ഇനിയും ഒരു ഹിറ്റ്ലര്‍ ജനിക്കാതിരിക്കട്ടെ.. ഇനിയും ഹോളോകാസ്റ്റ് ആവര്‍ത്തിക്കാതിരിക്കട്ടെ...

ജനുവരി 27, ഹോളോകാസ്റ്റ് എന്ന പേരില്‍ ചരിത്രത്തിലറിയപ്പെടുന്ന, ഹിറ്റ്ലര്‍ നടത്തിയ വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ഓര്‍മ്മ പുതുക്കുകയാണ് ലോകം. 6 ദശലക്ഷം ജൂതരടക്കം 17 ദശലക്ഷം ആളുകളാണ് ഹിറ്റ്ലറുടെ ക്രൂരതക്ക് ഇരകളായതെന്നാണ് കണക്ക്. അതിനായി തയ്യാറാക്കപ്പെട്ട കോണ്‍സണ്‍ട്രേഷന്‍ കാമ്പുകളില്‍ അവസാനത്തേതും തകര്‍ക്കപ്പെട്ടത് 1945 ജനുവരി 27നായിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന ആ മഹാദുരന്തം കഴിഞ്ഞ് 75 വര്‍ഷം പിന്നിടുമ്പോഴും ലോകമനസ്സാക്ഷിയെ ഇന്നും അത് നടുക്കിക്കൊണ്ടിരിക്കുകയാണ്. 

അതേ സമയം, അത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലെന്ന്, അഥവാ, ഹിറ്റ്ലറുമാര്‍ ഇനിയും പുനര്‍ജ്ജനിക്കില്ലെന്ന് നമുക്കിപ്പോഴും ഉറപ്പിച്ച് പറയാനാവുന്നില്ലെന്നത് അതിലേറെ നടുക്കം സൃഷ്ടിക്കുകയാണ്. പല രാജ്യങ്ങളിലും മനുഷ്യാവകാശങ്ങള്‍ ഇന്നും നിരന്തരം ഹനിക്കപ്പെടുകയും കുഞ്ഞുകുട്ടികളടക്കം എണ്ണമറ്റ നിരപരാധികള്‍ ദൈനംദിനം കുരുതി കൊടുക്കുകയും ചെയ്യപ്പെടുന്നു എന്നത് വസ്തുതയാണ്. സിറിയയും യമനും രോഹിങ്ക്യയും ഇറാഖും ഉയിഗൂരും അഫ്ഗാനുമെല്ലാം ഇതിനുദാഹരണങ്ങളാണ്. 
എന്നാല്‍ മേല്‍പറഞ്ഞവയില്‍നിന്നെല്ലാം വിഭിന്നമാണ് ഫലസ്ഥീന്‍. അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഈ ദിനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കാരണം, ഫലസ്തീനിലെ അവകാശധ്വംസനങ്ങള്‍ ഹോളോകാസ്റ്റുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെ. ഹോളോകാസ്റ്റിന്റെ പ്രധാന ഇരകളായ ജൂതരാണ്, ഫലസ്തീനില്‍ കഴിഞ്ഞ ഏഴ് ദശകങ്ങളായി ഈ ക്രൂരത തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്നത്, കൈയ്യൂക്കും ശേഷിയും കൈവരുന്ന പക്ഷം, മനുഷ്യര്‍ എത്രമേല്‍ ക്രൂരരായി മാറുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 
ഹിറ്റ്ലറുടെ സ്വേഛാധിപത്യത്തിന് കീഴില്‍ സ്വയം അനുഭവിച്ചതെല്ലാം മറ്റൊരു സമൂഹത്തിന് മേല്‍ പ്രയോഗിക്കുന്നതാണ് ഫലസ്തീനില്‍ നാം കാണുന്നത്. യാതൊരു അവകാശവുില്ലാത്ത ഒരു നാട്ടില്‍ അധിനിവേശം നടത്തി, അത് തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും പതുക്കെ യഥാര്‍ത്ഥ അവകാശികളെ പുറത്താക്കുകയും ചെയ്യുന്ന ദാരുണ ചിത്രമാണ് ഫലസ്തീനിന്റേത്. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കൊന്നൊടുക്കുകയോ തടങ്കല്‍ പാളയങ്ങളിലാക്കി അതി ക്രൂരമായി പീഢിപ്പിക്കുകയോ ചെയ്യുന്നത് കാണുമ്പോള്‍, അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന മാനസികരോഗമായല്ലേ കാണാനാവൂ. 
അതേ സമയം,  ലോക രാഷ്ട്രങ്ങളെല്ലാം ഈ കാടത്തത്തിന് കൂട്ടുനില്‍ക്കുന്നുവെന്നത് അതിലേറെ നടുക്കം സൃഷ്ടിക്കുന്നു. കൂടെ, ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ക്കെതിരെ അക്കാലത്തെ ജനങ്ങളും ഇതര രാഷ്ട്ര നേതാക്കളും എന്ത് കൊണ്ട് മൌനം പാലിച്ചു എന്നതിന് ഉത്തരം കൂടിയാണ് അത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ഇന്ന് ഇതേ വഴിയിലാണോ എന്ന് സംശയിച്ചുപോവുകയാണ്. ആര്യരക്തമേന്മയിലും തീവ്ര വംശീയതയിലും മാത്രം അധിഷ്ഠിതമായി പിറവി കൊള്ളുകയും കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുയും ചെയ്യുന്ന, ഏറ്റവും വലിയ ഭീകര സംഘടനയായ ആര്‍.എസ്.എസും ഇതേ പാതയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അധികാര കേന്ദ്രങ്ങളിലെ കുഞ്ചികസ്ഥാനങ്ങളിലെല്ലാം അന്യായമായി ആധിപത്യം ചെലുത്തുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്യുകയാണ്  ഇവര്‍. തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മാത്രം മതിയെന്ന ഫാഷിസം തന്നെയാണ് അവരും നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൌരത്വനിയമവും അതില്‍ വരുത്തിയ ഭേദഗതിയുമെല്ലാം ഇതേ ലക്ഷ്യത്തിലേക്കുള്ള അവസാന ചുവടുകളാണ്.  ഇവയുടെ പേരില്‍ ഇന്ത്യയുടെ തെരുവുകള്‍ ഇന്ന് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് തീര്‍ക്കുകയാണ്. 
ഈ നവഫാഷിസത്തിന്റെ കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ഇനിയും മൌനം പാലിച്ചാല്‍, ഭാവി തലമുറയിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക്  പഠിക്കാന്‍ ഒരു ഹോളകാസ്റ്റ് കൂടി ഉണ്ടായെന്ന് വരാം. ആഗോളവല്‍കൃതവും അത്യാധുനിക സംവിധാനസജ്ജവുമായ ഈ കാലത്തും അത്തരം ദുരന്തം സംഭവിക്കാന്‍ മൌനം കൊണ്ടെങ്കിലും കാരണമായ, എല്ലാവരെയും ആ വിദ്യാര്‍ത്ഥികളും വരും തലമുറയും വീണ്ടും വീണ്ടും ശപിക്കാതിരിക്കില്ല, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter