സ്വര്‍ഗവും അനുഭൂതികളും

സ്വര്‍ഗത്തില്‍ കടക്കുന്നവരെ എതിരേറ്റു സ്വീകരിക്കുവാനും അവരെ വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സൗധത്തിലേക്കു നയിക്കാനും ഭക്ഷണ പാനീയങ്ങള്‍ എത്തിച്ചു കൊടുത്തു സല്‍ക്കരിക്കാനും മറ്റുമായി ധാരാളം ബാലന്‍മാര്‍ സ്വര്‍ഗത്തിലുണ്ട്. അവരെന്നും ബാലന്‍മാര്‍ തന്നെയായിരിക്കും. ചിപ്പികളിലുള്ള മുത്തുകള്‍ പോലെയായിരിക്കും നിത്യയൗവനരായ ഈ ബാലന്‍മാര്‍.

സ്വര്‍ഗവാസികള്‍ ഒരേ പ്രായത്തിലുള്ള യുവതീയുവാക്കളും ആരോഗ്യവാന്‍മാരും അതീവ സുന്ദരന്‍മാരും സുഗന്ധം പരത്തുന്നവരും എന്നെന്നും വാര്‍ദ്ധക്യം ബാധിക്കാത്തവരുമാവുന്നു. അവര്‍ക്ക് ഭൂലോകത്തുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എല്ലാ സ്വഭാവപരമായ ദുര്‍ഗുണങ്ങളും ശാരീരികമായ മാലിന്യങ്ങളും പൂര്‍ണമായും മാറ്റി നിര്‍മലമായ ഹൃദയവും പരിശുദ്ധമായ സ്വഭാവവും സംശുദ്ധമായ ശരീരവും നല്‍കപ്പെടുന്നു.

അവിടെ പരിശുദ്ധകളും അങ്ങേയറ്റം സൗന്ദര്യവതികളും യുവതരുണികളുമായ ഭാര്യമാരും ഉണ്ടായിരിക്കും. മൂടിവെക്കപ്പെട്ട പവിഴങ്ങള്‍ പോലെ അഴകുള്ള ഹൂറികള്‍ വേറെയും. മനുഷ്യനോ ജിന്നോ സ്പര്‍ശിക്കാത്ത അവര്‍ ഭര്‍ത്താക്കന്‍മാരെയല്ലാതെ മറ്റാരെയും നോക്കാതെ ഉല്ലാസകേന്ദ്രങ്ങളിലെ കൂടാരങ്ങളില്‍ അടങ്ങിയൊതുങ്ങി കഴിയുന്നതായിരിക്കും. സ്വര്‍ഗത്തില്‍ കൂടതല്‍ ആനന്ദകരമായ ജീവിതത്തിനു വേണ്ടി പൂങ്കാവനങ്ങള്‍, മണിമാളികകള്‍, ഭക്ഷണ പാനീയങ്ങള്‍ മുതലായവ നല്‍കുന്നത് പോലെ അല്ലഹു കനിഞ്ഞു നല്‍കുന്ന കൂട്ടുകാരാണ് പരിശുദ്ധകളും കോമളാംഗികളുമായ ഹൂറികള്‍.

സജ്ജനങ്ങളെല്ലാം സ്വര്‍ഗത്തില്‍ ഒത്തു ചേരുന്നന്നതാണ്. അവിടെ സന്താനങ്ങള്‍ക്കു ഒരു പ്രത്യേക പരിഗണന ലഭിക്കുന്നതായിരിക്കും. സന്താനങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ കുറച്ചെങ്കിലും മാതാപിതാക്കളെ പിന്‍പറ്റിയിട്ടുണ്ടെങ്കില്‍ അവരെയും സ്വര്‍ഗത്തിലേക്ക് കടത്തുന്നതാണ്. പ്രായമാകാതെ മരിക്കുന്ന കുട്ടികള്‍ സ്വര്‍ഗസ്തരായ മാതാപിതാക്കളോടൊപ്പം സ്വര്‍ഗത്തില്‍ കടക്കുന്നതായിരിക്കും.

സ്വര്‍ഗത്തില്‍ നേരിട്ടു കടക്കാന്‍ വേണ്ടത്ര സല്‍കര്‍മങ്ങള്‍ ചെയ്തിട്ടില്ല, എന്നാല്‍ നരകത്തില്‍ നേരിട്ടു തള്ളപ്പെടാന്‍ മാത്രം ദുഷ്‌കര്‍മങ്ങളും ചെയ്തിട്ടില്ല. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ഇടയിലുള്ള ഭിത്തിയിലിരുന്നു കൊണ്ട് ഒരു ഭാഗത്തു സന്തോഷഭരിതരായ സ്വര്‍ഗവാസികളെയും മറുഭാഗത്തു യാതനയനുഭവിച്ചു കൊണ്ടിരിക്കുന്ന നരകവാസികളെയും കണ്ടുകൊണ്ടിരിക്കുന്ന ഇവരെ ‘അഅ്‌റാഫുകാര്‍’ എന്നു പറയുന്നു. തങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത് സ്വര്‍ഗമോ അതോ നരകമോ എന്നറിയാതെ ഇവര്‍ ഭയവിഹ്വലരായി അവിടെ കഴിച്ചു കൂട്ടുന്നു. എന്നാല്‍ ഇവരെയും അല്ലാഹു തക്ക സമയത്തു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതായിരക്കും.

അവസാനം നരകവാസികളെയും രക്ഷപ്പെടുത്തുന്നു

അങ്ങനെ സ്വിറാത്വ് പാലവും കടന്ന് സ്വര്‍ഗവാസികളായിത്തീര്‍ന്ന സത്യവിശ്വാസികള്‍ നരകത്തില്‍ വീണ തങ്ങളുടെ കുടുംബക്കാരെയും മറ്റും രക്ഷപ്പെടുത്താനായി അല്ലാഹുവിനോട് വിനയപൂര്‍വം അപേക്ഷിക്കുന്നു. അപ്പോള്‍ അതിനു അര്‍ഹതയുള്ളവരെ രക്ഷപ്പെടുത്താന്‍ അല്ലാഹു അനുവദിക്കുന്നു. അങ്ങനെയും അനേകം പേര്‍ പല ഘട്ടങ്ങളിലായി രക്ഷപ്പെടുന്നതായിരിക്കും.

പിന്നെ നബി(സ) തങ്ങളുടെ ശുപാര്‍ശ പ്രകാരം ധാരാളം പേരെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നു. മറ്റു പ്രവാചകന്‍മാരും മലക്കുകളുമെല്ലാം വേറെയും ശുപാര്‍ശകള്‍ നടത്തും. അങ്ങനെ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ അംഗീകരിക്കുകയും എന്നാല്‍ ധാരാളം തെറ്റുകുറ്റങ്ങള്‍ ചെയ്തുകൊണ്ടു നരകത്തല്‍ വീഴുകയും ചെയ്ത അനേകം പേര്‍ വീണ്ടും പല ഘട്ടങ്ങളിലായി രക്ഷപ്പെടുന്നു. അവസാനം ഒരു അണു തൂക്കം മാത്രം നന്‍മയുള്ളവനും രക്ഷപ്പെടുന്നു. അങ്ങനെ മലക്കുകളും പ്രവാചകന്‍മാരും സ്വര്‍ഗവാസികളുമെല്ലാം ശുപാര്‍ശ നടത്തിക്കഴിഞ്ഞു. ഇനി ഖുര്‍ആന്‍ പ്രകാരം തടസ്സമാക്കപ്പെട്ടവര്‍ മാത്രമേ ബാക്കിയുള്ളൂ.

അവസാനമായി പരമകാരുണികനായ അല്ലാഹുവിന്റെ ശുപാര്‍ശ മാത്രമേ ബാക്കിയുള്ളൂ. അങ്ങനെ അല്ലാഹുവും സ്വന്തം നിലക്കു അനേകം പേരെ രക്ഷപ്പെടുത്തുന്നതായിരിക്കും.

നരകത്തില്‍നിന്നും ഇങ്ങനെ മോചിപ്പിക്കപ്പെട്ടവരെ ‘വിമോചിതര്‍’ എന്നു പറയുന്നു. അവരുടെ പിരടികളില്‍ മുദ്ര ഉണ്ടായിരിക്കും. സ്വര്‍ഗവാസികള്‍ക്ക് അവരെ തിരിച്ചറിയുന്നതിനു വേണ്ടി. ഈ വിമോചിതരും സ്വര്‍ഗപ്രവേശം നടത്തി സുഖ സമ്പൂര്‍ണമായ സ്വര്‍ഗീയ ജീവിതത്തിലേക്കു പ്രവേശിക്കുന്നതായിരിക്കും.

എല്ലാവരും അല്ലാഹുവിനെ വാഴ്ത്തുന്നു

സ്വര്‍ഗവാസികള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നവരായിരിക്കും. അവര്‍ അര്‍ശിന്റെ അങ്കണത്തില്‍ ചെന്നു  അല്ലാഹു(സു)വിന്റെ തിരുമുഖം ദര്‍ശിക്കുന്നതായിരിക്കും. അവര്‍ക്കും റബ്ബിനും ഇടയില്‍ യാതൊരു മറയും ഉണ്ടാവുന്നതല്ല. ഏറ്റവും അധികം സന്തോഷമുളവാക്കുന്ന കാര്യമാണ് അല്ലാഹുവിനെ ദര്‍ശിക്കുക എന്നത്.

സ്വര്‍ഗവാസികള്‍ എല്ലാവരും സമ്മേളിക്കുകയും ദുന്‍യാവില്‍ പണ്ടു കഴിഞ്ഞ പല കാര്യങ്ങളും സ്മരിച്ചു സന്തോഷിക്കുകയും ചെയ്യും. അതോടൊപ്പം അതിനെല്ലാം അനുഗ്രഹിച്ച അല്ലാഹുവിനോട് കൂടുതല്‍ ഭക്തിയും വിനയവും നന്ദിയും ഉള്ളവരായിത്തീരുകയും അല്ലാഹുവിനെ സ്തുതിക്കുകയും െചയ്യും. അപ്പോള്‍ അല്ലാഹു അവരോട് പറയും: ”നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തികളുടെ ഫലമായിട്ടാണ് ഇങ്ങോട്ട് എത്തിയത്. നിങ്ങള്‍ അന്തസ്സോടെ നേടിയെടുത്ത നേട്ടമാണിത്.” അതു കേള്‍ക്കുമ്പോള്‍ അവര്‍ കൂടുതല്‍ വിനീതരായി ‘അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍’ (സര്‍വലോക നാഥനും പരിപാലകനുമായ അല്ലാഹുവിനു മാത്രമാണ് സര്‍വ സ്തുതിയും) എന്നു വീണ്ടും പ്രഖ്യാപിക്കുന്നു.

അവിടെ എണ്ണമില്ലാത്ത മലക്കുകള്‍ അര്‍ശിനു ചുറ്റും വലയം വലയങ്ങളായി നിലകൊണ്ടു അവരും അല്ലാഹുവിനെ പുകഴ്ത്തി പുളകം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter