ജാനീസ് ഹഫ് ആമിന അസ്സില്‍മിയായി മാറിയത് ഇങ്ങനെയായിരുന്നു
ഇസ്‍ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി, അന്താരാഷ്ട്ര ജനശ്രദ്ധ പിടിച്ചു പറ്റിയ വനിതയാണ് ആമിന അസ്സിൽമി. ലോകത്തെ സ്വാധീനിച്ച 500 മുസ്‍ലിം വനിതകളിൽ ഇടം നേടിയ അസിൽമി, ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്‍ലിം വിമന്റെ ഡയറക്ടർ കൂടിയായിരുന്നു.
1945ല്‍ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു ജാനീസ് ഹഫ് എന്ന ആമിനയുടെ ജനനം. ക്രിസ്തീയ മതാചാരങ്ങളെല്ലാം പാലിച്ചായിരുന്നു ജീവിത രീതി. ക്രിസ്ത്യൻ പള്ളിയിലെ ബാപ്റ്റിസ്റ്റ് (ജ്ഞാന സ്നാനം ചെയ്യിക്കുന്നയാൾ) ആയും ജാനീസ് പ്രവർത്തിച്ചിട്ടുണ്ട്. ക്രിസ്ത്യൻ പണ്ഡിത കൂടിയായ അസിൽമിയുടെ ഇസ്‍ലാം ആശ്ലേഷണ കഥ വളരെ വിചിത്രമാണ്.
1975 ലാണ് ജാനീസ് കമ്പ്യൂട്ടർ പഠനത്തിന് വേണ്ടി തീയേറ്റർ ക്ലാസ്സിനു ജോയിൻ ചെയ്യുന്നത്. വളരെ ആകാംക്ഷയോടെ ക്ലാസ്സിൽ വന്ന ജാനീസ് തന്റെ ഒപ്പമുള്ളവരെ കണ്ട് ആശ്ചര്യപ്പെട്ടു. മുഴുവനും അറബ് മുസ്‌ലിംകൾ ആയിരുന്നു ക്ലാസ്സിനുണ്ടായിരുന്നത്. ക്രിസ്ത്യൻ മത വിശ്വാസി ആയത് കൊണ്ട് തന്നെ മുസ്‍ലിംകള്‍ ആയ തന്റെ സഹപാഠികളെ അവര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല. പഠനം നിര്‍ത്താം എന്ന് വരെ ഒരു വേള കരുതി. ഒരുപാട് ദിവസം ക്ലാസ്സിനു പോവാതെ വീട്ടിൽ തന്നെയിരുന്നു.
അതിനിടയിലാണ് പൊതുവേ ശാന്ത സ്വഭാവക്കരനായ തന്റെ ഭർത്താവ് അവളോട് പഠനം തുടരാന്‍ ആവശ്യപ്പെടുന്നത്. "അവർക്ക് കാരണം നീ എന്തിന് പഠനം മുടക്കണം, അവരെ കൂടി ക്രിസ്ത്യൻ മതത്തിലേക്ക് കൊണ്ട് വരാൻ ആയാൽ അത് വലിയ നേട്ടമല്ലേ" ഇതായിരുന്നു ഭർത്താവിന്റെ ഉപദേശം. അതനുസരിച്ച് അവര്‍ ക്ലാസ്സിനു പോവാൻ തന്നെ തീരുമാനിച്ചു. അവരെയെന്തെങ്കിലും പറഞ്ഞ് തന്റെ മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കണമെന്ന ഉദ്ദേശ്യമായിരുന്നു പ്രധാനമായും മനസ്സിലുണ്ടായിരുന്നത്.
ശേഷം മുസ്‍ലിം സുഹൃത്തുക്കളോട് ക്രിസ്ത്യൻ മതത്തെ കുറിച്ച് സംസാരിക്കാൻ ഒരുപാട് സമയം ചെലവഴിച്ചു. വളരെ സൗമ്യമായി എല്ലാം കേട്ട് നിന്ന അറബ് മുസ്‌ലിം സുഹൃത്തുക്കൾ അവരുടെ മതം ഉപേക്ഷിക്കാനോ ക്രിസ്ത്യൻ മതം സ്വീകരിക്കാനോ തയ്യാറായില്ല. ഇത് കണ്ട് ദേഷ്യം തോന്നിയ ജാനീസ് പുതിയ പദ്ധതികൾ ആലോചിച്ചു. അർദ്ധ നഗ്നയായി മദ്യ ചഷകവുമായി അവരെ വശീകരിക്കാൻ വരെ അതിന്റെ ഭാഗമായി ശ്രമിച്ചുനോക്കി. എന്നാല്‍ അതൊന്നും അവരില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല.
ഇനി എന്ത് എന്ന ചിന്ത എത്തിപ്പെട്ടത്, ഖുർആൻ വായിച്ച് അതിലെ പിഴവുകൾ അവർക്ക് ചൂണ്ടി കാണിച്ച് ഇസ്‌ലാം എത്രത്തോളം വിഡ്ഢിത്തവും, പ്രാകൃതവുമാണെന്ന് ബോധ്യപ്പെടുത്തുക എന്നതിലായിരുന്നു. മുസ്‍ലിം സുഹൃത്തുക്കളിൽ ഒരാളില്‍നിന്ന് തന്നെ അവര്‍ ഖുർആൻ പ്രതി സ്വന്തമാക്കി. ഇസ്‍ലാമുമയി ബന്ധപ്പെട്ട ഏതാനും ഗ്രന്ഥങ്ങളും ഖുർആനും വായിച്ച് മനസ്സിലാക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍.
പക്ഷെ, ഖുർആൻ വായിച്ചു തുടങ്ങിയ ജാനീസ് ഇസ്‍ലാമിന്റെ മൂല്യങ്ങളിൽ ആകൃഷ്ടയാവുകയും താൻ വിശ്വസിക്കുന്ന ക്രിസ്തു മതം എത്രത്തോളം തെറ്റാണെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്ത് തുടങ്ങി. അതോടെ ഇസ്‍ലാം സ്വീകരിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അത് വരെ മോഡേൺ ഫെമിനിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന അസ്സിൽമി അതോടെ, ഞാൻ ഒരു തികഞ്ഞ മുസ്‍ലിം വിശ്വാസിനിയാണെന്ന് ലോകർക്ക് മുന്നിൽ വിളിച്ച് പറഞ്ഞു, ഇനി മുതല്‍ താന്‍ ജാനീസ്അല്ല, ആമിന ആയിരിക്കുമെന്നും.
ഇസ്‌ലാം മതത്തെ കുറിച്ച് ഉള്ള പഠനത്തിന് ഇടയിൽ തന്നെ ഭർത്താവുമായുള്ള ബന്ധം മെല്ലെ അകന്ന് തുടങ്ങിയിരുന്നു. മുസ്‍ലിം ആയെന്ന വാർത്ത കൂടി അറിഞ്ഞതോടെ അവളെ ഒഴിവാക്കാൻ തന്നെ ഭർത്താവ് മുതിർന്നു. തന്റെ കുടുംബത്തിൽ നിന്നും മോശമായ അനുഭവമായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്. തന്റെ കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ, കുഞ്ഞുങ്ങളെ പ്രാകൃത വിശ്വാസിനിയോടൊപ്പം വിടുന്നതിനേക്കാൾ ഉചിതം അമ്മയില്ലാതെ ജീവിക്കുന്നതാണ് എന്നായിരുന്നു കോടതി പോലും പറഞ്ഞത്.
ആമിനയുടെ മുന്നിൽ രണ്ട് മാർഗമേ ഉണ്ടായിരുന്നുള്ളൂ, കുട്ടികൾക്ക് വേണ്ടി ഇസ്‌ലാം മതം ഉപേക്ഷിച്ച് തന്റെ പഴയ മതത്തിലേക്ക് തിരിച്ച് വരിക, അല്ലെങ്കിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഇസ്‍ലാമിക നിയമപ്രകാരം ജീവിക്കുക, എന്നാല്‍ ആമിന തിരഞ്ഞെടുത്തത് ഇസ്‌ലാം മതത്തെയായിരുന്നു. കുഞ്ഞുങ്ങളെ പരലോകത്ത് വെച്ച് അല്ലാഹു തനിക്ക് തിരിച്ച് തരാതിരിക്കില്ല എന്ന വിശ്വാസത്തോടെ അവള്‍ തല്ക്കാലത്തേക്ക് അവരുമായി പിരിഞ്ഞു.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ഒരുപാട് സാമൂഹിക ശാക്തീകരണ പരിപാടി കളിൽ അസ്സിൽമി പങ്കാളിയായി. അമേരിക്കയിലുടനീളം തന്റെ പൊതുപ്രവർത്തനവുമായി അസ്സിൽമി സജീവമായി നിന്നു . 2004 ൽ സ്പെയ്നിലെ ബാര്‍സലോണയിൽ വെച്ച് നടന്ന ലോക മതങ്ങളുടെ സമ്മേളനത്തിൽ ഇസ്‍ലാമിനെ പ്രതിനിധീകരിച്ച് സംസാരിച്ചത് അവരായിരുന്നു. 1980 കളിൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്‍ലിം വിമൺ എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ പോഷക സംഘടനകൾ ലോകത്ത് പല ഭാഗത്തായി തുടങ്ങുകയും ചെയ്തു.
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി പെരുന്നാൾ ദിനത്തിൽ ഈദ് മുബാറക് സ്റ്റാമ്പ് ഇറക്കിയത് ആമിന അസ്സിൽമിയുടെ നേതൃത്വത്തിലായിരുന്നു. അസ്ഥിക്ക് ക്യാൻസർ ബാധിച്ചിരുന്നതിനാൽ കുറച്ച് കാലം വീൽ ചെയറിന്റെ സഹായത്തോടെയായിരുന്നു അസിൽമി ജീവിച്ചത്. രണ്ട് തവണ ഹജ്ജ് കർമ്മം അസ്സിൽമി നിർവ്വഹിച്ചതില്‍ ഒരു തവണ വീൽചെയറിന്റെ സഹയത്തോട് കൂടിയായിരുന്നു.
2010 മാർച്ച്5 ന് പുലർച്ചെ 3.30 നുണ്ടായ കാറപകടത്തില്‍ മഹതി കൊല്ലപ്പെട്ടു. ഇസ്‍ലാമിക ആചാര പ്രകാരം മരണാന്തര കർമ്മങ്ങളെല്ലാം നിർവ്വഹിച്ചു. വിമര്‍ശിക്കാനായി ഖുർആൻ പഠിച്ച് തുടങ്ങി, അതിന്റെ ഉന്നതമൂല്യങ്ങളില്‍ ആകൃഷ്ടരായി പുണ്യ മതം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച പ്രമുഖരില്‍ ആമിന അസ്സിൽമിയുടെ നാമവും എന്നും നിലകൊള്ളും.
Leave A Comment