മുഹറം കടന്നുവരുമ്പോള്‍...
വീണ്ടും മുഹറം കടന്നു വരികയാണ്. വായനക്കാര്‍ക്ക് പുതവല്‍സരാശംസകള്‍.... നമ്മുടെ സ്വന്തം പുതുവര്‍ഷത്തിന്‍റെ വരവ്, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളുണ്ടായതിനാല്‍ പലരും അറിഞ്ഞുകാണും. കിട്ടിയ ആശംസകള്‍ക്ക് പലരും പ്രത്യാശംസകള്‍ അയക്കുകയും ചെയ്തിരിക്കും. സൈബര്‍ ഇടങ്ങളാണല്ലോ പുതതലമുറയുടെ ആഘോഷവേദികള്‍. എന്നാല്‍ വിശ്വാസിയുടെ പുതുവര്‍ഷം കേവലം ആശംസകളില്‍ മാത്രം ഒതുക്കേണ്ട ഒന്നാണോ. അല്‍പം കൂടി കടന്നുപറഞ്ഞാല്‍, പരസ്പരം ആശംസകള്‍ കൈമാറുന്നതിന് പകരം, ആത്മവിചാരണയല്ലേ ഓരോ പുതുവര്‍ഷത്തിലും നാം നടത്തേണ്ടത്. പുതുവല്‍സരാശംസകള്‍ അതിന്‍റെ വഴിക്കു നടക്കട്ടെ. അതേസമയം, ആദ്യം നമ്മെ തന്നെയും പിന്നെ സുഹൃത്തുക്കളെയും ചിന്തിപ്പിക്കുന്നതാവണം ആശംസാവാക്കുകള്‍. വിശ്വാസികളുടെ കനപ്പെട്ട ഒരു വര്‍ഷമാണ് കഴിഞ്ഞു പോയിരിക്കുന്നതെന്ന ചിന്ത ഉണരണം. കഴിഞ്ഞ കാലത്തെ ജീവിതത്തെ വിലയിരുത്തി തുടര്‍ജീവിതത്തെ എങ്ങനെ മികവുറ്റതാക്കാം എന്നാലോചിക്കാന്‍ ഈ പുതുവര്‍ഷം പ്രേരണയാകണം. മഹാനായ ഉമര്‍ (റ) ഇങ്ങനെ പറഞ്ഞതായി കാണാം: നിങ്ങള്‍ (ദൈവസന്നിദ്ധിയില്‍) വിചാരണ ചെയ്യപ്പെടും മുമ്പ് സ്വയം വിചാരണക്ക് തയ്യാറാകണം. നിങ്ങളുടെ കര്‍മങ്ങള്‍ തൂക്കിനോക്കപ്പെടും മുമ്പ് സ്വയം തൂക്കിനോക്കുക.ചെയ്ത തെറ്റുകള്‍ മനസിലാക്കാനും ഭാവിയില്‍ നല്ലതുമാത്രം ചെയ്യാനും വിശ്വാസി സദാ സന്നദ്ധനാവണമെന്ന് ചുരുക്കം. പുതവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രത്യേക കര്‍മങ്ങളൊന്നും ഇസ്‍ലാം നിര്‍ദ്ദേശിക്കുന്നില്ല. ആഘോഷമായി മുസ്‍ലിംകള്‍ക്ക് രണ്ടു പെരുന്നാളുകള്‍ മാത്രമാണ് മതം അനുവദിച്ചിട്ടുള്ളത്. പുതവത്സരം ആഘോഷമല്ല, അനുഷ്ഠാനമാണ്. ചില വിചാരപ്പെടലുകളും ഓര്‍മ പുതക്കലുമാണ് അത്. ത്യാഗത്തിന്റെ, ഹിജ്റയുടെ, തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഓര്‍മപ്പെടുത്തലുകളാണ് ഓരോ ഹിജ്റവര്‍ഷപ്പിറവിയും നമുക്ക് നല്‍കേണ്ടത്. ഹിജ്റയാണ് മുഹറം മാസത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ജന്മനാട് വിട്ട് അന്യദേശത്തേക്ക് പ്രവാചകരും അനുയായികളും നടത്തിയ പലായനമായിരുന്നല്ലോ ഹിജ്റ. മുസ്‍ലിം ലോകത്തിന്‍റെയെന്നല്ല ലോകചരിത്രത്തിന്‍റെ തന്നെ ഗതി നിര്‍ണയിച്ച പ്രസ്തുത പലായനത്തിന്റെ പ്രാരംഭത്തിന് ഇന്നേക്ക് 1436 വര്‍ഷം തികയുകയാണ്. മക്കാ മുശ്‍രിക്കുകള്‍ പണിത തിന്മയുടെ ലോകത്തു നിന്ന് നന്മയുടെ വിളനിലം തേടി മദീനയിലേക്ക് നടത്തിയ പലായനമായിരുന്നു പ്രവാചകരുടെ ഹിജ്റ. നന്മയുടെ സാമ്രാജ്യം കെട്ടിപ്പടുക്കാനായി ജന്മാനാടിനെയും നാട്ടുകാരെയും ബന്ധുക്കളെയും ത്യജിക്കാന്‍ പ്രവാചകര്‍ക്കും അനുയായികള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ത്യാഗമാണ് ഹിജ്റ നല്‍കുന്ന ഏറ്റവും വലിയ പാഠം. ത്യാഗസന്നദ്ധത തെളിയിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്. അല്ലാഹു പറയുന്നു: വിശ്വസിക്കുകയും ദേശത്യാഗം ചെയ്യുകയും ദൈവമാര്‍ഗത്തില്‍ പോരാടുകയും ചെയ്തവരും, അവര്‍ക്ക് അഭയവും സഹായവുമേകുകയും ചെയ്തവരും തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. (അന്‍ഫാല്‍: 74)സൂറതുല്‍ ബഖറയിലെ 218-ാം സൂക്തത്തില്‍ പ്രതിപാദിക്കുന്നതും പ്രസ്തുത വിഷയം തന്നെയാണ്: നിശ്ചയമായും സത്യത്തില്‍ വിശ്വസിച്ചവരും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവരാകട്ടെ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്നവരാണ്. അല്ലാഹു ഏറ്റവും പൊറുത്തുകൊടുക്കുന്നവനും പരമകാരുണികനുമാകുന്നു. ഹിജ്റ അനുസ്മരിക്കുന്നതോടൊപ്പം അതിന്‍റെ പാഠങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കണം. തിന്മയുടെ ലോകത്തുനിന്നും നന്മയുടെ ലോകത്തേക്കുള്ള പലായനം എക്കാലത്തും സാധ്യമാണ്. ഇത്തരം ഹിജ്റകളുടെ സാധ്യതകള്‍ ഈ സൈബര്‍ യുഗത്തിലും വര്‍ദ്ധിക്കുന്നേയുള്ളൂ. അധാര്‍മ്മികതയും മൂല്യശോഷണവും വ്യക്തിജീവിതത്തിലും സമൂഹത്തിലും ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന വിര്‍ച്വല്‍യുഗത്തില്‍ വീണ്ടും ഒരു ഹിജ്റയുടെ സമയം അതിക്രമിച്ചിരിക്കുന്നു. അതാവട്ടെ ഈ ഹിജ്റ വര്‍ഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്..അതിനാവട്ടെ അത് നമ്മെ പ്രേരിപ്പിക്കുന്നത്..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter