തിരൂരങ്ങാടി ജുമുഅത് പള്ളി കഥ പറയുന്നു...

ഞാന്‍ തിരൂരങ്ങാടി പള്ളി... 
പരപ്പനങ്ങാടിൽ നിന്ന് മ‍ഞ്ചേരി ഭാഗത്തേക്ക് ബസ് കയറിയാൽ മമ്പുറം സ്റ്റോപ്പ് കഴിഞ്ഞാലുടന്‍ ഇടത് ഭാഗത്ത് നാലു നിലകളിലായി തലയുയര്‍ത്തി നില്ക്കുന്ന എന്നെ കാണാത്തവരുണ്ടാവില്ല. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി എന്നാണ് എന്നെ പഴമക്കാര്‍ വിളിച്ചിരുന്നത്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചമാണ്. 

നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടെനിക്ക്. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ചരിത്രത്തിലിടം നേടിയ, കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തിരൂരങ്ങാടിയില്‍ ജനിക്കാനായി എന്നത് തന്നെ ഞാനെന്റെ ഭാഗ്യമായി കാണുന്നു. 

ആദ്യ കാലത്തു തന്നെ വ്യാപാരങ്ങൾക്കും കച്ചവടത്തിനും പേര് കേട്ടതായിരുന്നു തിരൂരങ്ങാടി. സത്യസന്ദേശവുമായി പ്രവാചകാനുയായികള്‍ കേരളക്കരയില്‍ കപ്പലിറങ്ങി അധികം കഴിയുംമുമ്പേ അവര്‍ എന്റെ മണ്ണിലും എത്തിയിരുന്നു. എന്നും സത്യത്തിന്റെ കൂടെ നിന്ന എന്റെ മണ്ണിനോട് അവര്‍ക്കെന്തോ ഒരു സ്നേഹം തോന്നിയിട്ടുണ്ടാകാം. അവരുടെ പ്രവർത്തന ഫലമായി, പലയിടത്തും പള്ളികൾക്കൊപ്പം നഗരങ്ങളും സംസ്കാരങ്ങളും ഉയർന്നു വന്നു. വെളിയങ്കോട്, തിരൂരങ്ങാടി, പരപ്പനങ്ങാടി, പറപ്പൂര്‍, കക്കാട്, തിക്കോടി തുടങ്ങിയവ അക്കാലത്ത് മലബാറിൽ ഉയർന്ന് വന്ന ആദ്യ പട്ടണങ്ങളായിരുന്നു. 

Read More: പൊന്നാനിയുടെ ജ്ഞാന വിളക്ക്

നാൽപത്തിനാല് പേരടങ്ങിയ ആദ്യകാല ഇസ്‍ലാമിക പ്രബോധകസംഘം കേരളത്തിന്റെ പല ഭാഗത്തും സത്യദൂതുമായി എത്തി. ദൈനംദിന ജീവിതം തള്ളിനീക്കുന്നതിനപ്പുറം പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന, ജാതിയും ഉപജാതിയുമായി ജീവിതം പൊറുതിമുട്ടിയിരുന്ന നാട്ടുകാര്‍ക്ക്, ജീവിതത്തെ ക്രമീകരിക്കുന്ന ഒരു മതം എന്നത് പുതിയ അനുഭവവും ഉണര്‍വ്വും പകര്‍ന്നു. അതേതുടര്‍ന്ന്, തളങ്കര, കൊടുങ്ങല്ലൂര്‍, പന്തലായനി തുടങ്ങി പത്ത് പള്ളികളായിരുന്നു അവര്‍ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. ഇസ്‍ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ദ്ധിച്ച മുറക്ക് പള്ളി നിര്‍മ്മാണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും അതില്‍, കൊച്ചി, പൊന്നാനി, വെളിയങ്കോട്, തലശ്ശേരി തുടങ്ങി പതിനാല് ഇടങ്ങളില്‍ കൂടി പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. അതിലൊന്നായാണ് ഞാനും ജനിക്കുന്നത്. ഹിജ്റ 80-കളിലായിരിക്കും എന്റെ ജനനമെന്നാണ് ചരിത്ര പണ്ഡിതരുടെ പക്ഷം. അഥവാ, പതിമൂന്ന് നൂറ്റാണ്ടിലേറെയായി എല്ലാത്തിനും സാക്ഷിയായി ഞാനിവിടെയുണ്ട്. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വീര ചരിതങ്ങള്‍, കണ്ണീരൊലിക്കുന്ന ആര്‍ദ്ര ചിത്രങ്ങള്‍, ലോക പ്രശസ്തരായ വ്യക്തിത്വങ്ങള്‍, അറിവിന്റെ അക്ഷയഖനികള്‍, വിശ്വാസത്തിന്റെ ദൃഢത കൊണ്ട് കാരിരുമ്പിനെപ്പോലും തോല്‍പ്പിച്ച യഥാര്‍ത്ഥ മനുഷ്യര്‍, അങ്ങനെ പലതും പലരെയും എനിക്ക് കാണാനായി.

ഓല കെട്ടി ചെമ്പൻ പുല്ലുമേഞ്ഞ, ഉയർന്ന് നിൽക്കുന്ന, മാളികയുള്ള തരക്കേടില്ലാത്ത ഒരു കെട്ടിടമായിരുന്നു ആദ്യകാലത്ത് ഞാൻ. ഏഴര നൂറ്റാണ്ടിലേറെ കഴിഞ്ഞാണ്, ഓലക്ക് പകരം ഓടുകള്‍ ഉപയോഗിച്ച് എന്റെ മേല്‍ക്കൂര പുതുക്കിപ്പണിത് എന്നെ കൂടുതല്‍ സുന്ദരിയാക്കിയത്. പിന്നീട് നടന്ന വിപുലമായ മറ്റൊരു നവീകരണം 1960-ൽ മഹാനായ മൂസാൻ കുട്ടി മുസ്‍ലിയാരുടെ നേതൃത്വത്തിലായിരുന്നു. അവസാനം മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്നതോടെയാണ്, എന്റെ കെട്ടിലും മട്ടിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തി, ഇന്ന് കാണുന്ന ഈ രൂപത്തിലാക്കിയത്. സൌന്ദര്യവും ഭംഗിയുമെല്ലാം ആവോളമുണ്ടെങ്കിലും, പ്രൌഢിയും ഗരിമയും സമ്മേളിച്ചിരുന്ന ആ പഴയ രൂപഭാവങ്ങളോട് തന്നെയാണ് എനിക്കിപ്പോഴും പ്രിയം. 

ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പ്രയാസപ്പെട്ടിരുന്ന സാധാരണക്കാരുടെ ആത്മീയ കേന്ദ്രമായി, ഏറെ സംതൃപ്തമായ ജീവിതം നയിക്കുകയായിരുന്ന എന്നെയും ഈ ഭൂമികയെയും പോരാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റിയത് ബ്രിട്ടീഷുകാരായിരുന്നു. ഒന്നുമില്ലെങ്കിലും ആത്മാഭിമാനവും വിശ്വാസവും വിട്ടുകളിക്കാത്തവരായിരുന്നു എന്റെ നാട്ടുകാര്‍. അത് കൊണ്ട് തന്നെ, അന്യായമായി തങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനുമെത്തിയ വിദേശികളെ അംഗീകരിക്കാന്‍ അവരൊട്ടും തയ്യാറായിരുന്നില്ല. കലിയിളകിയ ബ്രിട്ടീഷ് പട്ടാളം ആദ്യം വെടിയുതിര്‍ത്തത് എന്റെ നേരെയായിരുന്നു. സ്വന്തം നെഞ്ചിലേല്‍ക്കുന്ന വെടിയുണ്ടയേക്കാള്‍ എന്റെ മക്കളെ വേദനിപ്പിക്കുക എനിക്ക് നേരെയുള്ള വെടിയുണ്ടയായിരിക്കുമെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നത് കൊണ്ടാവണം അവരങ്ങനെ ചെയ്തത്. 

സാമൂതിരിപ്പാടിന്റെ നായർ പടയെയും കൂട്ടി കോഴിക്കോട് നിന്നും എന്റെ നേരെ അവരെത്തിയത് 1745ലായിരുന്നു. വിവരമറിയേണ്ട താമസം, ചോര തിളച്ച എന്റെ പൊന്നുമക്കള്‍ കൈയ്യില്‍ കിട്ടിയതുമായി ഓടിയെത്തി. അതിശക്തമായ പോരാട്ടത്തിനാണ് അന്ന് ഞാന്‍ സാക്ഷ്യം വഹിച്ചത്. എന്റെ തെക്ക് വശത്തുള്ള മൈതാനി (ഇപ്പോഴത്തെ ഖബർ സ്ഥാൻ) യിൽ വെച്ചു നടന്ന ഘോരയുദ്ധത്തിനൊടുവില്‍, എല്ലാ സന്നാഹങ്ങളുമുണ്ടായിരുന്ന വിദേശിപ്പട പിന്തിരിഞ്ഞോടിയത് കണ്ട് ഞാന്‍ ഉറക്കെയുറക്കെ തക്ബീര്‍ ധ്വനികള്‍ മുഴക്കിയിട്ടുണ്ട്. അല്പം വിഷമം തോന്നിയെങ്കിലും, ബദ്റിന്റെ ആവര്‍ത്തനമായാണ് ഞാനതിനെ നോക്കിക്കണ്ടത്. അതില്‍ രക്തസാക്ഷികളായ, ഇരുന്നൂറില്‍ പരം വരുന്ന ആ ധീരപുത്രരെ ഞാനെന്റെ ചാരത്ത് തന്നെ കിടത്തി താരാട്ട് പാടി ഉറക്കി. എന്റെ തെക്ക് ഭാഗത്തായി എന്നോട് ഒട്ടിച്ചേര്‍ന്ന് ഇന്നും അവര്‍ കിടന്നുറങ്ങുന്നു. ഈ പോരാട്ടത്തെക്കുറിച്ച് രചിക്കപ്പെട്ട പടപ്പാട്ടുകള്‍ പോലും ഇംഗ്ലീഷുകാർ കണ്ടെടുത്ത് നശപ്പിച്ചു. അത്രമാത്രം പേടിയായിരുന്നു ആ ഭീരുക്കൂശ്മാണ്ഡങ്ങള്‍ക്ക് അവരെ. അതെല്ലാമോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ചിരി വരാറുണ്ട്. 

Read More: ചോരപുരണ്ട തിരൂരങ്ങാടി

ശേഷം നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ക്കെല്ലാം വേദിയായതും എന്റെ മണ്ണ് തന്നെയായിരുന്നു. ആലി മുസ്‍ലിയാരുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ പലപ്പോഴും തമ്പടിച്ചതും സംഗമിച്ചതും നിര്‍ഭയത്വം നിറഞ്ഞ എന്റെ സംരക്ഷണ വലയത്തിലായിരുന്നു. ശത്രുക്കളെ വരവും കാത്തിരുന്ന ലവക്കുട്ടിയും ചെമ്പന്‍ പോക്കറും കുഞ്ഞാലിയുമൊക്കെ എത്രയെത്ര രാത്രികളാണ് എന്റെ മാറില്‍ തല ചായ്‍ച്ച് കിടന്നുറങ്ങിയിട്ടുള്ളത്. അവരെ കാണാനായി വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയും ഇടക്കിടെ വരാറുണ്ടായിരുന്നു. അവരുടെയെല്ലാം ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം ഞാന്‍ സാകൂതം കേട്ടിരിക്കുമായിരുന്നു. ആത്മാഭിമാനത്തിന്റെയും നെഞ്ചൂക്കിന്റെയും വാക്കുകളായിരുന്നു അവര്‍ മൊഴിഞ്ഞിരുന്നതെല്ലാം. അവയെല്ലാം കേട്ട് പലപ്പോഴും എനിക്ക് പോലും സമരരംഗത്തേക്കിറങ്ങാന്‍ കൊതി തോന്നിയിട്ടുണ്ട്. അവസാനം, ബ്രിട്ടീഷുകാര്‍ അവരില്‍ പലരെയും ചതിയില്‍ പെടുത്തി കൈയ്യാമം വെച്ച് കൊണ്ട് പോവുന്നത്, നീറുന്ന വേദനയോടെ നോക്കിനില്‍ക്കാനേ എനിക്കായുള്ളൂ. 

മലബാർ സമര വിവരണത്തില്‍ എം.പി നാരായണമേനോൻ എന്റെ മണ്ണിനെ പ്രകീര്‍ത്തിച്ചെഴുതിയത് ഇങ്ങനെ വായിക്കാം, "ഖിലാഫത്ത് പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു തിരൂരങ്ങാടി. മാപ്പിളമാരുടെ ചരിത്രത്തിൽ വളരെയധികം പ്രധാന്യമുണ്ടതിന്. പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും തിരൂർ, മലപ്പുറം, മഞ്ചേരി എന്നീ മാപ്പിള ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും വളരെ ദൂരേയല്ലാത്ത പ്രദേശം. മമ്പുറം പള്ളിയും തിരൂരങ്ങാടിക്കടുത്താണ്. വളരെയധികം ചെറുത്തുനില്പ്പുകൾക്കും രക്തസാക്ഷിത്വത്തിനും സാക്ഷ്യം വഹിച്ച സ്ഥലമാണ് തിരൂരങ്ങാടി."

മലബാർ ഭരിച്ചിരുന്ന ടിപ്പുസുൽത്താനും എന്നെ തേടിയെത്തിയിട്ടുണ്ട്. വൈദേശിക ശക്തികൾക്കെതിരെ പടപൊരുതിയ ടിപ്പു സുൽത്താൻ കർഹൽ ആർട്ടിലിയുടെ കീഴിലുണ്ടായിരുന്ന ബ്രിട്ടീഷ് സേനയുമായി പൊരുതിയപ്പോള്‍, കൂടെയുണ്ടായിരുന്ന സൈനികരിൽ ഭൂരിഭാഗവും എന്റെ മക്കളായിരുന്നു. വടക്കോട്ട് നീങ്ങിയ ടിപ്പുവും സംഘവും താമസിച്ചത്, തിരൂരങ്ങാടിയിലെ സുൽത്താൻ കോട്ടയിലായിരുന്നു. ചെമ്മാട് അങ്ങാടിക്ക് സമീപമുള്ള കോട്ടപ്പറമ്പിന് ആ പേര് വന്നത് പോലും ഇതേതുടര്‍ന്നായിരുന്നു. അതിധീരനും സമരോല്‍സുകനുമായ ടിപ്പുവിന്, എന്റെ മക്കളോളം പോന്ന ധീരോദാത്ത രണകേസരികളെ വേറെ കിട്ടിയിട്ടുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. 

പുഴക്ക് അക്കരെ, എന്നെപ്പോലെ എല്ലാം കണ്ടും കേട്ടും മമ്പുറം പള്ളിയും  നില്‍ക്കുന്നത് കാണാം. സയ്യിദ് അലവി തങ്ങളുടെ മഹനീയ സാന്നിദ്ധ്യം ഇന്നും അവളെ അതിപ്രശസ്തയാക്കി നിര്‍ത്തുന്നു. ഞങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ ഓളങ്ങളിലൂടെയാണ് ഞങ്ങള്‍ വിശേഷങ്ങള്‍ കൈമാറിയത്. സയ്യിദ് അലവി തങ്ങള്‍ താമസിച്ചത് മമ്പുറത്തായിരുന്നെങ്കിലും ഇടക്കിടെ തോണി കയറി എന്റെ അരികിലേക്ക് വരുമായിരുന്നു. അദ്ദേഹം വരുന്നുണ്ടോ എന്നറിയാനായി ഞാന്‍ ഇടക്കിടെ അങ്ങോട്ട് നോക്കിക്കൊണ്ടേയിരിക്കും. മദീനാ പള്ളിയില്‍നിന്ന് പ്രവാചകന്റെ ആഗമനം കാത്തിരുന്ന ഖുബാ പള്ളിയെപ്പോലെ. ദിവസം ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടാലേ എനിക്ക് സമാധാമായി ഉറങ്ങാന്‍ സാധിച്ചിരുന്നുള്ളൂ.          

അല്‍പം ദൂരെയാണെങ്കിലും ഞാനുമായി ആത്മീയമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്ന മറ്റൊരു പ്രദേശമാണ് പൊന്നാനി. എന്റെ സമപ്രായക്കാരിയായ മറ്റൊരു സഹോദരി സ്ഥിതി ചെയ്യുന്നത് അവിടെയാണല്ലോ. മഖ്ദൂമുമാരുടെ കര്‍മ്മമണ്ഡലം കൂടിയായതോടെ അവളും ഏറെ പ്രശസ്തയായിരുന്നു. എന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നതും മതകാര്യങ്ങളിലെ അവസാന വാക്കുകളായ ഖാളിമാരെ നിശ്ചയിച്ചിരിന്നതുമെല്ലാം അവിടെ നിന്നായിരുന്നു. 

നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും, ആ ഖാളി പാരമ്പര്യം കണ്ണിമുറിയാതെ ഇന്നും തുടരുന്നു. പരിസര പ്രദേശങ്ങൾക്ക് മുഴുവൻ ആവശ്യാനുസരണം ഖാളിമാരെ നൽകിയ ഒരു ഖാളി തറവാടിനു തന്നെ, പൊന്നാനിയുമായുള്ള ആ ആത്മ ബന്ധം ജന്മം നൽകി. ഹിജ്റ 1132-ൽ വഫാത്തായ ഓടക്കൽ അലി ഹസ്സൻ മഖ്ദൂമാണ് തിരൂരങ്ങാടിയിലെ ആദ്യ ഖാളിയായി അറിയപ്പെടുന്നത്. മഖ്ദൂം കുടുംബത്തിലെ, ലോക പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ മകളുടെ സന്താന പരമ്പരയാണ് ഓടക്കൽ കുടുംബമെന്ന പേരിൽ അറിയപ്പെടുന്നത്. എന്റെ പരിസരദേശങ്ങളായ കുഴിപ്പുറം, വേങ്ങര, അരീക്കുളം, ഊരകം, നെല്ലിപ്പറമ്പ്, തെന്നല, മറ്റത്തൂർ, താനൂർ, കൊണ്ടോട്ടി പോലുള്ള സ്ഥലങ്ങളിലെല്ലാം ഇന്നും ഖാളിമാരായി തുടരുന്നത് ഈ തറവാട്ടിലെ പണ്ഡിതരാണ്. 

പരിസരത്തൊന്നും ജുമുഅകളില്ലാത്ത അക്കാലത്ത്, കിലോമീറ്ററുകള്‍ വിസ്തൃതിയിലുള്ള മുസ്‍ലിം സമൂഹവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും ഗതിനിർണയിച്ചത് എന്നെ കേന്ദ്രീകരിച്ച് നിശ്ചയിക്കപ്പെട്ടിരുന്ന ആ ഖാളിമാരും പണ്ഡിതരുമായിരുന്നു. അവരോടൊപ്പം സര്‍വ്വ പിന്തുണയുമായി എന്റെ മക്കളായ പൌരപ്രമുഖരുമുണ്ടായിരുന്നു. എന്റെ അകത്തളത്തിലിരുന്നായിരുന്നു, അവരൊക്കെ ദീനീ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. തിരൂരങ്ങാടി വലിയ പള്ളി എന്ന പേരിലായിരുന്നു അന്നെല്ലാവരും എന്നെ വിളിച്ചിരുന്നത്. എന്റെ പ്രായത്തിനും പരിചയത്തിനും അനുയോജ്യമായ, ഒരു കാരണവരുടെ സ്ഥാനം വക വെച്ച് തരുന്ന ആ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത കുളിരായിരുന്നു. ശേഷം ഓരോ പ്രദേശങ്ങളിലും ജുമുഅകള്‍ തുടക്കം കുറിച്ചപ്പോള്‍, എനിക്ക് വിഷമം തോന്നാതിരുന്നില്ല. എന്നാലും ജനങ്ങളുടെ സൌകര്യവും ആവശ്യവും മാനിച്ചും, പ്രമുഖ പണ്ഡിതരോട് അഭിപ്രായം ആരാഞ്ഞുമാണല്ലോ അവര്‍ അങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ ആശ്വസിച്ചു.

Read More: ഓരോ റമദാനിലും ഞാനാ കരിദിനങ്ങളെ ഓര്‍ത്തുപോവുന്നു.. മിശ്കാല്‍ പള്ളി കഥ പറയുകയാണ്..

ആധുനിക ഗള്‍ഫ് പള്ളികളുടെ രൂപത്തിലും ഭാവത്തിലും സ്ഥിതി ചെയ്യുന്ന ഞാന്‍, ഇന്ന് പലര്‍ക്കും ഒരു കാഴ്ച വസ്തു മാത്രമാണ്. സിയാറതിനായി മമ്പുറത്തേക്കും ദൈനംദിന യാത്രകളുടെ ഭാഗമായി ബസുകളിലും എന്റെ മുന്നിലൂടെ കടന്ന് പോവുന്നവരിലധികവും എന്നെ നോക്കുന്നത് പുതിയ മോഡി കണ്ട് മാത്രമാണ്. പഴയ ചരിത്രചിന്തുകളെകുറിച്ചോ സമരവീര്യം നിറഞ്ഞ് തുളുമ്പിയ പടയോട്ടങ്ങളെ കുറിച്ചോ അവര്‍ക്കൊന്നും അറിയാനിടയില്ല. പക്ഷെ, എന്റെ എല്ലാമെല്ലാം ആ ഓര്‍മ്മകളാണ്, പ്രതാപത്തിന്റെ പ്രതീകവും ആത്മാഭിമാനത്തിന്റെ കേദാരവുമായി കഴിഞ്ഞിരുന്ന ആ നല്ല നാളുകള്‍. അവയെ മറവിയുടെ താഴ്‍വരകളിലേക്ക് തള്ളിവിടാന്‍ എനിക്കാവില്ല, കടലുണ്ടിപ്പുഴയുടെ ഓളങ്ങള്‍ക്കും, തീര്‍ച്ച. 

പുഴയോടും അവയിലെ കൊച്ചോളങ്ങളോടും കിന്നാരം പറഞ്ഞ്, ഇടക്കിടെ പഴയ പടപ്പാട്ടുകളുടെ ഈരടികള്‍ മൂളി ഞാനിവിടെ കാത്തിരിക്കുകയാണ്, എപ്പോഴെങ്കിലും നിങ്ങളില്‍ ചിലരെങ്കിലും എന്റെ കഥ കേള്‍ക്കാനായി വരാതിരിക്കില്ലെന്ന ശുഭപ്രതീക്ഷയോടെ...

എന്ന്
സ്നേഹത്തോടെ
നിങ്ങളുടെയെല്ലാം വലിയ ജുമുഅത്ത് പള്ളി
തിരൂരങ്ങാടി പി.ഒ, മലപ്പുറം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter