അസ്ഹാബുൽ ഉഖ്ദൂദ് നല്കുന്ന വിശ്വാസത്തിന്റെ പാഠങ്ങള്‍

പ്രാപഞ്ചിക വസ്തുക്കളെയും ചരാചരങ്ങളെയും കൊണ്ട് സത്യം ചെയ്യുന്നത് വിശുദ്ധ ഖുർആനിൽ അല്ലാഹു സ്വീകരിച്ചിരിക്കുന്ന ഒരു ശൈലിയാണ്. അവയ്ക്ക് ശേഷം പറയപ്പെടുന്ന വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച്  അവയുടെ നീളവും വ്യാപ്തിയും ഏറിക്കൊണ്ടിരിക്കും. അതിൽ ആകാശ ഭൂമികളും, സൂര്യ-ചന്ദ്ര -നക്ഷത്ര- ഗോളങ്ങളും ഇരപകലുകളും, മലനിരകളും ഉൾപ്പെട്ടിട്ടുണ്ട്. ആത്മാവിനെ സംസ്ക്കരിച്ചവൻ വിജയിച്ചു എന്ന സുപ്രധാന വിഷയം അറിയിക്കുന്നതിന് മുമ്പ് 11 കാര്യങ്ങളെ പിടിച്ച് സൂറത്തു ശംസിൽ  അല്ലാഹു സത്യം ചെയ്തതായി കാണാം. ഇത്തരത്തിൽ ആകാശത്തെയും അന്ത്യദിനത്തെയും സത്യം ചെയ്തു തുടങ്ങുന്ന സൂറത്താണ് 85 ആം അദ്ധ്യായമായ, മക്കയിൽ അവതീർണ്ണമായ സൂറത്തുൽ ബുറൂജ്. ഈ അദ്ധ്യായത്തിലെ പ്രധാന പരാമർശിത  വിഭാഗമാണ് അസ്ഹാബുൽ ഉഖ്ദൂദ്.  കിടങ്ങിന്റെ ആൾക്കാർ എന്നറിയപ്പെടുന്ന  അസ്ഹാബുൽ ഉഖ്ദൂദ് ശപിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഈ അധ്യായത്തിലെ നാലാം സൂക്തം വ്യക്തമാക്കുന്നത്. 

മുൻകാല സമുദായങ്ങളുടെ അനുസരണക്കേടും, അതിന്മേൽ അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടായ ശിക്ഷാവതരണങ്ങളും  പലകുറി പലയിടങ്ങളിലായി  വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. അതുപോലെ അല്ലാഹുവിന്റെ കോപവും ശിക്ഷയും ഏറ്റുവാങ്ങിയ ഒരു മുൻകാല സമൂഹത്തെയാണ് പരിശുദ്ധ ഖുർആൻ അസ്ഹാബുൽ ഉഖ്ദൂദ് എന്നപേരിൽ വിശേഷിപ്പിക്കുന്നത്.  ഉഖ്ദൂദ് എന്നാൽ കിടങ്ങ്, ചാൽ എന്നൊക്കെയാണ് വാക്കർത്ഥം. സൂറത്തുൽ ബുറൂജിന്റെ പശ്ചാത്തല പരിശോധനയിൽ തന്നെ ഇത്തരത്തിലുള്ള സമുദായങ്ങളുടെ കഥ അല്ലാഹു പരാമർശിച്ചതിനു പിന്നിലെ കാരണം വ്യക്തമാകും. 

മക്കയിലെ ഖുറൈശി ആക്രമണങ്ങൾക്കിടയിൽ ഞെരുങ്ങുകയായിരുന്ന ന്യൂനപക്ഷരായ വിശ്വാസികൾക്ക് സാന്ത്വനം നൽകാനും ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ ക്ഷമയാൽ പ്രതിരോധം തീർക്കാനും അവരെ പ്രേരിപ്പിക്കാൻ വേണ്ടിയാണ് അസ്ഹാബുൽ ഉഖ്ദൂദിന്റെ ചരിത്രം അല്ലാഹു നബി തങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് എന്ന് ഇബ്നു കസീർ, റാസി ഉൾപ്പെടെയുള്ള തഫ്സീറുകളിൽ കാണാം. നിങ്ങൾക്കു മുമ്പും മക്കാ ഖുറൈശികളെ പോലെ ദീനിന്റെ ശത്രുക്കൾ നിലനിന്നിരുന്നു എന്നും അവരെ വകവരുത്തിയത് പോലെ മക്ക ഖുറൈശികളെയും വകവരുത്തി അല്ലാഹു  നിങ്ങൾക്ക്  മോചനം നൽകുമെന്നുള്ള ആശ്വാസവാക്കുകളാണ് ഇതിലൂടെ ഖുർആൻ നൽകുന്നത്.

ചരിത്രകാരന്മാരുടെ നിഗമന പ്രകാരം ഇന്നത്തെ സൗദി അറേബ്യയിൽ യമൻ അതിർത്തിയിലാണ് ഖുർആൻ പരാമർശിക്കുന്ന ”ഉഖ്ദൂദ്” (കിടങ്ങ് ) സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് നബി (സ്വ)യുടെ ആഗമനത്തിന് ഏകദേശം 200 വര്‍ഷം മുമ്പ് യഹൂദമതം സ്വീകരിക്കാന്‍ വിസമ്മതിച്ച അന്നത്തെ വിശ്വാസികളെ കിടങ്ങ് കുഴിച്ച് ചുട്ടെരിച്ച സംഭവമാണ് ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് ചരിത്രകാരന്മാരും മുഫസ്സിറുകളും അഭിപ്രായപ്പെടുന്നു.

ആരാണ് അസ്ഹാബുൽ ഉഖ്ദൂദ് എന്ന ചർച്ചകളിൽ ഇമാമീങ്ങൾ പ്രധാനമായും അവലംബിച്ചതും വിശദീകരണം നൽകിയതും  രണ്ടു സംഭവങ്ങളാണ്, അല്ലെങ്കിൽ ഒരു സംഭവത്തിന്റെ തന്നെ രണ്ടു വകഭേദങ്ങളാണ്. അതിലൊന്ന് നബി (സ്വ )തങ്ങൾ അവിടുത്തെ അനുചരർക്ക് പറഞ്ഞുകൊടുത്ത ഒരു  ചരിത്ര കഥയാണ്. ഇമാം അഹ്മദ് (റ) തന്റെ മുസ്‌നദിൽ ഉദ്ധരിച്ച, സുഹൈബ്  (റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ആ നീണ്ട ഹദീസിന്റെ സംക്ഷിപ്തം ഇങ്ങനെയാണ്:

നബി (സ്വ)തങ്ങൾ സ്വഹാബികളോട് അവർക്ക് മുമ്പുണ്ടായിരുന്ന ഒരു രാജാവിനെ പറ്റി പറഞ്ഞു കൊടുക്കുകയാണ്. രാജാവിന് ഒരു മന്ത്രവാദി ഉണ്ടായിരുന്നു. അദ്ദേഹത്തിന് പ്രായമായപ്പോൾ തന്റെ മരണം അടുത്തുവെന്നും തന്റെ പിൻഗാമിയായി ഒരു കുട്ടിയെ നിശ്ചയിച്ചു തന്നാൽ ഞാൻ അവനെ മന്ത്രവാദം പഠിപ്പിച്ചു നൽകാമെന്നും അദ്ദേഹം  രാജാവിനോട് പറഞ്ഞു. അങ്ങനെ രാജാവ് നിശ്ചയിച്ച പ്രകാരം ഒരു കുട്ടി നിത്യവും മന്ത്രവാദിയുടെ അടുക്കൽ പോയി പഠിക്കാൻ തുടങ്ങി. 

ഒരിക്കൽ  മന്ത്രവാദിയുടെ വീട്ടിലേക്കുള്ള യാത്രമധ്യേ വഴിയരികിലുള്ള ഒരു പുരോഹിതന്റെ സംസാരം കുട്ടി കേൾക്കാനിടയായി. ആ സംസാരത്തിൽ ആകൃഷ്ടനായ കുട്ടി നിത്യവും ആ പുരോഹിതന്റെ അടുക്കൽ സംഗമിക്കാനും അദ്ദേഹത്തിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും തുടങ്ങി. 
അങ്ങനെയിരിക്കെ ഒരുദിവസം ജനങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ച ഒരു ഭീകര ജീവിയെ അല്ലാഹുവിന്റെ സഹായത്താൽ  അത്ഭുതകരമായി  ഈ കുട്ടി കല്ലെറിഞ്ഞുകൊന്നു. ഇതറിഞ്ഞ ഉടൻതന്നെ  പുരോഹിതൻ വിദ്യാർത്ഥിയോട് നീ എന്നെക്കാൾ വലിയവൻ ആണെന്നും നിന്റെ മാർഗ്ഗത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. 

അതിനുശേഷം പലവിധ അത്ഭുതങ്ങൾ കാട്ടിത്തുടങ്ങിയ കുട്ടി അന്ധതയും കുഷ്ഠരോഗവും അടക്കം എല്ലാവിധ രോഗങ്ങൾക്കും ശമനം നൽകി. കുട്ടിയെ കുറിച്ച് കേട്ട രാജാവിന്റെ  അന്ധനായ ഒരു സുഹൃത്ത് ധാരാളം സമ്മാനങ്ങളുമായി അവനെ സമീപിക്കുകയും ഇവ സ്വീകരിച്ച് തന്റെ രോഗം മാറ്റി തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഞാനാർക്കും ശമനം നൽകിയിട്ടില്ലെന്നും ശമനം നൽകുന്നവൻ അല്ലാഹു മാത്രമാണെന്നും അല്ലാഹുവിനെ വിശ്വസിച്ചു അവനോട് പ്രാർത്ഥിച്ചാൽ അല്ലാഹു ശമനം നൽകുമെന്നായിരുന്നു കുട്ടിയുടെ മറുപടി. രാജാവിന്റെ  സുഹൃത്ത്  ഉടനെ അല്ലാഹുവിൽ വിശ്വസിക്കുകയും തൽഫലമായി അദ്ദേഹത്തിന്റെ രോഗം ഭേദമാവുകയും ചെയ്തു. 

ഇതറിയാനിടയായ രാജാവ് സുഹൃത്തിനെ വിളിപ്പിക്കുകയും തന്റെ രോഗശമനം എങ്ങനെ സാധ്യമായെന്നും താൻ വിശ്വസിക്കുന്ന റബ്ബ് ആരാണെന്നും അന്വേഷിക്കുകയും ചെയ്തു. സുഹൃത്തിന്റെ മറുപടിയിൽ നിന്നും രാജാവ് കുട്ടിയെ പറ്റിയും അവനിൽനിന്ന് പുരോഹിതനെ പറ്റിയും വിവരമറിഞ്ഞു. മൂവരെയും വിളിപ്പിച്ച രാജാവ് തങ്ങളുടെ മതത്തിൽ നിന്ന് പിന്മാറാനും രാജാവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും  നിർദ്ദേശിച്ചു. ഒരുതരത്തിലും സമ്മതിക്കാത്തതിനെ തുടർന്ന് രാജാവിന്റെ സുഹൃത്തും പുരോഹിതനും അവിടെ വെച്ച് വധിക്കപ്പെട്ടു. കുട്ടിയേയും ഒരുപാട് തവണ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും രാജാവിന്റെ എല്ലാ ശ്രമങ്ങളും വൃഥാവിലാവുകയായിരുന്നു.   കുട്ടിയെ വധിക്കാനുള്ള രാജാവിന്റെ ശ്രമം രണ്ടാം തവണയും പരാജയപ്പെട്ടപ്പോൾ കുട്ടി രാജാവിനോട് പറഞ്ഞു: "ഞാൻ പറയുന്നത് അനുസരിച്ചാലല്ലാതെ നിങ്ങൾക്ക് എന്നെ വധിക്കാൻ കഴിയില്ല! "

അങ്ങനെ നാട്ടിലെ ജനങ്ങളെ മുഴുവൻ ഒരു സ്ഥലത്ത് ഒരുമിച്ചു കൂട്ടാനും തന്നെ ഒരു കുരിശിൽ ബന്ധനസ്ഥനാക്കിയ ശേഷം, ഈ കുട്ടിയുടെ രക്ഷിതാവായ അല്ലാഹുവിന്റെ പേര് കൊണ്ട് എന്നര്‍ത്ഥം വരുന്ന മന്ത്രം ചൊല്ലിക്കൊണ്ട് അമ്പെയ്താൽ എന്നെ കൊല്ലാനാവുമെന്നും കുട്ടി പറഞ്ഞു. അപ്രകാരം രാജാവ് അവനെ വധിച്ചു. തൽക്ഷണം ഇതിനൊക്കെ സാക്ഷിയായിരുന്ന ജനങ്ങളൊന്നടങ്കം ഞങ്ങൾ ഈ കുട്ടിയുടെ നാഥനിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളായി മാറി. 

അവരെ ശിക്ഷിക്കാൻ വേണ്ടി രാജാവ് വലിയ കിടങ്ങുകൾ കീറുകയും അവയെല്ലാം തന്നെ കത്തിയാളുന്ന തീ ജ്വാലകൾ നിറച്ച് കൊണ്ട് വലിയൊരു തീകുണ്ഡാരം ഒരുക്കുകയും ചെയ്തു. സത്യത്തിൽ നിന്ന് പിന്മാറാത്ത അവരെയെല്ലാം ആ തീക്കുണ്ഡാരത്തിലിട്ട് കൂട്ടക്കൊല നടത്തി. ഇതിനിടയിൽ തന്റെ മുലകുടി പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തീയിൽ കിടന്ന് മരിക്കേണ്ടതോർത്ത് മടിച്ചുനിൽക്കുന്ന സ്ത്രീയോട് തന്റെ മടിയിൽ കിടക്കുന്ന പിഞ്ചുകുഞ്ഞ് വിളിച്ചുപറഞ്ഞുവത്രേ :"ഉമ്മാ നിങ്ങൾ അല്പം ക്ഷമ കാണിക്കൂ, തീർച്ചയായും നിങ്ങൾ സത്യപാതയിൽ തന്നെയാണ്".  
തൊട്ടിലിൽ വെച്ച് സംസാരിച്ച ഏതാനും ചില കുട്ടികളിൽ പെട്ട ഒരു കുട്ടിയാണ് ഇതെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ് (റ) ന് പുറമേ ഇമാം മുസ്‌ലിം (റ), ഇമാം  നസാഈ (റ) തുടങ്ങിയവരും ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്.

എന്നാൽ ഈ സംഭവത്തിന്റെ തന്നെ മറ്റൊരു വകഭേദവും ചരിത്രത്തിൽ കാണാം. മുഹമ്മദ് ഇബ്നു ഇസ്ഹാഖ് ഇബ്നു യസാർ എന്നവർ പറയുന്നു: ബിംബാരാധകരായിരുന്ന നജ്റാൻ എന്ന പ്രദേശത്തിന് സമീപം ഒരു മന്ത്രവാദി താമസിച്ചിരുന്നു. നജ്റാനിൽ നിന്നും മറ്റും വിദ്യാർത്ഥികൾ മാന്ത്രിക വിദ്യ അഭ്യസിക്കാൻ അദ്ദേഹത്തിന് അടുക്കൽ പോകും. നജ്റാനിന്റെയും മന്ത്രവാദിയുടെയും ഗ്രാമങ്ങൾക്കിടയിലുള്ള വഴിയരികിൽ ഒരു മനുഷ്യൻ കുടിൽകെട്ടി താമസിച്ചിരുന്നു (ഇബ്നു മുനബ്ബഹ് എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന് പറയപ്പെടുന്നു). 

മന്ത്രവാദിയുടെ വിദ്യാർഥികളിൽ ഒരാളായിരുന്ന അബ്ദുല്ലാഹിബ്നു സാമിർ ഒരിക്കൽ ഈ കുടിലിന്റെ സമീപത്തു കൂടെ കടന്നുപോയപ്പോൾ അകത്തുനിന്നുള്ള അദ്ദേഹത്തിന്റെ നിസ്ക്കാരവും ആരാധനയും കണ്ട് അത്ഭുതപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ ഒപ്പം കൂടിയ ആ ബാലൻ  വിശ്വാസിയാവുകയും  തന്റെ ഗുരുവിനെ പോലെ തന്നെ  അല്ലാഹുവിനോട് വളരെയധികം അടുക്കുകയും ചെയ്തു . അല്ലാഹുവിന്റെ ഏറ്റവും ഉന്നതമായ ഇസ്മുൽ അഅ്ളം അറിയാൻ ഉതകുന്ന രീതിയിൽ ആ കുട്ടി ആത്മീയചൈതന്യം നേടിയിരുന്നതായി ഗ്രന്ഥങ്ങളിൽ കാണാം. 

അങ്ങനെ നജ്റാനിൽ തിരിച്ചെത്തിയ അബ്ദുല്ല കഷ്ടത അനുഭവിക്കുന്നവരെ സമീപിച്ച് തൗഹീദിലേക്ക് ക്ഷണിക്കുകയും അവരുടെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യുമെന്നും അറിയിച്ചു. ദീൻ സ്വീകരിച്ചവരുടെ പ്രയാസങ്ങൾ ദുആ ചെയ്ത് മാറ്റി കൊടുക്കുക വഴി നജ്റാനിലെ ധാരാളം ജനങ്ങൾ അവന്റെ ഒപ്പംകൂടി തൗഹീദ് സ്വീകരിച്ചു  വിശ്വാസികളായി. കാര്യം രാജാവറിയേണ്ട താമസം  അവനെ വിളിച്ചു വരുത്തുകയും തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിക്കുകയും ചെയ്തു. അവൻ വഴങ്ങാത്തതിനെ തുടർന്നു ആദ്യം മലമുകളിൽ നിന്ന് താഴേക്കെറിഞ്ഞും പിന്നീട് കടൽ വെള്ളത്തിൽ മുക്കിയും കൊല്ലാൻ ശ്രമിച്ചു. രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അവസാനം ആദ്യത്തെ സംഭവത്തിൽ പറഞ്ഞപ്രകാരം തന്നെ കൊല്ലേണ്ട രീതിയെക്കുറിച്ച് കുട്ടി രാജാവിന് നിർദ്ദേശം നൽകുകയും അപ്രകാരം രാജാവ് അവനെ വധിക്കുകയും ചെയ്തു. തൽഫലമായി ജനങ്ങൾ മുഴുവൻ വിശ്വാസികൾ ആവുകയും രാജാവിന് തന്റെ അധികാരം നഷ്ടപ്പെടുകയും ചെയ്തു. 


അതിന് ശേഷം അവരിലേക്ക് ദൂനുവാസ് എന്ന ജൂതയോദ്ധാവ് തന്റെ സേനയെ കൊണ്ടുവരികയും ജൂത മതം സ്വീകരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. മാത്രമല്ല ഒന്നുകിൽ ജൂതമതം സ്വീകരിക്കുക അല്ലെങ്കിൽ മരണം വരിക്കുക എന്നതായിരുന്നു അയാളുടെ രീതി. എന്നാൽ ഹൃദയങ്ങളിൽ വിശ്വാസം ഊട്ടി ഉറപ്പിക്കപ്പെട്ട നജ്റാൻ നിവാസികൾ എല്ലാവരും മരണത്തെ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ദൂനുവാസ് കിടങ്ങുകൾ കുഴിച്ച് അതിൽ ആളിക്കത്തുന്ന തീ കൂട്ടി വലിയ തീകുണ്ഡങ്ങൾ തയ്യാറാക്കി, മുസ്‌ലിംകളെ ഒന്നടങ്കം അതിലിട്ട് ചുട്ടുകൊന്നു. ഏകദേശം ഇരുപതിനായിരത്തോളം വിശ്വാസികളെ അയാൾ കൊല ചെയ്തുവത്രേ.  അവരിൽ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തി (ദൂസ് ഇബ്നു സഅലബാൻ എന്ന് പറയപ്പെടുന്നു) പാതി കത്തിയ ഒരു ഇഞ്ചീൽ ഗ്രന്ഥവുമായി അബ്സീനിയയിലെ നജാശീ രാജാവിനെ സമീപിച്ചതായും നിങ്ങളുടെ മതക്കാരെ അവിടെ കൊന്നൊടുക്കുകയാണ് എന്ന് പരാതി പറഞ്ഞതായും കാണാം. അതിനെ തുടർന്ന് നജാശി രാജാവ് കപ്പലുകളിൽ തന്റെ സേനയെ നജ്റാനിലേക്കയക്കുകയും ദൂനുവാസിന്റെ പിടിയിൽനിന്ന് ആ ദേശത്തെയും അവിടുത്തെ ജനങ്ങളെയും മോചിപ്പിക്കുകയും ചെയ്തു. 

ഖുർആനിൽ ഉഖ്ദൂദ് എന്ന് ബഹുവചനം ആയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് അസ്ഹാബുൽ ഉഖ്ദൂദ് എന്നത് 3 കുഴികളും മൂന്നു സമുദായങ്ങളുമാണെന്നും അവ യമൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലാണെന്നും പണ്ഡിതർ അഭിപ്രായപ്പെട്ടതായി തഫ്സീറുകളിൽ കാണാം. ഉമർ (റ)ന്റെ കാലത്ത് ഈ കുഴിക്ക് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. മാത്രമല്ല  ഒരിക്കൽ അബ്ദുല്ലാഹിബ്നു സാമിർ എന്ന ആ രക്തസാക്ഷിയുടെ ഭൌതിക ശരീരം പ്രത്യക്ഷപ്പെട്ടതായും പറയുന്നുണ്ട്. ചെന്നിയിൽ കൈവെച്ചു കിടക്കുന്ന രീതിയിലായിരുന്നുവത്രെ അത്. ആ കൈ നെറ്റിയിൽനിന്ന് വേർപ്പെടുത്താൻ ശ്രമിക്കവേ  രക്തം ഒലിക്കാൻ തുടങ്ങിയതായും പ്രമാണങ്ങളില്‍ കാണാം.

അവിടെ അത്തരത്തിൽ ഉപേക്ഷിച്ചാൽ കൈ മുറിഞ്ഞു പോകുമെന്ന് ഭയന്നതിനാൽ ജനങ്ങൾ ഖലീഫ ഉമറിന് കത്തെഴുതി. അദ്ദേഹത്തെ അവിടെ അതേ രീതിയിൽ തന്നെ മറവ് ചെയ്യാനായിരുന്നു ഉമർ (റ) ന്റെ കല്പന. അദ്ദേഹത്തിന്റെ കയ്യിൽ ഇരുമ്പു കൊണ്ടുള്ള മോതിരമുണ്ടായിരുന്നെന്നും  അതിൽ (അല്ലാഹുവാണ് എന്റെ റബ്ബ്) എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്നുവെന്നും മഹത്തുക്കൾ ഉദ്ധരിക്കുന്നുണ്ട് (റൂഹുൽ ബയാൻ).    

മുസ്‌ലിമായി എന്ന കാരണത്താൽ രാഷ്ട്രീയ പരവും സാമൂഹികവുമായ തിരിച്ചടികൾ നേരിടുന്ന ആധുനിക മുസൽമാന് അസ്ഹാബുൽ ഉഖ്ദൂദിന്റെ ചരിത്രത്തിലും സത്യവിശ്വാസികളെ അല്ലാഹു ഒരിക്കലും കൈവിടില്ല എന്ന  കൃത്യമായ പാഠമുണ്ട്. അസത്യത്തിന്റെ ഏത് വന്‍ശക്തിയും ഒരു ദിവസം പരാജയപ്പെടുക തന്നെ ചെയ്യും, തീര്‍ച്ച. അതാണ് അസ്ഹാബുല്‍ ഉഖ്ദൂദും നമ്മോട് പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter