ശൈഖ് ജറാഹ്: കുടിയൊഴിപ്പിക്കാനാവാത്ത പോരാട്ട വീര്യത്തിന്റെ ചരിത്രം

കയ്യിലൊരു കല്ലുമായി ബോംബേറുകൾക്ക് നേരെ നടന്നടുക്കുന്ന കുട്ടി, സ്വന്തം രാജ്യത്തിന്റെ പതാക കൈവിടാതെ ആയുധമേന്തിയ പട്ടാളക്കാരന് നേരെ ആക്രോശിക്കുന്ന ബാലിക, കൈവിലങ്ങുകളിൽ മരണത്തിലേക്ക് വലിച്ച് കൊണ്ടുപോവുമ്പോഴും സ്വരാജ്യത്തിനായി പുഞ്ചിരി ബാക്കി വെക്കുന്ന പോരാളികൾ... കാലമെത്ര കഴിഞ്ഞാലും മാറ്റമേതുമില്ലാതെ തുടരുന്ന ഈ ചിത്രങ്ങളാണ് ലോകത്തിന് ഇന്നും ഫലസ്തീൻ. ഐക്യ രാഷ്ട്ര സംഘടനയടക്കം ആഗോള ഏജന്‍സികളും രാഷ്ട്ര കൂട്ടായ്മകളും  പലവുരു എതിർത്തിട്ടും വർഷാവർഷം ഈ ചിത്രങ്ങൾക്ക് ചായം കൂട്ടുന്ന ഇസ്രായേലിനെ എതിർ ചേരിയിലും കാണാം. അതിന് ഇത്തവണയും മുടക്കമുണ്ടായില്ല.   അധിനിവിഷ്ട ജറുസലേമിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പ്രദേശത്ത് പരമാധികാരം അടിച്ചേൽപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അൽ അഖ്സ പള്ളിയിലും പരിസരങ്ങളിലും ഇസ്രായേൽ നടത്തിയ നരനായാട്ടിന്റെ ചിത്രങ്ങൾ വേദനിപ്പിക്കുന്നെങ്കിലും ഒരു പതിവ് കാഴ്ചയെന്നോണം നമ്മെ അത്ഭുതപ്പെടുത്തുന്നില്ല എന്നതാണ് സത്യം.
പ്രദേശത്തെ ന്യായാന്യായ ചരിത്രത്തിൽ അധിനിവിഷ്ട ജറുസലേമാണ് പ്രധാന കക്ഷിയെങ്കിൽ അതിന്റെ ചോര നിലക്കാത്ത ഇടമാണ് ശൈഖ് ജറാഹ്.

ഖുദ്സ് വിമോചകനായ സലാഹുദ്ധീൻ അയ്യൂബിയുടെ ബിഷഗ്വരനായിരുന്ന ഹുസാമുദ്ധീൻ ബിൻ ഷറഫുദ്ധീൻ ഇസ്സ അൽ ജറാഹിയുടെ നാമധേയത്തിലുള്ള ഈ പ്രദേശം അസ്ഥിരതയുടെ വേദന വിഴുങ്ങാൻ വിധിക്കപ്പെട്ടതിന്റെ ഏക കാരണം അത് മസ്ജിദുൽ അഖ്സക്കടുത്തായത് കൊണ്ടാണ്. 1948 ൽ ജൂത രാഷ്ട്രം സ്ഥാപിതമായത് തൊട്ടേതീയൊടുങ്ങാത്ത ഫലസ്തീന്റെ മുഖമാണ് ശൈഖ് ജറാഹ്. സയണിസ്റ്റ് രാഷ്ട്രമുണ്ടാക്കാനുള്ളഇസ്രായേലിന്റെ വംശീയ ഊക്കിൽ അന്ന്  ലക്ഷക്കണക്കിന് ഫലസ്തീനികളാണ് നാട് വിട്ട് അയൽ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്. 1956 ൽ ഇതിന്റെ ഭാഗമായി കിഴക്കൻ ജറുസലേമിൽ നിന്ന് 28 കുടുംബങ്ങൾ   ഷെയ്ഖ് ജറാഹിലെത്തി.1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ കിഴക്കൻ ജറുസലേം ഇസ്രായേൽ പിടിച്ചെടുത്തതോടെ ഷെയ്ഖ് ജറാഹ് ദുരന്ത ഭൂമികയിലേക്കുള്ള അതിന്റെ യാത്ര തുടങ്ങി.

തുടർന്ന് ജോര്‍ദാനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മസ്ജിദുല്‍ അഖ്‌സയെയും സമീപത്തെ പള്ളികളെയും വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ചുവെങ്കിലും പലപ്പോഴും വഖഫിലേ തടക്കമുള്ള കരാര്‍ ലംഘിക്കാന്‍ ജൂത സംഘടനകൾ കൊണ്ട ശ്രമങ്ങൾ നടത്തുന്നത് ശീലമായി.  സംഘര്‍ഷങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും ഇസ്‌റാഈല്‍ കലാപകാരികൾക്ക് ഔദ്യോഗിക പിന്തുണ നല്‍കി വന്നു. 1990 ല്‍ ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത്ഫുള്‍ ഗ്രൂപ്പ് നടത്തിയ അക്രമത്തില്‍ 20 ഫലസ്തീനികളും  2000 ത്തില്‍ ഏരിയല്‍ ഷാരോണ്‍ സൈന്യത്തിന്റെ അകമ്പടിയോടെ മസ്ജിദ് കോമ്പൗണ്ടില്‍ അതിക്രമിച്ച് കടന്ന് നടത്തിയ രണ്ടാം ഇന്‍തിഫാദയിൽ 3,000 മുസ്‌ലിംകളുമാണ് വിശുദ്ധ മണ്ണിൽ മരിച്ച് വീണത്. ഏറ്റവുമൊടുവിൽ 2017ല്‍ ജറൂസലം അധിനിവേശത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പോലും സംഘര്‍ഷമുണ്ടാക്കിയാണ് സയണിസം ഈ നഗരത്തിന്റെ വേദന ആഘോഷിച്ചത്. 

Also Read:ഖുദ്സിലെ  ചോര ചാറിയ ചിരിപ്പൂക്കൾ

ലഹവ എന്ന തീവ്ര വലത് പക്ഷം നേതൃത്വം നൽകുന്ന പുതിയ സംഘർഷത്തിന്റെയും ചിത്രം മറ്റൊന്നല്ല. ഡസൻ കണക്കിന് ഫലസ്തീനി കുടുംബങ്ങളെ ഇസ്രാഈൽ സൈന്യവും തീവ്രവാദികളായ ജൂതകുടിയേറ്റ കോളനിക്കാരും ചേർന്ന് ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതാണ് ശൈഖ് ജറഹിലെ കാഴ്ച. അന്താരാഷ്ട്ര നിയമങ്ങളെയും പശ്ചിമേഷ്യൻ സമാധാന കരാറുകളെയും പരസ്യമായി ലംഘിച്ചിട്ടും 'സാർവ്വ ദേശീയ സമാധാന പ്രകാരനായ' അമേരിക്കക്ക് ഇക്കാര്യത്തിലിടപെടാൻ ഇപ്പോഴും ത്രിശങ്കു നിലനിൽക്കുന്നു. ജെറുസലേം ഇസ്രായേലിന് തീരെഴുതിയ ട്രമ്പിനെക്കാൾ എന്ത് വ്യത്യാസമാണ് ബൈഡനിൽ നാം പ്രതീക്ഷിക്കേണ്ടത് എന്നതിനുത്തരം  ശൈഖ് ജറാഹ് പറയും. അപലപിക്കുന്നതിൽ കവിഞ്ഞ് കാലങ്ങളായി മറുത്തൊന്നും ചെയ്യാനാവാത്ത യു. എൻ ഇവിടെ ഒട്ടും പ്രസക്തവുമല്ലല്ലോ.

ഈ സംഘർഷങ്ങൾ ഇനിയും ആവർത്തിക്കുകയും ഫലസ്തീനികൾ സ്വയം ആർജ്ജിച്ചെടുക്കുന്ന നീതിക്കപ്പുറത്ത് നീതിപീഠങ്ങൾ ഇതേപടി വിരങ്ങലിച്ച് നിൽക്കുകയും ചെയ്യും. ഖുദ്സ് പോലെ ഹുസാമുദ്ധീൻറെ ശൈഖ് ജറാഹ് ഇനിയും ജൂത ലോബികളോട് വിജയം വരെ പൊരുതി നിൽക്കും. പക്ഷെ, ആ വിജയത്തിന്റെ പങ്ക് പറ്റാനാവാത്ത 'ആഗോള സമാധാന ഏജൻസികൾക്ക്' അന്നവർ പാലിക്കുന്ന മൗനമായിരിക്കും ഇന്നത്തേക്കാൾ ഭാരമേറ്റുക. തീർച്ച!

തയ്യാറാക്കിയത് നിസാം ഹുദവി കൊപ്പം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter