അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 154-157) രണാങ്കണത്തിലും സുഖനിദ്രാമയക്കം

ഉഹുദ് യുദ്ധത്തിലെ രംഗങ്ങളായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. എന്ത് ചെയ്യണമെന്നറിയാതെ മുസ്‍ലിം സൈന്യം പതറിപ്പോയ ഘട്ടം. തിരിഞ്ഞോടുന്നവരെ, ഇങ്ങോട്ടു വരൂ എന്ന് തിരുനബി صلى الله عليه وسلم വിളിച്ചുകൊണ്ടിരുന്ന കാര്യവും കഴിഞ്ഞ പേജില്‍ പറഞ്ഞു.

 

ഇങ്ങനെ വല്ലാതെ പരിഭ്രമിക്കുകയും പലരും ഓടിപ്പോവുകയും ചെയ്ത ശേഷം അല്ലാഹു അവര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹത്തെക്കുറിച്ച് പറയുകയാണിനി.

 

ആ യുദ്ധക്കളത്തില്‍ വെച്ചുതന്നെ അല്ലാഹു അവര്‍ക്ക് മനഃസമാധാനം നല്‍കി. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മനസ്സുകള്‍ക്ക് സ്വസ്ഥത ലഭിച്ചു. അത്യല്‍ഭുതകരമായൊരു നിദ്രാമയക്കം ഇട്ടുകൊടുത്തു. അവര്‍ സുഖമായി ഉറങ്ങി. പേടിയില്ലാതെ സ്വസ്ഥമായുറങ്ങി. അതോടെ കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചുള്ള ചിന്തകളെല്ലാം മാറി. അവര്‍ പൂര്‍വ്വോപരി ആവേശോജ്ജ്വലരാവുകയും ചെയ്തു.

 

ആ പ്രതിസന്ധി ഘട്ടത്തില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവന്‍ രക്ഷിക്കാന്‍ സന്നദ്ധരായി, സ്വന്തം ജീവന്‍ പോലും വക വെക്കാതെ ചില സ്വഹാബിവര്യന്മാര്‍ ചെറുത്തുനിന്നിരുന്നു. അവരിലൊരാളാണ് മഹാനായ അബൂ ഥല്‍ഹത്തുല്‍ അന്‍സ്വാരീ (رضي الله عنه).

 

അദ്ദേഹം പറയുന്നു:

كنت فيمن تغشاه النعاس يوم أحد، حتى سقط سيفي من يدي مراراً يسقط وآخذه ويسقط وآخذه.

‘ഉഹ്ദില്‍ അണികളില്‍ നില്‍ക്കെത്തന്നെ, ഞങ്ങള്‍ക്ക് നിദ്രാമയക്കം ബാധിച്ചു. ആ മയക്കം ബാധിച്ചവരില്‍ ഒരാളായിരുന്നു ഞാനും. എന്‍റെ വാള്‍ കയ്യില്‍ നിന്ന് വീഴുകയും, ഞാനത് കയ്യിലെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ പല പ്രാവശ്യം സംഭവിച്ചു.’ ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായ പലരും ഇത് നിവേദനം ചെയ്തിട്ടുണ്ട്.

 

മഹാനായ സുബൈര്‍ (رضي الله عنه) പറയുന്നു: ഞങ്ങള്‍ (ഉഹുദില്‍) ശക്തമായി പേടിച്ച ഘട്ടത്തില്‍ ഞാന്‍ തിരുനബി صلى الله عليه وسلم യോടുകൂടെയുണ്ടായിരുന്നു. അല്ലാഹു ഞങ്ങള്‍ക്കപ്പോള്‍ നിദ്ര നല്‍കി. (ഉറക്കത്തിനിടയില്‍) ഞങ്ങളുടെ താടി നെഞ്ചില്‍ മുട്ടാതിരുന്നില്ല (ഥബ്‌റാനി, ഇബ്‌നുഅബീഹാതിം).

 

ഉഹുദില്‍ സ്വഹാബികളെ ബാധിച്ച നിദ്രാമയക്കം സാക്ഷാല്‍ നിദ്രാമയക്കം തന്നെയായിരുന്നുവെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമായി മനസ്സിലാക്കാം.

 

ഇത് ശരിക്കും ഉറക്കം തന്നെയാണ്. നുആസ് എന്നത് ഉപമാലങ്കാരമൊന്നുമല്ല. യുക്തിവാദികളും മറ്റു ചിലരും അങ്ങനെ പറയാറുണ്ട്. 'സന്തോഷം ലഭിച്ചു' എന്നു പറയേണ്ട സ്ഥാനത്ത് 'നിദ്രാമയക്കം ബാധിച്ചു' എന്ന് ആലങ്കാരികമായി പറഞ്ഞതാണെന്നാണ് അവരുടെ വാദം. അത് ശരിയല്ല.

 

ഈ ഉറക്കം മുസ്‌ലിം പക്ഷത്തുള്ള എല്ലാവരെയും ബാധിച്ചിരുന്നില്ല. മുനാഫിഖുകളല്ലാത്ത, ശരിയായ സത്യവിശ്വാസികളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. പശ്ചാത്താപ മനഃസ്ഥിതിയും കുറ്റബോധവുമുണ്ടായ സാക്ഷാല്‍ വിശ്വാസികളാണവര്‍. അതാണ് ‘നിങ്ങളിലെ ഒരു വിഭാഗത്തെ നിദ്രാമയക്കം ആവരണം ചെയ്തിരുന്നു’വെന്ന് അല്ലാഹു പറയുന്നത്.

 

രണ്ടാമത്തെ വിഭാഗത്തെക്കുറിച്ചാണ് ആയത്തില്‍ പിന്നെ പറയുന്നത്. അതായത്, ദുര്‍ബല വിശ്വാസികളും മുനാഫിഖുകളും. അവര്‍ക്ക് ഈ മയക്കവും അതുവഴി ലഭിച്ച സമാധാനവും അനുഭവപ്പെട്ടിരുന്നില്ല. അവരാകെ അസ്വസ്ഥരാവുകയും അല്ലാഹുവിനെപ്പറ്റി ദുഷിച്ച വിചാരങ്ങളില്‍ വ്യാപൃതരാവുകയുമായിരുന്നു.

 

സ്വന്തം കാര്യത്തെക്കുറിച്ചല്ലാതെ, വിശുദ്ധ ദീനിനെപ്പറ്റിയോ തിരുനബി صلى الله عليه وسلمയെപ്പറ്റിയോ, സത്യവിശ്വാസികളെപ്പറ്റിയോ ഒന്നും അവര്‍ക്ക് ചിന്തയില്ല. ഇസ്‌ലാമിതാ തകരാന്‍ പോകുന്നു... ഇനി അതിന് നിലനില്‍പ്പില്ല, മുസ്‌ലിംകള്‍ ജയിക്കുമെന്ന അല്ലാഹുവിന്‍റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്നിങ്ങനെ, അല്ലാഹുവിനെക്കുറിച്ച് ചിന്തിക്കാന്‍ പാടില്ലാത്ത, ജാഹിലിയ്യാകാലത്തെ വിചാര ങ്ങളും ചിന്താഗതികളുമാണ് അവരുടെ മനസ്സിലുള്ളത്. അല്ലാഹു ചെയ്ത സഹായവാഗ്ദാനം ഉറപ്പായും ലഭിക്കുമെന്ന് വിശ്വസിക്കാന്‍മാത്രം അവരുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല.'നമുക്ക് വല്ല വിജയവുമുണ്ടോ' എന്ന് നിഷേധാര്‍ഥത്തിലും പരിഹാസഭാവത്തിലും ചോദിക്കുകയായിരുന്നു അവര്‍.

 

‘നമ്മള്‍ പറഞ്ഞതൊന്നും മുഹമ്മദ് കേട്ടില്ല. നമ്മുടെ അഭിപ്രായങ്ങള്‍ക്ക് വല്ല വിലയുമുണ്ടോ?! ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. നമ്മുടെ ആളുകളിങ്ങനെ വധിക്കപ്പെടുകയും ചെയ്യില്ലായിരുന്നു.’ ഇങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു അവര്‍.

 

ഭീരുക്കളായ കപടവിശ്വാസികള്‍ വല്ലാത്ത മരണഭയമുള്ളവരാണ്. വല്ല പഴുതും കിട്ടിയിരുന്നെങ്കില്‍ ഈ 'വല'യില്‍ ഞങ്ങള്‍ കുടുങ്ങുമായിരുന്നില്ല എന്നാണവര്‍ പറയുന്നത്.

 

അവര്‍ക്കിങ്ങനെ മറുപടി നല്‍കാനാണ് തിരുനബി صلى الله عليه وسلم യോട് അല്ലാഹു ആവശ്യപ്പെടുന്നത്: കാര്യങ്ങളെല്ലാം അല്ലാഹുവിന്നുള്ളതാണ്. അല്ലാഹുവിന്‍റെ ഉദ്ദേശ്യവും തീരുമാനവുമനുസരിച്ചേ ഏതു കാര്യവും നടക്കൂ; സൃഷ്ടികളുടെ അഭീഷ്ടാനുസരണം ഒന്നും സംഭവിക്കില്ല. മരണവും ഇതില്‍ നിന്ന് ഒഴിവല്ല. യുദ്ധത്തിനു പോയതുകൊണ്ട് മരിക്കുകയോ പോകാതിരുന്നതുകൊണ്ട് മരിക്കാതിരിക്കുകയോ ചെയ്യില്ല. മാത്രമല്ല, ഒരാളുടെ മരണം വിദൂരമായൊരു സ്ഥലത്തോ അപ്രതീക്ഷിതമായൊരു പശ്ചാത്തലത്തിലോ ആണ് നിശ്ചയിച്ചിട്ടുള്ളതെങ്കില്‍, അയാള്‍ ആ സ്ഥലത്തേക്ക് ഓടിയെത്തുകതന്നെ ചെയ്യും.

 

നിങ്ങളുടെ കൂട്ടത്തിലുള്ള കപടന്‍മാരേയും വഞ്ചകന്‍മാരെയും വേര്‍തിരിച്ചു കാണിക്കാനുള്ള പരീക്ഷണവും ശുദ്ധീകരണവും കൂടിയാണിതൊക്കെ. ഉഹുദിലെ സംഭവങ്ങളെല്ലാം പരീക്ഷണമായിരുന്നുവെന്ന് ആയത്തിന്‍റെ അവസാന ഭാഗത്ത് വീണ്ടും വ്യക്തമാക്കുന്നുണ്ട്.

 

 

ثُمَّ أَنْزَلَ عَلَيْكُمْ مِنْ بَعْدِ الْغَمِّ أَمَنَةً نُعَاسًا يَغْشَىٰ طَائِفَةً مِنْكُمْ ۖ وَطَائِفَةٌ قَدْ أَهَمَّتْهُمْ أَنْفُسُهُمْ يَظُنُّونَ بِاللَّهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِ ۖ يَقُولُونَ هَلْ لَنَا مِنَ الْأَمْرِ مِنْ شَيْءٍ ۗ قُلْ إِنَّ الْأَمْرَ كُلَّهُ لِلَّهِ ۗ يُخْفُونَ فِي أَنْفُسِهِمْ مَا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ الْأَمْرِ شَيْءٌ مَا قُتِلْنَا هَاهُنَا ۗ قُلْ لَوْ كُنْتُمْ فِي بُيُوتِكُمْ لَبَرَزَ الَّذِينَ كُتِبَ عَلَيْهِمُ الْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِيَ اللَّهُ مَا فِي صُدُورِكُمْ وَلِيُمَحِّصَ مَا فِي قُلُوبِكُمْ ۗ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ(154)

പിന്നീടവന്‍ ആ ദുഃഖത്തിനു ശേഷം നിങ്ങള്‍ക്കു സമാധാനം-ഒരു നിദ്രാമയക്കം- തന്നു. അതു നിങ്ങളിലൊരു വിഭാഗത്തെ ആവരണം ചെയ്തു. മറുവിഭാഗമാകട്ടെ, വ്യാകുലചിത്തരാവുകയും അല്ലാഹുവിനെപ്പറ്റി സത്യവിരുദ്ധമായ ജാഹിലീ ധാരണകള്‍ വെച്ചുപുലര്‍ത്തുകയുമുണ്ടായി-നമുക്കു വല്ല ആധിപത്യവുമുണ്ടോ എന്നാണവര്‍ ചോദിക്കുന്നത്. നബിയേ, പ്രഖ്യാപിക്കുക: മുഴുകാര്യങ്ങളും അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. താങ്കളോടു വെളിപ്പെടുത്താത്ത പലതും അവര്‍ മനസ്സിലൊളിപ്പിക്കുന്നുണ്ട്.

 

യുദ്ധ വിഷയങ്ങളില്‍ എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ വെച്ചു നാം വധിക്കപ്പെടുകയില്ലായിരുന്നു എന്നു പരിഭവിക്കയാണവര്‍. നബിയേ, പറയുക: നിങ്ങള്‍ സ്വഗൃഹങ്ങളിലായിരുന്നുവെങ്കില്‍ തന്നെ, മരണം വിധിക്കപ്പെട്ടു കഴിഞ്ഞിരുന്നയാളുകള്‍ തങ്ങളുടെ വധസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിരുന്നേനെ. അവന്‍ നിങ്ങളുടെ ഉള്ളിലിരിപ്പ് പരീക്ഷിക്കുവാനും മനസ്സുകളിലുള്ളത് ശുദ്ധീകരിക്കാനും വേണ്ടിയാണിങ്ങനെയെല്ലാം സംഭവിച്ചത്. നിങ്ങളുടെ മനോഗതങ്ങള്‍ നന്നായറിയുന്നവനാണ് അല്ലാഹു.

 

ഇത്തരം നിദ്രാമയക്കം ബദ്ര്‍ യുദ്ധസമയത്തും സ്വഹാബികള്‍ക്ക് നല്‍കിയതായി സൂറത്തുല്‍ അന്‍ഫാലില്‍ അല്ലാഹു പറയുന്നുണ്ട്.

 

إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ(الأنفال 11)

(തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയായി അല്ലാഹു നിങ്ങളെ നിദ്രാമയക്കത്താല്‍ ആവരണം ചെയ്ത സന്ദര്‍ഭം സ്മരണീമയത്രേ. നിങ്ങളെ ശുദ്ധീകരിക്കാനും പൈശാചിക ദുര്‍ബോധനം ദൂരീകരിക്കാനും മനസ്സുകള്‍ ദൃഢീകരിക്കാനും കാലുറപ്പിച്ചുനിറുത്താനുമായി അവന്‍ നിങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിച്ചുതന്നതും ഓര്‍ക്കുക).

 

യുദ്ധാവസരം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ നിദ്രാമയക്കം പിടിപെടല്‍ മനഃസമാധാനത്തിന്‍റെ തെളിവാണെന്ന് ഇബ്‌നുകസീര്‍ رحمه الله  രേഖപ്പെടുത്തുന്നുണ്ട്.

 

عن عبد اللّه بن مسعود قال: النُّعَاسُ فِي القِتَالِ مِنَ اللّهِ، وَفِي الصَّلاةِ مِنَ الشَّيْطَانِ

(നിദ്രാമയക്കം യുദ്ധവേളയില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്, നമസ്‌കാരത്തില്‍ പിശാചിന്‍റെ പക്കല്‍ നിന്നുമാണ്-അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه )

 

അടുത്ത ആയത്ത് 155

 

ഉഹ്ദില്‍ മുസ്‌ലിംകളില്‍ പലരും പിന്തിരിഞ്ഞതും സ്ഥലം വിട്ടോടിയതുമെല്ലാം പിശാചിന്‍റെ കെണിയില്‍ പെട്ടതുകൊണ്ടാണ്. അവരുടെ തന്നെ ചില തെറ്റുകുറ്റങ്ങളാണ് അതിന് കാരണം – ഇതാണിനി പറയുന്നത്.

 

ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വം എന്നുറച്ചുവിശ്വസിച്ച് യുദ്ധക്കളത്തില്‍ പതറാതെ നില്‍ക്കേണ്ടവരാണ് മുസ്‌ലിംകള്‍. ഏതായാലും, കഴിഞ്ഞുപോയ ആ തെറ്റുകള്‍ക്ക് അല്ലാഹു മാപ്പ് നല്‍കിയിരിക്കുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും ഏറെ സഹനശീലമുള്ളവനുമാണല്ലോ.

 

 إِنَّ الَّذِينَ تَوَلَّوْا مِنْكُمْ يَوْمَ الْتَقَى الْجَمْعَانِ إِنَّمَا اسْتَزَلَّهُمُ الشَّيْطَانُ بِبَعْضِ مَا كَسَبُوا ۖ وَلَقَدْ عَفَا اللَّهُ عَنْهُمْ ۗ إِنَّ اللَّهَ غَفُورٌ حَلِيمٌ (155)

ഇരുകക്ഷികള്‍ ഉഹുദില്‍ എറ്റുമുട്ടിയ ദിനം നിങ്ങളില്‍ നിന്നു പിന്തിരിഞ്ഞോടിയവരെ തങ്ങളുടെ ചില ദുഷ്‌ചെയ്തികള്‍ മൂലം പിശാച് വഴിതെറ്റിച്ചതാണ്. അല്ലാഹു അവര്‍ക്ക് മാപ്പരുളിയിരിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും സഹിഷ്ണുവുമത്രേ.

അടുത്ത ആയത്ത് 156

 

അല്ലാഹുവിന്‍റെ ഖളാ-ഖദ്റില്‍ വിശ്വാസമില്ലാത്തവരാണല്ലോ അവിശ്വാസികള്‍. അല്ലാഹുവിന്‍റെ ഉദ്ദേശമനുസരിച്ച് മാത്രമേ ഏതുകാര്യവും  സംഭവിക്കുകയുള്ളൂ എന്നൊന്നും അവര്‍ക്ക് വിശ്വാസമില്ല. അതുകൊണ്ടതുന്നെ, അവരുടെ സ്നേഹിതരോ മറ്റു വേണ്ടപ്പെട്ടവരോ, കച്ചവടത്തിനോ മറ്റോ ഉള്ള യാത്രകള്‍ക്കിടെ മരണപ്പെടുകയോ, അല്ലെങ്കില്‍ യുദ്ധത്തിലോ മറ്റോ കൊല്ലപ്പെടുകയൊ ചെയ്യുമ്പോള്‍ അവര്‍ പറയുമത്രേ:  പോകാതെ  ഇവിടെത്തന്നെ നിന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല!’

 

അവരങ്ങോട്ടു പോയതുകൊണ്ടാണ്, അല്ലെങ്കില്‍ അത് ചെയ്തതുകൊണ്ടാണ് മരണം സംഭവിച്ചത്, അല്ലെങ്കില്‍ കൊല്ലപ്പെട്ടത് – ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണവര്‍ നടത്തുക. ഇങ്ങനെ മരണപ്പെട്ടവരെക്കുറിച്ച് വല്ലാതെ സങ്കടപ്പെടുകയും ചെയ്യുമവര്‍.

 

സത്യവിശ്വാസികള്‍ അങ്ങനെ വിശ്വസിക്കുകയോ പറയുകയോ ചെയ്യരുത്.

കാരണം, ജീവിതവും മരണവും നിശ്ചയിക്കുന്നത് അല്ലാഹുവാണ്. അവര്‍ വീടു വിട്ടുപോകാതിരുന്നാല്‍ തന്നെയും നിശ്ചിത സമയത്ത് മരണം വരിക തന്നെ ചെയ്യും.

 

അല്ലാഹുവിന്‍റെ വിധിയും തീരുമാനവും അനുസരിച്ചേ മരണമടക്കമുള്ള ഏതുകാര്യവും സംഭവിക്കുകയുള്ളൂ. മരണത്തിന് എന്തെങ്കിലും പ്രത്യേക കാരണങ്ങളോ സവിശേഷ കാലാവസ്ഥയോ പശ്ചാത്തലമോ ആവശ്യമില്ല.

 

എല്ലാ ശരീരവും മരണം ആസ്വദിക്കുകതന്നെ ചെയ്യുമെന്ന് ഖുര്‍ആന്‍ അസന്നിഗ്ദമായി പറയുന്നുണ്ടല്ലോ (ആലു ഇംറാന്‍ 185). അതിന് ഇന്ന സ്ഥലത്ത് ആയിരിക്കണമെന്നൊന്നുമില്ല. 'എവിടെയാണെങ്കിലും നിങ്ങളെ മരണം പിടികൂടും; പടുത്തുയര്‍ത്തപ്പെട്ട കോട്ടകളില്‍ തന്നെയാണ് നിങ്ങളെങ്കിലും ശരി' (അന്നിസാഅ് 78) എന്നും അല്ലാഹു പറയുന്നുണ്ട്.

 

അതുകൊണ്ടുതന്നെ,  എല്ലാ കാര്യവും അല്ലാഹുവിന്‍റെ നിശ്ചയ്രപകാരം നടക്കുന്നതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സത്യവിശ്വാസികള്‍, അങ്ങനെയൊന്നും കരുതുകയോ പറയുകയോ ചെയ്യരുത്. ഉഹ്ദിലോ മറ്റോ തങ്ങളുടെ സ്വന്തക്കാരോ, ഇഷ്ടക്കാരോ നഷ്ടപ്പെട്ടതിന്‍റെ പേരില്‍ അത്തരം വിചാരങ്ങളോ വാക്കുകളോ അവരില്‍ നിന്നുണ്ടാവുകയും ചെയ്യരുത്.

 

 يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ كَفَرُوا وَقَالُوا لِإِخْوَانِهِمْ إِذَا ضَرَبُوا فِي الْأَرْضِ أَوْ كَانُوا غُزًّى لَوْ كَانُوا عِنْدَنَا مَا مَاتُوا وَمَا قُتِلُوا لِيَجْعَلَ اللَّهُ ذَٰلِكَ حَسْرَةً فِي قُلُوبِهِمْ ۗ وَاللَّهُ يُحْيِي وَيُمِيتُ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (156)

വിശ്വാസികളേ, സത്യനിഷേധം കൈവരിക്കുകയും, തങ്ങളുടെ സഹോദരങ്ങള്‍ യാത്രയിലോ യുദ്ധത്തിലോ മരണം വരിച്ചാല്‍ ഞങ്ങളുടെയടുത്തായിരുന്നെങ്കിലവര്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല എന്നു തട്ടിവിടുകയും ചെയ്തവരെപ്പോലെ നിങ്ങളാകരുത്. അങ്ങനെയത് അവരുടെ മനസ്സുകളില്‍ അല്ലാഹു ഒരു ഖേദമാക്കി വെക്കുകയാണ്.

അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങള്‍ ചെയ്യുന്നതൊക്കെ അവന്‍ നന്നായി കാണുന്നവനാകുന്നു.

 

നമ്മളും ഈ ആയത്ത് ശ്രദ്ധിക്കണം. നമ്മില്‍ പലരും ഇങ്ങനെ പറയുന്നവരോ കരുതുന്നവരോ ആണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഇങ്ങനെ  സംഭവിക്കില്ലായിരുന്നു എന്നൊക്കെ പല സംഭവങ്ങളെക്കുറിച്ചും പറയാറില്ലേ. അതൊഴിവാക്കണമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.

 

അടുത്ത ആയത്ത് 157

 

യഥാര്‍ഥ വിശ്വാസികള്‍ സ്വാഭാവിക മരണമടഞ്ഞാലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടാലും അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ്. അവര്‍ക്കവിടെ മഹത്തായ പ്രതിഫലമമൊരുക്കിവെച്ചിട്ടുണ്ട്- പാപമോചനവും അനശ്വരമായ അനുഗ്രഹവും.

 

ആ പ്രതിഫലവും അനുഗ്രഹുവം, സത്യനിഷേധികള്‍ ഈ ലോകത്ത് നേടുന്ന ഭൗതികവിഭവങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ജീവിതത്തില്‍ നിന്നോ ഇസ്‌ലാമിന്‍റെ രക്ഷക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നോ മുസ്‌ലിംകള്‍ പിന്മാറരുത്. ഇത്രയും വലിയ പ്രതിഫലം നഷ്ടപ്പെടുത്തരുത്. മരണപ്പെടുന്നത് അല്ലാഹുവിന്‍റെ മാര്‍ഗത്തിലാണെങ്കില്‍, അത് മഹാഭാഗ്യമായി കരുതുകയാണ് വേണ്ടത്.

 

 وَلَئِنْ قُتِلْتُمْ فِي سَبِيلِ اللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِنَ اللَّهِ وَرَحْمَةٌ خَيْرٌ مِمَّا يَجْمَعُونَ(157)

 

നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കില്‍ അവങ്കല്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവുമാണ്, ആളുകള്‍ വാരിവലിച്ചു കൂട്ടുന്ന ഐഹിക വിഭവങ്ങളെക്കാള്‍ ഉത്തമം.

 

വധിക്കപ്പെട്ടാലും സ്വാഭാവികമായി മരണമടഞ്ഞാലും അവങ്കലേക്കുതന്നെയാണ് ഒരുമിച്ചുകൂട്ടപ്പെടുക –

ഇതാണ് അടുത്ത പേജിലെ ഒന്നാം ആയത്തില്‍ പറയുന്നത്. وَلَئِنْ مُتُّمْ أَوْ قُتِلْتُمْ لَإِلَى اللَّهِ تُحْشَرُونَ (158)

 

മരണ ശേഷം എന്തായിരിക്കും സ്ഥിതി എന്നതാണ് ഏറ്റവും പ്രധാനം. റാഹത്തുള്ള പാരത്രികജീവിതം ലഭിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം താന്‍ എങ്ങനെ മരിക്കുന്നുവെന്നത് പ്രശ്‌നമല്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് രക്തസാക്ഷിത്വമെന്ന വലിയ പദവിയാണല്ലോ ലഭിക്കുന്നത്.

 

സ്വാഭാവിക മരണം വരിക്കുന്ന സത്യവിശ്വാസികള്‍ക്കും അല്ലാഹുവിങ്കല്‍ പാപമോചനവും സ്വര്‍ഗവുമൊക്കെയാവും ഉണ്ടാവുക. ഇത് നിഷേധികള്‍ വാരിക്കൂട്ടുന്ന ഭൗതിക വിഭവങ്ങളെക്കാള്‍ എത്രയോ ശ്രേഷ്ഠവുമാണ്. പരലോക വിജയമാണല്ലോ അതിപ്രധാനം.

 

ഈ വസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ബദ്‌റിലും ഉഹുദിലും മറ്റ് രണാങ്കണങ്ങളിലുമൊക്കെ സത്യവിശ്വാസികള്‍ മുന്നേറ്റം നടത്തിയത്.

 

ഉഹുദില്‍ വില്ലാളികളില്‍ ചിലര്‍ നിശ്ചിത സ്ഥലത്തുനിന്ന ഇറങ്ങിപ്പോന്ന ശേഷം രംഗം മോശമായപ്പോള്‍ അനസുബ്‌നുന്നള്ര്‍ رضي الله عنه സജീവമായി രംഗത്തിറങ്ങി.

 

വാളുമായി മിന്നിമറയുന്ന അദ്ദേഹത്തോട് സഅ്ദുബ്‌നുമുആദ്(رضي الله عنه) ചോദിച്ചു: നിങ്ങള്‍ എങ്ങോട്ടാണ്? സ്വര്‍ഗത്തിന്‍റെ പരിമളം എനിക്കനുഭവപ്പെടുന്നുണ്ടെന്നായിരുന്നു മറുപടി. ഇതും പറഞ്ഞ് ധൈര്യസമേതം പടവെട്ടി രക്തസാക്ഷിയായി.

 

ഈ മുന്നേറ്റത്തില്‍ അരിശം പൂണ്ട ശത്രുക്കള്‍ അനസ്(رضي الله عنه)വിനെ തിരിച്ചറിയാന്‍ പോലും സാധ്യമാകാത്ത വിധം അംഗവിച്ഛേദം ചെയ്തു. വെട്ടും കുത്തും അമ്പെയ്ത്തുമൊക്കെയായി എണ്‍പതിലധികം മുറിവുകള്‍ ആ ദേഹത്തിലുണ്ടായിരുന്നു. വിരല്‍ത്തുമ്പ് നോക്കിയിട്ട് തന്‍റെ സഹോദരിക്ക് മാത്രമാണ് അവസാനം അദ്ദേഹത്തെ തിരിച്ചറിയാനായത് (ബുഖാരി).

 

ബദ്ര്‍ രണാങ്കണത്തില്‍ വെച്ച് ഹാരിസുബ്‌നു ആമിര്‍ എന്ന മുശ്‌രിക്കിനെ വധിച്ചത് മഹാനായ ഖുബൈബ്(رضي الله عنه) ആയിരുന്നു. പിന്നീട് നടന്ന ഒരേറ്റുമുട്ടലില്‍ മുശ്‌രിക്കുകള്‍ ഖുബൈബ്(رضي الله عنه)വിനെ തടവുകാരനായി പിടിച്ച് അടിമയാക്കി വിറ്റു. അന്നദ്ദേഹത്തെ വാങ്ങിയത് മേല്‍പറഞ്ഞ ഹാരിസിന്‍റെ മക്കളായിരുന്നു.

 

പിതാവിനെ കൊന്നതിന് പ്രതികാരമായി ഖുബൈബ്(رضي الله عنه)വിനെ കൊല്ലാനാണ് അവര്‍ വാങ്ങിയത്. കൊല്ലപ്പെടുംമുമ്പ് അദ്ദേഹം പാടിയ ചില വരികളുണ്ട്! രോമാഞ്ചജനകമായ വരികള്‍..!:

 

ولَستُ أُبالي حِينَ أُقتَلُ مُسلِمًا ... على أيِّ شِقٍّ كانَ للهِ مَصرَعي

وذلك في ذاتِ الإلهِ وإنْ يَشَأْ ... يُبارِكْ على أوْصالِ شِلْوٍ مُمَزَّعِ

 

(മുസ്‌ലിമായാണ് മരിക്കുന്നതെങ്കില്‍ ഏതുവിധേനയാണ് കൊല്ലപ്പെടുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമേയല്ല. അതെല്ലാം അല്ലാഹുവിന്‍റെ വിധി പോലെ വരും. താനുദ്ദേശിക്കുകയാണെങ്കില്‍ ഛിന്നഭിന്നമായിപ്പോകുന്ന അവയവങ്ങള്‍ക്കൊക്കെ അല്ലാഹു അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യും.) ഈ സംഭവവും ഇമാം ബുഖാരി(رحمه الله) ഉദ്ധരിച്ചിട്ടുണ്ട്.

 

-------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter