കൃതജ്ഞത

അല്ലാഹുവിങ്കലേക്ക് ചെന്നെത്താനുള്ള മാര്‍ഗങ്ങളില്‍ മറ്റൊന്നാണ് കൃതജ്ഞത (ശുക്‌റ്) ഉണ്ടായിരിക്കല്‍. ശുക്‌റ് എന്നതിന് പണ്ഡിതന്മാര്‍ പല നിര്‍വചനങ്ങളും നല്‍കിയതായി കാണാം. സുപ്രധാനമായൊരു നിര്‍വചനമാണ് ചില ആത്മജ്ഞാനികളില്‍ നിന്നുദ്ധരിക്കപ്പെട്ടത്: ശുക്‌റ് എന്നാല്‍ അനുഗ്രഹദാതാവിനോടുള്ള സ്‌നേഹത്തില്‍ ഹൃദയവും ആരാധനയില്‍ അവയവങ്ങളും പൂണ്ടുപിടിച്ചിരിക്കലും അവന്റെ സ്മരണയിലും പ്രകീര്‍ത്തനത്തിലുമായി നാവ് വ്യാപൃതമായിരിക്കലുമാകുന്നു.

ശൈഖ് അഹ്മദ് ഇബ്‌നു അജീബ(റ) എഴുതുന്നു: ഒരനുഗ്രഹലബ്ധി മൂലം ഹൃദയം സന്തോഷിക്കുന്നതോടൊപ്പം അനുഗ്രഹദാതാവിനുള്ള വഴിപ്പാടില്‍ അവയവങ്ങളെ വ്യാപൃതമാക്കലാണ് കൃതജ്ഞത. വിധേയത്വമനസ്‌കതയോടെ അനുഗ്രഹദാതാവിന്റെ അനുഗ്രഹം അംഗീകരിക്കുകയും ചെയ്യണം.(2) സയ്യിദ് ജുര്‍ജാനി(റ) പറയുന്നതിങ്ങനെയാണ്: കേള്‍വി, കാഴ്ച തുടങ്ങി എന്തെല്ലാം അനുഗ്രഹങ്ങള്‍ അല്ലാഹു തനിക്ക് ചെയ്തുതന്നിട്ടുണ്ടോ അവയത്രയും തന്നെ സൃഷ്ടിക്കപ്പെട്ട ലക്ഷ്യത്തിന് വിനിയോഗിക്കലാണ് ശുക്‌റ്.

അല്ലാമ ഇബ്‌നു അല്ലാന്‍ സ്വിദ്ദീഖി(റ) എഴുതി: കൃതജ്ഞത എന്നുവെച്ചാല്‍ അനുഗ്രഹങ്ങള്‍ അംഗീകരിക്കലും അനുഗ്രഹദാതാവിന്റെ സേവനത്തിലായി നിലകൊള്ളലുമാകുന്നു. ഇത് ആരില്‍ നിന്ന് അധികമായി ഉണ്ടാകുന്നുവോ അയാള്‍ക്ക് ശക്കൂര്‍ (കൃതജ്ഞന്‍) എന്നു പറയുന്നു. ഇതുകൊണ്ടാണ് ‘എന്റെ അടിമകളില്‍ കൃതജ്ഞര്‍ അപൂര്‍വമാണ്'(4) എന്ന് അല്ലാഹു പറഞ്ഞത്.(5) അല്ലാഹു തന്റെ അടിമകള്‍ക്ക് ചെയ്തുകൊടുത്തിരിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിക്കണക്കാക്കാവുന്നതിലും എത്രയോ അധികവും നിജപ്പെടുത്താന്‍ കഴിയുന്നതിലും എത്രയോ മഹത്തരവുമത്രേ. ഖുര്‍ആന്‍ ഇത് സ്പഷ്ടമാക്കിയിട്ടുണ്ട്: അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിനോക്കിയാലും നിങ്ങള്‍ക്ക് തിട്ടപ്പെടുത്താനാവില്ല.

അനുഗ്രഹങ്ങള്‍ മൗലികമായി മൂന്നാക്കി തിരിക്കാവുന്നതാണ്-ഭൗതികം, മതകീയം, പാരത്രികം എന്നിവയാണവ. ആരോഗ്യം, സൗഖ്യം, അനുവദനീയസമ്പത്ത് മുതലായവ ഭൗതികാനുഗ്രഹങ്ങളാണ്. കര്‍മം, വിജ്ഞാനം, ഭക്തി, ദൈവജ്ഞാനം മുതലായ മതകീയ വിഭാഗത്തില്‍ പെടുന്നു. ചുരുങ്ങിയ  സല്‍ക്കര്‍മങ്ങള്‍ക്ക് മികച്ച പ്രതിഫലം കിട്ടുക എന്നത് പാരത്രികാനുഗ്രഹമത്രേ.

മതകീയാനുഗ്രഹങ്ങളില്‍ ഏറ്റം മഹത്തരമായതും അനിവാര്യമായി കൃതജ്ഞത രേഖപ്പെടുത്തേണ്ടതുമത്രേ ഇസ്‌ലാം, ഈമാന്‍, ദിവ്യജ്ഞാനം എന്നിവ. നമ്മുടെ കഴിവോ ശേഷിയോ മാധ്യമങ്ങളോ ഇല്ലാതെ റബ്ബില്‍ നിന്ന് കേവലം ഔദാര്യമായി കിട്ടിയതാണത് എന്ന് വിശ്വസിക്കല്‍ അതിന്റെ കൃതജ്ഞതയുടെ ഭാഗമത്രേ. ഖുര്‍ആന്‍ പറയുന്നു: ‘…അല്ലാഹുവാണ് നിങ്ങള്‍ക്ക് സത്യവിശ്വാസം പ്രിയങ്കരവും അത് നിങ്ങളുടെ ഹൃദയങ്ങളില്‍ അലംകൃതവുമാക്കിയത്.(1) അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുമുണ്ടായിരുന്നില്ലെങ്കില്‍ നിങ്ങളിലാരെയും അവന്‍ വിശുദ്ധരാക്കുകയില്ലായിരുന്നേനെ.

പ്രവിശാലമായ ഈ മഹല്‍പ്രപഞ്ചത്തെയും അതിലുള്ള മഹത്തായ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുന്ന ഒരു സത്യവിശ്വാസിക്ക്, പ്രപഞ്ചസ്രഷ്ടാവ് തനിക്കു ചെയ്തുതന്ന കൂടുതല്‍ അനുഗ്രഹങ്ങള്‍ കണ്ടെത്തുവാനാകും. റബ്ബിനോട് കൂടുതല്‍ കൃതജ്ഞനാകാനും അവനെ കൂടുതല്‍ സനേഹിക്കാനും അത് സഹായകമാകുന്നതാണ്. തന്റെ ചില അടിമകള്‍ മുഖേന അല്ലാഹു മനുഷ്യന് ലഭ്യമാക്കുന്ന കുറേ അനുഗ്രങ്ങളുണ്ടാകും. തിരുനബി(സ്വ), നമ്മുടെ മാതാപിതാക്കള്‍, ആത്മജ്ഞാനികളും സംസ്‌കര്‍ത്താക്കളുമായ മാര്‍ഗദര്‍ശികള്‍ മുതലായവരിലൂടെയും നമുക്ക് ദിവ്യാനുഗ്രങ്ങള്‍ കിട്ടും. സത്യവിശ്വാസി അവക്കൊക്കെ റബ്ബിനോട് നന്ദിയുള്ളവനാകണം. കാരണം ആ അനുഗ്രഹങ്ങള്‍ തന്നിലേക്കടുപ്പിക്കാനായി അവരെ വശംവദരാക്കിയത് അവനാണ്. ഖുര്‍ആന്‍ സ്പഷ്ടമാക്കുന്നു: നിങ്ങളില്‍ എന്തൊക്കെ അനുഗ്രഹങ്ങളുണ്ടോ അവ അല്ലാഹുവിങ്കല്‍ നിന്നുള്ളതത്രേ.

സത്യവിശ്വാസിക്കൊരു അനുഗ്രഹം കൈവരിക്കാന്‍ അല്ലാഹു ആരെയെങ്കിലും നിമിത്തമാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കും അവന്‍ നന്ദി പ്രകാശിപ്പിക്കണം. അതാണ് തിരുമേനി(സ്വ) പഠിപ്പിച്ചത്-ജനങ്ങളോട് നന്ദി കാണിക്കാത്തവര്‍ അല്ലാഹുവിനോടും കൃതജ്ഞത പ്രകടിപ്പിക്കുന്നതല്ല.) തനിക്കും നമ്മുടെ മാതാപിതാക്കള്‍ക്കും നന്ദി ചെയ്യുവാന്‍ അല്ലാഹു ഖുര്‍ആനിലൂടെ കല്‍പിച്ചതായി കാണാം. നമ്മുടെ ജന്മത്തിനു തന്നെ കാരണമായവരാണല്ലോ അവര്‍. മാത്രമല്ല നിരവധി അനുഗ്രഹങ്ങള്‍ പടച്ചവന്‍ നമുക്ക് നേടിത്തന്നത് അവരിലൂടെയാകുന്നു. ഖുര്‍ആന്‍ പറഞ്ഞു: എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകടിപ്പിക്കുക; എന്നിലേക്കാകുന്നു എല്ലാവരുടെയും മടക്കം. ഇപ്പറഞ്ഞ രണ്ടെണ്ണത്തില്‍ ഏറ്റം സുഗമമായത് ജനങ്ങളോടുള്ള നന്ദിപ്രകാശനമാണ്. അതുതന്നെ ഒരാള്‍ അഗണ്യകോടിയില്‍ തള്ളുന്നുവെങ്കില്‍ പടച്ചവനോടുള്ള കൃതജ്ഞതാപ്രകടനം അവന്‍ കൂടുതല്‍ പാഴാക്കിക്കളയും.

നന്ദിപ്രകടനം മൂന്നു വിധം
മേല്‍പറഞ്ഞതും അല്ലാത്തതുമായ നിര്‍വചനങ്ങളെടുത്ത് വിശകലനം ചെയ്താല്‍ ശുക്‌റ് മൂന്നായി തരംതിരിക്കാമെന്ന് കാണാന്‍ കഴിയും-നാക്കു കൊണ്ടും അവയവങ്ങള്‍ കൊണ്ടും ഹൃദയം കൊണ്ടും ഉള്ളവയാണത്. നാക്കു കൊണ്ടുള്ള നന്ദിയെന്നാല്‍ പടച്ചവന്‍ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ എടുത്തുപറയുകയും അവയെക്കുറിച്ച സംസാരവുമാണ്. ‘നിന്റെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ച് പറയുക’ എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ(2) അനുസരണം കൂടിയാണത്. റബ്ബിന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിക്കല്‍ കൃതജ്ഞതയാകുന്നു എന്ന ഹദീസിന്റെ(3) പ്രയോഗവല്‍ക്കരണവുമാണത്. ചില മഹാന്മാര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: ഒരനുഗ്രഹം ഒരാള്‍ മറച്ചുവെച്ചാല്‍ അവനത് നിഷേധിച്ചു; അത് വെളിപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്താല്‍ അതിന്നവന്‍ നന്ദി പ്രകടിപ്പിച്ചു.

ഇക്കാരണത്താല്‍ നന്ദിപ്രകാശനത്തിന്റെയും സ്തുതികീര്‍ത്തനത്തിന്റെയും കാര്യത്തില്‍ തിരുമേനി(സ്വ)യുടേത് അത്യുന്നതമായ വ്യക്തിത്വമായിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ടാണ് അവിടന്ന് ഇങ്ങനെ പ്രസ്താവിച്ചത്: മക്കയിലെ ചരല്‍പ്രദേശം സ്വര്‍ണമാക്കി മാറ്റിത്തരാനായി അല്ലാഹു എന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞാന്‍ ബോധിപ്പിച്ചു: നാഥാ, അതു വേണ്ട; ഞാന്‍ ഒരു ദിവസം വിശപ്പടക്കുകയും ഒരു ദിവസം വിശന്നിരിക്കുകയും ചെയ്യാം… വിശക്കുമ്പോള്‍ ഞാന്‍ നിന്നിലേക്ക് കൈ ഉയര്‍ത്തുകയും നിന്നെയനുസ്മരിക്കുകയും ചെയ്യും; വിശപ്പടങ്ങിയാല്‍ നിനക്ക് സ്തുതിയര്‍പ്പിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യാം.

ഇതുപോലെ റബ്ബിനു സ്തുതി പറയുന്നതിനും തിരുനബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവിടന്ന് തങ്ങളോട് ഒരിക്കല്‍ ഇങ്ങനെ പ്രസ്താവിച്ചതായി ഹ. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം:

(നാഥാ, നിന്റെ സമുന്നതാധിപത്യത്തിനും പവിത്ര സ്വത്വത്തിന്റെ ഗാംഭീര്യത്തിനും അനുയോജ്യമാംവിധം നിനക്കാകുന്നു സര്‍വസ്‌തോത്രവും) എന്ന് അല്ലാഹുവിന്റെ അടിമകളിലൊരാള്‍ പറയുകയുണ്ടായി. ഈ പ്രസ്താവത്തിന്റെ തീവ്രഗാംഭീര്യത്താല്‍ അതിന്റെ പ്രതിഫലം രേഖപ്പെടുത്താന്‍ മലക്കുകള്‍ക്ക് സാധ്യമായില്ല. അവര്‍ വാനലോകത്തേക്ക് കയറിപ്പോയി അല്ലാഹുവിനോട് ചോദിച്ചു: നാഥാ, നിന്റെ അടിമ ഒരു സ്തുതികീര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നു. എന്നാല്‍ അത് എങ്ങനെയാണ് രേഖപ്പെടുത്തേണ്ടത് എന്ന് ഞങ്ങള്‍ക്കറിയില്ല. അല്ലാഹു ചോദിച്ചു: എന്റെ അടിമ എന്താണ് പറഞ്ഞത്?-അയാള്‍ എങ്ങെനയാണ് സ്തുതിയര്‍പ്പിച്ചതെന്ന് അവന് നന്നായറിയാം-മലക്കുകളുടെ മറുപടി: യാ റബ്ബി ലകല്‍ ഹംദ് …… എന്ന് പറഞ്ഞു. നാഥന്‍ പ്രതികരിച്ചു: ശരി, അവന്‍ പറഞ്ഞത് അപ്പടി നിങ്ങള്‍ രേഖപ്പെടുത്തുക. പരലോകത്തുവന്ന് എന്നെക്കാണുമ്പോള്‍ ഞാനതിന് പ്രതിഫലം നല്‍കിക്കൊള്ളാം.

അവയവങ്ങള്‍ കൊണ്ടുള്ള നന്ദിപ്രകാശനമാണ് രണ്ടാമത്തേത്. പടച്ചവന്ന് ആരാധനകളര്‍പ്പിക്കലാണത്. ദാവൂദ് കുടുംബമേ, കൃതജ്ഞതയായി നിങ്ങള്‍ കര്‍മങ്ങളനുഷ്ഠിക്കുക എന്ന ആയത്തില്‍ നിന്ന് നന്ദിപ്രകാശനമെന്നത് ആരാധനകള്‍ അനുഷ്ഠിക്കലാണെന്ന് വ്യക്തമാകുന്നുണ്ട്. തിരുമേനി(സ്വ) പ്രായോഗികമായിത്തന്നെ അത് കാണിച്ചുതരികയുണ്ടായി. രാത്രി നീണ്ട സമയം നബി(സ്വ) തഹജ്ജുദ് നമസ്‌കരിക്കുമായിരുന്നല്ലോ. സഹധര്‍മിണി ആഇശ ബീവി(റ) പറയുന്നു: കാലില്‍ നീരു കെട്ടി വീര്‍ക്കുവോളം നബി(സ്വ) തഹജ്ജുദ് നമസ്‌കാരം നിര്‍വഹിക്കുമായിരുന്നു. ഞാനൊരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങ് എന്തിനാണ് ഇത്രയേറെ സാഹസപ്പെട്ട് നിശാനമസ്‌കാരം നിര്‍വഹിക്കുന്നത്? കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളില്‍ നിന്നൊക്കെ അങ്ങേക്ക് സുരക്ഷിതത്വമുണ്ട്താനും? അവിടന്ന് പ്രതികരിച്ചു: ഞാന്‍ പടച്ചവന് കൃതജ്ഞത രേഖപ്പെടുത്തുന്ന ഒരടിമയായിത്തീരേണ്ടേ?

മൂന്നാമത്തേത് ഹൃദയം കൊണ്ട് നന്ദി പ്രകടിപ്പിക്കലാകുന്നു. തന്നിലോ മറ്റേതെങ്കിലും മനുഷ്യരിലോ ഉള്ള ഏതനുഗ്രഹവും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്നുള്ള സാക്ഷ്യമാണത്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഏതനുഗ്രഹവും അല്ലാഹുവിങ്കല്‍ നിന്നുള്ളതത്രേ. ഈ വിശ്വാസമുണ്ടാകുമ്പോള്‍ അനുഗ്രഹങ്ങള്‍ കാണുന്നത് അവയുടെ ദാതാവില്‍ നിന്ന് മറയിട്ടുകളയില്ല. തിരുനബി(സ്വ) ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പ്രസ്താവിച്ചു:

(അല്ലാഹുവേ, എനിക്കോ നിന്റെ ഏതെങ്കിലുമൊരു സൃഷ്ടിക്കോ  ഈ പ്രഭാതത്തില്‍ കൈവന്ന ഏതൊരനുഗ്രഹവും നിന്റെ പക്കല്‍ നിന്ന് മാത്രമുള്ളതാകുന്നു; നിനക്ക് യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് സര്‍വസ്‌തോത്രവും കൃതജ്ഞതയും നിനക്കാകുന്നു.) എന്ന് പ്രഭാതമാകുമ്പോള്‍ ഒരാള്‍ പറഞ്ഞാല്‍ ആ പകലിന്റെ കൃതജ്ഞത അവന്‍ പ്രകടിപ്പിച്ചു. അതേപോലെ സന്ധ്യക്ക് ഒരാള്‍ പറഞ്ഞാല്‍ ആ രാത്രിയുടെ നന്ദി അവന്‍ പ്രകാശിപ്പിച്ചു.

ഹ. മൂസാ നബി(അ) അല്ലാഹുവിനോട് ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്: നാഥാ, നിന്റെ സ്വന്തം കൈ കൊണ്ടാണ് ആദമിനെ(അ) നീ സൃഷ്ടിച്ചത്. നിന്റെ ആത്മാവില്‍ നിന്ന് അദ്ദേഹത്തില്‍ നീ നിക്ഷേപിക്കുകയും മലക്കുകളെ കൊണ്ട് സുജൂദ് ചെയ്യിക്കുകയും മുഴുവന്‍ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചുകൊടുക്കുകയും അങ്ങനെ മറ്റു പലതും പലതും നീ നല്‍കുകയും ചെയ്തു. ഈ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു? പടച്ചവന്‍ മറുപടി നല്‍കി: അവയത്രയും എന്നില്‍ നിന്നുള്ളതാണ് എന്നദ്ദേഹം മനസ്സിലാക്കി. താന്‍ അങ്ങനെ ഗ്രഹിച്ചതുതന്നെ അതിനുള്ള ശുക്‌റ് ആയി.

അപ്പോള്‍, ഒരു നിഅ്മത്തിന് ശുക്‌റ് ചെയ്യുവാനും അതിന്റെ പേരില്‍ പടച്ചവന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കാനും സൗഭാഗ്യം ലഭിക്കുക എന്നത് മറ്റൊരനുഗ്രഹമാണ് എന്ന് സത്യവിശ്വാസി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതാണ് ഹ. ദാവൂദ് നബി(അ) ചോദിച്ചത്: എന്റെ നാഥാ, എങ്ങനെയാണ് ഞാന്‍ നിന്നോട് കൃതജ്ഞനാവുക? എനിക്ക് ലഭിച്ച ഒരു അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുവാന്‍ നീ അവസരമുണ്ടാക്കിത്തരിക എന്നത് മറ്റൊരു അനുഗ്രഹമാണല്ലോ. അപ്പോള്‍ അതിനും ഞാന്‍ കൃതജ്ഞത പറയേണ്ടിവരില്ലേ? അല്ലാഹുവിന്റെ മറുപടി: ഹേ ദാവൂദ്, ഇപ്പോള്‍ എനിക്ക് നിങ്ങള്‍ കൃതജ്ഞത പ്രകടിപ്പിച്ചിരിക്കുന്നു.

കൃതജ്ഞതയുടെ പദവികള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ ജനങ്ങള്‍ ഭിന്നതരക്കാരായിരിക്കും. സാധാരണക്കാര്‍ അനുഗ്രഹങ്ങളുണ്ടാകുമ്പോള്‍ മാത്രമേ അല്ലാഹുവിന് കൃതജ്ഞത പ്രകാശിപ്പിക്കുകയുള്ളൂ. പ്രത്യേകക്കാരാകട്ടെ അനുഗ്രഹാവസ്ഥകളിലും വിഷമാവസ്ഥകളിലും അവനോട് കൃതജ്ഞരാകും. തങ്ങളുടെ ഏത് സാഹചര്യങ്ങളിലും തങ്ങള്‍ക്ക് ലഭിച്ച ദിവ്യാനുഗ്രങ്ങള്‍ക്കും ഔദാര്യങ്ങള്‍ക്കും സാക്ഷികളായിരിക്കും അവര്‍. എന്തെങ്കിലും വിപത്തുകള്‍ വന്നുഭവിക്കുമ്പോള്‍ പടച്ചവന്റെ കാരുണ്യത്തില്‍ നിന്നുള്ള ഇച്ഛാഭംഗമോ നിരാശയോ ഹൃദയത്തില്‍ നിക്ഷേപിച്ചുപോകാന്‍ പിശാചിന് യാതൊരു സാഹചര്യവുമുണ്ടാക്കാതെ നാവു കൊണ്ട് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുകയും ഹൃദയംഗമമായി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്നവരെ തിരുമേനി(സ്വ) പ്രകീര്‍ത്തിച്ചതായി ഹദീസില്‍ കാണാം. റസൂല്‍ പ്രസ്താവിച്ചതായി അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുന്നു:

ഒരാളുടെ കുട്ടി മരിച്ചാല്‍ മലക്കുകളോട് അല്ലാഹു ചോദിക്കും: എന്റെ അടിമയുടെ കുട്ടിയുടെ ആത്മാവ് നിങ്ങള്‍ പിടിച്ചുവോ? മലക്കുകള്‍: അതെ. അല്ലാഹു: അപ്പോള്‍ എന്റെ അടിമ എന്താണ് പ്രതികരിച്ചത്? അവര്‍: അയാള്‍ നിന്നെ സ്തുതിക്കുകയും ഇന്നാ ലില്ലാഹി…. പറയുകയും ചെയ്തു. അല്ലാഹു: എന്റെ അടിമക്ക് നിങ്ങള്‍ സ്വര്‍ഗത്തില്‍ ഒരു സൗധം പണിയുകയും അതിന് സ്‌തോത്രസദനം (ബൈത്തുല്‍ ഹംദ്) എന്ന് പേരുവെക്കുകയും ചെയ്യുക. മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്: സന്തോഷാവസ്ഥയിലും പ്രതിസന്ധിഘട്ടങ്ങളിലും അല്ലാഹുവിനെ സ്തുതിക്കുന്നവരെയാണ് ആദ്യമായി സ്വര്‍ഗത്തിലേക്ക് ക്ഷണിക്കപ്പെടുക.

എന്നാല്‍, അതിവിശിഷ്ടരുടെ ശുക്‌റ് മറ്റൊരു രീതിയിലാണ്. അനുഗ്രഹങ്ങള്‍ നോക്കാതെ അവയുടെ ദാതാവില്‍ വിലയം പ്രാപിക്കയാണവര്‍ ചെയ്യുക. പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോഴും അവര്‍ ഇങ്ങനെത്തന്നെയായിരിക്കും. ഇമാം ശലബി(റ) പറഞ്ഞതിന്റെ താല്‍പര്യം അതാണ്: കൃതജ്ഞത എന്നുവെച്ചാല്‍ അനുഗ്രഹദാതാവിനെ കാണലത്രേ; അനുഗ്രഹത്തെ നോക്കലല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter