മക്തൂബ്-07 ആചാര്യനെ അന്വേഷിക്കുമ്പോള്‍
എന്‍റെ സഹോദരന്‍ ശംസുദ്ധീന്,
ഒരു ആത്മീയ ഗുരു ഏതൊരാളുടെയും മനസ്സിന്‍റെ തേട്ടമാണ്.  അതൊരു പ്രേരകമായി വളരുന്നു. തുടര്‍ന്ന് ഒരു ലക്ഷ്യമായും നേടിയെടുക്കാനുള്ള ദൃഡനിശ്ചയമായും അതു വികസിക്കുന്നു.  ലക്ഷ്യം  ഉന്നതവും ഉദാത്തവുമാവുമ്പോള്‍ അതിനുള്ള തേട്ടം അത്യുദാത്തവും അത്യുന്നതവുമാവുന്നു. 
ഭൗതിക താല്‍പര്യങ്ങളെ കൊണ്ട് മുറിഞ്ഞു പോവാത്ത, ഒരു കാരണത്താലും അന്യം നില്‍ക്കാത്ത, അചഞ്ചലവും പരിപാവനവുമായ തനിച്ച തേട്ടമാണ് ഈ അവസ്ഥയുടെ കാതല്‍. സ്രഷ്ടാവിന്റെ വിശുദ്ധ സന്നിധാനത്തിലെത്തിയാലല്ലാതെ ഈ ഉല്‍ക്കട മോഹത്തിനു സ്വാസ്ഥ്യം ലഭിക്കുകയില്ല. അത്ത്വാര്‍ തന്‍റെ മസ്നവിയില്‍ പറഞ്ഞതുപോലെ
ആ ഗുപ്തസത്യത്തെ
നീ കാണുന്നതെങ്ങനെ?
സ്വര്‍ഗനരക വിചാരങ്ങള്‍
നിനക്കു മുമ്പാകെ തിരശ്ശീല താഴ്ത്തിയല്ലോ.
ആ മനോവ്യാപാരത്തെ
നീ ഉപേക്ഷിക്കുകില്‍
അതില്‍ നിന്നും ഹൃദയത്തെ
നീ മോചിപ്പിക്കുകില്‍
ഇരുളില്‍ നിന്നും
ഈ സാമ്രാജ്യത്തിന്റെ പ്രഭാതം
നിനക്കായ് പിറന്നുവരും
എന്റെ സഹോദരാ,
നമുക്കും നമ്മുടെ റബ്ബിനുമിടയില്‍ ഒരു വസ്തുവിന്‍റെയും അല്ലെങ്കില്‍ ഒരു വസ്തുതയുടെയും മറ പാടില്ല.  ഒരു പങ്കാളിയുടെ കൂട്ട് വേണ്ട. അതിനാണ് ദിവ്യഗാത്രത്തെ ലക്ഷ്യം വെക്കല്‍ എന്ന് പറയപ്പെടുന്നത്. സ്വാഭാവികമായും അന്വേഷണത്തിന്റെ  ബലഹീനത, തേടുന്നവന്റെ അശക്തത, ലക്ഷ്യത്തിന്റെ അസംഭവ്യത, സ്ഥാനമോഹം പോലുള്ള ഭൗതിക തല്‍പരത ഇതെല്ലാം ഒരു മനുഷ്യന്‍ എന്ന നിലക്കു തന്നെ വരാവുന്ന പ്രതിസന്ധികളാണ്. എന്നാല്‍ സത്യസന്ധനായ ഒരു മുരീദ് സ്വശരീരത്തിന്റെ എല്ലാ ആനന്ദങ്ങളുടെയും ആസക്തികളുടെയും ആഗ്രഹങ്ങളുടെയും അഴുക്കില്‍ നിന്നും വിമലീകരിക്കപ്പെട്ട താല്‍പര്യത്തിന്റെ ഉടമയായിരിക്കും. ഒരുത്തന്‍ എല്ലാ അവസ്ഥാന്തരങ്ങളില്‍ നിന്നും മോചിതനും മുക്തനുമായതിന്ന് ശേഷവും ഒരു ലവലേശം ഭൗതിതാസക്തി ബാക്കിയുണ്ടായാല്‍ അദ്ദേഹം സത്യസന്ധനായ ഒരു മുരീദ് ആവുകയില്ല. മോചനപത്രം എഴുതപ്പെട്ട അടിമ ഒരു നാണയത്തുട്ട് മാത്രമാണ് കൊടുക്കാന്‍ ബാക്കിയുള്ളതെങ്കിലും അടിമ തന്നെയാണെന്ന വാക്യം ഇവിടെയാണ് സംഗതമാവുന്നത്.
ത്വരീഖത്തില്‍ ഈ  അന്വേഷണം എന്നത് ശരീഅതില്‍ നിയ്യതു പോലെയാണ്. നിയ്യത്തില്ലാതെ ഒരു ആരാധനയും സാധുവാകാത്ത പോലെ ഈ അന്വേഷണമില്ലാതെ ത്വരീഖതില്‍ ഒരു നീക്കവും സാധുവല്ല. 
അന്വേഷണം മൂന്ന് ഇനമാണ്.
ഒന്ന്: ഐഹികമായത്
ദുന്‍യാവിനെ സമ്പാദിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ മുഴുകമ്പോഴാണിതു സംഭവിക്കുന്നത്. ഈ തേട്ടം ഒരു വലിയ വിപത്തും മാരക രോഗവും തന്നെയാണ്. ഈ മോഹം ഒരാളില്‍ അമിതമായാല്‍ എല്ലാ നന്മയെയും അത് തടയും. ഇത്തരത്തില്‍ ദുന്‍യാവിനു വേണ്ടി ഒരാള്‍ ആയുസ്സ് ചെലവഴിച്ചാല്‍ പരലോകത്ത് അനശ്വരവിജയം നിഷേധിക്കപ്പെടുക തന്നെ ചയ്യും. അവര്‍ക്കും അവരുടെ മോഹങ്ങള്‍ക്കുമിടയില്‍ മറയിടപ്പെടുന്നതാണ് (സൂറ സബഅ് 54) എന്ന വചനം ഇതിലേക്കാണ് സൂചന നല്‍കുന്നത്. 
ഇക്കാരണത്താലാണ് ആത്മജ്ഞാനികള്‍ പറയുന്നത്, ഭൗതികതാല്‍പര്യം ഒരു മുരീദിനെ പിടികൂടിയാല്‍ ഒരു നന്മയും ഭയഭക്തിയും അവനില്‍ നിന്നും രൂപപ്പെടുകയില്ല എന്ന്.
രണ്ട്: പാരത്രികം
ഭൗതികലക്ഷ്യം വെടിഞ്ഞ് പാരത്രികനേട്ടങ്ങളും അനശ്വരസൗഭാഗ്യവും മോഹിക്കുമ്പോഴാണ് ഇതു സഫലമാവുന്നത്. അന്ത്യദിനത്തില്‍ തന്റെ വിജയലക്ഷ്യം കരഗതമാകുന്നതു വരെ കഠിനയത്നത്തിലൂടെയും പരിശീലനത്തിലൂടെയും   അമൂല്യമായ സമയം അദ്ധേഹം അതിനുവേണ്ടി ചെലവഴിക്കുന്നു. ഇതു തന്നെയാണ് ദൈവപ്രീതി കാംക്ഷിച്ചും കോപം ഭയന്നും ഭക്തരും ത്യാഗികളുമായ സദ്‍വൃത്തരുടെ തേട്ടവും അന്വേഷണവും. സൂറ ആലുഇംറാനിലെ 152-ാം വചനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, നിങ്ങളുടെ കൂട്ടത്തില്‍ ഇഹലോകം തേടുന്നവരുമുണ്ട്. നിങ്ങളുടെ കൂട്ടത്തില്‍ പരലേകം തേടുന്നവരുമുണ്ട്. ഇഹലോകതാല്‍പര്യത്തേക്കാള്‍ പവിത്രവും പരമോന്നതവുമാണ് പരലോകതാല്‍പര്യം. കാരണം പരലോകം ശാശ്വതഭവനവും ഇഹലോകം നശ്വരവുമാണ്. ഭോഗികള്‍ ദുന്‍യാവിന്റെ ആവശ്യക്കാരും യോഗികള്‍ ആഖിറം കാംക്ഷിക്കുന്നവുമാണ്. 
മൂന്ന്: പാരമാര്‍ത്ഥികം
മനുഷ്യന്റെ അകക്കണ്ണ് സൂക്ഷ്മവും സുഗ്രാഹ്യവുമാവുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഏതൊരു വസ്തുവും കുന്‍ എന്ന ദിവ്യവചസ്സിന്‍റെ സൃഷ്ടിയും വിധേയവുമാണെന്ന് അവന്‍ മനസ്സിലാക്കുന്നു. അതിനാല്‍ സൃഷ്ടിയോടുള്ള ഏതൊരു തേട്ടവും തനിക്ക്  നിന്ദ്യതയും നിരാശയും മാത്രമേ വര്‍ദ്ധിപ്പിക്കുകയുള്ളൂ എന്ന വിവേകം അവന്‍ നേടുന്നു.  സകല സൃഷ്ടികളോടുള്ള ബന്ധവും വിഛേദിച്ച് പ്രപഞ്ചനാഥന്റെ പ്രതാപത്തിലേക്ക് അവന്‍ പ്രവേശിക്കുന്നു. അവന്‍ കാംക്ഷിക്കുന്നത് ഇരുലോകത്തുമുള്ള പ്രതാപമത്രെ. ആരെങ്കിലും പ്രതാപലബ്ധി ഉദ്ധേശിക്കുന്നുവെങ്കില്‍ പ്രതാപമത്രയും അല്ലാഹുവിന്‍റേത് മാത്രമത്രെ (സൂറ ഫാത്വിര്‍ 10) എന്ന വചനതാല്‍പര്യം പോലെ.
എന്നാല്‍ ദുന്‍യാവും അതിന്റെ ഭോഗങ്ങളും വിട്ടു സഞ്ചരിച്ച ഈ മുരീദ് ഒരിക്കലും പരലോകം കൊണ്ടും തൃപ്തനാവില്ല. മറിച്ച് തന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദിവ്യപരാമാര്‍ത്ഥം തേടി കഠിനയത്നം നടത്തുകയും ശ്രമം തുടരുകയും ചെയ്യും. തനിക്കും ഈ ലക്ഷ്യത്തിനും ഇടക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന എന്തിനെയും അവര്‍ പിശാചായിട്ടു (ത്വാഗൂത്) ഗണിക്കും. 
ജ്ഞാനിയോട് ഒരിക്കല്‍ ചോദിക്കപ്പെട്ടു എന്താണ് ത്വാഗൂത്?
അദ്ധേഹം മറുപടി പറഞ്ഞു: പരമാര്‍ത്ഥത്തില്‍ നിന്നും നിന്നെ അശ്രദ്ധമാക്കുന്നതെന്തോ അതെല്ലാം  ത്വാഗൂത് തന്നെ.
തുടര്‍ന്ന്, തന്റെ കരം ഗ്രഹിക്കുന്ന, ത്വരീഖതിന്റെ വഴിപ്രവേശത്തില്‍  സഹായിക്കുന്ന, വാത്സല്ല്യനിധിയായ ഒരു ശൈഖിനെ മുരീദ് അനുധാവനം ചെയ്യണം.  മുരീദിനു ഒരുവിധ തളര്‍ച്ചയോ വിളര്‍ച്ചയോ പതര്‍ച്ചയോ വരുത്താതെ ഓരോ ഘട്ടങ്ങളിലുമുണ്ടായേക്കാവുന്ന അപകടങ്ങളെ നേരത്തെ ബോധവല്‍കരിച്ച് ശൈഖ് മുന്നോട്ടു നയിക്കും. അതിനാല്‍ തന്നെ വാത്സല്ല്യനിധിയായ ഒരു ശൈഖിനെ കണ്ടെത്തലല്ലാതെ മുഖ്യമായ മറ്റൊരു കാര്യവും മുരീദിനില്ല തന്നെ. 
ആത്മജ്ഞാനികള്‍ പറയാറുണ്ട്, സ്വയം വളര്‍ന്ന ഒരു വൃക്ഷവും കായ്കാറില്ല. ഇനി കായ്‍ച്ചാല്‍ തന്നെയും ആ ഫലങ്ങള്‍ക്ക് രുചി കുറവായിരിക്കും. അപ്രകാരം തന്നെയാണ് ശൈഖില്ലാത്ത ഏതൊരു മുരീദിന്റെയും അവസ്ഥ. അവന്റെ വാക്കുകളും പ്രവൃത്തികളുമെല്ലാം വളരെ സാധാരണമായിരിക്കും. പാകതയോ പക്വതയോ ഉയര്‍ച്ചയോ വരിക്കുകയില്ല. അവന്റെ തേട്ടത്തിന്റെ പ്രാരംഭദശകളിലുണ്ടാവുന്ന ശരിതെറ്റുകളെ വേര്‍ത്തിരിച്ചു മനസ്സിലാക്കാനുള്ള ശേഷിയും അവനുണ്ടാവില്ല.
Read More: മക്തൂബ് 06- ശൈഖിന്‍റെ യോഗ്യതയും ഗുണങ്ങളും
പ്രതിഭാ ശാലിയായ ഒരു ഭിഷഗ്വരനെ കൂടാതെ സ്വയം ചികിത്സ നടത്തുന്ന ഒരു രോഗിയുടെ അപകടാവസ്ഥ നീ മനസ്സിലാക്കുമല്ലോ. അതിനാല്‍ ഏതൊരു സമൂഹത്തിനും ഒരു ദൈവദൂതന്‍ ആവശ്യമാണ്. ഒരു കുഞ്ഞിനു സംരക്ഷകനും രോഗിക്കു ഭിഷഗ്വരനും ദാഹിക്കുന്നവനു ജലവും വിശക്കുന്നവനു റൊട്ടിയും പോലെ ഒരു മുരീദിനു ആധ്യാത്മികവഴിത്താരകളിലെ നിഗൂഢതകളും നികേതങ്ങളുമറിയുന്ന, ലക്ഷ്യം വരിച്ച, രോഗമറിഞ്ഞു ചികിത്സിക്കുന്ന ഒരു ശൈഖ് ആവശ്യമാണ്.
എന്നാല്‍ ഒരു ശൈഖില്ലാതെ ആധ്യാത്മികപ്രയാണം നടത്തുന്നവന്‍ തന്റെ ലക്ഷ്യത്തിലേക്കെത്തിക്കുന്ന വഴിയറിയാത്ത യാത്രക്കാരനെ പോലെയാണ്. നിസ്സംശയം അവനു വഴി തെറ്റുകയും നശിക്കുകയും ചെയ്യും. ഇതെല്ലാം ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ ഉദ്ധേശിക്കുന്നവന്‍ ജഢങ്ങളുടെ സഹവാസിയാണ്. പരേതരോടൊപ്പം ജീവിക്കുന്നവരുടെ ഹൃദയം നിലച്ചുപോകുമെന്നതില്‍ സംശയമില്ലല്ലോ.
അറിവ് തേടുന്നവര്‍ തങ്ങളുടെ ഗുരുക്കളെ പിന്‍പറ്റണം, ഒരോ സമൂഹവും തങ്ങളുടെ പ്രവാചകരെയും. അപ്രകാരം മുരീദുമാര്‍ തങ്ങളുടെ സച്ചരിതരായ മശാഇഖുകളെയും വിജയം നേടുന്നതു വരേക്കും പിന്തുടരണം. അതാണ് ഈ ജ്ഞാനവ്യവസ്ഥയുടെ അടിത്തറയായി അല്ലാഹു നിശ്ചയിച്ചത്.
ആത്മജ്ഞാനികള്‍ പറയുന്നു, ത്വരീഖത്തില്‍ സ്വയം പര്യാപ്തത നടിച്ച് മറ്റൊരാളുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കാത്തവന്‍ വഞ്ചിതനായ ബിംബാരാധകനാണ്. അവനൊരിക്കലും ലക്ഷ്യം പ്രാപിക്കില്ല. ഇവിടെ ഒരു സൂക്ഷ്മസത്യമുണ്ട്. എല്ലാം തിരസ്കരിച്ചു കടന്നു പോകുന്നവരെ ആത്മാര്‍ത്ഥരായ വിശ്വാസികളാക്കി മാറ്റാന്‍ ഒരു ദൈവദൂതനു കഴിയാത്ത പോലെ, ദുശ്ശാഠ്യക്കാരനായ ഒരു മുരീദിനെ അനുസരണശീലനാക്കി മാറ്റിയെടുക്കാനൊന്നും ശൈഖിനാവില്ല. മുന്‍ നിശ്ചയപ്രകാരം ഇസലാം കൊണ്ട് ഒരുത്തനെ അനുഗ്രഹിക്കാന്‍ അല്ലാഹു ഉദ്ധേശിച്ചാല്‍ പ്രവാചകനെ പിന്‍പറ്റാനുള്ള ദിവ്യ സഹായം അദ്ധേഹത്തിനു എത്തിച്ചേരും. അപ്രകാരം ത്വരീഖത്തിന്റെ അകക്കാമ്പ് അറിയാന്‍ കഴിഞ്ഞാല്‍ ഒരു ശൈഖിന്റെ സഹവാസത്തിലേക്ക് അല്ലാഹു അവനെ നയിക്കും. പടച്ചവന്റെ പതിവ് ഇങ്ങനെയാണ്.
ആചാര്യനെ അന്വേഷിക്കുന്നതിനെക്കുറിച്ചു നീ മനസ്സിലാക്കി. എന്നാല്‍ എന്നിലും നിന്നിലുമൊന്നും സത്യസന്ധമായ അന്വേഷണമോ ആത്മാര്‍ത്ഥതയുള്ളവരുടെ നിയ്യത്തോ ഇല്ല തന്നെ. അതു നമുക്ക് അപ്രാപ്യമാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം കേവലം പൂജാരികളുടേതോ ബിംബാരാധകരുടേതോ ആണ്. നാം മുസ്‍ലിംകളും മുരീദുകളുമാണെന്ന് എങ്ങനെയാണ് നമുക്ക് അവകാശപ്പെടാനാവുക?. നാം സത്ത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ളവരുടെ ഗണത്തില്‍ പെടില്ലെങ്കിലും ചുരുങ്ങിയപക്ഷം അപ്രകാരമാണെന്ന് അവകാശവാദം ഉന്നയിക്കുന്നവരിലെങ്കിലും പെടുമല്ലൊ.
Read More: മക്തൂബ്-5 ഒരു ഗുരുവിന്റെ കൈപിടിക്കൂ... എന്നിട്ട് ധൈര്യമായി കടന്ന് വരൂ..
ആചാര്യശ്രേഷ്ഠര്‍ പറയാറുണ്ട്, ഇതൊരു വലിയ പരമാര്‍ത്ഥം തന്നെ. ഇലാഹേതര സന്നിധാനങ്ങളില്‍ താനൊരു യാഥാര്‍ത്ഥ്യക്കാരാണെന്ന അംഗീകാരത്തേക്കാളും നല്ലത് ഇലാഹിന്റെ സവിധത്തില്‍ താനൊരു വ്യാജനാണെന്ന് അംഗീകരിക്കപ്പെടുന്നതാണ്. കാരണം ദൈവസാന്നിധ്യത്തിലെ നിന്ദ്യത തന്നെയാണ് യഥാര്‍തഥ വലുപ്പം.
പൂചെണ്ടാവാനായില്ലെങ്കിലും
നിന്‍റെ, തീച്ചൂളയിലെ
എരിയുന്ന വിറകെങ്കിലും
ആയിത്തീരും ഞങ്ങള്‍ -  സനാഈ (ദീവാന്‍)
വളരെ വ്യാപകമായി സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഒരാള്‍ ഒരേ ജീവിതമുറയിലൂടെ, തന്റെ ഏകമായ പന്ഥാവിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ആചാര്യന്‍ തന്റെ മുമ്പില്‍ വിവിധ ആവശ്യങ്ങളുടെ വിരി നിരത്തും. ശിഷ്യന്‍ ഒരു വിധ ആഗ്രഹവും പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അവനെ നിര്‍ബന്ധപൂര്‍വ്വം അതിലേക്ക് പിടിച്ചിരുത്തും. അവന്‍ അത് ആവശ്യപ്പെട്ടിട്ടാണ് നടക്കുന്നതെങ്കില്‍ ബേജാറാകേണ്ടതില്ല. അല്ലെങ്കില്‍ ഒരു പ്രതീക്ഷ അവന്റെ കൂട്ടിനുണ്ടാകണം. എന്താണ് നിനക്ക് കണക്കാകിയതെന്നും ഏതെല്ലാം അദൃശ്യങ്ങളാണ് വെളിപ്പെടിത്തപ്പെടുന്നതെന്നും നിനക്ക് വഴിയെ മനസ്സിലാക്കാം.
വസ്സലാം
 
 


 
             
            
                     
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment