അവരെക്കൊണ്ടായിരിക്കാം നമുക്ക് അന്നം നൽകപ്പെടുന്നത്
പ്രവാചകരുടെ കാലത്ത് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. അവരിലൊരാള്‍ ദിവസവും പ്രവാചക സദസ്സിലെത്തി വിദ്യ ആര്‍ജ്ജിക്കുന്നതിലായിരുന്നു സദാ ശ്രദ്ധിച്ചിരുന്നത്. കുടുംബം പോറ്റേണ്ട ഉത്തരവാദിത്തം അതോടെ രണ്ടാമന്റെ തലയിലായി. അയാള്‍ എന്നും അതിരാവിലെ മഴുവുമെടുത്ത് കാട്ടില്‍ പോയി വിറക് ശേഖരിച്ച് വിറ്റ് കുടുംബം പോറ്റുന്നതും പതിവായി. ആഴ്ചകളും മാസങ്ങളും ഈ സ്ഥിതി തുടര്‍ന്നു. ഒരു ദിവസം രണ്ടാമന്‍ പ്രവാചക സദസ്സിലെത്തി ഇങ്ങനെ പറഞ്ഞു, പ്രവാചകരേ, എന്റെ സഹോദരന്‍ എന്നും അങ്ങയുടെ സദസ്സില്‍ സന്നിഹിതനായി വിദ്യ നുകരുകയാണ്. കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന ഉത്തരവാദിത്തം എന്റെ തലയിലായിരിക്കുന്നു. ഇതിനൊരു പരിഹാരം വേണം. ഇത് കേട്ട പ്രവാചകര്‍ മറുപടി പറഞ്ഞു, നിനക്ക് അന്നം ലഭിക്കുന്നത് പോലും അവന്‍ വിദ്യ നുകരുന്നത് കാരണമായിട്ടായിരിക്കും.
ഏറെ ചിന്തിക്കാനുണ്ട് ഈ പ്രവാചകവചനത്തില്‍. മതവിജ്ഞാനത്തിനും ഇതര സേവനകര്‍മ്മങ്ങള്‍ക്കുമെല്ലാമായി ഒഴിഞ്ഞിരിക്കുന്നവര്‍ സമൂഹത്തിലെ നിത്യചിത്രങ്ങളാണ്. അവര്‍ക്കാവശ്യമായ ചെലവുകള്‍ കണ്ടെത്തുകയാണ് മറ്റു ചിലരുടെ ജോലി. അത്തരക്കാര്‍ ആവശ്യങ്ങളുമായി സമീപിക്കുമ്പോള്‍, ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയേക്കാം, എന്താ, ഇവര്‍ക്കൊക്കെ വല്ല ജോലിക്കും പോയി ജീവിച്ചുകൂടേ. നാം എന്നും ഇങ്ങനെ നല്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ, നമുക്കും ഇതെല്ലാം ലഭിക്കുന്നത് അധ്വാനിച്ചത് കൊണ്ട് തന്നെയല്ലേ എന്ന്. എന്നാല്‍ അത്തരം ചിന്തകള്‍ക്കുള്ള ഉത്തരമാണ് ഈ പ്രവാചകവചനം.
ആരോഗ്യമുള്ളത് കൊണ്ടോ അധ്വാനിച്ചത് കൊണ്ടോ ജോലിക്ക് പോയത് കൊണ്ടോ മാത്രം ആവശ്യമായ വിഭവങ്ങള്‍ ലഭിക്കണമെന്നില്ല. പാസ്പോര്‍ട്ടും വിസയുമെല്ലാം എടുത്ത് വിദേശത്തെത്തിയിട്ട് പോലും ഗതി പിടിക്കാത്തവരെ നാം നിത്യം കാണുന്നതാണ്. സ്വത്തും സമ്പാദ്യവുമെന്നത് അല്ലാഹുവിന്റെ ഔദാര്യങ്ങളാണ്. അത് ആര്‍ക്ക് എങ്ങനെ എപ്പോള്‍ നല്കണമെന്നത് അവന്റെ തീരുമാനമാണ്. അതിലുപരി പ്രധാനമാണ്, ലഭിച്ചതിലെ ബര്‍കത്. എത്ര തന്നെ ലഭിച്ചിട്ടും ഒന്നിനും തികയാത്തവരെയും നാം കാണാറുണ്ട്. നല്കപ്പെടുന്നതിലെ ബര്‍കത് കുറവെന്നാണ് നാം അതിനെ വിളിക്കാറുള്ളത്.
ഇതിനെല്ലാം ഇത്തരം ചില നിമിത്തങ്ങളുണ്ട്. ഒഴുകുന്ന വെള്ളം എന്നും ശുദ്ധവും നിമിഷം തോറും നവവുമായിരിക്കുമെന്ന പോലെയാണ് ദാനവും. കൊടുക്കും തോറും ഏറുമെന്നാണ് പറയാറുള്ളത്. ആയത് കൊണ്ട് തന്നെ, തന്റെ മുന്നില്‍ വല്ലതും ചോദിച്ച് വരുന്നവരെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം. സാധിക്കുന്നത് നല്കാം, ഒന്നുമില്ലെങ്കില്‍ നല്ല വാക്ക് പറഞ്ഞ് മനസ്സ് സന്തോഷിപ്പിച്ചെങ്കിലും തിരിച്ചയക്കാം. അവരെക്കൊണ്ടായിരിക്കാം നമുക്ക് അന്നം നല്കപ്പെടുന്നത്.
Leave A Comment