ജായ് പാൾഫറെയ്; യാത്രകളിലൂടെ ഇസ്‍ലാമിനെ കണ്ടെത്തിയ ബ്രിട്ടീഷ് വ്ളോഗര്‍
വ്യത്യസ്ത രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തന്റെ യാത്രാനുഭവങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കുന്ന അറിയപ്പെട്ട ബ്രിട്ടീഷ് വ്ലോഗറാണ് ജായ് പാൾഫറെയ്. നിരീശ്വരവാദിയായിരുന്ന അദ്ദേഹം തന്‍റെ യാത്രകളിലൂടെ അവസാനം എത്തിപ്പെട്ടത് വിശുദ്ധ ഇസ്‍ലാമിന്റെ തീരത്തായിരുന്നു.
ബ്രിട്ടനിലെ ഒരു നിരീശ്വരവാദി കുടുംബത്തിലാണ് ജായ് പാൾഫറെയ് ജനിക്കുന്നത്. ഇസ്‍ലാമിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ മാത്രം കേട്ട് പരിചയിച്ച അദ്ദേഹം മുസ്‍ലിംകളോട് അങ്ങേയറ്റം വിരോധം വെച്ചുപുലർത്തിയിരുന്നു. എന്നാൽ ഒരു യാത്രികൻ ആയി മാറിയശേഷം മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്കായി അദ്ദേഹം നടത്തിയ സഞ്ചാരങ്ങളാണ് ഇസ്‍ലാമിന്റെ യഥാർത്ഥ വശം എന്തെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ലഭിക്കാൻ കാരണമായത്.
തുർക്കി, പാക്കിസ്ഥാൻ പോലോത്ത മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാനായി നടത്തിയ യാത്രകളാണ് ജായ്‍യുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അവിടങ്ങളിലെ ജന ജീവിതങ്ങൾ ഒപ്പിയെടുക്കാനുള്ള ശ്രമങ്ങൾ അദ്ദേഹത്തെ ഇസ്‍ലാം മതത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ താൻ കേട്ടറിഞ്ഞതിനു വിരുദ്ധമായ രീതിയിലുള്ളതായിരുന്നു പാകിസ്ഥാനിലെയും തുർക്കിയിലെയും മുസ്‍ലിംകളുടെ സ്വഭാവ പ്രകൃതങ്ങൾ എന്ന് ജായ് പാൽഫറെയി പറയുന്നുണ്ട്. മുസ്‍ലിംകളുടെ പെരുമാറ്റ രീതികളിലും ജീവിത ശൈലികളിലും ആകൃഷ്ടനായ അദ്ദേഹം ഇസ്‍ലാമിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി. അതിലൂടെ അദ്ദേഹം ഇസ്‍ലാം മതം സ്വീകരിക്കുക എന്ന മഹത്തരമായ തീരുമാനത്തിൽ എത്തിച്ചേരുകയും ചെയ്തു.
ഇസ്താംബൂളിലെ സുലൈമാനിയ മസ്ജിദിൽ വെച്ചാണ് ജായ് സത്യസാക്ഷ്യം ഉച്ചരിച്ച് ഇസ്‍ലാം മതം സ്വീകരിച്ചത്. തന്‍റെ ഇസ്‍ലാമിക പരിവർത്തന കഥകൾ പങ്കുവെച്ച ശേഷം അദ്ദേഹം പ്രേക്ഷകരോട് ആയി പറയുന്നത്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നാണ്.
മുസ്‍ലിമായതിൽ പിന്നെ ഇസ്‍ലാമിനെ കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റായ മുൻധാരണകൾ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം യാത്രകൾ ചെയ്യുന്നത്. അതിനായി മുസ്‍ലിം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവിടങ്ങളിലെ കഥകളാണ് അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ പങ്കുവെക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം വളരെ മോശമായ കാഴ്ചപ്പാടുകളാണ് ജനങ്ങൾക്ക് ഇസ്‍ലാമിനെക്കുറിച്ചുള്ളതെന്നും അവയെല്ലാം മാറ്റിയെടുക്കലാണ് ഇനി തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും ഒരു അഭിമുഖത്തില്‍ ജായ് പങ്കുവെക്കുന്നുണ്ട്.
ലോകത്തെ ഇസ്‍ലാമേതര വിശ്വാസികളോടായി ജായ് പാൾഫറെയ്ക്ക് പറയാനുള്ളത് ഇതാണ്: നിങ്ങൾ മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ട് അവിടങ്ങളിലെ മുസ്‍ലിം ജനങ്ങളുമായി ഇടപഴകി സംസാരിക്കുക. എന്നിട്ട് ഇസ്‍ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ സ്വന്തം അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കുക. എന്നാൽ മാധ്യമങ്ങളിൽ കാണുന്നതല്ല ഇസ്‍ലാമിന്‍റെ യഥാർത്ഥ മുഖം എന്ന ബോധം നിങ്ങൾക്ക് ലഭിക്കുമെന്നത് തീർച്ചയാണ്.
Leave A Comment