സമ്പര്‍ക്കം: പണ്ഡിത വീക്ഷണം

കര്‍മശാസ്ത്രപണ്ഡിതനും ഹദീസ് വിശാരദനുമായ അശ്ശൈഖ് അഹ്മദ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹജര്‍ അല്‍ ഹൈതമില്‍ മക്കി(റ) തന്റെ അല്‍ഫതാവല്‍ ഹദീസിയ്യ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ….ഈ ജ്ഞാനമേഖലകളിലേക്ക് കാലെടുത്തുവെക്കുംമുമ്പ് ഥരീഖത്തില്‍ പ്രവേശിക്കുന്നവന്‍ അനിവാര്യമായി ചെയ്യേണ്ട ഒന്നുണ്ട്-ശരീഅത്തും ഹഖീഖത്തും പഠിച്ച തന്റെ ഗുരുവര്യന്റെ കല്‍പന നിരന്തരം മുറുകെപ്പിടിക്കുക എന്നതാണത്. കാരണം, അദ്ദേഹമാണ് മഹാനായ ഭിഷഗ്വരന്‍. തന്റെ അഭിരുചിക്കനുസരിച്ചുള്ള അറിവുകള്‍ക്കും ദൈവദത്തമായ തത്ത്വജ്ഞാനങ്ങള്‍ക്കും വിധേയമായി ഓരോ മനസ്സിന്റെയും ശമനത്തിനനുയോജ്യമായതും അതിന് ആഹാരമാക്കാന്‍ പറ്റിയതും അദ്ദേഹം നല്‍കുന്നതായിരിക്കും.

ഇമാം ഫഖ്‌റുദ്ദീന്‍ റാസി വിഖ്യാതമായ തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു: ….മുഫസ്സിറുകളില്‍ ചിലര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ഫാതിഹയില്‍ ഇഹ്ദിനസ്സ്വിറാഥല്‍…. എന്ന ആയത്ത് ഓതിനിറുത്തുകയല്ല, സ്വിറാഥല്ലദീന…. എന്ന് തുടര്‍ന്നുപറയുകയാണ് (നീ അനുഗ്രഹം ചെയ്തവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ എന്ന്). അല്ലാഹുവിന്റെ പന്ഥാവ് ലക്ഷ്യം വെക്കുന്ന ഒരാള്‍ക്ക് സന്മാര്‍ഗത്തിന്റെയും ദിവ്യദര്‍ശനത്തിന്റെയും (ഹിദായത്ത്, മുകാശഫ) പദവികളിലേക്ക് എത്തിച്ചേരാന്‍ ഒരു ശൈഖിന്റെ അഭാവത്തില്‍ സാധ്യമല്ല എന്ന വസ്തുതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. അദ്ദേഹം അവനെ നേര്‍വഴിയിലേക്ക് നയിക്കുകയും ദുര്‍മാര്‍ഗങ്ങളുടെയും അബദ്ധങ്ങളുടെയും തലങ്ങളില്‍ നിന്ന് ദൂരീകരിക്കുകയും ചെയ്യും.

കാരണം, ന്യൂനത എന്നത് മിക്ക സൃഷ്ടികളെയും കീഴ്‌പ്പെടുത്തുന്നതും, തെറ്റും ശരിയും വിവേചിക്കുവാനും സത്യം കണ്ടെത്തുവാനും അവരുടെ ഹൃദയങ്ങള്‍ അപര്യാപ്തമായതും ആണ്. അതുകൊണ്ട് അപൂര്‍ണന് പിന്തുടരാന്‍ ഒരു പൂര്‍ണന്‍ കൂടിയേ കഴിയൂ. അപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയുടെ പ്രകാശം കൊണ്ട് അപൂര്‍ണന്റെ ബുദ്ധി ശക്തമായിത്തീരും. അങ്ങനെ വരുമ്പോള്‍ വിജയത്തിന്റെ പാതകളിലേക്കും പൂര്‍ണതയുടെ പടവുകളിലേക്കും എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.
ശൈഖുല്‍ ഇസ്‌ലാം ഇബ്രാഹീം അല്‍ബാജൂരി അശ്ശാഫിഈ ജൗഹറത്തുത്തൗഹീദിലെ താഴെ പറയുന്ന വരിയുടെ വ്യാഖ്യാനത്തില്‍ എഴുതുന്നത് ശ്രദ്ധേയമാണ്:

(ഉത്തമന്മാരായ മഹാന്മാര്‍ ആയിരുന്നതുപോലെ നീ സഹിഷ്ണുതയുടെ സന്തതസഹചാരിയും സത്യത്തെ പിന്തുടരുന്നവനുമാവുക) …ആരിഫുകളില്‍ പെട്ട ഒരു ശൈഖിന്റെ കൈയായിട്ടാണ് ‘മുജാഹദ’ എങ്കില്‍ അത് ഏറ്റം ഫലപ്രദമായിരിക്കും. കാരണം, മഹാന്മാര്‍ ഇങ്ങനെ പറയാറുണ്ട്: ആയിരം മനുഷ്യരില്‍ ഒരു മാര്‍ഗദര്‍ശിയുടെ നടപടികള്‍, ഒരു വ്യക്തിക്ക് ആയിരം പേര്‍ സദുപദേശം നല്‍കുന്നതിനേക്കാള്‍ ഫലദായകമാകുന്നു.

അപ്പോള്‍ ഒരാള്‍ക്ക്, ഖുര്‍ആനിലും സുന്നത്തിലും സൂക്ഷ്മജ്ഞാനമുള്ള ഒരു ശൈഖിനെ മുറുകെപ്പിടിക്കല്‍ അനിവാര്യമാകുന്നുണ്ട്. അതിന്, ബൈഅത്ത് വാങ്ങുംമുമ്പുതന്നെ അയാളെ തൂക്കിനോക്കണം. ഖുര്‍ആനിലും സുന്നത്തിലും നിലയുറപ്പിച്ചിട്ടുണ്ടെങ്കില്‍ അയാളെ മുറുകെപ്പിടിക്കുകയും മര്യാദപൂര്‍വം സഹവസിക്കുകയും ചെയ്യുക. അങ്ങനെ അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് തന്റെ അന്തരംഗം സ്ഫുടം ചെയ്‌തെടുക്കാനാവശ്യമായത് നേടാന്‍ കഴിഞ്ഞേക്കാം. അവന്റെ മാര്‍ഗദര്‍ശനക്കാര്യം അല്ലാഹു ഏറ്റെടുക്കുന്നതാണ്.

സൂക്ഷ്മജ്ഞാനിയും ഹദീസ് വിശാരദനുമായ ഇമാം അബൂമുഹമ്മദ് അബ്ദുല്ലാഹിബ്‌നു അബീ ജംറ(2) ഒരു ഹദീസ് വ്യാഖ്യാനിച്ചുകൊണ്ടെഴുതുന്നത് ശ്രദ്ധിക്കുക. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്നുള്ളതാണ് ഹദീസ്. അദ്ദേഹം പറഞ്ഞു: തിരുനബി(സ്വ)യുടെയടുത്ത് ഒരാള്‍ വന്ന് ജിഹാദിന് അനുമതി ചോദിക്കയുണ്ടായി. നിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തിരുമേനി(സ്വ) അന്വേഷിച്ചു. അതെ എന്ന് അയാള്‍ മറുപടി നല്‍കി. ‘എങ്കില്‍ അവരിരുവരുടെയും കാര്യത്തില്‍ നീ ജിഹാദ് അനുഷ്ഠിക്കുക’ എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം.
ഈ ഹദീസിന്റെ വിശദീകരണം പത്തു രീതികളിലായി നിര്‍വഹിച്ചുകൊണ്ട് പത്താമത്തേതില്‍ അദ്ദേഹം എഴതുന്നു: ഥരീഖത്തിലും മുജാഹദയിലുമുള്ള സുന്നത്തായ രീതി അത് ജ്ഞാനിയായ ഒരാളുടെ കൈയായി ആകണമെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. അപ്പോള്‍ പ്രവേശിക്കാനുദ്ദേശിക്കുന്നവന്റെ അവസ്ഥയുമായി തുലനം ചെയ്ത് ഏറ്റം ഉത്തമമായതും അവനെ സംബന്ധിച്ച് കൂടുതല്‍ ഗുണകരമായതും ഏതാണോ അതിലേക്ക് അദ്ദേഹം വഴിതെളിച്ചുകൊടുക്കും. ഇവിടെ ഈ സ്വഹാബിവര്യന്‍ യുദ്ധത്തിന് പുറപ്പെടാനുദ്ദേശിച്ചപ്പോള്‍ തന്റെ സ്വന്താഭിപ്രായം നടപ്പാക്കുകയല്ല, തന്നെക്കാള്‍ വിവരവും ജ്ഞാനവുമുള്ള മാര്‍ഗദര്‍ശി (നബി-സ്വ)യോട് കൂടിയാലോചിക്കയാണുണ്ടായത്. ജിഹാദ് അസ്ഗറില്‍ (ചെറിയ ജിഹാദ്) ആണ് ഈ നിര്‍ദേശം. വലിയ ജിഹാദില്‍ അതെത്രമാത്രം അനിവാര്യമായിരിക്കും?

ഇബ്‌നുഖയ്യിമില്‍ ജൗസിയ്യ എന്ന പേരില്‍ പ്രസിദ്ധനായ ഹാഫിള് അബൂഅബ്ദില്ലാ മുഹമ്മദ് പറയുന്നു: ഒരാള്‍ ഒരു ശൈഖിനെ തുടരാനുദ്ദേശിച്ചാല്‍ അയാള്‍ പടച്ചവനെ സ്മരിക്കുന്ന ആളാണോ അതോ അശ്രദ്ധനോ, തന്റെ ദേഹേച്ഛയോ അതോ ഖുര്‍ആനോ അദ്ദേഹത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് എന്നിത്യാദി കാര്യങ്ങള്‍ സൂക്ഷ്മവിചിന്തനം നടത്തണം. അവന്റെ വിധികര്‍ത്താവായി വാഴുന്നത് ദേഹേച്ഛയാണെങ്കില്‍, ദൈവസ്മരണയെക്കുറിച്ച് അശ്രദ്ധനാണെങ്കില്‍ അവനെ തള്ളിക്കളയണം… ഥരീഖത്തില്‍ പ്രവേശിക്കാനുദ്ദേശിക്കുന്ന വ്യക്തി ആ ശൈഖിനെയും അയാളുടെ ഥരീഖത്തിനെയും ഗുരുവിനെയും കുറിച്ചെല്ലാം സൂക്ഷ്മപഠനം നടത്തണം. എന്നിട്ട് മേല്‍പറഞ്ഞ പോലെയാണെങ്കില്‍ തള്ളുക. മറിച്ച്, അയാളില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും സുന്നത്തിനോടുള്ള അനുധാവനവും മികച്ചതായിവരികയും അധിക്ഷേപാര്‍ഹമായി ഒന്നുമില്ലാതെ മനക്കരുത്തുള്ളവനായി കാണുകയും ചെയ്താല്‍ അയാളുടെ ചവിട്ടുപടി മുറുകെ പിടിക്കേണ്ടതാകുന്നു.

മാലികി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്രപണ്ഡിതന്‍ അബ്ദുല്‍ വാഹിദ് ബിന്‍ ആശിര്‍ തന്റെ അല്‍മുര്‍ശിദുല്‍ മുഈന്‍ എന്ന കാവ്യത്തില്‍ മാര്‍ഗദര്‍ശിയായ ഒരു ശൈഖുമായുള്ള സമ്പര്‍ക്കത്തിന്റെ അനിവാര്യതയും അതിന്റെ ഉദാത്തമായ ഗുണഫലങ്ങളും വിവരിക്കുന്നുണ്ട്:

(ഥരീഖത്തുകളെക്കുറിച്ച ജ്ഞാനമുള്ളവനും വിനാശങ്ങളില്‍ നിന്ന് തന്നെ സംരക്ഷിക്കുന്നവനുമായ ഒരു ശൈഖിനോട് മനുഷ്യന്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടതാണ്. തന്നെക്കാണുമ്പോള്‍ അല്ലാഹുവിനെ ഓര്‍മിപ്പിക്കുകയും മനുഷ്യനെ അവനിലേക്കടുപ്പിക്കുകയും ഓരോ ശ്വാസത്തെക്കുറിച്ചും ആത്മപരിശോധന നടത്തുകയും മനസ്സിലുദിക്കുന്ന ചിന്തകള്‍ പോലും ശരീഅത്തിന്റെ തുലാസിലിട്ടു തൂക്കുകയും ചെയ്യുന്നവനാകണം ആ ശൈഖ്. മൗലികപ്രധാനമായ ഫര്‍ളുകളും മറ്റു സുന്നത്തുകളും സസൂക്ഷ്മം അനുഷ്ഠിക്കുക, ഹൃദയത്തിന്റെ അഗാധതകളില്‍ നിന്നുള്ള ദിക്‌റ് വര്‍ധിപ്പിക്കുക, മുജാഹദ നിര്‍വഹിക്കുക, ദൃഢവിശ്വാസപദവിയുടെ വിശേഷണങ്ങളുണ്ടാവുക എന്നീ ലക്ഷണങ്ങളും അയാള്‍ക്കുണ്ടാകണം. ഇങ്ങനെയായാല്‍ അദ്ദേഹം സ്വതന്ത്രനായ ഒരാത്മജ്ഞാനിയായി. അല്ലാഹു അല്ലാത്ത മറ്റൊന്നിനും അവന്റെ ഹൃദയത്തില്‍ തത്സമയം സ്ഥാനമുണ്ടാകില്ല. അന്നേരം റബ്ബ് അവനെ സ്വാഗതം ചെയ്യുകയും തന്റെ പവിത്രസാന്നിധ്യത്തില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവനായി അംഗീകരിക്കുകയും ചെയ്യും.)

ഈ കാവ്യത്തിന്റെ വ്യാഖ്യാതാവായ ശൈഖ് മുഹമ്മദ് ബിന്‍യൂസുഫ് അല്‍കാഫി തന്റെ അന്നൂറുല്‍ മുബീന്‍ അലല്‍ മുര്‍ശിദില്‍ മുഈന്‍ എന്ന ഗ്രന്ഥത്തിലെഴുതുന്നു: ഥരീഖത്തില്‍ പ്രവേശിച്ച ശൈഖ് തന്റെ മുരീദിന് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയുണ്ടാക്കുമെന്നത് അദ്ദേഹവുമായുള്ള സമ്പര്‍ക്കത്തിന്റെ ഒരു ഫലമാണ്. അതായത് ശൈഖിനെ കാണുമ്പോള്‍ മുരീദിന് അല്ലാഹുവിനെപ്പറ്റി ബോധവും ഓര്‍മയും ഉണ്ടാകും എന്നര്‍ഥം. അതിനുള്ള ശക്തമായ കാരണമാകും ശൈഖിനെ കാണല്‍. അദ്ദേഹത്തിന് റബ്ബ് നല്‍കിയ ഒരു ഗാംഭീര്യാവസ്ഥയാണതിന് കാരണം. ഹ.അനസ്(റ)ല്‍ നിന്ന് ഇമാം ഹാകിം(റ) ഉദ്ധരിച്ച ഒരു ഹദീസ് ഇതിന് തെളിവാണ്: നിങ്ങളില്‍ ആരെക്കാണുമ്പോള്‍ അല്ലാഹുവിനെ സംബന്ധിച്ച് അനുസ്മരിക്കപ്പെടുമോ അവരാകുന്നു ശ്രേഷ്ഠന്മാര്‍.

മനുഷ്യനെ തന്റെ നാഥന്റെ സാമീപ്യത്തിലേക്ക് എത്തിക്കുന്നു എന്നത് ശൈഖുമായുള്ള സമ്പര്‍ക്കത്തിന്റെ മറ്റൊരു സല്‍ഫലമാണ്. മുരീദിന്റെ ന്യൂനതകള്‍ കാണിച്ചുകൊടുക്കുക, ഭൗതികതകളില്‍ നിന്ന് വിട്ട് റബ്ബിങ്കലേക്കുള്ള പ്രയാണത്തിന് ഉപദേശിക്കുക എന്നിവ മുഖേനയാണതുണ്ടാവുക. തനിക്ക് സ്വന്തമോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനാകില്ലെന്നും ഏതെങ്കിലും വിധത്തിലുള്ള ഉപരോധത്തിനോ നേട്ടങ്ങള്‍ക്കോ ഒരു സൃഷ്ടിയെയും ആശ്രയിച്ചുകൂടെന്നും അപ്പോഴവന് ബോധ്യമാകും. പ്രത്യുത സകല ചലന-നിശ്ചലാവസ്ഥകളിലുമുള്ള ക്രയവിക്രയങ്ങളും മാറ്റത്തിരുത്തലുകളും അല്ലാഹുവിന് മാത്രമാണെന്ന് അവന്‍ ഗ്രഹിക്കുന്നു-ഇതാണ് അല്ലാഹുവിങ്കലേക്ക് ചെന്നെത്തുക എന്നതിന്റെ അര്‍ഥം.

അല്ലാഹുവുമായുള്ള മനുഷ്യന്റെ ബന്ധങ്ങള്‍ മുറിച്ചുകളയുന്ന ന്യൂനതകള്‍ ശൈഖിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാവുകയും അദ്ദേഹം ആ ന്യൂനതകള്‍ക്ക് പ്രതിവിധി നിര്‍ദേശിക്കുകയും ചെയ്യുന്നു എന്നതാണ് സമ്പര്‍ക്കത്തിന്റെ നേട്ടം. തന്റെ നിയന്ത്രണാധികാരങ്ങളത്രയും ശൈഖിനെ ഏല്‍പിച്ചുകൊടുക്കുകയും തന്റെ ഹൃദയത്തിലുദയം ചെയ്യുന്ന ഏതൊരു ചിന്തയും ശൈഖില്‍ നിന്ന് മറച്ചുവെക്കാതെ അദ്ദേഹത്തിന്റെ മുമ്പില്‍ നിര്‍ബന്ധമായി അവതരിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായാലേ ഇത് പൂര്‍ണമാകൂ. അത്തരം ഒരു ചിന്തയെങ്കിലും അദ്ദേഹത്തില്‍ നിന്ന് മറച്ചുവെക്കുന്നുവെങ്കില്‍ പിന്നെ തന്റെ ശൈഖിനെക്കൊണ്ട് അവന് യാതൊരുപകാരവും ഉണ്ടാകുന്നതല്ല.

കശ്ശാഫിന്റെ വ്യാഖ്യാതാവായ ഇമാം ഥീബി രേഖപ്പെടുത്തുന്നു: തന്റെ കാലഘട്ടത്തിലെ നിസ്തുല പണ്ഡിതനായി വിശേഷിപ്പിക്കപ്പെടുംവിധം അവഗാഹം നേടിയ ഒരാളാണെങ്കില്‍പോലും സ്വന്തം അറിവുകൊണ്ട് മാത്രം സംതൃപ്തിയടയാന്‍ ഒരാള്‍ക്ക് പറ്റില്ല. ഥരീഖത്തിന്റെ ശൈഖുമാരുമായി അയാള്‍ സമ്മേളിച്ചേ മതിയാകൂ. അവര്‍ അദ്ദേഹത്തിന് ഋജുവായ പന്ഥാവ് കാണിച്ചുകൊടുക്കുകയും അങ്ങനെയദ്ദേഹം അന്തരംഗങ്ങളുടെ വിശുദ്ധിമൂലം ഉള്‍വിളികളുള്ളയാളാവുകയും മാനസിക മാലിന്യങ്ങളില്‍ നിന്ന് വിമോചിതനാവുകയും ചെയ്യും. ദുര്‍വിചാരങ്ങളുണ്ടാക്കുന്ന മാനസിക സ്വാധീനങ്ങളിലും ദേഹേച്ഛയുടെ മാലിന്യങ്ങളിലും നിന്ന് തന്റെ വിജ്ഞാനങ്ങളെ അദ്ദേഹം സ്ഫുടം ചെയ്‌തെടുക്കുകയും വേണം. പ്രവാചകത്വത്തിന്റെ പ്രകാശമാടങ്ങളില്‍ നിന്ന് കത്തിച്ചെടുക്കാനും ഹൃദയത്തില്‍ ദൈവിക വിജ്ഞാനം ഒലിച്ചിറങ്ങാനും അപ്പോഴേ അദ്ദേഹം പാകമായി വരികയുള്ളൂ.

സമ്പൂര്‍ണനായ ഒരു ശൈഖിന്റെ കൈയായി മാത്രമേ സാധാരണഗതിയില്‍ ഈ പ്രക്രിയ സുസാധ്യമാകൂ. അദ്ദേഹം മനസ്സുകളുടെ രോഗങ്ങള്‍ എങ്ങനെ ചികിത്സിക്കണമെന്നതു സംബന്ധിച്ച് അഭിജ്ഞനായിരിക്കണം. ആന്തരികമാലിന്യങ്ങളില്‍ നിന്ന് മനസ്സുകള്‍ എങ്ങനെ ശുദ്ധീകരിച്ചെടുക്കുമെന്നറിയണം. അറിവുകൊണ്ടും അഭിരുചി കൊണ്ടും മനസ്സുകളുമായി ഇടപഴകുന്നതിന്റെ യുക്തി ഗ്രഹിച്ചിരിക്കണം. അപ്പോള്‍ മാത്രമേ തിന്മ കല്‍പിക്കുന്ന മനസ്സിന്റെ പാരുഷ്യങ്ങളില്‍ നിന്നും അതിന്റെ ഗോപ്യമായ മറിമായങ്ങളില്‍ നിന്നും അവനെ പുറത്തുകൊണ്ടുവരാന്‍ ശൈഖിന് സാധിക്കയുള്ളൂ.
ഏതൊരാളും ശൈഖിനെ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ഥരീഖത്തിന്റെ പണ്ഡിതന്മാര്‍ ഏകകണ്ഠമായി പ്രസ്താവിച്ചിട്ടുണ്ട്. ഹൃദയസാന്നിധ്യത്തോടെ അല്ലാഹുവിന്റെ തിരുസവിധത്തിങ്കലേക്ക് പ്രവേശനം നിഷേധിക്കുന്ന ദുസ്സ്വഭാവങ്ങളില്‍ നിന്ന് അവനെ മാറ്റിയെടുത്ത് നേര്‍വഴി കാണിക്കുന്നതിനാണ് അത്. ആരാധനകളിലെല്ലാം ദൈവഭയവും മനഃസാന്നിധ്യവും ഉണ്ടാകാനും ഇതാവശ്യമാണ്. നിര്‍ബന്ധകാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യമായ മാധ്യമങ്ങളും നിര്‍ബന്ധമാണ് എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. ഹൃദയത്തിന്റെ രോഗങ്ങള്‍ക്ക് ചികിത്സ നിര്‍ബന്ധമാണെന്നതില്‍ യാതൊരു സംശയവുമില്ലല്ലോ.

അപ്പോള്‍ മനസ്സിന്റെ രോഗങ്ങള്‍ മികച്ചുകഴിഞ്ഞ ഒരാള്‍ക്ക്, മുഴുവന്‍ വിപത്തുകളില്‍ നിന്നും തന്നെ രക്ഷപ്പെടുത്തുന്ന ഒരു ശൈഖിനെ അന്വേഷിക്കല്‍ നിര്‍ബന്ധമാണ്. തന്റെ നാട്ടിലോ ആ മേഖലയില്‍ തന്നെയോ അങ്ങനെ ഒരാളില്ലെങ്കില്‍ ഉള്ള സ്ഥലത്ത് പോയി കണ്ടുപിടിക്കല്‍ നിര്‍ബന്ധമത്രേ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter