അന്നൊരു റബീഅ് പന്ത്രണ്ടിന്...
ക്രിസ്തു വര്‍ഷം 571.. കഅ്ബാലയം പൊളിക്കാന്‍ ആനപ്പടയുമായി അബ്റഹതും സംഘവും വന്ന് നശിപ്പിക്കപ്പെട്ടിട്ട് ഏതാനും ദിവസങ്ങളേ കഴിഞ്ഞിട്ടുള്ളൂ. അബ്ദുല്‍മുത്ത്വലിബിന്റെ മനസ്സില്‍നിന്ന് ആ രംഗങ്ങള്‍ ഇപ്പോഴും വിട്ട്പോയിട്ടില്ല. അബാബീല്‍ പക്ഷികളുടെ വരവും ആനപ്പടയുടെ തിരിഞ്ഞോട്ടവും അദ്ദേഹം ഇപ്പോഴും ഇടക്കിടെ മനസ്സില്‍ കാണാറുണ്ട്. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും ആ ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം വിരിയിച്ചു.
കഅ്ബയെ ചുറ്റിപ്പറ്റി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചിറക് വെച്ച് പറന്നു. പെട്ടെന്ന് ആ മുഖത്ത് ദുഖത്തിന്റെ കാര്‍മ്മേഘം പരന്നപോലെ. കാരണം മറ്റൊന്നുമല്ല, കഅ്ബയെ കുറിച്ച് ഓര്‍ത്തപ്പോഴേക്ക് തന്റെ മരണപ്പെട്ടുപോയ മകന്‍ അബ്ദുല്ലയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അറിയാതെ കടന്നുവന്നു. തനിക്ക് പത്ത് മക്കളുണ്ടായാല്‍ അവരില്‍ ഒരാളെ കഅ്ബയുടെ സമീപം വെച്ച് അല്ലാഹുവിന് വേണ്ടി ബലികഴിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. മക്കളുടെ എണ്ണം പത്ത് തികഞ്ഞപ്പോള്‍, ആരെ അറുക്കണമെന്ന പരീക്ഷണത്തില്‍ അബ്ദുല്ലയുടെ പേരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ശേഷം, തന്റെ ആളുകളുടെ എതിര്‍പ്പ് മാനിച്ച് ആ തീരുമാനം വേണ്ടെന്ന് വെച്ചതും അതിന് പകരം നൂറ് ഒട്ടകത്തെ ബലി കഴിച്ചതും അദ്ദേഹത്തിന്റെ മനസ്സില്‍ ഇന്നും പച്ച പിടിച്ചുനില്‍ക്കുന്നു. പക്ഷേ, ഇരുപത്തഞ്ച് വയസ്സ് തികഞ്ഞപ്പോഴേക്കും മരണത്തിന് കീഴടങ്ങാനായിരുന്നു അബ്ദുല്ലായുടെ വിധി. മാസങ്ങള്‍ കഴിഞ്ഞെങ്കിലും ആ അകാലമരണം ഇന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു നൊമ്പരമായി നീറുന്നുണ്ട്.
എന്നാല്‍ അബ്ദുല്ലയുടെ ഭാര്യ ആമിന ഗര്‍ഭിണിയാണെന്നത് അദ്ദേഹത്തിന് സന്തോഷം പകര്‍ന്നു. തന്റെ മകന്റെ ഓര്‍മ്മക്കായി ഒരു കുഞ്ഞ് പിറക്കുമല്ലോ. മരുമകളുടെ സുഖപ്രസവത്തിനായി അദ്ദേഹം മനസ്സാപ്രാര്‍ത്ഥിച്ചു.
റബീഉല്‍അവ്വല്‍ മാസം, ആമിനായുടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച പൂര്‍ത്തിയായിരിക്കുന്നു. തന്റെ ഭര്‍ത്താവിന്റെ മരണം തീര്‍ത്ത ദുഖം ഇപ്പോഴും ബാക്കിയുണ്ടെങ്കിലും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചോര്‍ത്ത് ആ ദുരന്തസ്മരണയില്‍നിന്ന് അവര്‍ പരമാവധി വിട്ട്നിന്നു. കടിഞ്ഞൂല്‍ഗര്‍ഭമാണെങ്കിലും, സഹജമായ പ്രയാസങ്ങളോ അസ്വസ്ഥതകളോ ഒന്നും ഇല്ലാതിരുന്നത് ആമിനയെ കൂടുതല്‍ സന്തുഷ്ടയാക്കി. തന്റെ ഗര്‍ഭത്തിലിരിക്കുന്നത് ഒരു സാധാരണകുഞ്ഞല്ലെന്ന് അവര്‍ക്ക് ഇതിനകം തന്നെ ബോധ്യപ്പെട്ടുകഴിഞ്ഞിരുന്നു. പ്രസ്തുത കാര്യം വിവിധ രാത്രികളിലായി സ്വപ്നങ്ങളിലൂടെ പലരും അവരെ അറിയിച്ചിട്ടുണ്ടായിരുന്നു.
Read More: ഉവൈസുല്‍ ഖറനി, പ്രവാചകരെ കാണാനാവാത്ത അനുരാഗി
റബീഉല്‍അവ്വല്‍ 11, ഞായറാഴ്ച ദിവസം. ഏത് സമയവും പ്രസവം ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഓരോനിമിഷവും ആമിന കഴിച്ച്കൂട്ടുന്നത്. അന്നും രാത്രിയായതോടെ ആമിന സാധാരണപോലെ ഉറങ്ങാന്‍ കിടന്നു. കൂട്ടിനായി മറ്റൊരു സ്ത്രീയുമുണ്ട്.
സ്വസ്ഥമായി ഉറങ്ങിയ ആമിന നേരംവെളുക്കുന്നതിന് അല്‍പം മുമ്പെ ഉണര്‍ന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞതും അവര്‍ സുന്ദരനായ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരു വേള, ലോകം മുഴുവന്‍ പ്രകാശിച്ചത്പോലെ അവര്‍ക്ക് തോന്നി. റോമിലെ കൊട്ടാരങ്ങള്‍ പോലും ആ പ്രകാശത്തില്‍ ദൃശ്യമായി. കൂടെയുണ്ടായിരുന്ന സ്ത്രീ പറയുന്നു, ആകാശത്തിലെ താരകങ്ങള്‍ താഴോട്ട് ഇറങ്ങിവരുന്നതായി എനിക്ക് തോന്നി, അവ ഞങ്ങളുടെ മേല്‍വീഴുമോ എന്ന് വരെ ഞാന്‍ സംശയിച്ചുപോയി.
അധര്‍മ്മത്തിന്റെ ഉപാസകര്‍ വിറച്ചുപോയ നിമിഷമായിരുന്നു അത്. ബഹുദൈവാരാധനയുടെ പ്രതിബിംബങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു പോയ നിമിഷം. പിശാച് ഏറെ ദുഖിക്കുകയും പ്രയാസമനുഭവിക്കുകയും ചെയ്തതും അന്നായിരുന്നു. പൂര്‍വ്വവേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന പലരും വിവിധ ലക്ഷണങ്ങളിലൂടെ ആ തിരുപിറവിയെകുറിച്ച് മനസ്സിലാക്കുകയും കൂടെയുള്ളവരോട് പങ്കുവെക്കുകയും ചെയ്തു.
വിവരമറിഞ്ഞ അബ്ദുല്‍മുത്ത്വലിബ് സന്തോഷാധിക്യത്തോടെ കുട്ടിയെ കാണാനെത്തി. ആമിനയില്‍നിന്ന് അതുവരെ കേട്ടിരുന്ന വിവിധസ്വപ്നവിവരങ്ങളും പ്രസവസമയത്തെ അല്‍ഭുതങ്ങളും അദ്ദേഹത്തിന്റെ സന്തോഷം വര്‍ദ്ദിപ്പിച്ചു. ചേലാകര്‍മ്മം ചെയ്യപ്പെട്ട നിലയില്‍ കുഞ്ഞിനെ കാണപ്പെട്ടതോടെ, തന്റെ മകന്ന് കാര്യമായ മഹത്വം കൈവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു.
ഏഴാം ദിവസം അബ്ദുല്‍മുത്ത്വലിബ് കുട്ടിക്ക് വേണ്ടി അറവ് നടത്തുകയും ആളുകളെ ക്ഷണിച്ച് സദ്യയൊരുക്കുകയും ചെയ്തു. കൊച്ചുമകന്ന് മുഹമ്മദ് എന്നാണ് പേരിട്ടതെന്നറിഞ്ഞ് സദ്യക്കെത്തിയവര്‍ അദ്ദേഹത്തോട് അല്‍ഭുതം പ്രകടിപ്പിച്ചു. കാരണം, ആ നാമം അവര്‍ക്ക് അധികം പരിചിതമായിരുന്നില്ല. സംശയത്തിന് പോലും വകയില്ലാത്ത വിധം അബ്ദുല്‍മുത്ത്വലിബ് അവരോട് പറഞ്ഞു, ആകാശലോകത്ത് അല്ലാഹുവും ഭൂമിയില്‍ അവന്റെ സൃഷ്ടികളും ഈ കുഞ്ഞിനെ സ്തുതിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ ഇങ്ങനെ പേരിട്ടത്.
മാനവരാശിയുടെ വിമോചകന്റെ ജനനമായിരുന്നു ഇതോടെ പൂര്‍ത്തിയായത്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം പരിവര്‍ത്തനങ്ങളുടെ കൊടുങ്കാറ്റുകള്‍ തീര്‍ത്ത പ്രവാചകന്‍ മുഹമ്മദ് (സ്വ) അവിടെ ജന്മം കൊള്ളുകയായിരുന്നു. അബ്ദുല്‍മുത്ത്വലിബ് ആശിച്ചപോലെ, ഇന്നും ലോകം ഒന്നടങ്കം ആ തിരുനാമത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു. അന്ധതബാധിച്ച ശത്രുക്കള്‍ ആ പുണ്യപൂമാനെ ആക്ഷേപിക്കുമ്പോള്‍ പോലും പേര് പറയുന്നത് മുഹമ്മദ് അഥവാ സ്തുതിക്കപ്പെട്ടവന്‍ എന്നാണല്ലോ എന്ന് ചിന്തിക്കുമ്പോള്‍, അവര്‍ പോലും അറിയാതെ ആ തിരുദേഹത്തെ പ്രകീര്‍ത്തിക്കുകയാണെന്നതല്ലേ വാസ്തവം.
Leave A Comment