ഗസ്സ: അത് തിരുനബിയുടെ പിതാമഹന്‍ ഹാശിമിന്റെ നഗരം കൂടിയാണ്
ഇത് വടക്കൻ ഗസ്സയിൽ ഗസ്സ സിറ്റിയുടെ കിഴക്കുഭാഗത്തായി ഹയ്യുദ്ദർജിൽ സ്ഥിതിചെയ്യുന്ന സയ്യിദ് ഹാശിം ബിൻ അബ്‌ദി മനാഫ് മസ്ജിദ്. ഗസ്സ മുനമ്പിലെ പുരാതനവും അതിമനോഹരവുമായ പള്ളികളിൽ ഒന്ന്. മംലൂക്കീ കാലഘട്ടത്തിൽ കല്ലും കളിമണ്ണും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട, ഏകദേശം അറുന്നൂറിലേറെ വർഷം പഴക്കമുള്ള ഈ പള്ളിയിലാണ് നബി(സ) തങ്ങളുടെ രണ്ടാമത്തെ പിതാമഹനായ ഹാശിം ബിൻ അബ്ദുമനാഫ്(റ) അന്ത്യവിശ്രമം കൊള്ളുന്നത്. അന്നു മുതൽക്കുതന്നെ ഈ നഗരം 'ഗസ്സതു ഹാശിം' (ഹാശിന്റെ ഗസ്സ) എന്നാണ് അറിയപ്പെടുന്നത്.
ഹാശിമിലേക്കാണ് നബി തങ്ങളുടെ വംശമായ ബനൂ ഹാശിം ചേർക്കപ്പെടുന്നത്. "ബനൂ ഇസ്മാഈലിൽ നിന്ന് ബനൂ കിനാനയെയും ബനൂ കിനാനയിൽ നിന്ന് ഖുറൈശിനെയും ഖുറൈശിൽ നിന്ന് ബനൂ ഹാശിമിനെയും ബനൂ ഹാശിമിൽ നിന്ന് എന്നെയും അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു" എന്ന് നബി (സ) പറഞ്ഞിരിക്കുന്നു (മുസ്‌ലിം). നബി തങ്ങളുടെ വംശാവലിയിലെ ഈ ഒരു നിർണായക വഴിത്തിരിവ് ഹാശിമിലൂടെയാണ്. ഖുസയ്യ് ബിൻ കിലാബിന്റെ മരണശേഷം ഹജ്ജിന്റെ നിർവാഹക കാര്യങ്ങൾ മകൻ അബ്ദുദ്ദാറും മക്കളും അനന്തരമെടുത്തെങ്കിലും അബ്ദുദ്ദാറിന്റെ സഹോദരൻ അബ്ദുമനാഫിന്റെ മകനായ ഹാശിമിന്റെ കാലത്ത് ഇരു സന്തതികളും ഒത്തുതീർപ്പിലെത്തിയ പ്രകാരം ഹജ്ജു കാലത്തെ പ്രധാന ചുമതലകളായ ഹാജിമാർക്കുള്ള സംസം- ഭക്ഷണ വിതരണം ഹാശിമിന്റെ അധീനതയിലായി. പരിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന, ഖുറൈശികളുടെ വേനൽക്കാലത്തെ ശാമിലേക്കുള്ള കച്ചവട യാത്രയും ശൈത്യകാലത്തെ യമനിലേക്കുള്ള കച്ചവട യാത്രയ്ക്കും തുടക്കം കുറിച്ചത് ഹാശിമായിരുന്നു (ഇബ്നു ഇസ്ഹാഖ്, മുബാറക് ഫൂരി).
അന്ന് റോമൻ അധീനതയിലായിരുന്ന ശാമിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു ഗസ്സ.
കച്ചവടവശ്യാർഥം ഖുറൈശികൾ നിരവധി തവണ ശാമിലേക്ക് യാത്ര ചെയ്തിരുന്നു. നബി(സ) തങ്ങളും കച്ചവടവശ്യാർഥം രണ്ടുതവണ ശാമിലേക്ക് പോയിട്ടുണ്ട്. ഗസ്സയിലെത്തുമ്പോഴൊക്കെ ഹാശിം അൽപകാലം അവിടെ താമസിക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെയാണ് മുപ്പത്തിമൂന്നാം വയസ്സിൽ ഗസ്സയിൽ വെച്ചു തന്നെ അദ്ദേഹം മരണപ്പെടുന്നതും അവിടെ മറവു ചെയ്യപ്പെടുന്നതും.
ഹിജ്‌റ ഏഴാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തിൽ ഈ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ചരിത്രങ്ങളില്‍ കാണാം. 1850ൽ ഓട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ്, മംലൂകീ വാസ്തുവിദ്യയിൽ തന്നെ, 2400 ചതുരശ്ര മീറ്ററിൽ സുന്ദരമായൊരു മിനാരത്തോട് കൂടി പള്ളി പുതുക്കിപ്പണിതു. ചിത്രത്തിൽ കാണുന്നതുപോലെ ഡമസ്കസിലെയും അലെപ്പോയിലെയും ഉമവി പള്ളികളോട് സാമ്യം പുലർത്തുന്ന രൂപകല്പനയിൽ, വലിയ ഖുബ്ബ പ്രതിനിധാനം ചെയ്യുന്ന പ്രധാനപള്ളിയുടെ (നിസ്കാരഹാൾ) മുൻവശത്ത് വിശാലമായ മുറ്റവും അതിനെ അതിരിട്ട് കമാനങ്ങളോട് കൂടിയ 3 ഇടനാഴികളും കാണാം. ഈ ഇടനാഴികളിൽ 16 മുറികൾ ഉണ്ട്. അവയൊക്കെയും ഖുർആൻ പാഠശാലകളായും മദ്രസകളായും ലൈബ്രറികളായും ഉപയോഗിക്കപ്പെട്ടിരുന്നു. ഓരോ മുറികളെയും ഓരോ ഖുബ്ബ പ്രതിനിധാനം ചെയ്യുന്നു. ഖുബ്ബകളെല്ലാം കളിമൺ നിർമ്മിതമാണ് എന്നതാണിതിന്റെ മറ്റൊരാകർഷണം.
തുർക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് കൈറോവിലെ അൽ അസ്ഹറിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഒരു ഹോസ്റ്റലായും ഈ മുറികൾ ഉപയോഗപ്പെടുത്തിയിരുന്നു. ഈ ഇടനാഴികളുടെ വടക്കു പടിഞ്ഞാറ് മൂലയിലാണ് ഹാശിം ബിൻ അബ്‌ദിമനാഫി(റ)ന്റെ ഖബ്റ് സ്ഥിതി ചെയ്യുന്നത്. സയ്യിദുമാരുടെ കുടിയേറ്റത്തിന്റെ ലക്ഷ്യകേന്ദ്രമാവുന്ന ഇടങ്ങൾ അവരുടെ അന്ത്യവിശ്രമസ്ഥലങ്ങളിലൂടെ പിന്നീട് വലിയൊരു സംസ്കാരത്തിന്റെ പ്രഭവകേന്ദ്രമായി മാറുന്ന ചരിത്രപരമായ അനുഭവങ്ങളെ 'ഗ്രേവ്സ് ഓഫ് തരീമി'ൽ എങ്സെങ്ഹോ നിരീക്ഷിക്കുന്നുണ്ട്. വാണിജ്യപരിസരത്തു നിന്നും തീർത്ഥാടനത്തിലേക്കുള്ള സംസ്കാരരൂപീകരണത്തിന്റെ കുത്തകാവകാശ കുടിയേറ്റത്തിന്റെ -എങ്സെങ്ഹോയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു 'അസാന്നിധ്യ' സാക്ഷിയാണ് ഗസ്സതുഹാശിം എന്ന പൈതൃക നഗരം. കാലക്രമേണ ഗസ്സയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയായി മാറി ഈ മസ്ജിദ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, അൽഷിഫ ഹോസ്പിറ്റലിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഈ മനോഹരമായ മസ്ജിദ് ഇന്ന് കളിമൺക്കൂനയാണ്.
മുസ്‌ലിംകൾ ഫലസ്തീൻ കീഴടക്കിയ വേളയില്‍ ഉമര്‍(റ)ന്റെ കാലത്ത് നിർമ്മിക്കപ്പെട്ട, ഗസ്സയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ഉമരി മസ്ജിദും ഹാശിം മസ്ജിദിന്റെ സമീപത്താണ്. അതിനെയും രണ്ടുതവണ ഇസ്രായേൽ വ്യോമക്രമണം നടത്തി തകർത്തു തരിപ്പണമാക്കി. ഇങ്ങനെ മസ്ജിദുകളും കൊട്ടാരങ്ങളും മ്യൂസിയങ്ങളും സ്കൂളുകളും ഉൾപ്പെടെ ഗസ്സയിലെ നൂറോളം പൈതൃക കേന്ദ്രങ്ങളാണ് നിലവിൽ തകർക്കപ്പെട്ടിരിക്കുന്നത്. അവയിൽ ഒന്നുമാത്രമാണ് ഹാശിം മസ്ജിദ്. ചരിത്രശേഷിപ്പുകൾ നാമാവശേഷമാക്കുക വഴി വംശഹത്യയോടൊപ്പം സാംസ്കാരിക ഉന്മൂലനവും ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ട്. സംസ്കാരവും പൈതൃകവുമില്ലാത്തവര്‍ക്ക് ഇതിന്റെയൊന്നും വില അറിയില്ലല്ലോ.
Leave A Comment