മക്തൂബ് - 16 സാലികും മജ്ദൂബും - സ്വൂഫി ലോകത്തെ സംജ്ഞകള്‍

      എന്‍റ സഹോദരന്‍ ശംസുദ്ധീന്,
      സാലികുകളുടെ മഹത്വങ്ങളാല്‍ എല്ലാ അനുഗ്രഹങ്ങളും വര്‍ഷിക്കട്ടെ.

ആധ്യാത്മികലോകത്തുള്ള രണ്ട് വിഭാഗങ്ങളാണ് സാലികും മജ്ദൂബും, അഥവാ ആത്മീയ സഞ്ചാരിയും മസ്താനും. അവരെ കുറിച്ചാവാം ഇന്നത്തെ സംസാരം. 

വിലായതിന്റെ പദവിയില്‍ അല്ലാഹു പിടിച്ചിരുത്തിയവരാണ് മജ്ദൂബുകള്‍. വിവിധ ഘട്ടങ്ങളിലൂടെ ഉയർത്തപ്പെട്ടവരും പ്രണയാതിരേകത്താല്‍ ഉന്മത്തരുമാണവര്‍. ആധ്യാത്മിക സരണിയിലെ വിവിധ അവസ്ഥാന്തരങ്ങളില്‍ അല്ലാഹുവിന്‍റെ പ്രത്യേക പരിരക്ഷയൊന്നും ഇവര്‍ക്ക് ലഭിക്കില്ല. ഓരോ ഘട്ടത്തിന്‍റെയും സ്വഭാവം, പരീക്ഷണം, ഗുണദോഷങ്ങള്‍ എന്നിവയെക്കുറിച്ച് വലിയ പരിജ്ഞാനമൊന്നും അവര്‍ക്കുണ്ടാകില്ല. ഇക്കാരണത്താല്‍ ഇവര്‍ ആത്മീയഗുരു പദവിക്ക് അര്‍ഹരല്ല. അതിനു യോഗ്യതയുള്ളവരെ  കാലാനുക്രമമായി, സാവകാശം അല്ലാഹു തന്നിലേക്ക് ആവാഹിക്കുന്നു.     വഴികളിലെ അനുകൂല പ്രതികൂല സാഹചര്യങ്ങളും ബാധ്യതകളും അവര്‍ക്ക് മുമ്പില്‍  വെളിവാക്കപ്പെടുന്നു.  നന്മതിന്മകള്‍ വേര്‍ത്തിരിച്ചറിയാനും ജനങ്ങളെ സല്‍പന്ഥാവിലേക്ക് ചേര്‍ത്താനും വിവിധ വഴികളിലേക്ക് അവര്‍ ഇറങ്ങിത്തിരിക്കുന്നു.

സൂഫികള്‍ പറയുന്നു: ഒരു സാലികിന് വിവിധ തലങ്ങളുണ്ട്. മണ്ണിന്‍റെ ഭാവമാണ് ഓന്നാമത്തേത്. അന്ധകാരം നിറഞ്ഞ അറകള്‍ക്കുള്ളില്‍ നിന്നും പുറത്ത് വരുന്നത് പോലെ ഈ ഘട്ടത്തില്‍ അദ്ധേഹത്തിനു തോന്നിയേക്കാം. പര്‍വ്വതനിരകളിലൂടെയും ജലാശയങ്ങളിലൂടെയും സമതലങ്ങളിലൂടെയും സഞ്ചരിക്കുന്നതായും അനുഭവപ്പെട്ടേക്കാം. അതിലൂടെ ഭാരവും കാഠിന്യവും നഷ്ടപ്പെട്ട്  മൃദുലതയും ലാളിത്യവും കരഗതമാകുന്നു. 

Read More: മക്തൂബ്-15 ദിവ്യ സംഗമം, അനുഭൂതിയുടെ മായാലോകം

വെള്ളത്തിന്‍റെ ഭാവമാണ് രണ്ടാമത്തേത്. വൃക്ഷലതാദികളും നീര്‍ ചോലകളും  ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം കാണുന്നു. വായുവിന്റേതാണ് മൂന്നാമത്തേത്. വിഹായസ്സിലൂടെ പറക്കുന്നതായും വിദൂര ദിക്കുകളിലേക്ക്  കുതിക്കുന്നതായും ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് അനുഭവപ്പെടുന്നു. നാലാമത്തേത് അഗ്നിയുടെ സ്വഭാവമാണ്. തീ നാളങ്ങളും അഗ്നി കുണ്ഠങ്ങളും ഈ അവസരത്തില്‍ വെളിവാകുന്നു. അഞ്ചാമത്തേത് ചക്രവാളങ്ങളുടെയും രാശികളുടെയും തലമാണ്. ആകാശങ്ങളില്‍ നിന്നും മറ്റൊന്നിലേക്ക് പടര്‍ന്ന് പിടിക്കുന്നതായും മാലാഖമാരുടെയും  മേഘാവലികളുടെയും സഞ്ചാരം ദൃശ്യമാവുന്നതായും അദ്ധേഹം അനുഭവിക്കുന്നു. 

ആറ് നക്ഷത്രങ്ങളുടെയും അഭൗമികലോകത്തിന്‍റെയും സ്വഭാവതലമാണ്. ഈ അവസരത്തില്‍ നക്ഷത്രങ്ങളെയും സൂര്യചന്ദ്രാദികളെയും അവയുടെ പ്രഭാ പ്രസരണങ്ങളെയും  കാണാനാവുന്നു. ഏഴ് മൃഗങ്ങളുടെ സ്വഭാവമാണത്രെ. മൃഗീയത, കാടത്തം എന്നീ വിശേഷണങ്ങളില്‍ നിന്നും മുക്തമാകുന്ന ഘട്ടമാണിത്. വിവിധ മൃഗങ്ങളെയും അവയുടെ സ്വഭാവങ്ങളെയും അദ്ദേഹം നിരീക്ഷിക്കുന്നു. തുടര്‍ന്ന് സ്വശരീരത്തെ ആ മൃഗീയതകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നു. സ്വന്തത്തില്‍ വല്ലപ്പോഴും  ആ മൃഗം ആധിപത്യം ചെലുത്തുന്നതായി തോന്നിയാല്‍  ആ ദുസ്സ്വഭാവം തന്നിലുണ്ടെന്ന് അദ്ധേഹം തിരിച്ചറിയുന്നു. 

ഇത്തരത്തില്‍  പരസഹസ്രം പഥങ്ങളിലൂടെ  ഒരു സാലികിനു അനിവാര്യമായും സഞ്ചരിക്കേണ്ടതുണ്ട്. ഓരോയിടത്തിലും  അതിനനുസരിച്ചുള്ള ദര്‍ശനങ്ങളും സൂക്ഷ്മജ്ഞാനങ്ങളും ഉണ്ട്.

എന്‍റെ സഹോദരാ,

നിന്‍റെ ശരീരം ഒന്നാണ്. ലക്ഷ്യം മറ്റൊന്നും. നീ ധീരനാണെങ്കില്‍ ഇപ്രകാരം പറയൂ, ലക്ഷ്യത്തിലെത്താന്‍ എന്‍റെ ശരീരത്തെ  ബലി നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന്.

യാ അല്ലാഹ്!!!..ഇതൊരു മഹത്തായ മാണിക്യമാണ്. അതിന്‍റെ പാറാവുകാരന്‍ രക്തസാഗരത്തിലെ തിരകളാണ്. ആയിരങ്ങള്‍ സ്വശരീരത്തെ സമര്‍പിച്ച്  ആ കടലിലിറങ്ങാന്‍ നില്‍ക്കുന്നു. ആ മാണിക്യം  കരഗതമാക്കലാണ് അവരുടെ ലക്ഷ്യം. അത്കൊണ്ട് പൂര്‍ണ്ണ ബോധ്യത്തോടെയും അകക്കാഴ്ച്ചയോടെയും നീ നിലകൊള്ളുക. ഒരിക്കലും അശ്രദ്ധനാകരുത്.

Read More :മക്തൂബ് 14 തജല്ലി, ദിവ്യവെളിപാടിന്റെ അനുഭൂതികള്‍

ഈ വിശുദ്ധ മേഖലയില്‍ അശ്രദ്ധയോടെ തന്‍റെ കാല്‍പാദം വെക്കുന്നവനെ പ്രവേശനകവാടത്തില്‍ വെച്ച് തന്നെ  പിശാച്  പിടികൂടി ഇപ്രകാരം വിളിച്ചുപറയും "ഹേയ്..എന്നെ അറിയില്ലേ. ഒന്നാം ആകാശക്കാര്‍ക്ക് തസ്ബീഹിന്‍റെ  മര്യാദ പഠിപ്പിച്ചവനാണു ഞാന്‍. രണ്ടാം ആകാശവാസികള്‍ തഹ്ലീലിന്‍റെ മര്യാദകള്‍ പഠിച്ചത് എന്നില്‍ നിന്നാണ്. മറ്റുള്ളവരും എന്റെ സദസ്സില്‍ സംബന്ധിച്ചിരുന്നു. എന്നിട്ടും ആ ഔന്നത്യത്തില്‍ നിന്നെല്ലാം ഞാന്‍ പിറകോട്ടെറിയപ്പെട്ടു. അഭിശപ്തനായി മാറി.  മുഹമ്മദ് നബിയുടെ ശരീഅതിന്റെ കവാടത്തിലെ പാറാവുകാരനാക്കി അല്ലാഹു എന്നെ നിശ്ചയിച്ചു. ഹേയ്, ഇഖ്‍ലാസിന്റെ കിരീടമുണ്ടെങ്കില്‍ ഞാന്‍ നിന്നെ വെറുതെ വിടാം. അല്ലെങ്കില്‍ നീ എന്റെ ചതിയില്‍ വീണിരിക്കും".

ഇവന്‍ താന്‍  നില്‍ക്കുന്നിടത്ത് നിന്ന് അനങ്ങുക പോലും ചെയ്യില്ല. ഒരാള്‍ക്കും വേണ്ടി  ആ ധിക്കാരി എണീറ്റു നില്‍ക്കില്ല.  എന്നാലും വിശുദ്ധരും സദ്‍വൃത്തരുമായ സിദ്ധീഖീങ്ങള്‍ ഈ കവാടത്തിനകത്ത് പ്രവേശിക്കുമ്പോള്‍ അവന്‍ എണീറ്റു നില്‍ക്കുക തന്നെ ചെയ്യും. വസ്സലാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter