മുഈനുദ്ദീന്‍ ചിശ്തി: അജ്മീരിലെ വെളിച്ചം

ഹിജ്‌റാബ്ദം 537ല്‍ ഖുറാസാനിലെ സഞ്ചര്‍ ദേശത്ത് ഖ്വാജ മുഈനുദ്ദീന്‍ ഹസന്‍ ചിശ്തി അജ്മീറി റഹ്മത്തുല്ലാഹി ജന്മം കൊണ്ടു. ഈ പ്രദേശം ഖാണ്ഡഹാറില്‍നിന്നു വടക്കുഭാഗത്തേക്ക് 24 മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന സ്ഥലമാണ്. ഇത് ഇന്ന് ‘സജിസ്ഥാന്‍’ എന്നാണ് അറിയപ്പെടുന്നത്. ഗിയാസുദ്ദീന്‍ ഹസന്‍(റ), ബീവി ഉമ്മുല്‍ വറഅ്(റ) എന്നിവരാണ് മാതാപിതാക്കള്‍.
മഹാനവര്‍കളുടെ ഉമ്മയില്‍നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: മുഈനുദ്ദീനെ ഗര്‍ഭം ധരിച്ചതോടെ എന്റെ വീട് ഗുണത്തിലും അനുഗ്രഹത്തിലും ധന്യമായി. ഞങ്ങളുടെ ശത്രുക്കളായിരുന്നവര്‍ സ്‌നേഹത്തോടെ പെരുമാറാന്‍ തുടങ്ങി. ചില സമയങ്ങളില്‍ എനിക്ക് നല്ലനല്ല സ്വപ്നങ്ങള്‍ കാണിക്കപ്പെടാറുണ്ടായിരുന്നു. നാലാം മാസം മുതല്‍ക്ക് അര്‍ധ രാത്രി തൊട്ട് പ്രഭാതം വരെ എന്റെ വയറ്റില്‍ നിന്നും തസ്ബീഹിന്റെയും തഹ്‌ലീലിന്റെയും ശബ്ദം കേള്‍ക്കാമായിരുന്നു. ആ പരിപാവന സ്വരത്തില്‍ ഞാന്‍ ഉന്മത്തയായിരുന്നു. ആ കുഞ്ഞ് ജനിച്ചപ്പോള്‍ എന്റെ വീട് പ്രഭാപൂരിതമായി.

വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍വച്ചു തന്നെയായിരുന്നു. മഹാനവര്‍കളുടെ പിതാവ് ഒരു പണ്ഡിതനായിരുന്നു. ഒമ്പതാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ശേഷം സഞ്ചറിലെ ഒരു പാഠശാലയില്‍ ചേര്‍ന്നു ഫിഖ്ഹും ഹദീസും തഫ്‌സീറും പ്രാഥമികമായി പഠിച്ച് കുറഞ്ഞ കാലയളവില്‍ തന്നെ തനിക്ക് ആവശ്യമായ വിദ്യ സമാഹരിച്ചു.

ഖുറാസാന്‍: സംക്ഷിപ്ത ചിത്രം
ഖ്വാജ ഗരീബ് നവാസ്(റ) ജനിച്ച കാലം തീര്‍ത്തും അരാജകത്വത്തിലും അസാമാധാനത്തിലുമായിരുന്നു. എല്ലായിടത്തും നിര്‍ദയരായ താര്‍ത്താരികളാല്‍ കൊലയും അക്രമവും മൃഗീയനൃത്തം ചവിട്ടുകയായിരുന്നു. ആ കാട്ടാളന്‍മാര്‍ ഖുറാസാന്‍ ആക്രമിച്ച് ‘സഞ്ചര്‍’ രാജാവിനെയും കീഴ്‌പ്പെടുത്തി. എവിടെയും കബന്ധങ്ങള്‍ കുന്നുകൂടി. ഇവിടെ, ഒരുഭാഗത്ത് താര്‍ത്താരികള്‍ അക്രമങ്ങള്‍ കൊണ്ട് നൃത്തമാടിയപ്പോള്‍ മറുവശത്ത് ഇസ്‌ലാമിക വിശ്വാസങ്ങളെ നശിപ്പിക്കുകയായിരുന്നു. ഖുറാസാന്‍ രാജാവ് പരാജയപ്പെട്ടതിനാല്‍ താര്‍ത്താരീ വിഭാഗം ഒരു തടസ്സവും കൂടാതെ ഖുറാസാനിലേക്ക് കടന്നുകയറുകയും വിവിധ പട്ടണങ്ങളായ ഓഷ് മഖ്ദം (മഷ്ഹദ്), നൈഷാപൂര്‍ മുതലായവ നശിപ്പിക്കുകയും ചെയ്തു. ധാരാളം സ്ത്രീ പുരുഷന്‍മാരെ അടിമകളാക്കി. എല്ലാ പള്ളികളും തച്ചുതകര്‍ത്തു. ധാരാളം മഹാ പണ്ഡിതന്‍മാര്‍ രക്തസാക്ഷികളായി.
അന്ന് മഹാനവര്‍കള്‍ക്ക് 13 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ രക്തച്ചൊരിച്ചില്‍ കണ്ട് അവരുടെ മനസ്സ് അസ്വസ്ഥമായി. ഓര്‍മവച്ച കാലം ഈ ഭയാനകമായ സംഭവങ്ങളാണ് കാണേണ്ടിവന്നത്.

മാതാപിതാക്കളുടെ വിയോഗം
മഹാന് 14 വയസ്സായപ്പോള്‍ പ്രിയ പിതാവ് ഇഹലോകവാസം വെടിഞ്ഞു. അനാഥനായ മകന് പിതാവില്‍നിന്ന് അനന്തരമായി ലഭിച്ചത് ഒരു തോട്ടവും ഏത്ത(കൃഷി നനയ്ക്കുന്ന ഉപകരണം)വുമായിരുന്നു. പിതാവിന്റെ വിയോഗത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷം പ്രിയമാതാവും ഈ ലോകത്തോട് വിടപറഞ്ഞു. 15ാം വയസ്സില്‍ പിതാവും മാതാവും നഷ്ടപ്പെട്ട് തീര്‍ത്തും അനാഥനായ ഖ്വാജ(റ) എല്ലാം ക്ഷമിച്ച് അല്ലാഹുവില്‍ ലയിച്ച് ഇപ്രകാരം തീരുമാനമെടുത്തു: ”ഐഹിക ജീവിതം ഒരിക്കലും യാഥാര്‍ത്ഥ്യമല്ല. തന്റെ സ്രഷ്ടാവിനെ തിരിച്ചറിയുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സുഖം മനുഷ്യനു കരസ്ഥമാവൂ. പക്ഷേ, അതിനൊരു വഴികാട്ടി അനിവാര്യമാണ്.” തന്റെ പിതാവില്‍ നിന്നും അനന്തരം ലഭിച്ച തോട്ടം പരിചരിച്ചും വെള്ളം നനച്ചും നോക്കിനടത്തി മഹാനവര്‍കള്‍ തന്റെ ഉപജീവനം കഴിച്ചു.

ജീവിതത്തിലെ മാറ്റം
ചെറുപ്പത്തിലേ ഖ്വാജ(റ) സൂഫികളെയും ഫഖീറുമാരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ഖ്വാജ പതിവുപോലെ തന്റെ തോട്ടത്തില്‍ മരങ്ങള്‍ നനച്ചുകൊണ്ടിരിക്കെ ഒരു മജ്ദൂബായ വലിയ്യ് ആ വഴി വന്നു. ശൈഖ് ഇബ്‌റാഹീം ഖന്ദൂസി(റ) എന്നവരായിരുന്നു അവര്‍. യുവാവായ ഖ്വാജ(റ) ആ ആരിഫായ മജ്ദൂബിനെ കണ്ടപാടെ തന്റെ പണിയെല്ലാം നിര്‍ത്തി അവര്‍ക്ക് സ്വാഗതമരുളി. ബഹുമാനപുരസ്സരം കൈ ചുംബിച്ച് ഒരു മരത്തണലില്‍ ഇരുത്തി. തോട്ടത്തില്‍നിന്നു നല്ലൊരു മുന്തിരിക്കൊല കൊണ്ടുവന്നു കൊടുത്തു. ഖ്വാജ(റ)യുടെ സേവനത്തില്‍ തൃപ്തിപ്പെട്ട ആ മഹാന്‍ അത് ഭക്ഷിക്കുകയും തന്റെ ഭാണ്ഡത്തില്‍നിന്ന് ഒരു റൊട്ടിക്കഷ്ണമെടുത്ത് ചവച്ച് ഖ്വാജ(റ)യുടെ വായിലിട്ടുകൊടുക്കുകയും ചെയ്തു. ഖ്വാജ അത് കഴിച്ചു. അതോടെ മഹാനില്‍ പരിവര്‍ത്തനം സംഭവിച്ചു. മനസ് ഐഹിക ലോകത്തെ വെറുക്കാന്‍ തുടങ്ങി. ആ റൊട്ടിക്കഷ്ണം തന്റെ തൊണ്ടയിലൂടെ ഇറങ്ങിയതോടെ ആത്മീയ ലോകത്തെത്തിയിരുന്നു. ഉള്‍കണ്ണും മനസ്സും തുറന്നിരുന്നു. സുബോധാവസ്ഥയിലെത്തിയപ്പോഴേക്കും ശൈഖ് ഇബ്‌റാഹീം ഖന്ദൂസി(റ) വന്ന വഴിയേ തിരിച്ചുപോയിരുന്നു.
ശൈഖ് ഇബ്‌റാഹീം ഖന്ദൂസി(റ) നടന്നകന്നെങ്കിലും അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മാവിന്റെ വെളിച്ചം തിളങ്ങാന്‍ തുടങ്ങി. ആ പ്രഭ കാണാന്‍ വീണ്ടും ഒരുപാട് കൊതിച്ചു. ക്ഷമിച്ചും സഹിച്ചും ഹൃദയത്തെ നിയന്ത്രിച്ച് ഇലാഹീ അനുരാഗത്തിന്റെ തീക്ഷ്ണതയില്‍ ലയിച്ചപ്പോള്‍ ദുന്‍യാവിലെ എല്ലാം തന്റെ കണ്‍മുമ്പില്‍ നിസ്സാരമാവുകയും തന്റെ തോട്ടവും ഏത്തവും വിറ്റ് അല്ലാഹുവിന്റെ മാര്‍ഗത്തിലും പാവങ്ങള്‍ക്കുമായി നല്‍കി മഹാന്‍ യഥാര്‍ത്ഥ സത്യത്തെ
അന്വേഷിച്ചിറങ്ങി.

ആത്മീയ ഗുരുവിനു മുമ്പില്‍
വിജ്ഞാനമില്ലാതെ ഇലാഹീ സ്മരണ കരസ്ഥമാക്കല്‍ അസാധ്യമായതിനാല്‍ ഖാജാ(റ) തന്റെ കര്‍മത്തില്‍ ഒരു ന്യൂനതയും കോട്ടവുമില്ലാതിരിക്കാനും ബാഹ്യജ്ഞാനം കരസ്ഥമാക്കാനും ഇറങ്ങിപ്പുറപ്പെട്ടു. താര്‍ത്താരികള്‍ ഖുറാസാനിലെ മിക്ക മതകലാലയങ്ങളും തച്ചുതകര്‍ത്തതിനാല്‍ തന്റെ വിജ്ഞാനത്തിന്റെ ദാഹശമനത്തിന് അതിവിദൂരം യാത്ര ചെയ്യേണ്ടിവന്നു. ദുഷ്‌ക്കരമായ വഴികളും മരുഭൂമികളും നദികളും പര്‍വതങ്ങളും മുറിച്ചുകടന്ന്, വിവിധ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് ബുഖാറയിലെ പണ്ഡിതരുടെ സന്നിധിയിലെത്തി കര്‍മശാസ്ത്രവും ഹദീസും തഫ്‌സീറും ഇതര വിജ്ഞാനങ്ങളും നേടി. മൗലാനാ ഹുസാമുദ്ദീന്‍ ബുഖാരിയെ പോലോത്ത അത്യുന്നതരായ പണ്ഡിതരില്‍ നിന്നും മറ്റു ഉലമാക്കളില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. അവസാനം മൗലാനാ ഹുസാമുദ്ദീന്‍ ഖ്വാജ(റ) തങ്ങള്‍ക്ക് സനദ് നല്‍കി. തുടര്‍ന്ന് വിജ്ഞാനങ്ങളെക്കൊണ്ട് സമ്പന്നനായ ഖ്വാജ(റ) പ്രസിദ്ധരായ പണ്ഡിതരില്‍ ഒരാളായി ഗണിക്കപ്പെടുകയും ചെയ്തു. എന്നിട്ടും വിജ്ഞാനം നേടാനുള്ള ദാഹം ശമിക്കാത്ത മഹാനവര്‍കള്‍ സമര്‍ഖന്ദിലേക്ക് പോവുകയും അവിടെ വച്ച് തന്റെ വിജ്ഞാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

സത്യാന്വേഷണം
ശൈഖ് ഇബ്‌റാഹീം ഖന്‍ദൂസി(റ) ഹസ്‌റത്ത് ഖ്വാജാ മുഈനുദ്ദീന്‍(റ)വിന് ഇലാഹീ അനുരാഗത്തിന്റെ പ്രഭ കാണിച്ചുകൊടുത്തതു മുതല്‍ മനസ് അസ്വസ്ഥമായിരുന്നു. അപ്പോള്‍ വിജ്ഞാന അനുരാഗത്തിന് ഒന്നുകൂടി തിളക്കമാക്കിയപ്പോള്‍ സമര്‍ഖന്ദിനോട് വിടപറഞ്ഞ് പശ്ചിമ ഭാഗത്തേക്ക് യാത്രതിരിച്ചു. പശ്ചിമ ഭൂമിക ധാരാളം ആരിഫീങ്ങളുടെ മസാറുകളാലും അല്ലാഹുവിന്റെ ഉന്നതരായ ഔലിയാക്കളുടെ സാന്നിധ്യത്താലും സമ്പന്നമായിരുന്നു. സമര്‍ഖന്ദിന്റെ ദക്ഷിണ ഭാഗത്തുള്ള ബല്‍ഖിലേക്ക് യഥാര്‍ത്ഥ വഴികാട്ടിയെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. പ്രയാണം തുടര്‍ന്ന ഖ്വാജ(റ)യെ ആന്തരിക ഉള്‍വിളി അതിന്റേതായ വഴിയില്‍ നടത്തിക്കൊണ്ടേയിരുന്നു. കുറേക്കൂടി സഞ്ചരിച്ചപ്പോള്‍ ഖ്വാജ(റ) മഹാനായ ശൈഖ് ഉസ്മാന്‍ ഹാറൂനി(റ)യുടെ പര്‍ണശാലയില്‍ എത്തിപ്പെട്ടു.

കാമിലായ ശൈഖിന്റെ സവിധത്തില്‍
പര്‍ണശാല ചെറുതായിരുന്നെങ്കിലും ഇലാഹീ മാഹാത്മ്യം കൊണ്ട് അതില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കുകയായിരുന്നു. മഹാനവര്‍കളുടെ മുഖത്തെ ശോഭ കാരണം പര്‍ണശാല മുഴുവന്‍ ഖൈറിനാലും ബറകത്തിനാലും നിറഞ്ഞുനിന്നു.
ഹസ്‌റത്ത് ശൈഖ് ഉസ്മാന്‍ ഹാറൂനി(റ) ഉന്നത മശാഇഖന്‍മാരില്‍ പെട്ട വലിയ മാഹാത്മ്യം നേടിയെടുത്തവരാണ്. സത്യാന്വേഷികള്‍ അവരുടെ ആവശ്യപൂര്‍ത്തീകരണം ആ മാഹാത്മ്യത്തിലൂടെ സാധ്യമാക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഖ്വാജ ഗരീബ് നവാസ്(റ)യുടെ ഇലാഹീ അനുരാഗം തന്റെ ലക്ഷ്യത്തിലെത്തിക്കുകതന്നെ ചെയ്തു. അങ്ങനെ ഉസ്മാന്‍ ഹാറൂണ്‍ തങ്ങളുടെ പര്‍ണശാലയിലെത്തിയ പാടെ അനശ്വരതയുടെ ഉറവിടം കണ്ടെത്തിയ ഖ്വാജ(റ) അങ്ങേയറ്റം സന്തോഷിച്ചു.
അതിവിദൂരം യാത്ര ചെയ്തതിനാല്‍ ശൈഖ് ഉസ്മാനുല്‍ ഹാറൂനി(റ)യുടെ സവിധത്തിലെത്തിയപ്പോള്‍ മുഖവും വസ്ത്രവും പൊടിപടര്‍ന്നിരുന്നു. തീര്‍ത്തും അസ്വസ്ഥമായിരുന്നെങ്കിലും മുഖത്ത് മാഹാത്മ്യവും ഔന്നത്യവും പ്രകടമായിരുന്നു. ഖ്വാജാ ഗരീബ് നവാസ്(റ) ആ പുണ്യാത്മാവിനോട് ബൈഅത്ത് ചെയ്യുകയും ശൈഖ് ഉസ്മാന്‍ ഹാറൂനി തങ്ങള്‍(റ) അവരെ മുരീദുകളുടെ വൃത്തത്തില്‍ കൂട്ടുകയും ചെയ്തു.
ഖ്വാജാ തങ്ങള്‍(റ) മഹാനവര്‍കളുടെ മുരീദായ സംഭവം അവരുടെ വാക്കുകളില്‍ തന്നെ വിശദീകരിക്കപ്പെട്ടത് ഇങ്ങനെയാണ്:
ഉന്നത വ്യക്തികളുണ്ടായിരുന്ന ഒരു സദസ്സില്‍ അങ്ങേയറ്റം ആദരവോടും താഴ്മയോടും ഞാന്‍ പ്രവേശിച്ചു.
മഹാന്‍ പറഞ്ഞു: ”രണ്ട് റക്അത്ത് നിസ്‌കരിക്കൂ.”
ഞാന്‍ അത് അനുസരിച്ചപ്പോള്‍ ഇങ്ങനെ ഉത്തരവുണ്ടായി: ”ഖിബ്‌ലയിലേക്ക് മുഖം തിരിഞ്ഞിരിക്കുക.”
അദബോടെ ഞാന്‍ അങ്ങനെ ചെയ്തു.
ശേഷം ഇങ്ങനെ അരുളി: ”ബഖറ സൂറത്ത് പാരായണം ചെയ്യൂ.”
മര്യാദയോടെ പാരായണം ചെയ്ത എന്നോട് ഇങ്ങനെ അരുളി: 60 പ്രാവശ്യം സുബ്ഹാനല്ലാഹ് ചൊല്ലൂ.”
പിന്നീട് മഹാനവര്‍കള്‍ എന്റെ കൈ അവരുടെ കൈയില്‍ വച്ച് ആകാശത്തേക്ക് കണ്ണുയര്‍ത്തി നോക്കി പുണ്യനാവുകൊണ്ടിങ്ങനെ പറഞ്ഞു:
”നിങ്ങളെ ഞാന്‍ അല്ലാഹുവിലേക്ക് എത്തിച്ചിരിക്കുന്നു.”
ഇതിനുശേഷം മഹാന്‍ ഒരു പ്രത്യേക തുര്‍ക്കിത്തൊപ്പിയും (കുലാഹ് ചഹാര്‍ എന്ന് പറയപ്പെടുന്ന തൊപ്പി) വിശുദ്ധ ജുബ്ബയും ധരിപ്പിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: ”ഇരിക്കൂ.”
ഞാന്‍ പെട്ടെന്നിരുന്നു. അപ്പോള്‍ ഇങ്ങനെ പറഞ്ഞു: ”ആയിരം പ്രാവശ്യം ഇഖ്‌ലാസ് സൂറത്ത് ഓതുക.” ചൊല്ലിപ്പൂര്‍ത്തിയായപ്പള്‍ ഇങ്ങനെ പറഞ്ഞു: ”നമ്മുടെ മശാഇഖന്‍മാരുള്ള ഇവിടെ ഒരു രാത്രി മുഴുവന്‍ അല്ലാഹുവിലുള്ള മുജാഹദയാണ്. അതുകൊണ്ട് പോവുക, ഒരു രാത്രി മുഴുവന്‍ മുജാഹദ നടത്തുക.
കല്‍പന കേട്ടു ഒരു രാത്രി മുഴുവന്‍ അല്ലാഹുവിനുള്ള ആരാധനയിലും നിസ്‌കാരത്തിലും മുഴുകി, മഹാന്റെ സവിധത്തില്‍ വന്നു. അപ്പോള്‍ ആകാശത്തേക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു: ”ഇവിടെ നോക്കൂ.” നോക്കിയപ്പോള്‍ ചോദിച്ചു: ”എവിടം വരെ കാണുന്നു?”
ഞാന്‍ പറഞ്ഞു: ”അര്‍ശ് മുഅല്ല’ വരേ”
പിന്നീട് പറഞ്ഞു: ”താഴെ നോക്കൂ.”
താഴെ നോക്കിയപ്പോള്‍ വീണ്ടും ചോദിച്ചു: ”ഏതു വരെ കാണുന്നു?”
ഞാന്‍ പറഞ്ഞു: ”ഭൂമിക്കു താഴെ വരെ വീണ്ടും കല്‍പ്പിച്ചു: ”ആയിരം പ്രാവശ്യം ഇഖ്‌ലാസ് ഓതുക.”
ഞാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇങ്ങനെ പറഞ്ഞു: ”ആകാശത്തേക്ക് നോക്കുക.”
ഞാന്‍ നോക്കിയിട്ടു പറഞ്ഞു: ”അല്ലാഹുവിന്റെ മഹത്തായ ഹിജാബ് വ്യക്തമായി കാണുന്നു.” വീണ്ടും പറഞ്ഞു: ”കണ്ണ് ചിമ്മൂ.”
കണ്ണ് പൂട്ടിയപ്പോള്‍ പറഞ്ഞു: ”കണ്ണു തുറക്കൂ.”
കണ്ണ് തുറന്നപ്പോള്‍ തന്റെ ഇരു വിരലുകള്‍ തന്റെ മുന്നില്‍വച്ച് ചോദിച്ചു: ”എന്തു തോന്നുന്നു?”
ഞാന്‍ പറഞ്ഞു: ”18,000 പണ്ഡിതര്‍ എന്റെ കണ്‍മുമ്പിലുണ്ട്. ഈ ഉത്തരം പറഞ്ഞപ്പോള്‍ ഇങ്ങനെ പ്രതിവചിച്ചു: ”മതി, ഇപ്പോള്‍ നിങ്ങളുടെ കാര്യം പൂര്‍ത്തിയായി.” പിന്നീട് മുന്നിലുണ്ടായിരുന്ന കല്ലിലേക്ക് സൂചിപ്പിച്ച് പറഞ്ഞു: ”അതെടുക്കൂ. ” എടുത്തപ്പോള്‍ കീഴെ കുറച്ച് ദീനാറുണ്ടായിരുന്നു. പിന്നീടിങ്ങനെ കല്‍പ്പിച്ചു. അതെടുത്ത് പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യൂ.
എല്ലാം കഴിഞ്ഞ് മഹാസവിധത്തിലെത്തിയപ്പോള്‍ ഇങ്ങനെ അരുളി: ”കുറച്ചു ദിവസം നമ്മുടെ അടുക്കല്‍ വസിക്കൂ. ” ഞാന്‍ പറഞ്ഞു: ”കല്‍പ്പന പോലെ.”

അനുഗ്രഹങ്ങളുടെ ഗുരുസന്നിധിയില്‍
ഹസ്‌റത്ത് ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി(റ), ഖ്വാജ ഉസ്മാനുല്‍ ഹാറൂനി(റ)യുടെ ഉറച്ച വിശ്വാസിയും യാത്രയിലും സര്‍വ സമയത്തും ഒരു സേവകനായി കൂടെ തന്നെ കഴിഞ്ഞുപോന്നു. തന്റെ ആത്മീയ ഗുരുവിന്റെ വിരിപ്പും പാഥേയവും വെള്ളപ്പാത്രവും മറ്റു എല്ലാ വസ്തുക്കളും തന്റെ ശിരസ്സിലും തോളിലുമേറ്റി സന്തതസഹചാരിയായി സേവനം ചെയ്തു ഖ്വാജ(റ). ശൈഖിന്റെ പാവന സവിധത്തില്‍ 20ഓളം വര്‍ഷക്കാലം സേവനമനുഷ്ഠിച്ച് ‘റിയാളക’ളും മുജാഹദകളും വീട്ടി. ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും വഴികള്‍ പിന്നിട്ട് വിലായത്തിന്റെ അസ്‌റാറുകള്‍ മനസ്സിലാക്കി. തന്റെ ശൈഖില്‍നിന്ന് തനിക്ക് അനുഭവപ്പെട്ട ചില കറാമത്തുകളും ഉപദേശങ്ങളും ഖ്വാജ(റ) തങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരം വായിക്കാം:
ഒരു പ്രാവശ്യം എന്റെ ശൈഖ് ഹസ്‌റത്ത് ഖ്വാജ ഉസ്മാനുല്‍ ഹാറൂനിയോടൊപ്പം സിയോണിലേക്ക് യാത്ര പോയി. ഒരു മഠത്തിലെത്തിയപ്പോള്‍ അവിടെ ഒരു പുണ്യവാളനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര്‍ സ്വദ്‌റുദ്ദീന്‍ അഹ്മദ് സയൂസ്താനി എന്നായിരുന്നു. വളരെ ത്യാഗിയായ മഹാനായിരുന്നു ഇദ്ദേഹം. തന്റെ സന്നിധിയില്‍ ആര് വന്നാലും ഒന്നും നല്‍കപ്പെടാത്തവരായി ഒരിക്കലും പിരിഞ്ഞുപോകാറില്ല. ഉള്ളില്‍നിന്ന് വല്ലതും കൊണ്ടുവന്ന് നല്‍കിയിട്ട് പറയും: ”എന്റെ ഈമാന്‍ രക്ഷപ്പെടാന്‍ പ്രാര്‍ത്ഥിച്ചാലും.”
ഈ മഹാന്‍ ഖബറിലെ ഭീകരതയും മരണാവസ്ഥയും കേട്ടാലുടന്‍ അല്ലാഹുവിലുള്ള ഭയം കൊണ്ട് വിറകൊള്ളുകയും കണ്ണീര്‍ ചാലിട്ടൊഴുകി ഏഴു ദിവസത്തോളം നിരന്തരമായി കരയുകയും ചെയ്യുമായിരുന്നു. ഈ അവസ്ഥയില്‍ മഹാനെ കാണുന്നവര്‍ തന്നെ അറിയാതെ കരഞ്ഞുപോവുമായിരുന്നു. ഈ അവസ്ഥയിലായിരുന്നു ഞാന്‍ മഹാനവര്‍കളുടെ സവിധത്തിലെത്തിയത്. ശാന്തനായപ്പോള്‍ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു: ”പ്രിയരേ, മരണം കണ്‍മുമ്പില്‍ നില്‍ക്കുകയും മലക്കുല്‍ മൗത്തിന്റെ സന്തതസഹചാരിയുമായ വ്യക്തിക്ക് സുഖജീവിതം, ഉറക്കം, കളി എന്നിവ കൊണ്ട് എന്തുകാര്യം.”
പിന്നീടവര്‍ കൂട്ടിച്ചേര്‍ത്തു: ”ഭൂമിക്കടിയിലെ തേളുകള്‍ നിറഞ്ഞ ഖബറിലുറങ്ങുന്നവരുടെ അവസ്ഥകള്‍ നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ഉപ്പ് വെള്ളത്തില്‍ ഉരുകിത്തീരും പോലെ നിങ്ങള്‍ ഉരുകിത്തീരുമായിരുന്നു.”
പിന്നീടിങ്ങനെ തുടര്‍ന്നു: ”30 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സംഭവം നിങ്ങളെ ഞാന്‍ കേള്‍പ്പിക്കാം. ബസറായിലെ ശ്മശാനത്തില്‍ ഒരു ഖബറിനരികെ എന്റെ കൂടെ മഹാന്‍ ഇരിക്കുകയായിരുന്നു. ഖബറിനുള്ളില്‍ ഖബറാളി ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. കശ്ഫിന്റെ അഹ്‌ലുകാരനായ മഹാന് ഖബറാളിയുടെ അവസ്ഥ വെളിവാക്കപ്പെട്ടപ്പോള്‍ ഉച്ചത്തില്‍ അട്ടഹസിച്ച് നിലംപൊത്തി വീണു. അദ്ദേഹത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആത്മാവ് മറ്റൊരു ലോകത്തിലേക്ക് പാറിക്കഴിഞ്ഞിരുന്നു. ശരീരം ഉപ്പ് ഉരുകുന്നതു പോലെ ഉരുകിയില്ലാതായിരുന്നു. ”ഇദ്ദേഹത്തില്‍ കണ്ടത്ര ഭയം ഒരാളിലും ഇതേവരെ കണ്ടിട്ടില്ല.” അതിനുശേഷം പതിവുപോലെ രണ്ടു കാരക്ക നല്കിയിട്ട് തിരിച്ചയച്ചു.
ഒരു ദിവസം ഹസ്‌റത്ത് ഖ്വാജാ ഉസ്മാന്‍ ഹാറൂനി(റ), ഖ്വാജാ ഗരീബ് നവാസിനോട് ഇങ്ങനെ പറഞ്ഞു: ”നാളെ അന്ത്യദിനത്തില്‍ അമ്പിയാക്കള്‍, ഔലിയാക്കള്‍, സാധാരണക്കാര്‍ ഇവരില്‍ ആരെല്ലാം നിസ്‌കാരത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു രക്ഷപ്പെട്ടോ അവര്‍ രക്ഷപ്പെട്ടു; അര് നിസ്‌കാരം കൃത്യനിഷ്ടയിലാക്കിയില്ലയോ അവര്‍ നരകത്തിലെ വിറകാവുന്നതാണ്.
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:” നിസ്‌കാരത്തില്‍ അലസത കാണിക്കുന്നവര്‍ക്കാണ് വൈല്. നരകത്തില്‍ അങ്ങേയറ്റം വേദനാജനകമായ ശിക്ഷ നല്‍കപ്പെടുന്ന ഒരു കിണറുണ്ട്. നിസ്‌കാരത്തെ പിന്തിപ്പിക്കുന്നവര്‍ക്കും യഥാ സമയത്ത് നിര്‍വഹിക്കാത്തവര്‍ക്കുമുള്ളതാണത്. വീണ്ടും വിശദീകരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: ”വൈല്‍ എഴുപതിനായിരം തവണ അല്ലാഹുവിനോട് ചോദിക്കുന്നു. ഈ കഠിന കഠോര ശിക്ഷ ഏതു വിഭാഗത്തിനുള്ളതാണ്? അല്ലാഹുവിന്റെ പ്രത്യുത്തരം ഇങ്ങനെയുണ്ടായി: ”നിസ്‌കാരം യഥാസമയത്ത് നിര്‍വഹിക്കാത്തവര്‍ക്കാണത്.”
ഒരു പ്രാവശ്യം ഞാനും ശൈഖും യാത്ര ചെയ്തു ടൈഗ്രീസ് നദിക്കരയിലെത്തിയപ്പോള്‍ നദി കവിഞ്ഞൊഴുകുകയായിരുന്നു. ഇനി എന്തു ചെയ്യുമെന്ന് മനസ്സില്‍ തോന്നിയപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ”കണ്ണടക്കൂ, അല്‍പനേരത്തിനു ശേഷം കണ്ണ് തുറന്നപ്പോള്‍ ഞാനും ശൈഖ് ഹാറൂനി തങ്ങളും ടൈഗ്രീസിന്റെ മറുകരയിലായിരുന്നു. ഞാന്‍ ചോദിച്ചു: ”ഇതെങ്ങനെ സംഭവിച്ചു.” മഹാന്‍ പ്രതിവചിച്ചു: ”അഞ്ചു പ്രാവശ്യം അല്‍ഹംദു ചൊല്ലി നദി മുറിച്ചുകടന്നു.”
ഒരു പ്രാവശ്യം തന്റെ ശൈഖ് ഖ്വാജാ ഉസ്മാനുല്‍ ഹാറൂനി(റ)യുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ ഖ്വാജ ബഹാഉദ്ദീന്‍(റ)യെ കണ്ടുമുട്ടി. തന്റെ അരികില്‍ വന്ന ഏതൊരാളെയും വെറും കയ്യോടെ മടക്കിവിടാതിരിക്കലായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ആരെങ്കിലും വസ്ത്രമില്ലാതെ വന്നാല്‍ സ്വന്തം വസ്ത്രം ഊരിക്കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോഴേക്കും മലക്കുകള്‍ വന്ന് ഉന്നത വസ്ത്രം നല്‍കുമായിരുന്നു. ഞങ്ങള്‍ അല്‍പദിവസം മഹാന്റെ കൂടെ സഹവസിച്ചു. തിരിച്ചുപോരുമ്പോള്‍ മഹാന്‍ ഇപ്രകാരം ഉപദേശിക്കുകയും ചെയ്തു: ”തനിക്കെന്തു ലഭിച്ചോ അത് അവിടെ തന്നെ സൂക്ഷിച്ചുവയ്ക്കരുത്. മറിച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവാക്കുക. എങ്കില്‍ അല്ലാഹുവിന്റെ സാമീപ്യരില്‍ നിങ്ങളുടെ പേരുണ്ടാവും.”
ഒരു പ്രാവശ്യം ദര്‍വേശുമാരുടെ ഒരു സംഘം ഖ്വാജ ഉസ്മാനില്‍ ഹാറൂനി(റ)യുടെ സവിധത്തില്‍ വന്നു. അപ്പോള്‍ ഒരു വയോധികന്‍ വന്ന് സലാം പറയുകയും ഹാറൂനി തങ്ങള്‍ എഴുന്നേറ്റുനിന്ന് സലാം മടക്കി പരിഗണിച്ച് ഇരുത്തുകയും ചെയ്തു. അവര്‍ പറഞ്ഞു: ”30 വര്‍ഷമായി എന്റെ മകന്‍ പിരിഞ്ഞിട്ട്, അവന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. അവന്റെ വേര്‍പാടിനാല്‍ ഞാനാകെ തകര്‍ന്നിരിക്കുന്നു. എന്നെ സഹായിച്ചാലും. അവന്റെ തിരിച്ചുവരവിനും രക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി ഫാതിഹയും ഇഖ്‌ലാസും ഓതിയാലും… ഇതു കേട്ടപാടെ ഉസ്മാന്‍ ഹാറൂനി തങ്ങള്‍ മുറാഖബയിലായി തല താഴ്ത്തിയിരുന്നു. ശേഷം തല ഉയര്‍ത്തി ചുറ്റുമുള്ളവരോട് പറഞ്ഞു: ”ഈ വയോധികന്റെ മകന്റെ തിരിച്ചുവരവിന് ഫാതിഹയും ഇഖ്‌ലാസും ഓതുക.” എല്ലാവരും ഓതിക്കഴിഞ്ഞപ്പോള്‍ ശൈഖ് വയോധികനോട് പറഞ്ഞു: ”നിങ്ങള്‍ക്കു പോവാം, എപ്പോള്‍ നിങ്ങളുടെ മകനെ ലഭിക്കുന്നുവോ അപ്പോള്‍ അവനെ കൂട്ടി എന്നെ കാണാന്‍ വരണം.”
വയോധികന്‍ പുറത്തേക്കിറങ്ങിയ പാടെ തങ്ങളുടെ മകനെ കിട്ടിയെന്ന് ഒരാള്‍ വന്ന് അദ്ദേഹത്തെ വിവരമറിയിച്ചു. വീട്ടിലെത്തിയ ഉടനെ മകനെ മാറോടണച്ച് അവനെയും കൂട്ടി ഖ്വാജാ ഉസ്മാനുല്‍ ഹാറൂനി(റ)യുടെ സവിധത്തിലെത്തി. ശൈഖ് മകനോട് ചോദിച്ചു: ”മോനേ, എവിടെയായിരുന്നു?” അവന്‍ പറഞ്ഞു: ”സമുദ്രത്തില്‍ ഒരു കപ്പലിലായിരുന്നു. അതിന്റെ ഉടമസ്ഥന്‍ ചങ്ങലകളെക്കൊണ്ട് എന്നെ ബന്ധനസ്ഥനാക്കിയിരുന്നു. ഇന്ന് അങ്ങയുടെ അതേ രൂപത്തിലുള്ള ഒരു ദര്‍വേശ് അല്ല അങ്ങ് തന്നെ എന്റെ അരികില്‍ വരികയും ചങ്ങലപൊട്ടിച്ച് എന്റെ പിരടിയില്‍ ശക്തിയായി പിടിച്ച് തന്റെ മുമ്പില്‍ നിര്‍ത്തിക്കൊണ്ട് ഇങ്ങനെ കല്‍പ്പിച്ചു: ”തന്റെ കാല്‍ എന്റെ കൈയില്‍ വച്ച് കണ്ണ് ചിമ്മുക.” അല്‍പനേരത്തിനുശേഷം പറഞ്ഞു: ”കണ്ണ് തുറക്കൂ.” അപ്പോള്‍ ഏകനായി തന്റെ വീട്ടുപടിക്ക് മുമ്പില്‍ എന്നെ കാണാന്‍ കഴിഞ്ഞു. വീണ്ടും പലതും പറയാന്‍ തുനിഞ്ഞപ്പോള്‍ ഹാറൂനി തങ്ങള്‍ നിശ്ശബ്ദനാവാന്‍ ആംഗ്യം കാണിച്ചു. ഇതു കേട്ട വയോധികന്‍ ഹാറൂനി തങ്ങളുടെ കാലില്‍ വീണ് മുത്തം ചെയ്തു. അങ്ങനെ പിതാവും മകനും തിരിച്ചുപോയി.
ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി(റ) 20 വര്‍ഷം മുഴുവന്‍ തന്റെ ആത്മീയ ഗുരുവായ ഖ്വാജ ഉസ്മാനുല്‍ ഹാറൂനി തങ്ങള്‍ക്ക് മനസ്സാ വാചാ കര്‍മണാ സേവനത്തില്‍ മുഴുകി. ജീവനു തുല്യം തനിക്ക് സേവനം ചെയ്ത ഖ്വാജക്ക് ശൈഖ് തങ്ങള്‍ അത്യുന്നത പ്രതിഫലവും അനുഗ്രഹവും സമ്പത്തും നല്‍കി. അത് അതിര്‍ വരമ്പുകള്‍ക്കപ്പുറമായിരുന്നു. ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും സര്‍വ വഴികളും പിന്നിട്ടശേഷം മഹാന്‍മാരില്‍ നിന്നും തനിക്കു ലഭിച്ച സര്‍വ മാഹാത്മ്യങ്ങളും തന്റെ ബുദ്ധിമാനായ മുരീദ് ഖ്വാജാ ഗരീബ് നഹസി(റ)വിന് നല്‍കിയിട്ട് ഇങ്ങനെ ഉപദേശിച്ചു:
”മുഈനുദ്ദീന്‍, അല്ലാഹുവിന്റെ സൃഷ്ടികളില്‍നിന്ന് ഒരിക്കലും ഒന്നും ആഗ്രഹിക്കരുത്. ഒരിക്കലും ജനവാസമുള്ളിടത്ത് കഴിയരുത്. ഒരാളോടും ഒന്നും ആവശ്യപ്പെടരുത്.”
ഗരീബ് നവാസ്(റ) പറയുന്നു: ”ശേഷം വന്ദ്യഗുരു ഫാതിഹയോതി എന്റെ കണ്ണും തലയും ചുംബിച്ച് ഇങ്ങനെ അരുളി: ”നിങ്ങളെ അല്ലാഹുവില്‍ സമര്‍പ്പിച്ചു.” മുഈനുദ്ദീന്‍ സത്യത്തിന്റെ പ്രിയപ്പെട്ടവരാണ്. എനിക്ക് അങ്ങ് ശിഷ്യനായി വന്നതില്‍ വളരെ അഭിമാനമാണ്.”

മഹാത്മാക്കളുടെ തണലില്‍
ഖ്വാജ ഗരീബ് നവാസ്(റ) തന്റെ വന്ദ്യഗുരു ഉസ്മാനുല്‍ ഹാറൂനി(റ) തങ്ങളോട് വിടപറഞ്ഞു ബഗ്ദാദിലേക്ക് തിരിച്ചു. വഴിയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടി ഖര്‍ഖാനില്‍ എത്തിച്ചേര്‍ന്നു. ഖര്‍ഖാന്‍ ചെറിയ പ്രദേശമായിരുന്നെങ്കിലും ശൈഖ് അബുല്‍ ഹസന്‍ ഖര്‍ഖാന്‍(റ)യാല്‍ അവിടം ശ്രുതി പെറ്റതായിരുന്നു. അതിനാല്‍ തന്നെ മഹല്‍ വ്യക്തിയില്‍ നിന്നും ആന്തരിക വിഭവങ്ങളും ബറകത്തുകളും കരസ്ഥമാക്കി. അല്‍പദിനം അവിടെ താമസിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. വഴിയില്‍ കണ്ട മഹല്‍ വ്യക്തികളുടെയെല്ലാം മസാറുകള്‍ സന്ദര്‍ശിച്ചു. അവരുടെ ആത്മീയ ജ്ഞാനങ്ങളും ബറകത്തുകളും നേടി അവിടെ അല്‍പദിനം കഴിച്ചുകൂട്ടി നടന്നുനീങ്ങി.
പിന്നീട് മാസിന്ദാനിന്റെ അതിര്‍ക്കടുത്തുള്ള അസ്തറാബാദ് എന്ന പ്രസിദ്ധവും ഉന്നതവുമായ പട്ടണത്തിലെത്തിച്ചേര്‍ന്നു. അന്നവിടെ മഹാന്‍മാരില്‍ ഉന്നതസ്ഥാനിയും അല്ലാഹുവിന്റെ ആരിഫുമായ ശൈഖ് നാസ്വിറുദ്ദീന്‍(റ) എന്നിവരുണ്ടായിരുന്നു. വെറും രണ്ടാളിലൂടെ അദ്ദേഹത്തിന്റെ സില്‍സില മഹാനായ ഹസ്‌റത്ത് ശൈഖ് ബാ യസീദില്‍ ബിസ്ഥാമിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഖ്വാജാ ഗരീബ് നവാസ്(റ) ആ മഹാനില്‍ നിന്നും മഅ്‌രിഫത്തിന്റെ വെളിച്ചം സമ്പന്നമാക്കി ഇസ്ഫഹാനിലേക്ക് പോവുകയും അവിടെ പ്രോജ്വലിക്കുകയും ചെയ്തു. ഇസ്ഫഹാന്‍ അന്ന് ലോകത്തെ സുന്ദരവും പ്രസിദ്ധവുമായ പട്ടണങ്ങളിലൊന്നായിരുന്നു. അക്കാലത്ത് ഇസ്ഫഹാന്‍ നഗരം ശൈഖ് മഹ്മൂദ് ഇസ്ഫഹാനിയാല്‍ പ്രഭാപൂരിതമായിരുന്നു. ഖ്വാജാ തങ്ങള്‍ക്ക് അവരെ കണ്ടുമുട്ടാനുള്ള ഭാഗ്യം ലഭിച്ചു. ആ കൂടിക്കാഴ്ചയും അത്യത്ഭുതവും രസാവഹവുമായിരുന്നു.
സത്യത്തിന്റെ ഇരു മഹല്‍ വ്യക്തിത്വങ്ങള്‍ പരസ്പരം സംഗമിച്ച ഭാഗ്യമുഹൂര്‍ത്തം. ഇരു ഭാഗത്തു നിന്നും ഇലാഹീ കടാക്ഷത്തിന്റെയും മാഹാത്മ്യങ്ങളുടെയും പേമാരി വര്‍ഷിക്കുന്നു.
അല്ലാഹുവിന്റെ വിധി (ഖുദ്‌റത്ത്) നടത്തിപ്പ് നോക്കൂ. ഇതേ കാലത്തു തന്നെ പൂര്‍ണനായ ഗുരുവിന്റെ അന്വേഷണത്തിലായി മഹാനായ ഹസ്‌റത്ത് ഖ്വാജാ ഖുഥുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി(റ) ഇറങ്ങിപ്പുറപ്പെട്ട് ഇസ്ഫഹാനില്‍ നിലയുറപ്പിച്ചിരുന്നു. മിക്ക സമയവും ശൈഖ് മഹ്മൂദ് ഇസ്ഫഹാനി(റ)യുടെ സേവനത്തിലായി മുഴുകുകയും ചെയ്തിരുന്നു. അതിനാല്‍, മഹാനില്‍ വളരെ വിശ്വാസമുള്ളവരും അവരോട് ബൈഅത്ത് ചെയ്യാന്‍ കൊതിച്ചവരുമായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ കണ്ണ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ വെളിച്ചം വിതറുന്ന തിരുമുഖത്ത് പതിഞ്ഞപ്പോള്‍ ആ ഇലാഹീ ഒളിവിന്റെ പ്രവാഹം കണ്ടപ്പോള്‍ ഉടനടി ഖ്വാജ തങ്ങളുടെ സവിധത്തില്‍ ഹാജറായി തന്റെ മുരീദാവാനുള്ള ആവശ്യം അറിയിക്കുകയും തങ്ങളുമായി ബൈഅത്ത് ചെയ്തു ശിഷ്യരില്‍ ഇടം പിടിക്കുകയും ചെയ്തു.
പിന്നീട്, ഖ്വാജ ഗരീബ് നവാസ്(റ) ഇസ്ഫഹാന്‍ വിട്ടു ഹമദാനിലെത്തിച്ചേര്‍ന്നു. അന്ന് അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ആബിദും പരിത്യാഗിയുമായ ഹസ്‌റത്ത് ശൈഖ് യൂസുഫ് ഹമദാനി(റ)യെ കണ്ടുമുട്ടാനും അവരില്‍നിന്ന് മാഹാത്മ്യം കരസ്ഥമാക്കാനും സൗഭാഗ്യം ലഭിച്ചു.
ഹമദാനില്‍നിന്ന് യാത്ര തിരിച്ച് തിബ്‌രീസിലെത്തി. അവിടെ ജനതയ്ക്ക് മനസ്സിന്റെ വെളിച്ചം കൈമാറി കഴിഞ്ഞുകൂടി. അന്ന് തിബ്‌രീസില്‍ മഹാനായ ഹസ്‌റത്ത് ശൈഖ് അബൂസഈദ് തിബ്‌രീസി(റ) വളരെ പ്രസിദ്ധനും പ്രശസ്തനുമായിരുന്നു. അതുകൊണ്ട് തന്നെ ഖ്വാജാ(റ) അല്‍പകാലം അവിടെ താമസിച്ച് സുഹൃ ബന്ധം കൈവരിച്ച് മഹാന്റെ പുണ്യം നേടി ബഗ്ദാദിലേക്കു തന്നെ തിരിച്ചു.

ഭാഗ്യങ്ങളിലൂടെ ഒരു പ്രയാണം
ഹമദാനില്‍ നിന്നു മടങ്ങിയ ഖ്വാജാ തങ്ങള്‍(റ) ബഗ്ദാദില്‍ താമസമാക്കി. അക്കാലത്ത് ബഗ്ദാദ് നഗരം വിജ്ഞാനങ്ങളുടെയും കലകളുടെയും നഗരമായിരുന്നു. വലിയ ഉന്നതസ്ഥാനീയരും, പ്രമുഖരും പ്രസിദ്ധരുമായ പണ്ഡിതരും സൂഫികളും മുത്തഖീങ്ങളും എമ്പാടും അവിടെയുണ്ടായിരുന്നു. അവരുടെ സദസ്സുകള്‍ ആന്തരിക ബാഹ്യ വിജ്ഞാനങ്ങളുടെ താല്‍പര്യക്കാരാല്‍ നിറഞ്ഞതായിരുന്നു. ഖ്വാജ(റ)യും ആ സദസ്സുകളിലെത്തുകയും മാഹാത്മ്യങ്ങളാല്‍ തന്റെ മനസ് നിറയ്ക്കുകയും ചെയ്തു. ബഗ്ദാദിലെത്തിയപ്പോള്‍ അക്കാലത്തെ അതുല്യരായ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ശൈഖ് അബൂ നജീബ് സുഹ്‌റവര്‍ദി(റ)യുടെയും ഖുതുബുല്‍ അഖ്താബ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെയും പ്രശോഭിതമായ മസാറേ ശരീഫില്‍ പോയി ധ്യാനത്തില്‍ കഴിഞ്ഞു. അവരില്‍നിന്നും ബറക്കത്തുകള്‍ നേടുകയും ചെയ്തു. മറ്റു മഹാത്മാക്കളുടെ ദര്‍ഗകളിലും ഹാജരായി. അവരില്‍നിന്ന് ആത്മീയ അനുഗ്രഹങ്ങള്‍ വേണ്ടുവോളം നേടിയെടുത്തു.
ബഗ്ദാദില്‍ വച്ച് ഹസ്‌റത്ത് ശൈഖ് ഔഹദുദ്ദീന്‍ കിര്‍മാനി(റ)യെ കാണുകയും അവരില്‍ നിന്നും ബറക്കത്തുകള്‍ നേടുകയുമുണ്ടായി. അദ്ദേഹം അന്ന് ബഗ്ദാദിലെത്തി മഅ്‌രിഫത്തിന്റെ ഗോവണിപ്പടികള്‍ കയറുകയായിരുന്നു. ഇരു മഹാത്മാക്കളും പരസ്പരം മാഹാത്മ്യങ്ങള്‍ കൈമാറുകയും ബറക്കത്ത് നേടുകയും ചെയ്തു.

ഖ്വാജ(റ) അല്ലാഹുവിന്റെ ദര്‍ബാറില്‍
ഹസ്‌റത്ത് ഖ്വാജ ഗരീബ് നവാസ്(റ) ഹിജ്‌റ 583ല്‍ വിശുദ്ധ മക്കയിലെത്തുകയും കഅ്ബ സന്ദര്‍ശിക്കുകയും ചെയ്തു. കഅ്ബ ത്വവാഫ് ചെയ്തും ആരാധനയില്‍ മുഴുകിയും എണ്ണമറ്റ സൗഭാഗ്യവും ബറക്കത്തും കൈവരിച്ചു. ഒരുദിവസം കഅ്ബാ ശരീഫില്‍ ആരാധനയില്‍ മുഴുകിയിരിക്കെ ഒരു അശരീരി കേട്ടു.
”മുഈനുദ്ദീന്‍, നിന്നില്‍ ഞാന്‍ സംതൃപ്തനാണ്. എന്താഗ്രഹിക്കുന്നുവോ ചോദിച്ചുകൊള്ളുക.”
ഇതു കേട്ട ഖ്വാജ(റ) അങ്ങേയറ്റം സന്തോഷഭരിതനാവുകയും സുജൂദിലായി കഴിച്ചുകൂട്ടുകയും ചെയ്തു. അങ്ങേയറ്റം ഭവ്യതയോടെ അപേക്ഷിച്ചു:
”അല്ലാഹുവേ! എന്റെ സില്‍സിലയിലുള്ള മുരീദുമാരെ അനുഗ്രഹിച്ചാലും.” അപ്പോള്‍ മറ്റൊരു അശരീരി കേട്ടു:
”മുഈനുദ്ദീന്‍ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ചിരിക്കുന്നു. അന്ത്യദിനം വരെ അങ്ങയുടെ സില്‍സിലയിലുള്ളവര്‍ക്ക് ഞാന്‍ നല്‍കുക തന്നെ ചെയ്യും.

ഖ്വാജ(റ) പ്രവാചകരുടെ ചാരത്ത്
പുണ്യ മക്കയില്‍ നിന്നും യാത്ര തിരിച്ച ഖ്വാജ(റ) മദീനാ ശരീഫിലെത്തി വളരെ വലിയ ബഹുമാനത്തോടെ പ്രവാചക സവിധം ഹാജരായി. നിത്യവും മസ്ജിദുന്നബവിയില്‍ അഞ്ച് വഖ്ത് നിസ്‌കാരം നിര്‍വഹിച്ചു. മിക്ക സമയവും റൗള ശരീഫിന് സമീപം ഹാജരായി സ്വലാത്തും സലാമും ചൊല്ലിയും നിലകൊള്ളുമായിരുന്നു. ഒരു ദിവസം സുബ്ഹി നിസ്‌കാരാനന്തരം വിശുദ്ധ റൗളയുടെ സമീപത്തോടെ എല്ലാവരും സ്വലാത്തും സലാമും ചൊല്ലി ആദരവോടെ പോവുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു:
”മുഈനുദ്ദീനെ വിളിക്കൂ.”
റൗളയുടെ ഖാദിം (ശൈഖുര്‍റൗള) മസ്ജിദിന്റെ മിഹ്‌റാബില്‍ കയറിനിന്ന് വിളിച്ചു ചോദിച്ചു:
”മുഈനുദ്ദീന്‍ സന്നിഹിതനാണോ?” ”മുഈനുദ്ദീന്‍” എന്ന പേരുള്ളവരെല്ലാം ശൈഖുര്‍ റൗളയുടെ അടുക്കലെത്തിയപ്പോള്‍ അദ്ദേഹം അമ്പരന്നു. ഏതു മുഈനുദ്ദീനെയാണ് നബി(സ്വ) തങ്ങള്‍ വിളിക്കുന്നത്. അപ്പോള്‍ വീണ്ടും വിളിയാളമുണ്ടായി.
”മുഈനുദ്ദീന്‍ ചിശ്തിയെ ഹാജരാക്കൂ.” ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി(റ) ഉത്തരം നല്‍കി ക്കൊണ്ട് ശൈഖുര്‍റൗളയുടെ അരികിലെത്തി. അദ്ദേഹം ഖ്വാജ(റ)യെ റൗളാ ശരീഫിനടുത്തെത്തിച്ചിട്ടു പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, മുഈനുദ്ദീന്‍ ചിശ്തി ഹാജരായിരിക്കുന്നു.”
വിശുദ്ധ റൗളയുടെ കവാടം സ്വയം തുറക്കുകയും ഇങ്ങനെ അരുളുകയും ചെയ്തു: ”ഖുതുബുല്‍ മശാഇഖ്, അകത്തേക്ക് വരൂ.”
വന്ദ്യരായ ഖ്വാജാ ഗരീബ് നവാസ്(റ) അനുരാഗത്തില്‍ അലിഞ്ഞ് റൗളാ ശരീഫിന്റെ ഉള്ളില്‍ പ്രവേശിക്കുകയും പ്രവാചകര്‍(സ്വ) തങ്ങളുടെ ഇലാഹീ പ്രഭയില്‍ ഉന്‍മത്തരാവുകയും ചെയ്തു. മനസ് ശാന്തമായപ്പോള്‍ കല്‍പന വന്നു:
”മുഈനുദ്ദീന്‍, നിങ്ങളുടെ നമ്മുടെ മതത്തിന്റെ സഹായിയാണ്. ഇന്ത്യയുടെ ഭരണം നാം അങ്ങേക്ക് നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ പോവുക, അജ്മീരില്‍ താമസിക്കുക. അവിടെ വച്ച് ഇസ്‌ലാമിക പ്രബോധനം നടത്തുക. അല്ലാഹു നിങ്ങള്‍ക്ക് ബറകത്ത് ചെയ്യട്ടെ.
ഖ്വാജാ ഗരീബ് നവാസ്(റ) അങ്ങേയറ്റം മര്യാദയോടും ബഹുമാനത്തോടും കൂടി റൗളാ ശരീഫില്‍ നിന്നും പുറത്തുവന്നു. അനുരാഗത്തിലും സന്തോഷത്തിലുമായി മനസ്സിന് സമാധാനം ലഭിച്ചു. പുണ്യറസൂല്‍(സ്വ)യുടെ കല്‍പ്പന ഓര്‍മവന്നപ്പോള്‍ അന്താളിച്ചുകൊണ്ട് പറഞ്ഞു: ”എവിടെയാണ് ഇന്ത്യ? എവിടെയാണ് അജ്മീര്‍?” പ്രദോഷം വരെ ഈ ചിന്തയിലും ബേജാറിലുമായിരുന്നു. സൂര്യാസ്തമയം കഴിഞ്ഞ് മഗ്‌രിബും ഇശാഉം കഴിഞ്ഞ് കണ്ണ് മാളി ഉറങ്ങിയപ്പോള്‍ ഇന്ത്യയെയും അജ്മീരിനെയും മഹാനവര്‍കള്‍ക്ക് സ്വപ്നത്തില്‍ കാണിക്കപ്പെട്ടു. ഉറക്കില്‍ നിന്നുണര്‍ന്നപ്പോള്‍ ശുക്‌റിന്റെ സുജൂദ് ചെയ്തു. വിശുദ്ധ റൗളയിലെത്തി സലാത്തും സലാമും ചൊല്ലി. ഇന്ത്യയുടെ ഭാഗത്തേക്ക് യാത്ര തിരിച്ചു.
ഖ്വാജ ഗരീബ് നവാസ്(റ) തന്റെ യാത്രയ്ക്കിടയില്‍ സിരിയയിലേക്കു പോയി. എന്നാല്‍, തങ്ങള്‍ മടക്കത്തിലാണോ സിറിയയില്‍ പോയത് അതോ ഇന്ത്യയിലേക്ക് പോകുന്ന സമയത്ത് അതിലൂടെ പോയതാണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ഖ്വാജ ഗരീബ് നവാസ്(റ) തന്നെ ഈ യാത്ര ഇങ്ങനെ വിശദീകരിക്കുന്നു: ”ഒരിക്കല്‍ സിറിയക്കടുത്തുള്ള ഒര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter