റമളാൻ ഡ്രൈവ് (ഭാഗം 22) നവൈതു
ലൈലതുല്‍ ഖദ്റ്, വിധിയുടെ രാവ് എന്നാണ് ആ പദത്തിന്റെ ഭാഷാര്‍ത്ഥം. ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങളെല്ലാം വിധിക്കപ്പെടുന്നത് ഈ രാവിലാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുണ്ട്.
വിധിയിലുള്ള വിശ്വാസം ഇസ്‍ലാമിന്റെ അടിസ്ഥാനങ്ങളില്‍ പ്രധാനമാണ്. ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതാണ് വിധി വിശ്വാസം. നല്ലതോ ചീത്തയോ ആയ എന്ത് കാര്യങ്ങള്‍ സംഭവിക്കുന്നതും അല്ലാഹുവിന്റെ അലംഘനീയമായ വിധിപ്രകാരമാണെന്ന വിശ്വാസമാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
ആപത്ഘട്ടങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ വിശ്വാസിക്ക് ശക്തി പകരുന്നത് ഈ വിശ്വാസമാണ്. ഒന്നും തന്റെ നിയന്ത്രണത്തിലല്ലെന്നും തനിക്ക് ഏറ്റവും നല്ലത് ഏതെന്നും എന്തെന്നും അറിയുന്ന സ്രഷ്ടാവ് തനിക്ക് വിധിക്കുന്നതെല്ലാം ആത്യന്തികമായി നല്ലതായിരിക്കുമെന്ന ചിന്ത വിശ്വാസിക്ക് പകരുന്നത് വല്ലാത്ത ആശ്വാസവും ശുഭപ്രതീക്ഷയുമാണ്.
വിശ്വാസികളില്‍ ആത്മഹത്യാപ്രവണത ആപേക്ഷികമായി കുറയുന്നതും ഇത് കൊണ്ട് തന്നെ. ഒരു ഹദീസ് ഇങ്ങനെ വായിക്കാം, വിശ്വാസിയുടെ കാര്യം എത്ര അല്‍ഭുതകരം. അവന് ഭവിക്കുന്നതെല്ലാം ഗുണകരമാണ്. വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ സവിശേഷത ഇല്ല. അവന് സന്തോഷകരമായ വല്ലതും ഭവിച്ചാല്‍ അവന്‍ അല്ലാഹുവിന് നന്ദി പറയും, അത് അവന് ഗുണമാണ്. പ്രയാസകരമായ വല്ലതും സംഭവിച്ചാല്‍ (വിധിയാണല്ലോ എന്ന് കരുതി) അവന്‍ ക്ഷമിക്കും, അതും അവന് ഗുണം തന്നെ.
Also Read:റമളാൻ ഡ്രൈവ് (ഭാഗം 21) നവൈതു
പ്രയാസങ്ങളില്‍ പതറാതിരിക്കുന്നവനാണ് വിശ്വാസി. പരാതികളും പരിഭവങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാത്രമല്ല, മനസ്സിനെ അത് കൂടുതല്‍ പ്രയാസത്തിലേക്കേ നയിക്കൂ. സത്യമതത്തിന്റെ പ്രബോധനത്തിനായി, കിലോമീറ്ററുകള്‍ താണ്ടി ഏറെ പ്രതീക്ഷയോടെ ത്വാഇഫിലെത്തിയപ്പോള്‍, എല്ലാത്തിനും വിരുദ്ധമായി, തന്നെ കല്ലെറിയുന്ന കുട്ടികളെയും ഭ്രാന്തന്മാരെയുമാണ് പ്രവാചകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. അത് കണ്ട് ചിരിക്കുന്ന, തന്റെ ബന്ധുക്കള്‍ കൂടിയായ ഗോത്രപ്രമുഖരെയും. എന്നിട്ടും പ്രവാചകര്‍ അല്ലാഹുവിനോട് പറയുന്നത്, നാഥാ, നിന്റെ കോപം എന്നില്‍ പതിക്കാത്തിടത്തോളം, എനിക്ക് യാതൊരു പരാതിയുമില്ല എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാ വചസ്സുകളാണ്.
എത്ര വലിയ പ്രയാസങ്ങള്‍ കടന്നുവരുമ്പോഴും പരാതിയും പരിഭവവും പറയുന്നതിന് പകരം, എനിക്ക് എന്താണ് വേണ്ടതെന്ന് നന്നായി അറിയുന്ന റബ്ബുണ്ടെന്നും അവന്റെ തീരുമാനപ്രകാരമല്ലാതെ ഒന്നും ഭവിക്കുന്നില്ലല്ലോ എന്നുമുള്ള ചിന്ത എപ്പോഴും നമ്മുടെ കൂടെയുണ്ടാവട്ടെ. എങ്കില്‍, ജീവിതം സന്തോഷവും മനസ്സംതൃപ്തിയും കൊണ്ട് നിര്‍ഭരമാവും.
ജീവിതത്തില്‍ പരമാവധി ശുഭാപ്തി വിശ്വാസം പാലിക്കാന്‍ നമുക്ക് ശ്രമിക്കാം. അതിനായി വിധി വിശ്വാസം ഒരിക്കല്‍ കൂടി നമുക്ക് അരക്കിട്ടുറപ്പിക്കാം. ഖദ്റിന്റെ രാവുകളെ പ്രതീക്ഷിക്കുന്ന ഈ ദിനങ്ങളില്‍ ഒരു നവൈതു അത് കൂടിയായിരിക്കട്ടെ. നാഥന്‍ തുണക്കട്ടെ.
Leave A Comment