ചൂഷണോപാധിയാവുന്ന ത്വരീഖതുകള്‍

ഹസ്‌റത്‌ ആദം(അ)മില്‍ തുടങ്ങി മൂസാ, ഈസാ (അ) തുടങ്ങയി പ്രവാചകരിലൂടെ കടന്ന്‌ വന്ന്‌ അന്ത്യപ്രവാചകരിലവസാനിക്കുന്ന നീണ്ട ശൃംഖലയിലെ സര്‍വ്വദൂതരും ഇവിടെ പ്രബോധനം ചെയ്‌തതും പ്രചരിപ്പിച്ചതും അടിസ്ഥാനപരമായി ഒന്നുതന്നെ. പ്രതിഷേധങ്ങള്‍ തിരമാലകള്‍പോലെ ആഞ്ഞടിച്ചപ്പോഴും സല്‍സരണിയില്‍നിന്നും ഒരടി പോലും പിന്നോട്ട്‌ വെക്കാതെ, ഏത്‌ പ്രതിസന്ധികള്‍ക്ക്‌ മുന്നിലും അടിയറവ്‌ പറയാതെ ഈ മതത്തെ പ്രബോധനം ചെയ്‌തവരായിരുന്നു അവരെല്ലാവരും.

സത്യമതത്തിന്റെ പ്രചാരണത്തിന്‌ അനിര്‍വ്വചനീയമായ കഷ്‌ടതകള്‍ സഹിച്ച അന്ത്യപ്രവാചകരുടെ വഫാത്‌ മുസ്‌ലിം ലോകത്തിന്‌ ഉണങ്ങാത്ത മുറിവ്‌ തന്നെയായിരുന്നു. സ്ഥായിയും സുസ്ഥിരവുമായ ഒരു തത്ത്വസംഹിത കാഴ്‌ചവെച്ചുകൊണ്ടാണ്‌ ആ പ്രവാചകര്‍ ഈ ലോകത്തോട്‌ വിടവാങ്ങിയത്‌. മഹത്തായ ഈ തത്ത്വസംഹിത കൊണ്ട്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌, തന്നെ അറിഞ്ഞ്‌കൊണ്ട്‌ തന്റെ അദൃശ്യവിശേഷണങ്ങളില്‍ വിശ്വസിച്ച്‌കൊണ്ട്‌ പാരത്രിക മോക്ഷം കൈവരിക്കുന്ന ഒരുത്തമ സമൂഹം രൂപീകൃതമാകുക എന്നതാണ്‌. ഇതാണ്‌ ഏതൊരു ത്വരീഖത്തിന്റെയും അന്തസ്സത്ത.

അല്ലാഹുവിന്റെ പക്കല്‍നിന്ന്‌ അവതീര്‍ണ്ണമായ വിധിവിലക്കുകള്‍ക്കാണ്‌ നാം ശരീഅത്‌ എന്ന്‌ പറയുന്നത്‌. ശരീഅത്‌ എന്നത്‌ ജീവിതത്തിന്റെ നിഖില മേഖലകളിലും വേരൂന്നി നില്‍ക്കുന്നതായത്‌ കൊണ്ട്‌ ശരീഅതില്ലാത്ത ജീവിതം ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നാണ്‌. ഇസ്‌ലാമിന്റെ സകല ആജ്ഞകളെയും നിരോധനങ്ങളെയും അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയാലേ ഏതൊരു മനുഷ്യനെ സംബന്ധിച്ചേടത്തോളവും സത്യവിശ്വാസി എന്ന്‌ വിശേഷിപ്പിക്കാനാവൂ.
ത്വരീഖത്‌ എന്നത്‌ ശരീഅതിനെ അടിസ്ഥാനമാക്കി ജീവിതശൈലി ക്രമീകരിക്കുക, ശരീഅതിന്റെ നിര്‍ദ്ദേശങ്ങളില്‍നിന്ന്‌ അല്‍പംപോലും വ്യതിചലിക്കാതിരിക്കുക എന്നതാണ്‌. ശരീഅതുമായി പൊരുത്തപ്പെടാത്ത ഏത്‌ ത്വരീഖതും ജനങ്ങളെ അവിശ്വാസത്തിലേക്ക്‌ നയിക്കുന്നതും വിശുദ്ധ ഖുര്‍ആനും തിരുഹദീസും സാക്ഷ്യം വഹിക്കാത്ത ഏത്‌ ത്വരീഖതും വിശ്വാസഹാനിയുമാണെന്ന്‌ പണ്ഡിതര്‍ പറയുന്നുണ്ട്‌.

എന്നാല്‍ ഉത്തരാധുനികയുഗത്തില്‍ ശരീഅതിനോട്‌ ബാഹ്യമായും ആന്തരികമായും എതിരാവുന്ന ഒട്ടനേകം വ്യാജത്വരീഖതുകള്‍ സമൂഹത്തില്‍ പ്രചാരം നേടിവരികയാണ്‌. ഇത്തരം വ്യാജസിദ്ധന്മാരുടെ വലയില്‍ വീഴുന്നത്‌ സാധാരണക്കാരാണ്‌. സത്യം മരുഭൂമിയിലെ മരീചിക പോലെ ഭാവനയില്‍ മാത്രം ഒതുങ്ങിക്കൂടിയ ഈ ഹൈടെക്‌ യുഗത്തില്‍ വ്യാജവാദികള്‍ രംഗപ്രവേശം ചെയ്യുന്നതില്‍ അല്‍ഭുതപ്പെടാനില്ല. ത്വരീഖതിന്റെ പേര്‌ പറഞ്ഞ്‌ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട്‌ സ്വന്തം കീശ വീര്‍പ്പിച്ച്‌ ആഢംബരത്തിലും ആര്‍ഭാടത്തിലുമായി കഴിയുന്ന ഇക്കൂട്ടര്‍ക്ക്‌ ത്വരീഖത്തിനെക്കുറിച്ചെന്നല്ല ശരീഅതിനെക്കുറിച്ച്‌പോലും വ്യക്തമായ ധാരണയില്ലെന്നതാണ്‌ വാസ്‌തവം.

സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്‌ ത്വരീഖതെന്നതാണ്‌ പലരെയും ഇതിന്‌ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ ഇത്‌ ഏറെ അപകടകരമായ അവസ്ഥയിലേക്കാണ്‌ സമൂഹത്തെ വലിച്ചിഴച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിം സമൂഹത്തിന്റെ യഥാര്‍ത്ഥ കെട്ടുറപ്പും ഭദ്രതയും നിലകൊള്ളുന്നത്‌ ശൈഖുമാരെയും സൂഫികളെയും ആശ്രയിച്ചാണെന്ന സത്യം പോലും, പലപ്പോഴും ഇത്തരം വ്യാജന്മാര്‍ കാരണമായി തള്ളിപ്പറയപ്പെടുന്ന ദുരവസ്ഥയിലേക്കാണ്‌ ഇന്ന്‌ സമൂഹം നീങ്ങുന്നത്‌.
പുണ്യപ്രവാചകര്‍(സ്വ)യുടെ തിരുചര്യ മുറുകെപ്പിടിക്കുകയും അവരുടെ വാക്കുകളും പ്രവൃത്തികളും പകര്‍ത്തുകയും ചെയ്‌ത്‌ ജീവിതം പ്രശോഭിതമാക്കാനാണ്‌ ഓരോ മുസ്‌ലിമും യത്‌നിക്കേണ്ടത്‌. അവ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയെന്നതാണ്‌ സാങ്കേതികാര്‍ത്ഥത്തില്‍ ത്വരീഖത്‌ കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. എന്നാല്‍ ശരീഅത്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ ഇസ്‌ലാമിന്റെ നിബന്ധനകള്‍ അനുസരിക്കുകയും നിഷിദ്ധകാര്യങ്ങള്‍ വര്‍ജിക്കലുമാണ്‌.

എന്നാല്‍ ആധുനിക യുഗത്തില്‍ ഈ കൊച്ചുകേരളക്കരയിലെ ചില നിഷ്‌കളങ്ക മനസ്‌കര്‍പോലും വ്യാജത്വരീഖതുകളുടെ മാസ്‌മരികതയില്‍ അകപ്പെട്ടിരിക്കയാണ്‌. സമുന്നതമായ പണ്ഡിത സഭ നമ്മെ നയിക്കാന്‍ കര്‍മ്മസുസജ്ജമായി രംഗത്തുണ്ടായിട്ട്‌ പോലും ഇത്തരം ത്വരീഖതുകാര്‍ക്ക്‌ അനുയായികളെ കിട്ടുന്നുവെന്നത്‌ തന്നെ ഏറ്റവും വലിയ ചൂഷണോപാധിയായാണ്‌ പലരും ഇതിനെ കാണുന്നത്‌ എന്നതിന്റെ വ്യക്തമായ തെളിവാണ്‌. അല്‍പം കണ്‍കെട്ടുകളും ജനങ്ങളെ ആകര്‍ഷിക്കുന്ന കുതന്ത്രങ്ങളും പയറ്റി നാടുനീളെ ചുറ്റിനടന്ന്‌ ജനങ്ങളെ വഞ്ചിച്ച്‌ സുഖജീവിതം നയിക്കാനാണ്‌ ഈ കുബുദ്ധികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇതൊന്നുമറിയാതെ, കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെ, തന്റേതെല്ലാം ശൈഖിനായി ത്യജിക്കാന്‍ തയ്യാറായിരിക്കുന്ന ഒരു പറ്റം മുരീദുമാര്‍. പാവമെന്ന രണ്ടക്ഷരത്തിലോ ബുദ്ധിമോശമെന്ന ഒറ്റവാക്കിലോ ഇവരോടുള്ള സഹതാപം ഒതുക്കുകയല്ലാതെ നിവൃത്തിയില്ല. അതോടൊപ്പം ഇത്രമാത്രം അറിവും വിവേകവുമുള്ളവരെപ്പോലും തന്റെ വരുതിയില്‍ നിര്‍ത്താനുള്ള ശൈഖിന്റെ കഴിവ്‌ അപാരമെന്ന്‌ അംഗീകരിക്കാതിരിക്കാനുമാവില്ല.

ശൈഖ്‌ മുഹമ്മദുല്‍മുഹിരി പറഞ്ഞതായി ഇമാം ശഅ്‌റാനി പറയുന്നു, “ത്വരീഖതിനെ വാദിക്കുന്ന ഒരു ശൈഖിനെ നിങ്ങള്‍ കണ്ടാല്‍ ശുദ്ധീകരണത്തിന്റെ അധ്യായം മുതലുള്ള കര്‍മ്മശാസ്‌ത്രത്തിലെ സങ്കീര്‍ണ്ണമായ മസ്‌അലകള്‍ വരെ അദ്ദേഹത്തോട്‌ ചോദിക്കുക. അതിനെല്ലാം വ്യക്തമായ മറുപടി നല്‍കുന്നില്ലെങ്കില്‍ അവനെ നിങ്ങള്‍ വെടിയുക. കാരണം, അവന്‍ മനുഷ്യരൂപം പുണ്ട പിശാചാണ്‌.”(ഫതാവാ ശാലിയാതി) എന്നാല്‍ ഹിജ്‌റ 824ന്‌ ശേഷം ഇത്തരം നിബന്ധനകളും സവിശേഷതകളും കൂടിച്ചേര്‍ന്ന ത്വരീഖത്തിന്റെ ശൈഖുമാരെ കണ്ടെത്തുക പ്രയാസമായതിനാല്‍ ‍, ഈ മേഖലയില്‍ വ്യാജന്മാരുടെ അരങ്ങേറ്റം അധികമായതിനാല്‍ അവയില്‍നിന്നെല്ലാം വിട്ടുനിന്ന്‌ ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിച്ച്‌ പ്രവാചകരുടെ മേലുള്ള സ്വലാത്ത് വര്‍ദ്ദിപ്പിച്ച് ജീവിക്കാനാണ്‌ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നത്‌.  വ്യാജമാര്‍ഗ്ഗങ്ങളില്‍ ചെന്ന് പെടാതിരിക്കാന്‍ പലപ്പോഴും ഏറ്റവും നല്ലതും അത് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter