ഒരു പുതിയ ജീവിതം -04 ഇന്നില്‍ ജീവിക്കുക, നാളെയെ കുറിച്ച് ആശങ്കയില്ലാതെ..
നാളെയെക്കുറിച്ചുള്ള ആകുലതകൾ കൊണ്ട് നിങ്ങളുടെ ദിവസങ്ങളെ നഷ്‌ടപ്പെടുത്തരുത്. ദൂരെ മങ്ങി കിടക്കുന്നത് കാണലല്ല, കയ്യിലുള്ളതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തലാണ് നമ്മളുടെ പ്രധാന ജോലി – തോമസ് കാർലൈൽ
പലപ്പോഴും നമ്മുടെ ദിവസങ്ങളും സമയങ്ങളും നഷ്ടമാവുന്നത്, വരുംദിനങ്ങളെ കുറിച്ചുള്ള ആകുലതകളിലാണ്. എന്നാല്‍ മുന്നോട്ട് പോവുമ്പോഴാണ് നാം തിരിച്ചറിയുക, അവയെല്ലാം വെറുതെയായിരുന്നുവെന്ന്. ഭാവിയെ കുറിച്ചുള്ള ആശങ്കക്ക് പകരം, ഇന്നത്തെ ദിവസത്തെ ഏറെ മനോഹരവും ആനന്ദദായകവുമാക്കി തീർക്കുകയാണ് വേണ്ടത്. ആരോഗ്യം, സുരക്ഷിതത്വം, തനിക്കും കുടുംബത്തിനും വേണ്ടിയുള്ള ഒരു ദിവസത്തെ പര്യാപ്തത എന്നിവ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത സമ്മാനങ്ങളാണ്. മനുഷ്യന് അവ നല്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ശക്തിയാണ്.
ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നത്, ഏറ്റവും ലളിതമായി പറഞ്ഞാല്‍ വിഡ്ഢിത്തമാണ്. അശുഭാപ്തിവിശ്വാസത്തിൽ നിന്ന് ജനിക്കുന്ന വെറും മിഥ്യാധാരണകളാണ് അവ. ഇനി മുന്നോട്ട് പോവുന്ന മുറക്ക് അവ സത്യമായാല്‍ പോലും, അതിന്റെ പേരില്‍ ഏറ്റവും സുന്ദരമായ ഇന്നിനെ നശിപ്പിക്കുന്നത് എന്തിനാണ്. മറ്റെല്ലാവരിൽ നിന്നും വേറിട്ട്, സമയവും സംഭവങ്ങളുമുള്ള, മുന്‍ദിനവുമായി ബന്ധമില്ലാത്ത ഒരു ലോകം പോലെയാണ് ഓരോ ദിവസവും ആരംഭിക്കേണ്ടത്. ഓരോ പുലരിയിലും ഇബ്‌റാഹീം നബി (അ) ഇങ്ങനെ പറഞ്ഞിരുന്നതായി കാണാം, “അല്ലാഹുവേ, ഇതൊരു പുതിയ സൃഷ്ടിയാണ്. നിന്നോടുള്ള അനുസരണത്തോടെ എനിക്കായി ഇത് ആരംഭിക്കുക, ക്ഷമയോടും സന്തോഷത്തോടും കൂടി അത് അവസാനിപ്പിക്കുക. എന്നിൽ നിന്ന് നീ സ്വീകരിക്കുന്ന ഒരു സൽകർമ്മം അതിൽ എനിക്ക് നൽകുകയും ശുദ്ധീകരിക്കുകയും അതിന്റെ പ്രതിഫലം ഇരട്ടിയാക്കുകയും ചെയ്യേണമേ. ഞാൻ ചെയ്യുന്ന ഏതൊരു ദുഷ്പ്രവൃത്തിയും എനിക്കുവേണ്ടി പൊറുക്കേണമേ. തീർച്ചയായും നീ പൊറുക്കുന്നവനും കരുണാനിധിയും ദയയുള്ളവനും ഉദാരനുമാണ്.” (അൽ ഗസാലി, ഇഹ്‌യാ ഉലൂമിദ്ദീൻ)
Read More: ഒരു പുതിയ നിങ്ങൾ- യഥാർത്ഥ പുനർജന്മം (3)
ജീവിതത്തെ ഭാഗങ്ങളായി വിഭജിച്ച് ഓരോന്നിനെയും ഉത്സാഹത്തോടെയും നിശ്ചയദാർഢ്യത്തോടെയും സ്വീകരിക്കുക എന്ന തന്ത്രത്തിന് മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തില്‍ ഏറെ പാഠങ്ങളുണ്ട്. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുകയോ ഭാവിയിലേക്ക് തിരിയുകയോ ചെയ്യുന്നതിനുപകരം വർത്തമാനകാലത്ത് ജീവിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഈ ധാരണയാണ് വിശ്വാസിക്ക് വേണ്ടത്.
ദരിദ്രനും നീതിമാനുമായ അബൂ ഹാസിം പറയുന്നു: “രാജാക്കന്മാർക്കും എനിക്കും ഇടയിൽ ഒരു ദിവസത്തെ വ്യത്യാസമുള്ളൂ. ഇന്നലത്തെ ആനന്ദം അവർക്ക് ഇപ്പോൾ അനുഭവപ്പെടില്ല. അവരും ഞാനും നാളെയെ ഭയപ്പെടുന്നു. അപ്പോള്‍ പിന്നെയുള്ളത് ഇന്ന് മാത്രം?" ഹസനുൽ ബസ്വരി(റ) കൂട്ടിച്ചേർക്കുന്നു: "ലോകം മൂന്ന് ദിവസമാണ്: ഇന്നലെ, അതിലുള്ളതെല്ലാം പോയി. നാളെ, നിങ്ങൾ ഒരിക്കലും കാണാനിടയില്ല. ഇന്നത്തെ കാര്യം നിങ്ങളുടേതാണ്, അതിനാൽ പ്രവർത്തിക്കുക. ഭൂതകാല സുഖങ്ങൾ ഇന്നലെകളോടെ അകന്നു. അതിൽ ഒന്നും നിലനിർത്താൻ കഴിയില്ല. നാളെ മറഞ്ഞിരിക്കുന്നു, ഉയർന്നവരും താഴ്ന്നവരും ഒരേപോലെ പിടിക്കപ്പെടുന്നു. ഇച്ഛാശക്തി, സ്വയം പ്രചോദനം, ഇന്നത്തെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവേചനം എന്നിവയിൽ നിന്ന് വർത്തമാനകാലത്ത് ജീവിച്ചുകൊണ്ട് ഒരു രാജാവായി മാറുക. അതേ സമയം, ഭാവിയെ പൂര്‍ണ്ണമായി അവഗണിച്ച് അതിനായി സ്വയം തയ്യാറെടുക്കാതിരിക്കുക എന്നല്ല ഇതിനര്‍ത്ഥം.
ഡെയ്ൽ കാർനെഗി പറഞ്ഞു: “എല്ലാവിധത്തിലും നാളെയെക്കുറിച്ചു ചിന്തിക്കുക. ശ്രദ്ധാപൂർവമായ ചിന്തയും ആസൂത്രണവും തയ്യാറെടുപ്പും നടത്തുക. പക്ഷേ വിഷമിക്കേണ്ട.' നാളയെക്കുറിച്ചു ചിന്തിക്കുന്നതും ആസൂത്രണം ചെയ്യുന്നതും വേണ്ടത് തന്നെയാണ്. പ്രവാചകൻ മുഹമ്മദ് (സ) പറയുന്നു: "അഞ്ച് കാര്യങ്ങൾ എത്തുന്നതിന് മുമ്പ് ഈ അഞ്ച് അനുഗ്രഹങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക: വാർദ്ധക്യത്തിന് മുമ്പ് യൗവനം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് സമ്പത്ത്, നിങ്ങളുടെ ജോലിക്ക് മുമ്പുള്ള ഒഴിവു സമയം, നിങ്ങളുടെ മരണത്തിന് മുമ്പുള്ള ജീവിതം." (മുസ്തദ്റക് അൽ ഹാകിം).
ഭാവിയെ ശ്രദ്ധിക്കുന്നതും അതിൽ തളർന്നുപോകുന്നതും തമ്മിലുള്ള വ്യത്യാസം ഇത് വ്യക്തമാക്കുന്നു. അതിനായി സ്വയം തയ്യാറെടുക്കുകയും അതിൽ മുഴുകുകയും ചെയ്യുക. ഇന്ന് പ്രയോജനപ്പെടുത്താനുള്ള ആകാംക്ഷയും നാളെയെക്കുറിച്ചുള്ള പ്രതീക്ഷാഭരിതമായ കാത്തിരിപ്പും സൂക്ഷിക്കുക.
നാം ജീവിക്കുകയാണ് എന്ന് തിരിച്ചറിയുക. വ്യർഥമായി ജീവിതം പാഴാക്കുകയും ദിവസങ്ങളും സമയവും ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തുകയും ചെയ്തവരെക്കുറിച്ച് അല്ലാഹു പറയുന്നു: അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത് പറയും; തങ്ങൾ (ഇഹലോകത്ത്) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു അവർ (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെട്ടിരുന്നത്. (സൂറത്തു റൂം 30:55)
സ്വതന്ത്രവിവ: മുഹമ്മദ് മുഫീദ്
Leave A Comment