മുഹര്‍റം, ന്യൂ ഇയര്‍: സാംസ്കാരികമായി ഒരു ഹിജറക്ക് തയ്യാറായി കൊള്ളുക
 width=മുഹര്‍റം മാസത്തിന് തുടക്കമായി. ഹിജ്റ കലണ്ടറിലെ പ്രഥമമാസം. ആഗോള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷമാണിത്. ന്യൂ ഇയര്‍. രണ്ടാം ഖലീഫ ഹസ്റത്ത് ഉമറിന്‍റെ കാലത്താണ് ചന്ദ്രനെ ആസ്പദമാക്കിയുള്ള ഈ മുസ്‌ലിം കലണ്ടറിന് തുടക്കം കുറിക്കുന്നത്. ഗ്രിഗേറിയന്‍ കലണ്ടറിലെന്ന പോലെ തന്നെ പന്ത്രണ്ട് മാസങ്ങളാണ് ഹിജ്റ വര്‍ഷത്തിലുമുള്ളത്. 354 ദിവസങ്ങള്‍. യുദ്ധം ഹറാമായ നാലുമാസങ്ങള്‍. പെരുന്നാളിന്‍റെ രണ്ടു വിശേഷ ദിനങ്ങള്‍. വ്രതത്തിന്‍റെ പരിശുദ്ധമായ ഒരു മാസം.  മുസ്‌ലിം കലണ്ടറിനെ ചുരുക്കി ഇങ്ങനെ വിശദീകരിക്കാം. ഹിജ്റയാണ് മുസ്‌ലിം കലണ്ടറിന്‍റെ രൂപീകരണത്തിന് അടിസ്ഥാനമാക്കിയത്. അത്കൊണ്ട് ഇത് ഹിജ്റ കലണ്ടര്‍ എന്ന് വിളിക്കപ്പെടുന്നത്. പുതുവര്‍ഷം ആഘോഷിക്കുകയെന്നതല്ല മുഹര്‍റം ഒന്ന് ആവശ്യപ്പെടുന്നത്. സാംസ്കാരികമായി ഇസ്‌ലാമിനെ ആവാഹിക്കണമെന്ന് ഓരോ വര്‍ഷവും വിശ്വാസിയെ ഓര്‍മിപ്പിക്കുകയാണ് ഈ പുതുവര്‍ഷം. ഹിജ്റ രാഷ്ട്രീയമായ ഒരു ഒളിച്ചോട്ടമായിരുന്നില്ല. മറിച്ച് പുതിയ ഒരു സംസ്കാരത്തിനനുയോജ്യമായ മണ്ണ് തേടി ആ സംസ്കാരത്തിന്റെ വക്താക്കള്‍ നടത്തിയ ഒരന്വേഷണമായിരുന്നു. ആ അന്വേഷണ യാത്ര ഫലം കണ്ടു. സാംസ്കാരികമായി അത്രത്തോളം വിജയം കണ്ട മറ്റൊരു വിഭാഗം മനുഷ്യ ചരിത്രത്തില്‍ തന്നെയില്ല. അധികം കഴിയാതെ അവര്‍ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു. അവിടം തങ്ങളുടെ അധീനതിലാക്കി. മക്കാവിജയത്തിന് ശേഷം ഹിജ്റയില്ലെന്ന് നബിയുടെ ഹദീസുണ്ട്. അതായത് ഹിജ്റ കാരണമായി രൂപപ്പെട്ട് വന്ന ആ സംസ്കൃതിക്കെന്നും വര്‍ത്തമാനം ഉണ്ടായിരിക്കണമെന്നര്‍ഥം. ഇസ്‌ലാമികമായ ആ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം ഭൂതത്തിന്റെ മറവി നടന്നുകൂട തന്നെ. ആധുനികതക്കും ആഗോളവത്കരണത്തിനും ഇടയില്‍ ജീവിക്കുന്ന സമകാലിക മുസ്‌ലിമിന് ഹിജ്റ വര്‍ഷം ഒരോര്‍മപ്പെടുത്തലാണ്. ഇസ്‌ലാമിക സംസ്കാരത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്ന് ഓര്‍മപ്പെടുത്തല്‍. ആധുനികതയുടെ ഭ്രമം ഹിജ്റ പോയവരുടെ പിന്ഗാമികളെ അവരുടെ യഥാര്‍ഥ വഴിയില്‍ നിന്ന് തെറ്റിച്ചു കൂടെന്ന മുന്നറിയിപ്പും. മതത്തിലെ നിങ്ങളുടെ പ്രവേശം സമ്പൂര്‍ണമായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍. അങ്ങനെയെങ്കില്‍ സാംസ്കാരികമായി ഒരു ഹിജ്റ നടത്തൂവെന്നതാണ് ഇസ്‌ലാമിക പുതുവര്‍ഷം ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നിലവിലെ മുസ്‌ലിം ലോകത്ത് പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും നടക്കുന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ ഇസ്‌ലാമിനെ കുറിച്ച് മാത്രമാണ്. രാഷ്ട്രീയ ഇസ്ലാം സാധ്യമല്ലെന്ന പൊതുവാദം സാംസ്കാരിക ഇസ്‌ലാമിനെ വലിച്ചെറിയുന്നതിലേക്ക് വലിയ തോതില്‍ തന്നെ നമ്മെയും കൊണ്ടെത്തിക്കുന്നു. ആഗോളവത്കരണത്തിന്റെയും കാവിവത്കരണത്തിന്റെയും കാലത്ത് കേരളീയ മുസ്‌ലിം കാര്യമായി ശ്രദ്ധിക്കേണ്ടത് അവന്റെ സംസ്കാരിക ഇസ്‌ലാമിനെ കെട്ടിപ്പടുക്കാനാണെന്ന് മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്കനുവദിക്കുന്ന പല അഭിമുഖങ്ങളിലും സിവിക് ചന്ദ്രന്‍ ഓര്‍മപ്പെടുത്തി കണ്ടിട്ടുണ്ട്. അധിനിവേശ കാലത്ത് കേരളീയ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായി അറബിമലയാളമടക്കം പലതുമുണ്ട്. എന്നാല്‍ വരും തലമുറകള്‍ നമ്മുടെ സാംസ്കാരിക ഇടപെടലിനെ കുറിച്ച് പഠനം നടത്തുന്നുവെങ്കില്‍ അവര്‍ക്കായി നാം ബാക്കി വെച്ചത് എന്താണ്. അതിലുപരി ഈ ആഗോളീകരണകാലത്ത് നമുക്കായി തന്നെ നാം ബാക്കി വെച്ച സാംസ്കാരിക പൈതൃകമായി എന്തുണ്ട്. ജനുവരിയിലെ ന്യൂ ഇയര്‍ ആഘോഷം സത്യത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ നിര്‍മിതിയാണ്. അതു ആഘോഷിക്കുകയും നമ്മുടെ സ്വന്തം പുതുവര്‍ഷത്തെ കുറിച്ച് ബോധമില്ലാതെ കഴിയുകയുമാണ് മുസ്‌ലിം ലോകമിപ്പോള്‍. ക്രിസ്ത്യന്‍ പുതുവര്‍ഷം ആഘോഷിക്കരുതെന്നും ഹിജ്റ ആഘോഷിക്കണമെന്നും പറയാനല്ല ഈ കുറിപ്പ്. രണ്ടിലും ആഘോഷത്തില്‍ പ്രത്യേകിച്ചൊന്നുമില്ല. മറിച്ച് സാംസ്കാരികമായി അവയുയര്‍ത്തുന്ന മൂല്യങ്ങളുടെ തിരിച്ചറിവാണ് പ്രധാനം.  width=പുതിയ ഒരു വര്‍ഷം കഴിഞ്ഞുപോയ വര്‍ഷത്തെ കുറിച്ചുള്ള ആശങ്കകളാണ് പ്രഥാനമായും വിശ്വാസിയോട് ഉന്നയിക്കേണ്ടത്. ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്ന് പടച്ച തമ്പുരാന്‍ ഓരോ വര്‍ഷങ്ങളായി മായ്ച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദീയ സമൂഹത്തിന്റെ നിശ്ചിത വയസ്സ് അറുപതുകളാണെന്ന് പ്രമാണങ്ങളില്‍ വ്യക്തം. സമയത്തിന്റെ അമൂല്യതയെ കുറിച്ചുള്ള ചിന്തയാണ് ഈ പ്രത്യേക കലണ്ടര്‍ രൂപീകരണത്തിന്റെ ഹേതു തന്നെ. മതം വിശ്വാസികളോട് സമയത്തിന്റെ നഷ്ടത്തെ കുറിച്ച് അത്രയും ജാഗരൂകരാകാന്‍ ആവശ്യപ്പെടുന്നു. അഞ്ചു സമയങ്ങളിലെ നിസ്കാരം സമയത്തെ കുറിച്ച ചിന്ത വിശ്വാസിയില്‍ പകരുന്നു. മനുഷ്യന്‍റെ നാശത്തെ കുറിച്ച ബോധിപ്പിക്കാന്‍ അല്ലാഹു സത്യം ചെയ്യുന്നത് കാലം കൊണ്ടാണ്. സമയത്തെ കുറിച്ചുള്ള ചിന്ത സൃഷ്ടിക്ക് അവന്‍റെ നിസ്സഹായതയെ സംബന്ധിച്ച് ബോധം പകരുന്നു. സ്രഷ്ടാവ് കാലബന്ധിതനല്ലെന്നതിന്റെ സാംഗത്യം വ്യക്തമാകുന്നത് അപ്പോഴാണല്ലോ. ഹിജ്റ ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നതും സാംസ്കാരികമായ അതിന്റെ ഇടപെടല്‍ മൂലമാണ്. അതല്ലെങ്കില്‍ നബിയുടെ ജന്മദിനമോ നുബുവ്വത്ത് ലഭിച്ച ദിവസമോ അടിസ്ഥാനപ്പെടുത്തി ഹിജ്റ കലണ്ടറിന് രൂപം നല്‍കാമായിരുന്നുവല്ലോ. മക്കയില്‍ മാത്രം ചുരുങ്ങിക്കഴിയുകയായിരുന്ന ഇസ്‌ലാമിക സംസ്കാരത്തിന് ആഗോളസാധ്യത പകര്‍ന്നത് ഹിജ്റയായിരുന്നു. മദീനയില്‍ നിന്നാണ് സത്യത്തില്‍ മക്ക പോലും ഇസ്‌ലാമിനെ പഠിച്ചത്. ഹിജ്റ മൂന്ന് വിഭാഗത്തിലാണ് മാനസികപരിവര്‍ത്തനം സാധ്യമാക്കിയത്. ഒന്ന്, അതുവരെ മുസ്‌ലിംകളെ അക്രമിച്ചു കൊണ്ടിരുന്ന മക്കയിലെ അമുസ്‌ലിംകളില്‍. രണ്ട്, അവരെ സ്വീകരിച്ച മദീനയിലെ അന്‍സ്വാറുകളില്‍‍. മൂന്ന്, ഹിജ്റ പോയ മുഹാജിറുകളില്‍. ഈ മൂന്ന് വിഭാഗത്തിന്റെയും മനസ്സ് തൊട്ടാണ് ഇസ്‌ലാമിക സംസ്കൃതി ആഗോളമാകെ വ്യാപിച്ചത്. ഓരോ പ്രദേശത്തെത്തിയപ്പോഴും ഇസ്‌ലാമിന്റെ സംസ്കൃതി പ്രചരിച്ചത് മാനസികമായാണ്. കെട്ടിടങ്ങളടക്കമുള്ള നാഗരികമായ ചിഹ്നങ്ങള്‍ തുടര്‍ച്ച മാത്രമാണ്, അടയാളങ്ങളും. അഞ്ചുസമയത്തെ നിസ്കാരം കൃത്യമായി നിര്‍വഹിച്ചാല്‍ മുസ്‌ലിമായി എന്ന നമ്മുടെ പൊതുബോധത്തെ തിരുത്തുന്നുണ്ട് പുതുവര്‍ഷം. പ്രകടമായ നിസ്കാരാദി കര്‍മങ്ങളിലുപരി മാനസികമായ ചില മൂല്യങ്ങളുടെ തിരിച്ചറിവാണ് മുസ്‌ലിമിന്റെ സത്വം. സാംസ്കാരികമായ ആ സത്വമാണ് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും. മന്‍ഹര്‍. യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter