അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 95-101) ജംഉം ഖസ്റും
കഴിഞ്ഞ പേജില് അവസാനമായി പറഞ്ഞുവെച്ചത്, അബദ്ധവശാല് തെറ്റിദ്ധാരണ മൂലം ചിലര് കൊല്ലപ്പെട്ടതും ഇനി അത്തരം സംഭവങ്ങള് ആവര്ത്തിക്കരുതെന്ന് കര്ശനമായി താക്കീത് ചെയ്തതുമാണ്.
അതേസമയം, ഇത്തരം ചില അബദ്ധങ്ങള് പിണഞ്ഞു എന്നതുകൊണ്ട് പ്രതിരോധ സമരങ്ങളില് നിന്ന് പറ്റെ പിന്മാറരുത്. ഇത്തരം അബദ്ധങ്ങളും കൈപിഴകളും പൊക്കിക്കാണിച്ച്, നാടുനീളെ അത് പറഞ്ഞുപരത്തി മുഅ്മിനീങ്ങളുടെ മനോവീര്യം തകര്ക്കാന് ശത്രുക്കളും മറ്റും സജീവമായി രംഗത്തിറങ്ങിയെന്നുവരാം. കലക്കവെള്ളത്തില് മീന് പിടിക്കാന്!
പക്ഷേ, അതിലൊന്നും പതറിപോകരുതെന്നാണ്, ഇത്തരം ധര്മസരമങ്ങളിലേര്പ്പെട്ടവരുടെ മഹത്ത്വവും ശ്രേഷ്ഠതയും ചൂണ്ടിക്കാണിച്ച് അല്ലാഹു 95, 96 വചനങ്ങളില് പറയുന്നത്.
പിന്നെ ചിലരുണ്ടാകും, ഇത്തരം സമരങ്ങളിലൊക്കെ പങ്കെടുക്കാന് നല്ല താല്പര്യമുണ്ട്. പക്ഷേ, അന്ധത, മുടന്ത്, രോഗം, അംഗഭംഗം, പ്രായാധിക്യം മുതലായ പ്രതിബന്ധങ്ങള് കാരണം അതിന് കഴിയില്ല. തടസ്സങ്ങളില്ലെങ്കില് പോകണമെന്ന ആത്മാര്ത്ഥ സന്നദ്ധതയുണ്ടായിരുന്നു അവര്ക്കും. അവരുടെ ഉദ്ദേശ്യശുദ്ധിക്കു കൂലിയുണ്ടാകും. എന്നാല്, അവരെക്കാളും എത്രയോ മികച്ച പ്രതിഫലമാണ് യോദ്ധാക്കള്ക്കുണ്ടാവുക.
അതേ സമയം രോഗം, അംഗവൈകല്യം മുതലായ ബുദ്ധിമുട്ടുകളൊന്നും കൂടാതെത്തന്നെ ധര്മസമരങ്ങളില് പങ്കെടുക്കാതെ വീട്ടിലിരിക്കുന്ന ആളുകളുണ്ട്. അവരും, ജീവത്യാഗവും സമ്പത്തുമൊക്കെ ചെലവഴിച്ച് സമരത്തിനിറങ്ങുന്നവരും ഒരു പോലെയല്ല. ഏറ്റവും നല്ല പ്രതിഫലങ്ങള് ലഭിക്കുന്നത് പ്രതിരോധ സമരങ്ങള്ക്കിറങ്ങിയവര്ക്കാണ്.
لَا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ ۚ فَضَّلَ اللَّهُ الْمُجَاهِدِينَ بِأَمْوَالِهِمْ وَأَنْفُسِهِمْ عَلَى الْقَاعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ وَفَضَّلَ اللَّهُ الْمُجَاهِدِينَ عَلَى الْقَاعِدِينَ أَجْرًا عَظِيمًا (95)
അകാരണമായി യുദ്ധത്തില് നിന്നൊഴിഞ്ഞിരിക്കുന്ന വിശ്വാസികളും ശരീരവും സമ്പത്തും കൊണ്ട് ദിവ്യമാര്ഗത്തില് അടരാടുന്നവരും തുല്യരാവുകയില്ല. ധനവും ദേഹവും കൊണ്ട് ധര്മസമരം ചെയ്യുന്നവര്ക്ക് സകാരണമായി യുദ്ധത്തില് നിന്നൊഴിഞ്ഞു നില്ക്കുന്നവരെക്കാള് വിശിഷ്ടസ്ഥാനം അല്ലാഹു നല്കിയിരിക്കുന്നു. എല്ലാവര്ക്കും അല്ലാഹു ഉദാത്ത പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പുണ്യസമരം ചെയ്യുന്നവരെ യുദ്ധത്തില് നിന്നൊഴിഞ്ഞിരിക്കുന്നവരെക്കാള് മഹത്തായ പ്രതിഫലം കൊണ്ട്, അല്ലാഹു ഉല്കൃഷ്ടരാക്കിയിരിക്കുന്നു.
دَرَجَاتٍ مِنْهُ وَمَغْفِرَةً وَرَحْمَةً ۚ وَكَانَ اللَّهُ غَفُورًا رَحِيمًا (96)
അതായത്, തന്റെ പക്കല് നിന്നുള്ള ശ്രേഷ്ഠപദവികളും പാപമോചനവും കാരുണ്യവും നല്കിക്കൊണ്ട് (അല്ലാഹു ഉല്കൃഷ്ടരാക്കിയിരിക്കുന്നു.) ഏറെ പൊറുക്കുന്നവനും പരമ കാരുണികനുമാണ് അല്ലാഹു.
രോഗം പോലെയുള്ള പ്രയാസങ്ങളുള്ളവര് യുദ്ധത്തില് പങ്കെടുക്കാതിരിക്കുന്നതിന് ന്യായമായ കാരണങ്ങളുള്ളവരാണ്. അതുകൊണ്ടാണ് അത്തരം ബുദ്ധമുട്ടില്ലാത്തവരെക്കുറിച്ച് غَيْرُ أُولِي الضَّرَرِ എന്നു പറഞ്ഞത്.
അടുത്ത ആയത്ത് 97
പ്രതിരോധ സമരങ്ങളില് പങ്കെടുക്കാതെ വീട്ടിലിരിക്കുന്നവരെപ്പറ്റിയാണല്ലോ തൊട്ടുമുമ്പ് പറഞ്ഞത്. ഇനി പറയുന്നത് ഹിജ്റ പോകാതെയിരുന്നവരെക്കുറിച്ചാണ്.
മദീനയിലേക്ക് ഹിജ്റ പോകാതെ നിഷേധികള്ക്കുമധ്യേ തന്നെ കഴിഞ്ഞു കൂടാന് തീരുമാനിച്ച്, സ്വത്തുസമ്പാദ്യങ്ങളിലും കുടുംബങ്ങളിലും അള്ളിപ്പിടിച്ചു നിന്ന ചില വിരുതന്മാരുണ്ടായിരുന്നു മക്കയില്.
മുസ്ലിംകളായിട്ടുണ്ടവര്. പക്ഷേ, നാടും വീടും വിടാന് മടിയാണവര്ക്ക്. മുശ്രിക്കുകളുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന് വിശ്വാസം മൂടിവെക്കും, മതാനുഷ്ഠാനങ്ങളില് വീഴ്ച വരുത്തും. ശത്രുക്കളുടെ ആവശ്യങ്ങള്ക്ക് പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടിയും വരും. തങ്ങള് ശത്രുക്കളുള്ള നാട്ടിലല്ലേ, ഇങ്ങനെയല്ലേ ചെയ്യാന് പറ്റൂ എന്ന് ന്യായവും പറയും.
മക്കാവിജയത്തിനു മുമ്പ് മക്കയില് വെച്ച് മുസ്ലിമാകുന്നവരെ, മതപരമായ അനുഷ്ഠാനങ്ങളൊന്നും നടത്താന് ശത്രുക്കള് അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കഴിവുള്ളവരെല്ലാം അവിടെ നിന്ന് ഹിജ്റ പോകല് നിര്ബന്ധമായിരുന്നു. മദീനയിലേക്ക് ഹിജ്റ പോയവര്ക്കെല്ലാം അവിടെ സ്വൈരമായ ഇസ്ലാമിക ജീവിതത്തിന് സൗകര്യം ലഭിക്കുകയും ചെയ്തിരുന്നുവല്ലോ.
ഈ വിഭാഗം, കഴിവുണ്ടായിട്ടും ഹിജ്റ ചെയ്യാതെ ഐഹിക താല്പര്യങ്ങള്ക്കുവേണ്ടി ശത്രുക്കളോടുകൂടെതന്നെ താമസിച്ചു. ഇവരുടെ പാരത്രിക ജീവിതം കനത്ത പരാജയമാണെന്നാണ് പറയുന്നത്. നരകാവകാശികളാണവര്.
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنْفُسِهِمْ قَالُوا فِيمَ كُنْتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا (97)
നിഷേധികള്ക്കു മധ്യേ ജീവിച്ച് സ്വന്തത്തോടു ദ്രോഹം ചെയ്തവരെ മരിപ്പിക്കുമ്പോള് മലക്കുകള് ചോദിക്കും: നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? ഞങ്ങള് സ്വന്തം നാട്ടില് പീഡിതരായിരുന്നു എന്ന് അവര് പ്രതികരിക്കും. അല്ലാഹുവിന്റെ ഭൂമി വിസ്തൃതമായിരുന്നില്ലേ, അതിലെവിടെയെങ്കിലും നിങ്ങള്ക്കു മാറിത്താമസിക്കാമായിരുന്നില്ലേ എന്ന് അവരോട് മലക്കുകള് തിരിച്ചു ചോദിക്കുന്നതാണ്. നരകമാണവരുടെ ആവാസ കേന്ദ്രം. വളരെ ദുഷിച്ച സങ്കേതമത്രേ അത്.
ഈ ആയത്ത് അവതരിക്കാനുണ്ടായ കാരണം: ഇമാം ഇബ്നുഅബ്ബാസ്(رضي الله عنهما)പറയുന്നു: മുസ്ലിംകളില് ചിലര് മക്കയില് തന്നെ താമസിക്കുന്നുണ്ടായിരുന്നു. ഇസ്ലാമിനെ അത്ര കാര്യഗൌരവത്തോടെ കാണാതിരുന്നവര്. ബദ്ര് യുദ്ധസമയത്ത് അവരില് കുറച്ചാളുകളെ മുശ്രിക്കുകള് തങ്ങളുടെ പക്ഷത്ത് ഇറക്കുകയും ചെയ്തു. അങ്ങനെ ചിലര് യുദ്ധത്തില് കൊല്ലപ്പെട്ടു, ചിലര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
അപ്പോള് മുസ്ലിംകളില് ചിലര് പറഞ്ഞത്രേ: നമ്മുടെ ഈ സഹോദരന്മാര് മുസ്ലിംകളായിരുന്നു. ശത്രുപക്ഷത്ത് യുദ്ധം ചെയ്യാന് നിര്ബന്ധിക്കപ്പെട്ടതുകൊണ്ട് മാത്രമാണിവര് പുറപ്പെട്ടത്. അതിനാല് ഇവര്ക്ക് നിങ്ങള് പാപമോചനത്തിനര്ത്ഥിക്കുക'. തല്സമയമാണ് ഈ ആയത്ത് ഇറങ്ങിയത് (ഇബ്നുകസീര് 1:542).
എല്ലാതരം കഴിവുമുണ്ടായിട്ടും മദീനയിലേക്ക് ഹിജ്റ ചെയ്യാന് തയ്യാറാകാതിരിക്കുക വഴി സ്വന്തം ദേഹങ്ങളോടുതന്നെ അക്രമം ചെയ്തവര്, അതേ അവസ്ഥയില് മരണമടയുമ്പോള് സംഭവിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് അല്ലാഹു ഇതിന്റെ ഗൌരവം മനസ്സിലാക്കിത്തരുന്നത്.
അവരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകള്, നിങ്ങളുടെ അവസ്ഥ എന്തായിരുന്നു, നിങ്ങളുടെ ദീനീപരമായ കാര്യങ്ങള് എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നൊക്കെ അവരോട് ചോദിക്കും.
ഞങ്ങള് ദുര്ബലരായിരുന്നു, മതനിഷ്ഠ പാലിക്കാന് പോന്ന കഴിവും പ്രാപ്തിയുമില്ലായിരുന്നു, ശത്രുക്കള്ക്ക് വഴങ്ങിക്കഴിയേണ്ടിവന്നു എന്നൊക്കെയായിരിക്കും അവരുടെ മറുപടി.
അന്നേരം, അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ, മദീനയിലേക്ക് ഹിജ്റ പോകാമായിരുന്നില്ലേ, എന്തിന് ശത്രുക്കളുടെ ഇടയില്തന്നെ തങ്ങി എന്നൊക്കെ മലക്കുകള് തിരിച്ചുചോദിക്കുകയും ചെയ്യും. ഒരു മറുപടിയുമുണ്ടാകില്ല അവര്ക്ക്. നരകശിക്ഷ ലഭിക്കുകയും ചെയ്യും.
അടുത്ത ആയത്തുകള് 98, 99
ഹിജ്റ പോകാത്ത എല്ലാവരും മേല്പറഞ്ഞവരുടെ കൂട്ടത്തില് പെടില്ല. ദുര്ബല-പീഡിതരായ, പോകാന് കഴിവില്ലാത്ത പാവങ്ങളുണ്ടായിരിക്കുമല്ലോ.
വാഹനമോ യാത്രച്ചെലവോ സംഘടിപ്പിക്കാനാകാത്തവര്, സ്വന്തം വീടും പരിസരവും വിട്ട് പുറത്തെങ്ങും സഞ്ചരിക്കാന് പിടിപാടില്ലാത്തവര്, രോഗികള്, കുട്ടികള്, സ്ത്രീകള്, സാമര്ഥ്യം കൊണ്ടോ, ശക്തി ഉപയോഗിച്ചോ രക്ഷപ്പെടാന് കഴിയാത്ത ദുര്ബലര് തുടങ്ങി പലരും ആ ഗണത്തില് ഉണ്ടാകും. അത്തരക്കാര്ക്ക് അല്ലാഹു മാപ്പ് ചെയ്തുകൊടുക്കും.
إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا (98)
എന്നാല് ഒരു തന്ത്രവുമാവിഷ്കരിക്കാനും ഒരു വഴിയും കണ്ടെത്താനുമാകാതെ പീഡിതരായിക്കഴിഞ്ഞിരുന്ന സ്ത്രീ-പുരുഷന്മാരും കുട്ടികളും ഇതില് നിന്നൊഴിവാണ്;
فَأُولَٰئِكَ عَسَى اللَّهُ أَنْ يَعْفُوَ عَنْهُمْ ۚ وَكَانَ اللَّهُ عَفُوًّا غَفُورًا (99)
അവര്ക്ക് അല്ലാഹു മാപ്പ് നല്കിയേക്കാം. ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനുമാണ് അല്ലാഹു.
അടുത്ത ആയത്ത് 100
സ്വന്തം നാട് ത്യജിക്കുക എന്നത് വലിയൊരു ത്യാഗം തന്നെയാണെങ്കിലും, ഇത്തരം ഘട്ടങ്ങളില് അങ്ങനെ ചെയ്യാന് ഒട്ടും വൈമനസ്യം കാണിക്കേണ്ടതില്ല എന്നാണിനി പറയുന്നത്. നല്ല നിയ്യത്തോടെ ഹിജ്റ ചെയ്യുന്നവര് സൗകര്യമില്ലാതെ കഷ്ടപ്പെടേണ്ടിയും വരില്ല. അല്ലാഹുവിന്റെ ഭൂമി വിശാലമാണല്ലോ.
മാത്രമല്ല, അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിങ്കലേക്കും യാത്രപുറപ്പെട്ടവന്ന് വഴിയില്വെച്ച് മരണം സംഭവിച്ചാല് തന്നെയും പ്രതിഫലം നഷ്ടപ്പെടുകയില്ല. ലക്ഷ്യസ്ഥാനത്തെത്താത്തതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. ആ ത്യാഗത്തിന്ന് സന്നദ്ധനായതോടെതന്നെ അതിന്റെ മഹത്തായ പ്രതിഫലം അല്ലാഹുവിങ്കല് സ്ഥരപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ളമുറത്തുബ്നുല് ഖൈസ് എന്ന വൃദ്ധ സ്വഹാബി (رضي الله عنه) രോഗം കാരണം മക്കയില് തന്നെ കഴിയുന്ന ബലഹീന മുസ്ലിമായിരുന്നു. ഹിജ്റയുടെ പ്രാധാന്യവും ഗൗരവവും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള സൂക്തം അവതരിച്ചപ്പോള്, അദ്ദേഹമാകെ അസ്വസ്ഥനായി. ഒരൊറ്റ ദിവസം പോലും ഇനി മക്കയില് കഴിയില്ലെന്ന് ശപഥം ചെയ്തു.
എങ്ങനെയെങ്കിലും മദീനയിലെത്തിച്ചുകൊടുക്കാന് മക്കളെ നിര്ബന്ധിച്ചു. ഗത്യന്തരമില്ലാതെ മക്കള് അദ്ദേഹത്തെയൊരു കട്ടിലില് മദീനയിലേക്ക് വഹിച്ചു. പക്ഷേ, വഴിമധ്യേ 'തന്ഈമി'ല് വെച്ച് മരണപ്പെട്ടു. തത്സമയമാണ് ഈ ആയത്തിറങ്ങിയത് (ഖുര്ഥുബി5:349).
വേറെയും അഭിപ്രായങ്ങളിവിടെയുണ്ട്.
ഇങ്ങനെ പുറപ്പെട്ട് വഴിയില് വെച്ച് മരണപ്പെട്ടവരെ ശത്രുക്കള് പരിഹിസക്കുകപോലും ചെയ്തിരുന്നുവത്രെ. പോകാനിറങ്ങുകയും ചെയ്തു, അങ്ങോട്ടുമെത്തിയില്ല, കുടുംബക്കാരുടെയടുത്ത് കിടന്ന് മരിക്കാനൊട്ട് കഴിഞ്ഞതുമില്ല എന്നൊക്കെ പറഞ്ഞായിരുന്നു പരിഹാസം.
وَمَنْ يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَنْ يَخْرُجْ مِنْ بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا (100)
അല്ലാഹുവിന്റെ വഴിയിലായി ഒരാള് ദേശത്യാഗം ചെയ്താല് ഭൂമിയില് ഒട്ടേറെ അഭയസ്ഥലങ്ങളും ജീവിത വിശാലതയും അവനു ലഭ്യമാകും. ഒരാള് സ്വഗൃഹത്തില് നിന്ന് അല്ലാഹുവിങ്കലേക്കും റസൂലിങ്കലേക്കുമായി ദേശത്യാഗിയായി പുറപ്പെടുകയും പിന്നീടവനു മരണം വന്നെത്തുകയും ചെയ്താല് അല്ലാഹുവിങ്കല് അവന്റെ പ്രതിഫലം സ്ഥിരീകൃതമായിക്കഴിഞ്ഞു! ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു.
നന്മ ചെയ്യാന് കരുതിയാല് തന്നെ പ്രതിഫലം സ്ഥിരപ്പെട്ടുകഴിഞ്ഞു എന്നാണിവിടെ പറഞ്ഞത്. മാശാ അല്ലാഹ്. അല്ലാഹുവിന്റെ ഔദാര്യമാണത്; നിയ്യത്തിനും പ്രതിഫലം.
ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്: ഒരു നന്മ ചെയ്യാനൊരാള് ഉദ്ദേശിച്ചു, എന്നിട്ടത് ചെയ്തില്ല. എന്നാലത് പൂര്ണമായൊരു നന്മയായി അല്ലാഹു രേഖപ്പെടുത്തും. ഇനിയത് ഉദ്ദേശിക്കുകയും ചെയ്യുകയും ചെയ്താലോ, പത്ത് നന്മകളായും, എഴുനൂറുവരെയും അതിലധികവും ഇരട്ടികളായും രേഖപ്പെടുത്തും. നേരെമറിച്ച്, ഒരു തിന്മ ചെയ്യാന് കരുതി, പക്ഷേ ചെയ്തില്ല. എന്നാല് അതൊരു പൂര്ണ നന്മയായി അല്ലാഹു രേഖപ്പെടുത്തും. ഇനിയത് ചെയ്താലോ, ഒരൊറ്റ തിന്മയായി മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി, മുസ്ലിം رحمهما الله)
ഉമര് (رضي الله عنه) നിവേദനം ചെയ്ത വളരെ പ്രസിദ്ധമായൊരു ഹദീസിന്റെ ആശയം നോക്കൂ: തിരുനബി (صلّى الله عليه وسلّم) പറയുന്നു: ‘നിശ്ചയം കര്മങ്ങളുടെ (സ്വീകാര്യത), ഉദ്ദേശ്യങ്ങള്ക്കനുസരിച്ചു മാത്രമാണ്. ഓരോരുത്തര്ക്കും താന് ഉദ്ദേശിച്ചതു തന്നെയാണുണ്ടാവുക. അതായത്, ഒരാളുടെ ഹിജ്റ അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിലേക്കും ആണെങ്കില്, അത് അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. അതല്ല, എന്തെങ്കിലും ഐഹിക കാര്യങ്ങള്ക്ക് വേണ്ടിയാണെങ്കില് അവനത് കിട്ടും. അല്ലെങ്കില് ഒരു സ്ത്രീയെ ഉദ്ദേശിച്ചാണെങ്കില് അവളെ വിവാഹം കഴിക്കും. അതായത്, ഏതൊന്നിനുവേണ്ടിയാണോ ഹിജ്റ പോകുന്നത്, അതിലേക്കുതന്നെയായിരിക്കുമത്. (ബുഖാരി, മുസ്ലിം رحمهما الله)
ഹിജ്റ അടക്കമുള്ള എല്ലാ കര്മങ്ങളുടെയും ഫലം ഉദ്ദേശ്യശുദ്ധിയെ ആശ്രയിച്ചായിരിക്കുമെന്നാണ് ഈ ഹദീസുകള് മനസ്സിലാക്കിത്തരുന്നത്.
ഈ ആയത്തില് പറഞ്ഞ ആശയം ഒന്നുകൂടി വ്യക്തമാക്കുന്ന, നമുക്കൊക്കെ അറിയാവുന്ന ഒരു സംഭവവും ഹദീസിലുണ്ട്.
തൊണ്ണൂറ്റൊമ്പത് പേരെ കൊലപ്പെടുത്തിയ ഒരാള്, വലിയൊരു പണ്ഡിതന്റെ അടുത്തു ചെന്നു, തനിക്ക് തൗബയുണ്ടോ (പശ്ചാത്തപിച്ചാല് സ്വീകരിക്കപ്പെടുമോ)? എന്നു ചോദിച്ചു. ‘ഇല്ല’ എന്നായിരുന്നു മറുപടി. ഇതു കേട്ട് ക്ഷുഭിതനായ അയാള് ആ പണ്ഡിതനെയും കൊന്ന് നൂറ് തികച്ചു!
പിന്നീട് മറ്റൊരു പണ്ഡിതന്റെയടുത്തു ചെന്ന് ഇതേ ചോദ്യം ആവര്ത്തിച്ചു. അദ്ദേഹം പറഞ്ഞു: ‘ഉണ്ട്. ആരാണ് തൗബ മുടക്കുക?! താന് ഇന്ന രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ട്. അവരോടൊപ്പമവനെ ആരാധിക്കുക. തന്റെ നാട്ടിലേക്ക് ഇനി മടങ്ങരുത്. അത് മോശം നാടാണ്.’
അങ്ങനെ, പകുതിവഴി പിന്നിട്ടപ്പോഴേക്കും അയാള് മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ കാര്യത്തില് റഹ്മത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില് – ഇയാള് തങ്ങളുടെ ആളാണെന്ന് പറഞ്ഞ് – തര്ക്കമായി. അതായത്, ഇദ്ദേഹം മനസ്സുകൊണ്ട് ഖേദിച്ചു മടങ്ങിയിട്ടുണ്ടെന്ന് റഹ്മത്തിന്റെ പക്ഷക്കാരും, ഒരു നന്മയും ചെയ്യാത്തവാനാണെന്ന് ശിക്ഷയുടെ പക്ഷക്കാരും!
തര്ക്കത്തിന് പരിഹാരം നിര്ദ്ദേശിക്കപ്പെട്ടു – അയാള് ഉപേക്ഷിച്ചുപോന്ന നാട്ടിലേക്കും പോകാനുദ്ദേശിക്കുന്ന നാട്ടിലേക്കും അവിടെ നിന്നുള്ള അകലം നോക്കുക. അങ്ങനെ നോക്കിയപ്പോള്, പോകാനുദ്ദേശിക്കുന്ന നാട്ടിലേക്ക് ഒരു ചാണ് അടുപ്പം കൂടുതലുണ്ടായിരുന്നു. അങ്ങനെ, റഹ്മത്തിന്റെ മലക്കുകള് അദ്ദേഹത്തെ ഏറ്റെടുത്തു!’ (ബുഖാരി, മുസ്ലിം رحمهما الله)
നല്ല വഴിയില്, ദീനിന്റെ വഴിയില് എങ്ങനെ മരിച്ചാലും അതെല്ലാം പ്രതിഫലാര്ഹമാണ്. ഹജ്ജിനോ ഉംറക്കോ പുറപ്പെട്ട് വഴിയില് മരണപ്പെട്ടാലും അങ്ങനെത്തന്നെ.
അടുത്ത ആയത്ത് 101
പ്രതിരോധ യുദ്ധങ്ങളെക്കുറിച്ചും ഹിജ്റയെക്കുറിച്ചും പലതും പറഞ്ഞു. ഈ രണ്ട് കാര്യത്തിനും യാത്രകള് ഒഴിച്ചുകൂടാന് പറ്റാത്തതാണല്ലോ. അത്തരം യാത്രകളില്, ഒരിക്കലുമൊഴിവാക്കാന് പറ്റാത്ത അഞ്ച് നിര്ബ്ബന്ധ നമസ്കാരങ്ങള് യഥാവിധി നിര്വ്വഹിക്കാന് പ്രയാസവുമാണ്. അതിനുള്ള പരിഹാര മാര്ഗങ്ങളാണ് ഇനിയുള്ള ആയത്തിലും തൊട്ടടുത്ത ആയത്തിലും വിവരിക്കുന്നത്.
وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَنْ يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُبِينًا (101)
നിങ്ങള് ഭൂമിയില് യാത്ര ചെയ്യുകയാണെങ്കില്- ശത്രുക്കള് അക്രമിക്കുമെന്നു ഭയന്നാല്- നമസ്കാരം ചുരുക്കുന്നതിന് (ഖസ്ര് ആക്കുന്നതിന്) വിരോധമില്ല. സത്യനിഷേധികള് നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള് തന്നെയാകുന്നു.
നമസ്കാരത്തില് നിന്ന് ചുരുക്കുക എന്ന് പറഞ്ഞാല്, റക്അത്തുകളുടെ എണ്ണം ചുരുക്കുക, അതായത് നാലു റക്അത്തുകളുള്ള നമസ്കാരം രണ്ടുറക്അത്തുകളാക്കി ചുരുക്കുക എന്നാണ്.
ശത്രുക്കളുടെ കൈയേറ്റത്തിന്റെയും ആക്രമണ ഭയത്തിന്റെയും പശ്ചാത്തലത്തിലാണീ ആയത്ത് അവതരിച്ചതെങ്കിലും, അതൊന്നുമില്ലെങ്കിലും ദീര്ഘദൂര യാത്രക്കാര്ക്ക് ഖസ്വ്റും ജംഉം ആക്കി നമസ്കരിക്കാമെന്നു തിരുനബി (صلى الله عليه وسلم) പഠിപ്പിച്ചിട്ടുണ്ട്. തിരുനബി (صلى الله عليه وسلم) യും സ്വഹാബികളും തികച്ചും നിര്ഭയരായി നടത്തിയ പല യാത്രകളിലും ഖസ്വ്റാക്കി നമസ്കരിച്ചിട്ടുമുണ്ട്.
അല്ലാഹു തന്ന ഒരു ഇളവാണിത്. നിബന്ധനയൊത്ത യാത്രയാണെങ്കില് എപ്പോഴും ഈ ഇളവ് സ്വീകരിക്കാം.
'ഹലാലാ'യ (അനുവദനീയമായ) യാത്രയായിരിക്കണം. യാത്രാദൈര്ഘ്യം രണ്ട് മര്ഹല (132 കിലോ മീറ്റര്) വേണമെന്നാണ് ശാഫിഈ മദ്ഹബ്.
132 കി.മീ. ദൂരം ഇല്ലാത്ത ചെറിയ യാത്രയിലും ജംആക്കാമെന്നാണ് മാലികീ മദ്ഹബ്. ശാഫിഈ മദ്ഹബിലും അങ്ങനെ ഒരു അഭിപ്രായമുണ്ട്. അത്യാവശ്യ ഘട്ടത്തില് ഈ അഭിപ്രായം സ്വീകരിക്കാവുന്നതാണ്.
ഉദാഹരണമായി, മഗ്രിബിന്റെ അഞ്ചുമിനുട്ടു മുമ്പ് കോഴിക്കോട്ടുനിന്നു മലപ്പുറത്തേക്ക് ബസ് കയറി. മലപ്പുറത്തു എത്തും മുമ്പ് ഇശാ ബാങ്ക് കൊടുക്കും. ഇത്തരം വേളയില് ശാഫിഈ മദ്ഹബിലെത്തന്നെ രണ്ടാം അഭിപ്രായം പരിഗണിച്ച് മഗ്രിബിനെ ഇശാഇലേക്ക് പിന്തിച്ചു ജംആക്കാം. എന്നാല് മഗ്രിബ് ഖളാഅ് ആകില്ല. ജംഇനുള്ള ദൂര പരിധി 82 കി.മീ ആണെന്നും അഭിപ്രായമുണ്ട്.
നാലു റക്അത്തുള്ളവ രണ്ടാക്കി ചുരുക്കി നിര്വഹിക്കലാണ് ഖസ്വ്റ്. ളുഹ്റ്-അസ്വ്ര് എന്നിവയോ മഗ്രിബ്-ഇശാഅ് എന്നിവയോ അവയിലൊന്നിന്റെ സമയത്ത് ഒന്നിച്ചു ചേര്ത്ത് നമസ്കരിക്കലാണ് ജംഅ്.
ജംഉം ഖസ്റും ചെറിയ തോതിലൊന്ന് പഠിക്കാം അല്ലേ.. പലര്ക്കും പലപ്പോഴും ആവശ്യം വരുന്നതല്ലേ.
പൊതു നിബന്ധനകള്:
- ദീര്ഘ യാത്രയായിരിക്കുക (132 കിലോ മീറ്റര്)
ഹൃസ്വയാത്ര പുറപ്പെട്ട് പിന്നെ ദീര്ഘമാക്കി മാറ്റി. എന്നാല് അവിടന്നങ്ങോട്ട് നിശ്ചിതദൂരമുണ്ടെങ്കില് ഇളവ് ലഭിക്കും. കരയും കടലും ആകാശവും ഒന്നും വ്യത്യാസമില്ല. ദൂരമുണ്ടാവുക എന്നതാണ് പരിഗണിക്കേണ്ടത്. സമയക്കുറവ് പ്രശ്നമല്ല.
- അനുവദനീയ യാത്രയായിരിക്കുക, അതായത് നിഷിദ്ധമല്ലാത്തതായിരിക്കുക.
- ലക്ഷ്യസ്ഥാനം അറിഞ്ഞിരിക്കുക. (സ്ഥലം കൃത്യമായി അറിഞ്ഞുകൊള്ളണമെന്നില്ല; വഴിദൂരം അറിഞ്ഞാലും മതി).
- യാത്ര ചെയ്യുന്നവന്റെ നാട് വിട്ടുകടക്കുക.
- 4 റക്അത്തുള്ളവ മാത്രമേ ഖസ്റ് ആക്കാവൂ.
- പൂര്ണമായി നിസ്കരിക്കുന്നവനോടോ യാത്രക്കാരനെന്ന് ഉറപ്പില്ലാത്തവനോടോ തുടരാതിരിക്കുക.
ജംഅ് – 2 നിസ്കാരങ്ങളെ ഒന്നിന്റെ സമയത്തുതന്നെ നിര്വഹിക്കുക.
മുന്തിച്ച് ജംആക്കുന്നതിന്റെ നിബന്ധനകള്:
- തുടക്കം ആദ്യനിസ്കാരം കൊണ്ടായിരിക്കുക (ക്രമപ്രകാരം നിര്വഹിക്കല്)
- ആദ്യനിസ്കാരത്തില് നിന്ന് വിരമിക്കുംമുമ്പ് ജംആക്കുന്നെന്ന് കരുതുക. തുടകത്തിലാണ് ഉത്തമമെങ്കിലും നിസ്കാരത്തില് നിന്ന് സലാം വീട്ടുന്നതിന് മുമ്പ് എപ്പോഴെങ്കിലും ഈ കരുത്ത് മനസ്സില് വന്നാല് മതി.
- അധിക ഇടവേളയില്ലാതെ രണ്ടും തുടരെയായിരിക്കുക
- രണ്ടാം നിസ്കാരം തുടങ്ങുംവരെ യാത്രയിലായിരിക്കുക.
പിന്തിച്ച് ജംആക്കുന്നതിന്റെ നിബന്ധനകള്:
- രണ്ടു നിസ്കാരവും പൂര്ത്തിയാകുംവരെ യാത്രയിലായിരിക്കുക.
- ആദ്യനിസ്കാരത്തിന്റെ സമയം തീരുംമുമ്പ് ജംഇനെ കരുതുക.
യാത്രികന് നിരുപാധികമോ പൂര്ണമായ നാലു ദിനമോ ഒരു പ്രദേശത്തു താമസിക്കാന് കരുതിയാല് അവിടെ എത്തിച്ചേരുന്നതോടെ യാത്ര മുറിയും. നാലു ദിവസം ഒരു നാട്ടില് താമസിക്കല് കൊണ്ടും യാത്ര മുറിയും.
നാലു ദിവസമാകും മുമ്പ് ശരിയാകുമെന്നു പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ആവശ്യം നിറവേറ്റിയാല് യാത്ര തുടരുമെന്ന ഉദ്ദേശ്യത്തോടെ ഒരു സ്ഥലത്തു താമസിച്ചാല് പതിനെട്ടു ദിവസം വരെ യാത്രയുടെ ആനുകൂല്യങ്ങള് ലഭിക്കും. ഈ പതിനെട്ടു ദിവസത്തിലും മുമ്പു പറഞ്ഞ നാലു ദിവസത്തിലും പോക്കുവരവിന്റെ രണ്ടു ദിവസവും പരിഗണിക്കില്ല.
നബി(സ) തങ്ങള് മക്കാവിജയത്തിനു ശേഷം പതിനെട്ടു ദിവസം നിസ്കാരം ഖസ്റാക്കി മക്കയില് താമസിച്ചിരുന്നു (തുഹ്ഫ).
--------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment