വിൽപന അല്ലാഹുവിനാകുമ്പോൾ 

അബൂബക്ർ സ്വിദ്ദീഖ് (റ) ഇസ്ലാമിക രാജ്യത്തിന്റെ ഖലീഫയായ  കാലം. ഒരു വലിയ ക്ഷാമം മദീനയെ പിടിച്ചുലച്ചു. വിഭവങ്ങൾ ദുർലഭം. ഉള്ള ചരക്കുകൾക്കാവട്ടെ തീ വില. ജനങ്ങൾ വലഞ്ഞു. ഈ സമയത്താണ് ശാമിൽ നിന്ന്  വിപുലമായൊരു  ഒട്ടക സംഘം മദീനയിലെത്തിയത്. നൂറു കണക്കിന് ഒട്ടകങ്ങളും അവയുടെ പുറത്ത് ഭാരിച്ച കച്ചവടച്ചരക്കുകളും. മദീനയിലെ വർത്തക പ്രമുഖനായിരുന്ന ഉസ്മാനുബ്നു അഫ്ഫാൻ (റ) വിന്റെ വ്യാപാരച്ചരക്കുകളായിരുന്നു അവ.  

അവ വിലക്കെടുക്കുന്നതിനായി ചില കച്ചവടക്കാർ സംഘടിതരായി ഉസ്മാൻ (റ) നെ സമീപിച്ചു  'താങ്കളുടെ ഈ കച്ചവടച്ചരക്കുകൾ മുഴുവൻ വിലക്ക് വാങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു' ഉസ്മാൻ (റ) പറഞ്ഞു: 'നിങ്ങൾ ഇവക്ക് എന്തു വിലയാണ് കാണുന്നത് ?' 'നിങ്ങൾ മുതലിറക്കിയതിന്റെ ഇരട്ടി വിലതരാം' 'ഇരട്ടിയോ അതിനേക്കാൾ എത്രയോ കൂടുതൽ വില എനിക്ക് വേറെ കിട്ടും' അവർ വീണ്ടും വിലകൂട്ടിപ്പറഞ്ഞുനോക്കി. 

ഉസ്മാൻ (റ) കച്ചവടക്കാരോട് പറഞ്ഞു : തീർച്ചയായും അല്ലാഹു എനിക്ക് ഒരു ദിർഹമിന് 10 ദിർഹം കണ്ട് നൽകും അതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് തരാൻ കഴിയുമോ?' 'അതിന് ഞങ്ങൾക്കാവില്ല' കച്ചവടക്കാർ നിരാശരായി. ഉസ്മാൻ (റ) പറഞ്ഞു: 'ഈ വിഭവങ്ങൾ മുഴുവൻ ഞാനിതാ അല്ലാഹുവിന് വിറ്റിരിക്കുന്നു. മദീനയിലെ പാവപ്പെട്ടവർക്ക് ദാനം ചെയ്തിരിക്കുന്നു' 

Also Read:വായിക്കണം; കൊള്ളാവുന്നത്

ദുൻയാവിലെ താൽകാലികവും തുച്ഛവുമായ  ലാഭത്തിനുവേണ്ടി തക്കം പാർത്തിരുന്നും കുതന്ത്രം മെനഞ്ഞും വിലകൂട്ടിപ്പറഞ്ഞും വിലപ്പെട്ട സമയവും ആരോഗ്യവും നശിപ്പിക്കുന്നവൻ സത്യത്തിൽ നഷ്ടക്കച്ചവടത്തിലാണ്.  രാവും പകലുമില്ലാതെ - ഊണും ഉറക്കുമില്ലാതെ ബിസിനസേ ജീവിതം എന്ന നിലയിൽ ബാങ്ക് ബാലൻസ് വർധിപ്പിച്ചുകൊണ്ടിരിക്കാനും സമ്പന്നനെന്ന പേര് സമ്പാദിക്കാനുമായി സമർപ്പണം ചെയ്യപ്പെട്ട ചിലരെ കാണാം. വലിയ മനക്കണക്കുകൂട്ടി പണം പണം എന്ന മോഹവുമായി ജീവിക്കുന്നവർ. 

പണം  ദുഷ്ടനായ യജമാനനും പണക്കാരൻ അതിൻ്റെ അടിമയുമാകുന്ന ദുരവസ്ഥ. പണം വാരിക്കൂട്ടാൻ അവൻ  ആരോഗ്യം ക്ഷയിപ്പിക്കുന്നു. പിന്നെ ആരോഗ്യം വീണ്ടെടുക്കാൻ ആശുപത്രികളിൽ പണം ചെലവഴിക്കുന്നു. അഥവാ പണത്തിന് വേണ്ടി ആരോഗ്യം കൊടുത്തു. ആരോഗ്യത്തിനു വേണ്ടി പണം കൊടുത്തു. അവസാനം മരണം വരുമ്പോൾ അവനു വട്ടപൂജ്യവും. 
വിവേകി സ്ഥായിയായ ലാഭത്തിനുവേണ്ടി അധ്വാനിക്കുന്നവനാണ്. ജീവിക്കാൻ സമ്പത്ത് വേണം. 

എന്നാൽ ജീവിതം സാമ്പത്തിനുവേണ്ടിയാവരുത്. പണവും ആരോഗ്യവും ആലോചിച്ച് ആസൂത്രണത്തോടെ വിനിയോഗിച്ചാൽ ഇരുലോകത്തും ലാഭം നേടാം. അതാവും മഹത്തായ നേട്ടം. 

നബി തങ്ങൾ പറഞ്ഞു: അല്ലാഹുവാണേ, നിങ്ങൾക്ക് ഞാൻ ദാരിദ്ര്യമല്ല ഭയപ്പെടുന്നത്. മുൻഗാമികൾക്ക് ദുൻയാവ് വിശാലമാക്കപ്പെട്ട പോലെ നിങ്ങൾക്കും ദുൻയാവ് നൽകപ്പെടുമോ എന്നാണെന്റെ പേടി. അവർ മത്സരിച്ചതുപോലെ നിങ്ങൾ അതിനുവേണ്ടി മത്സരിക്കുകയും അത് അവരെ നശിപ്പിച്ചപോലെ നിങ്ങളെയും നശിപ്പിക്കുമോ എന്ന് ഞാൻ പേടിക്കുന്നു. (ബുഖാരി, മുസ്‌ലിം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter