുടെ ഭൗതിക ജഡം ആ സമുദായം അഗ്നിക്കിരയാക്കുന്നത് നാം കണ്ടുവരുന്നു. ജീവിതകാലത്ത് അവര്‍ക്കു നേരെ ഒരു വിരല്‍ ചൂണ്ടുവാന്‍ പോലും ആര്‍ക്കും ധൈര്യം ഉണ്ടാകില്ല. അത്തരമൊരാളുടെ ജഡമാണ് തീ കൊളുത്തപ്പെടുന്നത്. ആത്മാവും ജഡവും തമ്മില്‍ എന്തുമാത്രം അന്തരമുണ്ടെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാമല്ലോ. ആത്മാവിന് പ്രപഞ്ചനാഥനുമായി പ്രത്യേക ബന്ധമാണുള്ളത്. ആദ്യമനുഷ്യന്റെ ജഡത്തില്‍ ആത്മാവ് ഇട്ടുകൊടുത്തതിനെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത്, എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ അതില്‍ ഊതി (15:29) എന്നാണ്. മനുഷ്യാത്മാവിന് അല്ലാഹുവിങ്കല്‍ സമുല്‍കൃഷ്ടമായ സ്ഥാനമുണ്ടെന്ന് ഗ്രഹിപ്പിക്കുവാനായിട്ടാണ് ‘എന്റെ ആത്മാവില്‍ നിന്ന്’ എന്ന് അവന്‍ പറഞ്ഞത്; പരിശുദ്ധ കഅ്ബത്തിന് ‘എന്റെ ഭവനം’ എന്നവന്‍ ഖുര്‍ആനില്‍ (2:125) പറഞ്ഞതുപോലെ.
ആത്മാവിനെക്കുറിച്ച് പൂര്‍ണവും സമഗ്രവുമായി മനസ്സിലാക്കുവാനോ അതിനെക്കുറിച്ച് തനതായ കാഴ്ചപ്പാടിലെത്തിച്ചേരുവാനോ നമുക്ക് സാധ്യമാകില്ല. അതിനെക്കുറിച്ച വിശദമായ ജ്ഞാനം അല്ലാഹുവിങ്കലാണ്. ആത്മാവിനെക്കുറിച്ച് ചിലര്‍ നബി ÷ യോട് ചോദിച്ചപ്പോള്‍ അതിന്റെ മറുപടി ഇങ്ങനെ നല്‍കാനാണ് ഖുര്‍ആന്‍ നിര്‍ദേശിച്ചത്: (പറയുക: ആത്മാവ് എന്റെ നാഥന്റെ കാര്യത്തില്‍ പെട്ടതാണ്; നിങ്ങള്‍ക്ക് തുച്ഛമായ അറിവല്ലാതെ നല്‍കപ്പെട്ടിട്ടില്ല 17:85). ഈ തിരുസൂക്തത്തിലെ സവിശേഷ പരാമര്‍ശം, ആത്മാവ് എന്റെ നാഥന്റെ കാര്യമാണെന്ന് പറഞ്ഞത് അതിന് അവങ്കലുള്ള ഉന്നതമായ സ്ഥാനത്തെയാണ് ദ്യോതിപ്പിക്കുന്നത്. ഇങ്ങനെയുള്ള ആത്മാവ് അടിയറ വെക്കപ്പെടുവാന്‍ സൃഷ്ടികളില്‍ ആരെങ്കിലും അര്‍ഹരാണെന്ന് വിശ്വസിക്കലും അടിയറ വെക്കലും കടുത്ത ദ്രോഹവും അധര്‍മവുമല്ലേ? അതുകൊണ്ടാണ് നിശ്ചയമായും ബഹുദൈവ വിശ്വാസം കടുത്ത അധര്‍മമാണ് (31:13) എന്ന് ഖുര്‍ആന്‍ പറഞ്ഞത്. നിശ്ചയമായും ബഹുദൈവ വിശ്വാസം അല്ലാഹു മാപ്പ് ചെയ്യുകയില്ല (4:116) എന്ന് മറ്റൊരിടത്ത് താക്കീത് ചെയ്തിട്ടുണ്ട്. ആകയാല്‍ öഏ ത്സഋഏ ല്‍റഋഏ ത്സ എന്നതിന്റെ സാരം, അങ്ങേ അറ്റത്തെ താഴ്മക്ക്-ആത്മാവിനെ പരമാവധി അടിയറ വെക്കുന്നതിന്-അര്‍ഹന്‍ അല്ലാഹു മാത്രമാണ്, സൃഷ്ടികളില്‍ ആര്‍ക്കും ഒന്നിന്നും അതില്‍ അവനോട് പങ്കില്ല എന്നാണ്. ഈ കലിമത്ത് ഒരാള്‍ സമ്മതിച്ച് ഉച്ചരിച്ചാല്‍, ഈ സത്യസാക്ഷ്യം ഒരാള്‍ അംഗീകരിച്ചാല്‍ അവന്‍ തന്റെ ആത്മീയ സ്വാതന്ത്ര്യം തുറന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഏറ്റവും വലിയ അത്ഭുതമാണ് മിക്ക മനുഷ്യരിലും കാണുന്നത് എന്നത് ഒരു വിരോധാഭാസമത്രേ: രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും മറ്റു നൂറുകൂട്ടം സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി മനുഷ്യര്‍ അവര്‍ണനീയ ത്യാഗങ്ങള്‍ ചെയ്യുന്നുണ്ട്. ആയിരക്കണക്കായ ആത്മാക്കളെ ആഹൂതി ചെയ്യുകയും കോടിക്കണക്കിന് രൂപയുടെ ധനം നശിപ്പിക്കുകയും ചെയ്യുന്നു. അതേ അവസരത്തില്‍ തന്റെ സ്വന്തം ജഡത്തില്‍ സ്ഥിതി ചെയ്യുന്നതും എല്ലാ പുരോഗമന മാര്‍ഗങ്ങളിലേക്കും നയിക്കുന്നതും പ്രപഞ്ച നാഥനുമായി പ്രത്യേക ബന്ധമുള്ളതുമായ ആ അനര്‍ഘ വസ്തുവിനെ-ആത്മാവിനെ-അന്യരുടെ അടിമയായി മരണം വരെ അവന്‍ നിലനിറുത്തിപ്പോരുന്നു! അതിന്റെ സ്വാതന്ത്ര്യത്തിനായി ഒരു ചെറുവിരല്‍ പോലും അവന്‍ ചലിപ്പിക്കുന്നില്ല. ഒരക്ഷരം പോലും അവന്‍ ഉരിയാടുന്നില്ല. മാത്രമല്ല ആ സ്വാതന്ത്ര്യം ആരെങ്കിലും തുറന്ന് പ്രഖ്യാപിച്ചാല്‍, ഏതെങ്കിലുമൊരു സഹൃദയന്‍ ആ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗത്തിലേക്ക് ഒരു മനുഷ്യനെ ക്ഷണിച്ചാല്‍ അതൊരു വലിയ ധിക്കാരമായി പലരും കരുതുന്നു. അക്കാരണം കൊണ്ടുതന്നെ പല്ലും നഖവും ഉപയോഗിച്ച് അക്കൂട്ടര്‍ കലഹത്തിനൊരുങ്ങുന്നു. വാസ്തവത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സത്യസാക്ഷ്യവചനം ഏതെങ്കിലും ഒരു വര്‍ഗത്തിന്റെയോ സമുദായത്തിന്റെയോ കുത്തകയല്ല. മുഴുവന്‍ ലോകത്തിനും അംഗീകരിക്കാവുന്ന-ഓരോ മനുഷ്യനും അംഗീകരിക്കേണ്ട-ഒരു തത്ത്വമാണത്. പരമാര്‍ഥം ഇപ്രകാരം ആണെന്നതുകൊണ്ടത്രെ ലോകത്ത് മനുഷ്യനുള്ള ഉല്‍കൃഷ്ട സ്ഥാനത്തെയും അവന് അല്ലാഹു ചെയ്തുകൊടുത്തതും അവന്നല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തതുമായ അനുഗ്രഹങ്ങളെയും എടുത്തുപറഞ്ഞുകൊണ്ട് അവന്റെ മുമ്പിലല്ലാതെ ആത്മാവിനെ അടിയറ വെക്കരുതെന്ന്-അവനെയല്ലാതെ ഇലാഹായി സ്വീകരിക്കരുതെന്ന്-മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നതും.
ദൈവനിഷേധികളും യുക്തിവാദികളും
ഖുര്‍ആന്റെ അവതരണ കാലത്ത് അല്ലാഹുവിനെ നിഷേധിക്കുന്നവര്‍ താരതമ്യേന ചുരുക്കമായിരുന്നെങ്കിലും ഇക്കാലത്ത് യുക്തിവാദികളും ദൈവനിഷേധികളും ധാരാളമുണ്ട്. 19-ാം ശതകത്തില്‍ ശാസ്ത്രത്തിനുണ്ടായ അപ്രതിഹതമായ കുതിച്ചുചാട്ടത്തില്‍ കരുത്തുറ്റവരെന്ന് ലോകം ധരിച്ചിരുന്ന പലരും പാദം തെറ്റി നിലംപതിച്ചു. ബുദ്ധി സ്വയംപര്യാപ്തമാണെന്നും അത് ശരിവെക്കുന്നത് ശരിയും അത് തള്ളിക്കളയുന്നത് തെറ്റുമാണെന്നും അവര്‍ ധരിച്ചുവശായി. പ്രപഞ്ചം സ്വയം ഉല്‍ഭവിച്ചതാണെന്നും അതിനൊരു കര്‍ത്താവിന്റെ ആവശ്യമില്ലെന്നും അവര്‍ വാദിച്ചു. ഒരാവശ്യമില്ലാതെ ഒരദൃശ്യ ശക്തിയില്‍ വിശ്വസിക്കുന്നതെന്തിനാണ് എന്നാണവര്‍ ചോദിച്ചത്. വാസ്തവത്തില്‍, മനുഷ്യന്‍ എത്ര തന്നെ ഉന്നതനാണെങ്കിലും, അന്തിമ വിശകലനത്തില്‍ അവന്‍ അപൂര്‍ണനാണ് എന്ന യാഥാര്‍ഥ്യം പ്രകടമാക്കുകയായിരുന്നു ഇതെല്ലാം.
എന്തുകൊണ്ടെന്നാല്‍ ചില ഭൗതികോപകരണങ്ങളുടെ സഹായത്താല്‍ തന്റെ ബുദ്ധിയും തലച്ചോറും ഉപയോഗപ്പെടുത്തി ചില നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി മനുഷ്യന്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ഇതിനാണ് ശാസ്ത്രം എന്നും സയന്‍സ് എന്നും പറയുന്നത്. ഈ നിഗമനങ്ങള്‍ ചിലപ്പോള്‍ ശരിയായേക്കും, ചിലപ്പോള്‍ തെറ്റുമായേക്കും. ശാസ്ത്രീയ നിഗമനങ്ങള്‍ എപ്പോഴും ശരിയാകുമെന്ന് യാതൊരു പ്രമാണവുമില്ല. അങ്ങനെ ആരും വാദിച്ചിട്ടുമില്ല. വാദിച്ചാല്‍ തന്നെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അത് പാടേ തിരസ്‌കരിക്കപ്പെടേണ്ടതുമാണ്. എന്തുകൊണ്ടെന്നാല്‍ ഇന്നെലെത്തെ ശാസ്ത്രീയ നിഗമനങ്ങളെ ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നതാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വലിയ ചിന്തകനായ ജെയിംസ് ജീന്‍സ് പറയുന്നത് കാണുക: ‘ആധുനിക ശാസ്ത്രത്തിന് അനിഷേധ്യമായ എന്തെങ്കിലുമൊരു തത്ത്വം പ്രഖ്യാപിക്കുവാന്‍ സാധിക്കുമെന്ന് വാദിക്കുവാന്‍ ഒരിക്കലും അവകാശമില്ല. അത്തരം പ്രഖ്യാപനം നടത്താതിരിക്കലാണ് സയന്‍സിന് സമുചിതമായ മാര്‍ഗം. സയന്‍സിന്റെ നദി പുറകോട്ടൊഴുകുന്നത് പലപ്പോഴും നാം കണ്ടുകഴിഞ്ഞു.’ ഒരു വലിയ പ്രകൃതിശാസ്ത്ര പ്രൊഫസറായ ഡോക്ടര്‍ ജെയിംസ് ആര്‍ണോള്‍ഡിന്റെ വാക്കുകല്‍ ശ്രദ്ധിക്കുക: ശാസ്ത്രീയ മേഖലകളില്‍ ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് ഒരുറച്ച അഭിപ്രായം പറയുന്നത് അവസാനത്തെ മനുഷ്യനുതന്നെ വിട്ടുകൊടുക്കേണ്ടിവരും.
പ്രകൃതിശാസ്ത്ര വിദഗ്ദന്മാരുടെയും മറ്റും നൂറുകണക്കായ ഇത്തരം അഭിപ്രായങ്ങള്‍ കൊണ്ടുതന്നെ ശാസ്ത്രീയാഭിപ്രായങ്ങളെ കണ്ണടച്ച് സ്വീകരിച്ചുകൂടാ എന്ന് സ്പഷ്ടമായല്ലോ. ഭൗതിക വസ്തുക്കളുടെ ഏറ്റവും ചെറിയ ഭാഗം ഉറച്ചതും ഘനമുള്ളതുമാണെന്ന 19-ാം ശതകത്തിലെ നിഗമനം തെറ്റാണെന്ന് 20-ാം ശതകത്തില്‍ സയന്‍സ് വിധിച്ചില്ലേ? ഉറച്ചതും ഘനമുള്ളതുമായി നാം എന്തെല്ലാം വസ്തുക്കളെ കാണുന്നുണ്ടോ അവ ഒന്നും തന്നെ ഉറച്ചതോ ഘനമുള്ളതോ അല്ലെന്നും അവയെല്ലാംതന്നെ ഇലക്‌ട്രോണുകളുടെ ഓരോ സമൂഹമാണെന്നും അവ സദാ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നുമല്ലേ 20-ാം നൂറ്റാണ്ടിലെ സയന്‍സ് വിധിച്ചത്. ആകാശത്തെ പിളര്‍ക്കാന്‍ കഴിയുകയില്ലെന്നും ചന്ദ്രന്‍ ആകാശത്തിന്മേല്‍ പതിച്ചിരിക്കയാണെന്നുമല്ലേ ടോളമിയുടെ സിദ്ധാന്തം. അതിപ്പോള്‍ തകര്‍ന്ന് തരിപ്പണമായത് ലോകം കണ്ടില്ലേ?
ഇനി ബുദ്ധിയെക്കുറിച്ച് പറയുകയാണെങ്കില്‍ അതിനെ നമുക്ക് കണ്ണടച്ച് വിശ്വസിക്കാമോ? ബുദ്ധിക്ക് അബദ്ധം പിണയുകയില്ലേ? ചിലരുടെ ബുദ്ധി സുബദ്ധമായി കാണുന്ന കാര്യം മറ്റു ചിലരുടെ ബുദ്ധി അബദ്ധമായി കാണുന്നു. അമേരിക്കക്കാരും റഷ്യക്കാരും ബുദ്ധിയുള്ളവരല്ലേ? എന്നിട്ടും ലോകസമാധാനത്തിനായി അവര്‍ അഭിപ്രായപ്പെടുന്ന മാര്‍ഗങ്ങള്‍ വിഭിന്നമായിത്തീരുന്നത് നാം കണ്ടുവരുന്നു. മനുഷ്യബുദ്ധി ഒരമൂല്യസമ്പത്താണെന്നതും വിശേഷബുദ്ധി കൊണ്ടാണ് മനുഷ്യന്‍ ഇതരജീവികളില്‍ നിന്ന് വേര്‍തിരിഞ്ഞിട്ടുള്ളതെന്നതും ഒരു പരമാര്‍ഥം തന്നെ. എന്നിരുന്നാലും ബുദ്ധി പലപ്പോഴും വികാരങ്ങള്‍ക്ക് അടിമപ്പെടുന്നതായി നാം കണ്ടുവരുന്നുണ്ട്. പെട്ടെന്ന് കോപം കയറിയ ഒരാള്‍ മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തുന്നു. ഇത് അവന്റെ കോപവികാരങ്ങള്‍ക്ക് ബുദ്ധി കീഴടങ്ങി എന്നതിന്റെ പ്രത്യക്ഷ തെളിവാണല്ലോ. ഇത്തരം ചപലതകള്‍ ബുദ്ധിയില്‍ ധാരാളം കാണാം. ഡോക്ടര്‍ ജോഡിന്റെ ഭാഷയില്‍ ‘വികാരങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന ഒരു ദാസി മാത്രമാണ് ബുദ്ധി.’ ബുദ്ധിയുടെ ഉപദേഷ്ടാക്കളും റിപ്പോര്‍ട്ടര്‍മാരുമാണ് പഞ്ചേന്ദ്രിയങ്ങള്‍. അവയില്‍ നിന്ന് ലഭിക്കുന്ന അറിവിനെ കൈകാര്യം ചെയ്യുകയും വികസിപ്പിക്കുകയുമാണ് ബുദ്ധി ചെയ്യുന്നത്.
പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും വിശ്വസിക്കാവുന്നത് കണ്ണുകളെയാണ്. എന്നാല്‍ കണ്ടു മനസ്സിലാക്കുന്നതിലും പലപ്പോഴും അബദ്ധം പറ്റുമെന്നതാണ് പരമാര്‍ഥം. ചില ഉദാഹരണങ്ങള്‍ കാണുക: മധ്യാഹ്നവേളയില്‍ വെയിലത്ത് ഭൂമിയില്‍ ഒരു വടി നാട്ടിയാല്‍ അതിന്റെ നിഴല്‍ നിശ്ചലമായി നില്‍ക്കുന്നതായിട്ടാണ് നാം കാണുന്നത്. പരമാര്‍ഥമാകട്ടെ അത് സദാ ചലിക്കുന്നുണ്ട് എന്നതാണ്. നാം രാത്രി ആകാശത്തേക്ക് നോക്കിയാല്‍ കാണുന്ന നക്ഷത്രങ്ങള്‍ വളരെ ചെറിയതാണെന്നാണ് കണ്ണുകള്‍ നമുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാസ്തവത്തില്‍ അവ എത്രയോ വലിയതാണ്. ഇങ്ങനെ പല ഉദാഹരണങ്ങളുമുണ്ട്. ആകയാല്‍ പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ അബദ്ധം പറ്റാമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ബുദ്ധിയെടുക്കുന്ന തീരുമാനങ്ങളിലും അബദ്ധം പിണയാം. ഇങ്ങനെയുള്ള ബുദ്ധിയെയും അതിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി മനുഷ്യന്‍ എത്തിച്ചേരുന്ന ശാസ്ത്രീയ നിഗമനങ്ങളെയും അടിസ്ഥാനമാക്കി പ്രപഞ്ചനാഥനെ നിഷേധിക്കാമോ? അങ്ങനെ ഒരുത്തനുണ്ടെങ്കില്‍ അവനെ കാണേണ്ടതല്ലേ? കാണാത്ത ഒന്നില്‍ നാം വിശ്വസിക്കേണ്ട ആവശ്യമെന്ത് എന്നൊക്കെയാണല്ലോ യുക്തിവാദികളുടെ മറ്റൊരു ന്യായം. എന്നാല്‍ അങ്ങേയറ്റത്തെ മൗഢ്യവും വങ്കത്തവുമാണ് അവരുടെ ന്യായവാദങ്ങളെന്ന് സ്വല്‍പം ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. നമ്മുടെ നേത്രങ്ങള്‍ക്ക് വിഷയീഭവിക്കാത്ത സാധനങ്ങള്‍ ഒന്നും തന്നെയില്ലേ? അഥവാ നമ്മുടെ നഗ്നമായ ദൃഷ്ടിയില്‍ കാണപ്പെടാത്തതും ഉണ്ടെന്ന് വിശ്വസിക്കല്‍ ബുദ്ധിഹീനതയാണോ? എങ്കില്‍ നമ്മെ ആകമാനം ആവരണം ചെയ്തിട്ടുള്ളതും നമ്മുടെ കണ്‍മുമ്പില്‍ തിങ്ങിവിങ്ങി നില്‍ക്കുന്നതുമായ വായുവിനെ നാം കാണുന്നുണ്ടോ? നമ്മുടെ ജീവിതത്തിന് വായു എന്തുമാത്രം ആവശ്യമാണ്. ഏതാനും നിമിഷങ്ങള്‍ അത് തടയപ്പെട്ടാല്‍ ജീവികള്‍ മരണമടയുന്നു. അങ്ങനെയുള്ള വായുവിനെ കാണാത്ത കാരണത്താല്‍ നാം നിഷേധിക്കുമോ?
അപ്രകാരംതന്നെ ആധുനിക മനുഷ്യന്റെ ജീവിതവുമായി ലയിച്ചുകഴിഞ്ഞ ഒരു സാധനമാണല്ലോ വിദ്യുച്ഛക്തി. ഒരു ബള്‍ബ് പ്രകാശിക്കുന്നത് കാണുമ്പോള്‍ അതുമായി ചില പ്രത്യേക വ്യവസ്ഥയില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പികളില്‍ കൂടി വൈദ്യുതിയുടെ പ്രവാഹം ഉണ്ടാകുന്നതുകൊണ്ടാണ് ബള്‍ബ് പ്രകാശിക്കുന്നതെന്ന് നാം മനസ്സിലാക്കുന്നു. പക്ഷേ, നമ്മുടെ നഗ്നമിഴികള്‍ക്ക് ആ വൈദ്യുതി ദൃശ്യമാകുന്നുമില്ല. ഈ മഹാപ്രപഞ്ചകടാഹത്തെ സൃഷ്ടിക്കുകയും അത്യത്ഭുതകരമായ വ്യവസ്ഥയോടെ പരസ്പരം ബന്ധിപ്പിച്ച് നിലനിറുത്തിപ്പോരികയും ചെയ്യുന്ന ആ പരമശക്തിയെ കണ്ണുകൊണ്ട് കാണുന്നില്ല എന്ന കാരണത്താല്‍ നിഷേധിക്കുന്നവര്‍ ബള്‍ബിന് പ്രകാശം നല്‍കുന്ന വിദ്യുച്ഛക്തിയെ എന്തുകൊണ്ട് നിഷേധിക്കുന്നില്ല? ഭൂമിയും സൂര്യനും തമ്മിലുള്ള ഇന്നത്തെ അകല്‍ച്ചക്ക് വല്ല വ്യതിയാനവും സംഭവിക്കുകയും അങ്ങനെ ഭൂമി സൂര്യനില്‍ നിന്ന് അല്‍പം അകലുകയും ചെയ്താല്‍ അതിശൈത്യം കാരണം നാം തണുത്ത് മരവിച്ചുപോകുമെന്നും, അവ രണ്ടും തമ്മില്‍ അടുത്താല്‍ അത്യുഷ്ണം കാരണം നാം കരിഞ്ഞുപോകുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഭൂമിയും സൂര്യനും തമ്മിലുള്ള ഇത്ര തൂക്കിക്കണക്കാക്കിയ ബന്ധം-ബാലന്‍സ്-നിശ്ചയിച്ചത് ആരാണ്? അത് പരമകാരുണികനും പരമതന്ത്രജ്ഞനുമായ ഒരു മഹാശക്തിയാണെന്ന-പ്രപഞ്ചനാഥനായ അല്ലാഹു തന്നെയാണെന്ന-സത്യം സമ്മതിക്കാത്ത ബുദ്ധിക്ക് ബുദ്ധി എന്ന് പറയാവതല്ല. നമ്മുടെ ബാഹ്യമായ ദൃഷ്ടികള്‍ക്ക് ഗോചരീഭവിക്കാത്ത എത്രയോ വസ്തുക്കള്‍ പ്രപഞ്ചത്തിലുണ്ട്. നിങ്ങള്‍ അറിയാത്ത വസ്തുക്കളെയും അല്ലാഹു സൃഷ്ടിക്കുന്നുണ്ട് എന്ന് ഖുര്‍ആനില്‍ (16:8) അല്ലാഹു പറയുന്നു.
എന്നാല്‍ 19-ാം ശതകം കഴിഞ്ഞ് 20-ാം ശതകമായപ്പോള്‍ പ്രപഞ്ചനാഥനെയും ആധ്യാത്മികമൂല്യങ്ങളെയും സമ്മതിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ നിര്‍ബന്ധിതരായിരിക്കയാണ്. പ്രസിദ്ധ പണ്ഡിതനായ ബെയ്ക്കന്‍ പറയുന്നു: ‘സയന്‍സിനെ കുറിച്ചുള്ള അല്‍പജ്ഞാനം മനുഷ്യനെ നിരീശ്വരവാദിയാക്കും. അതിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മനുഷ്യന്‍ തികഞ്ഞ മതഭക്തനായി മടങ്ങുകയും ചെയ്യും.’ ഡോക്ടര്‍ എറ്റിക്കല്‍ പറയുന്നതിങ്ങനെയാണ്: ‘പ്രപഞ്ചത്തിന്റെ ഉത്ഭവം, അതിന്റെ അവസാനം എന്നിവയെക്കുറിച്ച് നമുക്ക് ഒന്നും അറിഞ്ഞുകൂടാ.’ മനുഷ്യന്റെ ധാര്‍മികബോധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവന് മനുഷ്യാതീത ലോകവുമായി ബന്ധമുണ്ടെന്ന് മനസ്സിലാകുന്നു. ഈ മനുഷ്യാതീത ശക്തിയാണ് അവന്റെ ഹൃദയത്തെ വഴികാണിക്കുന്നത് എന്നാണ് ഡ്രീഷ് രേഖപ്പെടുത്തുന്നത്. സാമുവല്‍ ബട്ട്‌ലര്‍ വ്യക്തമാക്കുന്നത് നോക്കൂ: ‘മനുഷ്യഹൃദയത്തെ പ്രകൃതിയുടെ കര്‍ത്താവ് തന്നെയാണ് മാര്‍ഗദര്‍ശനം ചെയ്യുന്നത്.’ ധാര്‍മികമൂല്യങ്ങളെക്കുറിച്ച് പലതും പറഞ്ഞ ശേഷം റാഷ്ഡീല്‍ ഇങ്ങനെ പറയുന്നു: ‘ഏറ്റവും അത്യാവശ്യമായിവേണ്ട ഒടുവിലത്തെ സിദ്ധാന്തം ദൈവവിശ്വാസമാണ്.’ അപ്പോള്‍ സയന്‍സ് ആദ്യം അല്ലാഹുവിന്റെ ആസ്തിക്യം നിഷേധിച്ചുവെങ്കിലും അവസാനം അത് യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതായാണ് നാം കണ്ടത്. ഇതിന് സഹായകമായി മറ്റനേകം ശാസ്ത്രകാരന്മാരുടെയും പ്രസ്താവനകളും അംഗീകാരങ്ങളും നമുക്ക് കാണാന്‍ കഴിയും.
( ഫതഹുര്‍റഹ്മാന്‍: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം, ആമൂഖത്തില്‍നിന്ന്, എസ്.പി.സി, ചെമ്മാട്, മലപ്പുറം)
Leave A Comment