അബൂ യസീദിൽ ബിസ്ത്വാമി(റ): സൂഫീ ലോകത്തെ അത്യുന്നത പ്രതിഭ
'സുൽത്താനുൽ ആരിഫീൻ' എന്ന് സൂഫീ ലോകത്ത് പ്രസിദ്ധനായ അബൂ യസീദ് ത്വയ്‌ഫൂർ ബ്നു ഈസ ബ്നു ഷിറൂസാൻ അൽ ബിസ്താമി(റ ) ഹിജ്‌റ 188ൽ ഖുറാസാനിലെ ബിസ്താമിലാണ് ജനിക്കുന്നത്.
അദ്ദേഹത്തിന്റെ ത്വയ്‌ഫൂറെന്ന നാമവും ബാ യസീദ് എന്ന അപരനാമവും പേർഷ്യൻ ഭാഷാർത്ഥത്തിലുള്ളവയാണ്. തന്റെ പിതാമഹൻ ഷിറൂസാൻ ഒരു മജൂസിയായിരുന്നുവെന്നും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു എന്നും ചരിത്രരേഖകളിൽ രേഖപ്പെടുത്തിയതായി കാണാം. ജാഫർ സ്വാദിഖ്(റ)
ദുന്നൂൻ അൽ മിസ്രി(റ ), അബൂ ഹസൻഅൽ ഖിർക്കാനി(റ ), മുസ്തഫ അൽ ബക്റി(റ ) എന്നിവർ ശൈഖിന്റെ ഗുരുനാഥരായിരുന്നു. അവരിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച വ്യക്തിത്വം ജാഫർ സ്വാദിഖ്(റ) വായിരുന്നു.
നിര്ബന്ധകർമങ്ങളും, സുന്നത്തുകളും ഒരു പോലെ കൊണ്ടു നടന്ന അദ്ദേഹത്തോട് ഒരിക്കൽ അവയെക്കുറിച്ച് ചോദിക്കപ്പെടുകയുണ്ടായി. അപ്പോൾ ശൈഖ് അതിന് നൽകിയ മറുപടി 'സുന്നത്ത് ദുനിയാവിനെ ഉപേക്ഷിക്കലും ഫർള് മൗലയോടുള്ള അടുപ്പവുമാണ്' എന്നായിരുന്നു. സുന്നത്തുകളെല്ലാം ദുനിയാവിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതും ഖുർആൻ നാഥനിലേക്ക് അടുപ്പിക്കുന്നതും ആണ് എന്ന പൊതുതത്വത്തിലേക്കു ചേർത്തുകൊണ്ടാണ് മഹാൻ ഇങ്ങനെ പ്രതിവചിച്ചത്.
ത്വയ്‌ഫൂരിയ്യ സൂഫി സരണിയുടെ അദ്ധ്യാത്മിക നേതാവായ ബിസ്ത്വാമി (റ ), മരിക്കുന്നത് ഹിജ്‌റ 261ൽ ജന്മനാടായ ബിസ്ത്വാമിൽ തന്നെയാണ്.
വിശുദ്ധിയുടെ പാതയിൽ
ഉമ്മയോടുള്ള സ്നേഹമാണ് പരിശുദ്ധിയുടെ ആദ്യ ഘട്ടത്തിലേക്ക് ബിസ്ത്വാമി(റ ) ഉയർത്തിയത് എന്നു കാണാം. മാതാവ് ഒരിക്കൽ അദ്ദേഹത്തോട് വെള്ളം ആവശ്യപ്പെടുകയുണ്ടായി എന്നും, വെള്ളം കൊണ്ടു വന്നപ്പോഴേക്കും മാതാവ് ഉറങ്ങിയിരുന്നതിനാൽ അതും പിടിച്ച് ഉണരും വരെ കാത്തു നിന്ന മഹാന്റെ കൈവിരലുകളുടെ തോല് വെള്ളത്തിന്റെ കഠിനമായ തണുപ്പ് മൂലം അടർന്നുവെന്നും ചരിത്രങ്ങളിൽ കാണാം.
ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ചിരുന്ന ബിസ്ത്വാമി(റ) വിന്റെ സൂക്ഷ്മതയെക്കുറിച്ചുള്ള കഥകളും ധാരാളമുണ്ട്.
ശൈഖ്(റ) ഒരിക്കൽ നിസ്കാരത്തിന് അംഗശുദ്ധി എടുത്ത് തന്റെ ഊന്നുവടി ചുമരിൽ ചാരി വച്ചു. പിന്നീട് ആ വടി വീണത് നിമിത്തം അവിടെ വന്ന മറ്റൊരു വൃദ്ധന്റെ വടി ദൃഷ്ടിയിൽ പെടാതെ മറ്റൊരിടത്തേക്ക് നീങ്ങാൻ ഇടയായി. നിസ്കാരം ആദ്യം കഴിഞ്ഞ വൃദ്ധൻ തിരിച്ചു പോയി.
ഷെയ്ഖ് വടിയുടമയെ അന്വേഷിച്ച് കണ്ടെത്തുകയും അദ്ദേഹത്തോട് ക്ഷമ ചോദിച്ചു എന്നുമുള്ള ചരിതം അവയിലൊന്നാണ്. ആദ്ധ്യാത്മികതയുടെ അത്യുന്നതിയിലേക്കുയരാൻ ഉതകുന്ന മുപ്പതോളം "വസീലകൾ" (അധ്യാത്മിക രീതികൾ) അദ്ദേഹത്തിനുണ്ടായിരുന്നു. ദേഷ്യം, അഹന്ത, അക്രമം തുടങ്ങിയവ ഉപേക്ഷിക്കാനും അന്യന്റെ രഹസ്യങ്ങൾ മറച്ചുവെക്കാനും പറയുന്ന ഈ വസീലകളിൽ ഒന്നാമത്തേത് ഫർളുകൾ അദാആയി (കൃത്യസമയത്ത്) വീട്ടലും ഒടുക്കത്തേത് അനാവശ്യ ചോദ്യങ്ങൾ ഉപേക്ഷിക്കലുമാണ് .
ബിസ്ത്വാമി (റ ) ന്റെ മാതൃകാപരമായ ജീവിതം കണ്ടു അന്യമതസ്ഥർ പോലും അദ്ദേഹത്തിൽ ആകൃഷ്ടരായി മതം മാറിയിരുന്നുവത്രേ.
ഒരു വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പള്ളിയിൽ പോകവേ തണുപ്പു മൂലം അദ്ദേഹം ഒരു വീട്ടു മതിലിൽ ചാരി നിൽക്കുക യുണ്ടായി.
എന്നാൽ ഈ നിറുത്തം ഹലാലാണോ എന്ന ചിന്ത ബിസ്ത്വാമി(റ)വിനെ ആ വീട്ടുടമയായ മജൂസിയായ മനുഷ്യനോട് പൊരുത്തം ചോദിക്കുന്നതിലേക്കെത്തിച്ചു. ഇതുകണ്ട് ആ മജൂസി അദ്ദേഹത്തിന്റെയും ഈ ദീനിന്റെയും വിശുദ്ധി കണ്ടു മതം മാറി മുസ്ലിമായത്രേ.
ജീവിത വിശുദ്ധിയുടെയും, സുഹ്‌ദിന്റെയും മാർഗ്ഗങ്ങളിൽ വിശ്വവിഖ്യാത സൂഫിയായ ഇബ്രാഹിം ബിനു അദ്ഹം(റ )വിന്റെ രീതികൾ ആയിരുന്നത്രേ ബിസ്‌താമി(റ) പിന്തുടർന്നിരുന്നത്.
കറാമത്തും, ശത്വഹാത്തുക്കളും
അബാ യസീദ് അൽ ബിസ്ത്വാമി(റ ) അത്യുന്നതിയിലെത്തിയ മഹാനായ സൂഫി ആയിരുന്നെങ്കിലും അനർത്ഥമായി ഒരുപാട് കറാമത്തുകൾ കാണിക്കുന്നതിനോടെല്ലാം മഹാൻ എതിരായിരുന്നു എന്ന് കാണാം. ശൈഖ്(റ) പറയുന്നു: "വായുവിൽ പറക്കാൻ മാത്രം കറാമത്തുകൾ ഒരാൾ കാണിച്ചാലും ശരീഅത്തിന്റെ വിധിവിലക്കുകൾ അവൻ അംഗീകരിക്കുന്നുണ്ടോ എന്ന് നോക്കി മാത്രമേ അയാളെ അംഗീകരിക്കാൻ പറ്റൂ." അഥവാ വെറും കറാമത്തുകൾ മാത്രം കാട്ടിയത് കൊണ്ടല്ല മറിച്ച് ശരീഅത്ത് അനുസരിച്ച് ഒരാൾ ജീവിക്കുന്നുണ്ട് എന്നതിലാണ് കാര്യം എന്നദ്ദേഹം വിവരിക്കുകയാണിവിടെ. വീട്ടുജോലികൾ പലതും ഭാര്യ ചെയ്യാത്തതുമൂലം ശൈഖ് അവയെല്ലാം ക്ഷമയോടെ ചെയ്തിരുന്നു എന്ന് ചരിത്ര രേഖകളിലുണ്ട്.
ഇത് തുടരവേ ഒടുക്കം ക്ഷമ നശിച്ച ശൈഖ് വീടുവിട്ടു പോകവേ വഴിമധ്യത്തിൽ ഒരു പറ്റം ആളുകൾ അല്ലാഹുവിനെ ആരാധിക്കുന്നത് കാണാനിടയായി. ഇവരെങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് അറിയാൻ വേണ്ടി കുറച്ചു നേരം അവിടെ നിന്നപ്പോൾ ഒരാൾ മലയുടെ ഉച്ചിയിൽ കയറി 'അബാ യസീദ് ഭാര്യയിൽ ക്ഷമിക്കുന്നതിന്റെ ഹക്ക് കൊണ്ട് ഞങ്ങൾക്ക് ഭക്ഷണം നൽകണം' എന്ന് പ്രാർത്ഥിക്കുകയും ഉടനെ ഭക്ഷണം വാനിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഇത് കണ്ട് തന്റെ ക്ഷമ മൂലം മറ്റുള്ളവർക്ക് പോലും നാഥൻ ഗുണം ചെയ്യുന്നത് കണ്ട് കൃതജ്ഞനായി തിരിച്ചു പോയെന്നുമുള്ള ഒരു കറാമത്തിന്റെ കഥ അദ്ദേഹത്തെക്കുറച്ച് പ്രചാരത്തിലുണ്ടെങ്കിലും അതിന്റെ വസ്തുതയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.
ഷക്കീകുൽ ബൽകി(റ)വും അബൂതുറാബ് അന്നക്ക്ഷബീ(റ)വും
ഒരിക്കൽ ബിസ്ത്വാമി(റ) വിനെ കാണാൻ വന്നു. അവർ ശൈഖിന്റെ നോമ്പുകാരനായിരുന്ന സേവകനോട്
നോമ്പ് മുറിച്ചു ഞങ്ങളോട് ഒന്നിച്ച് ഭക്ഷണം കഴിച്ചാൽ അതാണ് ഉത്തമം എന്ന് അറിയിച്ചിട്ടും അയാൾ നോമ്പു മുറിക്കാൻ തയ്യാറായില്ല. ഇത് ശ്രദ്ധയിൽപെട്ടശൈഖ് (റ) പറഞ്ഞു "മശായിക്കമ്മാ രുടെ വാക്ക് കേൾക്കാത്തവനെ (അള്ളാഹുവിന്റെ നോട്ടം നിഷേധിച്ചവനെ) നിങ്ങൾ ഒഴിവാക്കുക".
പിന്നീട് ഒരു കളവ് കേസിൽ പിടിക്കപ്പെട്ട സേവകന്റെ കൈ മുറിക്കപ്പെട്ടു എന്നതാണ് ചരിത്രം.
സൂഫികൾ പരമാനന്ദത്തിലെ ത്തുമ്പോൾ എല്ലാം മറന്ന് ഏകനായ ഇലാഹിലേക്ക് ലയിച്ച് അവർ ഒന്നായി പറയുന്ന വചനങ്ങളെയാണല്ലോ നാം സൂഫി ശത്വഹാത്തുകളായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പല ശത്വഹാത്തുകളും നമുക്ക് ബിസ്ത്വാമി(റ )യുടെ ജീവിതത്തിൽ കാണാൻ സാധിക്കും. അവയിൽ ചിലത് താഴെ ചേർക്കുന്നു.
1- ഞാൻ അല്ലാതെ ആരാധ്യനില്ല, നിങ്ങളെന്നെ ആരാധിക്കുവീൻ
(لا إله إلا أنا فا عبدوني)
2- ഞാൻ പരിശുദ്ധനാണ്, എന്റെ കാര്യം എത്ര മഹത്തരമാണ്.
(سبحاني ما أعظم شأنى)
3- ഞാൻ ആകാശത്തേക്ക് പോയി, അർശിലെന്റെ താഴികക്കുടമടിച്ചു.
(صعدت الى السماء و ضربت قبتي بإزاء العرش)
എന്നാൽ ഈ ശത്വഹാ ത്തിനെ കുറിച്ച് പല പണ്ഡിതരും പല വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രത്യേകമായി നാം പറഞ്ഞ മൂന്നാം ശത്വഹാത്തിനെക്കുറിച്ചാണ് ഏറെ അഭിപ്രായഭിന്നതയുള്ളത്.
ശൈഖുൽ ഇസ്ലാം ഹർവീ(റ) പറയുന്നത് ഇതെല്ലാം ബിസ്താമി(റ) യുടെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് എന്നാണ്. എന്നാൽ ഇമാം ദഹബി(റ)വും ഇത്തരം ഒരഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്. അദ്ദേഹം പറയുന്നു "ജനങ്ങളിൽ പലരും ഇതെല്ലാം ശരിയാണെന്ന് പറയുന്നവരാണ്. എന്നാൽ ഇതെല്ലാം ബിസ്ത്വാമി(റ) പറയുന്നത് അദ്ദേഹത്തിന്റെ ഉന്മാദാവസ്ഥയിൽ ആണെന്നാണ് അവരുടെ പക്ഷം.
"അബു യസീദിന് രക്ഷയുണ്ടാവട്ടെ അള്ളാഹുവാണ് രഹസ്യങ്ങളുടെ ഉടമ" എന്നാണ് ഇബ്നുഹജർ (റ)യുടെ ഈ വിഷയത്തിലുള്ള അഭിപ്രായം.
"പരിത്യാഗികളായ മനുഷ്യർ അള്ളാഹുവിലേക്ക് അടുക്കുമ്പോൾ, അവർ കാണാൻ അതിയായാഗ്രഹിച്ച ഒന്നിനെ കണ്ടുമുട്ടുമ്പോൾ,
ഉരുവിടുന്നവയാണിതെല്ലാം. മജ്നുവിനോട് പേര് ചോദിക്കുമ്പോൾ ലൈലയാണെന്ന് പറയും പോലെയാണിത്."
ഇതാണ് ജുനൈദുൽ ബാഗ്ദാദി(റ) യെ പോലുള്ള പ്രമുഖ കുതുബുകളുടെ അഭിപ്രായം.
Also Read: ഇമാം ഹസനുല്‍ ബസ്വരി(റ) ആത്മജ്ഞാനത്തിന്റെ പ്രകാശം
ബിസ്ത്വാമി(റ) പണ്ഡിതർക്കിടയിൽ
മഹോന്നതനായ ബിസ്ത്വാമി(റ)നെ കുറിച്ച് പല മഹാത്മാക്കളും പറഞ്ഞുവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഒരു സൂഫി സരണിയുടെ തന്നെ ശൈഖ് എന്നനിലയിൽ പണ്ഡിതർക്കിടയിൽ അദ്ദേഹം ഏറെ ഖ്യാതി നേടിയിരുന്നു. ശൈഖ് മുഹയുദീൻ ബ്നു അറബി (ഇബ്നു അറബി തങ്ങൾ) ബിസ്ത്വാമി(റ) വിനെക്കുറിച്ച് പറഞ്ഞത് അക്കാലത്തെ ഖുതുബും ഖൗസുമാണ് അദ്ദേഹം എന്നാണ്.
ഇമാം ഗസ്സാലി(റ ) ഇഹ്‌യയിലും ഇമാം ഷിഹ്‌റാനി(റ) ത്വബക്കാത്തിലും, ബാഷാ മുബാറക് (റ) ഖത്വതു തൗഫീഖിയ്യ യിലും, സുബ്കി ഇമാം ത്വബക്കാത്തിലും, ശൈഖിനെക്കുറിചുള്ള പരാമർശമുള്ളതായി കാണാം.
Leave A Comment