അംഗോള:ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇസ്‍ലാമുമായി അവസാനം സമ്പർക്കം പുലർത്തിയ രാജ്യം

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇസ്‍ലാമുമായി അവസാനം സമ്പർക്കം പുലർത്തിയ രാജ്യമാണ്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വജ്ര-എണ്ണ ഉൽപാദന രാജ്യങ്ങളിലൊന്നായ അംഗോള. 
80,000 ഓളം വരുന്ന മുസ്‍ലിംകളാണ് രാജ്യത്തുള്ളത്. ആകെ ജനസംഖ്യയുടെ 3 ശതമാനത്തോളം വരും അത്.  കൊളോണിയൽ കാലഘട്ടത്തിൽ നടത്തിയ വ്യാവസായിക നിക്ഷേപങ്ങളിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള കുടിയേറ്റത്തിലൂടെയാണ് മുസ്‌ലിംകൾ അംഗോളയിലെത്തുന്നത്.  മാലി, നൈജീരിയ, സെനഗൽ എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക കാരണങ്ങളാൽ രാജ്യത്തേക്ക് കുടിയേറിയ മുസ്‍ലിം തൊഴിലാളികളാണ് ഈ രാജ്യത്തെ ഭൂരിഭാഗം മുസ്‍ലിംകളും. മറുവശത്ത്, നിക്ഷേപ ലക്ഷ്യങ്ങളുമായി, ലെബനൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‍ലിംകളും അംഗോളയിലെത്തിയിട്ടുണ്ട്.
അംഗോളയിലെ പ്രാദേശിക ഇടങ്ങളിലേക്ക് ഇസ്‍ലാം വ്യാപിക്കുന്നതിലേക്ക് നയിച്ച നിരവധി ഘടകങ്ങളുണ്ട്.   മുസ്‍ലിംകളുടെ സാമൂഹിക മുന്നേറ്റങ്ങൾ, ആഭ്യന്തര യുദ്ധത്തിൽ അംഗോള വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത് തുടങ്ങി അവ അനവധിയാണ്. 

1975 ൽ പോർച്ചുഗൽ രാജ്യം വിട്ടതിനെ തുടർന്ന് ആരംഭിച്ച ആഭ്യന്തരയുദ്ധം 27 വർഷത്തോളം തുടരുകയും ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് അതില്‍ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തീവ്രമായ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട ലക്ഷക്കണക്കിന് അംഗോളൻ കുടിയേറ്റക്കാരിൽ ചിലർ മുസ്‍ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിൽ അഭയം പ്രാപിക്കുകയും ശേഷം അവരിൽ ചിലർ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്‌തു. മറ്റൊരു ഘടകം വിവാഹമാണ്. മുസ്‍ലിംകളുമായുള്ള വിവാഹവും രാജ്യത്തെ മുസ്‍ലിം ജനസംഖ്യാ വർദ്ധനവിനെ സ്വാധീനിച്ചിട്ടുണ്ട്. തൊഴിലിനോ വാണിജ്യപരമായ ആവശ്യങ്ങൾക്കോ ഈ രാജ്യത്ത് വരുന്ന മുസ്‍ലിം പുരുഷന്മാരില്‍ പലരും അംഗോളൻ സ്ത്രീകളെ വിവാഹം കഴിക്കുകയായിരുന്നു.  

അംഗോളൻ നിയമമനുസരിച്ച്, ഒരു മത സമൂഹമെന്ന നിലയിൽ ഔദ്യോഗിക പദവി ലഭിക്കാൻ കുറഞ്ഞത് 100,000 അനുയായികളെങ്കിലും ആവശ്യമാണ്. അതോടൊപ്പം, 18 സംസ്ഥാനങ്ങളിൽ 12 എണ്ണത്തിലെങ്കിലും പ്രാതിനിധ്യം ഉണ്ടാവുകയും വേണം. അംഗോളയിലെ മുസ്‍ലിംകളില്‍ വലിയൊരു വിഭാഗം കുടിയേറ്റ തൊഴിലാളികൾ ആണെന്നതിനാല്‍, നിയമപരമായി മതം എന്ന പദവി രാജ്യത്ത് ഇസ്‌ലാമിന് ഇത് വരെ ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ മതസ്വാതന്ത്ര്യവും ആസ്വദിക്കുന്നുവെന്ന് മാത്രമല്ല, മതപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഇമാമുമാർ ചേർന്ന് സ്ഥാപിച്ച മുഫ്തിയുടെ ഓഫീസ് പോലും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്.
മികച്ച സാമ്പത്തിക അവസരങ്ങൾ ഉണ്ടായിരുന്നിട്ടും കള്ളക്കടത്ത്, അഴിമതി, കൈക്കൂലി എന്നിവ കാരണം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് അംഗോള. അത് കൊണ്ട്, സാമൂഹിക-സാംസ്കാരിക ശാക്തീകരണ രംഗത്ത് ഔദ്യോഗിക സംരംഭങ്ങള്‍ വിരളമാണ്. അതേ സമയം, രാജ്യത്തെ മുസ്‍ലിം ന്യൂനപക്ഷത്തിൽ സമ്പന്നരായ ബിസിനസുകാരും കുടിയേറ്റ തൊഴിലാളികളും മുന്‍കൈയ്യെടുത്ത്, അംഗോളൻ മുസ്‍ലിംകൾക്ക്  സ്വന്തം നിലക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ നടത്തുകയും, സ്ഥാപിതമായ സൊസൈറ്റികളിലും സ്കൂളുകളിലും കുട്ടികളുടെ ഇസ്‍ലാമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നുമുണ്ട്. എന്നിരുന്നാലും, മികച്ച ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇപ്പോഴും വേണ്ടത്ര ഇല്ലെന്ന് തന്നെ പറയാം. 

Also Read:ഘാനയിലെ മുസ്ലിംകള്‍ 

ഇസ്‍ലാമോഫോബിക് മാധ്യമ പ്രചാരണങ്ങളുടെ ഭാഗമായി, ഇന്ന് അംഗോളയും ഇസ്‍ലാമിനെ സംശയോത്തോടെ നോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്‍ലാം തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അംഗോളൻ സർക്കാര്‍ പോലും വിശ്വസിക്കുന്നിടത്ത് കാര്യങ്ങളെത്തിയിരിക്കുന്നു. ഇത് കുടിയേറ്റ തൊഴിലാളികളെയും സാധാരണ അംഗോളൻ മുസ്‍ലിംകളെയും അതുപോലെ രാജ്യത്ത് വലിയ നിക്ഷേപമുള്ള മുസ്‍ലിം ബിസിനസുകാരെയും സാരമായി ബാധിക്കുന്നുമുണ്ട്. 

ഈ കുപ്രചാരണങ്ങളുടെ ദുരന്തഫലമെന്നോണം, 2006 മുതൽ പള്ളികൾക്കെതിരായ വ്യാപക ആക്രമണങ്ങൾ നടക്കുന്നുണ്ട്. ചില പള്ളികൾ പൂട്ടിക്കുകയും മറ്റു ചിലത് തട്ടിയെടുക്കകയും ചെയ്‌തിട്ടുണ്ട്. ക്രിസ്ത്യാനികളുടെ പിന്തുണയോടെ നടക്കുന്ന അക്രമങ്ങൾ കാരണം മുസ്‍ലിംകളും ക്രിസ്ത്യാനികളും തമ്മിൽ ആഭ്യന്തര സംഘർഷവും ഉടലെടുത്തു. ഇസ്‍ലാമിനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്ന പ്രഭാഷണവും ക്രിസ്ത്യൻ രാഷ്ട്രീയക്കാരുടെ പ്രകോപനപരമായ പ്രസംഗങ്ങളും രാജ്യത്ത് പലപ്പോഴും അസ്വസ്ഥതക്ക് കാരണമാവാറുണ്ട്. 2013 മുതൽ 60 ലധികം പള്ളികൾ അടയ്ക്കുകയോ പൊളിക്കുകയോ ചെയ്തു. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒരു നിരീക്ഷകനെ രാജ്യത്തേക്ക് അയയ്ക്കാൻ വരെ ഇസ്‍ലാമിക സഹകരണ സംഘടന നീക്കം നടത്തിയിരുന്നു. പക്ഷെ, മുസ്‍ലിംകളെ സംശയത്തോടെ നോക്കുന്ന സര്‍ക്കാര്‍ ഇതിന് അനുവാദം നല്‍കാതെ, മൌനം പാലിക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter