ധന്യം, സാത്വികം, പ്രതീക്ഷാനിര്‍ഭരം; ജിഫ്‌രി മുത്തുകോയ തങ്ങള്‍ ജീവിതം പറയുന്നു...
Muhammed Jifri Thangalസയ്യിദ് കുടുംബത്തിലെ പ്രമുഖനും ആഴമുള്ള കര്‍മശാസ്ത്ര പണ്ഡിതരില്‍ പ്രധാനിയുമാണ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരെ പോലെയുള്ളവരുടെ ശിഷ്യത്വം വരിക്കുകയും അവരുടെ സഹപ്രവര്‍ത്തകരായിക്കൊണ്ടുതന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ സേവനം നടത്തുകയും ചെയ്ത അദ്ദേഹത്തിന് കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ഇന്നലെകളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പങ്കുവെക്കാനുണ്ട്. പാറന്നൂര്‍ ഉസ്താദിന്റെ വിയോഗത്തിനു ശേഷം ഇന്ന് സമസ്തയുടെ ട്രഷറര്‍ സ്ഥാനം അലങ്കരിക്കുന്നു. അദ്ദേഹവുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണിവിടെ. ആദ്യഭാഗത്ത് കുടുംബം, ജീവിതം, അനുഭവം, പണ്ഡിത പരിചയം, മഹാന്മാരുടെ വഴികള്‍ തുടങ്ങി സ്വന്തം ജീവിതയാത്രയുമായി ബന്ധപ്പെട്ടാണ് സംസാരം കടന്നുപോകുന്നത്. സംസാരത്തിന്റെ രണ്ടാം ഭാഗത്ത് വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളില്‍ തന്റെ നിലപാടും വീക്ഷണവും അവതരിപ്പിക്കുന്നു. മുസ്‌ലിമിന്റെ സിനിമാ വാദങ്ങള്‍, മാപ്പിള സ്ത്രീയും സംവരണവും, സമ്മേളനങ്ങളുടെ അതിപ്രസരം, ത്വരീഖത്തുകളോടുള്ള ഇന്നത്തെ നിലപാടുകള്‍ തുടങ്ങി ഇന്ന് ചര്‍ച്ചകളില്‍ കത്തിനില്‍ക്കുന്ന പല വിഷയങ്ങളും കടന്നുവരുന്നു. ജനനം, കുടുംബം ആദ്യം നമുക്ക് തങ്ങളുടെ ജീവിതത്തില്‍നിന്നുതന്നെ സംസാരിച്ചു തുടങ്ങാം. ജനനവും കുടുംബവും? 1957 ല്‍ മലപ്പുറം ജില്ലയിലെ കുളപ്പുറം ഇരുമ്പുചോലയില്‍ മാതാവിന്റെ വീട്ടിലാണ് ജനനം. പതിവുപോലെ സാധാരണ കുടുംബത്തില്‍. ചെറുമുക്കാണ് നാട്. അവിടെയാണ് കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. സയ്യിദ് ഹുസൈന്‍ ജിഫ് രി പൂക്കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്. മാതാവ് കടലുണ്ടി ജമലുല്ലൈലി കുടുംബത്തിലേക്ക് ചെന്നുചേരുന്ന കുടുംബത്തില്‍ പിറന്ന ഫാത്വിമ ചെറിയ ബീവി. അവരുടെ കുടുംബം ഇരുമ്പുചോലയിലായിരുന്നു. ഉപ്പ മരിച്ചുപോയി. ഉമ്മ ഇന്നും ജീവിച്ചിരിപ്പുണ്ട്. ജിഫ്‌രി ഖബീല പ്രസിദ്ധമാണല്ലോ. അതിലെ പ്രമുഖരായിരുന്നു ഉപ്പാപ്പമാര്‍. കേരളത്തിലെ ജിഫ്‌രി ഖബീലയുടെ ആഗമനത്തെയും വികാസത്തെയും കുറിച്ച് ധാരാളം പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ടല്ലോ. അതില്‍നിന്നും അത് ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയും. മമ്പുറം തങ്ങളുടെ കാലത്ത് കേരളത്തിലെത്തി കൊടിഞ്ഞിയെ കേന്ദ്രീകരിച്ച് ജീവിക്കുകയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്ന സയ്യിദ് ഹുസൈന്‍ ജിഫ് രി തങ്ങളിലേക്കാണ് ഞങ്ങളുടെ കുടുംബം നേരെ ചെന്നുചേരുന്നത്. മമ്പുറം തങ്ങളുടെ നിര്‍ദേശ പ്രകാരം ഇവിടെയെത്തിയ പ്രമുഖനായിരുന്നു അദ്ദേഹം. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കൊടിഞ്ഞിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ജിഫ് രിയെക്കുറിച്ച് ഒരു മനോഹരമായ മൗലിദ് രചിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹത്തെക്കുറിച്ച് ആഴത്തില്‍ പരാമര്‍ശങ്ങള്‍ കാണാം. കൊടിഞ്ഞി ജിഫ് രിയുടെ ചരിത്രം പഠിക്കാന്‍ നല്ലൊരു രേഖയാണിത്. പാങ്ങില്‍ ഉസ്താദ് ഈ മൗലിദ് രചിക്കാന്‍ ഒരു പ്രത്യേക കാരണം പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിന് അസഹ്യമായൊരു രോഗം പിടിപെട്ടു. പല ചികിത്സകള്‍ നടത്തിയിട്ടും ഭേദമായില്ല. അങ്ങനെ അദ്ദേഹം കൊടിഞ്ഞി ജിഫ് രിയെക്കുറിച്ച് ഒരു മൗലിദ് രചിക്കാന്‍ നേര്‍ച്ചയാക്കി. താമസിയാതെ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിട്ടൊഴിയുകയും ചെയ്തു. അങ്ങനെയാണ് ഈ മൗലിദ് പിറവിയെടുക്കുന്നത്. കുടുംബത്തിന്റെ പില്‍ക്കാല ചരിത്രം? എങ്ങനെയാണ് അവരുടെ കുടുംബവേരുകള്‍ നാട്ടിലാകെ വ്യാപിക്കുന്നത്? കൊടിഞ്ഞിയില്‍നിന്നും പിന്നീട് കുടുംബങ്ങള്‍ പല നാടുകളിലേക്കും മാറിത്താമസിച്ചു. എന്റെ കുടുംബത്തിന്റെ കഥ ഞാന്‍ പറയാം. എന്റെ ഉപ്പാപ്പ ഹസന്‍ ചെറുകുഞ്ഞി കോയ തങ്ങള്‍ അവിടെനിന്നും ചെറുമുക്കിലേക്ക് വന്നു. പിന്നീട് കുണ്ടൂരിലേക്കു മാറി. അവിടെയാണ് അവദ്ദേഹം മറവിട്ടുകിടക്കുന്നത്. മിശ്ക്കാത്തും ഫത്ഹുല്‍ മുഈനും ഓതിയ അന്നത്തെ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. ചികിത്സകളൊന്നും ധാരാളമായി ഉണ്ടായിരുന്നില്ല. വരുന്നവര്‍ക്ക് ഊതിക്കൊടുക്കും അത്രമാത്രം. ഉപ്പ സയ്യിദ് ഹുസൈന്‍ ജിഫ് രി തങ്ങളും പഠിച്ച ആളാണ്. എന്നാലും സാമൂഹിക രാഷ്ട്രീയ മേഖലകളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. എന്നെ പഠിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലുമെല്ലാം വലിയ ഉത്സാഹം കാണിച്ചിരുന്നു. ചെറുമുക്കിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പിന്നീട് അവിടെനിന്നും മാറിത്താമസിച്ച അദ്ദേഹത്തിന്റെ ഖബര്‍ പതിനാറുങ്ങലാണ് സ്ഥിതി ചെയ്യുന്നത്. വീട്ടിലെ വര്‍ത്തമാനങ്ങള്‍? ഞങ്ങള്‍ പത്തു മക്കളാണ്. അഞ്ചു ആണും അഞ്ചു പെണ്ണും. ഞാനാണ് ഏറ്റവും മൂത്തത്. സയ്യിദ് ഫസല്‍ ജിഫ് രി, സയ്യിദ് ഹസന്‍ ജിഫ് രി, സയ്യിദ് ശാജി നിസാം ജിഫ് രി, സയ്യിദ് അനീസ് ജിഫ് രി തുടങ്ങിയവരാണ് സഹോദരങ്ങള്‍. അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, ചികിത്സ തുടങ്ങി പല മേഖലകളിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ആഴത്തിലുള്ള മത പഠന രംഗത്തും തദ് രീസ് രംഗത്തും മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോയത് ഞാന്‍ മാത്രം. പ്രാഥമിക വിദ്യാഭ്യാസം? സമസ്തയുടെ മദ്‌റസ പ്രസ്ഥാനം സമാരംഭം കുറിച്ചതിനു ശേഷമായിരുന്നു എന്റെ മതപഠന കാലത്തിന്റെ തുടക്കം. ആയതിനാല്‍, ആദ്യകാലത്തെ ഓത്തുപള്ളി സംവിധാനങ്ങളൊന്നും കൂടുതല്‍ പരിചയപ്പെടാന്‍ അവസരമുണ്ടായിട്ടില്ല. 1960 കളുടെ തുടക്കം ഇന്നത്തേതുപോലെയുള്ള വ്യവസ്ഥാപിത മദ്‌റസ സംവിധാനം പ്രായോഗിക തലത്തില്‍ വന്നുതുടങ്ങിയ ഘട്ടമായിരുന്നല്ലോ. ചെറുമുക്കിലെ റൂഹുല്‍ ഇസ്‌ലാം മദ്‌റസയിലായിരുന്നു പഠന തുടക്കം. കണ്ണംഗലം കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരായിരുന്നു അന്ന് അവിടത്തെ സ്വദര്‍. നല്ല കഴിവുള്ള ഒരു ഉസ്താദായിരുന്നു അദ്ദേഹം. അദ്ദേഹം മദ്‌റസയില്‍ വന്നതോടെ അത് എല്ലാ അര്‍ത്ഥത്തിലും പരിഷ്‌കരിച്ച് വ്യവസ്ഥാപിതമാക്കി. പിരീഡ് സിസ്റ്റംവരെ അന്ന് ആ മദ്‌റസയില്‍ ഉണ്ടായിരുന്നു. ഓരോ വിഷയവും ഓരോ ഉസ്താദുമാരാണ് പഠിപ്പിച്ചിരുന്നത്. ഇന്ന് പലയിടങ്ങളിലും ഉള്ളപോലെ ഒരു ഉസ്താദ് തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന രീതി അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതേസമയം, എല്ലാ ക്ലാസിലും സ്വദര്‍ ഉസ്താദിന് ഒരു വിഷയവും ഉണ്ടായിരുന്നു. മദ്‌റസയിലെ എല്ലാ കുട്ടികളോടും നേരിട്ട് ബന്ധമുണ്ടാകാനായിരുന്നു ഇത്. വളരെ മാതൃകാപരമായ ഒരു സംവിധാനമായിരുന്നു ഇത്. ഇന്ന് ഇതെല്ലാം മാറിപ്പോയി. അന്നത്തെ ആ രീതിയായിരുന്നു കൂടുതല്‍ മനോഹരം. പറവണ്ണയുടെ സിലബസായിരുന്നുവല്ലോ അന്ന് ഉണ്ടായിരുന്നത്. ഉള്ളടക്കംകൊണ്ട് സമൃദ്ധമല്ലെങ്കിലും ഉള്ളത് വളരെ മനോഹരമായിരുന്നു. ദീനിയ്യാത്ത്, അമലിയ്യാത്ത്, താരീഖ്, അഖ്‌ലാഖ്, തജ് വീദ്, ഖുര്‍ആന്‍ തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. സൈദലവി മൊല്ല, സി. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ചെറുമുക്ക്), ബീരാന്‍ മുസ്‌ലിയാര്‍ (ചെറുമുക്ക്) തുടങ്ങിയവരായിരുന്നു അന്ന് മദ്‌റസയില്‍ പഠിപ്പിച്ചിരുന്ന മറ്റു ഉസ്താദുമാര്‍. മദ്‌റസക്കാലത്തെ ജീവിത ഓര്‍മകള്‍? ഏകദേശം ഇന്നത്തേതുപോലെത്തന്നെ നബിദിന ആഘോഷ പരിപാടികള്‍ നടന്നിരുന്ന കാലമായിരുന്നു അത്. അന്നത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പരിമിതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്‌റസ വിദ്യാര്‍ത്ഥികളുടെ ജാഥ ഉണ്ടാകും. അതില്‍ അഹ്‌ലന്‍ വ സഹ്‌ലന്‍ എന്നും മറ്റും എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിക്കും. ഈന്തിന്‍ പട്ടകൊണ്ടുണ്ടാക്കിയ കൊടിയുണ്ടാകും. മദ്‌റസയും പരിസരവും തോരണങ്ങള്‍കൊണ്ട് അലങ്കരിക്കും. അന്ന് മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന കാലത്ത് റബീഉല്‍ അവ്വലിന് സ്‌റ്റേജില്‍ കയറി ഒരു ഉഗ്രന്‍ പ്രസംഗം നടത്തിയ ഓര്‍മയുണ്ട്. ഉസ്താദ് സുഹൃത്തിന് എഴുതിക്കൊടുത്ത പ്രസംഗം ആരുമറിയാതെ സ്വന്തമാക്കി കാണാതെ പഠിക്കുകയായിരുന്നു. പ്രസംഗ ദിവസം എല്ലാവരും അല്‍ഭുതപ്പെട്ടുപോയി. സ്‌കൂള്‍ പഠന കാല ഓര്‍മകള്‍? കുണ്ടൂര്‍ എല്‍.പി. സ്‌കൂളിലാണ് ഒന്നു മുതല്‍ നാലുവരെ പഠിച്ചത്. അഞ്ചു മുതല്‍ ഏഴു വരെ തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍. അന്ന് അതോടൊപ്പം ദര്‍സ് പഠനവും ഉണ്ടായിരുന്നു. ഒരേ സമയം തന്നെ മതവും ഭൗതികവും പഠിക്കാനുള്ള ഇന്നത്തേതു പോലെയുള്ള സംരംഭങ്ങളൊന്നും അന്ന് വേണ്ടവിധത്തില്‍ വികസിച്ചിട്ടില്ലല്ലോ. ഭൗതികത്തില്‍ മുഴുകുന്നതിനെക്കാള്‍ മതത്തില്‍ മുഴുകാനായിരുന്നു കൂടുതല്‍ കമ്പം. അതിനാല്‍, സ്‌കൂള്‍ പഠനത്തോടൊപ്പം ദര്‍സ് പഠനവും മുന്നോട്ടുകൊണ്ടുപോയി. ഏഴാം തര പഠനം കൊണ്ട് സ്‌കൂള്‍ അദ്ധ്യാപകനാവാന്‍ പറ്റുന്ന കാലമായിരുന്നു അത്. മറ്റു നിയമങ്ങളെല്ലാം അതിനു ശേഷമാണ് വരുന്നത്. അന്നത്തെ സ്‌കൂള്‍ പഠനത്തില്‍ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വല്ലാത്ത സ്‌നേഹവും അടുപ്പവുമുണ്ടായിരുന്നു. ഗുരുശിഷ്യ ബന്ധവും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. രാമന്‍ കുട്ടി മാഷ് എന്റെ അന്നത്തെ ഒരദ്ധ്യാപകനാണ്. ഇന്നും അദ്ദേഹം വലിയ ബി.ജെ.പി പ്രവര്‍ത്തകനും മറ്റുമായി കഴിയുന്നു. പക്ഷെ, എപ്പോഴും കണ്ടാല്‍ വല്ലാതെ ബഹുമാനിക്കും. ഞാന്‍ മുദരിസായതിനു ശേഷവും ബസിലും മറ്റും വെച്ച് കണ്ടുമുട്ടിയാല്‍ ഞാന്‍ വേഗം എഴുന്നേറ്റുകൊടുക്കും. പക്ഷെ, സാര്‍ അതിനനുവദിക്കില്ല. മനേ.. എന്നാണ് സാര്‍ വിളിക്കുക. സാര്‍ പറയും: മനേ, എന്നെ കണ്ടിട്ട് തങ്ങള്‍ എണീക്കരുത്. ഈ രാമന്‍ കുട്ടിനെ കണ്ട് തങ്ങള്‍ എഴുന്നേറ്റുവെന്ന് ആളുകള്‍ പറയും. ഞാന്‍ പറയും, എങ്കില്‍ നമുക്ക് രണ്ടു പേര്‍ക്കും ഒന്നിച്ചിരിക്കാമെന്ന്. അങ്ങനെ മൂന്നാളുകള്‍ ഇരിക്കുന്ന സീറ്റില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കും. വല്ലാത്തൊരു ബന്ധമായിരുന്നു ഇത്. ക്രിത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ബന്ധമല്ല. ഒരു ഗുരുവിനോട് ശിഷ്യനുണ്ടാവുന്ന സ്വാഭാവികമായ വികാരമായിരുന്നു. അതുകൊണ്ടുതന്നെ, അത്തരം ബന്ധങ്ങള്‍ ഒരിക്കലും മുറിച്ചമാറ്റുക സാധ്യമല്ല. മൊയ്തീന്‍ കുട്ടി മാസ്റ്ററായിരുന്നു ഒന്നാം ക്ലാസിലെ അദ്ധ്യാപകന്‍. നാട്ടുകാരനായിരുന്ന അദ്ദേഹത്തിന് എന്നോട് വലിയ കാര്യമാണ്. നാലാം ക്ലാസ് വരെ ഞാന്‍ ഉച്ച ഭക്ഷണം അദ്ദേഹത്തിന്റെ വീട്ടില്‍നിന്നാണ് കഴിച്ചിരുന്നത്. മാസ്റ്റര്‍ ഉച്ചക്ക് വീട്ടില്‍ പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടാറായിരുന്നു പതിവ്. അധിക വീടുകളിലും അന്ന് ചോറ് ഉണ്ടാകുമായിരുന്നില്ല. കഞ്ഞിയാണ് അധികമാളുകളും കുടിച്ചിരുന്നത്. അതിനുള്ള വകയേ ഉണ്ടാകുമായിരുന്നുള്ളൂ. അതിനാല്‍ ഞാന്‍ സാറോടൊപ്പം വീട്ടില്‍ പോകും. അദ്ദേഹം എന്നെ വയര്‍ നിറയെ ഭക്ഷിപ്പിക്കും. ഒരു തങ്ങളെന്ന നിലക്കും അദ്ദേഹത്തിന് വല്ലാത്ത താല്‍പര്യമായിരുന്നു. സൂഫിക്കുട്ടി മാഷാണ് രണ്ടാം ക്ലാസില്‍നിന്നും പഠിപ്പിച്ചത്. അദ്ദേഹവും ഒരു പാട് നല്ല ഗുണങ്ങള്‍ക്കുടമയായിരുന്നു. വലിയ താടിയും തലപ്പാവും വെച്ചിരുന്ന അദ്ദേഹം തസ്ബീഹ് മാലയുമായാണ് സ്‌കൂളില്‍ വന്നിരുന്നത്. ക്ലാസെടുക്കുമ്പോള്‍ ഖുര്‍ആനിലെ കഥകളും ഹിന്ദു പുരാണങ്ങളിലെ കഥകളും വരെ പറഞ്ഞുതരും. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തോട്. ഹിന്ദു കുട്ടികളും മുസ്‌ലിംകുട്ടികളുമെല്ലാം അദ്ദേഹത്തിന്റെ കഥകള്‍ കേട്ടിരിക്കും. കുട്ടികളില്‍ പ്രത്യേകം തര്‍ഗീബും (താല്‍പര്യം) തര്‍ഹീബും (ഭീതി) സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. ആ സംഭവങ്ങളെല്ലാം ഇന്നലെ സംഭവിച്ചപോലെ ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അബു മാഷാണ് മറ്റൊരാള്‍. ഞാന്‍ പറഞ്ഞുവരുന്നത് അന്നത്തെ അദ്ധ്യാപകര്‍ പോലും ഇന്നത്തേതില്‍നിന്നും പല നിലക്കും ഭിന്നമാണെന്നാണ്. കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും അവര്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ്. പിന്നെ, നടക്കുന്ന ക്ലാസുകളും വളരെ ആഴത്തിലാണ് നടന്നിരുന്നത്. ഇന്നത്തേതു പോലെ കുറേ വിഷയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് നല്ലപോലെ പഠിപ്പിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അന്ന് ഭൗതിക വിദ്യാഭ്യാസ രംഗത്തേക്ക് താല്‍പര്യം കാട്ടി മുന്നോട്ടു വന്നിരുന്നില്ലെന്ന് ആരോപണമുണ്ടല്ലോ. അതിനെക്കുറിച്ച് എന്തു പറയുന്നു? താല്‍പര്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൂടാ. പക്ഷെ, പലരും ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുന്നോട്ടു പോയില്ലായെന്നത് ശരിയാണ്. അതിനു കാരണം താല്‍പര്യമില്ലാത്തതല്ല. അന്നത്തെ സാമ്പത്തികമായ ചുറ്റുപാടാണ് പ്രധാന കാരണം. പിന്നെ, ഭൗതിക വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ച് വലിയ കാഴ്ചപ്പാടുമുണ്ടായിരുന്നില്ല പലര്‍ക്കും. നാലു വരെ പഠിക്കുമ്പോഴേക്ക് പിതാവിനോടൊപ്പ വീട്ടിലെ പശ്ണിക്ക് വക കാണാന്‍ എന്തെങ്കിലും ജോലി നോക്കി പോകാന്‍ തുടങ്ങും. അതായിരുന്നു അന്നത്തെ പതിവ്. നാലാം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ബിസ്‌കറ്റ് കമ്പനിയിലേക്കോ മറ്റോ പോവുകയാണ് പല കുട്ടികളും ചെയ്യുക. വീട്ടില്‍ അത്യാവശ്യം പണവും കഴിവും ഉള്ളവരുടെ മക്കള്‍ തുടര്‍പഠനത്തിനു പോയിരുന്നു. അവരെല്ലാവരുംതന്നെ സ്വന്തം താല്‍പര്യംകൊണ്ട് പോയതുമായിരുന്നില്ല. പിന്നെ, ഇന്നത്തേതു പോലെ അടുത്തടുത്തൊന്നും സ്‌കൂളുകളും ഉണ്ടാവില്ല. നാലു പഞ്ചായത്തുകളില്‍ ഒരിടത്തൊക്കെയാണ് ഒരു ഹൈസ്‌കൂള്‍ ഉണ്ടാവുക. അവിടത്തേക്കു കുട്ടികള്‍ക്ക് നടന്നുപോവുകയെന്നതും വലിയ പ്രയാസമുള്ള കാര്യമായിരുന്നു. ജനങ്ങള്‍ വിദ്യാഭ്യാസത്തിന് എതിരായിരുന്നുവെന്ന് പറയുന്നതിലും ഭേദം അന്നത്തെ ചുറ്റുപാടും സാഹചര്യങ്ങളും അവരെ അങ്ങനെയാക്കി എന്നുവേണം മനസ്സിലാക്കാന്‍. മതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ചുവടുകള്‍ വലിയ പണ്ഡിതന്മാരൊന്നും അധികമില്ലാത്ത ഒരു കുടംബത്തില്‍നിന്നും ആഴത്തിലുള്ള ദീനീ പഠന മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാനുണ്ടായ പ്രത്യേക പ്രചോദനങ്ങള്‍ എന്തായിരുന്നു? എന്റേത് ഒരു പണ്ഡിത കുടുംബമല്ലായെന്നത് ശരി തന്നെ. പക്ഷെ, ഉപ്പയും ഉപ്പാപ്പയുമെല്ലാം കിത്താബോതിപ്പഠിച്ച ആളുകളായിരുന്നു. അന്നത്തെ പതിവു പോലെ മക്കളെ കൂടുതല്‍ പഠിപ്പിക്കണമെന്നും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. വീട്ടിലെ ആ ദീനീ അന്തരീക്ഷമാണ് എന്നെ വളര്‍ത്തിയത്. അതോടൊപ്പം, സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ പി. കുഞ്ഞീന്‍ മുസ്‌ലിയാരെ പോലെയുള്ളവര്‍ മത മേഖലയില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു. ഞാന്‍ തിരൂരങ്ങാടി സ്‌കൂളില്‍ പോകുന്ന കാലം. അദ്ദേഹം എന്നെ കണ്ടാല്‍ അടുത്തു വിളിക്കും. പല കാര്യങ്ങളും സംസാരിക്കും. ഒരുപക്ഷെ, ആ സംസാരങ്ങളില്‍നിന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം എന്നെ പഠിക്കാന്‍ അയച്ചാല്‍ ഞാന്‍ ഉഷാറായി വരുമെന്ന്. അങ്ങനെ, ഇക്കാര്യം അദ്ദേഹം എന്റെ ഉപ്പയെ ഉണര്‍ത്തുകയും ചെയ്തു. കൂടാതെ, എം.എം. ബശീര്‍ മുസ്‌ലിയാരും ഒരു കാരണക്കാരനാണ്. അദ്ദേഹം ഇടക്കിടെ എന്റെ വീട്ടില്‍ വരുമായിരുന്നു. കൊണ്ടോട്ടിയിലാണ് അദ്ദേഹം അന്ന് ദര്‍സ് നടത്തിയിരുന്നത്. വീട്ടില്‍ വരുമ്പോഴെല്ലാം മകനെ മുസ്‌ലിയാരാക്കണമെന്നും അവനെ കൊണ്ടോട്ടിയിലെ എന്റെ ദര്‍സില്‍ കാണ്ടുവന്ന് ചേര്‍ക്കണമെന്നും എന്റെ പിതാവിനോട് ആവശ്യപ്പെടും. ഇതെല്ലാമാവണം എനിക്ക് മത വിദ്യാഭ്യാസ മേഖലയില്‍ മുന്നോട്ടു പോവാന്‍ തൗഫീഖ് കൈവന്നത്. ദര്‍സ് രംഗത്തേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു? ഔദ്യോഗികമായി ദര്‍സ് മേഖലയില്‍ സജീവമാകുന്നതിനു മുമ്പ് ചെറിയ നിലക്ക് നാട്ടിലെ പള്ളിയില്‍ നടന്ന ദര്‍സിലും പോകാറുണ്ടായിരുന്നു. സ്‌കൂളില്‍ പോയിരുന്ന കാലത്തുതന്നെയായിരുന്നു ഇത്. ഒഴിവു വേളകളിലും രാത്രിയിലുമാണ് പലപ്പോഴും ഇതുണ്ടാവുക. കരുവന്‍ തിരുത്തി ഉമര്‍ കോയ മുസ്‌ലിയാര്‍ ചെറുമുക്ക് ദര്‍സ് നടത്തിയിരുന്ന കാലം അദ്ദേഹത്തിനു കീഴില്‍ ഒരു വര്‍ഷം പഠിച്ചിട്ടുണ്ട്. മദ്‌റസ പഠനം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷമായിരുന്നു ഇത്. ഇദ്ദേഹം പിന്നീട് കുറേ കാലം മാവൂരില്‍ ദര്‍സ് നടത്തുകയുണ്ടായി. മാവൂരിലെ മുദരിസ് എന്ന നിലക്കാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വലിയ പണ്ഡിതനായിരുന്ന അദ്ദേഹം മരിച്ചുപോയി. കരിങ്ങനാട് കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുണ്ടൂര്‍ ദര്‍സ് നടത്തിയപ്പോള്‍ അവിടെയും ഒരു വര്‍ഷത്തോളം പഠിച്ചു. അന്ന് അവിടെ എന്റെ എളാപ്പയുടെ വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഏകദേശം പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ളപ്പോഴായിരുന്നു ഈ പഠനങ്ങളെല്ലാം. ദര്‍സിലെ ഒരു നാട്ടുവിദ്യാര്‍ത്ഥി മാത്രമായിട്ടായിരുന്നു ഇക്കാലത്ത് അവിടങ്ങളില്‍ പോയിരുന്നത്. അത്ര സജീവമായിരുന്നില്ലായെന്ന് ചുരുക്കം. ദര്‍സ് ജീവിതം ഔദ്യോഗിക ദര്‍സ് ജീവിതത്തിന്റെ പ്രാരംഭം? മര്‍ഹൂം പി. കുഞ്ഞീന്‍ മുസ്‌ലിയാര്‍, മൂന്നിയൂര്‍ എന്ന പണ്ഡിതന്റെ ദര്‍സിലാണ് ഞാന്‍ ആദ്യമായി ഒരു ഔദ്യോഗിക ദര്‍സ് വിദ്യാര്‍ത്ഥിയായി കടന്നുവരുന്നത്. ശംസുല്‍ ഉലമയുടെ പ്രമുഖ ശിഷ്യന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, എന്റെ സജീവമായ ആറു വര്‍ഷത്തെ ദര്‍സ് ജീവിതം പൂര്‍ണമായും അദ്ദേഹത്തിന്റെ ദര്‍സില്‍തന്നെയായിരുന്നു. ഉപ്പാക്ക് അദ്ദേഹത്തോടുള്ള വളരെ അടുത്ത ബന്ധമാണ് കൊണ്ടോട്ടിയില്‍ ബശീര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ പോകുന്നതിനു പകരം അദ്ദേഹത്തിന്റെ ദര്‍സിലേക്കു എന്നെ കൊണ്ടെത്തിച്ചത്. ദാറുല്‍ ഹുദായുടെ പോലും തുടക്കകാലത്ത് ബാപ്പുട്ടി ഹാജിയോടും മറ്റും കൂടെ വീടു വീടാന്തരം കയറിയിറങ്ങി അതിനെ പ്രചരിപ്പിച്ച പ്രമുഖരില്‍ ഒരാളാണദ്ദേഹം. ദാറുല്‍ ഹുദാക്കു വേണ്ടി ആദ്യ കാലങ്ങളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നതും അ്‌ദ്ദേഹമാണ്. തദ് രീസില്‍ അപാരമായ കഴിവായിരുന്നു അദ്ദേഹത്തിന്. ഒരു ക്ലാസിനും പ്രത്യേകം തയ്യാറാവുന്ന ശൈലി ഉണ്ടായിരുന്നില്ല. എന്നാലും വളരെ ഗഹനമായിത്തന്നെ ക്ലാസെടുക്കാന്‍ കഴിയുമായിരുന്നു. കുട്ടികള്‍ക്കെല്ലാം അദ്ദേഹത്തിന്റെ ക്ലാസ് വളരെ ഇഷ്ടമാവും. ശംസുല്‍ ഉലമ പോലും അദ്ദേഹത്തിന്റെ തദ് രീസിനെ പല തവണ പ്രശംസിച്ചിട്ടുണ്ട്. പുതിയ കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ കുഞ്ഞീന്‍ പറഞ്ഞ ക്ലാസില്‍ അവരെ ഇരുത്തിയാല്‍ മതി എന്നാണ് ശംസുല്‍ ഉലമ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ദര്‍സില്‍നിന്നും വന്നിരുന്ന കുട്ടികളെ പിന്നീട് സെലക്ഷനുവേണ്ടി പരീക്ഷയെഴുതിപ്പിച്ചിരുന്നില്ല. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം. ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ഇമ്പിച്ച്യാലി മുസ്‌ലിയാര്‍, പെരിങ്ങത്തൂര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമ തുടങ്ങിയവര്‍ ഉസ്താദുമാരാണ്. ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു കുഞ്ഞീന്‍ മുസ്‌ലിയാര്‍. പലപ്പോഴും കുപ്പായം ധരിച്ചിരുന്നില്ല. ക്ലാസ് കഴിഞ്ഞാല്‍ അങ്ങാടിയില്‍ പോയി ആളുകളുമായി ഇടപഴകും. നാട്ടിലെ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കും. അധികമാളുകളെയും അദ്ദേഹത്തിന് പരിചയമാണ്. വീടുകളിലെ പരിപാടികളിലും സജീവമായി ഉണ്ടാവും. നാട്ടിലെ ഹരിജനങ്ങളുടെ കല്യാണങ്ങളില്‍വരെ സാന്നിദ്ധ്യമറിയിക്കും. പല തെമ്മാടികളെയും തന്റെ സഹവാസത്തിലൂടെ അദ്ദേഹം നന്നാക്കിയിട്ടുണ്ട്. പണ്ഡിതനായിരുന്ന അദ്ദേഹം പുതുപ്പറമ്പ് പള്ളിയില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെയാണ് മരണപ്പെട്ടത്. മൂന്നിയൂര്‍ ചെനക്കല്‍ പള്ളിയിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്. അബുല്‍ ബുശ്‌റാ പി. കുഞ്ഞീന്‍ മുസ്‌ലിയാര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുഞ്ഞീന്‍ എന്നത് മാഹീന്‍ എന്നതില്‍നിന്ന് ലോപിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. മാഹീന്‍ എന്നത് കുഞ്ഞി മാഹീന്‍ ആവുകയും പിന്നീടത് കുഞ്ഞീനാവുകയും ചെയ്യുകയായിരുന്നുവത്രെ. അല്‍ഫിയ മുതല്‍ ജംഅ് ഒന്നാം ഭാഗം വരെയുള്ള ഏകദേശം എല്ലാ കിത്താബുകളും ഉസ്താദിന്റെ ദര്‍സില്‍വെച്ചാണ് ഞാന്‍ പഠിക്കുന്നത്. ശര്‍ഹുത്തഹ്ദീബ്, മുഖ്തസ്വര്‍, റശീദിയ്യ, ഉഖ്‌ലൈദിസ്, ഖുലാസ്വ, നുഖ്ബ തുടങ്ങി എല്ലാം അതില്‍ പെടും. ജലാലൈനി അവിടെനിന്നും ഓതിയിട്ടില്ല. എനിക്ക് അത് ഓതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാ കുട്ടികളും തഫ്‌സീര്‍ ഓതുമ്പോള്‍ ഞാനത് കണ്ട് ആശിച്ചുനിന്നു. അല്‍ഫിയയും ഫത്ഹുല്‍ മുഈനും കഴിഞ്ഞതോടെ മറ്റു കുട്ടികളെയെല്ലാം ഉസ്താദ് തഫ്‌സീറിന്റെയും മിശ്കാത്തിന്റെയും ക്ലാസില്‍ കൂട്ടി. പക്ഷെ, എന്നോട് അത് ഓതേണ്ടതില്ലായെന്ന് പറഞ്ഞു. പകരം, ശര്‍ഹുത്തഹ്ദീബും ഉഖ്‌ലൈദിസുമെല്ലാം ശരിക്കു പഠിക്കാന്‍ പറഞ്ഞു. അതിനു ശേഷം തഫ്‌സീറെടുത്ത് ഓതിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. എനിക്ക് തഫ്‌സീര്‍ സ്വന്തമായിത്തന്നെ ഓതാന്‍ കഴിയുമെന്ന് ഉസ്താദ് മനസ്സിലാക്കിയതുകൊണ്ടാവാം അന്ന് അങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഉണ്ടായ ചില സംഭവങ്ങളില്‍നിന്നും എനിക്ക് മനസ്സിലായി. അക്കാലത്ത് മലപ്പുറം ഭാഗത്തെ ഒരു ചെറിയ ദര്‍സില്‍ യാദൃച്ഛികമായി ഞാന്‍ എത്തിപ്പെടുകയായിരുന്നു ഒരു ദിവസം. രാത്രിയായിരുന്നതിനാല്‍ അവിടത്തെ ഉസ്താദുമായി സംസാരിച്ച് അന്ന് അവിടെ തങ്ങി. രാവിലെ അവിടെ ജലാലൈനി ക്ലാസ് തുടങ്ങുന്ന സമയം. അവിടത്തെ ഉസ്താദ് എന്നെയും ക്ലാസിലേക്കു ക്ഷണിച്ചു. ഒരു വിദ്യാര്‍ത്ഥിയാണ് ഇബാറത്തുകള്‍ വായിച്ചുകൊടുത്തിരുന്നത്. അതില്‍ ഭീമമായൊരു പിശക് പിണയുകയും അര്‍ത്ഥം വെക്കുന്നതില്‍ തെറ്റ് സംഭവിക്കുകയും ചെയ്തു. അതെന്നെ വ്യാകുലനായിക്കി. അതോടെ ഞാന്‍ എന്റെ ദര്‍സിലേക്കു തന്നെ ചെന്നു. കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ ഉപ്പാക്ക് പരിചയമുള്ള ഒരു തുണിക്കടയില്‍നിന്നും പണം കടം വാങ്ങിയാണ് അന്ന് ബസ് ചാര്‍ജ് നല്‍കിയിരുന്നത്. തിരിച്ചെത്തിയ ഞാന്‍ കുഞ്ഞീന്‍ ഉസ്താദിനോട് സംഭവം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് നീ അത് ഓതേണ്ടതില്ലായെന്ന് ഞാന്‍ പറഞ്ഞത് എന്നായിരുന്നു ഉസ്താദിന്റെ പ്രതികരണം. ഇതുപോലെ പലപ്പോഴും ഉസ്താദ് എന്നെ പ്രശംസിച്ചിരുന്നു. ഈ ആറു വര്‍ഷം മാത്രമാണോ ഉസ്താദിന്റെ ദര്‍സ് പഠനം? മറ്റേതെങ്കിലും രീതിയില്‍ ദര്‍സ് പഠനം ഉണ്ടായിരുന്നോ? തീര്‍ച്ചയായും. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദര്‍സിലും ഞാന്‍ ഓതിയിട്ടുണ്ട്. അതുപക്ഷെ, പ്രത്യേക ഒഴിവു സമയങ്ങളില്‍ മാത്രമായിരുന്നു. പണ്ടുമുതല്‍തന്നെ ദര്‍സ് പൂട്ടുന്ന ശഅ്ബാന്‍, റമദാന്‍ കാലങ്ങളില്‍ ഞാന്‍ ഏതെങ്കിലുമൊരു കിത്താബുമായി ബാപ്പു മുസ്‌ലിയാരുടെ അടുത്തുപോകുമായിരുന്നു. ഉസ്താദ് അതെനിക്ക് ഓതിത്തരുകയും ചെയ്യും. ശഅ്ബാന്‍ അഞ്ചു മുതല്‍തന്നെ ഇത് തുടങ്ങാറുണ്ട്. റമദാനില്‍ പല കാരണങ്ങളാല്‍ ക്ലാസ് കൂടുതല്‍ നടനനിരുന്നില്ല. ഈയൊരു ദര്‍സ് അനുഭവവും എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പിന്നീടൊരിക്കല്‍കൂടി ഞാന്‍ ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചിട്ടുണ്ട്. അത് വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അത് ശേഷം പറയാം. ഉപരിപഠനമേഖലയില്‍ ദര്‍സ് കാലത്തിനു ശേഷം ഉസ്താദിന്റെ ഉപരിപഠനം എങ്ങനെയായിരുന്നു? കുഞ്ഞീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം തഹസ്വീലിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കാണ് ഞാന്‍ പോയത്. ശംസുല്‍ ഉലമ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ അവിടെ അദ്ധ്യാപനം നടത്തിയ കാലമായിരുന്നു അത്. അന്ന് അവിടെ ആറാം ക്ലാസിലാണ് ഞാന്‍ ചേര്‍ന്നത്. ദര്‍സില്‍ വെച്ച് ജംഉല്‍ ജവാമിഅ് പൂര്‍ണമായി ഓതാത്തതിനാലായിരുന്നു ഇത്. മുഖദ്ദിമ മാത്രമാണ് കുഞ്ഞീന്‍ മുസ്‌ലിയാരില്‍നിന്നും പഠിച്ചിരുന്നത്. ആയതിനാല്‍ അത് പൂര്‍ണമായും ഓതിയെടുക്കാന്‍ മുഖതസ്വറില്‍ ഇരിക്കേണ്ടിയിരുന്നു. മാത്രവുമല്ല, നീ മുഥവ്വലില്‍ ചേരരുതെന്ന് ഉസ്താദ് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. അതിനു കാരണമായി ഉസ്താദ് പറഞ്ഞത് നീ നാലു വര്‍ഷം മൂപ്പരുടെ കീഴില്‍ പഠിക്കണമെന്നുള്ളതാണ്. ശംസുല്‍ ഉലമായുടെ കീഴില്‍ പഠിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയെന്നതാണ് ഉസ്താദ് ഉദ്ദേശിച്ചിരുന്നത്. ഏതായാലും പട്ടിക്കാട്ട് ചേരുകയും ക്ലാസുകള്‍ തുടങ്ങുകയും ചെയ്തു. ശംസുല്‍ ഉലമായുടെ ക്ലാസുകള്‍ പുതിയ അനുഭവമായിരുന്നു. കാലം കഴിഞ്ഞുപോയി. അതിനിടെയാണ് ഒരു സംഭവം അരങ്ങേറുന്നത്. ജാമിഅയിലെ വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമക്കു കീഴില്‍ അവിടത്തെ സിലബസ് പരിഷ്‌കരണത്തെക്കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നു. അതൊരു ആവശ്യമായി പ്രന്‍സിപ്പാളിനു മുമ്പില്‍ അവതരിപ്പിക്കാനും അവര്‍ തീരുമാനിച്ചു. ഞാന്‍ നൂറുല്‍ ഉലമ മെമ്പറായിരുന്നുവെങ്കിലും അത്തരം യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. പക്ഷെ, പലരും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാനും അതില്‍ ഒപ്പിട്ടു. വിവരമറിഞ്ഞ ശംസുല്‍ ഉലമ വളരെ ഗൗരവമായാണ് കുട്ടികളുടെ ഈയൊരു ആവശ്യത്തെ അഭുമുഖീകരിച്ചത്. ഇവിടെ പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂമിന്റെ സിലബസ് തന്നെ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആയതിനാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം പുറത്താക്കാന്‍ തീരുമാനമുണ്ടായി. സ്വാഭാവികമായും ഞാനും ആ കൂട്ടത്തില്‍ പുറത്ത് പോകേണ്ടി വന്നു. പക്ഷെ, താമസിയാതെത്തന്നെ എന്നെ തിരിച്ചെടുത്തു. എനിക്ക് വലിയ സന്തോഷമായി. ആ വര്‍ഷം കൂടി പഠിച്ച് മുഖ്തസ്വര്‍ പഠനം ഞാനവിടെ പൂര്‍ത്തിയാക്കി. ഇതാണ് ജാമിഅയിലെ എന്റെ പഠന കാലം. 1974-75 കാലങ്ങളിലായിരുന്നു ഇത്. ജീവിതത്തിലെ ഓര്‍മകള്‍ നിറഞ്ഞ അതിമനോഹരമായ ഒരു കാലമായിരുന്നു ഇത്. വായിച്ചോതുന്ന ആളായിരുന്നതിനാല്‍ ഉസ്താദുമാര്‍ക്കെല്ലാം എന്നെ വലിയ കാര്യമായിരുന്നു. മുത്വവ്വലിലേക്കും എനിക്കവിടെ പ്രവേശനം ലഭിച്ചിരുന്നു. ഇക്കാര്യം പില്‍ക്കാലത്ത് ശംസുല്‍ ഉലമ എന്റെ പിതാവിനെ കണ്ടപ്പോള്‍ പറയുകയുണ്ടായി. ആറു മാസത്തോളം ഞാന്‍ മകനെ മുത്വവ്വലില്‍ ഹാജര്‍ വിളിച്ചിരുന്നുവെന്നാണ് ശൈഖുന പറഞ്ഞിരുന്നത്. പക്ഷെ, മദ്രാസും മറ്റും ചിന്തിച്ചതിനാല്‍ അവിടെ പഠനം തുടരാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ശൈഖുനാ ശംസുല്‍ ഉലമ, ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കുമരം പുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു പട്ടിക്കാട്ടുനിന്നും എന്റെ ഉസ്താദുമാര്‍. രണ്ടു വര്‍ഷമായിരുന്നു ഇവിടത്തെ പഠന കാലം. അന്നത്തെ പല ഉസ്താദുമാരും ഇന്ന് സമസ്തയില്‍ എന്റെ സഹപ്രവര്‍ത്തകരാണെന്നത് ആദരവ് ഉണര്‍ത്തുന്ന ഒരു കാര്യമാണ്. പട്ടിക്കാടുവെച്ച് ശംസുല്‍ ഉലമയില്‍നിന്ന് ബുഖാരിയാണ് ഓതിയിരുന്നത്. ക്ലാസില്‍ അവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. കോട്ടുമല ഉസ്താദുമായി എപ്പോഴും വളരെ അടുപ്പവുമായിരുന്നു. പ്രവര്‍ത്തനത്തിലപ്പുറം പഠനത്തിലാണ് അന്നെല്ലാം കൂടുതല്‍ ശ്ര്ദ്ധ നല്‍കിയിരുന്നത്. എന്നാലും നൂറുല്‍ ഉലമയുടെ വായന ശാലയുമായി ബന്ധപ്പെട്ട സമിതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് തിരൂര്‍ താലൂക്ക് സമസ്ത വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്രാസിലെ ജമാലിയ്യാ കോളേജില്‍ ശേഷം, അടുത്ത വര്‍ഷം മദ്രാസിലെ ജമാലിയ്യാ അറബിക് കോളേജിലേക്കാണ് ഞാന്‍ പോയത്. ഒരു മാസം അവിടെ നിന്നപ്പോഴേക്കും ശക്തമായ പനി പിടിപെട്ടു. എവിടെ ചികിത്സിച്ചിട്ടും ഭേദമാകുന്നില്ല. എന്റെ ഭാര്യാപിതാവും മറ്റും അന്നവിടെ കച്ചവടം നടത്തുന്നുണ്ടായിരുന്നു. അതിനാല്‍, എനിക്കവിടെ പലവിധ സൗകര്യങ്ങളുമുണ്ടായിരുന്നു അന്ന്. പക്ഷെ, രോഗം കലശലായതിനാല്‍ അവിടെ നില്‍ക്കാന്‍ കഴിയാതെ നാട്ടിലേക്കു തന്നെ തിരിച്ചു. വന്ന് പരിശോധിച്ചപ്പോള്‍ മലേരിയയാണെന്ന് തിരിയുകയും പിന്നീട് ചികിത്സിച്ച് മാറുകയും ചെയ്തു. അപ്പോള്‍ പിന്നെ ഒരിക്കലൂടെ മദ്രാസിലേക്കു പോകാന്‍ എനിക്കു കഴിയുമായിരുന്നില്ല. ആയതിനാല്‍ വീണ്ടും തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദര്‍സിലേക്കാണ് ഞാന്‍ പോയത്. ഏകദേശം പത്തൊമ്പതര-ഇരുപത് വയസ്സിലായിരുന്നു ഇത്. 1976 ലായിരിക്കണം ഇത്. ഒരേയൊരു മാസം മാത്രമായിരുന്നു ജമാലിയ്യാ ജീവിതം. ഈ പനി പിടിച്ച സംഭവവും ബാപ്പു മുസ്‌ലിയാരുടെ ദര്‍സിലേക്കുതന്നെയുള്ള മടക്കവും എന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിച്ച സംഭവങ്ങളാണ്. ജമാലിയ്യയില്‍തന്നെ തുടരുകയായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഭൗതിക മേഖലയിലേക്കു തിരിഞ്ഞു പോകുമായിരുന്നു. അറബി മുന്‍ഷിയോ മറ്റോ ആയി പുറത്തുവരുമായിരുന്നു. ആ പ്രാര്‍ത്ഥനയുടെ ബറകത്ത് അതിന് തടസ്സം കൊണ്ടുവരികയായിരുന്നു. കണ്ണിയത്തിന്റെ അനുഗ്രഹവും കോട്ടുമലയുടെ ആശീര്‍വാദവും പണ്ട് കണ്ണിയത്ത് ഉസ്താദില്‍നിന്നും ലഭിച്ച ഒരനുഗ്രഹമാണ് ഈ ഘട്ടങ്ങളിലെല്ലാം എന്നെ തുണച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ ദര്‍സില്‍ അല്‍ഫിയ ഓതിക്കൊണ്ടിരിരുന്ന കാലത്തായിരുന്നു ആ സംഭവം. അന്നൊരിക്കല്‍ ഞങ്ങള്‍ കുറേ മുതഅല്ലിമീങ്ങള്‍ വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ വീട്ടില്‍ ഉസ്താദിനെ സന്ദര്‍ശിക്കാനായി ചെന്നു. ഉസ്താദ് ഞങ്ങളോട് സംസാരിച്ചു. പല കാര്യങ്ങളും ചോദിച്ചു. കൂട്ടത്തില്‍ അല്‍ഫിയയില്‍നിന്നുള്ള ഒരു ചോദ്യവും ചോദിച്ചു. ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും അറിയിച്ചു. ആരും ശരിയുത്തരം നല്‍കിയില്ല. ഞാന്‍ മാത്രം പറഞ്ഞു. ഇതു കേട്ട ഉസ്താദ് എന്റെ തലയില്‍ കൈ വെച്ച് പറഞ്ഞു: ബാറകല്ലാഹു ഫീ ഇല്‍മിക... ഇതായിരുന്നു സമ്മേനം. എനിക്ക് വലിയൊരു നിധി ലഭിച്ച പ്രതീതിയായിരുന്നു അപ്പോള്‍. ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. ഒരു മഹാന്റെ നാവുകൊണ്ടുള്ള നല്ല പ്രാര്‍ത്ഥന. ആ ഒരു പ്രാര്‍ത്ഥനയാണ് എന്നും എന്റെ ജീവിതത്തിലെ കരുത്തും ആയുധവും. അതെന്നും എന്റെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതുപോലെ നമ്മുടെ പല പ്രമുഖ പണ്ഡിതന്മാരുമായും നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. പട്ടിക്കാട് പഠിച്ചുകൊണ്ടിരിക്കുന്ന കാലം. കോട്ടുമല ഉസ്താദാണ് ജംഅ് പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ ക്ലാസില്‍ വന്ന് വായിപ്പിച്ചപ്പോള്‍ വായനക്കാരനു തെറ്റി. പലരും ആ തെറ്റ് ആവര്‍ത്തിച്ചു. ഞാന്‍ അത് ശരിയാക്കി. പിന്നീട് കാലങ്ങളോളം ഞാനാണ് ഉസ്താദിന്റെ ക്ലാസില്‍ ജംഅ് വായിച്ചിരുന്നത്. ഒരിക്കല്‍ വായിച്ചപ്പോള്‍ ഉസ്താദ് നിര്‍ത്തിയതില്‍നിന്നും ഒരു വരി താഴെയുള്ള മത്‌നാണ് ഞാന്‍ വായിച്ചത്. അപ്പോള്‍ ഉസ്താദ് ചോദിച്ചു: ''ഞാന്‍ വായിച്ചുതരാത്ത ഭാഗവും വായിക്കുന്നോ? നിങ്ങളുടെ അടുത്ത് അടയാളപ്പെടുത്താന്‍ പേനയില്ലേ?''. ഞാന്‍ പറഞ്ഞു: ''ഞാന്‍ അതുവരെയാണ് കുട്ടികള്‍ക്ക് വായിച്ച് ഓതിക്കൊടുത്തത്.'' ''നിങ്ങള്‍ വലിയ വായിച്ചോത്തുകാരനാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ ഓതിത്തരാത്ത ഭാഗം കൂടി വായിച്ചത്. എങ്കില്‍ ആ മത്‌നിന്റെയും ശര്‍ഹിന്റെയും അര്‍ത്ഥംകൂടി പറയൂ'' ഉസ്താദ് പറഞ്ഞു. ഞാനത് പറഞ്ഞുകൊടുത്തു. ഉസ്താദ് അത് ശരിവെച്ചുകൊണ്ട് മറ്റു കുട്ട

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter