സൂറ ആലു ഇംറാന്‍- Page 60 (Ayath 78-83) തന്നെ ആരാധിക്കണമെന്ന് ഒരു നബിയും പറയില്ല
യഹൂദി പണ്ഡിതന്‍മാര്‍ തൌറാത്തില്‍ അതായത് അവരുടെ വേദഗ്രന്ഥത്തില്‍ നടത്താറുള്ള ഒരു കടുത്ത വഞ്ചനയെക്കുറിച്ചാണിന പറയുന്നത്.
കരാര്‍ ലംഘനവും കള്ളസത്യവും മാത്രമല്ല വേദക്കാര്‍ നടത്തിയത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കൃത്രിമം നടത്തുകയും എന്നിട്ടത് അല്ലാഹുവിന്റെ വിധിയാണെന്ന് അവന്റെ പേരില്‍ അവര്‍ കള്ളം പറയുകയും ചെയ്തിരുന്നു.
തൌറാത്ത് ആളുകളെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍, അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അര്‍ത്ഥം വരാന് വേണ്ടി അക്ഷരങ്ങളും പദങ്ങളും മാറ്റിമറിക്കും, അല്ലെങ്കില്‍ സ്ഥാനം തെറ്റിക്കും, അല്ലെങ്കില്‍ ഏറ്റക്കുറവ് വരുത്തും... എന്നിട്ട് വായിക്കം. വിവരമില്ലാത്ത ആളുകള്‍ എന്ത് വിചാരിക്കും. എല്ലാം വേദവാക്യങ്ങളാണെന്ന്. അവരത് തന്നെയാണ് ഉദ്ദേശിക്കുന്നതും. ഈ വായിക്കുന്നതെൊക്കെ വേദഗ്രന്ഥത്തില് പറഞ്ഞതാണെന്നും, അല്ലാഹു അവതരിപ്പിച്ചതുമാണെന്ന നിലക്കായിരിക്കും അവര്‍ വായിക്കുന്നത്.
വേദവാക്യങ്ങളില്‍ സ്വന്തം വാക്യം കൂട്ടിച്ചേര്‍ക്കുക, വേദവാക്യങ്ങളുടെ അര്‍ഥം മാറ്റിമറിക്കുക ഇതിന്നൊന്നും ഒരു മടിയുമില്ല.
ഇത് വ്യാഖ്യാനത്തിലോ അഭിപ്രായത്തിലോ ഉണ്ടാകുന്ന അബദ്ധമല്ല, അല്ലാഹുവിന്‍റെ പേരില്‍ തനിച്ച നുണ പറയുക.
وَإِنَّ مِنْهُمْ لَفَرِيقًا يَلْوُونَ أَلْسِنَتَهُمْ بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِنْدِ اللَّهِ وَمَا هُوَ مِنْ عِنْدِ اللَّهِ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ(78)
നിശ്ചയമായും അവരില്‍ (വേദക്കാരില്‍) ചിലരുണ്ട്. വേദത്തില്‍ അവര്‍ കൃത്രിമം പ്രവര്‍ത്തിക്കുന്നു. അത് വേദത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണ് (അവരങ്ങനെ ചെയ്യുന്നത്.) യഥാര്‍ഥത്തില്‍ അത് വേദത്തില്‍ പെട്ടതല്ല. അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നും അവര്‍ പറയും. വാസ്തവത്തില്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.
يَلْوُونَ അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു
'നാവുകളെ വളച്ചുതിരിക്കുക'. കൃത്രിമം പ്രവര്‍ത്തിക്കുക എന്ന് ഉദ്ദേശ്യം.
ഇമാം ഖതാദ(റ) പറയുന്നു: അല്ലാഹുവിന്റെ ശത്രുക്കളായ ജൂതന്മാരാണ് ഇങ്ങനെ ചെയ്തിരുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവര്‍ മാറ്റിമറിക്കുകയും പുതിയവ അതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നിട്ട്, ഇവ അല്ലാഹു അവതരിപ്പിച്ചതാണ് എന്ന് അവര്‍ തട്ടിവിട്ടു. ഇമാം ഇബ്‌നു അബ്ബാസ്, റബീഅ്(റ) തുടങ്ങിയവരും ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.
ഇത് വേദക്കാരെക്കുറിച്ച് പറഞ്ഞതാണെങ്കിലും ഇപ്പണി എല്ലാവരും ശ്രദ്ധിക്കണം. ഖുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുകയോ അര്‍ഥം മാറ്റിമറിക്കുകയോ ചെയ്യുന്നവര്‍...
ചിലരങ്ങനെ ചെയ്യാറുണ്ടല്ലേ... ക്വുര്‍ആന്‍റെ അക്ഷരങ്ങളോ പദങ്ങളോ മാറ്റിമറിക്കാറില്ല. അതൊട്ട് സാധ്യവുമല്ല. അപ്പോ എന്തു ചെയ്യും - തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് യോജിക്കുന്ന വിധത്തില്‍ അതിലെ വാക്കുകള്‍ക്കോ, വാക്യങ്ങള്‍ക്കോ വ്യാഖ്യാനം നല്‍കുകയും, എന്നിട്ട് അതൊക്കെ ക്വുര്‍ആന്‍റെ പറഞ്ഞതാണെന്ന് പറയും.
അടുത്ത ആയത്ത് – 79
നജ്‌റാനില്‍ നിന്നെത്തിയ സംഘത്തിന്റെ തലവന്‍ ചര്ച്ചകള്ക്കിടയില്‍ ഒരു ജൂതനുമായ അബൂറാഫിഇല്‍ ഖുറളിയും നബി (സ്വ) യോട് ചോദിച്ചു: ഞങ്ങള്‍ നിന്നെ ആരാധിക്കണമെന്നും നിന്നെ റബ്ബ് ആക്കണമെന്നുമാണോ നീ ഉദ്ദേശിക്കുന്നത്? നബി (സ്വ) പറഞ്ഞു: മആദല്ലാഹ്! അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കരുത്. അതിന് ഞാന്‍ ആരോടും കല്‍പിക്കുകയുമില്ല. അതിനുവേണ്ടിയല്ല ഞാന്‍ നിയുക്തനായിട്ടുള്ളത്.' തല്‍സമയമാണ് ഈ സൂക്തം അവതരിച്ചത്.
مَا كَانَ لِبَشَرٍ أَنْ يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِي مِنْ دُونِ اللَّهِ وَلَٰكِنْ كُونُوا رَبَّانِيِّينَ بِمَا كُنْتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنْتُمْ تَدْرُسُونَ (79)
അല്ലാഹു വേദവും ജ്ഞാനവും പ്രവാചകത്വവും കൊടുക്കുന്ന ഒരു മനുഷ്യനും 'നിങ്ങള്‍ അല്ലാഹുവിനെ വിട്ട് എന്റെ അടിമകള്‍ (എന്നെ ആരാധിക്കുന്നവര്‍) ആവുക' എന്ന് ജനങ്ങളോട് പറയാന്‍ പാടില്ല. നേരെ മറിച്ച് 'നിങ്ങള്‍ വേദം പഠിപ്പിക്കുന്നവരും പാരായണം ചെയ്യുന്നവരും ആയിരിക്കുന്നതുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്ന മതപണ്ഡിതന്മാരായിരിക്കുക' എന്നാണവര്‍ പറയുക.
അതത് കാലത്തുള്ള ജനങ്ങളില്‍ വെച്ച് ഏറ്റവും സത്യസന്ധരും വിശ്വാസയോഗ്യരും കുശാഗ്രബുദ്ധികളുമായ ആളുകളെയാണ് അല്ലാഹു അവന്റെ ദൗത്യം കൊടുത്തേല്‍പിക്കുവാനായി തെരഞ്ഞെടുക്കാറുള്ളത്. അവന്‍ അവര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനമായത് അവനല്ലാതെ വേറെ ഒരു ഇലാഹുമില്ലെന്നും അതിനാല്‍ അവന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നുമുള്ളതാണ്.
അങ്ങനെ അവര്‍ അല്ലാഹുവിന്റെ ദൗത്യം ഏറ്റുവാങ്ങിയ ശേഷം ജനങ്ങളെ സമീപിച്ചുകൊണ്ട് 'നിങ്ങള്‍ എന്നെ ദൈവമായി സ്വീകരിക്കണം, എനിക്ക് ഇബാദത്ത് ചെയ്യണം' എന്ന് പറയുക എന്നത് ആ പ്രവാചകന് ഒട്ടും അനുയോജ്യമോ അത് സംഭവ്യമോ അല്ല. നേരെ മറിച്ച് അല്ലാഹുവിനെ മാത്രം ഇലാഹായി സ്വീകരിച്ച് അവന്റെ വിധിവിലക്കുകള്‍ പരിപൂര്‍ണമായും അനുസരിച്ച് അവന്റെ സംതൃപ്തി നേടിയ ഉല്‍കൃഷ്ടരായിത്തീരുവാനാണ് അവര്‍ നിര്‍ദേശം നല്‍കുക.
അതിനാല്‍ ഒരു പ്രവാചകനായ ഈസാ(അ) തന്നെ ദൈവമാക്കിവെക്കാന്‍ അശേഷം ഉപദേശിക്കുകയില്ല. അപ്പോള്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ദൈവമാക്കിവെച്ചത് ആ മഹാനുഭാവന്റെ തന്നെ ഉപദേശത്തിന് എതിരായ ഒരു മഹാധിക്കാരമാണെന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.
അല്ലാഹുവിന്നല്ലാതെ വേറെയൊരാള്‍ക്കും ആരും സുജൂദ് ചെയ്യരുത് എന്ന് അവിടന്ന് പ്രഖ്യാപിച്ചത് ഇത്തരുണത്തില്‍ സ്മരണീയമത്രെ.
ചുരുക്കിപ്പറഞ്ഞാല്‍, വേദഗ്രന്ഥവും വിജ്ഞാനവും- വേദനിയമങ്ങളനുസരിച്ചുള്ള വിധി കര്‍ത്തൃത്വവും- പ്രവാചകത്വവും ലഭിച്ച ഒരു മനുഷ്യന്‍, നിങ്ങള്‍ എന്നെ ആരാധിക്കുന്ന അടിയാന്‍മാരായിരിക്കണമെന്ന് ജനങ്ങളോട് ഒരിക്കലും പറയില്ല. നേരെ മറിച്ച്, വേദഗ്രന്ഥം പഠിച്ചറിഞ്ഞും, മറ്റുള്ളവരെ ഉപദേശിച്ചും, പഠിപ്പിച്ചും, അല്ലാഹുവിനെ ആരാധിച്ചും, അനുസരിച്ചും കൊണ്ടിരിക്കുന്ന വേദവിജ്ഞാനികളായിത്തീരണം എന്നേ അവര്‍ പറയുകയുള്ളൂ.
അതുപോലെത്തന്നെ, അല്ലാഹുവിനെ മാത്രമല്ലാതെ -മലക്കുകളെയോ നബിമാരെയോ- റബ്ബുകളായി സ്വീകരിക്കുവാനും അങ്ങനെയുള്ള ആരും കല്‍പിക്കുകയില്ല.
അതാണ് അടുത്ത ആയത്തില് 80.
തൗഹീദ് പ്രചരിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്‍മാര്‍. അവരുടെ പ്രബോധനം സ്വീകരിച്ച് നിങ്ങള്‍ അല്ലാഹുവിനെ അനുസരിച്ച് മുസ്‌ലിംകളായി കഴിഞ്ഞശേഷം, പിന്നീട് അതിന് കടകവിരുദ്ധമായ കുഫ്‌റിനും ശിര്‍ക്കിനും (അവിശ്വാസത്തിനും ബഹുദൈവ വിശ്വാസത്തിനും) അവരെങ്ങനെ ഉപദേശിക്കും?! നിങ്ങളുടെ പ്രവൃത്തികള്‍ കണ്ടാല്‍ അങ്ങനെയാണല്ലോ തോന്നുക. വാസ്തവത്തില്‍ അതൊന്നും സംഭവിക്കുവാന്‍ പോകുന്നില്ല.
وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا ۗ أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ (80)
മലക്കുകളെയും അമ്പിയാഇനെയും ആരാധ്യരാക്കിവെക്കാനും ആ പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുകയില്ല. നിങ്ങള്‍ പരിപൂര്‍ണമായി അല്ലാഹുവിനെ അനുസരിക്കുന്നവരായതിനു ശേഷം ആ സത്യമാര്‍ഗം നിഷേധിക്കുവാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമോ?
സര്‍വശക്തനായ അല്ലാഹു മാത്രമേ ആരാധ്യനായിരിക്കാന്‍ അര്‍ഹനായുള്ളൂ. മലക്കുകള്‍, പ്രാവചകന്മാര്‍ എന്നിവര്ക്കൊന്നും അതിനര്‍ഹതയില്ല. പിന്നെ മറ്റു സൃഷ്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ.
أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ
ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കാനും സത്യനിഷേധത്തില് നിന്നും ബഹുദൈവവിശ്വാസത്തില് നിന്നും നിന്ന് ജനങ്ങളെ കൈപിടിച്ച് രക്ഷപ്പെടുത്തുവാനുമാണ് പ്രവാചകന്മാര്‍ നിയുക്തരാകുന്നത്.
അങ്ങനെ നിയുക്തരായ ഒരു പ്രാവചകന്‍ ജനങ്ങളോട് കുഫ്‌റിന്റെയും ബഹുദൈവത്വത്തിന്റെയും കാര്യങ്ങള്‍ കല്‍പിക്കുമോ?
അടുത്ത ആയത്ത്-81
ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും സത്യനിഷേധത്തിന്റെ വിവിധ രൂപങ്ങള് വിവരിച്ചു. മതപരമായ കാര്യങ്ങളില് അവര് കാണിക്കുന്ന വഞ്ചനയും ഗൂഢാലോചനയും ചതിയുമൊക്കെ അല്ലാഹു പറഞ്ഞുതന്നു. അല്ലാഹുവിന്റെ വാക്കുകളും കല്‍പനകളും അവര്‍ വളച്ചൊടിച്ചതും നബി (സ്വ) യെ നിഷേധിക്കാന് വേണ്ടി അവിടത്തെ സ്വഭാവ വിശേഷണങ്ങളും ലക്ഷണങ്ങളും സംബന്ധിച്ച് അവരുടെ വേദങ്ങളില്‍ പറഞ്ഞത് അവര്‍ മാറ്റിമറിച്ചതും പരാമര്‍ശിച്ചു.
ഇനി പറയുന്നത്, ഇവരെന്നല്ല, ഇവരേക്കാള്‍ അനേക മടങ്ങ് ശ്രേഷ്ഠരായ പ്രവാചകന്മാര്‍ തന്നെയാണ് മുഹമ്മദ് നബി (സ്വ) ക്ക് ശേഷം ജീവിച്ചിരിക്കുന്നത് എന്ന് സങ്കല്‍പിക്കുകയാണെങ്കില്‍ ആ പ്രവാചകന്മാര്‍പോലും മുഹമ്മദ് നബി (സ്വ) യെ വിശ്വസിക്കാന്‍ ബാധ്യസ്ഥരാകുമെന്നതിനുള്ള ഒരു തെളിവാണിവിടെ ഉദ്ധരിക്കാന്‍ പോകുന്നത്.
ഇവരിപ്പോ പറയുന്നതെന്താ - ഞങ്ങള്‍ ഞങ്ങളുടെ നബിയിലും, ഞങ്ങളുടെ ഗ്രന്ഥത്തിലും മാത്രമേ വിശ്വസിക്കുകയുള്ളൂ – വിശ്വസിക്കേണ്ടതുള്ളൂ – എന്നാണ്... ഇങ്ങനെ പറയുവാന്‍ ഒരു സമുദായത്തിനും അവകാശമില്ല. അങ്ങിനെ ചെയ്യുന്നത് ധിക്കാരമാണ്.
വേദഗ്രന്ഥവും, വഹ്യും ലഭിച്ചിട്ടുള്ള ഏതൊരു പ്രവാചകനും, അദ്ദേഹത്തിന് ലഭിച്ച മാര്‍ഗദര്‍ശനങ്ങളും സിദ്ധാന്തങ്ങളും ശരിവെച്ച് പിന്നീട് വേറൊരു റസൂല്‍ വരികയാണെങ്കില്‍, ആ റസൂലില്‍ വിശ്വസിക്കലും, അദ്ദേഹത്തെ പ്രബോധനത്തില്‍ സഹായിക്കലും നിര്‍ബ്ബന്ധമാകുന്നു. എല്ലാ റസൂലുകളുടെയും മൗലികമായ ദൗത്യം ഒന്നായിരിക്കുന്നതുകൊണ്ട് ഒരാളുടെ ദൗത്യം മറ്റെയാളുടേതിനോട് ഒരിക്കലും എതിരായിരിക്കുകയില്ലല്ലോ.
ഇങ്ങനെ ചെയ്തുകൊള്ളാമെന്ന് എല്ലാ പ്രവാചകന്മാരോടും അല്ലാഹു ഉറപ്പുമേടിച്ചിട്ടുണ്ട് എല്ലാവരും അത് തങ്ങളുടെ ബാധ്യതയായി ഏറ്റ് പറഞ്ഞ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നബിമാര്‍ക്കുപോലും ഒഴിച്ചുകൂടാത്ത ഗൗരവമേറിയ ഈ ബാധ്യത അവരുടെ സമുദായങ്ങള്‍ക്കും ബാധകമാണെന്ന് വിശിഷ്യാ പറയേണ്ടതില്ല. എന്നിരിക്കെ, ഞങ്ങള്‍ ഞങ്ങളുടെ നബിയിലും, ഞങ്ങളുടെ ഗ്രന്ഥത്തിലും മാത്രമേ വിശ്വസിക്കുകയുള്ളൂ – വിശ്വസിക്കേണ്ടതുള്ളൂ – എന്നുപറയുവാന്‍ വേദക്കാരായ ഒരു സമുദായത്തിനും അവകാശമില്ലാത്തതാകുന്നു. അങ്ങിനെ ചെയ്യുന്നത് ധിക്കാരമാണ്.
യഹൂദിയാവട്ടെ, ക്രിസ്ത്യാനിയാവട്ടെ മറ്റേതു മതക്കാരനാവട്ടെ മുഹമ്മദ് (സ്വ) യില്‍ വിശ്വസിച്ചേ മതിയാവൂ എന്നും അല്ലാതെ രക്ഷയില്ലെന്നുമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ആദം നബി(അ) മുതല്‍ ഈസാ നബി(അ)വരെ ഈ ലോകത്തുവന്ന ഓരോ നബിയോടും അല്ലാഹു ഇങ്ങനെ കരാര്‍ ചെയ്യുകയും ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്.
'ഞാന്‍ നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും നല്‍കിയ ശേഷം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന എന്റെ മറ്റൊരു ദൂതന്‍ നിങ്ങളുടെ കാലത്ത് വന്നാല്‍ അദ്ദേഹത്തെ നിങ്ങള്‍ വിശ്വസിക്കുകയും തന്റെ ദിവ്യദൗത്യം പ്രചരിപ്പിക്കുന്നതിലും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിലും അദ്ദേഹത്തെ നിങ്ങള്‍ സഹായിക്കുകയും ചെയ്യണം'-ഇതായിരുന്നു കരാര്‍.
ഇതവര്‍ പരിപൂര്‍ണമായും സമ്മതിച്ച് അല്ലാഹുവിന് ഉറപ്പ് കൊടുത്തു. അവരും അല്ലാഹുവും അതിന് സാക്ഷ്യം വഹിക്കുകയുമുണ്ടായി. ഈ കരാര്‍ ലംഘിക്കുന്നവര്‍ ധിക്കാരികളാണ് എന്നും അല്ലാഹു പറഞ്ഞു. പ്രവാചകന്മാരുമായി ചെയ്ത ഈ കരാറും ഉറപ്പുമെല്ലാം അവരുടെ അനുയായികള്‍ക്കും ബാധകമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ കാര്യം പ്രവാചകന്മാര്‍ അവരുടെ അനുയായികളെ പ്രത്യേകം ഉണര്‍ത്തിയിട്ടുമുണ്ട്.
وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُمْ مِنْ كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُصَدِّقٌ لِمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ ۚ
അല്ലാഹു പ്രവാചകന്മാരോട് ഉറപ്പ് വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്ക് വരികയും ചെയ്താല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്‌തേ പറ്റൂ. (ഇതായിരുന്നു ആ കരാര്‍. എന്നിട്ട്,)
قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُمْ مِنَ الشَّاهِدِينَ (81)
നിങ്ങള്‍ സമ്മതിച്ചുവോ, അക്കാര്യത്തില്‍ എന്റെ കരാര്‍ നിറവേറ്റുവാനുള്ള ഉത്തരവാദം നിങ്ങള്‍ ഏറ്റെടുത്തുവോ എന്ന് അല്ലാഹു ചോദിച്ചു. ഞങ്ങള്‍ സമ്മതിച്ചു എന്ന് അവര്‍ ഉത്തരം പറഞ്ഞു. 'എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക, ഞാനും നിങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനാണ്' എന്ന് അവന്‍ പ്രതികരിച്ചു
അല്ലാഹു മേല്‍പറഞ്ഞ വിധമുള്ള ഒരു കരാര്‍ വാങ്ങിയിരിക്കുന്നതിനാല്‍ തൗറാത്തിനെ ശരിവെച്ച് ഈസാ നബി(അ) വന്നപ്പോള്‍ യഹൂദികള്‍ അദ്ദേഹത്തില്‍ വിശ്വസിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ വിശ്വസിച്ചില്ലെന്നു മാത്രമല്ല, ആക്ഷേപിക്കുകയും ഉപദ്രവിക്കുകയുമാണ് ചെയ്തത്.
പിന്നീട് തൗറാത്തും ഇന്‍ജീലും ശരിവെച്ചുകൊണ്ട് മുഹമ്മദ് മുസ്ഥഫാ (സ്വ) വന്നപ്പോള്‍ യഹൂദികളും ക്രിസ്ത്യാനികളുമെല്ലാം തിരുനബി (സ്വ) യില്‍ വിശ്വസിക്കേണ്ടതാണ്. അവര്‍ മാത്രമല്ല, അവിടന്ന് അന്ത്യപ്രവാചകരും ലോകജനതക്കാകമാനമുള്ള നബിയുമായിരിക്കയാല്‍ എല്ലാ മനുഷ്യരും ആ പുണ്യനബി (സ്വ) യില്‍ വിശ്വസിച്ച് ഇസ്‌ലാമിനെ സ്വീകരിക്കേണ്ടതാണ്.
വേദക്കാരായ സമുദായങ്ങളെ പ്രത്യേകം ഉദ്ദേശിച്ചു കൊണ്ടാണ് ഈ കരാറിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നത്.
ഈ കരാറിന്‍റെ അടിസ്ഥാനത്തിലാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യഹൂദികളോട് ഒരിക്കല് ഇങ്ങനെ പറഞ്ഞത്: ‘നിങ്ങളില്‍ മൂസാ (عليه السلام) ഉണ്ടായിരിക്കുകയും, എന്നിട്ട് അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും, എന്നെ വിട്ടേക്കുകയും ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ വഴിപിഴക്കുകതന്നെ ചെയ്യുമായിരുന്നു’.
അബൂയഅ്‌ലാ (റ)യുടെ ഒരു ഹദീഥിലെ വാചകം ഇങ്ങിനെയാകുന്നു; ‘മൂസാ (عليه السلام) നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് എന്നെ പിന്‍പറ്റുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല.’ (അഹ്മദ്, ബൈഹഖി).
മറ്റൊരു ഹദീസ്: ഒരു യഹൂദിയോ ക്രിസ്ത്യാനിയോ മറ്റാരോ ആവട്ടെ, എന്നെക്കുറിച്ച് കേള്‍ക്കുകയും എന്നിട്ട് എന്നില്‍ വിശ്വസിക്കാതെ മരിക്കുകയും ചെയ്താല്‍ അവന്‍ നരകാവകാശിയാണ് (മുസ്‌ലിം).
ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുബ്‌നു അബീഥാലിബ്, ഇബ്‌നു അബ്ബാസ്(റ) എന്നിവരും മറ്റും പറയുന്നതും ശ്രദ്ധേയമാണ് :
'അല്ലാഹു നിയോഗിച്ച എല്ലാ പ്രവാചകന്മാരോടും, നിങ്ങളുടെ കാലത്ത് മുഹമ്മദ് നബിയെ ഞാന്‍ നിയോഗിച്ചാല്‍ അദ്ദേഹത്തെ നിങ്ങള്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം; ഇക്കാര്യം അനുയായികളോടും നിങ്ങള്‍ കരാര്‍ ചെയ്യണം എന്ന് ഉടമ്പടി ചെയ്തിട്ടല്ലാതെ നിയോഗിച്ചിട്ടില്ല.'
فَمَنْ تَوَلَّىٰ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ (82)
ഇനി അതിനു ശേഷം വല്ലവരും പിന്മാറിയാല്‍ അവര്‍ ധിക്കാരികള്‍ തന്നെയാണ്
ഞങ്ങള്‍ ഞങ്ങളുടെ നബിയിലും, ഞങ്ങളുടെ ഗ്രന്ഥത്തിലും മാത്രമേ വിശ്വസിക്കുകയുള്ളൂ – വിശ്വസിക്കേണ്ടതുള്ളൂ – എന്നുപറയുവാന്‍ വേദക്കാരായ ഒരു സമുദായത്തിനും അവകാശമില്ലാ. അങ്ങിനെ ചെയ്യുന്നത് ധിക്കാരവും തോന്നിവാസവുമാണ്. എന്ന് സാരം.
അടുത്ത ആത്ത് - 83
അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെ അനുസരിച്ച് ജീവിക്കുക എന്നതാണ് അല്ലാഹുവിന്റെ ദീന്‍ അഥവാ ഇസ്‌ലാം. മനുഷ്യജീവിതത്തിന് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണത്. ആകാശഭൂമികളിലുള്ള എല്ലാ വസ്തുക്കളും സ്വമനസ്സാലെയോ അല്ലാതെയോ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ച് സ്ഥിതി ചെയ്യുന്നതാണ്.
എന്നിരിക്കെ പ്രവാചകന്മാരെ ധിക്കരിക്കുന്നവര്‍ പ്രകൃതിവിരുദ്ധമായ മറ്റൊരു ജീവിതമാര്‍ഗം തേടിപ്പോകയാണോ എന്നാണ് അല്ലാഹു ചോദിക്കുന്നത്.
أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَنْ فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ (83)
അല്ലാഹുവിന്റെ മതം ഒഴിച്ച് മറ്റുവല്ല മതവും അവര്‍ (ആ പിന്മാറിയവര്‍) അന്വേഷിക്കുന്നുണ്ടോ! ആകാശഭൂമികളില്‍ ഉള്ളവരെല്ലാം തന്നെ സ്വമനസ്സാലെയോ ഗത്യന്തരമില്ലാതെയോ അവന് കീഴ്‌പ്പെട്ടിരിക്കുന്നു. അവരെല്ലാം അവങ്കലേക്കുതന്നെയാണ് മടക്കപ്പെടുക.
എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ഒരേയൊരു മതമാണ് – ഇസ്ലാം. അതിനും പുറമെ, മനുഷ്യരടക്കം ആകാശ ഭൂമികളിലുള്ളവരെല്ലാം തന്നെ അല്ലാഹു നിശ്ചയിച്ചു വെച്ച നിയമ വ്യവസ്ഥകള്‍ക്ക് വിധേ യരായിക്കൊണ്ടാണ് നിലകൊള്ളുന്നത്. ഇഷ്ടപ്രകാരമായാലും ശരി നിര്‍ബ്ബന്ധിതമായിട്ടായാലും ശരി, ആ നിയമവ്യവസ്ഥക്ക് കീഴൊതുങ്ങുകയല്ലാതെ വേറെ നിര്വാഹമില്ല.
അവസാനം എല്ലാവരും മടങ്ങിച്ചെല്ലുന്നതും അവങ്കലേക്ക് തന്നെ. എന്നിരിക്കെ, അല്ലാഹു കൽപിച്ചതമല്ലാത്ത മറ്റേതെങ്കിലും മതം സ്വീകരിക്കണമെന്നാണോ അവരുടെ ആവശ്യം?! അതൊരിക്കലും സ്വീകാര്യമല്ല.
ഇനി അങ്ങനെ വേറെ മാര്ഗം അന്വേഷിക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ... ഒരു നേട്ടവുമില്ലെന്ന് മാത്രമല്ല, അല്ലാഹുവിന്റെ തീരുമാനത്തിന് എന്തായാലും വിധേയരാകേണ്ടിവരുമെന്നത് തീര്ച്ചയാണ്.. വേറെ എന്ത് ചെയ്യാന..
അല്ലാഹുവിനെ ധിക്കരിച്ച്, മറ്റു വഴികള്‍ സ്വീകരിച്ചാല്‍ അത്തരം അവിശ്വാസികള്‍ക്ക് അല്ലാഹുവെ മറികടക്കാന്‍ കഴിയോ, ഇല്ല.
എത്രയോ കടുത്ത നിഷേധികള്‍ ഈ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അല്ലാഹുവിന്റെ ഇംഗിതത്തിനും ആജ്ഞക്കും മുമ്പില്‍ അവന്‍ മുട്ടുമടക്കിയിട്ടുമുണ്ട്, സ്വമനസ്സാലെയല്ല, നിര്‍ബന്ധിതമായിട്ടായിരിക്കുമെന്നുമാത്രം.
കൊടിയ നിഷേധികളായിരുന്ന നംറൂദും ഖാറൂനും ഫിര്‍ഔനുമെല്ലാം കൊല്ലങ്ങളോളം ഇവിടെ വാഴുകയുണ്ടായി. പക്ഷേ, അല്ലാഹുവിന്റെ ആജ്ഞക്ക് വഴങ്ങാന്‍ അത്തരക്കാരൊക്കെ നിര്‍ബന്ധിതരായെന്നതിന് ചരിത്രം സാക്ഷിയാണല്ലോ. അവന്റെ കല്‍പനകള്‍ ഒരു മിനിറ്റ് നേരത്തേക്ക് പിന്തിക്കാന്‍ പോലും അവര്‍ക്കൊന്നും കഴിഞ്ഞില്ലെന്നതാണ് സത്യം.
അനുസരണവും വിധേയത്വവുമൊക്കെ സൃഷ്ടികള്‍ക്ക് അനിവാര്യമാണെന്ന് ചുരുക്കം.
وَلَهُ أَسْلَمَ مَنْ فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا
അനുസരണപൂര്‍വ്വമോ നിര്‍ബന്ധ പൂര്‍വ്വമോ ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന് കീഴൊതുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം –
എല്ലാവരും അവന്‍റെ ഭരണ വ്യവസ്ഥകള്‍ക്കും അവന്‍ നിയമിച്ച പ്രകൃതി വ്യവസ്ഥകള്‍ക്കും തികച്ചും വിധേയരായിക്കൊണ്ടല്ലാതെ, അതില്‍നിന്ന് സ്വല്‍പെമങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു മിടിയിടപോലും നിലകൊള്ളുവാന്‍ ആര്‍ക്കും സാധ്യമല്ല എന്നാണ്.
സത്യവിശ്വാസി, അവിശ്വാസി, പ്രകൃതിവാദി, ബഹുദൈവവാദി, ദൈവനിഷേധീ എന്നിങ്ങനെയുള്ള തരവ്യത്യാസങ്ങളോ, മനുഷ്യന്‍, ജിന്നുകള്‍, മലക്കുകള്‍, ജീവജന്തുക്കള്‍, നിര്‍ജ്ജീവ വസ്തുക്കള്‍ എന്നിങ്ങനെയുള്ള വര്‍ഗ വ്യത്യാസമോ കൂടാതെ സകലവസ്തുക്കളും ഈ അര്‍ത്ഥത്തില്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട വരാകുന്നു. (റഅദ്, 15: ഹാമീം സജദ: 11 മുതലായ സ്ഥലങ്ങളില്‍ കൂടുതല്‍ വിവരം കാണാം)
ഇങ്ങനെയൊക്കൊണ് കാര്യങ്ങളെന്നിരിക്കെ അവന്‍ കല്‍പിച്ചുതന്ന, നിര്ദ്ദേശഇച്ചുതന്നെ, നമ്മുടെ ശാശ്വത നന്മക്ക് കാരണമായ അവന്‍റെ മതനിയമങ്ങള്‍ക്ക് കീഴൊതുങ്ങാതെ ജീവിക്കുന്നത് ശരിയല്ലല്ലോ.. അനീതിയും ധിക്കാരവുമാണ് – എന്ന് പറയേണ്ടതില്ലല്ലോ.
----------------------------------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment