നിശബ്ദതയാണ് ഏറ്റവും വലിയ ശബ്ദം

ഒരിക്കല്‍ കൂടി രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ പതാകകള്‍ വാനിലുയര്‍ത്തപ്പെട്ടു. കുട്ടികളുടെ അധരങ്ങളില്‍ നിന്ന്  'മേരാ ഭാരത് മഹാന്‍' തുടങ്ങിയ പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങി. ഇവ തെറ്റാണെന്നാണ് കശ്മീര്‍ ഇന്ത്യയോട് ചേര്‍ന്നപ്പോള്‍ അവര്‍ക്ക് നല്‍കിയിരുന്ന അവകാശങ്ങള്‍ ഇല്ലാഴ്മ ചെയ്യുക വഴി നാം തെളിയിച്ചിരുക്കുന്നത്. ഓഗസ്റ്റ് 4 ന് 7 ദശലക്ഷം കശ്മീരീ ജനതയെ ജയിലിലടച്ചതിന് തുല്യമായ അന്തരീക്ഷം സൃഷ്ടിക്കുമാറ് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് ഫോണ്‍ ബന്ധം വിഛേദിക്കുകയും ചെയ്തതിന് ശേഷം കശ്മീരിന് പ്രത്യേകവകാശങ്ങള്‍ നല്‍കുന്ന 370ാം വകുപ്പ് എടുത്ത് മാറ്റിയെന്ന് ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. ഇരു സഭകളിലും ബില്‍ പാസാക്കിയെടുക്കാന്‍ ബി.ജെ.പിക്ക് ഏറെയൊന്നും വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. ബില്‍ ബ്രിട്ടീഷുകാരുടെ പാരമ്പര്യ രീതിയായ ഡസ്കിലടിച്ച് സ്വീകരിക്കപ്പെട്ടു. കൊളോണിയലിസ്റ്റുകളെ അനുസ്മരിക്കും വിധം ഇതാ പുതിയൊരു പ്രദേശം കൂടി തങ്ങളുടെ കാലിന് കീഴിലെത്തിയിരിക്കുന്നു എന്ന സന്തോഷം ഭരണപക്ഷ അംഗങ്ങളെ ആവേശഭരിതരാക്കി. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും

അവയെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാവുമെങ്കിലും ലഡാക്കില്‍ അത് ഉണ്ടാകില്ല. പുതിയ തീരുമാനത്തോടെ കശ്മീരികള്‍ ഏറെക്കാലം അനുഭവിച്ചിരുന്ന പ്രത്യേക പദവിയും പതാകയുമെല്ലാം ഇനി ഇല്ലാതാവും. ഇനി മുതല്‍ ഏതൊരു ഇന്ത്യന്‍ പൗരനും കശ്മീരില്‍ ഭൂമി വാങ്ങാം, സ്ഥിരതാമസമാക്കാം. ഇന്ത്യയിലെ ഏറ്റവും പണക്കാരനായ മുകേഷ് അംബാനി കശ്മീരിനും ലഡാക്കിനുമായി പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

            ആര്‍ട്ടിക്ള്‍ 35 എയും ഇതിനോടകം ഇല്ലാതാക്കിയിരിക്കുന്നു. ഇത് വഴി ഇസ്രയേല്‍ മോഡല്‍ അനധികൃത കുടിയേറ്റവും ടിബറ്റ് മോഡല്‍ ജനസംഖ്യാ കൈമാറ്റവും തീര്‍ച്ചയായും വര്‍ധിക്കും. വാര്‍ത്ത രാജ്യത്തൊന്നടങ്കം പരന്നതോടെ ഇന്ത്യന്‍ 'ദേശീയ വാദികള്‍' ഒന്നടങ്കം തെരുവിലിറങ്ങി ആനന്ദ നൃത്തം ചവിട്ടി. സോഷ്യല്‍ മീഡിയകളിലെല്ലാം സുപ്രധാന നേട്ടം കരസ്ഥമാക്കിയെന്ന് പ്രഖ്യാപിച്ചു. സമാനമായി സ്ത്രീ വിരുദ്ധ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു. ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞ തമാശ ഇങ്ങനെയാണ്, 'നമ്മുടെ ദാകര്‍ജി ബീഹാറില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ട് വരാമെന്ന് പറയാറുണ്ടായിരുന്നു. ഇനി നമുക്ക് കശ്മീരില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ട് വരാം'.

                        എന്നാല്‍ ഇതിനെക്കാളേറെ ഞെട്ടിപ്പിച്ച യാഥാര്‍ഥ്യം 70 ലക്ഷം ആളുകളെ ഇന്‍റര്‍നെറ്റ്, ഫോണ്‍ ബന്ധങ്ങളെല്ലാം വിഛേദിച്ച് രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി നിര്‍ത്തിയതാണ്. സാങ്കേതികവിദ്യ ഇത്രമാത്രം വികസിച്ച ഇക്കാലത്ത് പോലും ഭരണകൂടം വിചാരിച്ചാല്‍ ഒരു സംസ്ഥാനത്തെയൊന്നടങ്കം ഒറ്റപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ഭാവിയില്‍ നാം അഭിമുഖീകരിക്കാവുന്ന അപകടകരമായ അവസ്ഥാ വിശേഷത്തെയാണ് അത് കാണിച്ച് തരുന്നത്.

            വിഭജനത്തിന്‍റെ മുറിപ്പാടുകളാണ് കശ്മീരിലെ നാളിത് വരെയുള്ള സംഭവവികാസങ്ങള്‍. വിഭജനകാലത്ത് അഖണ്ഡമായൊരു പ്രദേശം രണ്ടാക്കി മാറ്റിയെന്നാണ് പറയപ്പെടാറ്, എന്നാല്‍ അത് പൂര്‍ണ്ണമായും തെറ്റാണ്, മറിച്ച് ഈ 'അഖണ്ഡതയില്‍' പെടാത്ത നിരവധി സ്വതന്ത്ര പ്രവിശ്യകളുണ്ടായിരുന്നു. വിഭജന കാലത്ത് സ്വന്തമായി തീരുമാനമെടുക്കാന്‍ അവക്ക് അധികാരം നല്‍കപ്പെട്ടിരുന്നെങ്കിലും പല പ്രവിശ്യകളും ബലമായി രാജ്യത്തോട് ചേര്‍ക്കപ്പെടുകയാണുണ്ടായത്.

            കശ്മീരില്‍ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ച് ഭരണം നടത്തിയിരുന്നത് മഹാ രാജ ഹരി സിംഗ് ആയിരുന്നു. 1945 ല്‍ അദ്ദേഹത്തിനെതിരെ വലിയ കലാപങ്ങളുണ്ടായി. മുസ്ലിം ഭൂരിപക്ഷ പൂഞ്ചില്‍ കലാപകാരികള്‍ രാജാവിന്‍റെ സൈന്യത്തെയും പ്രദേശത്തെ ഹിന്ദുക്കളെയും തറപറ്റിച്ചപ്പോള്‍ ജമ്മുവില്‍ രാജാവിന്‍റെ സൈന്യം തദ്ദേശീയരോടൊപ്പം മുസ്ലിംകളെ കൂട്ടക്കൊല ചെയ്തു. 70000 മുതല്‍ 200000 വരെ പേര്‍ മരണപ്പെട്ട ഈ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യാന്‍ പാക്കിസ്ഥാനില്‍ നിന്നും സൈന്യമിറങ്ങി. വടക്ക് പടിഞ്ഞാറന്‍ പര്‍വതങ്ങളിലൂടെ കടന്ന് വന്ന അവര്‍ വഴിയിലുടനീളം കൂട്ടക്കൊലയും കൊള്ളയും നിര്‍ബാധം നടത്തി. കശ്മീരില്‍ നിന്നും രക്ഷപ്പെട്ട് ജമ്മുവിലെത്തിയ രാജാവ് പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ ജവഹര്‍ ലാല്‍ നെഹ്റുവിനോട് സഹായം തേടി. ഇന്ത്യയില്‍ ലയിക്കുകയാണെങ്കില്‍ സഹായിക്കാമെന്നായിരുന്നു നെഹ്റുവിന്‍റെ നിലപാട്. ഒടുവില്‍ ചില പ്രത്യേക അവകാശങ്ങള്‍ ലഭിക്കണമെന്ന ഉറപ്പില്‍ കശ്മീര്‍ ഇന്ത്യയോട് ചേരുന്നതിനുള്ള ഉടമ്പടിയില്‍ ഹരി സിംഗ് ഒപ്പ് വെച്ചു. ഇന്ത്യന്‍ പട്ടാളത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പാക്കിസ്ഥാന്‍ പിന്‍വാങ്ങി. രാജ ഹരി സിങ്ങ് ഒപ്പ് വെച്ച കശ്മീര്‍ കൈമാറ്റ രേഖയില്‍ പ്രവിശ്യയില്‍ ഒരു ഹിത പരിശോധന നടത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. 72 വര്‍ഷത്തിലുടനീളം അധികാരത്തിലെത്തിയ ഓരോ ഭരണകൂടവും കൈമാറ്റ രേഖയിലെ നിബന്ധകളോരോന്നും പതിയെ പതിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ആ രേഖയുടെ വെറും അസ്ഥി പഞജരം മാത്രം ബാക്കിയായി. അതും അശേഷം നശിപ്പിക്കുകയാണ് പാര്‍ലമെന്‍റില്‍ അമിത് ഷാ ചെയ്തത്.

            ചരിത്രത്തിലുടനീളം ഇന്ത്യയുമായി കശ്മീരിനെ ചേര്‍ത്ത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പിലൂടെ ശ്രമങ്ങള്‍ നടന്നെങ്കിലും 1987 ല്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതോടെ ഇന്ത്യയോടുള്ള വിശ്വാസം വലിയൊരു വിഭാഗത്തിന് കൈമോശം വന്നു. അതേ തുടര്‍ന്ന് 1989 ല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ശക്തമായ സമരം കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ടു. അത് കശ്മീരിലെ ന്യൂനപക്ഷമായ ഹിന്ദു പണ്ഡിറ്റുകള്‍ക്ക് നേരെയും നീണ്ടു. 400 ലധികം ഹിന്ദു പണ്ഡിറ്റുകള്‍ കൊല ചെയ്യപ്പെട്ടതോടെ 25000 ത്തിലധികം പണ്ഡിറ്റുകള്‍ ജമ്മുവിലേക്ക് പാലായനം ചെയ്തു. അവര്‍ക്ക് തിരിച്ച് പോവാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചില്ല.

            ഇന്ന് ലോകത്തെ തന്നെ ഏറ്റവും സൈനിക വിന്യാസമുള്ള പ്രദേശമാണ് കശ്മീര്‍. 5 ലക്ഷത്തലധികം സൈന്യമുള്ള ഇവിടം കുറച്ച് തീവ്രവാദികള്‍ക്കെതിരെയാണ് പോരാട്ടമെന്ന് സര്‍ക്കാര്‍ പറയുന്നതെങ്കിലും ജനങ്ങള്‍ തന്നെയാണ് സൈന്യത്തിന്‍റെ ലക്ഷ്യമെന്ന്  കൊല ചെയ്യപ്പെട്ട 70000 ലധികം പേരുടെ കണക്ക് തന്നെ തെളിയിക്കും. ആയിരക്കണക്കിന് യുവാക്കളാണ് എവിടെയെന്നറിയാതെ അപ്രത്യക്ഷരാവുന്നത്. അതിന് പുറമെ പതിനായിരക്കണക്കിന് പേര്‍ കടുത്ത മര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. ചുരുക്കത്തില്‍ ഇറാഖിലെ അബൂ ഗുറൈബ് ജയിലുകള്‍ക്ക് സമാനമായി കശ്മീരികളുടെ അവസ്ഥ.

            നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കശ്മീരിലെ സ്ഥിതിഗതികള്‍ തീര്‍ത്തും സങ്കീര്‍ണ്ണമായി. ഒരു കശ്മീരീ യുവാവ് നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ 40 ലധികം സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലേക്ക് ബോംബുകള്‍ വര്‍ഷിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ രണ്ടാം വരവില്‍ കശ്മീര്‍ പൂര്‍ണ്ണമായും പുകഞ്ഞ് കൊണ്ടിരിക്കുകയാണ്.

            ഓഗസ്റ്റ് ഒന്നിന് അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്‍ വെച്ച കുഴിബോംബ് കണ്ടെത്തിയെന്നും അതിനാല്‍ തീര്‍ഥാടകര്‍ കശ്മീര്‍ വിടണമെന്നും പ്രഖ്യാപനമുണ്ടായി. അതിനോടകം 45,000 അധിക  സൈന്യത്തെ കൂടി കശ്മീരില്‍ വിന്യസിച്ചിരുന്നത് കാര്യമായെന്തോ നടക്കാനുണ്ട് എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഞായറാഴ്ചയോടെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും കശ്മീരില്‍ വിഛേദിക്കപ്പെട്ടു. എക്കാലവത്തും ജനങ്ങളെ ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രോല്‍സാഹിപ്പിച്ചിരുന്ന കശ്മീരിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഉമര്‍ അബ്ദുല്ല, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെയെല്ലാം വീട്ടു തടങ്കലിലാക്കി. ഇത്രയെല്ലാം ചെയ്തതിന് ശേഷമാണ് കശ്മീരികളെ വഞ്ചിക്കുന്ന ബില്‍ പാസ്സാക്കിയെടുക്കുന്നത്.

            കശ്മീരിലെ പോലീസ് സേന പൂര്‍ണ്ണമായും നിരായുധീകരിക്കപ്പെട്ടു. അവരെ വിശ്വസിക്കാന്‍ സാധ്യമല്ലെന്നതായിരുന്നു ഇതിനുള്ള കാരണമായി പറയപ്പെട്ടത്. ഇത്രയും കാലം പ്രദേശത്തെ വിഘടനവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ സഹിച്ച് ഇന്ത്യയെ സേവിച്ചതിന് രാജ്യം അവര്‍ക്ക് തിരികെ നല്‍കിയത് ഇതാണ്. പാക്കിസ്ഥാനെ പിന്തുണക്കുന്ന ഈ വിഘടനവാദികള്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാവണം. കാരണം ഇനി അവര്‍ക്ക് പ്രദേശവാസികളില്‍ നിന്ന് എതിരാളികളുണ്ടാവില്ല. ഇനി എല്ലാവരും അവര്‍ക്ക് പിന്തുണ നല്‍കുന്നവരായിരിക്കും. ഇന്ത്യയെ ഇത്ര കാലം പിന്തുണച്ച് പോന്നിരുന്ന നേതാക്കളെ ഇത്രമാത്രം അപമാനിച്ചത് അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്.

            പ്രഖ്യാപനത്തിന്‍റെ നാല് ദിവസങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 8 ന് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനം ചെയ്തു. കശ്മീരായിരുന്നു വിഷയം. സാധാരണ പ്രസംഗിക്കുന്നത് പോലെ ഗര്‍ജനത്തോടെയായിരുന്നില്ല ആ പ്രസംഗം. മറിച്ച് സ്നേഹ നിധിയായ ഒരു മാതാവിന്‍റെ വാത്സല്യം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകളില്‍. നിറ കണ്ണുകളോടെ കശ്മീരിന് ലഭിച്ചേക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. കശ്മീരിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരില്‍ നിന്ന മോചനം ലഭിച്ചിരിക്കുന്നുവെന്നും ഇനി ഡല്‍ഹിയില്‍ നിന്ന് നേരിട്ടായിരിക്കും കശ്മീര്‍ ഭരിക്കപ്പെടുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഷൂട്ടിംഗുകള്‍ മുറ പോലെ നടന്നിരുന്ന ആ പഴയ കശ്മീര്‍ ദിനങ്ങള്‍ തിരികെ വരുമെന്നും മോദി വാഗ്ദാനം ചെയ്തു.

            എന്നാല്‍ ഈ പ്രസംഗം നടത്തുമ്പോഴും കശ്മീരികളെ എന്തിന് പൂട്ടിയിട്ടുവെന്നും ഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചുവെന്നും മോദി പറഞ്ഞില്ല. ഈ തീരുമാനം എടുക്കുമ്പോള്‍ അവരോട് അന്വേഷിക്കാതിരുന്നത് എന്ത് കൊണ്ടെന്നതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. സമ്പൂര്‍ണ്ണ സൈനിക തടവറയിലായിരിക്കെ രാഷ്ട്രം അവര്‍ക്ക് നല്‍കുന്ന സൗഭാഗ്യങ്ങള്‍ എങ്ങനെ അനുഭവിക്കാനാവുമെന്ന ആശങ്കയെ അദ്ദേഹം അഡ്രസ്സ് ചെയ്തതേയില്ല.

            ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ 'ഒരു രാഷ്ട്രം, ഒരു ഭരണഘടന' എന്ന സ്വപ്നം പൂവണിഞ്ഞതായി മോദി പ്രഖ്യാപിച്ചു. എന്നാല്‍ തൊട്ട് തലേ ദിവസം ജമ്മു കശ്മീര്‍ പോലെ പ്രത്യേക അധികാരങ്ങളുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പല വിമത ഗ്രൂപ്പുകളും സ്വാതന്ത്ര്യ ദിനം ബഹിഷ്കരിച്ചതിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞ ഭാവം നടിച്ചില്ല.

            കശ്മീര്‍ ഇനി കൂടുതല്‍ പുകയാനാണ് സാധ്യത. അവിടെ സംഘര്‍ഷങ്ങള്‍ നിരന്തരമായി സംഭവിക്കും. അതിനെ പട്ടാളം തോക്കുകള്‍ കൊണ്ട് അടിച്ചമര്‍ത്തും. കശ്മീരികള്‍ക്കെതിരെ രാജ്യത്തുടനീളം വലിയ വികാരങ്ങള്‍ ഉയരും. അത് സ്വാഭാവികമായി മുസ്ലിംകള്‍ക്കെതിരെയുള്ള അക്രമമായി് പരിണമിക്കും. നിലവില്‍ തന്നെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കിരയാക്കപ്പെടുന്ന മുസ്ലിംകളെ വര്‍ധിത വീര്യത്തോടെ അപായപ്പെടുത്താന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കും. അതോടെ പട്ടാളക്കാര്‍ കശ്മീരിനെ നിയന്ത്രിക്കുന്നത് പോലെ ഇത്തരക്കാര്‍ രാജ്യത്തെയൊന്നടങ്കം കീഴ്പ്പെടുത്തും.  

            ഇതിനെതിരെ ശബ്ദിക്കുന്ന അഭിഭാഷകര്‍, സാംസ്കാരിക നായകര്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍ എന്നിവരെയും ലക്ഷ്യംവെക്കാന്‍ അവര്‍ ശ്രമിക്കും. നിലവിലെ അവസ്ഥയില്‍ തന്നെ ആക്ടിവിസ്റ്റുകള്‍ക്ക് നേരെ വലത് പക്ഷ സംഘടനകളില്‍ നിന്ന് കടുത്ത ഭീഷണി ഉണ്ട്. ആറ് ലക്ഷത്തിലധികം വളണ്ടിയര്‍മാര്‍ ഉള്ള ആര്‍.എസ്.എസ് ആണ് ഇവയില്‍ ഏറെ അപകടകരം. നരേന്ദ്ര മോദിയും മന്ത്രിസഭയിലെ ബഹുഭൂരിപക്ഷവും പ്രതിനിധീകരിക്കുന്ന ഈ സംഘടന മുസ്സോളിനിയുടെ ബ്ലാക്ക് ഷര്‍ട്ടുകാരുടെ മാതൃകയില്‍ രൂപം നല്‍കപ്പെട്ടതാണ്. നിലവില്‍ ഇന്ത്യയിലെ മിക്ക സര്‍ക്കാര്‍ ഏജന്‍സികളെയും ഇവര്‍ വരുതിയിലാക്കിയിരിക്കുന്നു. രാജ്യത്ത് ഏറെക്കുറെ അവര്‍ പിടിമുറുക്കിയിട്ടുണ്ട്.

            നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‍റെ ശേഷം മെയ് മാസം ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് നടത്തിയ ഒരു പ്രസ്താവന ആക്ടിവിസ്റ്റുകളോടുള്ള ബി.ജെ.പിയുടെ കടുത്ത എതിര്‍പ്പ് വ്യക്തമാക്കിത്തരുന്നുണ്ട്. രാജ്യത്തിന്‍റെ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഈ ലിബറലുകളെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് ഉഛാടനം ചെയ്യുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.

            യു.എ.പി.എ ഭേദഗതി ചെയ്തതോടെ വ്യക്തികളെ അന്വേഷണമോ കുറ്റപത്രമോ വിചാരണയോ കൂടാതെ തന്നെ ഭീകരവാദികളാക്കി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാറിന് ലഭിച്ചിരിക്കുകയാണ്. പാര്‍ലമെന്‍റില്‍ ഈ ബില്‍ പാസ്സാക്കിയെടുക്കുമ്പോള്‍ ആഭ്യന്തര മന്ത്രി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു, "സര്‍, തോക്കുകളല്ല തീവ്രവാദത്തെ സൃഷ്ടിക്കുന്നത്, മറിച്ച് തീവ്രവാദത്തെ വ്യാപിപ്പിക്കുന്ന പ്രചാരണങ്ങളാണ് അവയുടെ മൂല കാരണം. ഈ പ്രചാരകരെ മുഴുവന്‍ ഭീകരവാദികളായി പ്രഖ്യാപിച്ചാല്‍ പിന്നെ ആര്‍ക്കും ഈ ബില്ലിനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടാകാനിടയില്ല".

            അദ്ദേഹം ഇത് പറഞ്ഞപ്പോള്‍ ക്രൂരമായ ആ കണ്ണുകള്‍ ഉന്നം വെക്കുന്നത് ഞങ്ങളെയാണെന്ന് ഞാന്‍ ഭയപ്പെടുകയാണ്. വിശിഷ്യാ അമിത് ഷാ ഉള്‍പെട്ട കേസ് വിധി പറയാനിരുന്ന ജഡ്ജ് ലോയ കൊല ചെയ്യപ്പെട്ടതും പകരം വന്ന ജഡ്ജ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചതുമെല്ലാം കൂട്ടി വായിക്കുമ്പോള്‍. ഇതെല്ലാം കണ്ട് ആവേശഭരിതരായി വലത് പക്ഷ കുഴലൂത്തുകാരായ അസംഖ്യം ടി.വി ആങ്കര്‍മാര്‍ അവര്‍ക്കിഷ്ടപ്പെടാത്തവരെക്കുറിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനും അവരെ അറസ്റ്റ് ചെയ്യാനാവശ്യപ്പെടാനും ശ്രമിച്ചേക്കാം. ടി.വി വാര്‍ത്തകള്‍ വഴി 'കൊല ചെയ്യപ്പെട്ടു' എന്ന വാര്‍ത്തകളായിരിക്കും ഭാവിയില്‍ രാജ്യം കേള്‍ക്കുക. ലോകം വീക്ഷിച്ച് കൊണ്ടിരിക്കെ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം പതിയെ ഫാസിസത്തിന്‍റെ കൈപ്പിടിയിലൊതുങ്ങും.

            മുസ്ലിമായ ഒരു സീനിയര്‍ ഡോക്ടര്‍ സുഹൃത്തുണ്ടെനിക്ക്. അദ്ദേഹവുമായി ചാറ്റ് ചെയ്ത് കൊണ്ടിരിക്കെ ജയ് ശ്രീറാം കൊലപാതകങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. തന്‍റെ ഡല്‍ഹിയിലുള്ള ബന്ധുക്കളെ കാണാന്‍ പോവുമ്പോള്‍ ആളുകള്‍ തന്നെയും തടഞ്ഞ് നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഭയം അദ്ദേഹം പങ്ക് വെച്ചു. താങ്കള്‍ അവര്‍ പറയുന്നത് അനുസരിക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അതിന് തയ്യാറാവില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 'കാരണം തബ്രീസ് അന്‍സാരി അങ്ങനെ പറഞ്ഞിട്ടും അവര്‍ കൊന്ന് കളഞ്ഞു ആ ചെറുപ്പക്കാരനെ', വികാരധീനനായി അദ്ദേഹം പറഞ്ഞു. കശ്മീരികള്‍ക്ക് സംസാരിക്കാന്‍ അവകാശം നല്‍കണമെന്ന് നാം പറഞ്ഞ് കൊണ്ടിരിക്കുമ്പോഴുള്ള ഇന്ത്യയുടെ അവസ്ഥയാണിത്.

വിവ: റാശിദ് ഹുദവി ഓത്തുപുരക്കല്‍

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter