വഞ്ചിതരാവരുതേ, ഈ അനുഗ്രഹത്തില്‍
ഇബ്നുഅബ്ബാസ്(റ)വില്‍നിന്ന് നിവേദനം, പ്രവാചകര്‍ പറഞ്ഞു, രണ്ട് അനുഗ്രഹങ്ങള്‍, അധികമാളുകളും അത് വേണ്ടവിധം കൈകാര്യം ചെയ്യുന്നതില്‍ പരാജിതരാണ്, ഒഴിവുസമയവും ആരോഗ്യവുമത്രെ അത് (ബുഖാരി)
ഇന്ന് രാവിലെ ഒരു സുഹൃത്തിന്റെ സന്ദേശം കണ്ടപ്പോള്‍ ഓര്‍മ്മയായത് ഈ ഹദീസായിരുന്നു. ആ സുഹൃത്ത് വീട്ടിലിരിക്കുന്ന ലോക്ഡൌണായിരിക്കുന്ന കുഞ്ഞുമോള്‍ക്ക് ഒരു ടാസ്ക് കൊടുത്തിരിക്കുന്നു, കുടുംബത്തില്‍ പെട്ട അഞ്ച് പേരെ ഫോണ്‍ചെയ്ത് സംസാരിക്കുക, അവരുടെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുക. കുട്ടി അത് വളരെ ഭംഗിയായി ചെയ്തു. കുട്ടിയും അതിലേറെ ബന്ധുക്കളും ഏറെ തൃപ്തരാവുകയും ചെയ്തു.
എല്ലാവരും ലോക്ഡൌണിലാണ്. പോസിറ്റീവായി പറഞ്ഞാല്‍ എല്ലാവര്‍ക്കുമിപ്പോള്‍ വേണ്ടത്ര ഒഴിവുസമയമുണ്ട് എന്നര്‍ത്ഥം. എന്നാല്‍ അത് ഫലപ്രദമായി എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. വളരെ ലളിതമായും എന്നാല്‍ ഏറെ ഉപകാരപ്രദമായും ചെലവഴിക്കാവുന്ന ഒട്ടേറെ രീതികളുണ്ട്. ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞത്, ചെറുപ്പത്തില്‍ പഠിച്ച പല സൂറതുകളുമുണ്ടല്ലോ, ദൌര്‍ഭാഗ്യവശാല്‍ അവയില്‍ ചിലതൊക്കെ മറന്ന് പോയിരിക്കുന്നു, അവ വീണ്ടും ഓര്‍ത്തെടുക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത് എന്നായിരുന്നു.
നോക്കൂ, ഓരോരുത്തര്‍ എങ്ങനെയൊക്കെയാണ് ഈ സമയം ചെലവഴിക്കുന്നതെന്ന്. ഇസ്‍ലാമിക ലോകത്തും അല്ലാത്തതുമായ പല രചനകളും നടന്നിരിക്കുന്നത് ജയിലുകളിലായിരുന്നു, മറ്റു പലതും നടന്നിരിക്കുന്നത് മാറാവ്യാധികളുടെ കാലത്തും അവയെ ഇതിവൃത്തമാക്കിയുമൊക്കെയായിരുന്നു. ശരീരമാസകലം തളര്‍ന്ന് വീട്ടിലിരിക്കേണ്ടിവന്ന വേളകളില്‍ പിറവിയെടുത്ത അമൂല്യഗ്രന്ഥശേഖരങ്ങളും വേണ്ടത്രയുണ്ട്. സ്റ്റീഫന്‍ ഹോകിംഗ്സ് നാമൊക്കെ പരിചിതമായ മറ്റൊരു പ്രതിഭയായിരുന്നല്ലോ. ഇങ്ങനെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് നമുക്ക് ചെയ്യാനാവും ഏറ്റവും വലിയ കാര്യം.
കോവിഡും വരും തലമുറക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കാതിരിക്കില്ല. ഒരു പക്ഷേ, ഈ ലോക്ഡൌണിലൂടെ പിറവിയെടുത്ത ഹാഫിളുകളെ വരെ നമുക്ക് നാളെ കാണാനായേക്കാം. കോവിഡാനന്തര പത്രങ്ങളില്‍ അത്തരം വാര്‍ത്തകള്‍ ഇടം നേടിയേക്കാം.
അപ്പോഴായിരിക്കും, നമ്മുടെ സമയം എങ്ങനെ ചെലവഴിച്ചുവെന്ന് നാം ചിന്തിക്കുക. പക്ഷെ, അപ്പോഴേക്കും സമയം കഴിഞ്ഞുകാണും, പിന്നെ ബാക്കിയാവുക നിരാശ മാത്രമായിരിക്കും. ആയതിനാല്‍ ബാക്കിയുള്ള ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. ഒഴിവുസമയമെന്ന വലിയ അനുഗ്രഹത്തില്‍ വിജയം കൈവരിക്കുക, നാഥന്‍ തുണക്കട്ടെ.
Leave A Comment