മുഅത്വിലത്തും മുജസ്സിമത്തും
ഹിജ്‌റ രണ്ടാം നൂറ്റാണ്ടുമുതല്‍ മുസ്‌ലിം ലോകത്ത് അല്ലാഹുവിന്റെ നാമവിശേഷങ്ങളെയും രൂപഭാവങ്ങളെയും കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതില്‍ രൂപപ്പെട്ട രണ്ടുചേരിയാണ് മുഅത്വിലത്തും മുജസ്സിമത്തും.
അല്ലാഹു അനാദ്യനും അനന്ത്യനും അരൂപിയും അതുല്യനും അസദൃശ്യനും അവിഭാജ്യനുമായതുകൊണ്ട് സൃഷ്ടികള്‍ക്കു നല്‍കാവുന്ന യാതൊരു വിശേഷണങ്ങളും അല്ലാഹുവിനു നല്‍കാന്‍ പാടില്ല. അങ്ങനെ നല്‍കിയാല്‍ അത് തൗഹീദിനും അല്ലാഹുവിലുള്ള വിശ്വാസത്തിനും വിരുദ്ധമാകും. സൃഷ്ടികളോട് എതിരാകുക എന്നതാണ് അല്ലാഹുവിന്റെ മുഖ്യ സവിശേഷത. അതുകൊണ്ട് സൃഷ്ടികളെ വിശേഷിപ്പിക്കുന്ന പദങ്ങള്‍ കൊണ്ടൊന്നും അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ പാടില്ല. അവനെക്കുറിച്ച് സ്രഷ്ടാവ്, കര്‍ത്താവ്, സര്‍വ്വശക്തന്‍ എന്നെല്ലാം പറയാം. എന്നാല്‍ ജീവിക്കുന്നവന്‍, അറിയുന്നവന്‍, കേള്‍ക്കുന്നവന്‍, കാണുന്നവന്‍ എന്നൊന്നും പറഞ്ഞുകൂടാ. ആദ്യത്തെ ഗുണങ്ങള്‍ സൃഷ്ടികള്‍ക്കില്ല, രണ്ടാമതു പറഞ്ഞവ അവരിലുണ്ട് എന്നതു തന്നെ കാരണം. ഈ വാദം ഉന്നയിച്ചു രംഗത്തെത്തിയ ചേരിയാണ് മുഅത്വില.
‘മുഅത്ത്വില’ എന്നാല്‍ ഇല്ലാതെയാക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. ദൈവിക സത്തയുടെ അനിവാര്യ ഗുണങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതുകൊണ്ട് ഈ വിഭാഗം മുഅത്ത്വില എന്നറിയപ്പെടുന്നു. മുമ്പുസൂചിപ്പിച്ച ജഹ്മുബിന്‍ സ്വഫ്‌വാന്റെ ‘ജഹ്മിയ്യ’ ഈ മുന്നണിയിലെ ഒരു കക്ഷിയാണ്. ഇവരുടെ നേര്‍ എതിര്‍ചേരിയില്‍ രൂപപ്പെട്ട മുന്നണിയിലാണ് മുജസ്സിമ. അല്ലാഹുവിനു ശരീരമുണ്ടെന്നു വാദിക്കുന്നവര്‍. മുശബ്ബിഹ (സാദൃശ്യമാക്കുന്നവര്‍) എന്നും ഇവരെക്കുറിച്ച് പറയാറുണ്ട്. അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും വന്ന പദപ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു – ആ അര്‍ത്ഥങ്ങളും രൂപങ്ങളുമെല്ലാം ഉള്ളവനാണ് അല്ലാഹുവെന്ന് ഇവര്‍വാദിക്കുന്നു.
വജ്ഹുല്ലാഹ് (അല്ലാഹുവിന്റെ മുഖം) എന്നു ഖുര്‍ആനില്‍ വന്നിരിക്കുന്നു (92:20, 42:11, 2:272, 13:22, 30:38, 76:9). അതിന്നര്‍ത്ഥം അല്ലാഹുവിനു യഥാര്‍ത്ഥ മുഖമുണ്ടെന്നു തന്നെയാണ്. അല്ലാഹുവിന്റെ കൈ (യദ്) എന്ന് ഖുര്‍ആനില്‍ വന്നിരിക്കുന്നു (3:26, 5:64, 23:88, 36:83, 67:1) അല്ലാഹുവിന് കൈ യഥാര്‍ത്ഥത്തിലുണ്ട് എന്നാണതിന്നര്‍ത്ഥം. വിശ്വാസിയുടെ ഹൃദയം അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ്. (മുസ്‌ലിം 2654, തുര്‍മുദി 2140, ഇബ്‌നുമാജ 3844) എന്നു ഹദീസിലുണ്ട്. അപ്പോള്‍ അല്ലാഹുവിനു വിരലുകളുണ്ടെന്നു തന്നെ വിശ്വസിക്കണം. അല്ലാഹു അര്‍ശില്‍ ആരൂഡനായി എന്നു ഖുര്‍ആനിലുണ്ട്.(20:5) ഒരു സിംഹാസനത്തില്‍ ഇരിക്കുന്നുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തം. അല്ലാഹുവിന്റെ ദൃഷ്ടി എന്നു ഖുര്‍ആന്‍(52:48)പറഞ്ഞിരിക്കുന്നു. അതില്‍നിന്നു അവനു കണ്ണുണ്ടെന്നു നാം മനസ്സിലാക്കണം. ഇതാണ് മുജസ്സിമുകളുടെ നിലപാട്.
എന്നാല്‍ ഈ രണ്ടു വീക്ഷണങ്ങളും അപകടം നിറഞ്ഞതാണ്. അല്ലാഹുവിനെ നിര്‍ഗുണനായി അവതരിപ്പിക്കുന്ന മുഅത്വിലുകള്‍, അല്ലാഹുവിന്റെ പൂര്‍ണ്ണതയെയും മഹത്വത്തെയുമാണ് നിഷേധിക്കുന്നത്. ഹയാത്ത് (ജീവന്‍) ഇല്‍മ് (ജ്ഞാനം), ഖുദ്‌റത്ത് (ശക്തി), സംഅ് (കേള്‍വി), ബസ്വര്‍ (കാഴ്ച), കലാം (സംസാരം) ഇറാദത്ത് (ഉദ്ദേശ്യം) എന്നിവ ദൈവിക സത്തയുടെ അനിവാര്യ ഗുണങ്ങളാണ്. ഈ ഗുണങ്ങളില്ലാത്ത ഒരു അല്ലാഹുവിനെ പരിപൂര്‍ണ്ണതയുടെ തിരുസത്തയായി എങ്ങനെ സങ്കല്‍പ്പിക്കപ്പെടും? അതുകൊണ്ടുതന്നെ ഈ ഗുണങ്ങള്‍ അല്ലാഹുവിനുണ്ടെന്ന് അംഗീകരിക്കാതെ നിര്‍വ്വാഹമില്ല. ഇവിടെ സൃഷ്ടികളോടു സാദൃശ്യപ്പെടുക എന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഖുര്‍ആനിലും ഹദീസിലും അല്ലാഹുവിനു നല്‍കപ്പെട്ട വിശേഷണങ്ങള്‍ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
മുജസ്സിമുകളുടെ വാദം മുഅത്വിലുകളെക്കാള്‍ കൂടുതല്‍ അപകടം നിറഞ്ഞതാണ്. മുഖം, കൈകാലുകള്‍, വിരലുകള്‍ എന്നിവ അല്ലാഹുവിനുണ്ടെന്നു വാദിക്കുകയും കയറ്റം – ഇറക്കം, നിറുത്തം – ഇരുത്തം, നീളം-വീതി തുടങ്ങിയ സ്ഥൂല വസ്തുക്കളുടെ സവിശേഷത മുഴുവന്‍ അല്ലാഹുവിലുണ്ടെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തവാണ് മുജസ്സിമുകള്‍. ഇവരില്‍ ചിലര്‍ അല്ലാഹുവിന്റെ തടി ഇതര തടികള്‍ പോലെയാണെന്നു പോലും വാദിച്ചു. കൈകാലുകളും വിരലുകളും കയറ്റിറക്കവും ചിലന നിശ്ചലങ്ങളുമെല്ലാം അല്ലാഹുവിന്റെ വിശേഷണങ്ങളാണെങ്കിലും അവ സൃഷ്ടികളെപ്പോലെ അല്ലെന്നാണ് ഇവരിലെ മിതവാദികള്‍ പറയുന്നത്. ഇവരുടെ നിലപാട്‌സ്വീകരിച്ചുകൊണ്ടൊരാള്‍ ഖുര്‍ആനില്‍ നിന്ന് അല്ലാഹുവിനെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ വികലവും വികൃതവുമായ ചിത്രമായിരിക്കും ലഭിക്കുക. ഒരു മുഖവും നിരവധി കണ്ണുകളുമുള്ള, ഒരു കാലും നിരവധി കൈകളുമുള്ള വിചിത്രമായ രൂപമായിരിക്കും ഖുര്‍ആനിന്റെ അക്ഷരാര്‍ത്ഥം മാത്രം സ്വീകരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ച് ലഭിക്കുക. അല്ലാഹു ആകാശങ്ങള്‍ക്കപ്പുറത്ത് അര്‍ശില്‍ ഇരിക്കുകയാണെന്നും എല്ലാ രാത്രികളിലും ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരികയാണെന്നുമുള്ള അര്‍ത്ഥം കല്‍പ്പിക്കുമ്പോള്‍ അവന് ഇരിപ്പിടം ആവശ്യമുള്ളവനും സ്ഥലകാലങ്ങളെ ആശ്രയിക്കുന്ന സ്ഥൂലവസ്തുവും ആണെന്നു സമ്മതിക്കേണ്ടിവരും. ഇസ്‌ലാം വിഭാവനം ചെയ്യുന്ന തൗഹീദിനു വിരുദ്ധമായ ഇത്തരം കുറേ ആശയങ്ങള്‍ മുജസ്സിമുകളില്‍ കടന്നുകൂടിയതുകൊണ്ടാണ് അത് അപകടമാണെന്നു നാം പറയുന്നത്.
ഖുര്‍ആനിലും സുന്നത്തിലും അല്ലാഹുവിനെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ക്ക് ഉത്തമ നൂറ്റാണ്ടിലെ സച്ചരിതരായ മഹാത്മാക്കള്‍ പ്രത്യേക അര്‍ത്ഥമോ വ്യാഖ്യാനമോ നല്‍കിയിരുന്നില്ല. പ്രസ്തുത വചനങ്ങളുടെ പൊരുളെന്താണെന്ന് മനസ്സിലാക്കാനുള്ള അറിവും ബുദ്ധിയും അവര്‍ക്കുണ്ടായിരുന്നു. പ്രവാചകന്റെ തിരുസദസ്സില്‍ നിന്നാണല്ലോ അവര്‍ ഖുര്‍ആന്‍ കണ്ടതും കേട്ടതും പഠിച്ചതും പകര്‍ത്തിയതുമെല്ലാം. അതുകൊണ്ടുതന്നെ അവിടെ ഒരു പ്രത്യേക അര്‍ത്ഥത്തിന്റെയോ വ്യാഖ്യാനത്തിന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ഇറാഖ് അമേരിക്കയുടെ കയ്യിലാകുന്നു, ഭരണം പാര്‍ട്ടിയുടെ കയ്യിലാകുന്നു എന്നെല്ലാം പറയുമ്പോള്‍ ഒരു പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമില്ലാതെ നാം കാര്യങ്ങള്‍ മനസ്സിലാക്കുന്നതുപോലെ ഖുര്‍ആനിന്റെ പദപ്രയോഗങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കും സാധിച്ചു.
പ്രസ്തുത പ്രയോഗങ്ങള്‍ക്കു യാതൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കാതെ വിട്ടയക്കുന്ന ഏറ്റവും സൂക്ഷ്മതയും സുരക്ഷിതവുമായ ഈ ശൈലിയാണ് ഹിജ്‌റയുടെ മൂന്നു നൂറ്റാണ്ടുകാലം മുസ്‌ലിം ഉമ്മത്ത് സ്വീകരിച്ചത്. സ്വഹാബികളും താബിഉകളും സ്വീകരിച്ച ഈ രീതി തന്നെയാണ് മദ്ഹബിന്റെ ഇമാമുകളും ഉള്‍ക്കൊണ്ടത്. ‘സലഫ്’ അര്‍ത്ഥ കല്‍പ്പന നടത്തുകയോ വ്യാഖ്യാന വിശദീകരണങ്ങള്‍ കൊണ്ടുവരികയോ ചെയ്യാത്തയിടത്ത് അവ കൊണ്ടുവരല്‍ അദബുകേടാണെന്ന് അവര്‍ മനസ്സിലാക്കി. മുന്‍ഗാമികള്‍ ചെയ്തതുപോലെ ‘ഖുര്‍ആന്‍ വചനങ്ങളെ വന്നതുപോലെ നടത്തല്‍’ തന്നെയാണ് സൂക്ഷ്മവും സുരക്ഷിതവുമെന്ന് അവര്‍ വിധി പറഞ്ഞു.
എന്നാല്‍ പില്‍ക്കാലത്ത് അറിവും ബുദ്ധിയും കുറഞ്ഞവര്‍ വളര്‍ന്നുവരികയും ഇതൊരുതര്‍ക്കവിഷയമായി ഏറ്റെടുക്കുകയും ചെയ്തു. ചിലര്‍ അല്ലാഹുവിന്റെ മുഖം, കൈകള്‍, കണ്ണുകള്‍, വിരലുകള്‍ എന്നിവ യഥാര്‍ത്ഥത്തിലുള്ളതു തന്നെയാണെന്നും അവന്‍ അക്ഷരാര്‍ത്ഥത്തില്‍ അര്‍ശില്‍ ഇരിക്കുകയാണെന്നും വാദിച്ചു. മറ്റു ചിലരാകട്ടെ ഇത്തരം പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും നിഷേധിക്കുകയോ നിഷേധാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയോ ചെയ്തു. ആദ്യത്തെ വിഭാഗം മുജസ്സിമുകളെന്നും രണ്ടാമത്തവര്‍ മുഅത്വിലുകളെന്നും അറിയപ്പെട്ടു. ഇറാഖ് അമേരിക്കയുടെ കയ്യിലാണ്, ഭരണം പാര്‍ട്ടിയുടെ കയ്യിലാണ് എന്നീ നമ്മുടെ പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കൊച്ചു കുട്ടികള്‍, അമേരിക്കക്കു ഇറാഖിനെ പിടിക്കാന്‍ മാത്രം വലിപ്പമുള്ള ഒരു കയ്യുണ്ടോ എന്നും പാര്‍ട്ടിക്കെങ്ങനെയാണ് കയ്യുണ്ടാകുക, അതുകൊണ്ട് എങ്ങനെയാണ് ഭരണത്തെ പിടിക്കാനാവുക എന്നും തര്‍ക്കിക്കുന്നതുപോലെയായിരുന്നു ഇവരുടെ തര്‍ക്കം.
ഇത്തരമൊരു ഘട്ടത്തില്‍ കാര്യബോധമുള്ള നമ്മുടെ ഇമാമുകള്‍ക്ക് ഇടപെടേണ്ടിവന്നു. സത്യം ബോധ്യപ്പെടുത്താന്‍ വേണ്ടി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി. അല്ലാഹുവിന്റെ കൈകള്‍, വിരലുകള്‍, കണങ്കാല്‍, മുഖം, ചിരി, സന്തോഷം, സിംഹാസനാരോഹണം തുടങ്ങി ഖുര്‍ആനിലും സുന്നത്തിലും വന്ന പ്രയോഗങ്ങള്‍ അല്ലാഹുവിന്റെ മഹത്വത്തിനു അനുയോജ്യമാം വിധം വ്യാഖ്യാനിക്കുകയാണ് പരിഹാര മാര്‍ഗ്ഗമെന്ന് നിര്‍ദ്ദേശിച്ചു. ഉദാഹരണത്തിനു അല്ലാഹുവിന്റെ കൈകള്‍ എന്നതു കൊണ്ടുള്ള വിവക്ഷ യഥാര്‍ത്ഥ കൈകളല്ല. അവന്റെ ശക്തി, ഉദാരത, സഹായം എന്നൊക്കെയാണെന്നവര്‍ വ്യക്തമാക്കി. പില്‍ക്കാല പണ്ഡിതന്മാര്‍ സ്വീകരിച്ച ഈ നിലപാട് സലഫിന്റെ വീക്ഷണങ്ങള്‍ക്കു വിരുദ്ധമായിരുന്നില്ല. ഒരു വിഭാഗം ഖുര്‍ആനിന്റെ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് അല്ലാഹുവിനു രൂപഭാവങ്ങള്‍ നല്‍കുകയും മറുവിഭാഗം പ്രസ്തുത വചനങ്ങളെ പാടേ നിഷേധിച്ചുതള്ളുകയും ചെയ്തപ്പോള്‍ പ്രതിരോധത്തിനായി നടത്തിയ ഒരു വിശദീകരണം മാത്രമായിരുന്നു.
അല്ലാഹുവിനു ശരീരാവയവങ്ങളും ചലന നിശ്ചലനങ്ങളും ഉണ്ടെന്ന് വാദിക്കുകയും എന്നാല്‍ അതെല്ലാം അവനോട് യോജിച്ച രീതിയിലുള്ളതു മാത്രമാണെന്നും വിശദീകരിച്ചു മുജസ്സിമുകളിലെ മിതവാദികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. അല്ലാഹുവിന് മുഖം യഥാര്‍ത്ഥത്തിലുണ്ട്. പക്ഷേ, അതു സൃഷ്ടികളുടെ മുഖം പോലെയല്ല. അല്ലാഹുവിനോടു യോജിച്ച ഒരു മുഖം. അതിന്റെ രൂപം നമുക്കറിയുകയില്ല. ഇപ്രകാരം അവനോട് യോജിച്ച കണ്ണുകളും കൈകളും വിരലുകളും ഉണ്ട്. കയറ്റിറക്കവും സിംഹാസനാരോഹണവുമെല്ലാം ഇങ്ങനെ തന്നെ. ഈ വ്യാഖ്യാനത്തിലൂടെ രക്ഷപ്പെടാമെന്നാണവര്‍ കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഈ വിശദീകരണം ഉപകരിക്കൂ എന്ന് അതു സംബന്ധമായി വന്ന ആയത്തുകളും ഹദീസുകളുമെല്ലാം പരിശോധിക്കുമ്പോള്‍ വ്യക്തമാകും.
ഉദാഹരണത്തിന് ‘നിങ്ങളെങ്ങോട്ടു തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും’ (ഖുര്‍ആന്‍ 2:115) അല്ലാഹുവിനോട് യോജിച്ച ഒരു മുഖമുണ്ടാകും. അതു നമുക്കറിയില്ല എന്ന വ്യാഖ്യാനം മുശബ്ബിഹുകളെ ഇവിടെ രക്ഷപ്പെടുത്തുന്നില്ല. ‘ഞാന്‍ രോഗിയായിരുന്നപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ല. ഞാന്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കണ്ണും കാതുമെല്ലാം ഞാനാകും, പെരുമയാണെന്റെ മേലങ്കി, പ്രൗഡിയാണെന്റെ അരയുടുപ്പ്… എന്നീ ഹദീസ് പ്രയോഗങ്ങള്‍ മറ്റൊരു ഉദാഹരണം. ഇവിടെ അല്ലാഹുവിനോട് യോജിച്ച നമുക്കറിയാത്ത ഒരുതരം രോഗം എന്നോ അവന്‍ മറ്റൊരാളുടെ കണ്ണും കാതുമാകുമെന്നോ അവനു മേലങ്കിയും അരയുടുപ്പും ഉണ്ടെന്നോ ഇവരാരും വാദിക്കുന്നില്ല. മറ്റുള്ളവരെപ്പോലെ വ്യാഖ്യാനിക്കുക മാത്രമാണിവിടെ മുശബ്ബിഹുകള്‍ക്കു മാര്‍ഗ്ഗമുള്ളൂ.
മുസ്‌ലിം സമുദായത്തെ വിഗ്രഹവത്കരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് മുജസ്സിമുകളും മുശബ്ബിഹുകളും. അല്ലാഹുവിനു ശരീരാവയവങ്ങള്‍ ഉണ്ടെന്ന സങ്കല്‍പ്പം വിഗ്രഹാരാധനകരുടേതാണ്. വേദഗ്രന്ഥങ്ങളില്‍ ദൈവത്തെക്കുറിച്ചു വന്ന ആലങ്കാരിക പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കുകയും സ്വന്തം സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചു ചിത്രീകരിക്കുകയും ചെയ്തപ്പോഴാണ് ലോകത്ത് വിഗ്രഹാരാധന വളര്‍ന്നത്. ദൈവത്തിന്റെ മഹാശക്തിയെ സൂചിപ്പിക്കാന്‍ വേദപുരാണങ്ങള്‍ ആയിരം തലയും പതിനായിരം കൈകളുമുള്ളവനാണ് ദൈവമെന്നു പറഞ്ഞപ്പോള്‍ ചിലരത് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. അങ്ങനെ ധാരാളം കൈകളും തലയും തുമ്പിക്കയ്യുമെല്ലാമുള്ള രൗദ്ര-മൃദുല ഭാവങ്ങളോടു കൂടിയ ദൈവങ്ങള്‍ ഇന്ത്യയിലും മറ്റും ഉടലെടുത്തു. ഈ വിഗ്രഹവത്കരണത്തിലേക്ക് മുസ്‌ലിംകളെ റിക്രൂട്ട് ചെയ്യുകയാണ് മുജസ്സിമുകള്‍.
ഒരു കാലത്ത് മുസ്‌ലിം ലോകത്തിന്റെ വിശ്വാസത്തെ വികലവും വികൃതവുമാക്കാന്‍ ശ്രമിച്ച മുജസ്സിമുകളെ പിന്നീട് അഹ്‌ലുസ്സുന്ന:യുടെ ഇമാമുകള്‍ നിലം പരിശാക്കുകയായിരുന്നു. ഇടയ്ക്ക് ഇബ്‌നു തീമിയ്യയും കൂട്ടരും ഈ വാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതു ജനമനസ്സുകളെ സ്വാധീനിച്ചില്ല. എന്നാല്‍ അത് പുനരവതരിപ്പിച്ചുകൊണ്ട് ആധുനിക കാലത്ത് വഹാബിസം രംഗപ്രവേശം ചെയ്തു. അധികാര സ്വാധീനവും അച്ചടി മാധ്യമങ്ങളും ഉപയോഗിച്ച് അവര്‍ മുജസ്സിമത്തിന്റെയും ള്വാഹിരിയ്യത്തിന്റെയും വാദങ്ങള്‍ പുനരാനയിച്ചു. സുന്നികളെ മുഅത്വിലുകളാക്കി ചിത്രീകരിച്ചു. അതു സ്ഥാപിക്കാന്‍ വേണ്ടി മാത്രം നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. ഇമാം റാസി (1149-1209) യുടെ ‘തഫ്‌സീറുല്‍ കബീര്‍’, ഹാഫിസ് അസ്ഖലാനി (1371-1448) യുടെ ‘ഫത്ഹുല്‍ ബാരി’ തുടങ്ങിയ മുജസ്സിമി വാദങ്ങളെ ഖണ്ഡിക്കുന്ന മുഴുവന്‍ ഗ്രന്ഥങ്ങളും അവര്‍ ടിപ്പണി എഴുതി വികലമാക്കുകയും അല്ലാഹുവിനു ശരീരമുണ്ടെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഈ വിഷയത്തിലെ സുന്നി നിലപാട് ചോദ്യം ചെയ്തുകൊണ്ട് മുജസ്സിമീ വാദം സ്ഥാപിക്കാന്‍ വേണ്ടി മാത്രം രചിക്കപ്പെട്ട ശംസുസ്സലഫി അഫ്ഗാനിയുടെ ‘അഅ്ദാഉല്‍ മാതൂരിദിയ്യ ലില്‍ അഖീദത്തിസ്സലഫിയ്യ’, അല്‍ മാതുരിദിയ്യ: വ മൗഖിഫുഹും മിനല്‍ അസ്മാഇ വസ്സിഫാത്തില്‍ ഇലാഹിയ്യ’ (സലഫി വിശ്വാസത്തോടുള്ള മാതുരീദികളുടെ ശത്രുതയും ദൈവത്തിന്റെ നാമവിശേഷണങ്ങളെക്കുറിച്ചുള്ള മാതുരിദികളുടെ നിലപാടും) എന്ന 1800ഓളം പേജ് വരുന്ന, മൂന്നു വാള്യങ്ങളുള്ള ഒരു ഗ്രന്ഥം മുന്നില്‍ വെച്ചുകൊണ്ടാണിത് എഴുതുന്നത്. മുജസ്സിമയെ പുനരവതരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ശക്തമായി നടക്കുന്നതുകൊണ്ടാണ് ഇത്രയും ഉപന്യസിക്കേണ്ടിവന്നത്.
മുജസ്സിമ:യുടെ വാദവുമായി രംഗത്തുവന്ന ചില വിഭാഗങ്ങളെ പരിചയപ്പെടാം.
കര്‍റാമിയ്യ:
മുഹമ്മദ് ബിന്‍ കര്‍റാമിന്റെ നേതൃത്വത്തില്‍ ഖുറാസാനില്‍ രംഗപ്രവേശം ചെയ്ത ഒരു വിഭാഗം അല്ലാഹുവിനു ശരീരമുണ്ടെന്ന വാദത്തിനു പുറമെ നിരവധി വികല വിശ്വാസങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. ചിലതു കാണുക:
1. പരിധിയും പരിമിതിയുമുള്ള ഒരു സ്ഥൂല വസ്തുവാണ് അല്ലാഹു. അവന്‍ അര്‍ശിനോട് ചേര്‍ന്നിരിക്കുകയാണ്. അര്‍ശാണ് അവന്റെ സ്ഥാനം. അല്ലാഹു ഒന്നിലധികം അര്‍ശുകളെ സൃഷ്ടിച്ചിരുന്നെങ്കില്‍ അവയെല്ലാം അവന്റെ സ്ഥാനമാകുമായിരുന്നു. അല്ലാഹു അതിനെക്കാളെല്ലാം വലിയവനാണ്. എന്നാല്‍ ഈ നിലപാട് അവരില്‍ ചിലര്‍ അംഗീകരിക്കുന്നില്ല. അല്ലാഹു അര്‍ശിനേക്കാള്‍ വലിയവനല്ല എന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം.
2. ‘കുന്‍’ (ഉണ്ടാവുക) എന്ന കല്‍പ്പന വാക്യം അല്ലാഹുവില്‍ നിന്നു പുറത്തുവരുന്നതുകൊണ്ടാണ് പുതിയ വസ്തുക്കള്‍ ഉണ്ടാകുന്നത്. അല്ലാഹുവിന്റെ സത്തയില്‍ അവ പുതുതായതിനു ശേഷമാണ് പിറവിയെടുക്കുന്നത്.
3. ലോകം നശിക്കുകയില്ല. ആകാശം പിളരുമെന്ന ഖുര്‍ആന്‍ വചനത്തിന്റെ വിവക്ഷ, അല്ലാഹുവിന്റെ ഭാരം കാരണം അതു സംഭവിക്കുമെന്നാണ്.
4. നബി, റസൂല്‍ എന്നിവരിലുള്ള ഗുണങ്ങളാണ് നുബുവ്വത്തും രിസാലത്തും. അത് വഹ്‌യോ മുഅ്ജിസത്തോ പാപസുരക്ഷിതത്വമോ അല്ല. പ്രസ്തുത ഗുണങ്ങളുള്ളവര്‍ റസൂലും സത്യസന്ദേശ പ്രചരണത്തിനു കല്‍പ്പിക്കപ്പെട്ടവര്‍ മുര്‍സലുമാണ്. ഭൗതിക ശിക്ഷക്കു ഹേതുവാകുന്നതോ അനീതിയായി ഗണിക്കപ്പെടുന്നതോ ആയ പാപങ്ങളില്‍ നിന്നു മാത്രമേ പ്രവാചകന്മാര്‍ സുരക്ഷിതരാകേണ്ടതുള്ളൂ. മറ്റു പാപങ്ങളില്‍ നിന്ന് അവര്‍ സുരക്ഷിതരല്ല.
5. പ്രവാചക സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ സ്വന്തം ബുദ്ധിയുടെ തീരുമാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. ലോകത്ത് ഒരു പ്രവാചകനെ മാത്രമേ അല്ലാഹു നിയോഗിച്ചിരുന്നുള്ളൂവെങ്കില്‍ അവന്‍ നീതിമാനാകുമായിരുന്നില്ല.
6. ഒരേ സമയത്ത് രണ്ട് ഇമാമുകളുണ്ടാകാം. അതുകൊണ്ടാണ് അലി(റ)യും മുആവിയ(റ)യും ഒരേ സമയത്ത് ഇമാമുകളായിരുന്നത്.
ഇങ്ങനെ വിചിത്രകരമായ നിരവധി വാദങ്ങള്‍ കൊണ്ട് കര്‍റാമികള്‍ വേറിട്ടുനില്‍ക്കുന്നു. നജസില്‍ നിന്നു ശുദ്ധീകരിക്കല്‍ നിര്‍ബന്ധമില്ല. മയ്യിത്ത് കുളിപ്പിക്കലും നിസ്‌കരിക്കലും സുന്നത്തു മാത്രമാണ്. യാത്രക്കാരന്റെ നിസ്‌കാരത്തില്‍ നിര്‍ത്തം, സുജൂദ്, റുകൂഅ് മുതലായവയൊന്നും ഇല്ല. രണ്ട് തക്ബീര്‍ മാത്രമാണുള്ളത്… കര്‍മ്മശാസ്ത്ര വിഷയങ്ങളിലും ഇങ്ങനെ നിരവധി വികല വീക്ഷണങ്ങള്‍ അവര്‍ക്കുണ്ട്.
ബയാനിയ്യ:
ബയാന്‍ ബിന്‍ സംആനിന്റെ അനുയായികള്‍. അല്ലാഹു പ്രകാശത്താലുള്ള ശരീരമാണെന്നും അവന്റെ മുഖമല്ലാത്ത മുഴുവനും നശിക്കുമെന്നും വാദിക്കുന്നു. ഇമാം മുഹമ്മദ് ബിന്‍ ഹനഫിയ്യയില്‍ നിന്ന് പുത്രന്‍ അബൂഹാശിമിനു ലഭിച്ച ‘ഇമാമത്ത്’ വസ്വിയ്യത്തു വഴി തനിക്ക് ലഭിച്ചു എന്നാണ് ബയാന്റെ മറ്റൊരുവാദം. അല്ലാഹുവിന്റെ ആത്മാവ് പ്രവാചകന്മാരിലും പിന്നീട് താനടക്കമുള്ള ഇമാമുകളിലും അവതരിച്ചുവെന്ന് ബയാനും അനുയായികളും പ്രചരിപ്പിക്കുന്നു.
മുഗീരിയ്യ;
മുഗീറ ബിന്‍ സഈദ് അജലിയുടെ നേതൃത്വത്തിലുള്ള ഒരു ശീഈ വിഭാഗം. മനുഷ്യരൂപത്തിലുള്ളതും അവയവങ്ങളോടു കൂടിയതും പ്രകാശത്താലുള്ളതുമായ ഒരു ശരീരമാണ് അല്ലാഹുവിന്റേത് എന്ന് മുഗീരികള്‍ വാദിക്കുന്നു.
ഹിശാമിയ്യ:
ഹിശാം ബിന്‍ ഹകം, ഹിശാബിന്‍ സാലിം എന്നിവരുടെ അനുയായികള്‍. അല്ലാഹുവിനു ശരീരമുണ്ടെന്ന് ഇവര്‍ വാദിക്കുന്നുണ്ടെങ്കിലും അതിന്റെ രൂപഭാവങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായം പുലര്‍ത്തുന്നു. നീളം, വീതി, ആഴം, അതിര് എന്നിവ ഉള്ളതും പ്രകാശത്താലുള്ളതുമായ ഒരു ശരീരമാണ് അല്ലാഹു എന്ന് ഹിശാം ബിന്‍ ഹകം അവകാശപ്പെടുന്നു. ഇതില്‍ നിന്ന് കുറച്ചുകൂടി തീവ്രമാണ് ഹിശാം ബിന്‍ സാലിമിന്റെ ദൈവസങ്കല്‍പ്പം. രക്തവും മാംസവുമില്ലാത്ത മനുഷ്യരൂപത്തിലുള്ള ഒരു പ്രകാശമാണ് അല്ലാഹുവിന്റെ ശരീരം. അതിനു കൈകാലുകളും കണ്ണും കാതും പഞ്ചേന്ദ്രിയങ്ങളുമെല്ലാം ഉണ്ട്. ഈ വാദം ഉയര്‍ത്തിപ്പിടിച്ച ഹിശാമികള്‍ ശീഇകളിലെ ഇമാമിയ്യാ വിഭാഗത്തില്‍പ്പെട്ടവരാണ്.
ശൈത്വാനിയ്യ:
മുഹമ്ദ് ബിന്‍ നുഅ്മാന്റെ അനുയായികള്‍. ശൈത്വാനുത്ത്വാഖ് എന്നാണ് മുഹമ്മദ് അറിയപ്പെടുന്നത്. മനുഷ്യ രൂപത്തിലുള്ള ഒരു പ്രകാശമായിരുന്നു അല്ലാഹുവെന്നു വാദിക്കുന്നു. അല്ലാഹു ശൈത്വാന്‍ (പിശാച്) എന്ന ഒരു വസ്തുവിനെ സൃഷ്ടിച്ചിട്ടില്ല. അങ്ങനെ സൃഷ്ടിച്ചിരുന്നെങ്കില്‍ അവന്‍ പാപത്തെ ഇഷ്ടപ്പെട്ടവനായിരുന്നു എന്നു പറയേണ്ടിവരും എന്നെല്ലാം ഇവര്‍ വാദിക്കുന്നു.
യൂനുസിയ്യ: യൂനുസ്ബിന്‍ അബ്ദിര്‍റഹ്മാന്റെ അനുയായികളായ ശീഈ വിഭാഗം. അല്ലാഹു അര്‍ശിനു മുകളിലാണെന്നും അവന്‍ ശക്തനായിട്ടും ദുര്‍ബലരായ മലക്കുകള്‍ അവനെ വഹിക്കുന്നുവെന്നും ഇവര്‍ വിശ്വസിക്കുന്നു. ‘നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് ഏട്ടുകൂട്ടര്‍ വഹിക്കുന്നതാണ്’ (ഖുര്‍ആന്‍ 69:17) എന്ന വചനമാണിവരുടെ മുഖ്യ തെളിവ്.
അല്ലാഹു പ്രകാശരൂപത്തിലുള്ള മനുഷ്യനാണെന്നു വാദിക്കുന്ന മുഗീരിയ്യ, ഹിശാമിയ്യ, ശൈത്വാനിയ്യ വിഭാഗങ്ങള്‍ക്കുമുണ്ട് ‘തെളിവുദ്ധരിക്കാന്‍ ഖുര്‍ആനും ഹദീസും. അല്ലാഹു ആകാശ ഭൂമിയുടെ പ്രകാശമാണ്’ (ഖുര്‍ആന്‍ 24:35). ‘അല്ലാഹു ആദമിനെ അവന്റെ ആകൃതിയില്‍ സൃഷ്ടിച്ചു’ (ബുഖാരി 6227, മുസ്‌ലിം 2017, 2612) എന്നിവയാണ് ഇവര്‍ എതിരാളികള്‍ക്കു മുമ്പില്‍ തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്!
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment