അധ്യായം 2. സൂറത്തുല് ബഖറ (Aayas 62-69) തലക്കുമീതെ മല, പശു
ബനൂ ഇസ്രാഈലിന് അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ചും അവര് കാണിച്ച നന്ദിയില്ലാത്ത സമീപനത്തെക്കുറിച്ചുമായിരുന്നല്ലോ കഴിഞ്ഞ പേജില് ചര്ച്ച ചെയ്തിരുന്നത്. അക്കാരണത്താല് അവര് അല്ലാഹുവിന്റെ കോപമേറ്റുവാങ്ങി നിന്ദ്യരും നിസ്സാരരുമായി കഴിയേണ്ടിവന്നതിനെക്കുറിച്ചും പറഞ്ഞു.
ഇനി അല്ലാഹു പറയുന്നത്, ഇത്തരം കഴിഞ്ഞുപോയ സമുദായങ്ങളാകട്ടെ, മറ്റ് ആരോ ആവട്ടെ, നന്മ ചെയ്തവര്ക്ക് അതിന്റെ പ്രതിഫലം പൂര്ണമായും ലഭിക്കുക തന്നെ ചെയ്യും എന്നാണ്.
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَى وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (62)
നിശ്ചയം മുഹമ്മദ് നബിയില് വിശ്വസിച്ചവരോ ജൂതരോ ക്രിസ്തീയരോ സ്വാബിഉകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്ക്കര്മങ്ങനുവര്ത്തിക്കുകയും ചെയ്തവര്ക്ക് അര്ഹിക്കുന്ന പ്രതിഫലം റബ്ബിന്റെയടുത്തുണ്ട്. അവര്ക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടിവരില്ല.
നന്മ ചെയ്തവര്ക്ക് അതിന്റെ പ്രതിഫലം എന്തായാലും ലഭിക്കും, അല്ലാത്തവര്ക്ക് ശിക്ഷയും. അതത് കാലഘട്ടങ്ങളില് അല്ലാഹുവിന്റെ ശരീഅത്തും വേദഗ്രന്ഥവും പ്രവാചകന്മാരെയും വിശ്വസിക്കുകയും അവരുടെ ഉപദേശമനുസരിച്ച് ജീവിക്കുകയും ചെയ്തവര്ക്ക് രക്ഷയുണ്ട്.
അതായത്, മൂസാ നബി(عليه السلام)യില് വിശ്വസിച്ച്, തൗറാത്തില് പറഞ്ഞ പ്രകാരം ജീവിച്ച യഹൂദികള്ക്ക് അല്ലാഹുവിന്റെയടുത്ത് നന്മയുണ്ട്, ഏതുവരെ - ഈസാ നബി(عليه السلام)ന്റെ നിയോഗം വരെ.
ഈസാ (عليه السلام) വന്ന ശേഷം മഹാനവര്കളില് വിശ്വസിക്കുകയും ഇന്ജീലനുസരിച്ച് ജീവിക്കുകയും ചെയ്തവര്ക്ക് പ്രതിഫലമുണ്ട്; മുഹമ്മദ് നബി (صلى الله عليه وسلم) യുടെ ആഗമനം വരെ. ഇത്തരക്കാര്ക്ക് പേടിക്കാനോ വ്യസനിക്കാനോ ഒന്നുമില്ല. وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُون
പക്ഷേ, തിരുനബി (صلى الله عليه وسلم) നിയുക്തരായ ശേഷം അവിടത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തവര്ക്കേ രക്ഷയുള്ളൂ. അവിടത്തെ നിഷേധിക്കുന്ന പൂര്വ സമുദായങ്ങള്, അവരവരുടെ പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നവരാണെന്ന് വെറുതെ വായകൊണ്ട് പറയുന്നുണ്ടെങ്കിലും, സത്യത്തില് അതെല്ലാം നിഷേധിക്കുകയാണ് ചെയ്യുന്നത്.
എന്താണ് കാരണം? ആ പ്രവാചകന്മാരും അവരുടെ ദിവ്യഗ്രന്ഥങ്ങളും മുഹമ്മദ് നബി (صلى الله عليه وسلم) യുടെ ആഗമനത്തെക്കുറിച്ച് സന്തോഷവാര്ത്ത നല്കിയിട്ടുണ്ട്. അവിടന്ന് നിയോഗിക്കപ്പെട്ടുകഴിഞ്ഞാല്, അവിടത്തെ വിശ്വസിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതുതന്നെ കാരണം.
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَى
സത്യവിശ്വാസികള് എന്നത് മുഹമ്മദ് നബി (صلى الله عليه وسلم) യുടെ അനുയായികളാണ്. യഹൂദികള് എന്നത് മൂസാ നബി(عليه السلام) ന്റേതും. നസ്വാറാക്കള് എന്നത് ഈസാ നബി(عليه السلام) ന്റെ സമുദായവും.
ആരാണ് സ്വാബിഊന്?
وَالصَّابِئِينَ
മതം മാറിയവര് എന്നാണ് വാക്കര്ത്ഥം. ഈ പേരില് അറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ഇപ്പോള് നിലവിലില്ല.
സ്വാബിഉകള് ആരാണെന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്.
ദൈവ വിശ്വാസികളായിരുന്നുവെങ്കിലും വഴിയെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും പ്രതിഫലനങ്ങളില് വിശ്വസിക്കുകയും അവയെ പൂജിക്കുകയും ചെയ്തിരുന്ന ഒരു പുരാതന മതക്കാരാണിവര്. ഇബ്രാഹീം നബി(عليه السلام)ന്റെ കാലത്ത് ബാബിലോണിയയിലും നീനവായിലും വലിയ പ്രതാപികളായിരുന്നു ഇവരെന്ന് ചരിത്രകാരന്മാര് പറഞ്ഞിട്ടുണ്ട്.
പേര്ഷ്യയിലെ മജൂസി മതം സ്വാബീമതത്തിന്റെ താവഴിയായി വന്നതാണെന്ന് പറയപ്പെടുന്നുണ്ട്.
ശീബ(സബഅ്)യിലെ ബില്ഖീസ് രാജ്ഞിക്ക് സ്വാബീമതവുമായി ബന്ധമുണ്ടായിരുന്നവുത്രേ, മുസ്ലിമാകുന്നതിനു മുമ്പ്.
യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും മജൂസികളുടെയും പല വിശ്വാസാചാരങ്ങളും സ്വീകരിച്ചുവരുന്ന, സ്വന്തമായി ഒരു മതമില്ലാത്തവരാണ് സ്വാബികള് എന്നാണ് മറ്റൊരു അഭിപ്രായം.
മലക്കുകളെ ആരാധിക്കുവന്നരായിരുന്നു അവരെന്നാണ് വേറെ ചിലര് പറയുന്നത്.
ഏതായാലും വേദക്കാര് എന്ന് പറയുന്ന വിഭാഗത്തില് ഇവര് പെടില്ല എന്ന് ഇതുവരെ പറഞ്ഞതില് നിന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ, മുഫസ്സിറുകളില് മിക്കവരും സ്വാബീകളെ അഹ്ലു കിതാബില് പെടുത്തിയിട്ടുമില്ല.
സ്വാബീകളെ സംബന്ധിച്ച് പല അഭിപ്രായങ്ങളും വിവരിച്ച ശേഷം ഹാഫിള് ഇബ്നു കസീര്(رحمه الله) പറയുന്നതിങ്ങനെയാണ്: പ്രബലമായ അഭിപ്രായം, അവര് ജൂതരുടെയോ ക്രിസ്ത്യാനികളുടെയോ മജൂസികളുടെയോ മുശ്രിക്കുകളുടെയോ മതത്തിലായിരുന്നില്ല. ഒരു മതത്തെയും അവര് അനുകരിച്ചിരുന്നുമില്ല. തങ്ങളുടെ പ്രകൃതിയില് തന്നെ ശേഷിച്ചുവരുന്നവരായിരുന്നു. ഇമാം മുജാഹിദിന്റെയും അദ്ദേഹത്തെ അനുകരിച്ചവരുടെയും വഹബുബ്നു മുനബ്ബിഹിന്റെയും അഭിപ്രായം ഇതാണ്.
ചുരുക്കിപ്പറഞ്ഞാല്, സ്വാബീകള് കൊണ്ടുദ്ദേശ്യം യഹൂദമതമോ ക്രിസ്തുമതമോ അംഗീകരിക്കാത്ത, മലക്കുകളെയോ നക്ഷത്രങ്ങളെയോ മറ്റോ ആരാധിച്ചുവരുന്നവരാണ്.
ഏതായാലും ഈ ആയത്തിലൂടെ അല്ലാഹു തആലാ, വേദക്കാരുടെ ഒരു അവകാശവാദം ഖണ്ഡിക്കുകയാണ്. സ്വര്ഗത്തിന്റെ അവകാശികള് തങ്ങള് മാത്രമാണെന്ന് യഹൂദികളും, ക്രിസ്ത്യാനികളും പറയാറുണ്ട്. (111-ആ വചനം നോക്കുക). ഈ കുത്തകാവകാശവാദം ഖണ്ഡിക്കുകയാണ് അല്ലാഹു. അതായത്, ഏതൊരു പ്രവാചകനാകട്ടെ, തന്റെ കാലത്ത് അദ്ദേഹത്തില് വിശ്വസിക്കുകയും ഉപദേശനിര്ദ്ദേശമനുസരിച്ച് ജീവിക്കുകയും ചെയ്തവര്ക്ക് സ്വര്ഗമുണ്ട്. അല്ലാതെ ആത് ആരുടെയും കുത്തകയല്ല.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം - സ്ഥാപിതതാല്പര്യങ്ങളുള്ള ചിലര് ഈ ആയത്തും ഇതേപോലെയുള്ള സൂറത്തുല് മാഇദയിലെ 72-ആം ആയത്തും ദുര്വ്യാഖ്യാനം ചെയ്യാറുണ്ട്. ഇസ്ലാംമതം തന്നെ അംഗീകരിക്കണമെന്നില്ല, ഏത് മതം സ്വീകരിച്ചാലും വിരോധമില്ല, ദൈവത്തിലും പരലോകജീവിതത്തിലും വിശ്വസിക്കുകയും നല്ലകാര്യങ്ങള് ചെയ്യുകയും ചെയ്താൽ ഏതൊരാള്ക്കും രക്ഷ ലഭിക്കുമെന്നാണ് ഇവരുടെ ദുര്വ്യാഖ്യാനത്തിന്റെ ചുരുക്കം.
‘സര്വ്വമതസത്യവാദം’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ നിര്മതവാദത്തെ, ഈ രണ്ട് ആയത്തുകളും സപ്പോര്ട്ട് ചെയ്യുന്നുണ്ട് എന്നാണവരുടെ വാദം.
വിശ്വാസമെന്നും സല്ക്കര്മമെന്നും ഖുര്ആന് ഒരു സ്ഥലത്ത് നിരുപാധികം പറയുമ്പോള്, ആ രണ്ടിനും ഖുര്ആനില് മറ്റു സ്ഥലങ്ങളില് എന്തെല്ലാം വിശദീകരണങ്ങളും ഉപാധികളും നല്കിയിട്ടുണ്ടോ അതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള അര്ത്ഥത്തിലായിരിക്കണം അതെന്ന് ഉറപ്പാണല്ലോ.
അതായത്, ഖുര്ആന് അംഗീകരിക്കുന്ന വിശ്വാസവും സല്ക്കര്മവും ഏതാണോ അതുതന്നെയാണ് ഇവിടെയും ആ രണ്ടും കൊണ്ടുള്ള ഉദ്ദേശ്യം. അല്ലാതെ, ഓരോ മതക്കാരും അംഗീകരിച്ചുവരുന്ന വിശ്വാസവും സല്ക്കര്മവും ഖുര്ആന് അംഗീകരിക്കുന്നു എന്നല്ല.
തനിച്ച ബഹുദൈവാരാധനയും വിഗ്രഹപൂജയും നടത്തുന്ന മതത്തിന്റെ അനുയായികള്പോലും അവര് ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്നില്ലേ.
മരണാനന്തര ജീവിതത്തില് മിക്ക മതക്കാരും വിശ്വസിക്കുന്നുവെന്ന് പറയാറുണ്ടെങ്കിലും ഓരോ കൂട്ടരുടെയും വിശ്വാസം ഓരോ രൂപത്തിലാണ്.
ഇവരെല്ലാവരും വിജയികളും മോക്ഷക്കാരുമാണെന്ന തരത്തിലുള്ള ആ ദുര്വ്യാഖ്യാനം തീരെ ശരിയല്ലെന്ന് വ്യക്തമാണല്ലോ.
ചുരുക്കിപ്പറഞ്ഞാല്, ഇസ്ലാം അംഗീകരിക്കുന്ന, ഖുര്ആന് വിഭാവനം ചെയ്യുന്ന വിശ്വാസവും സല്ക്കര്മവും സ്വീകരിക്കുന്നവര്ക്കേ രക്ഷയുള്ളൂ -ഒരു സമുദായത്തിന്റെ, വര്ഗത്തിന്റെ കുത്തകയല്ല അത്- എന്നു മാത്രമാണ് ഈ ആയത്തുകളുടെ താല്പര്യം.
ഇസ്ലാമല്ലാത്ത ഒരു മതവും അല്ലാഹുവിങ്കല് സ്വീകാര്യമല്ലെന്ന് അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ.
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ
(ഇസ്ലാമല്ലാത്ത ഒരു മതം ആരെങ്കിലും തേടുന്ന പക്ഷം അവനില് നിന്നത് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന് പരലോകത്ത് നഷ്ടക്കാരില്പെട്ടവനുമായിരിക്കും. (3:85)
അടുത്ത ആയത്ത്-63
ബനൂഇസ്രാഈലുകാരുടെ മറ്റൊരു ധിക്കാരക്കഥയാണ് ഇനി പറയുന്നത്.
വലിയ ദൃഷ്ടാന്തങ്ങള് നേരില് കാണുകയും, വിധിവിലക്കുകള് അനുസരിച്ചു കൊള്ളാമെന്ന് ഉറപ്പ് നല്കുകയും ചെയ്തിട്ട് പിന്നെയും അനുസരണക്കേട് കാണിക്കുന്ന ധിക്കാരമനോഭാവത്തിന്റെ വേറൊരു ഉദാഹരണം.
وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُمْ بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ (63)
നാം നിങ്ങളോട് കരാര് വാങ്ങുകയും നിങ്ങള്ക്കു മീതെ പര്വതം ഉയര്ത്തുകയും ചെയ്ത സന്ദര്ഭവും (ഓര്ക്കുക. എന്നിട്ട് നിങ്ങളോട് നാം പറഞ്ഞു): നിങ്ങള്ക്ക് നാം തന്ന വേദം മുറുകെ പിടിക്കുകയും അതിലുള്ള നിര്ദ്ദേശങ്ങള് ഓര്ക്കുകയും ചെയ്യുക. എങ്കില് നിങ്ങള് സൂക്ഷ്മതയുള്ളവരായേക്കാം.
وَإِذْ أَخَذْنَا مِيثَاقَكُمْ
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും പ്രവാചകന്മാരെ അനുസരിക്കണമെന്നും അന്ത്യപ്രവാചകരായ മുഹമ്മദ് നബി (صلى الله عليه وسلم) നിയോഗിക്കപ്പെടുമ്പോള് ആ നബിയെ അനുഗമിക്കണമെന്നുമായിരുന്നു ബനൂ ഇസ്രാഈലിനോട് അല്ലാഹു ചെയ്ത കരാര്.
طُور എന്നാല് പര്വ്വതം എന്നര്ത്ഥം. 'സീനാ' മലയാണ് ഉദ്ദേശ്യം. അറേബ്യന് മരുഭൂമിയില് ചെങ്കടലിന്റെ രണ്ട് ശാഖകള്ക്കിടയിലേക്ക് തള്ളിക്കിടക്കുന്ന ഭൂപ്രദേശത്തെ വളരെ പ്രധാനപ്പെട്ടൊരു പര്വതമാണ് സീനാ. മൂസാനബി(عليه السلام)ന് തൗറാത്ത് നല്കപ്പെട്ടത് ഈ പര്വതത്തില് വെച്ചായിരുന്നു. ജബല് മൂസാ عليه السلام (മൂസാനബി عليه السلام യുടെ മല) എന്ന പേരില് ഇത് പ്രസിദ്ധമാണ്.
ഏതോ ഒരു പര്വ്വതം ഉയര്ത്തി എന്നാണ് ചിലരുടെ അഭിപ്രായം. സൂറ അഅ്റാഫ് 171-ല് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള് الجَبَل (മല) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ സഭവം ഇങ്ങനെയാണ്: ഇസ്റാഈല്യര് അല്ലാഹുവിലും മൂസാ നബി (عليه السلام) യിലും വിശ്വസിച്ചവരാണ്, അതുകൊണ്ടുതന്നെ തൗറാത്തിലെ വിധിവിലക്കുകള് സ്വീകരിക്കുവാന് ബാധ്യസ്ഥരുമാണ്. പക്ഷേ, ആ വിധിവിലക്കുകള് അവര് തള്ളിക്കളയുകയാണ് ചെയ്തത്. ആ സമയത്താണ് അല്ലാഹു അവരുടെ തലക്കുമീതെ ഒരു അത്ഭുത ദൃഷ്ടാന്തമെന്നോണം മല ഉയര്ത്തിനിറുത്തിയത്. മല അവര്ക്കു മീതെ ഒരു കുട പോലെ നിന്നുവത്രേ.
മുകളില് വന്ന് വീണേക്കുമോ എന്ന് അവര് പേടിച്ചു. ഈ സമയം, തൗറാത്ത് മുറുകെ പിടിക്കണമെന്നും, അതിലെ വിധിവിലക്കുകള് ശരിക്ക് പാലിക്കണമെന്നും അല്ലാഹു അവരോട് കല്പിച്ചു. അങ്ങനെ ചെയ്യാമെന്ന് അവര് ഉറപ്പ് നല്കുകയും ചെയ്തു.
ബൈബിളില് ഇങ്ങനെ കാണാം: ജനം അത് കണ്ടപ്പോള് വിറച്ചുകൊണ്ട് ദൂരത്തുനിന്നു. അവര് മോശെയോട്: നീ ഞങ്ങളോട് സംസാരിക്കൂ; ഞങ്ങള് കേട്ടുകൊള്ളാം; ഞങ്ങള് മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോട് സംസാരിക്കരുതേ എന്ന് പറഞ്ഞു (പുറപ്പാട് 20:18).
എല്ലാം അനുസരിക്കാമെന്ന് ഉറപ്പ് നല്കിയിട്ടും, പഴയതുപോലെ എല്ലാം അവഗണിക്കുകയാണവര് ചെയ്തത്. എങ്കിലും, അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം അവരെ അവന് എല്ലാം നഷ്ടപ്പെട്ടവരാക്കിയില്ല. അതാണ് അടുത്ത ആയത്തിലുള്ളത്.
അടുത്ത ആയത്ത്-64
ثُمَّ تَوَلَّيْتُمْ مِنْ بَعْدِ ذَلِكَ فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنْتُمْ مِنَ الْخَاسِرِينَ (64)
എന്നിട്ട് പിന്നെയും നിങ്ങള് പിന്തിരിഞ്ഞുകളഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കില് നിങ്ങള് നഷ്ടപ്പെട്ടവരില് പെട്ടുപോകുമായിരുന്നേനെ.
നല്ല വഴിയില് തന്നെ സഞ്ചരിക്കാന് നിരന്തരം കല്പിക്കപ്പെട്ടിട്ടും ഇസ്രാഈല്യര് പിന്നെയും അതിക്രമങ്ങളില് മുഴുകുകയാണ് ചെയ്തത്. അതവരുടെ ഉന്മൂലനാശത്തിനുതന്നെ കാരണമാകുമായിരുന്നു.
പക്ഷേ, അല്ലാഹു അവന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവരെ കാത്തുരക്ഷിക്കുകയാണ് ചെയ്തത്. വേണ്ടാത്തരങ്ങളവസാനിപ്പിച്ച് പശ്ചാത്തപിക്കാനുള്ള മനസ്സുണ്ടാക്കാനും, സല്ക്കര്മങ്ങളിലേക്ക് വഴിനടത്താനും ഇടക്കിടെ പ്രവാചകന്മാരെ അല്ലാഹു അയച്ചുകൊണ്ടിരിക്കുകയും ചെയ്തു.
അല്ലാഹുവിനെ പ്രത്യക്ഷത്തില് കാണണമെന്ന് ഇസ്റാഈല്യര് ആവശ്യപ്പെട്ടതും, അതിനെത്തുടര്ന്ന് ഇടിത്തീ ബാധിച്ചതും മറ്റും പറഞ്ഞ ശേഷം, ഈ വിഷയവും സൂറ നിസാഉ് 154-ല് അല്ലാഹു وَرَفَعْنَا فَوْقَهُمُ الطُّورَ بِمِيثَاقِهِمْ പറഞ്ഞിട്ടുണ്ട്. സൂറത്തുല് അഅ്റാഫിലും (171) ഈ സംഭവം പറയുന്നുണ്ട്.
فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنْتُمْ مِنَ الْخَاسِرِينَ
നമ്മളും അല്ലാഹുവിന്റെ ഈ വലിയ ഔദാര്യം ആസ്വദിച്ചുകൊണ്ടിരിക്കുന്നവരാണ് അല്ലേ..
എന്തുമാത്രം തെറ്റുകളാണ് നമ്മളൊക്ക ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ സമുദായം വിശേഷിച്ചും. പലിശയടക്കം നിരവധി തെറ്റുകള് നിരന്തരം ചെയ്യുകയാണ്.
എന്നിട്ടും അല്ലാഹു നമ്മളെ പിടികൂടാതെ, പരാജിതരില് പെടുത്താതെ, നന്നാകാനും തൌബ ചെയ്യാനും അവസരം തന്നുകൊണ്ടേയിരിക്കുകയാണ്. തെറ്റു ചെയ്തിട്ടും നമുക്ക് ഭക്ഷണം തരുന്നു, സൌകര്യങ്ങള് തരുന്നു, കാഴ്ച, കേള്വി എല്ലാം നിലനിറുത്തിത്തരുന്നു. നമ്മള് ചിന്തിക്കണം. നമ്മുടെ തെറ്റായ നിലപാടുകള് തിരുത്തണം.
അടുത്ത ആയത്ത്-65
ഇസ്റാഈല്യരുടെ മറ്റൊരു അനുസരണക്കേടും അതിന് ലഭിച്ച ശിക്ഷയുമാണ് അടുത്ത ആയത്തിലുള്ളത്.
وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنْكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ (65)
നിശ്ചയം ശബ്ബത്ത് നാളില് അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങള്ക്ക് നന്നായറിയാമല്ലോ. അതിനാല് (അതിരുവിട്ട് പ്രവര്ത്തിച്ചതിനാല്) നാം അവരോട് പറഞ്ഞു: നിങ്ങള് കുരങ്ങന്മാരാവുക.
മുസ്ലിംകള്ക്ക് വെള്ളിയാഴ്ചയെന്നപോലെ, ഇസ്റാഈല്യര്ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പുണ്യ ദിവസമായിരുന്നു ശനിയാഴ്ച. അവര് അന്ന് ജോലിക്കൊന്നും പോകാതെ, ചില പ്രത്യേക അനുഷ്ഠാനകര്മങ്ങള് ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. യഹോവ അനുഗ്രഹിച്ച ദിനമാണത്. ഈ ആചരണത്തിന് ശബ്ബത്ത് എന്ന് പറയുന്നു. ശനിയാഴ്ചക്ക് സബ്ത്ത് എന്നാണല്ലോ അറബിയില് പറയാറ്.
യഹൂദികള് ഇന്നും ശബ്ബത്ത് ആചരിച്ചു വരുന്നത് ശനിയാഴ്ച തന്നെയാണ്. ക്രിസ്ത്യാനികള് ഞായറാഴ്ചയും.
ശനിയാഴ്ച കച്ചവം, വേട്ട, ജോലി ഒന്നും പാടില്ലായിരുന്നു. ശരിക്ക് ശിക്ഷയായിട്ടാണ് ശനിയാഴ്ച ആക്കിയത്. വെള്ളി തന്നെയായിരുന്നു അവര്ക്കും ആദ്യം നിശ്ചയിക്കപ്പെട്ടിരുന്നത്. കാരണം, സയ്യിദുല് അയ്യാമാണല്ലോ, ദിവസങ്ങളുടെ നേതാവാണല്ലോ വെള്ളി.
പക്ഷേ, ഈ ഓര്ഡറും അവര് അനുസരിച്ചില്ല. അമ്പിയാക്കളോട് കയര്ത്തു. അംഗീകരിച്ചില്ല, തര്ക്കിച്ചു. അല്ലാഹു ലോകം പടക്കാന് ഞായറാഴ്ച തുടങ്ങി വെള്ളിയാഴ്ചയാണ് അവസാനിച്ചത്. അതുകൊണ്ട് അതുകഴിഞ്ഞുള്ള ശനിയാഴ്ച മതി ഞങ്ങള്ക്ക് എന്നാണവര് പറഞ്ഞത്.
അങ്ങനെയാഴ്ച ശനിയാഴ്ച ആയത്. അന്ന് ഒരു ജോലിയും പാടില്ല. ഇബാദത്തുകള് മാത്രം. ഇബാദത്തുകളൊന്നും കൃത്യമായി ചെയ്യാത്തവരായിരുന്നല്ലോ. അതുകൊണ്ട് ഒരു ദിവസം ഇബാദത്തിനു വേണ്ടി മാത്രം മാറ്റിവെക്കണം.
ഇബാദത്തിന്റെ കാര്യം നമ്മള് കൃത്യമായി പാലിക്കുന്നവരാണ്, അഞ്ചുനേരം. അതുകൊണ്ട് വെള്ളിയാഴ്ച ബാങ്ക് കേട്ടാല് മാത്രം കച്ചവടവും മറ്റു പണികളെല്ലാം നിറുത്തിവെച്ചാല് മതി.
يا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنتُمْ تَعْلَمُونَ، فَإِذَا قُضِيَتِ الصَّلَاةُ فَانْتَشِرُوا فِي الْأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ (الجمعة 9، 10)
വെള്ളി നമ്മുടെ പ്രത്യേകതയാണെന്ന് തിരുനബി(صلى الله عليه وسلم) പറഞ്ഞിട്ടൂണ്ട്.
عن أبي هريرة رضي الله عنه، قال رسول الله صلى الله عليه وسلم: نَحْنُ الآخِرُونَ الأوَّلُونَ يَومَ القِيامَةِ، ونَحْنُ أوَّلُ مَن يَدْخُلُ الجَنَّةَ، بَيْدَ أنَّهُمْ أُوتُوا الكِتابَ مِن قَبْلِنا، وأُوتِيناهُ مِن بَعْدِهِمْ، فاخْتَلَفُوا، فَهَدانا اللَّهُ لِما اخْتَلَفُوا فيه مِنَ الحَقِّ، فَهذا يَوْمُهُمُ الذي اخْتَلَفُوا فِيهِ، هَدانا اللَّهُ له، قالَ: يَوْمُ الجُمُعَةِ، فالْيَومَ لَنا، وغَدًا لِلْيَهُودِ، وبَعْدَ غَدٍ لِلنَّصارَى. (مسلم)
നബി തിരുമേനി صلى الله عليه وسلمവെള്ളിയാഴ്ചയെക്കുറിച്ച് പറയുന്നു: ‘നമ്മള് അവസാനം വന്നവരാണ്, പക്ഷേ, ഖിയാമ നാളില് മുന്പന്തിയിലാണ്. നമ്മളാണ് ആദ്യം സ്വര്ഗത്തില് പ്രവേശിക്കുക; നമുക്ക് മുമ്പേ അവര്ക്ക് വേദം നല്കപ്പെട്ടിട്ടുണ്ട് എങ്കിലും. അങ്ങനെ അവര് ഭിന്നിക്കുകയാണുണ്ടായത്.
ഇതായിരുന്നു (വെള്ളി) അവര്ക്ക് (വേദക്കാര്ക്ക്) നിയമിക്കപ്പെട്ടിരുന്ന ദിവസം. എന്നിട്ട് അവര് അതില് ഭിന്നിച്ചു. നമുക്ക് അല്ലാഹു അതിലേക്ക് മാര്ഗദര്ശനം നല്കിയിരിക്കുകയാണ്. ജനങ്ങള് അതില് നമ്മുടെ പിന്നാലെയാണുള്ളത്. അതായത് യഹൂദികള് പിറ്റേന്നും ക്രിസ്ത്യാനികള് അതിന്റെ പിറ്റേന്നും’. (ബുഖാരി, മുസ്ലിം)
ശബ്ബത്ത് സംഭവം അഅ്റാഫ് 163-166 ല് കുറച്ചുകൂടി വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കം:
ശനിയാഴ്ച ദിവസം ഉപജീവനം തേടുന്ന ജോലികളിലും മറ്റും ഏര്പ്പെടരുതെന്ന് യഹൂദികളോട് നിര്ദ്ദേശിച്ചിരുന്നു എന്ന് മുകളില് പറഞ്ഞല്ലോ. പക്ഷേ, അവരത് ലംഘിച്ചു.
ദാവൂദ് നബി(عليه السلام)ന്റെ കാലത്ത് ചെങ്കടല് തീരത്തുള്ള ഐല (ഐലാത്ത്) എന്ന സ്ഥലത്ത് താമസിച്ചിരുന്ന യഹൂദികളെക്കുറിച്ചാണിവിടെ പറയുന്നത്. ശനിയാഴ്ചയെ ബഹുമാനിക്കണം എന്ന കല്പന അവര് ലംഘിച്ചു.
ഇപ്പോള്, അല് അക്വബഃ (العَقَبَة) എന്ന പേരില് അറിയെപ്പടുന്ന ഐലത്തു (ايلة ഏലാത്ത്) ആയിരുന്നു ആ രാജ്യമെന്നും, അതിനടുത്ത് മദ്യനിലായിരുന്നു സംഭവം നടന്നതെന്നും പറയപ്പെടുന്നുണ്ട്. ഈ ഭാഗങ്ങളിലൊക്കെ ഇസ്റാഈല്യര് കുടിയേറിപ്പാര്ത്തിട്ടുണ്ട്.
അന്ന് മീന് പീടിക്കാന് പറ്റില്ല. മീനാണെങ്കിലോ, ശനിയാഴ്ച മുന്നില് വന്നങ്ങനെ തുള്ളും, വെള്ളത്തിനു മീതെ പൊന്തിക്കളിക്കും. കണ്ടിട്ട് സഹിക്കുന്നില്ല. പിടിക്കാനൊട്ട് പാടൂല്ല. പരീക്ഷണമാണ്.
അവസാനം അവര് ഉപായങ്ങള് തേടുകയാണ്. കടല്ക്കരയില് ചില കുഴികളുണ്ടാക്കി അതില് നിന്ന് ചാലുകള് കീറി കടലിലേക്ക് തുറന്നു. ശനിയാഴ്ച ദിവസം ഈ ചാലുകള് വഴി ധാരാളം മത്സ്യങ്ങള് കുഴികളിലേക്ക് കടക്കും. ആ സമയം അവര് ചാലുകള് കെട്ടിനിറുത്തി മത്സ്യങ്ങള്ക്ക് കടലിലേക്ക് തിരിച്ചുള്ള വഴി മുടക്കും. ശനിയാഴ്ച സൂര്യന് അസ്തമിച്ചാല് കുഴികളില് നിന്ന് മീന് പിടിക്കുകയും ചെയ്യും. എങ്ങനെയുണ്ട് തന്ത്രം!
ചിലര് വെള്ളിയാഴ്ച വല വീശും. ശനിയാഴ്ച മീന് കുടുങ്ങും. ഞായറാഴ്ച എടുക്കും. അല്ലെങ്കില് നേരത്തെ പറഞ്ഞപോലെ സൂര്യനിസ്തമിച്ച് എടുക്കും.
കുറച്ചുകഴിഞ്ഞപ്പോഴേക്കും അവര് ശനിയാഴ്ച തന്നെയും മീന് പിടിച്ചുതുടങ്ങി. അവരുടെ കൂട്ടത്തിലെ പണ്ഡിതരും സജ്ജനങ്ങളും തടഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. എന്നുമാത്രമല്ല, ഉപദേശിച്ചവരെ ക്രൂരമായി മര്ദ്ദിക്കുകയാണ് ചെയ്തത്.
അതിപ്പോഴും അങ്ങനെത്തന്നെയാണല്ലോ... നല്ലത് പറയുന്നവരെ ഒറ്റപ്പെടുത്തി ആക്രമണം നടത്തുന്ന സ്വഭാവം. ആരും ആരെയും ചോദ്യം ചെയ്യാന് പാടില്ല എന്നൊക്കെയാണല്ലോ വെപ്പ്.
അവരെ ഉപദേശിച്ചവരും ഒന്നും മിണ്ടാതിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. എന്തിനാണ് അവരോട് പറയുന്നത്, കേള്ക്കുകയില്ലല്ലോ എന്ന് കരുതി മിണ്ടാതിരുന്നതാണ്.
ഏതായാലും ശിക്ഷ വരുമെന്ന് ഉറപ്പായി. ഇത് ചെയ്തവരെ മറ്റുള്ളവര് ബഹിഷ്കരിച്ചു. അവരെല്ലാവരും ഒറ്റപ്പെട്ട ഒരു ചുറ്റുമതിലനുള്ളില് താമസിച്ചു. ഒരു ദിവസം രാവിലെ വാതില് തുറക്കുന്നില്ല. മറ്റുള്ളവര് കോണിവെച്ച് കയറിനോക്കി.
എന്താ കണ്ട കാഴ്ച! എല്ലാവരും കുരങ്ങന്മാരായി കോലം മറിക്കപ്പെട്ടിരിക്കുന്നു. വാലുകളുള്ള, പരസ്പരം തര്ക്കിക്കുന്ന കുരങ്ങന്മാര്. വയസ്സന്മാര് പന്നികളായും കോലം മറിക്കപ്പെട്ടിരിക്കുന്നു. (ഔഫഇി-ഇബ്നു അബ്ബാസ്-رحمهم الله).
കുരങ്ങന്മാരും പന്നികളുമാക്കി എന്നാണ് സൂറ മാഇദ (60) യിലുള്ളത്.
കുരങ്ങന്മാര്ക്ക് ബന്ധുക്കളെ തിരിച്ചറിയാം. പക്ഷേ, ബന്ധുക്കള്ക്കങ്ങോട്ടറിയില്ല. നിങ്ങളോടിത് ആദ്യമേ പറഞ്ഞിരുന്നില്ലേ എന്ന് ചോദിക്കുമ്പോള് അവര് തലയാട്ടും, കരയും.
മൂന്ന് ദിവസമേ അവര് ജീവിച്ചുള്ളൂ. തീറ്റയില്ല, കുടിയില്ല, ഇണ ചേലരില്ല - (ഇബ്നു അബ്ബാസ്-رضي الله عنهما).
ജൂതര് എപ്പോഴും ഇങ്ങനെ തന്ത്രങ്ങള് മെനഞ്ഞ് ധിക്കാരം കാണിച്ചിട്ടുണ്ട്, റബ്ബ് പിടികൂടിയിട്ടുമുണ്ട്. സ്ഥിരം ഏര്പ്പാടാണെന്നര്ഥം.
ഇങ്ങനെ കുരങ്ങന്മാരാക്കി കോലം മറിച്ച കഥ, അവരോടുതന്നെ ചോദിക്കാന് പറഞ്ഞിട്ടുണ്ട് അല്ലാഹു, നബിصلى الله عليه وسلمയോട്, അവരെ വഷളാക്കാന് വേണ്ടി (അഅ്റാഫ് 163-166)
ബഹുഭൂരിഭാഗം മുഫസ്സിറുകളും പറയുന്നത്, ബാഹ്യരൂപത്തില് തന്നെ കുരങ്ങുകളായി കോലം മറിക്കപ്പെട്ടു എന്നാണ്. ഇവരില് പലരുടെയും തഫ്സീറുകള് വിവരിച്ച ശേഷം ഹാഫിള് ഇബ്നു കസീര്(رحمه الله) എഴുതുന്നുണ്ട്: അവരെ ആന്തരികമായ നിലക്കാണ്, ബാഹ്യമായ നിലക്കല്ല എന്ന് ഇമാം മുജാഹിദ്(رحمه الله) അഭിപ്രായപ്പെട്ടതിനെതിരാണ് ഈ ഇമാമുകളെല്ലാം പറഞ്ഞത് എന്ന് വ്യക്തമാക്കാനാണ് ഞാന് അവരുടെ തഫ്സീറുകളെല്ലാം ഉദ്ധരിച്ചത്. നിശ്ചയം അവരെ ബാഹ്യമായും ആന്തരികമായും കോലം മറിച്ച്-കുരങ്ങുകളാക്കി-എന്നതാണ് പ്രബലം.
കുരങ്ങന്മാരാക്കിയത് ബാഹ്യനിലയില് അല്ല, ആന്തരികമായ നിലക്കാണെന്നാണ് ഇമാം മുജാഹിദ്(رحمه الله) പറയുന്നത്. അതായത് അല്ലാഹുവിന്റെ കല്പനകള് ലംഘിച്ചതിന്റെ ഫലമായി, വേണ്ടാത്തരങ്ങളോട് താല്പര്യമുള്ളവരായി മാറി അവര്. നല്ല സ്വഭാവഗുണങ്ങളും ആത്മാഭിമാനവും ഇല്ലത്തവരായി. അങ്ങനെ നിന്ദ്യരും നീചരുമായിത്തീര്ന്നു എന്ന് സാരം.
ഏതായാലും, അര്ഹിച്ച പ്രതിഫലമാണവര്ക്ക് അല്ലാഹു നല്കിയത്. യോജിച്ച ശിക്ഷതന്നെ നല്കി. കുരങ്ങുകളാക്കി രൂപം മാറ്റി. മതനിയമങ്ങള് മറികടക്കാള്ള അവരുടെ ആ ഉപായം ധിക്കാരവും വഞ്ചനയുമാണല്ലോ.
പുറമെ, മതത്തിന്റ വിധിവിലക്കുകള് അനുസരിക്കുന്നുവെന്ന് വരുത്തുകയും സത്യത്തില് അതിന് വിരുദ്ധമായി പ്രവര്ത്തിക്കുകയും ചെയ്യുന്ന എല്ലാവരും, അവര് ഏതു കാലക്കാരാകട്ടെ, ഈ മീന്പിടുത്തക്കാരെപ്പോലെയാണ്. അത്തരക്കാര് ഈ സംഭവത്തില് നിന്ന് പാഠമുള്ക്കൊള്ളണം. ആ മീന്പിടുത്തക്കാരെ ഉപദേശിച്ചു കൊണ്ടിരുന്ന നല്ല മനുഷ്യന്മാരെപ്പോലെ അല്ലാഹുവിന്റെ വിധിവിലക്കുകള് സൂക്ഷിച്ച് ജീവിക്കുന്ന മുത്തഖികള്ക്കും ഈ സംഭവത്തില് ഗുണപാഠമുണ്ട്.
നമ്മളും നന്നായി ശ്രദ്ധിക്കണം.
മതവിധികള് കാറ്റില് പറത്തുന്നവര്, വെല്ലുവളിക്കുന്നവര്, സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമുകളിലടക്കം വെറുതെ വായിട്ടലക്കുന്നവര് ശ്രദ്ധിക്കണം.
ഇതെല്ലാം തെറ്റാണെന്ന് പറയുകയും തിരിത്താന് ശ്രമിക്കുകയും ചെയ്യുന്നവരെ, യാഥാസ്ഥിതികന്മാരെന്നും പഴഞ്ചരെന്നും, ഏതോ കാലത്ത് ജീവിക്കേണ്ടവരാണെന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നവരും ശ്രദ്ധിക്കുക. ഇന്നെമ്പാടുമുണ്ടല്ലോ ഇത്തരക്കാര്. വയറിനേക്കാള് വലിയൊരു പ്രശ്നമില്ലെന്നും വയറിനു വേണ്ടി എന്തും ചെയ്യാമെന്നുമാണവരുടെ വാദം.
നമ്മളടക്കം പലരും പലതിനും കുറുക്കുവഴികള് തേടുന്നവരാണ്. പലിശ ഹലാലാക്കിട്ടാന്... പല കാര്യങ്ങളിലും അനുകൂല ഫത്വ നേടാന്...
തിരുനബി(صلى الله عليه وسلم) എപ്പോഴും പറയുമായിരുന്നു, നിങ്ങള് ഈ ബനൂഈസ്രാഈലുകാരെപ്പോലെ ആകരുതേ എന്ന്.
" لاَ تَرْتَكِبُوا مَا ارْتَكَبَت اليَهُود ، فَتَسْتَحِلُّوا مَحَارِمَ اللهَ بِأَدْنَى الْحِيَل".
(യഹൂദികള് ചെയ്തതുപോലെ നിങ്ങള് ചെയ്യുകയും അങ്ങനെ ചില കുതന്ത്രങ്ങള് വഴി അല്ലാഹു വിരോധിച്ച ചില കാര്യങ്ങളില് നിങ്ങള് പ്രവേശിക്കുകയും ചെയ്യരുത്.)
നമ്മളെയും കോലം മറിച്ചേക്കാം. രണ്ടു രൂപത്തിലും കോലം മറിക്കപ്പെട്ടേക്കാം. ശരിക്കും, ആന്തരികമായും.
കുരങ്ങന്റെയും പന്നിയുടെും സ്വഭാവവും പെരുമാറ്റമുള്ളവര്. ഇന്നിപ്പോ അങ്ങനെത്തന്നയല്ലേ. കാര്യഗൌരവുമില്ലാതെ വെറും തമാശ – കുരങ്ങന്റെ കൈയില് പൂമാല കിട്ടിയതുപോലെ എന്നൊക്കെ പറയാറില്ലേ.
ഒരു ലജ്ജയുമില്ലാതെ പന്നിയെ പോലെ പരസ്യമായി വൃത്തികേടുകള് കാണിക്കുന്നു, ഇണ ചേരുന്നു..
അല്ലാഹുവിനെ ധിക്കരിക്കാന് ധൈര്യപ്പെടരുത്. ഏതെങ്കിലും നിലക്ക് ആ ധിക്കാരം ജീവിതത്തില് പ്രതിഫലിക്കും.
നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങളും ചിലപ്പോള് അങ്ങനെയാകാം. മഹാനായ ഫുളൈലുബ്നു ഇയാള് رحمه الله പറയാറുണ്ട്:
إني إذا عصيت الله أرى ذلك في خًلق دابتي وزوجتي
(ഞാനെന്തെങ്കിലും തെറ്റ് ചെയ്താല് അതിന്റെ പ്രതിഫലനം എന്റെ വാഹനത്തിലും ഭാര്യയിലും പ്രതിഫലിച്ചു കാണാറുണ്ട്.)
ജോലി നഷ്ടപ്പെടുന്നത്, അസുഖം വരുന്നത്.. എല്ലാം ചിലപ്പോള് അങ്ങനെയാകാം ചെയ്തുപോയ തെറ്റുകള് കാരണം ഇപജീവനംതന്നെ ചിലപ്പോള് തടയപ്പെട്ടേക്കാം.
നമ്മള് പടച്ചവനോടുള്ള ബന്ധം നന്നാക്കുക. എപ്പോഴും. ജോലി കിട്ടുന്നതുവരെയല്ല, കിട്ടിക്കഴിഞ്ഞാലും. ആപത്തുകള് നീങ്ങുന്നതുവരെയല്ല, നീങ്ങിക്കഴിഞ്ഞാലും.
പരമാവധി സൂക്ഷിച്ച് ജീവിക്കുക.
നമ്മുടെ വീഴ്ചകൊണ്ട് ആപത്തുകള് വരാതിരിക്കാന് ശ്രമിക്കുക.
പിന്നെ, ഇങ്ങനെയെല്ലാം ശ്രദ്ധിച്ച് ജീവിച്ചിട്ടും ആപത്തുകള് വരുന്നത്, അത് നമ്മളെ പരീക്ഷിക്കാനാണ്, നമ്മുടെ ദറജ ഉയര്ത്താനാണ്. ക്ഷമിച്ച് കൂലി വാങ്ങുക.
അടുത്ത ആയത്ത്-66
അതിക്രമികളായ ഐലത്തുകാര്ക്ക് അല്ലാഹു നല്കിയ ശിക്ഷ വളരെ ശ്രദ്ധേയമാണ്. കുതന്ത്രങ്ങളും ദുര്ന്യായങ്ങളും ഉപയോഗിച്ച് അല്ലാഹുവിന്റെ കല്പന ലംഘിക്കുന്ന ഏത് കാലക്കാര്ക്കും നാട്ടുകാര്ക്കും അതൊരു പാഠമാണ്.
فَجَعَلْنَاهَا نَكَالًا لِمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِلْمُتَّقِينَ (66)
അങ്ങനെ ആ ഗ്രാമക്കാരെ നാം സമകാലികര്ക്കും പില്ക്കാലക്കാര്ക്കും ഒരു മാതൃകാശിക്ഷയും, സൂക്ഷ്മത പാലിക്കുന്നവര്ക്ക് ഒരു സദുപദേശവുമാക്കി.
അടുത്ത ആയത്ത്-67
ഇസ്രാഈലുകാര്ക്ക് അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ മറ്റൊരു അനുഗ്രഹവും, അവര് കാണിച്ച അനുസരണക്കേടുമാണ് അടുത്ത ചില ആയത്തുകളില് പറയുന്നത്.
പശു എന്നര്ത്ഥമുള്ള അല്ബഖറഃ (البَقَرة) എന്ന്, ഈ സൂറത്തിന് പേര് വരാന് കാരണമായ സംഭവമാണിനി പറയുന്നത്. ചുരുക്കം ഇങ്ങനെ:
ബനൂ ഇസ്രാഈലുകാരുടെ കൂട്ടത്തില് വലിയ ഒരു മുതലാളിയുണ്ടായിരുന്നു. അദ്ദേഹത്തെ അയാളുടെ അവകാശി രഹസ്യമായി വധിച്ചു. സ്വത്ത് കൈക്കലാക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തത്. എന്നിട്ട് കൊലക്കുറ്റം മറ്റൊരാളുടെ മേല് ചുമത്തി. അയാളത് നിഷേധിച്ചു. നാട്ടില് വലിയ പ്രശ്നമായി. പരസ്പരം കുറ്റപ്പെടുത്തി ഓരോരുത്തരും ഒഴിഞ്ഞുമാറി.
പ്രശ്നപരിഹാരത്തിനായി അവര് മൂസാ നബി(عليه السلام)യെ സമീപിച്ചു. മൂസാ നബി عليه السلامഅല്ലാഹുവിനോട് പ്രാര്ഥിച്ചു. അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: അവര് ഒരു പശുവിനെ അറുക്കട്ടെ; അതിന്റെ ഒരു ഭാഗം കൊണ്ട് കൊല്ലപ്പെട്ട ആളെ അടിക്കുക. അപ്പോള് അയാള് പുനര്ജനിച്ച് സത്യം വെളിപ്പെടുത്തും.
ഈ കല്പന കിട്ടിയതനുസരിച്ച് ഒരു പശുവിനെ അറുക്കാന് മൂസാ നബി(عليه السلام) അവരോട് പറഞ്ഞു. അവര് അത്ഭുതപ്പെട്ടു. മൂസാ നബി عليه السلام അവരെ കളിയാക്കുകയാണോ എന്നുവരെ തോന്നിപ്പോയി അവര്ക്ക്.
സത്യത്തിലെന്തായിരുന്നു അവര് ചെയ്യേണ്ടിയിരുന്നത്. ആ പറഞ്ഞത് വേഗം അനുസരിക്കുക. ഒരു പ്രവാചകനല്ലേ ഇപ്പറയുന്നത്... അവരുട ഉത്തരവാദപ്പെട്ട നേതാവല്ലേ.. ആ കല്പന അവര്ക്ക് ദഹിച്ചില്ല. മൂസാ (عليه السلام) തങ്ങളെ പരിഹസിക്കുകയാണോ എന്ന് തുറന്ന് ചോദിക്കുക തന്നെചെയ്തു അവര്.
അവരെക്കുറിച്ച് നന്നായി അറിയുന്ന ആളാണല്ലോ മൂസാ നബി عليه السلام. സൌമ്യമായിത്തന്നെ മറുപടികൊടുത്തു. ‘ഞാന് വിഡ്ഢികളുടെ കൂട്ടത്തില് ചേരുകയോ? അല്ലാഹു എന്നെ കാക്കട്ടെ!’ ഇതായിരുന്നു മറുപടി. വിഡ്ഢികളാരാണെന്ന് പറയാതെ, വ്യംഗ്യമായി അതാരാണെന്ന് ചൂണ്ടിക്കാട്ടുകയാണിവിടെ ചെയ്തത്.
മൂസാ നബി عليه السلام ഇങ്ങനെ പറഞ്ഞപ്പോള്, ഈ കല്പന തമാശയല്ല, കാര്യം തന്നെയാണെന്നവര്ക്ക് ബോധ്യമായി. ഇത് ബോധ്യപ്പെട്ടപ്പോഴെങ്കിലും അവര് അനുസരിക്കേണ്ടതായിരുന്നു.
പക്ഷേ, എന്താണ് ചെയ്തത്- എങ്ങനെയെങ്കിലും ഒഴിഞ്ഞുകിട്ടട്ടെ എന്ന് കരുതി, ചോദ്യം ചോദിച്ചങ്ങോട്ട് കുഴക്കി. അല്ലാതെ, അനുസരിച്ച് ശീലമില്ലല്ലോ.
മാത്രമല്ല, പശുവിനെ അറുക്കാനാണല്ലോ കല്പന കിട്ടിയത്. അവര്ക്കാണെങ്കിലോ, പശുവിനോട് പണ്ടേ ഒരു Soft corner ഉണ്ട്. ഈജിപ്തില് നിന്ന് കണ്ട് ശീലിച്ചതാണല്ലോ പശുവാരാധന.
ഒരു പശുവിനെ അറുക്കണമെന്നല്ലാതെ മറ്റു ഉപാധികളൊന്നും പറയാത്ത സ്ഥിതിക്ക് ഏതെങ്കിലും ഒന്നിനെ പിടിച്ചങ്ങോട്ട് അറുത്താല് മതിയായിരുന്നു. പക്ഷേ, അവര് ശ്രമിച്ചത്, എങ്ങിനെയെങ്കിലും അറുക്കാതെ ഒഴിഞ്ഞു മാറാനായിരുന്നു.
എന്തു പശുവായിരിക്കണം ഏത് തരത്തിലുള്ളതാവണം... ഈങ്ങനെ, ഒന്നിന് പിന്നാലെ ഓരോചോദ്യങ്ങള് ചോദിച്ചു അവര്.
وَإِذْ قَالَ مُوسَى لِقَوْمِهِ إِنَّ اللَّهَ يَأْمُرُكُمْ أَنْ تَذْبَحُوا بَقَرَةً قَالُوا أَتَتَّخِذُنَا هُزُوًا قَالَ أَعُوذُ بِاللَّهِ أَنْ أَكُونَ مِنَ الْجَاهِلِينَ (67)
മൂസാ നബി തന്റെ ജനതയോട് പറഞ്ഞ സന്ദര്ഭം സ്മരണീയമത്രെ: 'നിശ്ചയം അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കാനാണ് കല്പിക്കുന്നത്.' അവര് ചോദിച്ചു, താങ്കള് ഞങ്ങളെ പരിഹസിക്കുകയാണോ? മൂഢന്മാരില് പെട്ടുപോകുന്നതില് നിന്ന് അല്ലാഹുവോട് ഞാന് കാവല് തേടുന്നു എന്നായിരുന്നു തന്റെ പ്രതികരണം. (വിഡ്ഢികളുടെ സ്വഭാവമാണല്ലോ പരിഹസിക്കല്).
അടുത്ത ആയത്ത്-68
ഇസ്രാഈലുകാരുടെ മുഴുത്ത ധിക്കാരം. ഘാതകനെ കണ്ടെത്താന് ഒരു പശുവിനെ അറുക്കണമെന്ന് കല്പിച്ചപ്പോള് അതങ്ങ് ചെയ്താല് മതിയായിരുന്നു. മൂസാ നബി(عليه السلام) പറഞ്ഞതുതന്നെ 'അല്ലാഹു നിങ്ങളോട് കല്പിക്കുന്നു' എന്നായിരുന്നല്ലോ. സ്വന്തം വകയല്ല എന്നര്ഥം.
പക്ഷേ, അവര് റെഡിയല്ല. എങ്ങനെയെങ്കിലും പശുവിനെ അറുക്കാതെ ഒഴിഞ്ഞുമാറണം. പശുക്കളെ പൂജിച്ചിരുന്ന ഈജിപ്തുകാരില് നിന്ന് പശുഭക്തിയും പശുപൂജയും ഏറെക്കുറെ അവരും ശീലിച്ചിരുന്നു. അവിടെ നിന്നുപോന്നെങ്കിലും പശുവിനോടുള്ള ഇഷ്ടം മനസ്സില് നിന്ന് പോയിട്ടില്ല.
മൂസാ നബി(عليه السلام) സീനാ മലയിലേക്ക് പോയപ്പോള്, ഹാറൂന് നബി എത്ര പറഞ്ഞിട്ടും കേള്ക്കാതെ, സാമിരി ഉണ്ടാക്കിക്കൊടുത്ത സ്വര്ണപ്പശുക്കുട്ടിയെ ആരാധിച്ചവരാണവര്.
وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ ۚ
'അവര് അവിശ്വസിച്ച കാരണത്താല് പശുക്കിടാവിനോടുള്ള സ്നേഹം അവരുടെ ഹൃദയത്തില് നല്ലവണ്ണം ലയിച്ചിരുന്നു' എന്നാണ് അല്ലാഹു ഇതേ സൂറയില് 93 ആം ആയത്തില് പറയുന്നത്.
ഇത്രമാത്രം പശുഭക്തന്മാരായിരുന്ന അവരുടെ കൈകൊണ്ടുതന്നെ പശുവിനെ അറുക്കണമെന്ന് കല്പിച്ചപ്പോള് അവര്ക്കത് പിടിച്ചില്ല. അനാവശ്യമായ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു.
'താങ്കള് ഞങ്ങളെ പരിഹസിക്കുകയാണോ' എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. അവരുടെ ന്മക്കുവേണ്ടി അക്ഷീണം യത്നിക്കുന്ന, അതിനുവേണ്ടി നിയുക്തരായ നബിയോടാണ് നിസ്സങ്കോചം അവരങ്ങനെ ചോദിച്ചത്. അത് തമാശയല്ലെന്നും അറുക്കല് അനിവാര്യമാണെന്നും മനസ്സിലായപ്പോള് പിന്നെ പശുവിനെപ്പറ്റിയായി ചോദ്യങ്ങള്. അതാണ് അടുത്ത ആയത്തുകളിലുള്ളത്.
قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا هِيَ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَلِكَ فَافْعَلُوا مَا تُؤْمَرُونَ (68)
അവര് പറഞ്ഞു: 'താങ്കള് ഞങ്ങള്ക്കു വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്ഥിക്കുക. അത് ഏതുതരം പശുവാണെന്ന് അവന് ഞങ്ങള്ക്ക് വിശദമാക്കിത്തരട്ടെ.' മൂസാ നബി പറഞ്ഞു: 'നിശ്ചയം അത് വളരെ പ്രായം കൂടിയതോ വളരെ പ്രായം കുറഞ്ഞതോ ആവരുത്, മധ്യവയസ്സുള്ളതാകണം എന്നാണ് അവന് (അല്ലാഹു) പറയുന്നത്. അതിനാല് നിങ്ങളോട് കല്പിക്കപ്പെട്ടത് നിങ്ങള് ചെയ്യുക.'
فَارِضٌ - ഏറെ പ്രായം ചെന്നത് (കിഴവി, ചാവാറായത്).
بِكْرٌ - പ്രായം കുറഞ്ഞത് (കന്യക).
عَوَانٌ - മദ്ധ്യവയസ്സുള്ളത്.
اُدْعُ لَنَا رَبَّكَ
'താങ്കളുടെ രക്ഷിതാവിനോട് പ്രാര്ഥിക്കുക' എന്നവര് ആവര്ത്തിച്ചുപറയുകയാണ്. നമ്മുടെ രക്ഷിതാവ് എന്ന് പറയാനവരുടെ ധിക്കാരബുദ്ധി സമ്മതിക്കുന്നില്ല. അല്ലാഹുവിനോട് -നമ്മുടെ റബ്ബിനോട്- പോലെയുള്ള പ്രയോഗം നാവില് വരുന്നേയില്ല. അവരുടെ വാക്ക് കേട്ടാല്, മൂസാ നബി عليه السلامയുടെ മാത്രം റബ്ബാണ് അല്ലാഹു എന്നാണ് തോന്നുക.
ഓരോ ചോദ്യത്തിലും പ്രയോഗിച്ച വാക്കുകള് നോക്കൂ, അവരുടെ വിശ്വാസ ദൗര്ബ്ബല്യവും അച്ചടക്ക രാഹിത്യവും അവഗണനയും ശരിക്കും കാണാം. സ്വഹാബികള് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബോധന ചെയ്തിരുന്നതുപോലെ, നബിയേ എന്നോ റസൂലേ എന്നോ ഒന്നുമല്ല -മൂസാ എന്നാണവര് വിളിക്കാറുള്ളത്.
ഏതായാലും, മൂസാ (عليه السلام) അക്കാര്യത്തിലൊന്നും അവരോട് തര്ക്കിച്ചില്ല. തികച്ചും മാന്യമായി, ശാന്തമായി, ഗുണകാംക്ഷയോടെ ഒരോ ചോദ്യത്തിനും മറുപടി നല്കുകയാണ്. ഓരോ മറുപടിയും ലഭിക്കുമ്പോള്, ചോദ്യം അവിടെവെച്ച് മതിയാക്കുകയായിരുന്നു അവര്ക്ക് നല്ലത്. ചോദ്യം കൂടുംതോറും കാര്യങ്ങള് സങ്കീര്ണമാവുകയാണല്ലോ ചെയ്യുക. പക്ഷേ, അതല്ല അവര് ചെയ്തത്.
അനാവശ്യമായ ഓരോ ചോദ്യത്തിനും അല്ലാഹു കൊടുത്ത മറുപടി അവര്ക്ക് കൂടുതല് ദുസ്സഹമായി. ഇബ്നു അബ്ബാസ്(رضي الله عنهما) പറയുന്നു: അവര് ഏതെങ്കിലും ഒരു പശുവിനെ അറുത്തെങ്കില് അത് മതിയാകുമായിരുന്നു. പക്ഷേ, സ്വയം വിഷമം വരുത്തിവെച്ചതുകൊണ്ട്, പ്രയാസങ്ങള് വര്ധിക്കുകയാണ് ചെയ്തത്.
ഇതുകൊണ്ടൊക്കെത്തന്നെയാണ് ഇത്തരം ചോദ്യങ്ങള് അല്ലാഹു നിരോധിച്ചിരിക്കുന്നതും.
يا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ (101)مائدة
‘അല്ലയോ വിശ്വാസികളേ, നിങ്ങള്ക്ക് വ്യക്തമാക്കപ്പെട്ടുതന്നാല് അതൃപ്തി ഉളവാക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള് ചോദിക്കരുത്. ഖുര്ആന് അവതരിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങള് ചോദിക്കുന്ന പക്ഷം, നിങ്ങള്ക്കവ വ്യക്തമാക്കപ്പെടുന്നതുമാണ്…..’
അനാവശ്യമായി വല്ലാതെ ചോദ്യങ്ങള് ചോദിക്കുന്നത്, തിരുനബി صلى الله عليه وسلمക്കും ഇഷ്ടമല്ലായിരുന്നുവെന്ന് ഹദീസുകളിലുണ്ട്.
അടുത്ത ആയത്ത്-69
قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا لَوْنُهَا قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَوْنُهَا تَسُرُّ النَّاظِرِينَ (69)
അവരാവശ്യപ്പെട്ടു: ഞങ്ങള്ക്കുവേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്ഥിക്കുക – അതിന്റെ നിറമെന്താണെന്നുകൂടി അവന് ഞങ്ങള്ക്ക് വിവരിച്ചു തരട്ടെ'. 'അത് കാണുന്നവര്ക്ക് ആനന്ദമുണ്ടാക്കുന്ന ശുദ്ധ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം എന്നാണ് അല്ലാഹു പറയുന്നത്' എന്ന് (മൂസാ നബി) ഉത്തരം നല്കി.
صَفْرَاءُ - മഞ്ഞ വര്ണമുള്ളത്
فَاقِعٌ - തനി (ശുദ്ധ)
-----------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment