ഖബ്‌റിലെ രക്ഷ-ശിക്ഷകള്‍:അഹലുസ്സുന്നയുടെ വിശ്വാസം
ഒരാള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തിലോ നരകത്തിലോ തനിക്കുള്ള പ്രത്യേകസ്ഥാനം രാവിലെയും വൈകീട്ടും അവന്ന് പ്രദര്‍ശിപ്പിക്കപ്പെടും. ഇതാണ് നിന്റെ ഇരിപ്പിടം എന്ന് അവനോട് പറയപ്പെടുകയും ചെയ്യും (ബുഖാരി, മുസ്‌ലിം).
മുസ്‌ലിമിനോട് ഖബ്‌റില്‍ വെച്ച് ചോദിക്കപ്പെടുമ്പോള്‍ അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാണെന്നും അവന്‍ സാക്ഷ്യപ്പെടുത്തും. (സത്യവിശ്വാസികളെ സ്ഥിരപ്പെട്ട വാചകം മൂലം അല്ലാഹു ഇഹത്തിലും പരത്തിലും ഉറപ്പിച്ചുനിറുത്തും-ഇബ്‌റാഹീം 27) എന്ന ഖുര്‍ആന്‍ വാക്യം അതാണ് പഠിപ്പിക്കുന്നത് എന്ന് നബിതങ്ങള്‍ വിശദീകരിച്ചിരിക്കുന്നു (ബുഖാരി, മുസ്‌ലിം).
ഒരു റിപ്പോര്‍ട്ടില്‍ പ്രസ്തുത ഖുര്‍ആന്‍ വാക്യം ഖബ്‌റിലെ ശിക്ഷയെക്കുറിച്ചവതരിച്ചതാണ് എന്നുണ്ട് (ബുഖാരി, മുസ്‌ലിം). കപടവിശ്വാസികളോട് ഖബ്‌റില്‍ വെച്ച് നബിതങ്ങള്‍ യെക്കുറിച്ച് ചോദിക്കുമെന്നും അപ്പോള്‍ എനിക്കറിയില്ല എന്നവര്‍ മറുപടി പറയുമെന്നും തല്‍സമയം ഇരുമ്പു ദണ്ഡ് കൊണ്ട് അവനെ അടിക്കുമെന്നും തുടര്‍ന്ന് അവന്‍ ഭയങ്കരമായി ശബ്ദിക്കുമെന്നും അതിനടുത്തുള്ള മനുഷ്യരും ജിന്നുകളുമല്ലാത്തവരെല്ലാം അത് കേള്‍ക്കുമെന്നും നബിതങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു (ബുഖാരി, മുസ്‌ലിം). ഖബ്‌റില്‍ വെച്ച് ചോദ്യം ചെയ്യുന്നതും അടിക്കുന്നതും രണ്ട് മലക്കുകളാണ് (ബുഖാരി, മുസ്‌ലിം). ഒരു മലക്കിന്റെ നാമം മുന്‍കര്‍ എന്നും മറ്റെ മലക്കിന്റെ നാമം നകീര്‍ എന്നുമാണ് (തുര്‍മുദി). ഖബ്‌റില്‍ വെച്ച് ശിക്ഷിക്കപ്പെടുമെന്ന് ഖുര്‍ആനിലും നബിവചനങ്ങളിലും പ്രസ്താവിച്ചതില്‍ അടി ഉള്‍പ്പെടുമെന്ന് നബിതങ്ങള്‍ യുടെ മേല്‍ പ്രസ്താവിച്ച തിരുവചനങ്ങളാല്‍ സ്ഥിരപ്പെട്ടല്ലോ?
എന്നാല്‍ ഖുര്‍ആനിലും ഹദീസിലും ഇങ്ങനെയൊക്കെയുണ്ടെങ്കിലും സി.എന്‍. അഹ്മദ് മൗലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ 20:103 ന്റെ വ്യാഖ്യാനക്കുറിപ്പില്‍ എഴുതുന്നത് കാണുക: ‘തല്ലും കുത്തുമായിക്കൊണ്ടാണ് കുറ്റവാളികള്‍ ഖബ്‌റുകളില്‍ കഴിഞ്ഞുകൂടുകയെങ്കില്‍ ഇങ്ങനെ പത്തുദിവസം മാത്രമേ ഖബ്‌റുകളില്‍ താമസിച്ചിട്ടുള്ളുവെന്ന് തോന്നാന്‍ ഒരിക്കലും അവകാശമില്ല.’ 30:55 ന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം പറയുകയാണ്: ‘ഖബ്‌റിലെ ജീവിതം പുനരുത്ഥാന ദിവസം വരേക്കും തല്ലും കുത്തുമായിട്ടാണ് കഴിഞ്ഞുകൂടുകയെങ്കില്‍ ഈ പ്രസ്താവനക്കവകാശമില്ലതന്നെ. അപ്പോള്‍ ആ തല്ലിന്റെയും കുത്തിന്റെയും കഥ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല എന്നര്‍ഥം.’ മേല്‍ ഉദ്ധരിച്ചതും അല്ലാത്തതുമായ ഒട്ടേറെ ഹദീസുകളുണ്ടായിട്ടും മൗലവി സാഹിബ് ഇങ്ങനെ തട്ടിവിട്ടത് നബിതങ്ങള്‍ യെ പരിഹസിച്ചതല്ലേ?
ഇമാം നവവി(റ) ശര്‍ഹു മുസ്‌ലിമില്‍ പറയുന്നു: ഖബ്‌റിലെ ശിക്ഷയെ സ്ഥിരപ്പെടുത്തലാണ് അഹ്‌ലുസ്സുന്നത്തിന്റെ മദ്ഹബ്. അനേകം ഖുര്‍ആന്‍ വാക്യങ്ങളും, ഒട്ടേറെ സ്വഹാബികള്‍ വഴി നബി യില്‍ നിന്ന് സ്ഥിരപ്പെട്ട ധാരാളം ഹദീസുകളും തദ്വിഷയത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ സി.എന്‍. മൗലവി സാഹിബ് തന്നെ അദ്ദേഹത്തിന്റെ പരിഭാഷയുടെ 3:171 ന്റെ വ്യാഖ്യാനത്തില്‍ ‘പുനരുത്ഥാനത്തിനു മുമ്പും മരണത്തിനു ശേഷവുമുള്ള ഘട്ടത്തില്‍ മനുഷ്യര്‍ അവരുടെ ജീവിതഫലങ്ങള്‍-ഗുണവും ദോഷവും രണ്ടും-അനുഭവിച്ചുകൊണ്ടിരിക്കുമെന്നും ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു’ എന്നെഴുതിയിട്ടുണ്ട്. ആ ദോഷഫലങ്ങളില്‍ അടി ഉള്‍പ്പെടുമെന്ന് നബി പ്രസ്താവിച്ചത് എന്തുകൊണ്ട് മൗലവിക്ക് പിടിച്ചില്ല? സത്യനിഷേധികളുടെ മരണവേളയില്‍ തന്നെ അവരെ മലക്കുകള്‍ അടിക്കുമെന്ന് അല്‍അന്‍ഫാല്‍ 50 ല്‍ പറഞ്ഞത് നാം മുകളില്‍ ചൂണ്ടിക്കാണിച്ചുവല്ലോ. തുടര്‍ന്ന് ഖബ്‌റില്‍ വെച്ചും അടി കിട്ടും എന്ന് നബി യാണ് പറയുന്നത്. അതിനെ പരിഹസിച്ച് തള്ളുന്നത് വലിയ ധിക്കാരമാണ്. മൗലവി ചൂണ്ടിക്കാണിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ അതിനെ ഒട്ടുംതന്നെ എതിര്‍ക്കുന്നില്ല. കൂടുതല്‍ വിശദീകരണം അവിടെ വെച്ച് നല്‍കുന്നതാണ്.
മരണപ്പെട്ടവര്‍ ഖബ്‌റില്‍ വെച്ച് ചോദ്യം ചെയ്യപ്പെടുന്നതും രക്ഷാശിക്ഷകള്‍ അനുഭവിക്കുന്നതും ദേഹവും ആത്മാവും കൂടിയാണെന്നാകുന്നു അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം. അതിനായി റൂഹിനെ മുഴുവന്‍ ദേഹത്തിലേക്കോ ദേഹത്തിന്റെ ഒരു ഭാഗത്തിലേക്കോ മടക്കപ്പെടും. അങ്ങനെ മടക്കപ്പെടുന്നതിനെ അസംഭവ്യമെന്ന് പറഞ്ഞ് ബുദ്ധി തള്ളിക്കളയുന്നതല്ല. എന്നിരിക്കെ അതുണ്ടാകുമെന്നതിന് പരിശുദ്ധ ശരീഅത്തില്‍ ധാരാളം തെളിവുകള്‍ കാണുമ്പോള്‍ അതപ്പടി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് നമുക്ക് നിര്‍ബന്ധമാണ്. പുനരുത്ഥാനദിനം ഖബ്‌റില്‍ നിന്നെഴുന്നേല്‍പിക്കപ്പെടുമ്പോള്‍ ‘ഞങ്ങളുടെ നാശമേ, ഞങ്ങള്‍ ഉറങ്ങിയിരുന്ന സ്ഥലത്തുനിന്ന് ആരാണ് ഞങ്ങളെ എഴുന്നേല്‍പിച്ചതെന്ന് അവര്‍ ചോദിക്കും’ എന്ന് യാസീന്‍ 52 ല്‍ പറഞ്ഞതാണ് ഖബ്‌റിലെ ശിക്ഷ നിഷേധിക്കുവാന്‍ മൗലവി സി.എന്‍. എടുത്തുകാണിക്കുന്ന പ്രധാന തെളിവ്. അവര്‍ ശിക്ഷ അനുഭവിക്കുന്നവരായിരുന്നെങ്കില്‍ ‘ഞങ്ങള്‍ ഉറങ്ങിയിരുന്ന സ്ഥലത്തുനിന്ന്’ എന്ന് പറയാന്‍ അവകാശമില്ലല്ലോ എന്നാണ് മൗലവിയുടെ കണ്ടുപിടിത്തം. എന്നാല്‍ ഈ ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട മുഫസ്സിറുകള്‍ എന്തുപറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:
(കാഹളത്തിലെ ഒന്നാം ഊത്ത് കഴിഞ്ഞാല്‍ രണ്ടാമത്തെ ഊത്തിനുള്ളിലായി അവരുടെ ശിക്ഷയെ അല്ലാഹു നിറുത്തലാക്കുന്നതാണ്. അപ്പോള്‍ അവര്‍ ഉറങ്ങും. തുടര്‍ന്ന് രണ്ടാമത്തെ ഊത്തിനാല്‍ അവര്‍ എഴുന്നേല്‍പിക്കപ്പെടുകയും അന്ത്യനാളിലെ ഭയങ്കരാവസ്ഥ കാണുകയും ചെയ്യുമ്പോള്‍ അവര്‍ ഞങ്ങളുടെ നാശമേ എന്നു വിളിക്കുകയും മേല്‍പ്രകാരം പറയുകയും ചെയ്യും-ഇങ്ങനെയാണ് ഇബ്‌നുഅബ്ബാസ്, ഉബയ്യുബ്‌നു കഅ്ബ്, ഖതാദ(റ) എന്നീ മഹാന്മാര്‍ പ്രസ്താവിച്ചിട്ടുള്ളത്) (അബൂ ദാവൂദ്). മരണപ്പെട്ട സമയം മുതല്‍ കാഹളത്തിലെ ഒന്നാമത്തെ ഊത്ത് വരെ അവര്‍ ശിക്ഷിക്കപ്പെടുമെന്നും രണ്ട് ഊത്തുകള്‍ക്കിടയില്‍ മാത്രമാണ് ശിക്ഷ നിറുത്തലാക്കപ്പെടുന്നതെന്നുമാണല്ലോ ഈ വ്യാഖ്യാനം കൊണ്ട് തെളിഞ്ഞത്. എന്നാല്‍ മറ്റു ചില വ്യാഖ്യാതാക്കള്‍ പറയുന്നത് ഇങ്ങനെയാണ്: പുനരുത്ഥാനദിനത്തിലെ ഭയങ്കരാവസ്ഥയും നരകത്തിലെ വിവിധ ശിക്ഷാവകുപ്പുകളും കാണുന്നതിനാല്‍ അവര്‍ പരിഭ്രാന്തചിത്തരായിത്തീരുകയും അതിനാല്‍ ഖബ്‌റില്‍ വെച്ച് അനുഭവിച്ചുകൊണ്ടിരുന്ന ശിക്ഷ ഉറക്കത്തില്‍ അനുഭവിച്ചതുപോലെ ആയിത്തോന്നുകയും ചെയ്യും. അതിനാലാണ് മേല്‍പ്രകാരം പറയുന്നത്. ഈ വ്യാഖ്യാനപ്രകാരം രണ്ട് ഊത്തുകള്‍ക്കിടയിലും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് തെളിയുന്നുണ്ട്.
മരണാനന്തരജീവിതം കേവലമൊരു നിദ്രാവസ്ഥയാണെന്ന് പറയുന്നത് ശരിയല്ല. റൂഹിന് ദേഹവുമായി അഞ്ചു നിലയിലുള്ള ബന്ധമാണുള്ളത്:
1) മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ബന്ധം.
2) മാതാവിന്റെ ഉദരത്തില്‍ നിന്ന് പുറത്തുവന്ന ശേഷമുള്ള ബന്ധം.
3) നിദ്രാവസ്ഥയിലുള്ള ബന്ധം. ആ സമയത്ത് റൂഹ് ദേഹത്തില്‍ ഒരു നിലയില്‍ വേര്‍പ്പെടുകയും മറ്റൊരു നിലയില്‍ ദേഹത്തോട് ബന്ധപ്പെട്ടു നില്‍ക്കുകയും ചെയ്യുന്നു.
4) ബര്‍സഖില്‍ ഉള്ള ബന്ധം. അവിടെ ദേഹത്തില്‍ നിന്ന് വേര്‍പ്പെട്ടിട്ടുണ്ടെങ്കിലും അതിനെ തീരെ വിട്ടുകൊണ്ട് പൂര്‍ണമായി വേര്‍പ്പെട്ടിട്ടില്ല.
5) ശരീരങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമ്പോഴുള്ള ബന്ധം. അതാണ് ഏറ്റവും പൂര്‍ണമായ ബന്ധം.
അതിന്റെ ശേഷം ദേഹത്തിന് മരണമോ ഉറക്കമോ നാശമോ സംഭവിക്കുന്നതല്ല.
ഇഹലോക ജീവിതത്തില്‍ നിയമവിധികള്‍ ഒന്നാമതായി ബന്ധപ്പെടുന്നത് ദേഹത്തോടാണ്. റൂഹ് അതിനോട് അനുകരിക്കയാണ് ചെയ്യുന്നത്. നോക്കുക: ഒരാള്‍ നാവുകൊണ്ട് എന്തു പറഞ്ഞു, അവയവങ്ങളാല്‍ എന്തു ചെയ്തു എന്നതിനെ ആസ്പദിച്ചാണല്ലോ അവനെക്കുറിച്ച് വിധി കല്‍പിക്കുന്നത്. അവന്റെ ഹൃദയത്തിലേക്ക് നോക്കിയിട്ടല്ല. എന്നാല്‍ ബര്‍സഖിലെ നിയമങ്ങള്‍ക്ക് ഒന്നാമതായി വിധേയമാകുന്നത് ആത്മാക്കളാണ്. ദേഹങ്ങള്‍ അതിനെ അനുകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ദേഹങ്ങള്‍ പ്രത്യക്ഷവും അത്മാക്കള്‍ അപ്രത്യക്ഷവുമാണ്. ദേഹം ആത്മാവിന് ഖബ്‌റു പോലെയായിത്തീരുകയും ദേഹം നേരിട്ട് വിധേയമാകുന്ന രക്ഷാശിക്ഷകളില്‍ ആത്മാവ് പങ്കു ചേരുകയും ചെയ്യുന്നു. ബര്‍സഖില്‍ ആത്മാവ് പ്രത്യക്ഷമാവുകയാണ്. ദേഹം ഖബ്‌റില്‍ അപ്രത്യക്ഷമാവുകയും റൂഹ് നേരിട്ടനുഭവിക്കുന്ന രക്ഷാശിക്ഷകളില്‍ പങ്കുചേരുകയും ചെയ്യുന്നു. അതിലേക്കുള്ള ഒരു ചൂണ്ടുപലക ഉറക്കത്തില്‍ കൂടി അല്ലാഹു നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
നോക്കുക: ഉറങ്ങുന്നവന്‍ സ്വപ്നത്തില്‍ അനുഭവിക്കുന്ന സുഖസന്തോഷങ്ങളും ശിക്ഷാവിപത്തുകളും ഒന്നാമതായി അവന്റെ ആത്മാവിനാണ് ലഭിക്കുന്നത്. ദേഹം അതില്‍ പങ്കുചേരുന്നു. ചിലപ്പോള്‍ അതിന്റെ ഫലം ദേഹത്തില്‍ വ്യക്തമായിത്തന്നെ കാണാം: ഉദാഹരണമായി തനിക്ക് അടികിട്ടിയതായി ഒരാള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഉണര്‍ന്നുനോക്കുമ്പോള്‍ അടിയുടെ പാട് ദേഹത്തില്‍ കാണുന്നു. മറ്റൊരാള്‍, ഭക്ഷിച്ചതായോ കുടിച്ചതായോ ആണ് കാണുന്നത്. ഉണര്‍ന്നുനോക്കുമ്പോള്‍ ഭക്ഷണപാനീയങ്ങളുടെ രുചി വായില്‍ അനുഭവപ്പെടുന്നു. വിശപ്പും ദാഹവും മാറിപ്പോയിരിക്കുന്നു. വേറെയൊരാള്‍ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ആരെയോ അടിക്കുകയും ഇടിക്കുകയും ചെയ്യുകയാണ്, എന്തൊക്കെയോ പറയുന്നുമുണ്ട്. എന്നാല്‍ അവന്‍ ഉറക്കത്തില്‍ തന്നെയാണ്. ഇതൊന്നും അവന്‍ അറിയുന്നില്ല. ഇങ്ങനെ സംഭവിക്കുന്നത് ഉറക്കത്തില്‍ പുറത്തുപോയ റൂഹ് പുറത്തുനിന്നുകൊണ്ടുതന്നെ ദേഹത്തോട് സഹായമര്‍ഥിച്ചതുകൊണ്ടാണ്, അത് ദേഹത്തില്‍ കടന്നിരുന്നുവെങ്കില്‍ ഉണരുമായിരുന്നു. നോക്കുക: രണ്ടാളുകള്‍ ഒരു വിരിപ്പില്‍ ഉറങ്ങുന്നു. ഒരാള്‍ ഉറക്കത്തില്‍ സുഖസന്തോഷം അനുഭവിക്കുകയും അങ്ങനെ ഉണരുകയും അതിന്റെ വ്യക്തമായ തെളിവ് അവന്റെ ദേഹത്തില്‍ കാണുകയും ചെയ്യുന്നു. മറ്റെ ആള്‍ വിപത്തില്‍ പെടുകയും അങ്ങനെ ഉണര്‍ന്നുനോക്കുമ്പോള്‍ അതിന്റെ വ്യക്തമായ തെളിവ് തന്റെ ദേഹത്തില്‍ കാണുകയും ചെയ്യുന്നു. ഒരാള്‍ അനുഭവിച്ച സുഖമോ ദുഃഖമോ മറ്റെ ആള്‍ തീരെ അറിയുന്നുമില്ല. ഇതൊരു വലിയ അത്ഭുതമല്ലേ?
എന്നാല്‍ ഇതിലും എത്രയോ വലിയ അത്ഭുതമാണ് ബര്‍സഖിന്റെ കാര്യം. ആകയാല്‍ ഈ വസ്തുത ഒരാള്‍ ഗ്രഹിക്കേണ്ട ക്രമപ്രകാരം ഗ്രഹിച്ചാല്‍ ഖബ്‌റിലെ രക്ഷാശിക്ഷകള്‍, അതിന്റെ ഇടുക്കം, വിശാലത, അത് സ്വര്‍ഗത്തിന്റെ ഒരു തോട്ടമോ നരകത്തിന്റെ കുഴിയോ ആവല്‍ എന്നിവയെ സംബന്ധിച്ചും മറ്റും നബിതങ്ങള്‍ പ്രസ്താവിച്ചതെല്ലാം തികച്ചും സത്യമാണെന്നും അത് പൂര്‍ണമായും ബുദ്ധിക്ക് യോജിച്ചതാണെന്നും സംശയലേശമന്യേ വ്യക്തമാകുന്നതാണ്. ആര്‍ക്കെങ്കിലും വല്ല സംശയവും തോന്നുന്നുവെങ്കില്‍ അതവന്റെ ചിന്താശൂന്യത കൊണ്ടും വിജ്ഞാനവിരളത കൊണ്ടും മാത്രമാണ്. ഒരു കവി പറയുന്നു: (യഥാര്‍ഥ വിഷയത്തെ ആക്ഷേപിക്കുന്ന പലരുമുണ്ട്. അവര്‍ക്കു പറ്റിയ ആപത്ത് ചിന്താശൂന്യതയാണ്.)
എന്നാല്‍ ഉറങ്ങുന്നവന്റെ ദേഹത്തോട് റൂഹിനുള്ളതിനെക്കാള്‍ കൂടുതലായ ബന്ധമാണ് ഖബ്‌റില്‍ ഉള്ളവനോട് അവന്റെ റൂഹിനുള്ളത്. ഉറങ്ങുന്നവന്‍ പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കുകയോ എന്തെങ്കിലും അറിയുകയോ ചെയ്യുന്നില്ല. ഖബ്‌റിലുള്ളവരുടെ സ്ഥിതി വ്യത്യസ്തമാണ്. അവന് അറിവും കേള്‍വിയുമുണ്ടെന്ന് നബിതങ്ങള്‍ യുടെ പ്രബലങ്ങളായ അനേകം തിരുവചനങ്ങളില്‍ വന്നിട്ടുണ്ട്. ജീവനുള്ളവര്‍ക്കെന്ന പോലെ ഖബ്‌റില്‍ ഉള്ളവര്‍ക്ക് അഭിമുഖമായി സലാം ചൊല്ലണമെന്നാണല്ലോ നബി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. അവര്‍ അറിവും കേള്‍വിയുമില്ലാത്തവരാണെങ്കില്‍ ഇത് നിരര്‍ഥകവും യുക്തിഹീനവുമായിരിക്കുമല്ലോ. എന്നാല്‍ ‘നിശ്ചയമായും താങ്കള്‍ മരണപ്പെട്ടവരെ കേള്‍പിക്കയില്ല’ എന്ന് വിശുദ്ധ ഖുര്‍ആന്‍ അന്നംല് 80 ലും അര്‍റൂം 52 ലും ‘താങ്കള്‍ ഖബ്‌റുകളില്‍ ഉള്ളവരെ കേള്‍പിക്കുന്ന ആളല്ല’ എന്ന് ഫാഥിര്‍ 22 ലും അല്ലാഹു നബി യോട് പറഞ്ഞതില്‍ നിന്ന് മരണപ്പെട്ടവര്‍ തീരെ കേള്‍ക്കുകയില്ലെന്ന് ഗ്രഹിക്കുന്നത് ശരിയല്ല. നബി യുടെ ഹദീസുകള്‍ക്കെതിരുമല്ല ആ വാക്യങ്ങള്‍. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത ആയത്തുകളില്‍ അല്ലാഹു സത്യനിഷേധികളെ മരിച്ചവരോടും ഖബ്‌റടക്കപ്പെട്ടവരോടും സാദൃശ്യപ്പെടുത്തിയിരിക്കയാണ്.
ഒരു വസ്തുവിനെ മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തി പറയുമ്പോല്‍ സാദൃശ്യത്തിന് നിദാനമാക്കപ്പെട്ട കാര്യം അവ രണ്ടിലും ഉണ്ടായിരിക്കണം. ഏതിനോട് സാദൃശ്യപ്പെടുത്തുന്നുവോ അതില്‍ അക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കേണ്ടതുമാണ്. ഇതാണ് അറബി സാഹിത്യശാസ്ത്രം പഠിപ്പിക്കുന്നത്. ഇപ്പറഞ്ഞതിന് ഉപമ എന്നും ഉപമാലങ്കാരം എന്നും പറയും. ഒരു ഉദാഹരണം കാണുക: അലിയ്യിന്റെ പ്രസംഗം തേന്‍ പോലെ മധുരമുള്ളതാണ് എന്നത് ഒരു ഉപമാലങ്കാരമാണ്. ഇതില്‍ അലിയ്യിന്റെ പ്രസംഗമാണ് ഉപമേയം. തേന്‍ ഉപമാനം ആണ്. മാധുര്യമാണ് ഉപമാര്‍ഥം .
അപ്പോള്‍ മേല്‍ പറഞ്ഞ ആയത്തില്‍ ഉപമാര്‍ഥം തീരെ കേള്‍ക്കാതിരിക്കലാണെന്ന് വെക്കുന്ന പക്ഷം അത് മരണപ്പെട്ടവരിലുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ സത്യനിഷേധികളില്‍ ഉണ്ടെന്നു വെക്കാന്‍ നിവൃത്തിയില്ലല്ലോ. അവരുടെ കേള്‍വിക്കും കാഴ്ചക്കും മറ്റും പ്രത്യക്ഷത്തില്‍ ഒരു വൈകല്യവുമുണ്ടായിരുന്നില്ല. അവര്‍ നബി യില്‍ നിന്ന് ഖുര്‍ആനും മറ്റും കേള്‍ക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഉപമാര്‍ഥം തീരെ കേള്‍ക്കാതിരിക്കല്‍ അല്ലെന്നും ഫലപ്രദമായ കേള്‍വി ഇല്ലാതിരിക്കലാണെന്നും സ്പഷ്ടമായി. അതായത് സത്യനിഷേധികള്‍ കേള്‍ക്കുന്നവരാണെങ്കിലും അവര്‍ മര്‍ക്കടമുഷ്ടിക്കാരായതുകൊണ്ട് കേള്‍വി അവര്‍ക്ക് ഫലപ്രദമാകുന്നതല്ല. അത്തരക്കാരായ മരണപ്പെട്ടവര്‍ക്ക് കേള്‍വി ഫലപ്രദമാകാത്തതുപോലെ. ആകയാല്‍ മരിച്ചവന്‍ തീരെ കേള്‍ക്കയില്ലെന്ന് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യങ്ങളില്‍ നിന്ന് ആരെങ്കിലും മനസ്സിലാക്കുന്നുവെങ്കില്‍ അത് ഖുര്‍ആനെ ഏറ്റവും അറിയുന്ന നബിതങ്ങള്‍ യുടെ അധ്യാപനത്തിനും അറബി സാഹിത്യശാസ്ത്ര നിയമങ്ങള്‍ക്കും എതിരാണ്.
മരണപ്പെടുമ്പോള്‍ പിടിക്കപ്പെടുന്ന റൂഹിനെ പുനരുത്ഥാനത്തിനു മുമ്പ് ആ ദേഹത്തിലേക്ക് മടക്കപ്പെടുകയില്ല എന്നാണ് സി.എന്‍. അഹ്മദ് മൗലവിയുടെ വാദം. ഇബ്‌നുഹസ്മ് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് മൗലവി പറയുന്നത്. എന്നാല്‍ ആരു പറഞ്ഞാലും ആ വാദം പ്രവാചക ശിരോമണിയായ നബിതങ്ങള്‍ യുടെ വ്യക്തമായ പ്രസ്താവനക്കെതിരാണ്. ഖബ്‌റിലെ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് അവിടന്ന് പറയുകയുണ്ടായി: (ഖബ്‌റില്‍ വെച്ച് അവന്റെ റൂഹ് ദേഹത്തിലേക്ക് മടക്കപ്പെടും.) മറ്റൊരു വ്യാഖ്യാനത്തിനും വഴിയില്ലാത്ത സ്പഷ്ടമായ ഒരു പ്രസ്താവനയാണിത്. ഇതുതന്നെയാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം. മൗലവിയും മറ്റും തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാട്ടുന്ന പ്രധാന രേഖ ഖുര്‍ആന്‍ സൂറത്തുല്‍ ഗാഫിര്‍ 11 ല്‍ (ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ട് പ്രാവശ്യം മരണപ്പെടുത്തി, രണ്ടു പ്രാവശ്യം ജീവിപ്പിക്കുകയും ചെയ്തു) എന്ന് സത്യനിഷേധികള്‍ പരലോകത്തുവെച്ച് പറയുന്നതാണ് എന്ന വാക്യമത്രേ. രണ്ടു പ്രാവശ്യം ജീവിപ്പിച്ചു എന്ന് പറഞ്ഞത് ഒന്ന് ഇഹലോക ജീവിതവും മറ്റേത് പുനരുത്ഥാന നാളിലെ പുനര്‍ജീവിതവുമാണ്. ഇതിനു പുറമെ ഖബ്‌റില്‍ ജീവിച്ചിരുന്നെങ്കില്‍ മൂന്നു പ്രാവശ്യം ജീവിപ്പിച്ചു എന്ന് പറയേണ്ടതല്ലേ എന്നാണവരുടെ ന്യായം.
എന്നാല്‍ രണ്ടു പ്രാവശ്യം ജീവിപ്പിച്ചു എന്നതുകൊണ്ടുള്ള വിവക്ഷ മേല്‍പറഞ്ഞ രണ്ട് സ്ഥലങ്ങളാണെന്നത് ഒരു അഭിപ്രായം മാത്രമാണ്. മറ്റൊരു അഭിപ്രായം അതുകൊണ്ടുള്ള വിവക്ഷ ഖബ്‌റില്‍ വെച്ചും പരലോകത്തുവെച്ചും എന്നത്രേ. ഈ വ്യാഖ്യാനമാണ് അവിശ്വാസികളുടെ സ്ഥിതിയോട് ഏറ്റവും അനുയോജ്യമെന്നാണ് ഇമാം അബുസ്സുഊദ് തന്റെ തഫ്‌സീറില്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇനി ആദ്യം പറഞ്ഞ അഭിപ്രായപ്രകാരം ചിന്തിക്കുന്നതായാല്‍തന്നെയും അത് ഖബ്‌റിലെ ജീവിപ്പിക്കലിനെതിരാവുകയില്ല. എന്തുകൊണ്ടെന്നാല്‍ ഇഹത്തിലും പരത്തിലും വെച്ച് റൂഹ് ദേഹത്തോട് ബന്ധപ്പെടുന്നതുപോലെ പൂര്‍ണമല്ല ഖബ്‌റില്‍ വെച്ചുള്ള ബന്ധം. അതുകൊണ്ട് അതവര്‍ പറയാതിരുന്നതാണ്. ഖബ്‌റില്‍ വെച്ച് റൂഹിനെ ദേഹത്തിലേക്ക് മടക്കപ്പെടുമെന്ന് നബിതങ്ങള്‍ പ്രസ്താവിച്ചത് നാം മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. നബിതങ്ങള്‍ യുടെ ഹദീസുകളെ അവഗണിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പുറപ്പെട്ടാല്‍ എങ്ങനെയും വ്യാഖ്യാനിക്കാം. എന്നാല്‍ മയ്യിത്തിനെ അടിക്കുന്നതും മറ്റും നാം കാണുകയോ അവന്‍ നിലവിളിക്കുന്നത് നാം കേള്‍ക്കുകയോ ചെയ്യാത്തതിനാല്‍ അതിനെ നിഷേധിക്കാന്‍ നിര്‍വാഹമില്ല. കാരണം, നമ്മുടെ ബാഹ്യേന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്തതിനെയെല്ലാം നിഷേധിക്കുക എന്നത് ബുദ്ധിഹീനതയാണെന്ന് നാം മുമ്പ് സോദാഹരണം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
വിശുദ്ധ ഖുര്‍ആന്‍ അല്‍അഅ്‌റാഫ് 27 ല്‍ (നിശ്ചയമായും പിശാചും-ഇബ്‌ലീസ്-അവന്റെ സേനയും നിങ്ങളെ കാണും, നിങ്ങള്‍ അവരെ കാണാത്ത നിലയില്‍) എന്ന് പറയുന്നുണ്ട്. ഇബ്‌ലീസിനെയും അവന്റെ സൈന്യത്തെയും നേരില്‍ കാണാത്തതുകൊണ്ട് നമുക്ക് അവരെ നിഷേധിക്കാന്‍ പറ്റുമോ? മരണാസന്നരായ സുകൃതികളുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് അവരോട് അനുമോദനവാര്‍ത്ത അറിയിക്കുമെന്ന് ഫുസ്സ്വിലത്ത് 30 ലും സത്യനിഷേധികളുടെ മരണസമയം അവരുടെ മുന്‍ഭാഗങ്ങളിലും പിന്‍ഭാഗങ്ങളിലും മലക്കുകള്‍ അടിക്കുമെന്ന് അല്‍അന്‍ഫാല്‍ 50 ലും നിങ്ങളുടെ ആത്മാക്കളെ പുറത്തേക്കു തള്ളുക എന്ന് മലക്കുകള്‍ അവരോട് പറയുമെന്ന് അല്‍അഅ്‌റാഫ് 94 ലും അല്ലാഹു പറയുന്നുണ്ട്. ഇതൊന്നും നാം കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലല്ലോ. ജിബ്‌രീല്‍(അ) എന്ന മലക്ക് നബിതങ്ങള്‍ യുടെ അടുത്തുവരികയും അല്ലാഹുവിന്റെ സന്ദേശം-വഹ്‌യ്-ഓതി കേള്‍പിക്കുകയും ചെയ്യും. ചിലപ്പോള്‍ മണി അടിക്കുന്നതുപോലെയുള്ള ശബ്ദം ഉണ്ടാവാറുണ്ട്. എന്നിട്ടും അവിടെ കൂടി ഇരിക്കുന്ന സ്വഹാബികള്‍ മലക്കിനെ കാണുകയോ ആ ശബ്ദം കേള്‍ക്കുകയോ ചെയ്തിരുന്നില്ല. ഒരിക്കല്‍ നബിതങ്ങള്‍ ആഇശ(റ)യോട് ഇങ്ങനെ പറഞ്ഞു: ‘ഇതാ ജിബ്‌രീല്‍; അദ്ദേഹം നിനക്ക് സലാം പറയുന്നു.’ അപ്പോള്‍ ബീവി പ്രതികരിച്ചു: (അല്ലാഹുവിന്റെ സലാം അദ്ദേഹത്തിനുണ്ടാവട്ടെ. ഞാന്‍ കാണാത്തത് അങ്ങ് കാണുന്നു-ബുഖാരി, മുസ്‌ലിം.)
ഉറങ്ങുന്നവന്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെക്കുറിച്ച് നാം മുകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഭൗതികലോകത്തുവെച്ച് നടക്കുന്ന ഇതൊന്നും കാണാനുള്ള കഴിവ് നമുക്ക് ഇല്ല എങ്കില്‍ ഈ ലോകത്തോട് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്ത്-ബര്‍സഖില്‍-വെച്ചു നടക്കുന്ന കാര്യങ്ങള്‍ കണ്ണുകൊണ്ട് കാണുന്നില്ല എന്ന ഏക കാരണത്താല്‍ നാം നിഷേധിക്കുന്നതെങ്ങനെ? കല്ലും മണ്ണുമെല്ലാം മലക്കുകളെ സംബന്ധിച്ചിടത്തോളം, പക്ഷികള്‍ക്ക് വായുമണ്ഡലമെന്നപോലെയാണ്.
അതിനാല്‍ മലക്കുകള്‍ ഖബ്‌റില്‍ പ്രവേശിക്കുന്നതെങ്ങനെ എന്ന ചോദ്യവും ഉത്ഭവിക്കുന്നില്ല. ഒരു കാര്യം നാം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. നാം അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. അതിനാല്‍ അത്തരം വിഷയങ്ങള്‍ അല്ലാഹുവില്‍ നിന്നും നബിതങ്ങള്‍ യില്‍ നിന്നും വന്ന പ്രകാരം നാം വിശ്വസിക്കണം. അതൊന്നും യഥാര്‍ഥത്തില്‍ ബുദ്ധിക്കും യുക്തിക്കും എതിരാവുകയില്ല. എതിരാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതവരുടെ ബുദ്ധിയുടെ അപ്രാപ്തി കൊണ്ടോ അറിവിന്റെ പോരായ്മ കൊണ്ടോ ആയിരിക്കും. അല്ലാഹു സര്‍വശക്തനാണ്.
(ഫതഹുര്‍റഹ്മാന്‍: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്)
Leave A Comment