തുര്‍ക്കി: പരാജയപ്പെട്ട പട്ടാള അട്ടിമറിയും ഉര്‍ദുഗാന്റെ മുമ്പിലെ വെല്ലുവിളികളും
erduതുര്‍ക്കിയില്‍ ഭരണം അട്ടിമറിക്കാനുള്ള പട്ടാളത്തിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും ആ ഭീഷണി പൂര്‍ണമായും അസ്തമിച്ചുവെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നില്ല. ഉര്‍ദുഗാനെയും തന്റെ പാര്‍ട്ടിയെയും ഭരണത്തില്‍നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും തുര്‍ക്കിയില്‍തന്നെയുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ തങ്ങളാലാവുന്നത് അവര്‍ ഇനിയും ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, പന്ത് ഇപ്പോള്‍ കിടക്കുന്നത് പ്രസിഡന്റിന്റെ കോര്‍ട്ടിലാണ്. നടന്ന സംഭവങ്ങളെ വിശാലമനസ്‌കതയോടെ കാണുകയും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാവുകയുമാണെങ്കില്‍ തന്റെ എതിരാളികളുടെ വാദഗതികളെ നിര്‍വീര്യമാക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിനു സാധിക്കും. നേരെമറിച്ച്, അവരെയെല്ലാം ജയിലിലടച്ചുകൊണ്ടാണ് പ്രതികരിക്കുന്നതെങ്കില്‍ തുര്‍ക്കിയെക്കുറിച്ച തന്റെ വിഷന്‍ നടപ്പാക്കിയെടുക്കാന്‍ ഉര്‍ദുഗാന്‍ പ്രയാസപ്പെടേണ്ടിവരും. താന്‍ ഉള്‍കൊണ്ട ഇസ്‌ലാം തുര്‍ക്കിക്കും ആധുനിക ലോകത്തിനും അപ്രസക്തമാണ് എന്നു വാദിക്കുന്നവരുമായി ഒരു തുറന്ന സംവാദത്തിന് അദ്ദേഹം തയ്യാറാവണം. തീര്‍ച്ചയായും ഉര്‍ദുഗാനും തന്റെ പാര്‍ട്ടിയും ഇസ്‌ലാമുമായി ചേര്‍ന്നുനില്‍ക്കാനും തുര്‍ക്കിയെ ഒരു ഇസ്‌ലാമിക മുന്നേറ്റത്തിന്റെ മാതൃകാ ഭൂമികയായി ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നത്. ഇസ്‌ലാമുമായിബന്ധപ്പെട്ട് ഉര്‍ദുഗാന്‍ വെച്ചുപുലര്‍ത്തുന്ന കാഴ്ച്ചപാടുകള്‍ക്ക് മറ്റു ചില തലങ്ങള്‍കൂടിയുണ്ട്. അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടിവിടെ. തന്റെ കീഴിലുള്ള തുര്‍ക്കി ഒരു തുറന്ന സമൂഹമാണെന്നും അത് മനുഷ്യാവകാശങ്ങളെ മാനിക്കുകയും സമാധാനത്തെയും വികസനത്തെയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്നതാണെന്ന് തെളിയിക്കാന്‍ അദ്ദേഹം കടപ്പെട്ടിരിക്കുന്നു. അഴിമതിക്ക് ഇടമില്ലാത്ത, ശാസ്ത്ര സാങ്കേതിക വളര്‍ച്ചയിലൂടെ വികസിക്കുന്ന തുര്‍ക്കിയെ അവതരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അദ്ദേഹം അവസരമുണ്ടാക്കണം. മതമൂല്യങ്ങളോടൊപ്പം ശാസ്ത്രത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ബാലന്‍സ്ഡ് വിദ്യാഭ്യാസ സംവിധാനം ജനങ്ങള്‍ക്കു നല്‍കാന്‍ തന്റെ രാജ്യത്തിനു കഴിയുന്നുണ്ടെന്നു ലോകത്തിനു മുമ്പില്‍ തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കണം. വിശിഷ്യാ, താഴെ പറയുന്ന പ്രധാനപ്പെട്ട ഏരിയകളില്‍ ഉര്‍ദുഗാന്റെന്റെ ശ്രദ്ധ പതിയേണ്ടതുമുണ്ട്: * ഇസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അമുസ്‌ലിംകളുടെ അവകാശം നിഷേധിക്കുന്നതിലേക്കു നയിക്കരുത്. അവര്‍ക്ക് വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കപ്പെടണം. * സ്ത്രീകളുടെമേല്‍ അവര്‍ ഇഷ്ടപ്പെടാത്ത ഒരു ജീവിതരീതി അടിച്ചേല്‍പ്പിക്കപ്പെടരുത്. ജീവിതത്തിന്റെ എല്ലാ തുറകളിലും അവര്‍ക്ക് തുല്യ നീതി ലഭ്യമാക്കണം. * വിശ്വാസം തന്നെ ഇല്ലാത്തവരുടെമേല്‍ ധാര്‍മിക മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. *തുര്‍ക്കിയും മുസ്‌ലിം ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഷ്ട്രീയ ലാഭം നേടുകയെന്നതിലപ്പുറം അച്ചടക്കപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. മറ്റൊരു നിലക്കു പറഞ്ഞാല്‍, ലോകത്ത് നീതി നിഷേധിക്കപ്പെടുന്നവര്‍ക്കെല്ലാം അവരുടെ പശ്ചാത്തലം നോക്കാതെ പിന്തുണ നല്‍കാന്‍ തുര്‍ക്കി മുന്നോട്ടു വരണം. * കുര്‍ദുകള്‍, അര്‍മീനിയക്കാര്‍ പോലെയുള്ള വിമത ഗ്രൂപ്പുകളുമായി തുറന്ന സൗഹൃദ ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ വഴിയൊരുക്കുകയും വേണം. *ശാസ്ത്രവും മതവും സമന്വയിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനമായിരിക്കും തുര്‍ക്കിയുടെ ഭാവിയെ നിര്‍മിക്കാന്‍ സഹായിക്കുക. അതിനായി പ്രവര്‍ത്തനങ്ങളുണ്ടാവണം. *രാജ്യത്ത് സമാധാനപൂര്‍ണമായ വിയോജിപ്പുകളും നിരൂപണങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം പ്രോത്സാഹിപ്പിക്കപ്പെടണം. അധികാരത്തിലുള്ളവര്‍ പൊതുജന താല്‍പര്യം മനസ്സിലാക്കാന്‍ തങ്ങളുടെ ശത്രുക്കളെ പോലും കാണാന്‍ തയ്യാറാവണം. * പരാജയപ്പെട്ട അട്ടിമറി ശ്രമത്തില്‍ പങ്കാളികളെന്ന് വിശ്വസിക്കുന്നവരുമായി ചര്‍ച്ചയിലൂടെയും അനുരജ്ഞനത്തിലൂടെയും പരിഹാരത്തിലേക്ക് പോവണം. അല്ലാതെ ഗുലാന്റെ ആളുകളെയെല്ലാം ശത്രുക്കളായി പ്രഖ്യാപിക്കരുത്. * അയല്‍പക്ക രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കണം. ഇത് നുഴഞ്ഞുകയറ്റം പോലെയുള്ള ഭീഷണിയെ നിയന്ത്രിക്കാന്‍ വഴി തുറക്കും. * മതപരമോ സാമൂഹികമോ ആയ പശ്ചാത്തലം നോക്കാതെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. വിവ. മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter