അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 96-103) കരക്കടിഞ്ഞ തിമിംഗലം

ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്‌തവര്‍ വേട്ടയാടുന്നതു സംബന്ധിച്ച വിധികളാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്.  ഇനി പറയുന്നത്, സമുദ്രത്തില്‍ നിന്ന്‌ വേട്ടയാടിപ്പിടിക്കുന്നതും അതില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളും അനുവദനീയമാണെന്നാണ്. ഇഹ്റാമിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അതനുവദനീയമാണ്.  ഇഹ്‌റാം ചെയ്തവര്‍ക്ക് കരയിലെ വേട്ടജീവികള്‍ മാത്രമാണ്‌ പാടില്ലാത്തത്,  സമുദ്രത്തിലെ ജീവികളെ ഉപയോഗിക്കാം.

രണ്ട് നിയമങ്ങളാണ് 96-ആം ആയത്തില്‍ പറയുന്നത്:

(1)   സമുദ്രത്തില്‍ നിന്ന്‌ വേട്ടയാടിപ്പിടിക്കുന്നതും അതില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളും അനുവദനീയമാണ്. പൊതുവെ എല്ലാവരുടെയും, പ്രത്യേകിച്ച് സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നവരുടെയും ആവശ്യകത പരിഗണിച്ചാണ് അത് അനുവദിക്കപ്പെട്ടത്.  

കരയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകാറില്ലല്ലോ. കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ അങ്ങനെയല്ല. അതുകൊണ്ടാണ്  ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ക്ക് കടല്‍ജീവികളെ വേട്ടയാടല്‍ അനുവദിച്ചത്.

സമുദ്രമെന്നു പറഞ്ഞാല്‍ കടല്‍ മാത്രമല്ല, പുഴ, കായല്‍, കുളം മുതലായവയെല്ലാം ഉള്‍പെടും. സമുദ്രജീവികള്‍ എന്ന് പൊതുവെ പറഞ്ഞാല്‍ വെള്ളത്തില്‍ മാത്രം ജീവിക്കുന്നത്‌ എന്നാണല്ലോ അര്‍ത്ഥം. വെള്ളത്തിലും കരയിലും ജീവിക്കുന്നവയെ സാധാരണ കരജീവികളുടെ കൂട്ടത്തിലാണ് എണ്ണാറ്.

സമുദ്ര വിഭവങ്ങള്‍ രണ്ടായി തിരിച്ചിട്ടുണ്ട്: വേട്ടയാടിപ്പിടിക്കുന്നവയും (صَيْد) ഭക്ഷ്യവസ്തു (طَعَام) ക്കളും. ഇങ്ങനെ തരം തിരിക്കാന്‍ പലരും പല കാരണങ്ങളും പറഞ്ഞിട്ടുമുണ്ട്. ചുരുക്കം ഇതാണ്:

ഏതെങ്കിലും തരത്തിലുള്ള പരിശ്രമം കൊണ്ട് ലഭിക്കുന്നതാണ് വേട്ടവസ്തുക്കള്‍. കരക്കണഞ്ഞതു കൊണ്ടോ മറ്റോ ഒരു അധ്വാനവും കൂടാതെ ലഭിക്കുന്നത് ഭക്ഷ്യവസ്തുക്കളും. ചത്തതിനു ശേഷം വെള്ളത്തില്‍ പൊന്തിയതുകൊണ്ടോ വെള്ളം വറ്റിയതുകൊണ്ടോ ഒക്കെ ലഭിക്കുന്നത്.

2)     ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ക്ക് കര ജീവികളെ വേട്ടയാടിപ്പിടിക്കാനോ വേട്ടയാടി പിടിച്ചത് തിന്നാനോ പാടില്ല. വേട്ടയില്‍ പങ്കു വഹിക്കാനോ, അവനു വേണ്ടി മറ്റാരെങ്കിലും വേട്ടയാടിക്കൊണ്ടുവന്നത് തിന്നാനോ പാടില്ല.

നേര്‍ക്കുനേരെ വേട്ടയില്‍ പങ്കെടുത്തിട്ടില്ലെങ്കിലും അതിന് സഹായകമായിത്തീരുന്ന ഭാഗികമായ ഇടപെടലുകള്‍ പോലും സൂക്ഷിക്കണം എന്നൊരു സൂചനകൂടി ആയത്തിലുണ്ട്.  അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിക്കുന്നതിനെക്കുറിച്ച്‌ താക്കീത്‌ നല്‍കുകയും ചെയ്യുന്നുണ്ട്.

أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ الْبَرِّ مَا دُمْتُمْ حُرُمًا ۗ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ (96)

എന്നാല്‍ നിങ്ങള്‍ക്കും യാത്രക്കാര്‍ക്കും അനുഭവിക്കാനായി കടലിലെ വേട്ടജന്തുക്കളും സമുദ്ര ഭക്ഷണവും നിങ്ങള്‍ക്കനുവദിക്കപ്പെട്ടിട്ടുണ്ട്. ഇഹ്‌റാമിലായിരിക്കെ നിങ്ങള്‍ക്കു കരയിലെ വേട്ട മൃഗങ്ങള്‍ നിഷിദ്ധവുമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക, അവനിലേക്കാണ് നിങ്ങള്‍ സമ്മേളിപ്പിക്കപ്പെടുക. 

أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ

സമുദ്രത്തില്‍ നിന്ന് വേട്ടയാടിപ്പിടിക്കപ്പെടാറുള്ളതും ഭക്ഷണാവശ്യാര്‍ത്ഥം ഉപയോഗിക്കപ്പെടാറുള്ളതുമായ എല്ലാവസ്തുക്കളും അനുവദനീയമാണ്. അവ ചത്താലും ഭക്ഷിക്കുന്നതിനു വിരോധമില്ല. നിരവധി ഹദീസുകളുടെ വെളിച്ചത്തില്‍ ഫുഖഹാഅ് വ്യക്തമായി പറഞ്ഞ വിഷയമാണത്.

قال رسولُ اللهِ صلَّى اللهُ عليهِ وسلَّمَ: هوَ الطهورُ ماؤُهُ الحلُّ ميتتُهُ

(‘സമുദ്രജലം ശുദ്ധവും, അതിലെ ശവം അനുവദനീയവുമാണ്’)

300 പേരടങ്ങുന്ന ഒരു സൈന്യസംഘത്തെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു തീരപ്രദേശത്തേക്കയച്ചു. അബൂഉബൈദ (رضي الله عنه) ആണ് സംഘത്തലവന്‍. വഴിമദ്ധ്യേ ഭക്ഷണം തീര്‍ന്നു. പലരുടെയും കൈയില്‍ ബാക്കിയുണ്ടായിരുന്ന ചെറിയ ഈത്തപ്പഴക്കഷ്ണങ്ങള്‍ സമമായി ഭാഗിച്ചെടുത്ത് കഴിച്ചു. അതിനിടയിലാണ്, കടല്‍വക്കത്ത് വലിയൊരു തിമിംഗലം ചത്തുകിടക്കുന്നതായി കണ്ടത്.  ഒരു കുന്നോളം വലിപ്പമുണ്ട്. വിശന്നു വലഞ്ഞിരുന്ന അവരത് വെട്ടിമുറിച്ചു കഷ്ണങ്ങളാക്കി കുറച്ച് ദിവസങ്ങളോളം കഴിച്ചുപോന്നു. മല്‍സ്യത്തിന്‍റെ രണ്ടു വാരിയെല്ലുകള്‍ ചേര്‍ത്ത് നാട്ടിവെച്ചപ്പോള്‍, അതിനുള്ളിലൂടെ വലിയൊരു ഒട്ടകത്തിന് അതിന്മേല്‍ തട്ടാതെ കടന്നുപോകാമായിരുന്നുവത്രെ!

സംഘം മടങ്ങിവന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് വിവരം പറഞ്ഞപ്പോള്‍ അവിടന്ന് പറഞ്ഞത്രേ: ‘അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ആഹാരമാണത്. നിങ്ങളുടെയടുത്ത് അത് ബാക്കിയുണ്ടോ? ഉണ്ടെങ്കില്‍ നമുക്കും ഭക്ഷിക്കാന്‍ തരിക’. അങ്ങനെ തിരുനബി صلى الله عليه وسلم യും അത് കഴിക്കുകയുണ്ടായി.(ബുഖാരി, മുസ്‌ലിം).

അടുത്ത ആയത്ത് 97

ഹറമില്‍ വെച്ചും ഇഹ്‌റാമില്‍ പ്രവേശിച്ചാലും വേട്ടയാടരുത്, അത് നിഷിദ്ധമാണ് എന്ന് പറയാനുള്ള കാരണം വിവരിക്കുകയാണിനി. ഹറം പരിശുദ്ധമാണ്. അഭയകേന്ദ്രമാണ്. ജീവികളടക്കം എല്ലാവരും അവിടെ നിര്‍ഭയരായിരിക്കണം. മനുഷ്യകുലത്തിന്‍റെ നിലനില്‍പിന് നിദാനമാണത്.

ഇബ്‌റാഹീം നബി (عليه السلام), മകന്‍ ഇസ്മാഈല്‍ (عليه السلام)നെയും ഭാര്യ ഹാജറ ബീവി رضي الله عنها യെയും മക്കയില്‍ കൊണ്ടുവന്നാക്കിയ കാലത്ത് അവിടെ ജനവാസമോ ജലസൗകര്യമോ മറ്റോ ഉണ്ടായിരുന്നില്ല. പിന്നീട് ‘സംസം’ വെള്ളം ഉറവ പൊട്ടിയതോടെ, ജനങ്ങള്‍ ക്രമേണ അവിടെ വന്നു താമസമാക്കാന്‍ തുടങ്ങി.

അല്ലാഹുവിന്‍റെ കല്പന അനുസരിച്ച്, ഇബ്‌റാഹീം നബി (عليه السلام)യും ഇസ്മാഈല്‍ നബി (عليه السلام)യും കൂടി വിശുദ്ധ കഅ്ബ പുതുക്കിപ്പണിത ശേഷം, ഇബ്‌റാഹീം (عليه السلام) പല ദുആകളും ചെയ്തിരുന്നു. അക്കൂട്ടത്തില്‍, ആ രാജ്യത്തിന്‍റെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചിരുന്നു. സൂറത്തുല്‍ ബഖറ 126 ല്‍ നമ്മളത് പഠിച്ചിട്ടുണ്ട്.

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُمْ بِاللَّهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَنْ كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ(126)  

(ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ച സന്ദര്‍ഭം സ്മരണീയമാണ്: നാഥാ, ഇത് നീ ഒരു വിശ്വസ്ത പട്ടണമാക്കുകയും ഇന്നാട്ടുകാര്‍ക്ക്-അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍ക്ക്-കായ്കനികള്‍ ആഹാരമായി കൊടുക്കുകയും ചെയ്യേണമേ. അവന്‍ പ്രതികരിച്ചു: അവിശ്വസിച്ചവര്‍ക്കും ഞാന്‍ നല്‍കും; എന്നാല്‍ അവര്‍ക്ക് ഹ്രസ്വകാല സൗഖ്യം പ്രദാനം ചെയ്യുന്നതും പിന്നീട് നരകശിക്ഷയിലേക്കു തള്ളിവിടുന്നതുമാണ്. അത് എത്ര ദുഷിച്ച സങ്കേതം!)

കാലക്രമേണ, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ കേന്ദ്രം തന്നെയായി മാറി മക്കാ നഗരം. ആരാധനാകേന്ദ്രം മാത്രമല്ല, കച്ചവടത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും അഭയത്തിന്‍റെയുമെല്ലാം കേന്ദ്രമായി മാറി.

ഇതിനെല്ലാം പുറമെ, നാലു മാസക്കാലം യുദ്ധം നിഷിദ്ധമായതുകൊണ്ട്, ആ സമയത്ത് ആര്‍ക്കും എവിടെ നിന്നും വന്ന് നിര്‍ഭയരായി, സമാധാനപരമായി ആരാധനാ കര്‍മങ്ങള്‍ നടത്തി തിരിച്ചുപോകാനും, കച്ചവടം ചെയ്യാനും കച്ചവട യാത്രകള്‍ നടത്താനും കഴിഞ്ഞിരുന്നു. അന്നാട്ടുകാര്‍ക്കു മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിശുദ്ധ കഅ്ബയിലേക്ക് വരുന്നവര്‍ക്കും അത്‌ വലിയ അനുഗ്രഹമാണ്‌.

ഹറമില്‍വെച്ച് കഠിന ശത്രുക്കള്‍പോലും പരസ്പരം കണ്ടുമുട്ടിയാല്‍ മുഖത്തോടു മുഖം നോക്കി തിരിഞ്ഞുപോകുകയല്ലാതെ, ഒരുവിധ കയ്യേറ്റത്തിനും മുതിര്‍ന്നിരുന്നില്ല.

അവിടെവെച്ച്‌ ആരും ആരെയും ഉപദ്രവിക്കരുത്‌. എപ്പോഴുമത് സുരക്ഷിത സ്ഥാനമായിത്തന്നെ നിലനില്‍ക്കണം. ആളുകളെ ഉപദ്രവിക്കുന്നതുപോകട്ടെ, ഹറം അതിര്‍ത്തിയിലെ മരങ്ങളോ ചെടികളോ പോലും നശിപ്പിക്കാന്‍ പാടില്ല, ജീവികളെ കൊല്ലാന്‍ പാടില്ല. ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍-അയാള്‍ ഹറമിന് പുറത്തായിരുന്നാലും-ജീവികളെ വേട്ടയാടിക്കൂടാ എന്ന് നമ്മള്‍ തൊട്ടുമുമ്പ് പഠിച്ചല്ലോ.

വിശുദ്ധ കഅ്ബയുടെ പരിസരങ്ങളില്‍ ബലികര്‍മത്തിനായി എത്തിക്കുന്ന  മൃഗങ്ങളെയും  ഉപദ്രവിക്കാന്‍ പാടില്ല. ബലിമൃഗങ്ങളെ തിരിച്ചറിയാനായി കഴുത്തില്‍ വല്ല ചെരുപ്പോ മറ്റോ കെട്ടിത്തൂക്കിയിരിക്കും. അത് കണ്ടാല്‍പിന്നെ ആരും അതിനെ ഉപദ്രവിക്കില്ല.  ഇത്തരം ബലിമൃഗങ്ങളെയും അവ ബലിമൃഗങ്ങളാണെന്ന് വ്യക്തമാക്കുന്ന ആ അടയാളങ്ങളെയും അല്ലാഹു പരിപാവനങ്ങളായി നിശ്ചയിച്ചിട്ടുണ്ട്‌. ഹറമിലെ സാധുക്കളുടെ ഭക്ഷണമാണത്.

ചുരുക്കിപ്പറഞ്ഞാല്‍, ജനങ്ങളുടെ-വിശേഷിച്ചും അറബികളുടെ- സമാധാന ജീവിതത്തിന്‍റെയും അഭിവൃദ്ധിയുടെയും കേന്ദ്രം തന്നെയായിരുന്നു വിശുദ്ധ മക്കാ നഗരം. അതിനെല്ലാം കാരണമോ, വിശുദ്ധ കഅ്ബാശരീഫിന്‍റെ സാന്നിധ്യവും.

ഇങ്ങനെയെല്ലാം നിശ്ചയിച്ചത്‌ എല്ലാം സൂക്ഷ്മമായി അറിയുന്ന അല്ലാഹുവാണെന്നും അതുകൊണ്ടുതന്നെ ഈ കല്‍പനകളെല്ലാം അനുസരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്നും ഉണര്‍ത്തുകയും ചെയ്യുന്നു. 

جَعَلَ اللَّهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَائِدَ ۚ ذَٰلِكَ لِتَعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (97)

പുണ്യഗേഹമായ കഅ്ബയും യുദ്ധം ഹറാമായ മാസവും അല്ലാഹു മാനവതയുടെ നിലനില്‍പിന്ന് നിദാനമാക്കിയിരിക്കുകയാണ്. ഹറമിലേക്കുള്ള ബലിമൃഗങ്ങളെയും അവയുടെ കഴുത്തിലെ അടയാളങ്ങളും അവന്‍ ആദരണീയമാക്കി.

ഭുവനവാനങ്ങളിലുള്ളതിനെക്കുറിച്ചെല്ലാം അല്ലാഹു അഗാധജ്ഞാനിയാണെന്നും സമസ്ത വസ്തുക്കളെപ്പറ്റിയും അവന്‍ സൂക്ഷ്മമായി അറിയുന്നവനാണെന്നും നിങ്ങള്‍ ഗ്രഹിക്കാനാണിത്. 

ذَٰلِكَ لِتَعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ 

മനുഷ്യരടക്കം ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെക്കുറിച്ചും, അതിന്‍റെയൊക്കെ നിലനില്‍പിനും അഭിവൃദ്ധിക്കും ആവശ്യമായ സര്‍വ കാര്യങ്ങളെക്കുറിച്ചും അല്ലാഹുവിന് സൂക്ഷ്മമായി അറിയാം. അതുകൊണ്ടുതന്നെയാണ്  ഇത്തരം ക്രമീകരണങ്ങള്‍ അവന്‍ ചെയ്തുവരുന്നതും. ശരിക്ക് ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കതെല്ലാം മനസ്സിലാക്കാന്‍ കഴിയുമെന്ന് സാരം.

അടുത്ത ആയത്ത് 98

അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചുമാണിനി പറയുന്നത്‌. ശിക്ഷ കഠിനമാണെന്ന് പറഞ്ഞതിനു തൊട്ടുപിറകെ അതേ ആയത്തില്‍തന്നെ അവനേറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും പറയുന്നുണ്ട്.

മനുഷ്യന് അല്ലാഹു ചെയ്‌തുകൊടുത്ത പല അനുഗ്രഹങ്ങളെക്കുറിച്ചും സൗകര്യങ്ങളെയും കുറിച്ചാണല്ലോ ഇതുവരെ പറഞ്ഞിരുന്നത്. വേട്ടമൃഗങ്ങള്‍ അനുവദിച്ചുതന്നത്, വിശുദ്ധ കഅ്‌ബയും പുണ്യമാസങ്ങളും മാനവികതയുടെ നിലനില്‍പിന് നിദാനമാക്കിയത്, ബലിമൃഗങ്ങളെ ആദരണീയമാക്കിയത് തുടങ്ങിയവ ഉദാഹരണം...

ഇതെല്ലാം അല്ലാഹുവിന്‍റെ കാരുണ്യമാണ്. പരമകാരുണികന്‍ തന്നെയാണവന്‍. അതോടൊപ്പം, മനുഷ്യപ്രകൃതിയെ സംബന്ധിച്ചിടത്തോളം ശിക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടി അത്യാവശ്യമാണ്. അതൊരു വസ്തുതയുമാണ്.

കഠിനമായ ഈ ശിക്ഷ പേടിച്ചും, വിശാലമായ കാരുണ്യം പ്രതീക്ഷിച്ചുമാണ്‌ മുസ്‌ലിം ജീവിതം നയിക്കേണ്ടത്. സത്യവിശ്വാസിയുടെ ആശയും ആശങ്കയും തൂക്കിനോക്കുകയാണെങ്കില്‍, രണ്ടും തുല്യമായിരിക്കും എന്നാണ് തിരുനബി  صلى الله عليه وسلمയുടെയൊരു ഹദീസിലുള്ളത്.

اعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ وَأَنَّ اللَّهَ غَفُورٌ رَحِيمٌ (98)

അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനും ഏറെ പൊറുക്കുന്നവനും കരുണാമയനുമാണെന്നു നിങ്ങള്‍ അറിയുക. 

അടുത്ത ആയത്ത് 99

പരലോക രക്ഷക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരെയും കൈപിടിച്ച്‌ നിര്‍ബന്ധിച്ച് സന്മാര്‍ഗത്തില്‍ ചേര്‍ക്കേണ്ട ബാധ്യതയൊന്നും തിരുനബി  صلى الله عليه وسلمക്കില്ല. മറിച്ച്, ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുക മാത്രമാണവിടത്തെ ഉത്തരവാദിത്തം. അവിടന്നത് കൃത്യമായി നിര്‍വഹിച്ചിട്ടുമുണ്ട്. അതിന് വിരുദ്ധമായി നിങ്ങളെന്തെങ്കിലും പരസ്യമായോ രഹസ്യമായോ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. തക്കപ്രതിഫലം ലഭിക്കുമെന്നര്‍ത്ഥം.

 مَا عَلَى الرَّسُولِ إِلَّا الْبَلَاغُ ۗ وَاللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ (99)

ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുക എന്ന ബാധ്യത മാത്രമേ റസൂലിനുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്. 

അടുത്ത ആയത്ത് 100

പ്രപഞ്ചത്തിലുള്ള മുഴുവന്‍ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതുതത്ത്വമാണിനി പറയുന്നത്: നല്ലതും ചീത്തയും ഒരിക്കലും സമമാകില്ല. എല്ലാ കാര്യങ്ങളിലും പൊതുവെ നല്ലതും ചീത്തയും ഉണ്ടെന്ന് പലയിടത്തും അല്ലാഹു ഇതുവരെ പറഞ്ഞുവെച്ചല്ലോ.

കര്‍മം, അവസ്ഥ, വ്യക്തി, ജോലി, അറിവ്, സമ്പത്ത് തുടങ്ങി ഏതുമാകട്ടെ നല്ലതും ചീത്തയും തുല്യമാവില്ല. നല്ലതിന്‍റെ എണ്ണക്കുറവോ ചീത്തയുടെ ആധിക്യമോ പ്രാചുര്യമോ സാര്‍വത്രികത്വമോ ഒന്നും മാനദണ്ഡമല്ല.

അല്ലാഹു നല്ലതാണെന്ന് നിശ്ചയിച്ച ഏതു കാര്യവും എപ്പോഴും നല്ലതു തന്നെ. അതനുസരിക്കാന്‍ ആളുണ്ടെങ്കിലും ഇല്ലെങ്കിലും ശരി. അവന്‍ ചീത്തയെന്ന് നിശ്ചയിച്ചത് എപ്പോഴും ചീത്തയും തന്നെ. അതിനെ അനുകൂലിക്കുന്നവരുടെ ആധിക്യം കൊണ്ടോ മറ്റോ അത് ചീത്തയല്ലാതാകുന്നില്ല.

ഏതാണോ അധികം, അത് നല്ലതാണെന്നൊരു തെറ്റിദ്ധാരണ പൊതുവെ പലര്‍ക്കുമുണ്ട്. അത് തിരുത്തുകയാണ് അല്ലാഹു.

ബുദ്ധിമാന്മാരേ എന്നു വിളിച്ച് അല്ലാഹു കല്‍പിക്കുന്നത് നന്മ മാത്രം അനുവര്‍ത്തിക്കാനും പിന്തുടരാനുമാണ്. വേണ്ടാവൃത്തിക്ക് സര്‍വത്ര പ്രചാരം കിട്ടിയാലും അങ്ങോട്ട് ചായരുത്; അത് ചീത്ത തന്നെയാണ്. അതില്‍ നിന്നൊഴിഞ്ഞുമാറണം. അതുതന്നെയാണ് തഖ്‌വയിലധിഷ്ഠിതമായ ഉത്തമ ജീവിതം.

قُلْ لَا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ (100)

നബിയേ പ്രഖ്യാപിക്കുക: നല്ലതും ചീത്തയും തുല്യമാവുകയില്ല; ദുഷിച്ചതിന്‍റെ ആധിക്യം താങ്കളെ അത്ഭുതപ്പെടുത്തിയാലും ശരി. അതു കൊണ്ട്, ബുദ്ധിമാന്മാരേ, വിജയികളാകാന്‍ വേണ്ടി നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. 

മിക്കപ്പോഴും സത്യത്തിന്‍റേത് ന്യൂനപക്ഷവും, അസത്യത്തിന്‍റേത് ഭൂരിപക്ഷവുമായിരിക്കും. പലയിടത്തും അല്ലാഹുതന്നെ ഇക്കാര്യം പറയുന്നുണ്ട്. ‘മിക്കവരെയും കൃതജ്ഞരായി നിനക്ക് കാണാനാകില്ല’ (സൂറത്തുല്‍ അഅ്റാഫ് 17), ‘പക്ഷേ, മിക്ക ജനങ്ങളും വിശ്വസിക്കുന്നില്ല’ (സൂറത്തുര്‍റഅ്ദ് 1), ‘അവരില്‍ അധികപേരും നന്ദി കാണിക്കുന്നില്ല’ (സൂറത്തുന്നംല്‍ 73) തുടങ്ങിയ വാക്യാംശങ്ങള്‍ ഉദാഹരണം. 

وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ

ഏത് രംഗത്ത് നോക്കിയാലും നന്മയെ അപേക്ഷിച്ച് തിന്മക്കായിരിക്കും മുന്‍തൂക്കവും പ്രചാരവും കാണുക. സ്വഭാവം, പെരുമാറ്റം, മര്യാദകള്‍, മതപരവും സദാചാരപരവുമായ അച്ചടക്കങ്ങള്‍, അനുഷ്ഠാന നിയമങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഇതുതന്നെയാണ് അനുഭവം.

എത്ര ഗൌരവമുള്ള തെറ്റാണെങ്കിലും, ആളുകള്‍ക്കിടയിലത് പ്രചരിച്ചു കഴിഞ്ഞാല്‍പിന്നെ സാമാന്യവല്‍ക്കരിക്കപ്പെടുകയായി; അതൊക്കെയിപ്പോള്‍ എല്ലാവരും ചെയ്യുന്നതല്ലേ. എതിര്‍ക്കുന്നവന്‍ മോശക്കാരനായി ചിത്രീകരിക്കപ്പെടും. പല വൈബുകളുടെയും പേരു പറഞ്ഞ്, ആറാം നൂറ്റാണ്ടുകാരനെന്ന് പരിഹസിക്കും.

ഭരണ-രാഷ്ട്രീയ-സാമൂഹ്യ-സാസംസ്കാരിക രംഗങ്ങളിലെല്ലാം ഇതുതന്നെയാണ് പൊതുവെയുള്ള അവസ്ഥ. ധാര്‍മികമായും മറ്റും ഇന്ന് കാണുന്ന അപചയത്തിന്‍റെ കാരണവും ഈയൊരു അവസ്ഥാവിശേഷം തന്നെ.

അടുത്ത ആയത്തുകള്‍ 101, 102

അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യരുതെന്ന് പറയുകയാണിനി. അത്തരം ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി, പലപ്പോഴും ചോദ്യകര്‍ത്താവിനുതന്നെ വിഷമമുണ്ടാക്കിയേക്കാം.

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ എന്തെങ്കിലും സംശയങ്ങളോ അവ്യക്തതയോ തോന്നുന്ന പക്ഷം, അതിനെപ്പറ്റി ചോദിച്ചറിയുകയാണെങ്കില്‍ അതിന് ഉത്തരം ലഭിക്കും. അനാവശ്യമായ ചോദ്യങ്ങളുണ്ടാകരുത്. മുമ്പ് അങ്ങനെ ചോദിച്ചത് അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു. മേലില്‍ അങ്ങനെയുണ്ടാകരുത്.

മുന്‍സമുദായങ്ങള്‍-വേദക്കാര്‍-അത്തരം അനാവശ്യ ചോദ്യങ്ങള്‍ പലതും ചോദിച്ചിരുന്നു. എന്നിട്ട്, ലഭിച്ച മറുപടികള്‍ അവര്‍ പരിഗണിക്കുകയല്ല ചെയ്തത്; ലംഘിക്കുകയും നിഷേധിക്കുകയുമാണ് ചെയ്തത്. സത്യവിശ്വാസികള്‍ അങ്ങനെയാകരുത്.

വിശദാംശങ്ങളൊന്നും പറയാതെ ഒരു കാര്യം ചെയ്യാന്‍ കല്‍പനയുണ്ടായാല്‍  സൗകര്യപൂര്‍വം അതങ്ങ് ചെയ്താല്‍ മതി. അതേ സമയം, വിശദാംശങ്ങള്‍ ചോദിച്ച് അതിനു പിറകെ കൂടിയാല്‍ എന്താണ്  സംഭവിക്കുക!? വിശദീകരണം ലഭിക്കും... ഇന്നയിന്ന പോലെയേ ആകാവൂ എന്ന് വരും. ആദ്യ കല്‍പനയിലുണ്ടായിരുന്ന വിശാലതയും സൗകര്യവും ഇല്ലാതെയാകും. കണിശമായി ചെയ്യേണ്ടിവരും. അതിന് ഇടവരുത്താതിരിക്കലല്ലേ നല്ലത് - ഇതാണ് ഈ നിരോധത്തിനു പിന്നിലെ കാരണം.

ബനൂ ഇസ്‌റാഈലുകാര്‍, മൂസാ നബി (عليه السلام) യോടും മറ്റു ചില പ്രവാചകന്മാരോടും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നതും, അവസാനം, ലഭിച്ച വിശദീകരണങ്ങള്‍ അവര്‍ക്കുതന്നെ ദോഷകരമായി കലാശിച്ചതും പ്രസിദ്ധമാണല്ലോ. അനുസരണക്കേടും നിഷേധവുമായിരുന്നു ഫലം.

സൂറത്തുല്‍ ബഖറ 67 മുതലുള്ള ഏതാനും ആയത്തുകളില്‍, പശുവിനെ അറുക്കാന്‍ പറഞ്ഞ സംഭവം ഉദാഹരണം. ഏതെങ്കിലുമൊരു പശുവിനെ അറുത്താല്‍ മതിയായിരുന്നു അവര്‍ക്ക്. പക്ഷേ, ചോദിച്ചുചോദിച്ച് ആകെ സങ്കീര്‍ണ്ണമാക്കി.  

ഒന്നാമത്തെ ചോദ്യത്തിന് കിട്ടിയ മറുപടി അനുസരിച്ച് മുന്നോട്ടുപോയാലും മതിയായിരുന്നു. അതുമവര്‍ ചെയ്തില്ല. വളരെ പ്രായക്കൂടുതലില്ലാത്ത, എന്നാല്‍ നന്നേ പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവായാല്‍ മതിയെന്നായിരുന്നുവല്ലോ ഒന്നാമത്തെ ചോദ്യത്തിന്‍റെ മറുപടി. ഇത്തരം പശുക്കള്‍ ധാരാളമുണ്ടാകും. ഏതെങ്കിലുമൊന്നിനെ അറുത്താല്‍ മതി. ഇനിയും ചോദ്യം ചെയ്യാതെ ആ കല്‍പന അനുസരിക്കാന്‍ മൂസാനബി عليه السلام അവരെ ഉപദേശിക്കുകയും ചെയ്തു. പക്ഷേ, അവര്‍ വഴങ്ങിയില്ല.

നിറം എന്തായിരിക്കണമെന്നായി അടുത്ത ചോദ്യം. തനി മഞ്ഞ വര്‍ണമുള്ളതും കാണാന്‍ കൗതുകമുള്ളതുമാവണം എന്നായിരുന്നു മറുപടി. ഇത് കുറച്ചുകൂടെ കോംപ്ലിക്കേറ്റഡാക്കി. ഇത്തരം പശുവിനെ കിട്ടാന്‍ കുറച്ചുകൂടി പ്രയാസമാണല്ലോ.  

പക്ഷേ, ചോദ്യം അതോടെ അവസാനിച്ചില്ല. ഒന്നൂകൂടി വ്യക്തമാക്കണമെന്നായി. ഞങ്ങള്‍ക്ക് ക്ലിയറായില്ലെന്ന് പറഞ്ഞു.

അപ്പോഴാണ്, നിലംഉഴുക, വെള്ളം തേവുക പോലെയുള്ള ജോലികള്‍ക്ക് ഉപയോഗിക്കാത്ത, ഇതര വര്‍ണങ്ങളുടെ കലര്‍പ്പും കലയുമില്ലാത്ത, അംഗഭംഗം, മുടന്ത് പോലെയുള്ള പോരായ്മകള്‍ ഇല്ലാത്ത പശുവാകണമെന്ന് മറുപടി വന്നത്. ഏതായാലും ഇതോടെ അവര്‍ ചോദ്യം നിര്‍ത്തി.

ഇനി, ഈ ഉപാധികളും ഗുണങ്ങളും ഒത്തിണങ്ങിയ പശുവിനെ കണ്ടുകിട്ടണമല്ലോ. കുറെ അന്വേഷിച്ച് ബുദ്ധിമുട്ടി. അവസാനം കണ്ടെത്തി. വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരികയും ചെയ്തു.

يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِنْ تُبْدَ لَكُمْ تَسُؤْكُمْ وَإِنْ تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ (101)

സത്യവിശ്വാസികളേ, ചില വിഷയങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്; വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍അവ നിങ്ങള്‍ക്കു വിഷമം സൃഷ്ടിക്കും. ഖുര്‍ആന്‍ അവതരിക്കപ്പെട്ടുകൊണ്ടിരിക്കവെ ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തപ്പെടുന്നതാണ്. അങ്ങനെ ചോദിച്ചത് നിങ്ങള്‍ക്ക് അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു. അവന്‍ ധാരാളമായി പൊറുക്കുന്നവനും സഹനമുള്ളവനുമത്രെ.

 قَدْ سَأَلَهَا قَوْمٌ مِنْ قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ (102)

ഒരു ജനത മുമ്പും അത്തരം ചോദ്യങ്ങളുന്നയിക്കുകയും എന്നിട്ട് അവയെ നിഷേധിക്കുന്നവരാവുകയും ചെയ്യുകയുണ്ടായി. 

തിരുനബി (صلى الله عليه وسلم) അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുതരുന്ന ആളാണ്. വേണ്ടതെല്ലാം അവിടന്ന് പറഞ്ഞുതരും. അതിനപ്പുറം ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച്‌ അവിടത്തോട് ചൂഴ്ന്ന് അന്വേഷിക്കരുത്. കിട്ടുന്ന ഉത്തരം നിങ്ങള്‍ക്കുതന്നെ വിഷമമുളവാക്കിയേക്കാം.

ഇങ്ങനെയൊരു നിരോധം വരാനുള്ള പശ്ചാത്തലം സംഭവിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്.

ചിലയാളുകള്‍ ഒരു മര്യാദയും മാന്യതയും പുലര്‍ത്താതെ തൊട്ടതും പിടിച്ചതുമൊക്കെ നബി صلى الله عليه وسلم യോട് ചോദിക്കുമായിരുന്നു. ഒരാള്‍ വന്ന് തന്റെ പിതാവ് ആരാണ് എന്നാണന്വേഷിക്കുക. മറ്റൊരാള്‍ക്ക് അറിയേണ്ടത് മരുഭൂമിയില്‍ വഴിതെറ്റിപ്പോയ തന്റെ ഒട്ടകം ഇപ്പോള്‍ എവിടെയാണുള്ളത് എന്നായിരിക്കും. ഈ പശ്ചാത്തലത്തിലാണിത് അവതരിച്ചതെന്നാണ് ഇമാം ഇബ്‌നു അബ്ബാസി(റ)ന്റെ പക്ഷം. 

അനസ്‌(رضي الله عنه) പറയുന്നു: സ്വഹാബികള്‍ തിരുനബി (صلى الله عليه وسلم) യോടൊരിക്കല്‍ കുറെ കാര്യങ്ങള്‍ ചോദിച്ചു. അപ്പോള്‍ അവിടന്ന്‌ മിമ്പറില്‍ കയറി ഇങ്ങനെ പ്രഖ്യാപിച്ചു: നിങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ചോദിച്ചോളൂ. അല്ലാഹുവാണ, ഞാനിവിടെ നില്‍ക്കവേ നിങ്ങളുന്നയിക്കുന്ന ഏതു ചോദ്യത്തിനും മറുപടി പറയാം – إن شاء الله. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഹുദാഫത്തുസ്സഹ്‌മി(رضي الله عنه) ചോദിച്ചു: നബിയേ, എന്‍റെ പിതാവ്‌ ആരാണ്‌?-

അങ്ങനെ ചോദിക്കാന്‍ കാരണമുണ്ട് – തന്‍റെ പിതാവ്‌ ഹുദാഫ അല്ലെന്ന്‌ ചില ആളുകള്‍ വെറുതേ ആക്ഷേപിക്കാറുണ്ടായിരുന്നു. തിരുനബി (صلى الله عليه وسلم) മറുപടി നല്‍കി: നിങ്ങളുടെ പിതാവ്‌ ഹുദാഫ ഇബ്‌നു ഖൈസ്‌ തന്നെയാണ്‌.

ഹജ്ജ് നിയമമാക്കപ്പെട്ടപ്പോള്‍ തിരുമേനി (صلى الله عليه وسلم) ഒരു ലഘു പ്രഭാഷണം ചെയ്തു -ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്കു ഹജ്ജ് നിര്‍ബന്ധമാക്കി യിരിക്കുന്നു; അതുകൊണ്ട് നിങ്ങളെല്ലാം ഹജ്ജ് കര്‍മമനുഷ്ഠിക്കണം.. ഇടയ്ക്കുകയറി ഒരാള്‍ ചോദിച്ചു: എല്ലാ കൊല്ലവും വേണോ? മറുപടി പറയാതെ തിരുനബി صلى الله عليه وسلم മൗനം പാലിച്ചു. അയാളാകട്ടെ രണ്ടാം വട്ടവും മൂന്നാം വട്ടവും അതേ ചോദ്യം ആവര്‍ത്തിച്ചു. തത്സമയം തിരുനബി صلى الله عليه وسلم പറഞ്ഞു: ഈ ചോദ്യത്തിന് അതെ എന്നു ഞാന്‍ മറുപടി തന്നാല്‍ വര്‍ഷം തോറും നിങ്ങള്‍ക്കത് നിര്‍ബന്ധമായിത്തീരും, ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുകയുമില്ല. അതു കൊണ്ട് ഞാന്‍ മൊത്തമായിപ്പറഞ്ഞ വിഷയങ്ങള്‍ അങ്ങനെത്തന്നെ നിങ്ങള്‍ വിട്ടേക്കുക. നിങ്ങളുടെ പൂര്‍വികര്‍ നശിച്ചത് ചോദ്യങ്ങള്‍ കൂടുതല്‍ ഉന്നയിക്കുകയും നബിമാരുമായി ഭിന്നാഭിപ്രായക്കാരാവുകയും ചെയ്തതിനാലാണ്. അതിനാല്‍ ഒരു കാര്യം ഞാന്‍ കല്‍പിച്ചാല്‍ ആവുന്ന ത്ര ചെയ്യുക; നിരോധിച്ചാല്‍ അത് കൈവെടിയുക. (മുസ്‌ലിം)

മറ്റൊരാളുടെ ചോദ്യം ഇതായിരുന്നു: നബിയേ, എന്‍റെ പിതാവ്‌ നരകത്തിലാണോ സ്വര്‍ഗത്തിലാണോ? അവിടന്ന്‌ പറഞ്ഞു: നരകത്തിലാണ്.

ഇത്തരം ചോദ്യങ്ങള്‍ കേട്ട്‌ തിരുനബി (صلى الله عليه وسلم) അസ്വസ്ഥനായി. ഇത് മനസ്സിലാക്കിയ ഉമര്‍(رضي الله عنه) പറഞ്ഞുവത്രേ: അല്ലാഹുവിനെ റബ്ബും ഇസ്‌ലാമിനെ മതവും മുഹമ്മദ്‌ (صلى الله عليه وسلم) യെ നബിയുമായി ഞങ്ങള്‍ തൃപ്‌തിപ്പെട്ടിരിക്കുന്നു. തല്‍സമയമാണ്‌ ഈ സൂക്തം അവതരിച്ചത്‌. (റാസി 12:106).

ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി ചോദിക്കരുത് എന്ന പൊതു തത്ത്വമാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്; അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയരുതെന്നോ, സംശയം ക്ലിയറാക്കരുതെന്നോ അല്ല.  അനാവശ്യമായ വിശദീകരണം ആവശ്യപ്പെടുക, സങ്കല്‍പ ചോദ്യങ്ങള്‍ ഉന്നയിക്കുക, സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കുക, തര്‍ക്കിക്കാന്‍ വേണ്ടിയോ പരീക്ഷിക്കാന്‍ വേണ്ടിയോ ചോദിക്കുക – ഇതൊക്കെയാണ് നിരോധിച്ചിരിക്കുന്നത്.

അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് പഠിക്കാനും മനസ്സിലാക്കാനും അല്ലാഹുവും തിരുനബി صلى الله عليه وسلمയും തന്നെ പലയിടത്തും പറഞ്ഞതാണല്ലോ. സൂറത്തുന്നഹ്‍ല്‍ 43 ആം ആയത്ത് ഉദാഹരണം.

 قَدْ سَأَلَهَا قَوْمٌ مِنْ قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ 

നേരത്തെ പറഞ്ഞ പശുസംഭവത്തിനു പുറമെ വേറെയും പല അവസരങ്ങളിലും ബനൂ ഇസ്റാഈലുകാര്‍ അനാവശ്യചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. അല്ലാഹുവിനെ കാണുക എന്നത് അസാധ്യമാണെന്നറിയിച്ചിട്ടും അതിന് ശാഠ്യം പിടിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ സൂറത്തുല്‍ ബഖറ 55 ലും സൂറത്തുന്നിസാഅ് 153 ലും നമ്മള്‍ പഠിച്ചിട്ടുണ്ട്. അവരെ ഇടിത്തീ പിടികൂടി മരിപ്പിച്ചു, പിന്നീട് ജീവിപ്പിച്ചു.

മഹാനായ സ്വാലിഹ് നബി (അ)ന്‍റെ ജനത സമൂദ് ചോദിച്ചതനുസരിച്ച് മുഅ്ജിസത്തിന്‍റെ ഒട്ടകം നല്‍കപ്പെട്ടു. ഈസാനബി(عليه السلام) യോട്‌ ഭക്ഷണത്തളിക ഇറക്കിത്തരാന്‍ ആവശ്യപ്പെട്ടവര്‍ക്ക്‌ എന്ത് സംഭവിച്ചുവെന്ന്‌ ഈ സൂറയില്‍ തന്നെ ഇനി വരുന്നുണ്ട്.

ഇവരൊക്കെ അത്ഭുതകരമായ ആ ദൃഷ്ടാന്തങ്ങള്‍ക്ക്‌ ദൃക്‌സാക്ഷികളായവരാണ്. എന്നിട്ടും നിഷേധിക്കുകയാണുണ്ടായത്‌. ഇതേ ദുര്യോഗം നിങ്ങള്‍ വിളിച്ചുവരുത്തരുത് എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്.

അടുത്ത ആയത്ത് 103

അനാവശ്യകാര്യങ്ങളെക്കുറിച്ച് ചോദിക്കരുതെന്ന് പറഞ്ഞ ശേഷം, അല്ലാഹു കല്‍പിക്കാത്ത ചില കാര്യങ്ങള്‍ അവന്‍ കല്‍പിച്ചു എന്ന്‌ പച്ചക്കള്ളം പറഞ്ഞ് മുശ്‌രിക്കുകള്‍ സ്വീകരിച്ചുപോന്നിരുന്ന ചില രീതികളെക്കുറിച്ച് പറയുകയാണ്.

വിവിധ പശ്ചാത്തലങ്ങളിലും കാരണങ്ങളാലും മക്കാ മുശ്‌രിക്കുകള്‍ ഒട്ടകങ്ങളും മറ്റും വ്യത്യസ്ത നാമങ്ങളിലായി ബിംബങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചിരുന്നു. അങ്ങനെ സമര്‍പിതമാകുന്നവയുടെ ചില പേരുകളാണ് അടുത്ത ആയത്തില്‍ കാണുന്നത് - ബഹീറ, സാഇബ, വസ്വീല, ഹാം.

അപ്രകാരം സമര്‍പ്പിതമായവയുടെ ഉപയോഗം പിന്നെ മനുഷ്യര്‍ക്ക് നിഷിദ്ധമാണ്. ഇത് അല്ലാഹു കല്‍പിച്ചതും നിശ്ചയിച്ചുതന്നതുമാണ് എന്നായിരുന്നു അവരുടെ വാദം.

അവര്‍ അല്ലാഹുവിന്‍റെ പേരില്‍ കെട്ടിച്ചമക്കുന്ന നുണയാണിത്. അല്ലാഹു അവതരിപ്പിച്ച സന്ദശങ്ങളിലോ അവന്‍റെ റസൂലിന്‍റെ നിര്‍ദേശങ്ങളിലോ ഇത്തരം വിശ്വാസങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. മൂഢന്മാരും ചിന്താവിഹീനരുമായ പൂര്‍വികരെ പിന്‍പറ്റുക മാത്രമാണവര്‍. ആ പൂര്‍വികര്‍ വിജ്ഞാനികളും ചിന്താശേഷിയുള്ളവരുമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു; പക്ഷേ ഇവിടെ ചിത്രം മറിച്ചാണ്.

ബഹീറ, സാഇബ, വസ്വീല, ഹാം – എന്താണിവയെന്ന് നോക്കാം.

ബഹീറ:

ഒരു ഒട്ടകം അഞ്ചു പ്രസവിച്ചു, അഞ്ചാമത്തേത്‌ പെണ്ണുമായി. എന്നാല്‍ ദൈവങ്ങള്‍ക്കായി അതിനെ ഉഴിഞ്ഞിടുകയും, അടയാളമായി അതിന്‍റെ കാതുകീറിവിടുകുയം ചെയ്യും. പിന്നെയാരും അതിന്‍റെ പുറത്തുകയറുകയോ ഭാരം ചുമപ്പിക്കുകയോ മറ്റേതെങ്കിലും നിലക്ക്‌ ഉപയോഗപ്പെടുത്തുകയോ ഇല്ല. പാല്‍ കറക്കുകയുമില്ല; പാല്‍ ദൈവങ്ങള്‍ക്കാണെന്നാണ് സങ്കല്‍പം. ഈ ഒട്ടകമാണ് بَحِيرَة.

സാഇബ: രോഗം സുഖമാകുകയോ വിദേശത്തുനിന്ന്‌ മടങ്ങിവരികയോ ചെയ്‌താല്‍ ഒരൊട്ടകത്തെ ബിംബങ്ങള്‍ക്ക്‌ ഉഴിഞ്ഞിടും. ഇതാണ്‌ സാഇബ.  പിന്നീടതിനെ സവാരിക്കോ മറ്റോ ഉപയോഗിക്കില്ല. 

വസ്വീല: ഒരു ആട്‌ പെണ്‍കുട്ടിയെ പ്രസവിച്ചാല്‍ തങ്ങള്‍ക്കും, ആണ്‍കുട്ടിയെ പെറ്റാല്‍ ഇലാഹുകള്‍ക്കുമാണെന്നിവര്‍ നിശ്ചയിക്കും.

ആ ആടാണ് വസ്വീല.

ഹാം: ഇണചേര്‍ക്കാനുപയോഗിക്കുന്ന കൂറ്റനൊട്ടകം പത്തുകൊല്ലം ഇണചേര്‍ന്നാല്‍ അതാണ് ഹാം. നിശ്ചിത എണ്ണം സന്താനങ്ങളുടെ പിതാവായിത്തീര്‍ന്ന ആ ഒട്ടകക്കൂറ്റന്‍ പിന്നീട് ദൈവങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കപ്പെടും. അതിനെ  അഴിച്ചുവിടുകയും ചെയ്യും. വാഹനമായി ഉപയോഗിക്കുകയോ മാംസം ഭക്ഷിക്കുകയോ ഇല്ല.

 ഈ പദങ്ങളുടെ ഉദ്ദേശ്യം സംബന്ധിച്ച് വേറെയും അഭിപ്രായങ്ങളുണ്ട്‌. 

  مَا جَعَلَ اللَّهُ مِنْ بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ (103)

ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയുള്ള ബിംബസമര്‍പ്പിത മൃഗങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല; പ്രത്യുത, നിഷേധികള്‍ അല്ലാഹുവിന്‍റെ പേരിലത് കെട്ടിച്ചമച്ചു പറയുകയാണ്. അവരില്‍ മിക്കവരും ചിന്തിച്ചു ഗ്രഹിക്കുന്നില്ല. 

 -------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter