വിശേഷങ്ങളുടെ ഖുർആൻ: (7 ) ഖുർആൻ: ചില കൗതുക വിവരങ്ങൾ

ഖുർആൻ: ചില കൗതുക വിവരങ്ങൾ

വിശുദ്ധ ഖുർആൻ്റെ അവതരണാരംഭവും അന്ത്യവ്രവാചകൻ്റെ (സ) പ്രവാചകത്വലബ്ധിയും പരസ്പര പൂരകമാണല്ലോ. പ്രഥമസൂക്തം വന്നിറങ്ങുന്നതോടെയാണ് മക്കയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് സർവലോകവും അറിഞ്ഞാദരിച്ച അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യായി കീർത്തി നേടിയത്.

നാൽപ്പതാം വയസിലെത്തിയതോടെ കാര്യമായ ഭാവമാറ്റങ്ങൾ പ്രകടമായി തുടങ്ങി. ഏകാന്തവാസവും ധ്യാനവും പതിവ് രീതിയായി മാറി. മക്കയുടെ പ്രാന്തപ്രദേശത്ത് കുന്നിൻ മുകളിലെ ഹിറാ ഗുഹയിൽ ചെന്ന് ദിവസങ്ങളോളം ധ്യാനമിരിക്കും. ചന്ദ്ര മാസപ്രകാരം 40 വയസ് പൂർത്തിയായ ശേഷമുള്ള റമദാൻ മാസം 17 നാണ് പ്രഥമ ദിവ്യബോധനം ലഭിക്കുന്നത്. ക്രിസ്താബ്ധം 610 ഓഗസ്റ്റ് ആറിന്. അന്ന് ഹിറാ ഗുഹയിൽ ധ്യാനനിമഗ്നനായിരുന്ന തിരുനബിയുടെ സമീപം ജിബ്രീൽ മാലാഖ വന്നു വായിക്കാൻ ആവശ്യപ്പെടുന്നു. എനിക്ക് വായിക്കാനറിയില്ലെന്ന് പ്രതികരിച്ചപ്പോൾ ഒന്ന് കൂട്ടിപ്പിടിച്ചു ഞെരിച്ചു. അത് മൂന്ന് തവണ ആവർത്തിച്ചു. മൂന്നാം തവണ പ്രഥമ ഖുർആൻ വചനം മുഴുവനായി കേൾപ്പിക്കുന്നു. "സൃഷ്ടിച്ച നാഥൻ്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ രക്ത പിണ്ഡത്തിൽ നിന്ന് പടച്ചവൻ. വായിക്കുക, നിൻ്റെ നാഥൻ അത്യൂദാരനത്രെ. പേന കൊണ്ട് പഠിപ്പിച്ചവൻ, മനുഷ്യന് അജ്ഞാതമായത് അവൻ പഠിപ്പിച്ചു. "(അൽ അലഖ്: 1-5)

സംഭവബഹുലമായ ഒരു ചരിത്ര സൃഷ്ടിപ്പിൻ്റെ പ്രോദ്ഘാടനമായിരുന്നു, അത്. ആകാശവും ഭൂമിയും തമ്മിൽ കൈമാറിയ അവസാന സന്ദേശം. സ്രഷ്ടാവ് സൃഷ്ടികൾക്ക് വേണ്ടി ഒരുക്കിയിറക്കിയ വേദപരമ്പരയുടെ അന്ത്യകാണ്ഡവും കഴിഞ്ഞു പോയ വേദഗ്രന്ഥങ്ങളുടെയെല്ലാം പൂരണവും പൂർത്തീകരണവും. അന്ന് മുതൽ 23 വർഷം ദൈവത്തിങ്കൽ നിന്നുള്ള കാരുണ്യ വർഷം തുടർന്നു. ഇടയ്ക്ക് ഏതാനും വർഷത്തെ ഇടവേളയൊഴിച്ച് നിർത്തിയാൽ തിരുനബിയുടെ അന്ത്യം വരെ വ്യത്യസ്ത സ്ഥലത്തും സമയത്തും സന്ദർഭത്തിലുമായി ഖുർആൻ വചനങ്ങൾ ഇറങ്ങിക്കൊണ്ടിരുന്നു. മക്കയിലും മദീനയിലും വീട്ടിലും വെളിയിലും നാട്ടിലെ വാസക്കാലത്തും യാത്രാവേളകളിലും യുദ്ധരംഗത്തും  സന്ധിനേരങ്ങളിലും രാത്രിയും പകലും ഉറക്കിലും ഉണർച്ചയിലുമായി ഇറങ്ങിയ വചനങ്ങൾ പ്രത്യേകം അനുയായികൾ ഓർത്തു വയ്ക്കുകയും അവ രേഖപ്പെടുത്തി പിന്നീട് വിശദമായി ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഇങ്ങനെ ഇറങ്ങിയ വചനങ്ങൾ വിവിധ അധ്യായങ്ങളിലായി പ്രവാചക നിർദേശ പ്രകാരം തന്നെ ഇനം തിരിച്ചു വച്ചിരുന്നു. 114 അധ്യായങ്ങളാണ് ആകെ ഖുർആൻ. ഇതിൽ 87 അധ്യായങ്ങൾ മക്കിയ്യ എന്നും അവശേഷിക്കുന്ന 27 എണ്ണം മദനിയ്യ എന്നും അറിയപ്പെടുന്നു. മക്കിയ്യ എന്നാൽ മക്കയിൽ അവതരിച്ചതെന്നും മദനിയ്യ എന്നാൽ മദീനയിൽ ഇറങ്ങിയതെന്നും ചില പണ്ഡിതർ വിശദീകരിക്കുന്നു. അല്ല, പ്രവാചകൻ്റെ മദീന പലായനത്തിന് മുമ്പ് ഇറങ്ങിയവ മക്കിയ്യ എന്നും ഹിജ്‌റയ്ക്ക് ശേഷം ഇറങ്ങിയവ മദനിയ്യ എന്നും മറ്റു ചില പണ്ഡിതരും അഭിപ്രായപ്പെടുന്നു. 

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 6) ഖുർആൻ ക്രോഡീകരണം

ഖുർആൻ ഒന്നാം ഖലീഫയുടെ കാലത്ത് ക്രോഡീകരിച്ച് ഒറ്റ പതിപ്പാക്കിയപ്പോൾ തന്നെ അതിന് 'മുസ്ഹഫ് ' എന്ന പേര് നൽകപ്പെട്ടിരുന്നു. അന്ന് പല പേരുകളും നിർദേശിക്കപ്പെട്ടിരുന്നെങ്കിലും എതോപ്യക്കാരുടെ ഇടയിൽ പ്രചാരമുള്ള മുസ്ഹഫ് എന്ന പേര് സ്വിദ്ദീഖി (റ) നും മറ്റും സ്വീകാര്യമായതിനെ തുടർന്നു അത് തന്നെ സ്വീകരിക്കുകയായിരുന്നു.( സുയൂത്വിയുടെ അൽ ഇത് ഖാൻ കാണുക - പേജ്: 164-65) ഏട്, പതിപ്പ് തുടങ്ങിയ അർത്ഥമാണ് ഇതിനുള്ളത്. ഈ അർത്ഥം വരുന്ന വേറെ ചില പേരുകളിൽ ജൂത / ക്രൈസ്തവ വേദഗ്രന്ഥങ്ങൾ അറിയപ്പെടുന്നതിനാൽ അവ ഒഴിവാക്കി. 

എന്നാൽ ഖുർആൻ തന്നെ ഖുർആന് നൽകിയ ധാരാളം പേരുകൾ വേറെയും ഉണ്ട്. അവയുടെ എണ്ണത്തിൽ പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. 93 പേരുകൾ ചില പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നു. ഇമാം സർക്കശി തൻ്റെ അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ എന്ന കൃതിയിൽ 55 പേരുകളാണ് ചൂണ്ടിക്കാട്ടിയത്. ഇവയിൽ പ്രഥമസ്ഥാനം ഖുർആന് തന്നെ. 73 തവണ ഖുർആൻ എന്ന പേര് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അൽ കിതാബ്, ഫുർഖാൻ, തൻസീൽ, ദിക്റ്, വഹ് യ്, നൂറ്, ഹുദ, ഹിക്മ, മൗഇസ തുടങ്ങി പലയിടങ്ങളിലായി വിവിധ പേരുകളും വിശേഷണങ്ങളും വേറെയും കാണാം. 114 അധ്യായങ്ങളിലായി 6236 വചനങ്ങൾ അടങ്ങിയതാണ് ഖുർആൻ. വചനങ്ങളുടെ തുടക്കവും ഒടുക്കവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉള്ളതിനാൽ എണ്ണത്തിലും വ്യത്യാസം വരും. ചിലർ ചില സ്ഥലങ്ങളിലെ രണ്ട് വചനങ്ങൾ ഒന്നായി കാണുമ്പോൾ മറ്റ് ചിലർ രണ്ടായി കണക്കാക്കുന്നു. അതാണ് എണ്ണം മാറി വരാൻ കാരണം. 

അത് പോലെ ഓരോ അധ്യായങ്ങൾക്കും പ്രത്യേകം പേരുകൾ നൽകപ്പെട്ടിരിക്കുന്നു. ചില അധ്യായങ്ങളുടെ ആരംഭത്തിലുള്ള ഒറ്റയക്ഷരങ്ങൾ തന്നെ അവയുടെ പേരുകളായി കണക്കാക്കപ്പെട്ടു. ഖാഫ്, സ്വാദ്, യാസീൻ ഉദാഹരണം. ചില അധ്യായങ്ങൾക്ക് ഒന്നിൽ കൂടുതൽ പേരുകളുണ്ട്. അൽ ഫാതിഹ ഉദാഹരണം. ഇതിന് 25 ഓളം പേരുകൾ ചില പണ്ഡിതർ എടുത്തു പറഞ്ഞിരിക്കുന്നു. എന്നാൽ അൽ ഫാതിഹ, ഫാതിഹതുൽ കിതാബ്, ഉമ്മുൽ ഖുർആൻ, അസ്സബ് ഉൽ മസാനി, സൂറതുൽ ഹംദ് തുടങ്ങിയ പേരുകൾ പ്രസിദ്ധമാണ്. 

ഖുർആനിലെ ആകെ പദങ്ങൾ 77934 ആയും  അക്ഷരങ്ങൾ 323670 ആയും കണക്കാക്കിയിട്ടുണ്ട്. ഖുർആനിൽ അക്ഷരങ്ങളുടെ കൂടെയുള്ള പുള്ളികൾ പോലും എണ്ണിക്കണക്കാക്കിയിട്ടുണ്ട്. ഏതാണ്ട്  1015030 പുള്ളികൾ. കൂടാതെ അധ്യായങ്ങൾക്ക് പുറമെ അക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ ഖുർആനെ 30 ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. 30 ജുസൂ മുസ്ഹഫ് എന്നാണല്ലോ സാധാരണക്കാർ പോലും മനസിലാക്കിയിട്ടുള്ളത്. ജുസ് ' എന്നാൽ അറബിയിൽ ഭാഗം എന്നാണ് അർത്ഥം. 

എന്നാൽ ഖുർആനിലെ ഉപയോഗം കൊണ്ട് പല പദങ്ങൾക്കും സവിശേഷ സ്ഥാനവും അർത്ഥവും തന്നെ കൈവന്നിട്ടുണ്ട്. സൂറ, ആയ: , ഫാസില:, ഹിസ്ബ്, റുബ്' തുടങ്ങിയ പദങ്ങൾ ഉദാഹരണം. ഒരു ജുസ് ഇൽ രണ്ട് ഹിസ്ബുകൾ, നാല് റുബ് ഉകൾ. അങ്ങനെ അക്ഷരങ്ങളുടെ എണ്ണം നോക്കി 30 ജുസ് ഉം 60 ഹിസ്ബും 120 റുബ് ഉം തിട്ടപ്പെടുത്തിയിട്ടുണ്ട്. അൽ കഹ്ഫ് അധ്യായത്തിലെ 'വൽ യതലത്വഫ് ' എന്ന പദം പദങ്ങളുടെ എണ്ണത്തിൽ നടു മധ്യത്തിൽ വരുന്ന പദമായും അതിലെ 'ത' എന്ന അക്ഷരം അക്ഷരങ്ങളുടെ എണ്ണത്തിൽ നടുവിലെ അക്ഷരമായും കണക്കാക്കിയിട്ടുണ്ട്.

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 5) അകലെ നിന്നുള്ളവരുടെ വാഴ്ത്തു പാട്ടുകൾ

എന്നാൽ മേൽപ്പറഞ്ഞ ജുസ്‌ ' ഹിസ്ബ്, റുബ് അ ' ക്രമത്തിലുള്ള  ഇനം തിരിവുകൾ പിൽക്കാലത്ത് നടന്ന തരം തിരിവുകളാണ്. സ്വഹാബികളുടെ കാലത്ത് സൂക്തങ്ങളെയും അധ്യായങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനമാണ് നടന്നിരുന്നത്. പിന്നീട് ഉമവി ഭരണകാലത്ത് ഹജ്ജാജ് ബിൻ യൂസുഫിൻ്റെ നിർദേശപ്രകാരമാണത്രെ ഈ രീതികൾ നടപ്പിൽ വന്നത്. വൈകാതെ അത്  പ്രചാരം നേടി. പാരായണവും മന:പാഠമാക്കലും എളുപ്പമാക്കാൻ വേണ്ടിയാണ് ഇങ്ങനെ തരം തിരിവ് വേണ്ടി വന്നത്. യാത്രയിൽ ഇത്ര ദൂരം താണ്ടിയെന്നും ഇനി ഇത്ര ബാക്കിയുണ്ടെന്നും അറിയുമ്പോൾ പ്രത്യേക ആശ്വാസം അനുഭവപ്പെടുമല്ലോ. അത് പോലെ പാരായണവും ഹൃദിസ്ഥമാക്കലും ഇതിലൂടെ കൂടുതൽ സൗകര്യപ്രദമാകുന്നതിനാൽ മുസ് ലിം ലോകം നിരാക്ഷേപം ഈ രീതി അംഗീകരിക്കുകയായിരുന്നു.  ഇതിന് ഖുർആൻ്റെ ആന്തരിക ഘടനയുമായോ സത്തയുമായോ ഒരു ബന്ധവുമില്ലെന്ന കാര്യം വ്യക്തമാണല്ലോ. 

ഖുർആനിലെ ഏറ്റവും ദൈർഘ്യമേറിയ അധ്യായം അൽ ബഖറയാണെങ്കിൽ (286 വചനങ്ങൾ ) ഏറ്റവും ചെറുത് അൽ കൗസർ അധ്യായമാണ്.(മൂന്ന് വചനങ്ങൾ). ഏറ്റവും ചെറിയ വചനമായി അർറഹ്മാൻ അധ്യായത്തിലെ വചനം 63 ( മുദ്ഹാമ്മതാനി) കണക്കാക്കപ്പെടുന്നു. എന്നാൽ ഒറ്റപ്പെട്ട അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന ചില അധ്യായങ്ങളിൽ രണ്ടക്ഷരങ്ങൾ കൊണ്ടുള്ള വചനങ്ങൾ( ഹാമീം, യാസീൻ.....) ഉള്ളതിനാൽ അവയെയും ചെറിയ വചനങ്ങളായി പരിഗണിക്കപ്പെടുന്നുണ്ട്. അല്ലാഹുവിൽ നിന്ന് അവതീർണമായ ഖുർആനിൽ അല്ലാഹു എന്ന ഇസ്മുൽ ജലാല:( പുകൾപെറ്റ നാമം) 2707 തവണ ആവർത്തിച്ചിരിക്കുന്നു. അറബി വ്യാകരണപ്രകാരം റഫ് ഇൻ്റെ സന്ദർഭത്തിൽ 980 വട്ടവും നസ്ബിൻ്റെ ഘട്ടത്തിൽ 592 തവണയും ജർറിൻ്റെ സ്ഥലത്ത് 1135 പ്രാവശ്യവും അല്ലാഹു എന്ന നാമം വന്നിട്ടുണ്ട്.

അല്ലാഹു ധാരാളം പ്രവാചകരേയും ദൂതൻമാരെയും ജനങ്ങളിലേക്ക് നിയോഗിച്ചതായി ഖുർആൻ വ്യക്തമാകുന്നു. അവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം വരുമെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു. അവരിൽ 313 പേർ ദൂതൻമാരും (റസൂൽ) അവശേഷിക്കുന്നവർ പ്രവാചകരു(നബി മാർ)മാണെന്നും അവർ വിശദീകരിക്കുന്നു. അവരിൽ 25 പേരുടെ നാമങ്ങൾ ഖുർആൻ എടുത്തു പറഞ്ഞിട്ടുണ്ട്. ഇബ്റാഹീം, ഇസ്ഹാഖ്, യഅ ഖൂബ്, നൂഹ്, ദാവൂദ്, സുലൈമാൻ, അയ്യൂബ്, യൂസുഫ്, മൂസ, ഹാറൂൻ, സക്കറിയ, യഹ് യ, ഈസ, ഇൽയാസ്, ഇസ്മാഈൽ, അൽ യസഅ, യൂനുസ്, ലൂഥ്, ഇദ്രീസ്, ഹൂദ്, സ്വാലിഹ്, ശുഐബ്, ദുൽകിഫ്ൽ, ആദം, മുഹമ്മദ് (സ. വസല്ലം) എന്നിവരാണവർ. ഇവരിൽ ആറ് പേരുടെ നാമങ്ങളിൽ ഖുർആനിലെ ആറ് അധ്യായങ്ങൾ അറിയപ്പെടുന്നു. യൂനുസ്, ഇബ് റാഹീം, യൂസഫ്, ഹൂദ്, നൂഹ്, മുഹമ്മദ് എന്നിവയാണ്. ലുഖ്മാൻ എന്ന പേരിലും ഒരധ്യായം ഉണ്ടെങ്കിലും അദ്ദേഹം നബിയാണെന്ന് പ്രബലമായി സ്ഥിരപ്പെട്ടിട്ടില്ല. 

ഖുർആൻ അധ്യായങ്ങളിൽ ചിലത് ജീവികളുടെയും പറവകളുടെയും പേരിൽ അറിയപ്പെടുന്നു. ബഖറ (പശു),നഹ്ൽ (തേനീച്ച ), നംല് (ഉറുമ്പ്, ഇതിന് ഹുദ് ഹുദ് - മരംകൊത്തി- എന്നും പേരുണ്ട് ), ഫീൽ (ആന), അൻകബൂത് (ചിലന്തി). കൂടാതെ അൻആം എന്ന പേരിൽ ഒരധ്യായമുണ്ട്. ആട്, മാട്, ഒട്ടകം എന്നിവയ്ക്കുള്ള ഒറ്റപ്പേരാണിത്. 

ഖുർആനിലെ എല്ലാ അധ്യായങ്ങളും ബിസ്മി കൊണ്ട് വേർതിരിച്ചിരിക്കുന്നു. എന്നാൽ തൗബ എന്ന അധ്യായത്തിൻ്റെ തുടക്കത്തിൽ ബിസ്മിയില്ല. എന്നാൽ അന്നംല് അധ്യായത്തിൽ ഇടയിൽ ഒരു ബിസ്മി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് അധ്യായങ്ങളുടെ എണ്ണത്തിനൊത്ത്  ബിസ്മിയുണ്ടെന്ന് പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter