റമദാന്‍ ചിന്തകള്‍ - നവൈതു 6. അത്താഴ സമയം, അത് ഏറെ ധന്യമാണ്
ഒരു ദിവസത്തിലെ സമയങ്ങളില്‍ ഏറെ പുണ്യവും ധന്യവുമാണ് അത്താഴ സമയം. ആ സമയത്ത് ഉറക്കമുണര്‍ന്ന് അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുന്നവരെ കുറിച്ചും അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളില്‍ ആലോചനാനിമഗ്നരായി സാഷ്ടാംഗം നമിക്കുന്നവരെ കുറിച്ചും ഖുര്‍ആനിലും ഹദീസുകളിലും അനേകം പരാമര്‍ശങ്ങള്‍ കാണാം.
വിശ്വാസിയുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഈ സമയത്താണ് എന്ന് പറയാം. ചുറ്റുപാടും ഇരുള് മൂടി, സുഖസുഷുപ്തിയില്‍ ലയിച്ച് കിടക്കുന്ന വേളയില്‍, പക്ഷികളും പറവകളും ജീവജാലങ്ങളുമെല്ലാം നിശബ്ദമായി മയങ്ങുന്ന സമയം, സുഖപ്രദമായ ഉറക്കം വേണ്ടെന്ന് വെച്ച് കിടക്ക വിട്ടെണീക്കുന്നവനാണ് അവന്‍. മരണത്തില്‍നിന്ന് വീണ്ടും ജീവിതം നല്കിയ അല്ലാഹുവിന് സ്തുതികളര്‍പ്പിച്ച് അവന്‍ തുടങ്ങുന്നു. എത്ര വലിയ തണുപ്പിലും പൂര്‍ണ്ണമായ വുളൂ ചെയ്ത് നാഥന് മുന്നില്‍ ആരാധനകളും പ്രാര്‍ത്ഥനകളുമായി അല്‍പ സമയം കഴിഞ്ഞ് കൂടുന്നു.
തന്റെ പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്കെല്ലാം വേണ്ടി നാഥനോട് ദുആ ചെയ്യുന്നു. ശേഷം സുബ്ഹി ബാങ്ക് പ്രതീക്ഷിച്ചിരിക്കുന്ന അവന്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലൂടെ നാഥനോട് സംസാരിക്കുന്നു. സ്വര്‍ഗ്ഗത്തെ കുറിച്ച് നാഥന്‍ പറയുമ്പോള്‍ അതിന് വേണ്ടി തേടിയും നരകത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ നിന്ന് കാവലിനെ തേടിയും തസ്ബീഹും തഹ‍്‍ലീലും ഹംദുമെല്ലാം പറയുന്നിടത്ത് അവയെല്ലാം ചെയ്തു, ഏറെ ആസ്വദിക്കുന്ന നാഥനോടുള്ള സംഭാഷണം..
Read More:റമദാന്‍ ചിന്തകള്‍ - നവൈതു 5. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ...
ശേഷം, ആ നാഥനാണ് ഏറ്റവും വലിയവനെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വാങ്കിന്റെ വിളിയാളം കേള്‍ക്കുന്നതോടെ, ആ പദാവലികളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് അതിന് ഉത്തരം നല്കുന്നു. ശേഷം സുന്നത് നിസ്കാരവും അത് കഴിഞ്ഞ് നിര്‍ബന്ധ നിസ്കാരവും നിര്‍വ്വഹിച്ച് ദിക്റുകളും പ്രാര്‍ത്ഥനകളുമെല്ലാം യഥാവിധി ഉരുവിട്ട് പുതിയൊരു ദിവസത്തിന്റെ ഏറ്റവും സുന്ദരമായ തുടക്കമാണ് കുറിക്കപ്പെടുന്നത്.
അതോടെ, ആ ദിവസം മുഴുവന്‍ സജീവമായി കഴിച്ച് കൂട്ടാനാവശ്യമായ ഊര്‍ജ്ജമാണ് അവന് ലഭിക്കുന്നത്. അതിലുപരി, ഓരോ അടക്കത്തിലും അനക്കത്തിലും ഉയര്‍ച്ചയിലും താഴ്ചയിലുമെല്ലാം കൂടെ ആ നാഥനുണ്ടെന്ന ചിന്ത അവനില്‍ അന്തര്‍ലീനമായി ഉള്‍ച്ചേരുന്നു. എത്ര വലിയ വിപത്തുകളിലും എത്ര വലിയ പ്രതിസന്ധികളിലും തളരാതെ പിടിച്ചുനില്‍ക്കാന്‍ അത് ധാരാളം.
ഇങ്ങനെയാണ് വിശ്വാസിയുടെ ഓരോ ദിവസവും തുടക്കം കുറിക്കുന്നത്, അല്ലെങ്കില്‍ കുറിക്കേണ്ടത്. റമദാന്‍ എന്ന പാഠശാല അത് കൂടി നമ്മെ ശീലിപ്പിക്കട്ടെ.
Leave A Comment