ഫലസ്തീന്‍ നേതാക്കള്‍ അള്‍ജീരിയയില്‍
അള്‍ജീരിയയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫലസ്തീന്‍ നേതാക്കള്‍ അള്‍ജീരിയയിലെത്തി. 1962 ജൂലൈ 5 ന് ഫ്രാൻസിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അറുപതാം വാർഷികത്തിന്റെ ആഘോഷങ്ങളിലേക്കാണ്, അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് താബൂൻ ഫലസ്തീന്‍ നേതാക്കളെ പ്രത്യേകം ക്ഷണിച്ചത്. സ്വാതന്ത്ര്യത്തിലും രാജ്യത്തിന്റെ വളര്‍ച്ചയിലും ഫലസ്തീനികള്‍ വഹിച്ച പങ്കിന്റെ ഓര്‍മ്മ പുതുക്കാന്‍ കൂടിയാണ് ഫലസ്തീന്‍ നേതാക്കളെ ക്ഷണിച്ചത്.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ, ഉപപ്രധാനമന്ത്രി സിയാദ് ഉമർ, ഇന്റലിജൻസ് മേധാവി മജീദ് ഫറാജ്, ചീഫ് ജസ്റ്റിസ് മുഹമ്മദ് അൽ ഹബ്ബാഷ്, ഹമാസ് നേതാവ് സാമി അബൂ സുഹ്‌രി എന്നിവരാണ് പ്രത്യേക അതിഥികളായി അള്‍ജീരിയയിലെത്തിയത്.
ആഘോഷപരിപാടികള്‍ക്ക് ശേഷം ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും പ്രത്യേക കൂടിക്കാഴ്ചയും നടത്തി. ഫത്ഹും ഹമാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍, അറബ് ഉച്ച കോടിക്ക് മുമ്പായി, അള്‍ജീരിയന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ കൂടിക്കാഴ്ച സഹായകമാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2007 ല്‍ ഗാസ വിഭജനത്തിലേക്ക് വരെ നയിച്ചത് ഫത്ഹും ഹമാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.