അഹ്‌ലുസ്സുന്ന: വിശുദ്ധിയുടെ ആശയപ്രപഞ്ചം

വിശുദ്ധ ഖുര്‍ആനിലും പൂര്‍വ്വവേദഗ്രന്ഥങ്ങളിലും നബി(സ)യുടെ സമുദായത്തിനു മുസ്‌ലിംകള്‍ എന്നാണ് അല്ലാഹു പേര്‍ വിളിച്ചിരിക്കുന്നത്. അല്‍ഹജ്ജ് അധ്യായത്തിലെ 78.ാം സൂക്തത്തില്‍ ഇതുകാണാം. ഇസ്‌ലാം എന്ന ഏകദീന്‍ സ്വീകരിച്ചവരാണ് മുസ്‌ലിംകള്‍. 

നബി(സ)യുടെ കാലശേഷം ബിദ്അത്തുകള്‍ ഉടലെടുത്തപ്പോഴാണ് വേര്‍തിരിച്ചറിയാന്‍ ചില പേരുകള്‍ വേണ്ടി വന്നത്.

റോം- പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ തകര്‍ന്നുതരിപ്പണമാകുകയും അവിടങ്ങളില്‍ ഇസ്‌ലാമിന്റെ വെന്നിക്കൊടി ഉയര്‍ത്തപ്പെടുകയും ചെയ്തതില്‍ അരിശംപൂണ്ട ജൂത-ക്രിസ്തീയ ലോബി ഇസ്‌ലാമികരാഷ്ട്രീയവും മുസ്‌ലിംസംഘശക്തിയും തകര്‍ക്കുന്നതിനായി സൂത്രങ്ങള്‍ മെനഞ്ഞു. ഉസ്മാന്‍(റ)ന്റെ കാലത്തുപൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയവിപ്ലവവും അദ്ദേഹത്തിന്റെ വധത്തില്‍ കലാശിച്ച കുഴപ്പങ്ങളും ഇവരുടെ കുതന്ത്രങ്ങളുടെ ഫലമായിരുന്നു. 

നബി(സ) തങ്ങള്‍ ഇനിയും തിരിച്ചുവരുമെന്നും രണ്ടാംവരവോടെ മുസ്‌ലിംസമൂഹം ഇനിയും കൂടുതല്‍ അജയ്യശക്തിയായി മാറുമെന്ന കൗതുക വാദവുമായി ഇബ്‌നു സൗദാഅ് എന്ന ഇബ്‌നു സബഅ് രംഗത്തെത്തി. പ്രത്യക്ഷത്തില്‍ നിര്‍ദോഷകരമെല്ലങ്കിലും അതീവഗുരുതരമായ ദുഷ്ടലാക്കുകളായിരുന്നു ഇതിനുപിന്നില്‍ അയാള്‍ ഒളിച്ചുവച്ചിരുന്നത്. പക്ഷേ, സ്വഹാബത്തിന്റെ സാന്നിദ്ധ്യംകൊണ്ടും സഹവാസം കൊണ്ടും അനുഗ്രഹീതമായ സമൂഹത്തില്‍ ഇയാള്‍ക്ക് ഒട്ടും സ്വാധീനം ലഭിച്ചില്ല. മുസ്‌ലിം നാടുകളില്‍ മാറിമാറി അയാള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ജൂത-ക്രൈസ്തവ-മജൂസി വിഭാഗങ്ങളില്‍ നിന്നു പുതുതായി ഇസ്‌ലാമിലേക്കു കടന്നുവന്ന ദുര്‍ബലവിശ്വാസികളെ വഞ്ചിക്കുവാനും വശത്താക്കുവാനും ഇയാള്‍ക്കു കഴിഞ്ഞു. 

ബിദ്അത്തുസംഘങ്ങള്‍ സ്വഹാബത്തിന്റെ കാലത്തു ഉടലെടുത്തപ്പോള്‍ ഇതിലൊന്നും അകപ്പെടാതെ പരമ്പരാഗത വിശ്വാസവുമായി കഴിഞ്ഞുകൂടുന്ന സാക്ഷാല്‍ മുസ്‌ലിംകളെ ഇവരില്‍നിന്നു വേര്‍തിരിക്കാന്‍ ഒരു വിവേചക നാമം ആവശ്യമായി വന്നു. അതാണു അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ:

ആലു ഇംറാന്‍ സൂറത്തിലെ 106.ാം സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് പ്രമുഖ സ്വഹാബിവര്യനായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചു. ''പരലോകത്ത് മുഖം വെളുത്തവരെന്ന് പറഞ്ഞത് അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്താണ്. മുഖം കറുത്തവര്‍ ബിദ്അത്തിന്റെയും വഴികേടിന്റെയും ആളുകളും.'' (ഇബ്‌നുകസീര്‍). ഇ്രബ്‌നു അബ്ബാസി(റ)ന്റെ മൊഴിയിലാണ് അഹ്‌ലുസ്സുന്നത്തിവല്‍ജമാഅഃ എന്ന നാമം നാം വായിച്ചത്. സ്വഹാബത്തിന്റെ കാലത്തുതന്നെ മുസ്‌ലിംകളില്‍ ഭിന്നിപ്പുണ്ടാവുകയും അക്കാലത്തുതന്നെ പരമ്പരാഗത വിശ്വാസം വെച്ചുപുലര്‍ത്തുന്ന മുസ്‌ലിംകള്‍ക്ക് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന വിവേചകനാമം ഉണ്ടെന്നും വ്യക്തമായി. 

സ്വഹാബത്തിന്റെ കാലത്തു അഹ്‌ലുസ്സുന്നഃ എന്ന വിവേചകനാമം അത്ര വ്യാപകവും പ്രസിദ്ധവുമായിരുന്നില്ല. ബിദ്അത്തിന്റെ സംഘങ്ങള്‍ പ്രത്യേക വാല്‍ നാമങ്ങളില്‍ അറിയപ്പെടുകയും പാരമ്പര്യ മുസ്‌ലിംകള്‍ പ്രത്യേക നാമങ്ങളിലല്ലാതെ തന്നെ നിലകൊള്ളുകയുമായിരുന്നു.
സ്വഹാബത്തിനും താബിഉകള്‍ക്കും ശേഷം ശക്തി പ്രാപിച്ച ബിദ്അത്തുസംഘമായ മുഅ്തസിലത്തിന്റെ പ്രചാരണം ശക്തമായപ്പോളാണ് പരമ്പരാഗത മുസ്‌ലിംകളെ അഹ്‌ലുസ്സുന്നഃ എന്ന വിവേചകനാമത്തില്‍ സാര്‍വ്വത്രികമായി അറിയപ്പെട്ടത്. വാബിലുബ്‌നുഅത്വാഅ് (ഹിഃ 80-131) ആണ് മുഅ്തസിലത്തു പ്രസ്താനത്തിന്റെ സ്ഥാപകന്‍. 

നബി(സ)യുടെ മുന്നറിയിപ്പ്
മുസ്‌ലിം സമുദായം വിശ്വാസകാര്യങ്ങളില്‍ ഭിന്നിക്കുമെന്ന് നബി (സ) പ്രസ്താവിച്ചത് പുലര്‍ന്നു. നബി (സ) പറഞ്ഞു: ഇസ്‌റാഈല്യര്‍ (ജൂത-ക്രിസ്തീയ വിഭാഗം) എഴുപത്തിരണ്ടു ദീനുകളായി വേര്‍പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് ദീനുകളായി വേര്‍പിരിയും. അവിയിലെഴുപത്തിരണ്ടും നരകത്തിലും ഒരു ദീന്‍മാത്രം സ്വര്‍ഗത്തിലുമാണ്. (തുര്‍മുദി, അഹ്മദ്, അബൂദാവൂദ്) 

ഈ ഹദീസിലെ എഴുപത്തിമൂന്ന് സംഘങ്ങള്‍ എന്ന വിഭജനം അടിസ്ഥാനപരമായ ബിദ്അത്തു പ്രസ്ഥാനങ്ങളെ സംബന്ധിച്ചല്ല. ഭിന്നിപ്പും ചേരിതിരിവും ഈ സംഖ്യയെല്ലാം കടന്നു എത്രയോ അധികമായിട്ടുണ്ട്. അതിനുമറുപടിയായി ഇമാം റാസി(റ) വ്യക്തമാക്കുന്നു. ''ഈ ഹദീസിലെ എഴുപത്തിമൂന്ന് എന്ന സംഖ്യ നബി(സ) യുടെ കാലം മുതല്‍ അന്ത്യനാള്‍വരെ ഈ സമുദായത്തിലുണ്ടാക്കുന്ന ബിദ്അത്തുസംഘങ്ങളെ ഉദ്ദേശിച്ചല്ല. പ്രത്യുത, നബി(സ) യുടെ സമുദായത്തില്‍ ഏതെങ്കിലും ഒരുകാലത്ത് എഴുപത്തിമൂന്ന് സംഘങ്ങളായും പാര്‍ട്ടികളായും വേര്‍പിരിയല്‍ സംഭവിക്കും എന്നുമാത്രമാണുദ്ദേശ്യം.'' (റാസി : 22/219)

ജൂതന്‍മാര്‍ എഴുപത്തിഒന്നും ക്രിസ്ത്യാനികള്‍ എഴുപത്തിരണ്ടും കക്ഷികളായി വേര്‍പിരിഞ്ഞു എന്നതിന്റെ ഉദ്ദേശ്യവും കൃത്യമായ സംഖ്യ ഉദ്ദേശിച്ചുകൊണ്ടാകണമെന്നില്ല. ധാരാളം എന്ന അര്‍ത്ഥത്തില്‍ എഴുപത് എന്ന സംഖ്യയെ ഉപയോഗിക്കല്‍ അറബികള്‍ക്കിടയില്‍ നടപ്പുള്ള സമ്പ്രദായമാണ്. ഖുര്‍ആനിലും ഹദീസുകളിലും എഴുപതും എഴുനൂറും എഴുപതിനായിരവുമെല്ലാം പ്രത്യേകസംഖ്യ ഉദ്ദേശിക്കാതെ ധാരാളം എന്ന അര്‍ത്ഥത്തെ കുറിക്കാന്‍ ഉപയോഗിച്ചതുകാണാം. ജൂതന്മാര്‍ ധാരാളമായി ഭിന്നിച്ചു. അവരേക്കാള്‍ ഒരുപടവുകൂടി കടന്നു ക്രിസ്ത്യാനികള്‍ ചേരിതിരിഞ്ഞു. അതിലേറെ മുസ്‌ലിംകള്‍ കക്ഷിപിരിയുമെന്നാണ് ഈ ഹദീസിന്റെ അര്‍ത്ഥമെന്നു മനസ്സിലാക്കാം. 

എഴുപത്തിമൂന്ന് മില്ലത്തില്‍ ഒരേയൊരു നിലപാട് മാത്രം സത്യവും മറ്റെല്ലാം നരകത്തിലെത്തിക്കുന്ന മിഥ്യകളുമായി നബി (സ) പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ പിഴച്ച എഴുപത്തിരണ്ടു വിഭാഗവും ഇസ്‌ലാം ദീനിനകത്തുള്ള സമാന്തര സരണികളാണെന്ന് ഹദീസിലെ ''എന്റെ സമുദായം'' എന്ന നബി(സ) യുടെ വിശേഷണം വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകളായ ഇജാസത്തിന്റെ ഉമ്മത്താണ് ഈ എഴുപത്തിരണ്ടു സംഘമെന്ന് എന്റെ സമുദായമെന്ന പ്രയോഗം അറിയിക്കുന്നതായി ഹദീസ് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. (മിര്‍ഖാത്ത് : 1/205)

ഹദീസില്‍ പരാമര്‍ശിച്ച ഈ ഭിന്നിപ്പുകള്‍ മുഴുവനും വിശ്വാസപരമായ കാര്യങ്ങളിലാണെന്നും നിയമവിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും വളരെ വ്യക്തമാണ്. നബി(സ)യുടെ പ്രസ്താവനയുടെ പുലര്‍ച്ചയായി മുസ്‌ലിംകള്‍ കക്ഷിതിരിയുമ്പോള്‍ രക്ഷപ്പെടാനുള്ള കവചം തിരുനബി(സ) പഠിപ്പിച്ചത് ശ്രദ്ധിക്കുക. 

ചേരിതിരിവില്‍ നിന്നുള്ള രക്ഷാകവചം
ഇര്‍ബാളുബ്‌നുസാരിയയില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: ''എന്റെ ശേഷം നിങ്ങളില്‍ നിന്നു വല്ലവനും ജീവിച്ചിരിക്കുന്ന പക്ഷം ധാരാളം ഭിന്നതകള്‍ അയാള്‍ കാണും. അതില്‍ നിന്നു രക്ഷപ്പെടാന്‍ എന്റെ സുന്നത്തും സന്മാര്‍ഗദര്‍ശകരായ എന്റെ പ്രതിനിധികളുടെ സുന്നത്തും നിങ്ങള്‍ മുറുകെപിടിക്കുക. അണപ്പല്ലുകൊണ്ട് ആ സുന്നത്തിന്മേല്‍ കടിച്ചു പിടിക്കുക''(കിതാബുസ്സുന്ന: 1/129). ഇബ്‌നു അബീ ആസ്വിമി(റ)ന്റെ കിതാബുസ്സുന്നഃയിലെ പ്രസ്തുത ഹദീസിന്റെ നിവേദനപരമ്പര സ്വഹീഹും പ്രബലവുമാണെന്ന് പുത്തന്‍വാദിയായ നാസിറുദ്ദീന്‍ അല്‍ബാനി അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുര്‍മുദി (ഹദീസ് നമ്പര്‍ 2678) അബൂദാവൂദ് (4607) അഹ്മദ് (മുസ്‌നദ്:4/126) ബൈഹഖി(ഇഅ്തിഖാദ്: 131) എന്നിവരും ഈ ഹദീസ് ചില്ലറ വ്യത്യാസങ്ങളോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്നും നിവേദനം. നബി (സ) പ്രസ്താവിച്ചു: ''ബിദ്അത്തിന്റെ അതിക്രമം മൂലം എന്റെ ഉമ്മത്ത് ദുഷിക്കുന്ന അവസരം എന്റെ സുന്നത്തിനെ പിടിച്ചു നില്‍ക്കുന്നവര്‍ക്ക് നൂറുരക്തസാക്ഷികളുടെ പുണ്യമുണ്ട്.''(ബൈഹഖി) 

രക്ഷാകവചമായി നബി (സ) പഠിപ്പിച്ചത് നബിയുടെ സുന്നത്താണ്. നബി(സ) യുടെ സുന്നത്ത് ശരിക്കും വ്യക്തമാക്കുന്നതും വെളിപ്പെടുത്തുന്നതും അവിടുത്തെ ഖലീഫമാരുടെ കാലത്തായിരിക്കുമെന്നതിനാലാണ് ഖുലഫാഇന്റെ സുന്നത്തുകൂടി ഹദീസില്‍ ചേര്‍ത്തിപ്പറഞ്ഞത്. ഖുലഫാഇന്റെ സുന്നത്ത് നബി (സ) യുടെ സുന്നത്തില്‍ നിന്നു വ്യത്യസ്ഥമായ ഒരു പ്രമാണമല്ല. പ്രമാണങ്ങള്‍ എണ്ണുമ്പോള്‍ ഖുലഫാഇന്റെ സുന്നത്ത് എന്ന ഒരു പ്രത്യേക പ്രമാണമില്ല. 

രക്ഷാകവചമായി സുന്നത്തിനുപുറമെ മറ്റൊന്നുകൂടി തിരുനബി (സ) പഠിപ്പിച്ചു. അതാണു ജമാഅത്ത്. ഉമറി(റ) ല്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ''നിങ്ങള്‍ ജമാഅത്തിനെ പിടിച്ചു നില്‍ക്കുക. ഭിന്നിപ്പിനെ ഒഴിവാക്കുക. നിശ്ചയം ഒറ്റപ്പെട്ടു നില്‍ക്കുന്നവനോടൊപ്പമാണ് പിശാച്. രണ്ടാളോട് പിശാച് കൂടുതല്‍ അകന്നുനില്‍ക്കും. സ്വര്‍ഗത്തിന്റെ മദ്ധ്യത്തില്‍ പ്രവേശിക്കണമെന്നാഗ്രഹിക്കുന്നവന്‍ ജമാഅത്തിനെ പിടിച്ചുനില്‍ക്കട്ടെ.'' (മുസ്‌നദ് : 4/278, കിതാബുസ്സുന്നത്: 1/44)

നബി (സ) പ്രസ്താവിച്ചു: ''നിങ്ങള്‍ ജമാഅത്ത് വിടാതെ സൂക്ഷിക്കണം''(അഹ്മദ്). നബി(സ) അരുളി: ''വല്ലവനും അല്‍പമെങ്കിലും ജമാഅത്തില്‍ നിന്നു വേര്‍പിരിഞ്ഞാല്‍ അവര്‍ ഇസ്‌ലാമിന്റെ തലിപ്പിടി തന്റെ കഴുത്തില്‍ നിന്നു പൊട്ടിച്ചെറിഞ്ഞു.'' (അഹ്മദ്, അബൂദാവൂദ്, മിശ്കാത്ത്: 321)

സുലൈമാനുബ്‌നു ഖസാര്‍(റ) തന്റെ പിതാവില്‍ നിന്നു നിവേദനം ചെയ്യുന്നു. ഉമര്‍(റ) ജാബിയഃയില്‍ വെച്ച് പ്രസംഗിച്ചുകൊണ്ടിരിക്കേ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ നിങ്ങളില്‍ ഇപ്പോള്‍ നില്‍ക്കുന്നതുപോലെ ഒരിക്കല്‍ നബി(സ) തങ്ങളുടെ സദസ്സില്‍ എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: ''നിങ്ങള്‍ എന്റെ സ്വഹാബികളെ മാനിക്കണം. അവരോടടുത്ത കാലക്കാരെയും പിന്നെ അവരോടടുത്തകാലക്കാരേയും. പിന്നീട് കളവുപറയല്‍ വ്യാപകമാകും. ആരും ആവശ്യപ്പെടാതെ തന്നെ ഒരാള്‍ സാക്ഷിപറയാന്‍ തുനിയും. എന്നാല്‍ സ്വര്‍ഗത്തിന്റെ നടുവില്‍ വസിക്കുന്നത് സന്തോഷമുള്ളവനാരോ അവര്‍ ജമാഅത്തിനെ വേര്‍പിരിയാതെ പിടിച്ചു നില്‍ക്കണം.'' (മുസന്നദുശ്ശാഫിഈ) 

സമുദായം പല കക്ഷികളായി വേര്‍തിരിയുകയും അന്തരീക്ഷം ദുഷിക്കുകയും ചെയ്യുമ്പോള്‍ നബി(സ) തങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ച രണ്ടു സുരക്ഷാമാര്‍ഗ്ഗങ്ങളാണ് സുന്നത്തും ബിദ്അത്തും. ഇവരണ്ടും എന്താണെന്നും പിടിച്ചുനില്‍ക്കലെങ്ങനെയെന്നും പറയാം. 

സുന്നത്ത് 
സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമാണല്ലോ. ഖുര്‍ആനോടൊപ്പം ഹിക്മത്ത് അവതരിച്ചതായി വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും എടുത്തുപറഞ്ഞത് സുന്നത്തിനെ കുറിച്ചാണ്.

കിതാബും ഹിക്മത്തും നബി(സ)ക്ക് അവതരിപ്പിച്ചതായി വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നിസാഅ് 113 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. കിതാബും ഹിക്മത്തും പഠിപ്പിക്കുകയാണ് നബി(സ)യുടെ നിയോഗലക്ഷ്യമെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. (അല്‍ബഖറ: 129, അല്‍ജുമുഅ: 2, അഹ്‌സാബ്:34)

കിതാബും സുന്നത്തും ദീനിന്റെ പ്രമാണമായിരിക്കുന്നതില്‍ തുല്യസ്ഥാനവും പ്രാധാന്യവുമുള്ള വഹ്‌യിന്റെ രണ്ടിനങ്ങളാണ്. ഇമാം ശാഫിഈ(റ) തന്റെ രിസാലയില്‍ (പേജ്: 23) ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. 

ജമാഅത്ത്
പിഴച്ചവിഭാഗങ്ങളില്‍ നിന്നു രക്ഷപ്പെടാനായി എന്നും പിടിച്ചുനില്‍ക്കാന്‍ സുന്നത്തിനു പുറമെ നബി(സ) കല്‍പിച്ച ജമാഅത്ത് കൊണ്ടുദ്ദേശ്യം എന്താണ്?

ലോകമുസ്‌ലിംകളുടെ ഏകോപനമാണ് ജമാഅത്ത് എന്നതുകൊണ്ടുദ്ദേശ്യം. അതിനാണ് 'ഇജ്മാഅ്' എന്നു പറയുന്നത്. എല്ലാ സംഘങ്ങളും നരകത്തിലാണെന്നു പറഞ്ഞ ശേഷം രക്ഷപ്പെട്ട വിഭാഗം ''അല്‍ജമാഅത്ത്'' എന്നു നബി(സ) പ്രസ്താവിച്ചു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഏതാണു രക്ഷപ്പെട്ട വിഭാഗമെന്നു സ്വഹാബത്ത് ചോദിച്ചപ്പോള്‍ അല്‍ ജമാഅഃ എന്നു മൂന്നുപ്രാവശ്യം നബി (സ) ആവര്‍ത്തിച്ചു പറഞ്ഞു. (റാസി: 22/219) 

സമൂഹം ഒന്നടങ്കം ഒരുകാര്യം തീരുമാനിക്കലും ഏകോപിക്കലും സംഭവ്യമാണോ എന്നു സംശയം തോന്നിച്ചേക്കാം. പ്രധാനികളും കൈകാര്യാധികാരമുള്ളവരുമായ വ്യക്തിത്വങ്ങളുടെ ഏകോപനമുണ്ടാവുകയും മറ്റുള്ള സാമാന്യമുസ്‌ലിംകള്‍ അതംഗീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ലോകമുസ്‌ലിം ഏകോപനം ഉരുവപ്പെടുന്നത്. കാര്യങ്ങള്‍ തീരുമാനിക്കാനും പിരിക്കാനും അര്‍ഹതയുള്ളവര്‍ (അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദി) ഏകോപിക്കലാണെന്ന് ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) പ്രസ്താവിച്ചു. (ഫത്ഹുല്‍ബാരി: 13/316)

ഇമാം റാസി(റ) പറയുന്നു. കിതാബ്, സുന്നത്തിന്റെ പ്രസ്താവനകളില്‍ നിന്നും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഉലമാഇന്റെ പ്രസ്താവന കൊണ്ടാണ് ഇജ്മാഅ്(അല്‍ജമാഅ) ഉണ്ടാവുക. നമ്മുടെ നിദാനശാസ്ത്രത്തിന്റെ ഗ്രന്ഥങ്ങളില്‍ അഹ്‌ലുല്‍ ഹല്ലിവല്‍ അഖ്ദ് എന്നുപേര്‍ വിളിക്കപ്പെടുന്നത് ഇതാണ്. (റാസി: 10/150)

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ കുറിക്കുന്നു. അല്‍ജമാഅഃ എന്നതുകൊണ്ടുദ്ദേശ്യം ഇല്‍മുള്ളവര്‍ അഥവാ യോഗ്യരായ ഉലമാഇനെയാണ് ഇമാം ബുഖാരി(റ) വിവക്ഷിക്കുന്നത്. പ്രമാണങ്ങളില്‍ നിന്നും മതവിധികള്‍ ഗവേഷണം ചെയ്തുകണ്ടെത്താന്‍ കഴിയുന്ന മുജ്തഹിദുകളായ പണ്ഡിതര്‍. അല്‍ജമാഅഃ കൊണ്ടുദ്ദേശ്യം ''ജമാഅതുല്‍ മുസ്‌ലിമീന്‍'' ആണെന്നാണ് ഇമാം ശാഫിഈ(റ) പറഞ്ഞത്. (രിസാല പേജ്: 403). ഇജ്മാഅ് എന്ന പ്രമാണമാണ് അവരെല്ലാം 'ജമാഅത്ത്' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 

കര്‍മശാസ്ത്രപണ്ഡിതര്‍ ഇന്നാലിന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം ഒന്നിച്ചിരിക്കുന്നു എന്നു എഴുതുന്നതും ഉമ്മത്തിന്റെ ഏകോപനം എന്നു വിവരിക്കുന്നതും മുജ്തഹിദുകളുടെ ഏകോപനം ഉദ്ദേശിച്ചുകൊണ്ടാണ്. 

ഇജ്മാഇന്റെ സാങ്കേതികമായ നിര്‍വ്വചനം പണ്ഡിതര്‍ വിവരിക്കുന്നത് ഇങ്ങനെ: നബി (സ) യുടെ വഫാത്തിനുശേഷം ഏതെങ്കിലും വിഷയത്തില്‍ ഒരുകാലത്തെ ഗവേഷണ യോഗ്യതയുള്ള പണ്ഡിതര്‍ മുഴുവന്‍ ഏകോപിക്കുക. (ജംഉല്‍ജവാമിഅ്: 2/176)

ലോകത്തുള്ള ഗവേഷണയോഗ്യരായ പണ്ഡിതര്‍ മുഴുവനും ഒന്നിച്ചിരുന്നു തീരുമാനിക്കണമെന്ന നിയമമില്ല. തങ്ങളുടെ രാജ്യത്തിരുന്നു ഓരോരുത്തരും അവരുടെ തീരുമാനങ്ങളും നിലപാടുകളും സ്വന്തമായി വ്യക്തമാക്കിയതു യാദൃച്ഛികമായി ഒത്തുവന്നാലും ഇജ്മാഅ് എന്ന പ്രമാണം ഉണ്ടാകും. മുജ്തഹിദുകള്‍ അല്ലാത്തവര്‍ മുജ്തഹിദുകളുടെ തീരുമാനം അംഗീകരിക്കല്‍ നിര്‍ബന്ധവുമാണ്. 

ചുരുക്കത്തില്‍ 'ജമാഅത്തി'നെ മുറുകെ പിടിക്കുക എന്നതിന്റെ ഉദ്ദേശ്യം സമുദായം ഒന്നിച്ചു വിശ്വസിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ആശയങ്ങളും നിലപാടുകളും അംഗീകരിക്കുകയെന്നാണ്. അതായത് ലോകമുസ്‌ലിംകളുടെ ഏകോപനത്തെ (ഇജ്മാഅ്) പിന്‍പറ്റലാണ്. 

ജമാഅത്തുകൊണ്ടു വിവക്ഷ സ്വഹാബത്തുമാത്രമാണെന്നു തെറ്റിദ്ധരിച്ചു മനസ്സിലാക്കുന്നത് വലിയ അപകടം വരുത്തും. മുസ്‌ലിം പാരമ്പര്യം(ഇജ്മാഅ്) എന്നത് ഖണ്ഡിത പ്രമാണമാണ്. പിഴവു പറ്റാത്ത പ്രമാണ്. ഈ സവിശേഷതയും പ്രാമാണികതയും സ്വഹാബത്തിന്റെ സംഘത്തിനുമാത്രമാണെന്ന് ആരും പറയാനിടയില്ല. നമ്മുടെ ഉസൂലിന് ഈ നിലപാട് ഒട്ടും നിരക്കുന്നതുമല്ല. 

അഹ്‌ലുല്‍ ഖുര്‍ആന്‍
വിശ്വാസസരണിയില്‍ സുന്നത്ത്, ജമാഅത്ത്(ഇജ്മാഅ്) എന്നിവയേക്കാള്‍ പ്രാമാണികം ഖുര്‍ആന്‍ തന്നെ. ഇവ മൂന്നും മുറുകെ പിടിച്ചു ജീവിക്കുന്നവരാണ് അഹ്‌ലുസ്സുന്നഃ. എന്നാല്‍ അഹ്‌ലുല്‍ ഖുര്‍ആനി വസ്സുന്നത്തി വല്‍ ജമാഅഃ എന്നു എന്തുകൊണ്ടു പറഞ്ഞില്ല? പറയേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആന്‍ എന്ന സത്യപ്രമാണത്തെ നിരാകരിച്ച് കൊണ്ട് ഈ സമുദായത്തിനകത്ത് ഒരുകക്ഷിയും വരാനിടയില്ല. പ്രത്യുത, സുന്നത്ത്, ജമാഅത്ത് എന്നീ രണ്ടു സത്യപ്രമാണങ്ങളെ അപ്പടി നിഷേധിക്കുകയോ തത്വത്തില്‍ നിരാകരിക്കുകയോ ചെയ്യുന്നവര്‍ ഈ സമുദായത്തില്‍ ധാരാളം പ്രത്യക്ഷപ്പെടും. ഖുര്‍ആനിക പ്രമാണം കൊണ്ടവര്‍ നിരാകരണത്തിനും ന്യായീകരണവും നടത്തും. ഇതുകൊണ്ടാണ് മൂന്ന് പ്രമാണങ്ങളില്‍ നിന്നു സുന്നത്ത്, ജമാഅത്ത് എന്നീ രണ്ടുപ്രമാണം എടുത്തുപറഞ്ഞുകൊണ്ട് ഭിന്നിപ്പും ചേരിതിരിവും ഉണ്ടാകുമ്പോള്‍ ഇവരണ്ടും മുറുകെപ്പിടിക്കണമെന്ന് നബി(സ) പ്രസ്താവിച്ചത്. ആകയാല്‍ അഹ്‌ലുസ്സുന്നഃ എന്നാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഇജ്മാഇന്റെയും ആളുകള്‍ എന്നാണ്. 

ഖണ്ഡിതപ്രമാണങ്ങള്‍ 
ഖുര്‍ആന്‍, സുന്നത്തിന്റെ നസ്സ്, ഇജ്മാഅ് എന്നീ മൂന്നും ഖണ്ഡിത പ്രമാണമാണ്. മറിച്ചൊരുവ്യാഖ്യാനത്തിനും പഴുതില്ലാത്ത വിധം ആശയവും ഉദ്ദേശ്യവും ഇന്നതെന്ന് വ്യക്തമായതിനാണ് നസ്സ് എന്ന് പറയുക.

അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും വഴിപ്പെടണമെന്നു ഖുര്‍ആന്‍ പറയുമ്പോള്‍, അല്ലാഹുവിനെയും റസൂലിനെയും പോലെ നിരുപാധികമായി അനുസരിക്കപ്പെടേണ്ട മറ്റൊരു പ്രമാണമായി ഉലുല്‍ അംറിനെയാണ് എണ്ണിയത്. അല്ലാഹുവും റസൂലും എന്നതുകൊണ്ട് വിവക്ഷ കിതാബും സുന്നത്തും ഉലുല്‍ അംറ് കൊണ്ടുദ്ദേശ്യം ഇജ്മാഉമാണ്. (റാസി: 10/144)

ഇസ്‌ലാംമതത്തില്‍ വിശ്വാസകാര്യങ്ങള്‍ക്ക് ഉസൂല്‍ എന്നും ശാഖാപരമായ കാര്യങ്ങള്‍ക്ക് ഫുറൂഅ് എന്നും പറയും. മുകളില്‍ പ്രസ്താവിച്ച മൂന്നു ഖണ്ഡിത പ്രമാണം കൊണ്ടുതെളിഞ്ഞ കാര്യങ്ങള്‍ മുഴുവനും വിശ്വാസപരമാണ്. ശാഖാപരമല്ല. പ്രസ്തുത പ്രമാണം കൊണ്ടുതെളിഞ്ഞ വിഷയങ്ങളില്‍ അഭിപ്രായഭിന്നത അനുവദനീയമല്ല, നിഷിദ്ധമാണ്. 

നസ്സ്വ് മുഖേന സ്ഥിരപ്പെട്ടത് മുഴുവനും സമൂഹത്തില്‍ തര്‍ക്കമില്ലാതെ അംഗീകരിക്കപ്പെട്ടുവരുന്നതും ആ നിലയില്‍ മുജ്തഹിദുകളുടെ ഇജ്മാഅ് ഉള്ളതും ആയിരിക്കും. ഇത്തരം വിശ്വാസകാര്യങ്ങളില്‍ നിന്നു നബി (സ) അല്ലാഹുവിങ്കല്‍ നിന്നുകൊണ്ടുവന്ന ദീനില്‍ പെട്ടതായി അനിഷേധ്യമായി അറിയപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിക്കലും വിശ്വസിക്കലും എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഈ വിശ്വാസത്തിനാണ് 'ഈമാന്‍' എന്നുപറയുന്നത്. (റാസി: 2/27) 

നബി(സ) അല്ലാഹുവിങ്കല്‍ നിന്നും കൊണ്ടുവന്നതായി അധിഷേധ്യമായി അറിയപ്പെട്ട കാര്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒന്ന് നിരാകരിച്ചാല്‍ അവന്‍ കാഫിറാകും (റാസി: 2/46). അംഗീകരിക്കാത്ത മാനസികാവസ്ഥക്ക് നിരാകരണം എന്നാണ് പറയുക. സത്യം അറിഞ്ഞു നിഷേധിക്കണമെന്നില്ല. അനിഷേധ്യസത്യങ്ങള്‍ അറിയാതിരിക്കുന്നതില്‍ അകാരണമായി ശര്‍അ് ആര്‍ക്കും ഒരു വിട്ടുവീഴ്ചയും നല്‍കുന്നില്ല. അറിയാത്തവന്റെ മാത്രം വീഴ്ചയാണ് ഇക്കാര്യത്തിലെ അറിവില്ലായ്മ. അതിനാല്‍ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും തെളിവുപോലും ആവശ്യമില്ലാത്തവണ്ണം നബി (സ) കൊണ്ടുവന്ന ദീനിലുള്ളതാണെന്ന് തര്‍ക്കമില്ലാതെ അറിയപ്പെട്ട കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കല്‍ കൊണ്ടുതന്നെ കാഫിറാകുന്നതാണ്. (ജംഅ്: 2/201)

അനിഷേധ്യമായി അറിയപ്പെട്ട വിശ്വാസകാര്യങ്ങള്‍ അറിയാത്തതില്‍ അല്ലാഹുവിങ്കല്‍ ഒരു ഒഴിവുകഴിവുകളും സ്വീകാര്യമല്ല. ഇമാം ശാഫിഈ (റ) ഈ അറിവിനു 'ഇല്‍മുല്‍ ആമ്മ്' (എല്ലാവരിലുമുള്ള അറിവ്) എന്നാണ് തന്റെ രിസാല (പേജ്: 357) യില്‍ വിശേഷിപ്പിച്ചത്. 

ഖുര്‍ആനിലും സുന്നത്തിലും നസ്സ് ഇല്ലാത്ത കാര്യത്തിലും ഇജ്മാഅ് എന്ന ഖണ്ഡിത പ്രമാണം ഉണ്ടാകും. പ്രസ്തുത കാര്യത്തിലുള്ള പ്രമാണം ഇജ്മാഅ് മാത്രമായിരിക്കും. ഇവ്വിധം ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ട കാര്യങ്ങളും ദീനിന്റെ ഉസൂലാണ്. വിശ്വാസപരമാണ്. ശാഖാപരമല്ല. അതേസമയം അവ അധിഷേധ്യമായി അറിയപ്പെടാത്തതാണെങ്കില്‍ നിഷേധിച്ചാല്‍ കാഫിറാവില്ല. പക്ഷേ, വിശ്വാസം പിഴച്ചവനാകും. (മുബ്തദിഅ് ആകും) 

ഇമാം ഇബ്‌നുഹജര്‍ ഹൈതമി(റ) പ്രസ്താവിക്കുന്നു: ''ഇജ്മാഅ് ഖണ്ഡിത പ്രമാണമാണ്. അതിനെതിരെ മറ്റൊരു പ്രമാണവും നിലനില്‍പ്പുള്ളതല്ല. അതിനെ നിഷേധിക്കുന്നവന്‍ ഒന്നുകില്‍ കാഫിര്‍ അല്ലെങ്കില്‍ മുബ്തദിഅ് ആകുന്നതാണ്''(അസ്സവാഇഹുല്‍ മുഹ്‌രിഖ: പേജ് 89).

ആപേക്ഷികമായി കുറവാണെങ്കിലും ഇജ്മാഅ് എന്ന ഖണ്ഡിതപ്രമാണം മുഖേന നിരവധികാര്യങ്ങള്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ മുഴുവനും അറിയല്‍ വ്യക്തിപരമായ നിര്‍ബന്ധമില്ല. (ഫര്‍ളുഐന്‍).

ഇജ്മാഅ് എന്ന പ്രമാണത്തിന്റെ മഹത്വം ഇമാം ഗസ്സാലി(റ) പ്രസ്താവിക്കുന്നു. ഒരു വിഷയത്തില്‍ ഗവേഷണം നടത്തുന്ന മുജ്തഹിദ് തദ്വിഷയകമായി ഇജ്മാഅ് ഉണ്ടോ എന്നാണ്  ആദ്യമായി ചിന്തിക്കേണ്ടത്. ഇജ്മാഉണ്ടെന്നു സ്ഥിരപ്പെട്ടാല്‍ കിതാബിലും സുന്നത്തിലും ഗവേഷണം ഉപേക്ഷിക്കണം. കാരണം, ഇവരണ്ടും നിയമം ദുര്‍ബലപ്പെടുന്നതിനു (നസ്ഖ്) വിധേയമാണ്. ഇജ്മാഅ് നസ്ഖിനു വിധേയമല്ല. ആയതിനാല്‍ കിതാബിലും സുന്നത്തിലും ഉള്ളതിനു വിരുദ്ധമായി ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ നസ്ഖ് നടന്നിട്ടുണ്ടെന്നതിന് അതുതന്നെ ഖണ്ഡിത തെളിവാണ്.

വിശ്വാസപരമായ, വിശ്വസിക്കല്‍ നിര്‍ബന്ധമായ സര്‍വ്വകാര്യങ്ങളും ഖണ്ഡിതപ്രമാണം മൂലം സ്ഥിരപ്പെട്ടതായിരിക്കും. പിഴവുപറ്റാത്ത പ്രമാണങ്ങളാണ് മൂന്നു ഖണ്ഡിത പ്രമാണവും. ഖുര്‍ആന്‍, സുന്നത്തിലെ നിസ്സായ മൊഴികളാണ് ഇജ്മാഇനു പുറമെ ഖണ്ഡിത പ്രമാണങ്ങള്‍. പ്രത്യുത, ഖുര്‍ആന്‍, സുന്നത്ത് എന്നല്ല. ഖുര്‍ആനിലും സുന്നത്തിലും ഖണ്ഡിതമല്ലാത്ത നിരവധി ആശയങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങളിലാണ് മുജ്തഹിദുകള്‍ ഭിന്നാഭിപ്രായത്തിലാകുന്നത്. അതുസ്വാഭാവികവും അനുവദനീയവും അനുഗ്രഹവുമാണ്. അത്തരം അഭിപ്രായ ഭിന്നതയുള്ള വിധികള്‍ക്കാണ് ദീനിന്റെ ഫുറൂഅ്(ശാഖാപരം) എന്നു പറയുന്നത്. 

മനസ്സുകൊണ്ട് അംഗീകരിക്കലും വിശ്വസിക്കലും നിര്‍ബന്ധവും നിഷേധിക്കല്‍ കുറ്റകരവുമായ കാര്യത്തിനാണ് സാങ്കേതികമായി അഖീദ എന്നു പറയുന്നത്. (നിബ്‌റാസ്: പേജ് 25)

ഇജ്മാഉം മദ്ഹബും
മുജ്തഹിദുകളുടെ ഏകോപനമാണ് ഇജ്മാഅ്. തത്വത്തില്‍ ഇജ്മാഅ് എന്ന ഒരുപ്രയോഗം ഇമാമുകള്‍ പറയുമ്പോള്‍ അതിനും ഇജ്മാഇന്റെ പ്രാമാണികതയുണ്ട്. അല്‍ ജമാഅഃയില്‍ തത്വത്തില്‍ ഇജ്മാഉം ഉള്‍പ്പെടും.

മദ്ഹബിന്റെ ഇമാമുകള്‍ക്കുശേഷം സ്വതന്ത്രഗവേഷകര്‍ ഇല്ലാത്തതിനാല്‍ നാലിലൊരു മദ്ഹബ് അംഗീകരിക്കുക എന്ന നിലപാടില്‍ എല്ലാ മുസ്‌ലിംകളും ഏകോപിച്ചു. അങ്ങനെ നാലിലൊരു മദ്ഹബ് അനുകരിക്കണമെന്നത് ലോകമുസ്‌ലിംകളുടെ ഇജ്മാആയി മാറി. 

പ്രസ്തുത ഇജ്മാഇനെ നിഷേധിച്ചവനും മുബ്തദിഅ് ആണ്. കാരണം അവന്‍ മുസ്‌ലിംകളുടെ ഏകോപനത്തിനെ നിഷേധിച്ചു. ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു. നാല്മദ്ഹബുകള്‍ക്കുമപ്പുറമുള്ള അഭിപ്രായം ഇജ്മാഇനു വിരുദ്ധമുള്ള അഭിപ്രായംപോലെ അവഗണിക്കേണ്ടതാണ്. (തുഹ്ഫ: 10/110)

തഖ്‌ലീദ് വിരോധം
പ്രസിദ്ധമായ നാലാലൊരു മദ്ഹബ് അനുകരിക്കണമെന്നത് ഇജ്മാഉ മുഖേന സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടു മദ്ഹബ് തഖ്‌ലീദ് ചെയ്യാത്തവന്‍ മുബിതദിഅ് ആണ്. വാദത്തിലൂടെ ഇജ്മാഅ് എന്ന സത്യവും ഖണ്ഡിതവുമായ പ്രമാണത്തെ നിഷേധിച്ചാല്‍ അയാള്‍ പിഴച്ചവനാകും. 
നാലു മദ്ഹബും ഏകോപിച്ച ഏതു വിധിയും ഇജ്മാആണെന്നും അതു മതത്തിന്റെ ഉസൂലാണെന്നും(അടിസ്ഥാനപരം) മേല്‍ വിവരണത്തില്‍ നിന്നും സ്പഷ്ടമായി.

ഇജ്മാഉ മുഖേന സ്ഥിരപ്പെട്ട നിരവധി കാര്യങ്ങളെ നിഷേധിച്ചവരാണ് മുബ്തദിഉകള്‍. ഉദാഹരണമായി നിസ്‌കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം കൈകെട്ടുന്ന കാര്യം തന്നെയെടുക്കാം. കൈകെട്ടുന്നുവെങ്കില്‍ അതുനെഞ്ചിന്റെ താഴെ എവിടെയായിരിക്കണമെന്നതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഈ തര്‍ക്കം ശാഖാപരമാണ്. എന്നാല്‍, നെഞ്ചിന്റെ താഴെയായിരിക്കണമെന്നും നെഞ്ചത്തല്ല, കൈവെക്കേണ്ടതന്നും നാലുമദ്ഹബും ഏകോപിച്ചിട്ടുണ്ട്. ഇതിനെതിരെയുള്ള വാദം നെഞ്ചത്ത് കൈവെയ്ക്കണമെന്ന ചില പുത്തന്‍വാദികളുടെ ശാഠ്യം ഇജ്മാഅ് നിഷേധമാണ്.

തറാവീഹ് നിസ്‌കാരത്തിന്റെ റക്അത്തുകളില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതേസമയം തറാവീഹിന്റെ റക്അത്ത് എട്ടെല്ലെന്നു മദ്ഹബുകള്‍ ഏകോപിക്കുന്നു.

ഒരാള്‍ ഒന്നിച്ചു മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നത് ഇജ്മാആണ്. നാലു മദ്ഹബും ഇതില്‍ ഏകോപിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായ ജല്‍സും ഇതില്‍ ഏകോപിച്ചിട്ടുണ്ട്.

പ്രഥമ തലമുറകളില്‍ ഏകഖണ്ഡമല്ലാതിരുന്നതും ഗവേഷണത്തിനു പഴുതുള്ളതും ശാഖാപരവുമായിരുന്ന ഒരു വിഷയത്തില്‍ പിന്‍തലമുറയിലെ ഗവേഷകന്‍മാരുടെ മനനം ഒരേ വിധിയില്‍ ഏകോപിച്ചു കഴിഞ്ഞാല്‍ (ഇജ്മാഉണ്ടായാല്‍) അതുശാഖാപരമെന്ന (ഫുറൂഅ്) തലത്തില്‍ നിന്നും മൗലികകാര്യങ്ങളെന്ന (അഖാഇദ്, ഉസൂല്‍) തലത്തിലേക്ക് ഉയരുമെന്നും പിന്നീടതില്‍ ഗവേഷണം അനുവദനീയമല്ലെന്നും ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം അഹ്മദ് സര്‍ഹിന്ദി (റ) യുടെ മഖ്തൂബാത് 36-10 നമ്പര്‍ ലിഖിതം) 

വിശ്വാസകാര്യങ്ങളില്‍ അനുകരണം (തഖ്‌ലീദ്) ഇല്ല. അതുകൊണ്ട് ആരെയെങ്കിലും അനുകരിച്ച് മൗലികകാര്യങ്ങള്‍ക്കെതിരെ വിശ്വസിച്ചവന്‍ മുബ്തദിആണ്. കാരണം, പിഴവു സംഭവിച്ചു അറിയാതെ വിശ്വസിച്ചുപോയി എന്നൊന്നും പറഞ്ഞു രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്തതാണ് ദീനിന്റെ ഉസൂല്‍ (ഫതാവല്‍ ഹദീസിയ്യ: 172)

ഇജ്മാഅ് എന്ന സത്യപ്രമാണത്തിനു രേഖയെന്തെന്നാണു ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറുതവണ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത് മൂന്നു ദിവസത്തിനുശേഷം സൂറത്തുന്നിസാഇലെ 115.ാം സൂക്തം രേഖയായി എത്തിച്ചു. (റാസി : 11/43)

''സത്യമാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും നബി(സ) യോട് എതിരാവുകയും മുഅ്മിനീങ്ങള്‍ സ്വീകരിക്കാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവനെത്തന്നെ നാം ഏല്‍പിക്കും. അവനെ നാം നരകത്തിലേക്ക് ചേര്‍ക്കും. അതു ചെന്നു ചേരുന്ന സ്ഥലങ്ങളില്‍ ഏറ്റവും ചീത്തയാവുന്നു'' എന്ന ആശയം ഉള്‍ക്കൊള്ളുന്നതാണ് ഉപര്യുക്തസൂക്തം. മുഅ്മിനീങ്ങള്‍ ഏകോപിച്ച കാര്യങ്ങളില്‍ നിന്നു വിഘടിച്ചു നില്‍ക്കുന്നവര്‍ക്കെതിരെ കനത്ത താക്കീതാണീ സൂക്തം. ഇജ്മാഅ് ഖണ്ഡിത പ്രമാണമാണെന്ന് പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇജ്മാഇനെ നിഷേധിച്ചവന്‍ വിശ്വാസം പിഴച്ചവനും (മുബ്തദിഅ്) വഴിപിഴച്ചവനുമാണെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (മുഗ്നി: 4/135, 4/187, ഇആനത്ത് :4/155)

ഇമാം ഇബ്‌നുഹജര്‍(റ) തന്റെ ''അല്‍ ഇഅ്‌ലാമുഫീഖവാത്വിഇല്‍ ഇസ്‌ലാം'' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഒന്നാം ഖലീഫ: സിദ്ദീഖി(റ) ന്റെ ഖിലാഫത്തിനെ നിഷേധിച്ചവന്‍ മുബ്തദിആണ് (തഖ്‌രീറുസ്വവാഹിഖുല്‍ മുഹ്‌രിഖ: 389). ഇജ്മാഇനെ നിഷേധിക്കല്‍ വലിയ പാപമാണ്. (അത്വാര്‍ 2/233, സന്നാനി: 2/197) വിശ്വാസപരമായ വലിയ പാപമാണ് ബിദ്അത്ത് (ശര്‍വാനി: 10/213)

ഖിയാസ് 
കിതാബ്, സുന്നത്ത് ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ക്കൊപ്പം ഖിയാസ് എന്ന പ്രമാണവും അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്നുണ്ട്. അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃ എന്ന നാമകരണത്തോടൊപ്പം വല്‍ഖിയാനി എന്നു ചേര്‍ക്കാതിരിക്കുന്നത് സുന്നത്ത്, ജമാഅത്ത് എന്നീ രണ്ടു പ്രമാണങ്ങളെപ്പോലെ ആശയം സ്ഥിരപ്പെടുത്തുന്ന തെളിവില്ല ഖിയാസ് എന്നതുകൊണ്ടാണ്. മറ്റൊന്നില്‍ നിന്നു വ്യക്തമാകുന്ന തെളിവാണത്. അപ്പോള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഖിയാസിന്റെ വിധി ഉള്‍ക്കൊണ്ടിരിക്കും. 

വിധി വ്യക്തമല്ലാത്ത കാര്യങ്ങളെ വ്യക്തമായ കാര്യങ്ങളുമായി താരതമ്യം ചെയ്യലാണ് ഖിയാസ്. ഇതു പ്രമാണമായി വരുന്നത് ശാഖാപരമായ കാര്യങ്ങളിലാണ്. മദ്ഹബിന്റെ ഇമാമുകള്‍ക്കിടയിലുള്ള അഭിപ്രായഭിന്നതകള്‍ ശാഖാപരം മാത്രമാണ്. പ്രസ്തുത മൂന്നു പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെടാത്തതും ഗവേഷണത്തിനു പഴുതുള്ളതുമായ വിഷയങ്ങളില്‍ മാത്രമേ മദ്ഹബുകള്‍ രൂപപ്പെടുകയുള്ളൂ. 

കര്‍മശാസ്ത്രത്തിലും പൊതുവെ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ ചതുര്‍ പ്രമാണമാണ് അവലംബം. അതായത് ഈ പ്രമാണങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെയെങ്കിലും സഹായം മദ്ഹബിലെ വിധിക്കുണ്ടാകുമെന്നര്‍ത്ഥം. നാലു പ്രമാണങ്ങളുടെ സഹായവും ഒരുമിച്ചുണ്ടാവുകയും ചെയ്യാം. ഗവേഷണം നടത്തി താന്‍ കണ്ടെത്തുന്ന വിധി പ്രമാണം കൊണ്ടുതെളിയിക്കാന്‍ തയ്യാറാണെന്ന് അവകാശപ്പെടുന്ന മുജ്തഹിദില്‍ നിന്നും മനസ്സിലാക്കപ്പെടുന്ന മതവിധികളുടെ സമാഹാരമാണ് മദ്ഹബ് (നിബ്‌റാസ്, പേജ്: 25) മുജ്തഹിദും സഹകാരികളും കണ്ടെത്തി പ്രഖ്യാപിച്ചിട്ടുള്ള മതവിധികളാണ് മദ്ഹബ് എന്നു നിര്‍വ്വചിച്ചവരുമുണ്ട്. (മഹല്ലി 1/10) 

അഹ്‌ലുസ്സുന്നയെന്ന വിശ്വാസ സരണി
ഹിജ്‌റ നാലാം നൂറ്റാണ്ടുമുതല്‍ അഹ്‌ലുസ്സുന്നഃയുടെ ഇമാമുകളായി വാഴ്ത്തപ്പെട്ടത് ഇമാം അശ്അരി(റ) യും മാതുരീദിയുമായതുകൊണ്ട് പില്‍കാലത്ത് അഹ്‌ലുസ്സുന്നഃ. എന്നാല്‍ ഇമാം അബൂഹസനില്‍ അശ്അരി(റ) യും ഇമാം അബൂ മന്‍സൂരിനില്‍ മാതുരീദി(റ) യും അവരെ അനുഗമിച്ചവരുമാണുദ്ദേശ്യം. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ: 10/235, സവാജിര്‍ 1/89)

നാലു മദ്ഹബുകളും ക്രോഢീകൃതമായ ശേഷം കര്‍മരംഗത്ത് ഒരു പൊതു നിലപാട് സംജാതമായി. മദ്ഹബിലെ നാലു ഇമാമുകളുടെ കാലത്തോടെ സ്വതന്ത്രമുജ്തഹിദ് ഇല്ലാത്തതിനാല്‍ ഹിജ്‌റ മൂന്നാം നൂറ്റാണ്ടു മുതല്‍ എല്ലാ തലമുറകളിലെയും മുസ്‌ലിംകളുടെ ഏകോപന നിലപാടാണ് നാലാലൊരു മദ്ഹബ് സ്വീകരിക്കുകയെന്നത്. 

ചുരുക്കത്തില്‍ ഇന്നു അഹ്‌ലുസ്സുന്നഃ എന്നാല്‍ വിശ്വാസകാര്യങ്ങളില്‍ അശ്അരി, മാതുരീദി എന്നീ സരണികളില്‍ ഒന്നുമാത്രം സ്വീകരിക്കുകയും(തഖ്‌ലീദല്ല, കാരണം വിശ്വാസകാര്യത്തില്‍ തഖ്‌ലീദില്ല) കര്‍മപരമായി നാലാലൊരു മദ്ഹബ് അനുകരിച്ചു പിന്‍പറ്റുന്നവരുമാണ്. 

മുഅ്തസലീ പ്രസ്ഥാനത്തിന്റെ പ്രതിയോഗികളെകുറിച്ച് അശ്അരികള്‍ എന്നു വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ അതില്‍ മാതുരിദിയാക്കളും ഉള്‍പ്പെടും. അതിനാല്‍ സുന്നികളെല്ലാം അശ്അരികളാണെന്നു പറയാം. 

മദ്ഹബിന്റെ ഇമാമുകളും വിശ്വാസ സരണിയുടെ രണ്ടു ഇമാമുകളും തമ്മില്‍ നമ്മുടെ സമീപനത്തില്‍ സാരമായ അന്തരമുണ്ട്. എന്തുകൊണ്ടെന്നാല്‍, മദ്ഹബിന്റെ ഇമാമുകളെ നാം തഖ്‌ലീദ് ചെയ്യുകയാണ്. ഖുര്‍ആന്‍, സുന്നത്തിന്റെ നസ്സ്വായ മൊഴികള്‍, ഇജ്മാഅ് എന്നീ ഖണ്ഡിത പ്രമാണങ്ങളിലൊന്നും വ്യക്തമായി വിധികല്‍പ്പിക്കാത്ത വിഷയങ്ങളില്‍ മാത്രം മദ്ഹബിലെ നാലാലൊരു ഇമാമിനെ അനുകരിക്കുക എന്ന നിലയ്ക്കാണു അവരോടുള്ള സമീപനം. അതേ സമയം ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ) എന്നിവരെ നാം ആ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter