സാധ്യമാകട്ടെ മദ്യവിമുക്തകേരളം
five_star3സംസ്ഥാനത്ത് നാലു മാസത്തോളമായി അടച്ചിട്ടിരുന്ന 418 ബാറുകള്‍ സ്ഥിരമായി നിര്‍ത്തലാക്കാനും നിലവിലുളള 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും തീരുമാനമെടുത്ത യു.ഡി.എഫ് സമിതിക്കും അതുവഴി കേരള സര്‍ക്കാറിനും അഭിവാദ്യങ്ങളര്‍പ്പിക്കാം. ഈ ധീര തീരുമാനത്തിനു നേതൃത്വം നല്‍കിയ കെപിസിസി പ്രസിഡന്റ് വി.എം സുധീരനെ പ്രത്യേകം അഭിനന്ദനങ്ങള്‍ സമര്‍പ്പിക്കാം. വലിയൊരു ദൗത്യത്തിലേക്കുളള ചെറിയൊരു പടിയാണ് സര്‍ക്കാറിവിടെ എടുത്തുവെച്ചിരിക്കുന്നതെന്ന് ആശ്വസിക്കാം. വൈകീട്ടെന്താ പരിപാടീന്ന് ചോദിച്ചാല്‍ മിനിമം കള്ളുകുടിയെന്ന് ഒറ്റയടിക്ക് ഉത്തരം പറയാന്‍ മാത്രം കള്ളുസാക്ഷരത നേടിയിട്ടുണ്ട് നമ്മുടെ നാടിപ്പോള്‍. വൈകുന്നേരങ്ങളില്‍ പഞ്ചായത്ത് പാതയോരങ്ങളില്‍ വരെ കാണുന്ന കൗതുകകരമായ അച്ചടക്കമുള്ള ക്യൂകണ്ടിട്ട് അവിടെ റേഷനരി വിതരണം ചെയ്യുകയാണെന്ന് സല്‍ഹൃദയര്‍ പോലുമിപ്പോള്‍ തെറ്റിദ്ധരിക്കില്ല. ഓണവും ക്രിസ്തുമസും ന്യൂഇയറും പെരുന്നാളിനുവരെ കേരളം കുടിച്ചുവറ്റിച്ച മദ്യബങ്കറുകളുടെ കുതിച്ചുകയറുന്ന ഗ്രാഫ്‌നിരത്തി മാധ്യമങ്ങള്‍ വര്‍ഷാവര്‍ഷം മദ്യാചരണം നടത്തുമ്പോള്‍ മലയാളിയുടെ ഭാവിയെന്താകുമെന്ന് തെല്ലു ഭീതിയൊടെ ആശങ്കപ്പെടുക തന്നെ വേണം. ബാര്‍നിരോധന ഉത്തരവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ തന്നെ കേരളം എത്രക്ക് മദ്യഗ്രസ്ഥമാണെന്ന് പറഞ്ഞുതരുന്നുണ്ട്. ചിലരൊക്കെ, ഇനിമുതല്‍ എല്ലാ വെള്ളിയാഴ്ചകളില്‍ മുസ്‍ലിംകള്‍ക്കും ഞായറാഴ്ചകളില്‍ ക്രിസ്ത്യാനികള്‍ക്കും പള്ളീപോക്കും ഹിന്ദുക്കള്‍ക്ക് ദിവസവും അമ്പലത്തില്‍ പൂജയും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറിനോട് പരിഹാസപൂര്‍വം ആവശ്യപ്പെടുന്ന തരത്തില്‍ മതകീയമായി കൂടി അതിനെ വായിക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അരാജകവാദികള്‍ ജീവിച്ചകാലമായി പറയപ്പെടുന്ന എണ്‍പതുകളില്‍ പോലും നൂറുകോടിയില്‍ താഴെയായിരുന്നിടത്തു നിന്ന്, കടുത്ത വിലക്കയറ്റത്തിനിടക്കും പതിനായിരം കോടികവിഞ്ഞിട്ടുണ്ട് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരള ബിവെറെജസ് കോര്‍പറേഷന്റെ വാര്‍ഷിക വരുമാനം. നടുക്കുന്നതാണ് ആ കണക്കുകള്‍ നമുക്ക് തരുന്ന സന്ദേശം. തുറന്ന ലൈംഗിക,മദ്യ ഉപഭോഹ സമൂഹമായ പാശ്ചാത്യന്‍ രാജ്യങ്ങളോട് മദ്യത്തിന്റെ ആളോഹരി ഉപയോഗത്തിന്റെകാര്യത്തില്‍ നേരിട്ടു മത്സരിക്കുകയാണ് കൊച്ചുകേരളം. പത്തുലിറ്റര്‍ പ്രതിശീര്‍ഷ ആളോഹരി മദ്യ ഉപഭോഗമുള്ള അമേരിക്കക്ക് തൊട്ടടുത്ത് ഒമ്പതു ലിറ്ററാണ് കേരളത്തിന്റെ കണക്ക്. മദ്യവും മയക്കുമരുന്നും മറ്റുലഹരികളും ചേര്‍ന്ന് കേരളത്തിന്റെ സാമൂഹിക, കുടുംബരംഗത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍, മനസ്സിലെങ്കിലും ധാര്‍മികതയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു മലയാളിക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. കൗമാരക്കാരും യൗവനക്കാരുമടങ്ങുന്ന കേരളത്തിന്റെ അടുത്ത ഭാവിയാണ് ദിനംപ്രതി കൂടുതല്‍ കൂടുതല്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഇതുവരെ വേണ്ടത്ര ഗൗരവപൂര്‍വം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. സദാചാരവിരുദ്ധമായ ഒരു കൂട്ടം, കേരളത്തിന്റെ ഭാവിയും ഭാഗധേയവും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അത്യധികം ഭീകരമായൊരു അവസ്ഥസൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് മുന്‍കരുതലുകള്‍ എടുക്കുന്നതാണ് എല്ലാവര്‍ക്കും നന്ന്. കേവലം ഏതെങ്കിലും ബാറുകള്‍ അടച്ചിട്ടതുകൊണ്ടുമാത്രം മദ്യോപഭോഗം കേരളത്തില്‍ കുറയാന്‍ പോകുന്നില്ല. അതൊരു ക്രമപ്രവൃദ്ധമായ മദ്യനിര്‍മാര്‍ജന യജ്ഞത്തിന്റെ ആദ്യപടിമാത്രമാണത്. സമൂഹത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങള്‍ തന്നെ വേണ്ടിവരും മദ്യവിമുക്ത കേരളം സൃഷ്ടിക്കപ്പെടാന്‍. കേരളത്തിലെ മുസ്‍ലിം, ഹിന്ദു, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് അത്തരമൊരു ദൗത്യമേറ്റെടുക്കാനുള്ള ധാര്‍മികോത്തരവാദിത്തമുണ്ട്. പ്രത്യേകിച്ചും, മുസ്‍ലിം യുവതലമുറക്കിടയില്‍ മദ്യം ഒരു ഹരമായിത്തീരുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലത്ത് മുസ്‍ലിം സംഘടനാനേത്യത്വങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം തന്നെയുണ്ട്. ഓരോ മതനേതൃത്വത്തിനും അതേ. ഇനി വേണ്ടത് മദ്യവിമുക്ത കേരള സൃഷ്ടിക്കായുള്ള പരിശ്രമങ്ങളാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter