മുസ്‍ലിം ഭരണം ലോകത്തിന് നല്‍കിയ മാതൃകകള്‍ ഭാഗം 01: നീതിന്യായം, ബൈതുല്‍മാല്‍, വഖ്‍ഫ്
ലോകത്ത് നിലനിൽക്കുന്ന വിസ്മയകരമായ പല മാറ്റങ്ങൾക്കും വിത്ത് പാകിയത് പരിശുദ്ധ ഇസ്‍ലാമും മുസ്‍ലിംകളുമാണ്. എണ്ണമറ്റ വികസന പ്രവർത്തനങ്ങളും കൃത്യമായ സംഘബോധവും കണിശമായ നയതന്ത്രചാതുരിയും മുസ്‍ലിം ഭരണങ്ങളില്‍ പ്രകടമായിരുന്നു. ഒരു രാജ്യത്തിന്റെ സുസംഘടിതമായ പുരോയാനം എങ്ങനെ സാധ്യമായിയെന്നതിന് ഉദാഹരണമായി, വിവിധ ഭരണകര്‍ത്താക്കള്‍ ഘട്ടംഘട്ടമായി നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ നിരീക്ഷിച്ചാൽ ബോധ്യമാവുന്നതേയുള്ളൂ. അധികാരം എന്നത് ഉത്തരവാദിത്തമാണെന്നും നാളെ അതേകുറിച്ച് ചോദിക്കപ്പെടുമെന്നുമുള്ള ഉത്തമ ബോധ്യമായിരുന്നു ഇതിന് നിദാനമായത്. ഭരണരംഗത്ത് മുസ്‍ലിംകളുടെ ഇത്തരം സംഭാവനകളെയെല്ലാം ആധികാരികമായി അവതരിപ്പിക്കുന്ന കൃതിയാണ്, ഈജിപ്ഷ്യന്‍ ചരിത്ര പണ്ഡിതനായ റാഇബ് സര്‍ജാനിയുടെ എന്താണ് മുസ്‍ലിംകൾ ലോകത്തിന് സമർപ്പിച്ചത് എന്ന ഗ്രന്ഥം. ഭരണം, മന്ത്രിതലം, വിവിധ ഡിപാർട്ട്മെന്റുകൾ, നീതിന്യായ കോടതികൾ, ആരോഗ്യ ബോർഡുകൾ, സത്രങ്ങൾ എന്നിങ്ങനെ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് കൃതി ഈ നേട്ടങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഗ്രന്ഥത്തെ അധികരിച്ച്, മുസ്‍ലിംകള്‍ ലോകത്തിന് സമ്മാനിച്ച സുപ്രധാന ഭരണ മാതൃകകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
01. നീതിന്യായ വ്യവസ്ഥിതി
ലോകത്ത് ഏറ്റവും കൃത്യവും ശക്തവുമായ നീതിന്യായ വ്യവസ്ഥിതി പരിചയപ്പെടുത്തിയത് മുസ്‍ലിംകളാണെന്നത് അവിതര്‍ക്കിതമാണ്. ഒരു സമൂഹത്തോടുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്ന ഖുര്‍ആനിക വചനമായിരുന്നു ഇസ്‍ലാമിക നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാനം എന്ന് തന്നെ പറയാവുന്നതാണ്.
ഇസ്‌ലാമിക ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ (മുഅസസത്തുൽ ഖളാഅിയ്യ) ഇസ്‌ലാമിക ഭരണക്രമത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. കൃത്യവും സൂക്ഷ്മവും അതിലേറെ തിളക്കമേറിയതുമായ നിയമസംഹിതകളിലൂടെയാണ് ഇസ്‌ലാമിന്റെ സാംസ്കാരികമായ ഉത്തേജനം ഇക്കാലമത്രയും സാധ്യമായത്. മറ്റു രാജ്യങ്ങളും മതങ്ങളും പോലം തങ്ങളുടെ നിയമസംഹിതകളിൽ ഇസ്‍ലാമിക നിയമ മൂല്യങ്ങൾ കടം കൊണ്ടിട്ടുണ്ട്.
അല്ലാഹുവിനോടുള്ള ഭയമാണ് ഇസ്‍ലാമില്‍ ഏത് കാര്യത്തിന്റെയും അടിസ്ഥാനം. രണ്ട് പേർക്കിടയിൽ നീതി പാലിക്കുകയെന്നത് ധർമ്മമാണെന്ന് അനേകം ഹദീസുകളിൽ കാണാം. അന്യായമായി വിധി നടത്തുന്ന വിധികര്‍ത്താവ് നരകത്തിലാണെന്ന മുന്നറിയിപ്പും ഏറെ പേടിയോടെയാണ് സമൂഹം കണ്ടത്. ജാതി മത ലിംഗ വർണ്ണ ഭേദമന്യേ കൃത്യമായി നിയമ നിർവ്വഹണത്തിന് മുസ്‍ലിം ഭരണകര്‍ത്താക്കളെ പ്രേരിപ്പിച്ചത് ഈ വചനങ്ങള്‍ തന്നെയായിരുന്നു. ദേഷ്യം പിടിച്ച സമയത്ത് വിധി പറയരുതെന്ന് പോലും ഇസ്‍ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. ന്യായാധിപസ്ഥാനമെന്നത് അത്രമേൽ സൂക്ഷ്മത പുലർത്തേണ്ട ഉത്തരവാദിത്വമാണ് എന്നര്‍ത്ഥം.
പ്രവാചകന്റെ കാലത്തേ ശക്തമായ നിയമവ്യവസ്ഥ രൂപപ്പെട്ടിരുന്നു. ഖുലഫാഉ റാഷിദയുടെ കാലഘട്ടത്തിൽ നീതിയുടെ കാവലാളുകള്‍ അവര്‍ തന്നെയായിരുന്നു. ഇസ്‌ലാമിക രാജ്യം വിപുലമാവുകയും അമുസ്‌ലിംകളും അനറബികളും ഇടകലരുകയും ചെയ്തപ്പോൾ ഖലീഫയുടെ ചുമതല വർദ്ധിച്ചു. അതോടെ തർക്കങ്ങൾ തീർപ്പാക്കുന്നതിനായി സ്വതന്ത്ര ന്യായാധിപരെ നിയമിച്ചത് ഖലീഫ ഉമർ(റ)വിന്റെ കാലത്തായിരുന്നു. മദീനയില്‍ അബൂദർദാഅ്(റ), ബസറയിൽ ശുറൈഹ്(റ), കൂഫയിൽ അബൂമൂസല്‍അശ്അരി(റ) എന്നിവരായിരുന്നു നിയോഗിക്കപ്പെട്ടത്.
അമവികളുടെ കാലത്ത് ഖിലാഫത്തിന്റെ തലസ്ഥാനമായ ഡമസ്കസില്‍ നേരിട്ട് ന്യായാധിപനെ നിയമിക്കുകയും അതൊരു പ്രധാന ഉദ്യോഗമായി തന്നെ പരിഗണിക്കുകയും ചെയ്തിരുന്നു. അബ്ബാസികള്‍ ഒന്ന് കൂടി മുന്നോട്ട് പോയി, രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിൽ ന്യായാധിപരെ നിയമിക്കുകയും മുഴുവൻ ന്യായാധിപർക്കും മുകളിൽ സര്‍വ്വ സ്വാതന്ത്ര്യത്തോടെ മറ്റാരു ന്യായാധിപനെ പരമാധികാരിയായി നിയമിക്കുകയും ചെയ്ത് ജുഡീഷ്യറിയെ സ്ഥാപനവത്കരിച്ചു. ഖാളി അബൂയൂസുഫ് ആയിരുന്നു ആ പദവി വഹിച്ചിരുന്നത്. അബ്ബാസി ഖിലാഫത്തിന്റെ സ്ഥാപകന്‍ അബൂജഅ്ഫറുൽ മൻസൂർ ഒഴിച്ച്കൂടാനാവാത്ത നാല് തൂണുകളിലൊന്നായി എണ്ണിയത് ജുഡീഷ്യൽ സിസ്റ്റത്തെയായിരുന്നു. അബ്ബാസികളുടെ കാലത്താണ് പ്രത്യേക സൈനിക കോടതികളും യാത്രക്കാര്‍ക്കും മറ്റു അത്യാവശ്യക്കാര്‍ക്കുമായി അടിയന്തിര കോടതികളും നിലവില്‍വന്നത്.
നീതിബോധം, സമത്വഭാവന, ഭയഭക്തി, വ്യക്തിവിശുദ്ധി തുടങ്ങിയവയൊക്കെയും പരിഗണിച്ചായിരുന്നു ഖാളിമാരെ തെരഞ്ഞെടുത്തിരുന്നത്. ഈ സദ്ഗുണങ്ങളുള്ള അമുസ്‍ലിംകളെ പോലും ന്യായാധിപരായി നിയമിച്ചതായി കാണാം. ഉത്തരവാദിത്വം വേണ്ടവിധം നിര്‍വ്വഹിക്കാനാവുമോ എന്ന ഭയത്താൽ പല പണ്ഡിതരും അക്കാലങ്ങളിൽ ഖാളി സ്ഥാനം ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുമായിരുന്നു. മറ്റ് ചിലർ ന്യായാധിപനായി നിയമിക്കപ്പെട്ടെങ്കിലും രാജ്യം നൽകുന്ന വേതനങ്ങളും ആനുകൂല്യങ്ങളും നിരസിച്ചതായി കാണാം. അൻദലൂസിയയിലെ ഖാളിയായ ഇബ്നു സിമാക്ൽ ഹമദാനി അപ്രകാരമായിരുന്നു. {താരീഖു ഖുളാതിൽ അൻദലുസ്}
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖലീഫക്കെതിരെ പോലും വിധി പറയുന്ന ചാരുദൃശ്യങ്ങള്‍ ഇസ്‍ലാമിക ചരിത്രത്തില്‍ കാണപ്പെടുന്നതും അത് കൊണ്ട് തന്നെയാണ്. പരാതികളുണ്ടാവുന്ന പക്ഷം, ഭരണാധിപനെ പോലും പ്രതിയായി കോടതിയില്‍ ഹാജരാക്കുകയും ചോദ്യങ്ങള്‍ ചോദിച്ച് തെളിവെടുക്കുകയും അവയുടെ അടിസ്ഥാനത്തില്‍ നീതിയുക്തമായി വിധി പുറപ്പെടുവിക്കുകയും ചെയ്യുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ മുസ്‍ലിം ചരിത്രത്തിലുണ്ട്. എന്ന് മാത്രമല്ല, അവിടെയേ അത്തരം സുന്ദരകാഴ്ചകള്‍ കാണാനാവൂ. അഥവാ, വിധിനിര്‍വ്വഹണത്തെയും ന്യായാധിപ സ്ഥാനത്തെയും വലിയ ഉത്തരവാദിത്തമായി കണ്ടവരായിരുന്നു മുസ്‍ലിംകള്‍. അതിന് അവരെ പ്രാപ്തമാക്കിയത് അവരുടെ മതവിശ്വാസവും ശാസനകളും തന്നെയായിരുന്നു.
02. ബൈതുല്‍മാല്‍
ഇസ്‍ലാമിക ഭരണത്തിലെ പൊതുഖജനാവ് (ട്രഷറി) ആണ് ബൈതുല്‍മാല്‍. ഇതിലേക്ക് ധനം വരുന്നത് പ്രധാനമായും സകാത്ത്, ജിസ്‍യ, ഖറാജ് (ഭൂനികുതി), ഗനീമത് (യുദ്ധാനന്തര സമ്പത്ത്), ഫൈഅ് (യുദ്ധം കൂടാതെ ലഭ്യമാവുന്ന സമ്പത്ത്) , വഖഫ് എന്നിവ വഴിയാണ്. ഇത് രാജ്യത്തിന്റെയും പൗരന്മാരുടെയും നന്മക്കായി ഉപയോഗിക്കേണ്ടതാണ്. ഖാളി, ഭരണാധികാരി, സൈനികർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരുടെ ശമ്പളം, സൈനികാവശ്യങ്ങൾ, പാലം, തടയണകൾ, റോഡ്, പൊതു കെട്ടിടങ്ങൾ, സത്രങ്ങൾ, പള്ളികൾ തുടങ്ങിയവയുടെ നിർമ്മാണം, ആശുപത്രി, ജയിൽ തുടങ്ങിയ പൊതു നിർമ്മിതികളിലെ ആവശ്യങ്ങൾ, ദരിദ്രർ, വിധവകൾ തുടങ്ങിയ അശരണര്‍ക്ക് പിന്തുണ എന്നിവയെല്ലാം ഇതില്‍നിന്നാണ് കണ്ടെത്തേണ്ടത്. പ്രവാചകന്റെ കാലഘട്ടത്തിൽ തന്നെ ബൈതുൽമാൽ പ്രാരംഭം കുറിച്ചിരുന്നു. പിന്നീട് ഇസ്‌ലാമിക രാജ്യങ്ങൾ വികസിക്കുകയും അമവി അബ്ബാസി കാലത്ത് ധനം വര്‍ദ്ധിക്കുകയും ജനങ്ങൾ ക്ഷേമത്തിലാവുകയും ചെയ്തു. ജനങ്ങള്‍ക്ക് സംരക്ഷണമേർപ്പെടുത്താൻ പ്രവാചക കാലം മുതൽ പോലീസ് സേവനം ഉണ്ടായിരുന്നു. ഇവയുടെയെല്ലാം ചെലവുകള്‍ കണ്ടെത്തിയിരുന്നത് ബൈതുല്‍ മാലില്‍ നിന്നായിരുന്നു.
ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിച്ചു എന്നതാണ് ബൈതുല്‍മാലില്‍ ഇസ്‍ലാം കൂട്ടിച്ചേര്‍ത്ത മൂല്യം. തനിക്ക് അര്‍ഹമായ ശമ്പളം പോലും ബൈതുല്‍മാലില്‍നിന്ന് സ്വീകരിക്കാത്ത ഖലീഫമാരെയും, പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ മുന്‍കൂര്‍ ശമ്പളം വാങ്ങിക്കോളൂ എന്ന ഖജനാവ് സൂക്ഷിപ്പുകാരന്റെ നിര്‍ദ്ദേശത്തോട്, അതിന് അടുത്ത മാസം ജോലി ചെയ്യാന്‍ ഞാന്‍ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പ് എന്ന ചോദിച്ച ഭരണാധിപരും അങ്ങനെയാണ് ജനിക്കുന്നത്.
03. വഖ്ഫ്
സമ്പത്ത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പാവപ്പെട്ടവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് അതെന്നുമുള്ള ഇസ്‍ലാമിന്റെ അടിസ്ഥാന പാഠത്തിന്റെ അടിസ്ഥാനത്തില്‍, മുസ്‍ലിംകളുടെ ഉപകാരത്തിന് വേണ്ടിയും നന്മ ലക്ഷീകരിച്ചും ഇസ്‍ലാമിക ഭരണത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു വിഭാഗമാണ് വഖ്ഫ്. സ്വകാര്യവ്യക്തികള്‍ അവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പൊതു ആവശ്യത്തിന് വേണ്ടി എന്നെന്നേക്കുമായി മാറ്റി വെക്കുക എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. വഖ്ഫ് ചെയ്യുന്നതോടെ, അത് അയാളുടെ ഉടമസ്ഥതിയില്‍നിന്ന് അല്ലാഹുവിന്റെ ഉടമസ്ഥതിയിലേക്ക് നീങ്ങുന്നു എന്നാണ് കര്‍മ്മശാസ്ത്രം.
പ്രവാചക കാലത്ത് തന്നെ വഖഫ് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, കാലഘട്ടത്തിനനുസൃതമായി ക്രയവിക്രയങ്ങളുടെ കൃത്യതയ്ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. എത്രത്തോളമെന്നാൽ ഉസ്മാനിയാ ഭരണ കാലത്ത്, ഏറ്റവും യോഗ്യരായവരെ കണ്ടെത്തുന്നതിന് പ്രവേശന പരീക്ഷ നടത്തിയായിരുന്നു ഇതിലേക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികളുടെ പഠന ചെലവുകളും ദരിദ്രരായവർക്ക് ആശ്രയത്വവും രോഗികൾക്ക് ചികിത്സാ ചെലവിന് പുറമെ യാത്രാ ചെലവും അക്കാലത്തെ വഖഫ് സ്വത്തിൽ നിന്നായിരുന്നു നൽകിയിരുന്നത്. സമൂഹത്തില്‍ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കാൻ ഈ സമ്പ്രദായം ഏറെ സഹായകമായിട്ടുണ്ട്. ഇന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും ഇത് നിലനില്‍ക്കുന്നുണ്ട്.
Leave A Comment