കേരളമുസ് ലിം വിദ്യാഭ്യാസം: പാരമ്പര്യത്തിന്റെ സമഗ്രതലങ്ങള്‍

ഇരുപതാം നൂറ്റാണ്ടിന്റെ കേരള മുസ്‌ലിം ചരിത്രം പൊതുവെ ആധുനികധാര, പാരമ്പര്യധാര എന്നീ രണ്ട് വീക്ഷണകോണുകളിലൂടെ എഴുതപ്പെട്ടതായി കാണാം. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ പാരമ്പര്യവാദികള്‍ക്കും പുരോഗമനവാദികള്‍ക്കുമിടയില്‍ മതകീയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചാപാരമ്പര്യമാണ് ഈ ദ്വിമാന വീക്ഷണങ്ങളുടെ നിദാനം. 1921ലെ ദാരുണസംഭവങ്ങള്‍ക്ക് ശേഷം സമൂഹഗാത്രത്തില്‍ രൂപംകൊണ്ട പുതുജീവന്‍ മതനവീകരണ ആശയങ്ങളുമായി രംഗത്തുവന്ന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലത്തില്‍ ഊന്നിയുള്ളതാണ് ഇതില്‍ ഒന്നാമത്തേത്. ഇരുപതാം നൂറ്റാണ്ടിലെ കേരള മുസ്‌ലിംകളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിയത് വഹാബിസം, ഇസ്‌ലാമിക് മോഡേണിസം, സലഫിസം, പാന്‍ ഇസ്‌ലാമിസം തുടങ്ങി മധ്യേഷ്യയില്‍ പ്രത്യക്ഷത്തില്‍ രൂപപ്പെട്ട വീക്ഷണഗതികളുടെ ഇറക്കുമതി ഫലമാണെന്ന് വാദിക്കുന്ന ഇവര്‍ ഈ നവജാഗരണത്തിന് മുമ്പുള്ള കാലഘട്ടത്തെ തീര്‍ത്തും ഇരുളടഞ്ഞതും ജാഹിലിയ്യത്തിനോട് സമാനവുമായി ചിത്രീകരിക്കുന്നത് കാണാം. അധിനിവേശവിരുദ്ധത, സാഹിത്യ മേന്മ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചിതമാകുമ്പോള്‍ ഇവര്‍ക്കും മുന്‍നൂറ്റാണ്ടുകളിലെ പണ്ഡിതവരേണ്യരുടെ ചരിത്രങ്ങള്‍ ഉദ്ധരിക്കേണ്ടി വരാറുണ്ടെങ്കിലും മൊത്തത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പ് ഓരോ കാലഘട്ടത്തിലും ഇതള്‍വിരിഞ്ഞ പുനരുത്ഥാന പ്രക്രിയകളെ ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കാറാണ് പതിവ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ രൂപംകൊണ്ട മതകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പാരമ്പര്യവാദികള്‍ ഇരുപതാം നൂറ്റാണ്ടിലെ നവജാഗരണത്തെ നോക്കിക്കാണുന്നത്.

നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാം പ്രചരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ പന്ത്രണ്ട് നൂറ്റാണ്ടുകളിലും ഒരേ താളത്തിലല്ല മുസ്‌ലിം സാമൂഹിക ജീവിതം മുഴുകിയതെന്നും ലോകത്തെല്ലായിടത്തും സംഭവിച്ചതു പോലെ പതനങ്ങളും അപചയങ്ങളും ചരിത്രത്തിന്റെ പല ദശാസന്ധികളിലും സംഭവിച്ചിട്ടുണ്ടെന്നും അപ്പോഴൊക്കെ യുഗപ്രഭാവരായ പണ്ഡിതവര്യര്‍ ഇസ്‌ലാഹ്, തജ്ദീദ് കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇസ്‌ലാമികത്തനിമ നിലനിര്‍ത്തിയിട്ടുണ്ടെന്നും അനുസ്യൂതം തുടര്‍ന്ന ഈ പ്രക്രിയയുടെ ഭാഗമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹികമാറ്റത്തിന്റെ അടിത്തറയെന്നും അവര്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ നവോത്ഥാനം എന്നതിലുപരി പുനരുത്ഥാനം എന്ന് ഇതിനെ വിളിക്കാന്‍ അവര്‍ താത്പര്യപ്പെടുന്നു. പുരോഗമനവാദികള്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, സനാഉല്ല മക്തി തങ്ങള്‍, ഹമദാനി, മൊയ്ദു മൗലവി, കെ.എം മൗലവി എന്നിവരെ നവോത്ഥാനത്തിന്റെ ശില്‍പികളായി ചിത്രീകരിക്കുകയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വീക്ഷണഗതികള്‍ക്ക് നിരക്കാത്തത് കൊണ്ട് പൂര്‍വസൂരികളെ അധിനിവേശ- സാഹിത്യ ചരിത്രങ്ങള്‍ക്കപ്പുറം സൗകര്യപൂര്‍വം വിസ്മരിക്കുകയും ചെയ്യുമ്പോള്‍ പാരമ്പര്യവാദികള്‍ മാലികുബ്‌നു ദീനാര്‍ അനുയായികള്‍, കോഴിക്കോട്ടെ ഖാദി കുടുംബം, മഖ്ദൂം പണ്ഡിത കുടുംബം, കേരളത്തിലേക്ക് കടന്നുവന്ന മുപ്പതോളം പ്രവാചക ഖബീലകള്‍, ത്വരീഖത്തിന്റെ ശൈഖുകള്‍, സാത്വികരായ ഉമറാക്കള്‍ തുടങ്ങിയവര്‍ തലമുറകളിലൂടെ കൈമാറിയ വിജ്ഞാനീയങ്ങളുടെയും പാരമ്പര്യ മൂല്യങ്ങളുടെയും പുനരുത്ഥാനമായി ഇരുപതാം നൂറ്റാണ്ടിലെ സംഭവവികാസങ്ങളെ നോക്കിക്കാണുന്നു. ഒരു യഥാര്‍ത്ഥ ചരിത്ര വിദ്യാര്‍ത്ഥിക്ക് പാരമ്പര്യധാരയുടെ വീക്ഷണഗതിക്കൊപ്പമാണ് സഞ്ചരിക്കാനാവുക. കാരണം, കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക മാറ്റങ്ങളെ മുന്‍നൂറ്റാണ്ടുകളിലെ കാലികമായ മാറ്റങ്ങളില്‍ നിന്ന് വേര്‍തിരിച്ച് ഒരിക്കലും കാണാന്‍ കഴിയില്ല. വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹിക ജീവിതം, സാമ്പത്തികാവസ്ഥകള്‍ തുടങ്ങി ഒട്ടനേകം അളവുകോലുകള്‍ വെച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ ചരിത്രപരമായ ഉത്ഭവവും വളര്‍ച്ചയും പുരോഗതിയും ഉത്ഥാന- പതനങ്ങളും ശാസ്ത്രീയമായി വിലയിരുത്താന്‍ സാധിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ മുമ്പും ശേഷവുമുള്ള മുസ്‌ലിം വിദ്യാഭ്യാസ രീതികളുടെ ഉത്ഭവം, വ്യാപനം, നവീകരണം എന്നിവയെക്കുറിച്ചുള്ള ചെറിയൊരു ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പുനരുത്പാദനത്തിനും വ്യാപനത്തിനും അന്താരാഷ്ട്ര മുസ്‌ലിം സമൂഹം ഓരോ കാലഘട്ടത്തിലും ആവശ്യാനുസരണം സ്വീകരിച്ച രീതികളും സംവിധാനങ്ങളും, ഭൂമിശാസ്ത്ര പരവും സാഹചര്യത്തിനനുസരിച്ച മാറ്റങ്ങളോടെ അതാതു കാലത്തെ കേരളീയ മുസ്‌ലിം സമൂഹത്തിനിടയിലും നടപ്പിലാക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം. പ്രാഥമിക, ഉന്നത, സാര്‍വത്രിക തലങ്ങളില്‍ വിദ്യാപ്രസരണം സുഗമമായി നടത്തപ്പെടുന്നതിനു വേണ്ടി കേരളത്തില്‍ മൂന്നു രീതികള്‍ മുന്‍ഗാമികള്‍ രൂപം കൊടുത്തിരുന്നതായി കാണാം. ഒന്ന്, ഓത്തുപള്ളികള്‍. രണ്ട്, വഅ്‌ള് പരമ്പരകള്‍. മൂന്ന്, പള്ളി ദര്‍സുകള്‍. ഇന്ന് വിലയിരുത്തുമ്പോള്‍ അവയിലാകെ ഒരുപാട് അപാകതകളും വൈകല്യങ്ങളും കാണാന്‍ കഴിയുമെങ്കിലും അതത് കാലഘട്ടങ്ങളില്‍ ഏറ്റവും കാലികവും പുരോഗമനപരവുമായ നീക്കങ്ങളായിരുന്നു ഇവയൊക്കെ എന്ന് ഒരു യഥാര്‍ത്ഥ ചരിത്ര വിദ്യാര്‍ത്ഥിക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. ചില വൈകല്യങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് ആധുനികധാരയുടെ ആളുകള്‍ ഇത്തരം രീതികളെ പരിഹാസപൂര്‍വം നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുള്ളത്.

ഓത്തുപള്ളികള്‍

ഓരോ പ്രദേശത്തും വൈവിധ്യങ്ങളോടെയാണ് നിലനിന്നിരുന്നതെങ്കിലും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമിനെ കുറിച്ചുള്ള പ്രാഥമികമായ അറിവുകള്‍ കൈമാറുക എന്ന മഹത്തായ ധര്‍മമാണ് ഓത്തുപള്ളികള്‍ നിര്‍വഹിച്ചിരുന്നത്. കൃത്യമായി കാലനിര്‍ണയം നടത്താന്‍ കഴിയില്ലെങ്കിലും ഖുര്‍ആന്‍, പ്രാഥമിക ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ എന്നിവ പഠിപ്പിക്കാന്‍ തുടക്കം മുതലേ മുസ്‌ലിംകള്‍ ശ്രദ്ധിച്ചിരുന്നു എന്ന വസ്തുത വെച്ച് വിലയിരുത്തുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക ആഗമനത്തോളം ഈ സംവിധാനത്തിന് പഴക്കമുണ്ടെന്ന് അനുമാനിക്കാം. പള്ളികളോട് ചേര്‍ന്നോ അധ്യാപകരുടെ വീടുകളിലോ നടന്നിരുന്ന ഓത്തുപള്ളികള്‍ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ എഴുത്തിനപ്പുറം വായനക്ക് മാത്രമാണ് പ്രാമുഖ്യം കൊടുത്തിരുന്നത് എന്നാണ് പ്രബലാഭിപ്രായം. കേട്ട് മനഃപാഠം പഠിക്കുക എന്ന രീതിയായതു കൊണ്ട്തന്നെ ഉത്തരേന്ത്യയിലും മറ്റും നടത്തപ്പെടുന്ന സമാനരീതിയിലുള്ള സ്ഥാപനങ്ങളെ വിളിച്ചിരുന്ന മക്തബ് അഥവാ, എഴുത്തുകേന്ദ്രങ്ങള്‍ എന്ന രീതിയില്‍ ഓത്തുപള്ളികള്‍ എവിടെയും സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. മധ്യേഷ്യയില്‍ നിന്ന് ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ച കാലിഗ്രഫിയും 'ഖുശ്ഖത്ത്വ്' (നല്ലെഴുത്ത്) എന്ന എഴുത്തുപഠനവും ഒരു കലയായി കേരളീയ മുസ്‌ലിംകളില്‍ പ്രചരിക്കാതിരുന്നത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഓത്ത് എന്ന പേരില്‍ കേരളത്തില്‍ നമ്പൂതിരി- ബ്രാഹ്മണരുടെ വേദപഠനരീതിയോട് സാമ്യപ്പെടുത്തി വന്നതാണെന്ന് കാണാം. പള്ളി എന്നത് ബുദ്ധ- ജൈന പ്രാര്‍ത്ഥനാലയങ്ങളെ വിളിച്ചിരുന്ന പേരാണ്. എന്നാല്‍, ഓത്തുപള്ളികള്‍ തീര്‍ത്തും എഴുത്തുപഠനത്തിന് എതിരായിരുന്നു എന്ന വാദം തീര്‍ത്തും ബാലിശമാണ്. ഒട്ടനേകം ഓത്തുപള്ളികളില്‍ എഴുത്തും പഠിപ്പിച്ചിരുന്നത് കൊണ്ടാണ് മുന്‍കാല പണ്ഡിതന്മാര്‍ അറബിയിലും അറബി മലയാളത്തിലും നിരവധി ഗ്രന്ഥരചനകള്‍ നടത്തിയത്. പള്ളിദര്‍സുകളില്‍ പഠിച്ചിരുന്നവര്‍ എഴുത്ത് പഠിച്ചവരായിരുന്നു. അക്ഷരമാല മുതലാണ് പള്ളിദര്‍സിലെ പഠനം തുടങ്ങിയിരുന്നത് എന്ന് അനുമാനിക്കാന്‍ കഴിയില്ല. ആധുനിക വിദ്യാഭ്യാസരീതി മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി ബ്രിട്ടീഷുകാര്‍ ഓത്തുപള്ളികളെ കാണുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അവയെ നവീകരിക്കാന്‍ പല മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. 1871ലും 1894ലും മുല്ലമാര്‍ക്ക് ശമ്പളവും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും മറ്റും നല്‍കി ഓത്തുപള്ളികളെ പരിഷ്‌കരിക്കാന്‍ ഗവണ്മെന്റ് ശ്രമിച്ചു. 1921ന് ശേഷം ലഹളയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ഗവണ്മെന്റ് നിയമിച്ച കമ്മീഷന്‍ ആധുനിക- ഭൗതിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുസ്‌ലിംകളില്‍ നിന്ന് സാഹസമായ പ്രതിരോധമുറകള്‍ ഉണ്ടാവാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മതവിഷയങ്ങളോടൊപ്പം ഭൗതിക വിഷയങ്ങളും ഓത്തുപള്ളികളില്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. 1926ല്‍ ഒരു സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ നിയമിക്കപ്പെട്ടു. അയാള്‍ക്കു കീഴിലെ മുസ്‌ലിം ഉദ്യോഗസ്ഥര്‍ മുല്ലമാരെ സന്ദര്‍ശിച്ച് അവരുടെ കീഴിലുള്ള ഓത്തുപള്ളികള്‍ ഗവണ്മെന്റ് സ്‌കൂളാക്കി മാറ്റിയാല്‍ അവര്‍ക്ക് ശമ്പളവും ഗ്രാന്റും മറ്റും വാഗ്ദാനം ചെയ്യുകയും ചെയ്തു. 1947ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യമന്ത്രി രാജഗോപാലാചാരി സ്‌കൂളില്‍ മതപഠനം നിരോധിക്കുന്നത് വരെ പ്രാഥമിക ഭൗതിക സൗകര്യങ്ങളോടെ അനേകം ഓത്തുപള്ളികള്‍ പ്രവര്‍ത്തിച്ചു. ഈ പ്രത്യേക സാഹചര്യത്തില്‍ പ്രാഥമികവും നിര്‍ബന്ധവുമായ മതവിദ്യാഭ്യാസം ഓരോ മുസ്‌ലിം വിദ്യാര്‍ത്ഥിക്കും നല്‍കാന്‍ കഴിയുന്ന പുതിയ സംവിധാനങ്ങളെ കുറിച്ച് പണ്ഡിതരും ഉമറാക്കളും ആഴത്തില്‍ ആലോചിച്ചു, വിവിധ രീതികളിലുള്ള പുതിയ സംവിധാനങ്ങള്‍ പല സ്ഥലത്തും പരീക്ഷിച്ചു കൊണ്ടിരുന്നുവെങ്കിലും വളരെ വ്യവസ്ഥാപിതവും കേന്ദ്രീകൃത രീതിയിലുള്ളതുമായ ഒരു ബദല്‍ സംവിധാനം ഈ രംഗത്ത് ആദ്യം നടപ്പിലാക്കിയത് സമസ്ത കേരള ജംഇയ്യതുല്‍  ഉലമായുടെ 1951ല്‍ രൂപീകരിച്ച വിദ്യാഭ്യാസ ബോര്‍ഡാണ്. ആവശ്യം വന്ന ഘട്ടത്തില്‍ മുസ്‌ലിംകള്‍ നടപ്പിലാക്കിയ ഒരു മഹാസംരംഭമായിരുന്നു ഓത്തുപള്ളികള്‍. നമ്പൂതിരി- ബ്രാഹ്മണ വിഭാഗമല്ലാത്ത കേരളത്തിലെ ഒരു സമൂഹവും സാര്‍വത്രിക വിദ്യാഭ്യാസത്തില്‍ അടിത്തറ പാകുന്ന ഇത്തരമൊരു സംവിധാനം ഒരുക്കിയിരുന്നില്ല.

വഅ്‌ള് പരമ്പരകള്‍

പൊതുജനങ്ങളെ ഇസ്‌ലാമിലെ വിവിധ വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ ബോധവത്കരിക്കുന്നതിനും വര്‍ഷത്തിലൊരിക്കലെങ്കിലും ഇഹ-പര ജീവിതത്തെ കുറിച്ചും വിശ്വാസ- കാര്‍മിക- ധാര്‍മിക കാര്യങ്ങളെ കുറിച്ചും ഓര്‍മപ്പെടുത്തുന്നത് മാപ്പിള മുസ്‌ലിംകള്‍ വളരെ വ്യവസ്ഥാപിതമായി രൂപപ്പെടുത്തിയെടുത്ത ഒരു അതുല്യ സാര്‍വത്രിക വിദ്യാഭ്യാസ രീതിയാണ് ഓരോ മഹല്ലത്തിലും നടത്തപ്പെട്ടിരുന്ന വഅ്‌ള് അഥവാ, മതപ്രഭാഷണ പരമ്പരകള്‍. വഅ്‌ളുകളും പ്രസംഗങ്ങളും ലോകത്ത് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നുവെങ്കിലും മാപ്പിള മുസ്‌ലിംകള്‍ക്കിടയില്‍ അത് നിര്‍വഹിച്ചിരുന്ന ധാര്‍മികവും വൈജ്ഞാനികവും സാമൂഹികവും സാമ്പത്തികവുമായ കര്‍മങ്ങളെ വിലയിരുത്തുമ്പോള്‍ വഅ്‌ള് പരമ്പരകള്‍ അതുല്യമായ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആയാണ് നിലനിന്നിരുന്നത് എന്ന് കാണാം. പ്രസിദ്ധരായ പണ്ഡിതര്‍ ഓരോ വിഷയത്തെ കുറിച്ചും ചിലപ്പോള്‍ വിഖ്യാത ഗ്രന്ഥങ്ങളെ ആധാരമാക്കിയും ആഴ്ചകളും മാസങ്ങളും ഒരേ സ്ഥലത്തുതന്നെ വഅ്‌ളുകള്‍ നടത്തിയിരുന്നു. വഅ്‌ള് പരമ്പരകള്‍ മതവിജ്ഞാനങ്ങളുടെ ഉത്തമമായ ഒരു സാമൂഹിക ഉത്പാദനം നടത്തിയിരുന്നത് കൊണ്ട് മതവിഷയങ്ങളിലും ഇസ്‌ലാമിക ചരിത്രത്തിലും കര്‍മ- വിശ്വാസ കാര്യങ്ങളിലും മുന്‍കാല പൊതുസമൂഹത്തില്‍ ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ അറിവും, ഓരോ കാര്യവും കൈകാര്യം ചെയ്യുമ്പോള്‍ അഗാധമായ സൂക്ഷ്മതയും ഉണ്ടായിരുന്നു. ഗള്‍ഫിന്റെ സാമ്പത്തിക സ്വാധീനം വരുന്നതിന് തൊട്ടുമുമ്പ് വരെ കേരളത്തിലെ പള്ളി മദ്‌റസകള്‍ നിര്‍മിക്കുന്നതിനും സാമൂഹികവും മതപരവുമായ മറ്റു റിലീഫ് സംരംഭങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് വഅ്‌ള് സദസ്സുകളില്‍ വെച്ച് ഉദാരമതികള്‍ നടത്തിയിരുന്ന സംഭാവനകളില്‍ നിന്നായിരുന്നു. കോടികളുടെ വസ്തുവഹകള്‍ ഇന്ന് സ്വന്തമായുള്ള സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയിരുന്നത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സജീവ കാര്‍മികത്വത്തില്‍ അക്കാലത്തെ പണ്ഡിതരെ പങ്കെടുപ്പിച്ച് കൊയിലാണ്ടിയില്‍ വെച്ച് നടത്തിയ വഅ്‌ള് പരമ്പരയിലൂടെയായിരുന്നു. വഅ്‌ള് സംവിധാനത്തിനും അതിന്റേതായ പോരായ്മയുണ്ടായിരുന്നു. അടിസ്ഥാനമില്ലാത്ത കഥകള്‍ വലിച്ചുനീട്ടി പറയുന്നതിന് വരെ ചില അല്‍പജ്ഞാനികള്‍ ഈ വേദി ഉപയോഗപ്പെടുത്തുകയും മറ്റു ചിലര്‍ സാമ്പത്തികമായ നേട്ടം മാത്രം മുന്നില്‍ കണ്ട് ഈ രംഗത്ത് വരികയും ചെയ്തിരിക്കാം.

പുരോഗമന ചരിത്രക്കാര്‍ ഇത്തരം ചില വൈകല്യങ്ങളെ മാത്രം ഉയര്‍ത്തിപ്പിടിച്ച് മുന്‍ഗാമികളുടെ ഈ ഉത്തമ പാരമ്പര്യത്തെയും പരിഹാസത്തോടെ അവതരിപ്പിക്കാറാണ് പതിവ്. ഈ അനൗദ്യോഗിക വിദ്യാഭ്യാസ രീതിയെ കുറിച്ചും അവ കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നു. അനൗപചാരിക വിദ്യാഭ്യാസം, ആജീവനാന്ത വിദ്യാഭ്യാസം, സര്‍വര്‍ക്കും വിദ്യാഭ്യാസം തുടങ്ങി യു.എന്‍ പോലുള്ള ലോക സംഘടനകള്‍ വരെ ഇന്ന് ഫാഷന്‍ ആയി അവതരിപ്പിക്കുന്ന രീതികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ നമ്മുടെ പൂര്‍വികര്‍ നടപ്പിലാക്കിയിരുന്നു എന്നത് അത്ഭുതകരം തന്നെയാണ്.

പള്ളി ദര്‍സുകള്‍

കേരളീയ ഇസ്‌ലാമിക തനിമ കാത്തുസൂക്ഷിക്കുന്നതിനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ഗ്രന്ഥങ്ങളും തലമുറകളിലൂടെ കൈമാറുന്നതിലും സമൂഹത്തിന് കാലികമായ നേതൃത്വം നല്‍കാന്‍ യോഗ്യരായ പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിലും പള്ളിദര്‍സുകള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. നബി(സ്വ) മദീനാപള്ളിയില്‍ തുടങ്ങിയ ഈ പഠന സംവിധാനം ഇസ്‌ലാമികാഗമനത്തോടെ തന്നെ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം. ബഗ്ദാദ്, അലക്‌സാന്‍ഡ്രിയ, ഇസ്ഫനന്‍സ്ഖൂം, ഡമസ്‌കസ്, കെയ്‌റോ, ഫാസ്, ഗ്രാനഡ, മക്ക, മദീന തുടങ്ങിയ എല്ലാ ഇസ്‌ലാമിക നഗരങ്ങളിലും പള്ളി ദര്‍സുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും അവ പില്‍ക്കാലത്ത് കോളെജുകള്‍ക്ക് വഴിമാറുകയോ യൂനിവേഴ്‌സിറ്റികളും മറ്റുമായി രൂപം പ്രാപിക്കുകയോ ആണ് ഉണ്ടായത്. എന്നാല്‍, കേരളത്തില്‍ ഇന്നും ഈ സംവിധാനം കാലികമായ മാറ്റങ്ങളോടെ തുടരുന്നു. ഹയര്‍ സെകന്‍ഡറി, കോളെജിയേറ്റ് വിദ്യാഭ്യാസ ധര്‍മമാണ് പള്ളിദര്‍സുകള്‍ നിര്‍വഹിച്ചിരുന്നത്. ഉന്നതവും എന്നാല്‍ ഏറ്റവും ചെലവ് കുറഞ്ഞതുമായ രീതിയാണ് പള്ളിദര്‍സുകളുടേത്. കുട്ടികള്‍ക്ക് ഹോസ്റ്റലും ക്ലാസ് റൂമും പള്ളി തന്നെയായത് കൊണ്ട് കെട്ടിട- ഇന്‍ഫ്രാസ്‌ട്രെക്ചറുകള്‍ക്ക് വേണ്ടി വെറെ പണം കണ്ടെത്തേണ്ടതില്ല. (കേരളത്തിലെ പള്ളികള്‍ തട്ടുകളായി നിര്‍മിക്കാന്‍ കാരണം ദര്‍സ് സംവിധാനമാണ്.) വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ലിലെ ഓരോ വീട്ടില്‍ നിന്നാണ് ഭക്ഷണം നല്‍കപ്പെട്ടിരുന്നത്. പള്ളിയിലെ ഇമാമും ഖത്വീബും മുദര്‍രിസും ഒരേ ആളായത് കൊണ്ടും ഉയര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയേഴ്‌സിന് പഠിപ്പിച്ച് കൊടുത്തിരുന്നത് കൊണ്ടും ആയിനത്തിലും ചിലവ് ഏറ്റവും ലളിതമായിരുന്നു. ഡോ. കമാല്‍ പാഷ തന്റെ ദര്‍സുകള്‍ എന്തിന് പ്രചരിപ്പിക്കണം എന്ന ലഘുകൃതിയില്‍ ദര്‍സുകളുടെ മഹത്വങ്ങളെ കുറിച്ച് ചിന്തോദ്ദീപകമായി പ്രതിപാദിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, ചാലിയം, താനൂര്‍, പൊന്നാനി തുടങ്ങിയ തീരദേശ പട്ടണങ്ങളില്‍ ഇസ്‌ലാമിന്റെ ആഗമന കാലത്ത് തന്നെ നിര്‍മിക്കപ്പെട്ട പള്ളികളില്‍ അറേബ്യയില്‍ നിന്ന് വന്ന ഉന്നതരായ പണ്ഡിതര്‍ ദര്‍സുകള്‍ നടത്തിയതിന്റെ സൂചനകള്‍ ചരിത്രത്തില്‍ കാണാം. ഏകദേശം എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനൂരിലെ വലിയകുളങ്ങര പള്ളി (മസ്ജിദു ബിര്‍കതുസ്സ്വാലിഹ് അല്‍ കുബ്‌റാ) ദര്‍സ് തുടങ്ങുന്നത്.

യമന്‍, ഈജിപ്ത്, ഹദ്‌റമൗത്ത്, ഹിജാസ് തുടങ്ങിയ സ്ഥലത്തു നിന്നുള്ള പണ്ഡിതന്മാര്‍ അവിടെ പഠിപ്പിച്ചിരുന്നു. ശൈഖുല്‍ ഇമാം മുഹമ്മദ് അബ്ദുല്ലാഹില്‍ ഹദ്‌റമിയ്യില്‍ ഖാഹിരി ഹിജ്‌റ 675ല്‍ അവിടെ മുദരിസും മുഫ്തിയുമായിരുന്നു. പൊന്നാനി മഖ്ദൂമുമാരുടെ ദര്‍സാണ് പതിനാലാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ കേരളത്തിലെ മുസ്‌ലിം പ്രദേശങ്ങളിലും വൈജ്ഞാനിക പ്രചരണത്തിനും സമുദായ നേതൃത്വത്തിനും ആവശ്യമായ പണ്ഡിതരെ സപ്ലൈ ചെയ്തിരുന്നത്. ഇന്തോനേഷ്യ, മലേഷ്യ, സിലോണ്‍, യമന്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലും പൊന്നാനിയില്‍ പഠിതാക്കളെത്തിയിരുന്നു. ഇവിടെയും പോരായ്മകള്‍ അനേകം ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും നൂറ്റാണ്ടുകളോളം കേരളത്തില്‍ അറിവിന്റെ കൈമാറ്റം നിര്‍വഹിച്ചതും ഇന്നും നിര്‍വഹിച്ച് കൊണ്ടിരിക്കുന്നതുമായ മഹാ വിദ്യാഭ്യാസ സംരംഭങ്ങളാണ് പള്ളി ദര്‍സുകള്‍. പ്രോജ്ജ്വലരും നിസ്വാര്‍ത്ഥരുമായ പതിനായിരക്കണക്കിന് പണ്ഡിതരെയും സമുദായ നേതാക്കളെയും പുനരുത്ഥാന നായകരെയും ചിന്തകരെയും എഴുത്തുകാരെയും സാഹിത്യകാരന്മാരെയുമെല്ലാം പള്ളിദര്‍സുകള്‍ വാര്‍ത്തെടുത്തിട്ടുണ്ട്. മാത്രമല്ല, ഇന്ന് വരെയും കേരളം കണ്ട മുഴുവന്‍ പണ്ഡിത പ്രതിഭകളും ദര്‍സിന്റെ സൃഷ്ടികളായിരുന്നു.

ആത്മീയ നേതൃത്വത്തിന്റെ സംഭാവനകള്‍

കേരളീയ മുസ്‌ലിംകളുടെ ഏറ്റവും വലിയ അനുഗ്രഹം നേതൃരംഗത്തെ പണ്ഡിതന്മാരുടെയും സയ്യിദന്മാരുടെയും ആത്മീയ വഴികളിലെ ശൈഖുമാരുടെയും ഇടയില്‍ രൂപപ്പെട്ട സഹകരണവും കൂട്ടായ്മയുമാണ്. വിദ്യാഭ്യാസ മേഖലയിലടക്കം സര്‍വ രംഗത്തും ഇതിന്റെ പ്രതിഫലനം കാണാം. അധിക സയ്യിദുമാരും ഉന്നത പണ്ഡിതരും ത്വരീഖത്തിന്റെ ശൈഖുമാരുമായത് കാരണം മുസ്‌ലിംകള്‍ തങ്ങളുടെ ആത്മീയ നായകരായി അവരെ കണ്ടു. സ്വൂഫി മിഷണറിമാരുടെ സജീവ പ്രവര്‍ത്തനമായിരുന്നു കേരളത്തില്‍ ഇസ്‌ലാം വ്യാപകമാവുന്നതിന്റെ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. ബഗ്ദാദിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്ത് ആത്മീയ പുനരുത്ഥാനം നടത്തുന്നതിന് നേതൃത്വം നല്‍കിയ പ്രമുഖ സ്വൂഫി ത്വരീഖത്തുകളെല്ലാം കേരളത്തിലുമെത്തിയിരുന്നു. ഇവിടത്തെ അനേകം പള്ളികളും മുസ്‌ലിം അധിവാസ കേന്ദ്രങ്ങളും അവരുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ടതാണ്. ഇല്‍മീ രംഗത്ത് സേവനം ചെയ്യുന്ന പണ്ഡിതന്മാര്‍ തന്നെയാണ് ത്വരീഖത്തുകളുടെ ശൈഖുമാരും ഇജാസത്ത് കൊടുക്കുന്നവരുമായി നിലനിന്നത് എന്നത് കൊണ്ടാണ് 'കള്‍ട്ട് സ്വൂഫിസം' ഒരുകാലത്തും കേരളത്തില്‍ വേരുപിടിക്കാതെ പോയത്. അല്‍പജ്ഞാനികളും നിക്ഷിപ്ത താത്പര്യക്കാരും ശരീഅത്തില്ലാത്ത പലരും പലപ്പോഴും ശൈഖ് വേഷം കെട്ടി പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ ശരീഅത്തും ത്വരീഖത്തും ഒന്നിച്ച് സമ്മേളിച്ച പണ്ഡിതര്‍ അവര്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കിക്കൊണ്ടിരുന്നു. മുസ്‌ലിയാര്‍  എന്ന് വിളിക്കപ്പെടുന്ന മതപണ്ഡിതര്‍ക്ക് എന്നും ഉന്നത സ്ഥാനമാണ് കേരളീയ മുസ്‌ലിം സമൂഹം കല്‍പിച്ചുപോന്നത്. മക്ക, മദീന, സമര്‍ഖന്ദ്, ബുഖാറ, യമന്‍, കൂഫ, ബസ്വ്‌റ തുടങ്ങി ഒട്ടനേകം മുസ്‌ലിം പ്രദേശങ്ങളില്‍ നിന്ന് പണ്ഡിത കുടുംബങ്ങള്‍ ഇവിടെയെത്തി വൈജ്ഞാനിക രംഗത്ത് സേവനം ചെയ്തിരുന്നു. മഖ്ദൂമുമാരടക്കം മിക്ക ഉന്നത കുടുംബങ്ങളിലും ഈ അറേബ്യന്‍ പാരമ്പര്യം കാണാം. അവരില്‍ നിന്ന് അറിവ് നുകര്‍ന്ന് വിദ്യയുടെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന സ്വദേശി പണ്ഡിതന്മാര്‍, അവ എത്ര ദരിദ്ര- താഴ്ന്ന കുടുംബങ്ങളില്‍ നിന്നാണെങ്കിലും ഉന്നത സ്ഥാനവും ആദരവും നല്‍കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ ആലിമീങ്ങള്‍, സയ്യിദന്മാര്‍, സ്വൂഫി വര്യന്മാര്‍, ഉമറാക്കള്‍ എന്നിവര്‍ക്കിടയിലുണ്ടായ പരസ്പര ബഹുമാനവും കൂട്ടായ്മയും ഇന്നുവരെയും പുരോഗതിയുള്ള ഒരു സമൂഹമായി കേരള മുസ്‌ലിംകളെ വളര്‍ത്തുന്നതില്‍ നിസ്സീമമായ പങ്ക് വഹിച്ചിട്ടുണ്ട്.

അറബിമലയാള സ്വാധീനം

അറബിമലയാളം എന്നൊരു സങ്കര ഭാഷ കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വളര്‍ച്ചയിലും വ്യാപനത്തിലും വഹിച്ച പങ്ക് വഹിച്ചതാണ്. മലയാള ഭാഷ പോലും ശരിയായ വളര്‍ച്ചയെത്താത്ത ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ ഒരു അനിവാര്യത പോലെ കേരള മുസ്‌ലിംകളില്‍ രൂപം കൊണ്ട ഒരു അധ്യാപന മാര്‍ഗമായിരുന്നു അറബിമലയാളം. ഒട്ടനേകം മൗലിക കൃതികളും നിരവധി മഹാഗ്രന്ഥങ്ങളുടെ പരിഭാഷകളും ഈ ഭാഷയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കെടുപ്പില്‍ ഈ ഭാഷ പെടുത്തിയിരുന്നെങ്കില്‍ ഒരു സമൂഹമെന്ന നിലക്ക് ഏറ്റവുമാദ്യം സാക്ഷരത നേടിയവരെന്ന നിലയില്‍ മധ്യനൂറ്റാണ്ടുകളില്‍ ജീവിച്ച കേരളീയ മുസ്‌ലിംകളെ ഉള്‍പ്പെടുത്താമായിരുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷകളും സംസ്‌കാരങ്ങളും വാമൊഴികളും ഡയലറ്റുകളും പരിപോഷിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ബ്രഹത്തായ ഫണ്ടുകള്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാഹിത്യസമ്പന്നവും മുസ്‌ലിം സാംസ്‌കാരിക പൈതൃകത്തിന്റെ മഹാനേട്ടങ്ങളില്‍ ഒന്നുമായ അറബിമലയാളത്തിന്റെ പ്രചരണത്തിനു വേണ്ടി ഒരു ഗവണ്മെന്റ് സഹായവുമില്ലാതെത്തന്നെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ചുരുക്കത്തില്‍, ഇസ്‌ലാമിക ആഗമനത്തോളം പഴക്കമുണ്ട് കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രീതികളുടെ ചരിത്രത്തിന്. പ്രാഥമികാംഗത്വം മുതല്‍ കോളെജിയേറ്റ് എജ്യുക്കേഷന്‍ വരെയുള്ള ഓരോ രംഗത്തും കാലികമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ മുന്‍ഗാമികള്‍ ശ്രദ്ധിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ലോകത്തിലെ മിക്ക സമൂഹങ്ങളിലും പാശ്ചാത്യന്‍ അധിനിവേശ ഫലമായി സംഭവിച്ച ആധുനിക സൗകര്യങ്ങളുടെയും പുതിയ ഭൗതിക വിദ്യാഭ്യാസ രീതികളുടെയും വ്യാപനം സ്വാഭാവികമായും കേരളീയ മുസ്‌ലിംകളുടെ വിദ്യാഭ്യാസരീതിയിലും സ്വാധീനം ചെലുത്തി. എന്നാല്‍, ഇതേ കാലഘട്ടത്തില്‍ തന്നെ ആധുനികവത്കരണത്തിന്റെ മറപിടിച്ച് ലോകത്ത് വ്യാപിച്ച യുക്തിവാദം, ലിബറലിസം എന്നീ പുതുവീക്ഷണങ്ങളുടെ അളവുകോലുകള്‍ ഉപയോഗിച്ച് ഇസ്‌ലാമികാശയങ്ങളെ പുനര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചവരുടെ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചത് കേരളീയ മുസ്‌ലിംകളുടെ നവജാഗരണത്തിന്റെ ഭാവത്തെയും വേഗത്തെയും പ്രതിഫലനങ്ങളെയും സാരമായി ബാധിച്ചു. പാരമ്പര്യവാദികളും പുരോഗമനവാദികളും എന്നൊരു ചേരിതിരിവ് ഇക്കാലത്ത് സമൂഹത്തില്‍ രൂപപ്പെട്ടത് കൊണ്ട് തന്നെ ഓരോ മാറ്റത്തോടുള്ള പ്രതികരണങ്ങളില്‍ പാരമ്പര്യവാദത്തിന്റെ അവധാനതയുടം ആധുനികതയുടെ ചടുലതയും വസ്തുനിഷ്ഠമായി പഠിച്ചാല്‍ കാണാന്‍ കഴിയും.

പുരോഗമനവാദികള്‍ മാറ്റങ്ങളെ ആലോചനകള്‍ക്ക് വിധേയമാക്കാതെ ആദ്യം വാരിപ്പുണരുകയും പിന്നീടതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തപ്പോള്‍ പാരമ്പര്യവാദികള്‍ സൂക്ഷ്മത, ഭയഭക്തി തുടങ്ങിയ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമായി മാറ്റുരച്ച് വിലയിരുത്തുകയും ആവശ്യമുള്ളവയെ കൊള്ളുകയും അനാവശ്യവും മതവിരുദ്ധവുമായവയെ തള്ളുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. പുരോഗമന പ്രസ്ഥാനക്കാര്‍ മുസ്‌ലിം ബാങ്ക് തുടങ്ങിയത്, റാഷണലിസത്തിന്റെ അളവുകോല്‍ വെച്ച് ജിന്ന്, സിഹ്ര്‍, കണ്ണേറ്, മന്ത്രം തുടങ്ങി ഒട്ടനേകം വിഷയങ്ങളെ വ്യാഖ്യാനിച്ചത്, എല്ലാം പിന്നീട് തിരുത്തേണ്ടി വന്നത്, മതപഠനത്തെ അറബി ഭാഷാ പഠനമായി മാറ്റിയെടുത്തത് തുടങ്ങി കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സംഭവങ്ങള്‍ വെച്ച് മോഡേണിസത്തിന്റെ ഈ ചടുലതയും അതിന്റെ അനന്തരഫലങ്ങളും വിലയിരുത്താവുന്നതാണ്. ഭൗതിക വിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, മദ്‌റസാ പ്രസ്ഥാനം തുടങ്ങിയ അനേകം വിഷയങ്ങളില്‍ പാരമ്പര്യവാദികള്‍ സ്വീകരിച്ച നിലപാടും അതിന്റെ പ്രതിഫലനങ്ങളും പഠിച്ച് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. പാരമ്പര്യവാദം മാറ്റത്തിന് എതിരല്ല. മറിച്ച്, സൂക്ഷ്മതയോടെ അവക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നവരാണ് എന്ന സമൂഹശാസ്ത്ര സിദ്ധാന്തം ഇവിടത്തെ പാരമ്പര്യവാദികളെ സംബന്ധിച്ച് പൂര്‍ണമായും ശരിയായിരുന്നുവെന്ന് ഒരു യഥാര്‍ത്ഥ ഗവേഷകന് ബോധ്യപ്പെടും.

സമസ്തയും മതവിദ്യാഭ്യാസവും

നൂറ്റാണ്ടുകളോളം ഇസ്‌ലാമിക തത്ത്വത്തിലധിഷ്ഠിതമായ ജീവിതം നയിച്ച കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ആധുനികവത്കരണത്തിന്റെ പ്രധാന ഘടകമായ സംഘടനാവത്കരണം സംഭവിക്കുന്നത് 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ്. 1922ല്‍ കൊടുങ്ങല്ലൂരില്‍ രൂപംകൊണ്ട കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിക്കുന്നതോടെയായിരുന്നു സമസ്തയുടെ തുടക്കം. സംഘത്തിന്റെ അണിയറശില്‍പികള്‍ 1924ല്‍ കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിച്ചു. ഇസ്‌ലാമിക് ഉലമാ സംഘടന രൂപീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പണ്ഡിത സമ്മേളനത്തില്‍ നിന്ന് പ്രമുഖ പണ്ഡിതന്മാര്‍ വിട്ടുനിന്നെങ്കിലും അവര്‍ അത്തരം ഒരു നീക്കം അന്ധമായി എതിര്‍ത്തിരുന്നില്ല. എന്നു മാത്രമല്ല, പില്‍ക്കാലത്ത് സമസ്തയുടെ നിരയില്‍ പ്രവര്‍ത്തിച്ച ചില പണ്ഡിതര്‍ അതിനെ പിന്തുണക്കുക കൂടി ചെയ്തു. എന്നാല്‍, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ പുതിയ തൗഹീദ്, റശീദ് രിളയുടെ സലഫിസം, മുഹമ്മദ് അബ്ദുവിന്റെ ഇസ്‌ലാമിക് മോഡേണിസം, ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്‌ലാമിസം, ഉത്തരേന്ത്യയിലെ തഹ്‌രീകെ മുജാഹിദീന്‍, അഹ്‌ലെ ഹദീസ് തുടങ്ങി ഇസ്‌ലാമിന് നല്‍കപ്പെട്ട പുനര്‍വ്യാഖ്യാനങ്ങളുടെ കേരളീയ പതിപ്പ് ഇറക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രസ്തുത ഉലമാസംഘത്തിന്റെ പ്ലാറ്റ്‌ഫോമുകള്‍ അധികം വൈകാതെ ഉപയോഗപ്പെടുത്തിത്തുടങ്ങി. പ്രോജ്ജ്വലരായ പണ്ഡിതരെയും അവരെ പിന്‍പറ്റുന്ന ബഹുഭൂരിപക്ഷം വരുന്ന പൊതുജനങ്ങളെയും അവരുടെ മുന്‍തലമുറകളെയും എല്ലാം മുശ്‌രികുകളും ഇസ്‌ലാമിന് പുറത്തുനില്‍ക്കുന്നവരുമായി ചിത്രീകരിച്ചു കൊണ്ടുള്ള അപകടകരമായ നീക്കം ഒരു ഭാഗത്തുനിന്നും ഉയര്‍ന്നപ്പോള്‍ മറുഭാഗത്ത് പാശ്ചാത്യന്‍ വിദ്യാഭ്യാസത്തിന്റെ പ്രചരണവും അതിലൂടെ മുസ്‌ലിം കുടുംബങ്ങളിലേക്കും മഹല്ലുകളിലേക്കും പുത്തന്‍ ഭൗതിക സംസ്‌കാരത്തിന്റെ അധിനിവേശവും അതിലും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നു. കലാപത്തിന്റെ കെടുതികളില്‍ ഞെരിഞ്ഞമര്‍ന്ന ഒരു സമൂഹത്തില്‍ ഈ രണ്ട് പ്രശ്‌നങ്ങളെയും വളരെ പക്വമായും സൂക്ഷ്മതയോട് കൂടെയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. വരക്കല്‍ മുല്ലക്കോയ തങ്ങളെ പോലുള്ള യുഗപ്രഭാവരായ സയ്യിദുമാരും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലുള്ള കിടയറ്റ പണ്ഡിതന്മാരും ഉമറാക്കളുടെ പിന്തുണയോടെ രംഗത്തിറങ്ങി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിച്ചത് ഈ മഹത്തായ യത്‌നത്തിന് വേണ്ടിയാണ്.

നൂറ്റാണ്ടുകളായി കൈമാറിവന്ന ദീനീ സംസ്‌കാരവും മതവിജ്ഞാനീയങ്ങളും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിലാണ് ഈ പണ്ഡിത സഭ തങ്ങളുടെ അജന്‍ഡയില്‍ പ്രാമുഖ്യം നല്‍കിയത്. രണ്ടു ഭാഗത്തുനിന്നും ഉയര്‍ന്ന വെല്ലുവിളികള്‍ ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയത് പരിപാവനവും കളങ്കമറ്റതുമായ മതവിദ്യാ പ്രസരണത്തിനും കൈമാറ്റത്തിനും നേരെയായിരുന്നു. പുത്തന്‍ പാശ്ചാത്യന്‍ സംസ്‌കാരം മതപഠനത്തെ പഴഞ്ചനാക്കി ചിത്രീകരിച്ചപ്പോള്‍ മതനവീനവാദികള്‍ ഖുര്‍ആനും സുന്നത്തിനും പൂര്‍വസൂരികള്‍ നല്‍കിയ വിശദീകരണങ്ങളുടെ ആധികാരികത ചോദ്യം ചെയ്യുകയും മതപഠനത്തെ കേവലം ഖുര്‍ആന്‍, ഹദീസ് പരിഭാഷാ പഠനങ്ങളിലേക്കും അറബി ഭാഷാ പഠനത്തിലേക്കും ഒതുക്കുകയും ചെയ്തു. വലിയൊരു തകര്‍ച്ചയെ നേരിട്ട മതപഠന മേഖലയെ കുറിച്ചാണ് സമസ്തയുടെ പണ്ഡിതന്മാര്‍ ഏറെ വ്യാകുലപ്പെട്ടത്. ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ പല സംവിധാനങ്ങള്‍ ഉണ്ടെന്നും പ്രോത്സാഹിപ്പിക്കാതെ തന്നെ ഭൗതികതയില്‍ താത്പര്യം കൂടുന്നത് കാരണം ആ മേഖലയുടെ വിദ്യാഭ്യാസം വളരുമെന്നും മതസ്ഥാപനങ്ങളും ദര്‍സുകളും സ്ഥാപിക്കാനും ശക്തിപ്പെടുത്താനുമാണ് കഠിനാധ്വാനം ചെയ്യുന്നതെന്നും പണ്ഡിത സഭ വിലയിരുത്തി. മാത്രമല്ല, ആദ്യഘട്ടത്തില്‍ അനേകം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിലല്ല; മറിച്ച്, പൊതുജനങ്ങളില്‍ ദീനീ വിജ്ഞാനം പ്രചരിപ്പിക്കാന്‍ വഅ്‌ളുകളും മതപഠന ക്ലാസുകളും പൊതുസമ്മേളനങ്ങളും വ്യാപകമായി നടത്താനാണ് സമസ്തക്കാര്‍ യത്‌നിച്ചത്. ഇതിനിടയില്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ട് നടത്താന്‍ സമസ്ത യത്‌നിച്ചില്ല എന്നത് സത്യമാണ്. അതിന് കാരണം മതവിദ്യയുടെ പ്രചരണത്തില്‍ അവര്‍ കാണിച്ച അമിത ശ്രദ്ധയാണ്. എന്നാല്‍ ഒരിക്കലും ഭൗതിക വിദ്യക്ക് സമസ്ത എതിരുനിന്നില്ല. 1930കളില്‍ സമസ്ത അംഗീകരിച്ച ഭരണഘടന തന്നെ മതവിദ്യക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ അതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നായി ഉദ്ധരിക്കുന്നു. അജന്‍ഡയിലെ മുന്‍ഗണനയായ മതവിദ്യയുടെ ശാക്തീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിന് ശേഷം സമസ്ത തന്നെ നേരിട്ട് ഈ രംഗത്തേക്ക് കടന്നുവന്നു. ഇക്കാലയളവിലെല്ലാം കൂറു പുലര്‍ത്തുന്ന ഭൂരിപക്ഷ മുസ്‌ലിം സമുദായത്തില്‍ വളര്‍ന്നുവന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമസ്തയുടെ പണ്ഡിതന്മാര്‍ എന്നും സഹകരിച്ചു. ഇരുപത് വര്‍ഷത്തോളം സമസ്തയുടെ പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ പുതുപ്പറമ്പ് സ്‌കൂളിന്റെ മാനേജര്‍ കൂടിയായിരുന്നു. എന്നാല്‍ മുസ്‌ലിം വിദ്യാഭ്യാസ ഏജന്‍സികള്‍ പോലും മതവിരുദ്ധമായ നീക്കങ്ങള്‍ നടത്തിയപ്പോള്‍ സമസ്ത അതിനെതിരെ ശക്തമായി പ്രതികരിച്ചു. യഥാര്‍ത്ഥ ചരിത്രാന്വേഷകര്‍ ഇതിനോട് ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കണം. ലോകത്തെ മിക്ക സമൂഹങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ആധുനികവത്കരണവും ശാസ്ത്രീയ വിദ്യാഭ്യാസവും വ്യാപകമാവുകയും മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തള്ളുകയും കൊള്ളുകയും ചെയ്യുക എന്ന സമീപനങ്ങള്‍ അവിടെയെല്ലാം സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

നൂറ്റാണ്ടുകളുടെ വിദ്യാ പൈതൃകവും സമര പാരമ്പര്യവും അന്താരാഷ്ട്ര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter