റമദാന് 6 – പുക വലിപോലും വേണ്ടെന്ന് വെച്ചുവോ
റമദാന് 6 – പുക വലിപോലും വേണ്ടെന്ന് വെച്ചുവോ
കുറച്ച് മുമ്പ് പുകവലിക്കുന്ന ഒരു സുഹൃത്തിനെ കണ്ട് മുട്ടി. ചുണ്ടില്‍ സിഗരറ്റുമായാണ് അയാള്‍ നിന്നിരുന്നത്. കണ്ടപാടെ അയാളോടുള്ള അടുത്ത ബന്ധം വെച്ച് ഇങ്ങനെ ചോദിച്ചു, സുഹൃത്തേ, ഇത് ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടേ. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു, അതിനെന്താ... നിര്‍ത്താലോ. ഞാന്‍ ഇത് മുമ്പും പല തവണ നിര്‍ത്തിയതാണ്. ഒരു നിമിഷം, എന്ത് പറയണമെന്നറിയാതെ നിന്നുപോയി ഞാന്‍.
പുകവലി വലിയൊരു ദുശ്ശീലമാണ്. പലര്‍ക്കും അത് മാറ്റാനാവാത്ത ഒരു ശീലമായി മാറിയിരിക്കുന്നു. ഒന്നിലധികം തവണ അത് നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ഇല്ലാതില്ല. പലപ്പോഴും അത് നിര്‍ത്തണമെന്ന് വിചാരിക്കാറുണ്ട്, പക്ഷെ അറിയാതെ വീണ്ടും അതിലേക്ക് തന്നെ തിരിച്ച് പോകുന്നു എന്നാണ് പലരും പറയാറുള്ളത്. അഥവാ, ശീലിച്ച് കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താനാവില്ലെന്ന് സ്വയം വിശ്വസിക്കുന്നവരാണ് അധികവും എന്നര്‍ത്ഥം.
എന്നാല്‍, മുഴുസമയ പുകവലിക്കാര്‍ എന്ന് പറയപ്പെടുന്നവര്‍ പോലും നോമ്പെടുക്കുന്ന സമയത്ത് അത് മാറ്റി വെക്കുന്നത് നാം കാണുന്നതാണല്ലോ. അത്താഴശേഷം അവസാനമായി ഒന്ന് കൂടി വലിച്ച്, ശേഷം മഗ്‍രിബ് വരെ അത് വേണ്ടെന്ന് വെക്കാന്‍ പ്രയാസമൊന്നും വരുന്നില്ല. ഇത് ഒരു മാസക്കാലം തുടരുകയും ചെയ്യുന്നു.
ആലോചിച്ചുനോക്കിയാല്‍, ഇവിടെ നമ്മെ നിയന്ത്രിക്കുന്നത് ആരാണ്. നാം തന്നെ എന്നല്ലാതെ വേറെ മറുപടിയൊന്നും ലഭിക്കാനില്ല. അഥവാ, മനസ്സ് വെച്ചാല്‍, നാം ഒരിക്കലും നിര്‍ത്താനാവില്ലെന്ന് കരുതിയ ഈ ശീലം പോലും വേണ്ടെന്ന് വെക്കാന്‍ നമുക്ക് സാധിക്കുന്നു എന്നര്‍ത്ഥം. റമദാന്‍ നമ്മുടെ ബോധമണ്ഡലത്തിലുണ്ടാക്കുന്ന വലിയ സ്വാധീനത്തിന്റെ മറ്റൊരു തെളിവാണ് ഇത്.
എങ്കില്‍ പിന്നെ, റമദാന്‍ കഴിഞ്ഞാലും നമുക്ക് ഇതേ നിയന്ത്രണം പാലിക്കാനാവില്ലേ. ഇല്ലെന്ന് പറയാന്‍ ഒരു ന്യായവും കാണുന്നില്ല. മാസത്തിന്റെ പേര് മാറുന്നു എന്നല്ലാതെ നാം മാറുന്നില്ലല്ലോ.
ഇത്തരം ദുശ്ശീലങ്ങളെല്ലാം മാറ്റിയെടുക്കാന്‍ റമദാന്‍ നമ്മെ ശീലിപ്പിക്കുന്നു എന്നര്‍ത്ഥം. ശേഷവും ആ മാറ്റം പാലിക്കാനായാല്‍, റമദാന്‍ ധന്യമായി എന്ന് വിശ്വസിക്കാം, നാഥന്‍ തുണക്കട്ടെ.