നഫീസത്തുല്‍ മിസ്രിയ്യ: സ്ത്രീ ആത്മീയതയുടെ പാരമ്യത
പേരുപോലെത്തന്നെ മിസ്റിലെ അമൂല്യ രത്നങ്ങളിലൊന്നായിരുന്നു നഫീസ്വത്തുല്‍ മിസ്രിയ്യ. പാണ്ഡിത്യംകൊണ്ടും ദൈവാനുരാഗംകൊണ്ടും ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഔന്നത്യങ്ങള്‍ താണ്ടിയ മഹാ പ്രതിഭ. പെണ് ചിന്തകളുടെ ഇടനാഴികളില്‍ തസ്വവ്വുഫിനെ സജീവമാക്കിയ സൂഫീവനിത. ഇങ്ങനെ, നഫീസത്തുല്‍ മിസ്രിയ്യയെ ചരിത്രത്തില്‍ നിസ്തുലയാക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. ലോക സ്ത്രീ സഞ്ചയത്തിന് മാതൃകയാകുംവിധം ചരിത്രത്തിലൂടെ ഒറ്റയാനായി കടന്നുപോയ വിശുദ്ധ മഹിളാരത്നമായിരുന്നു മഹതി. സ്ത്രീകള്‍ക്കു മാത്രമല്ല, ലോകത്തെ സര്‍വ്വ ജനങ്ങള്‍ക്കും മാതൃകയായി അവര്‍ നിലകൊണ്ടു.
പ്രവാചകകുടുംബത്തിലായിരുന്നു നഫീസത്തുല്‍ മിസ്രിയ്യയുടെ ജനനം. പ്രവാചകരുടെ പേരക്കിടാവ് ഹസന് (റ) വിന്റെ മകന് സൈദ് (റ) ആയിരുന്നു മഹതിയുടെ ഉപ്പാപ്പ. അദ്ദേഹത്തിന്റെ മകന് ഹസനുല്‍ അന്‍വര്‍ പിതാവും. മക്കയിലെ അറിയപ്പെട്ട പണ്ഡിതനും ജ്ഞാനിയുമായിരുന്നു ഹസനുല്‍ അന്‍വര്‍ (റ). പത്ത് ആണ്കുഞ്ഞുങ്ങള് മാത്രമുണ്ടായിരുന്ന അദ്ദേഹം തനിക്കൊരു പെണ്‍കുഞ്ഞ് പിറന്നിരുന്നെങ്കില്‍ എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയാണ് ഹിജ്റ വര്‍ഷം 145. റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. ലോകമൊന്നടങ്കം പ്രവാചകരുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടിരിക്കുന്ന സമയം. അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. പണ്ഡിതയും ഭക്തയുമായ തന്റെ അമ്മായിയെ അനുസ്മരിച്ചുകൊണ്ട് അവര്‍ ആ കുഞ്ഞിന് നഫീസ എന്നു നാമകരണം നടത്തുകയായിരുന്നു.
അഞ്ചുവയസ്സുവരെ മക്കയിലായിരുന്നു മഹതിയുടെ ജീവിതം. പിതാവ് മദീനയില്‍ സ്ഥിരതാമസമാക്കിയപ്പോള് കുടുംബ സമേതം അങ്ങോട്ടു തിരിച്ചു. പിന്നീട് നീണ്ട വര്‍ഷങ്ങള്‍ അവിടെയായിരുന്നു. മദീന മഹതിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ഇസ്ലാമികമായ വ്യക്തിത്വം രൂപീകരിക്കുന്നതിലും ശീലങ്ങള്‍ വളര്‍ത്തുന്നതിലും അവരെ നല്ലപോലെ സഹായിച്ചു. ധാരാളം പണ്ഡിതന്മാരും ജ്ഞാനികളുമായി ആത്മീയ ബന്ധങ്ങളുണ്ടാക്കാനും വഴിയൊരുക്കി. കൂടാതെ, ആഇശാ ബീവിയുടെ റൂമില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രവാചകരുടെ അടുത്തുപോവുകയും തന്റെ ഇശ്ഖിനു മൂര്‍ച്ച കൂട്ടുകയും ചെയ്തു.
അന്ന് മസ്ജിദുന്നബവി അറിവിന്റെ വിളനിലമായിരുന്നു. ദര്‍സുകളും പഠനക്ലാസുകളും അവിടെ സജീവമായിരുന്നു. വിഖ്യാതരായ പണ്ഡിതരാണ് ക്ലാസുകള്‍ നടത്തിയിരുന്നത്. ഒഴിവുസമയങ്ങളില്‍ പിതാവിനോടൊപ്പം അവരും ക്ലാസില്‍ പങ്കെടുക്കാനെത്തി. എട്ടു വയസ്സായപ്പോഴേക്കും മഹതി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഹദീസില്‍നിന്നും ധാരാളം ഭാഗങ്ങള്‍ പഠിച്ചു. സൂഫികളുടെയും സല്‍വൃത്തരുടെയും ചരിത്രങ്ങള്‍ പഠിച്ചു. അല്ലാഹുവിന്റെ ഇഷ്ടവും തൃപ്തിയും കൈവരിക്കാനുള്ള വഴികള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ അനുശീലിക്കുകയും ചെയ്തു.
പ്രാര്‍ത്ഥനയായിരുന്നു ചെറുപ്രായംമുതലേ മഹതിയുടെ വലിയൊരു ആയുധം. തന്നെ അവന്റെ ഇഷ്ടദാസന്മാരില് ഒരാളാക്കി ഉയര്‍ത്തണമെന്ന് അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. മദീനയിലെ ഈ ജീവിതമായിരുന്നു മഹതിയുടെ ജീവിതത്തിലെ ആദ്ധ്യാത്മികതയുടെ വളര്‍ച്ചാഘട്ടം.പതിനാറാമത്തെ വയസ്സില്‍, ഹിജ്റ വര്‍ഷം 161, റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച, പ്രവാചക കുടുംബാംഗവും പണ്ഡിതനുമായ ഇസ്ഹാഖുമായി മഹതി വിവാഹിതയായി. ശേഷം ഇരുവരും മക്കയിലേക്കു തിരിച്ചു. പിന്നീട് അവിടെയായിരുന്നു അവരുടെ ജീവിതം. തന്റെ പുണ്യ പ്രവാചകരുടെ റൗളയോട് വിട പറയുന്നതില്‍ വെഷമമുണ്ടായിരുന്നുവെങ്കിലും ആ മനസ്സ് എപ്പോഴും അവിടെ യാത്ര നടത്തുകയായിരുന്നു.
ഇസ്ഹാഖുമൊത്തുള്ള ദാമ്പത്യജീവിതം എല്ലാ അര്‍ത്ഥത്തിലും വിജയകരമായിരുന്നു; സന്തോഷകരവും. ഈ ബന്ധത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. ഒരു ആണും ഒരു പെണ്ണും. ഖാസിം, ഉമ്മു കുല്‍സൂം.
നഫീസ ഭര്‍ത്താവും മക്കളുമൊത്ത് സന്തോഷപൂര്‍വ്വം മക്കയില്‍ ജീവിച്ചു.
ആത്മീയതയുടെ വഴിത്താര
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞെത്തിയ നഫീസബീവിക്കു ഇനി ഒരേയൊരു ആഗ്രഹംമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കാലങ്ങളായി ഹൃദയത്തിന്റെ അടിത്തട്ടില്‍ മുനിഞ്ഞുകത്തിക്കൊണ്ടിരുന്ന അതേ ആഗ്രഹം. നാളുകളായി താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അതേ മാര്ഗത്തില്തന്നെയായിരുന്നു ഇത്. വൈജ്ഞാനിക ലോകത്തെ പ്രശോഭിക്കുന്ന ഒരു താരകമായി മാറണം. അതിന്റെ പ്രകാശം ലോകമൊന്നടങ്കം പരക്കണം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില് ഒരാളായി മാറുകയും അവന്റെ ഔലിയാക്കളുടെ സ്ഥാനത്തേക്കു വളര്‍ന്നുവരുകയും വേണം. അങ്ങനെ, ആധ്യാത്മിക ലോകത്ത് അല്ലാഹുവിനെ സ്നേഹഭാജനമായി തെരഞ്ഞെടുത്ത്, അവനെ പ്രണയിച്ച് ജീവിക്കണം. അവസാനം, ഒരു കാമുകനെ തേടിയുള്ള ആനന്ദ യാത്രപോലെ, സര്‍വ്വതും വെടിഞ്ഞ് പുഞ്ചിരി തൂകിക്കൊണ്ട് അവനിലേക്കു യാത്രയാവണം…
Also Read:റാബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ ദീപ്ത മുഖം
കൊച്ചുകാലം മുതല്‍തന്നെ മഹതി ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ജീവിതത്തിലുടനീളം അതിനുള്ള സാഹചര്യവും അന്തരീക്ഷവും ഒത്തുവരികയും ചെയ്തു. പണ്ഡിതന്മാരുടെയും ജ്ഞാനികളുടെയും അരു ചേര്‍ന്നുകൊണ്ടാണ് ചെറുപ്പകാലം മുതല്‍തന്നെ മഹതി വളര്‍ന്നത്. മസ്ജിദുല്‍ ഹറമിലെയും മസ്ജിദുന്നബവിയിലെയും വിജ്ഞാന സദസ്സുകള്‍ അവര്‍ക്ക് അറിവിന്റെ ഭണ്ഡാരങ്ങള്‍ തുറന്നുകൊടുത്തു. പണ്ഡിതന്മാരുമായുള്ള നിരന്തര ബന്ധവും ഉപകാരം ചെയ്തു. ഖുര്‍ആനും ഹദീസ് ഗ്രന്ഥമായ മുവത്വയും കാണാതെ പഠിച്ചുകൊണ്ടായിരുന്നു മഹതിയുടെ ഈ മേഖലയിലയിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം.
പിന്നീട് അതിന്റെ ചൂടും ചൂരും ചോര്‍ന്നുപോകാതെയായിരുന്നു ഓരോ യാത്രയും. കൊച്ചു കാലം മുതല്‍ ആരാധനാ കാര്യങ്ങളില്‍ ബദ്ധശ്രദ്ധയായിരുന്നു. ഒരു കുട്ടിയെന്ന നിലക്ക് മസ്ജിദുന്നബവിയില്‍ പോയിക്കൊണ്ടാണ് അന്ന് നിസ്കരിച്ചിരുന്നത്. വളര്‍ന്നുവരുന്നതിനനുസരിച്ച് ആരാധനാമുറകള്‍ കൂടുതല്‍ ചിട്ടയിലായി. അതിനായി പ്രത്യേകം സമയം കണ്ടെത്തുകയും മുറ തെറ്റാതെ നിര്‍വഹിക്കുകയും ചെയ്തു. പ്രവാചകരുടെ ആത്മീയ നോട്ടം മഹതിക്ക് സദാ ഉണ്ടായിരുന്നു. നിരന്തരം റൗളാശരീഫ് സന്ദര്ശുച്ചുകൊണ്ടാണ് മഹതി തന്റെ ആത്മീയ ദാഹം തീര്‍ത്തിരുന്നത്.
ഏകാന്തതയും പരിത്യാഗവും മഹതി ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ട് ഗുണങ്ങളായിരുന്നു. ഒറ്റക്കിരുന്ന് ദൈവസ്മരണയില്‍ മുഴുകാന്‍ മഹതി കൊതിച്ചു. ജീവിതം ഭൗതിക ആഡംബരങ്ങള്‍കൊണ്ട് മോടി പിടിപ്പിക്കുന്നതിനു പകരം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട്, എളിയ ജീവിതം നയിക്കാനാണ് മഹതി ശ്രമിച്ചത്. കുടുംബജീവിതത്തോടൊപ്പവും തന്റെ ആത്മീയ ദാഹം ശമിക്കാതെ കൊണ്ടുപോവാന്‍ മഹതിക്കു കഴിഞ്ഞു. കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാവുകകൂടി ചെയ്തതോടെ ജീവിതത്തിന്റെ പ്രത്യക്ഷ്യ ഭൗതിക ധര്‍മങ്ങള്‍ കഴിഞ്ഞ്, പൂര്‍ണമായും ആത്മീയ ലോകത്തേക്കു നീങ്ങുകയായിരുന്നു.
ജീവിതത്തിലുടനീളം മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ വളരെ സൂക്ഷ്മതയോടുകൂടിയാണ് മഹതി കൈകാര്യം ചെയ്തിരുന്നത്. ആരെയും വേദനിപ്പിക്കുകയോ ആരുടെയും അവകാശങ്ങളില്‍ വീഴ്ച വരുത്തുകയോ ചെയ്തില്ല. സംസാരം പ്രത്യേകം ശ്രദ്ധിച്ചു. നാവിനെ സൂക്ഷിച്ചു. കൂട്ടുകാരികളോടും അയല്‍വാസികളോടും നല്ലത് മാത്രം സംസാരിച്ചു. ചീത്തയില്നിന്നും അകന്നുനിന്നു. നല്ലതിനു മാത്രം കൂട്ടുകൂടുകയും നല്ല നിലയില്‍ മാത്രം സഹവസിക്കുകയും ചെയ്തു. മാതൃകായോഗ്യമായ ചുവടുകളായിരുന്നു മഹതിയുടെ ഓരോ ചലനങ്ങളും.
പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചും രാത്രി മുഴുവന്‍ സുന്നത്തു നമസ്കരിച്ചുമായിരുന്നു മഹതിയുടെ ദിനരാത്രങ്ങള്‍. പിന്നെ, നിരന്തരമായ ഖുര്‍ആന്‍ പാരായണവും ദിക്റുകളും. ഇവക്കെല്ലാം മൂര്‍ച്ച കൂട്ടാനായി ഇടക്കിടെ റൗളാശരീഫ് സന്ദര്‍ശനവും. ഇതെല്ലാമായിരുന്നു മഹതിയുടെ നിത്യജീവിതത്തിന് ആത്മീയ സൗന്ദര്യം പകര്‍ന്നിരുന്നത്. ഒഴിഞ്ഞിരിക്കുമ്പോഴും ആ ഹൃദയം മഹാന്മാരുടെ മസാറുകളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. പിന്നീട് ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) യുടെ മസാര്‍ സന്ദര്‍ശിച്ച മഹതി ശേഷം മദീനയിലേക്കു മടങ്ങുകയായിരുന്നു.
പിന്നീടുള്ള മുപ്പതു വര്‍ഷങ്ങള്‍ മദീനയിലായിരുന്നു മഹതിയുടെ ജീവിതം. ആത്മീയതയുടെ കൈലാസങ്ങള്‍ താണ്ടി ഇശ്ഖില്‍ ലയിച്ച് മഹതി അവിടെ കഴിഞ്ഞു. ഈ കാലയളവില്‍ മുപ്പതു തവണ ഹജ്ജ് നിര്‍വഹിച്ചു. മുപ്പതും കാല് നടയായിട്ടാണ് ചെയ്തിരുന്നത്. പലരും മഹതിക്കു വാഹനങ്ങള്‍ വെച്ചുനീട്ടി. പക്ഷെ, മഹതി അത് സ്വീകരിക്കാന്‍ തയ്യാറായില്ല. എന്റെ ഉപ്പാപ്പ ഹസന് (റ) വാഹനങ്ങള്‍ ഉണ്ടായിട്ടും കാല്‍നടയായിട്ടാണ് ഹജ്ജ് നിര്‍വഹിച്ചിരുന്നത് എന്നായിരുന്നു മഹതിയുടെ പ്രതികരണം.
തന്റെ ജീവിതത്തിന്റെ അവസാന ഭാഗങ്ങളിലാണ് നഫീസ ബീവി ഈജിപ്തിലെത്തുന്നത്. തനിക്കന്ന് പ്രായം നാല്പത്തിയെട്ടിനോടടുത്ത കാലം. അപ്പോഴേക്കും മഹതിയുടെ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു. നിരന്തരമായ ആരാധനകളും പരിത്യാഗങ്ങളും മഹതിയെത്തന്നെ ആകെ മാറ്റിമറിച്ചു. പിന്നീട്, അവസാന കാലം വരെ അവിടെത്തന്നെയായിരുന്നു താമസം. പിന്നീട് വഫാത്തകുന്നതുവരെ 15 വര്‍ഷങ്ങള്‍ അവിടെയായിരുന്നു മഹതിയുടെ ജീവിതം.
നഫീസ ബീവി കടന്നുവന്നതോടെ ഈജിപ്ത് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി. വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ മഹതിയെ തേടിവന്നു. നിരന്തരമായ ജനപ്രവാഹം മുസ്ലിംകളുടെ ഒരു സാംസ്കാരിക കേന്ദ്രമായി ഈജിപ്തിനെ ഉയര്‍ത്തി. ഇതോടെ അനവധി പണ്ഡിതന്മാര് മഹതിയുടെ ശിഷ്യത്വം തേടി അവിടെയെത്തി. വിശ്വപ്രസിദ്ധ പണ്ഡിതനും ശാഫിഈ മദ്ഹബിന്റെ ആചാര്യനും കര്‍മശാസ്ത്രത്തിലെ അനവധി പ്രഗല്ഭ രചനകളുടെ കര്‍ത്താവുമായ ഇമാം ശാഫിഈ (റ) ഇതില്‍ ഒരാളായിരുന്നു. നഫീസ ബീവി ഈജിപ്തിലെത്തി അഞ്ചു വര്‍ഷത്തിനു ശേഷമാണ് മഹാന് ഈജിപ്തിലെത്തുന്നത്. അദ്ദേഹം ജീവിതത്തിന്റെ അവസാന കാലം ഈജിപ്തിലേക്കു കടന്നുവരാന്‍ സുപ്രധാനകാരണം നഫീസ ബീവിയുടെ വരവാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ഈജിപ്തില്‍ ജനിക്കുകയും വിശ്വപ്രസിദ്ധനായി മാറുകയും ചെയ്ത ദുന്നൂനുല്‍ മിസ്രി (റ) യാണ് ബീവിയുമായി ബന്ധം സ്ഥാപിച്ച മറ്റൊരു പ്രമുഖന്. കൂടാതെ, മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ സഹ്നൂന്‍ ബിന്‍ സഈദ് (റ), ഉസ്മാന് ബിന്‍ സഈദ് അല്‍ മിസ്രി, മസ്രി അല്‍ സമര്ഖന്ദി, അല്‍ ഇസ്തിഫ്താഹ് ഫീ ഉലൂമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇമാം അബൂ ബക്ര് അല്‍ അദ്ഫാവി, ഖുര്‍ആനിക വ്യാകരണത്തെക്കുറിച്ച് പത്ത് വോള്യങ്ങള്‍ വരുന്ന ഗ്രന്ഥമെഴുതിയ അബുല്‍ ഹസന് ബിന്‍ അലി തുടങ്ങി അനവധി പേര് നിരന്തരം അവിടെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
ഒരു നാടിന്റെ എല്ലാമെല്ലാമായി മഹതി തന്റെ മരണം വരെ ഈജിപ്തില്‍തന്നെ കഴിഞ്ഞുകൂടി. അവസാനം അവിടെത്തന്നെ വഫാത്താവുകയും ചെയ്തു. നേരത്തെത്തന്നെ അവര്‍ തയ്യാറാക്കി വെച്ച ഖബ്റിലാണ് അവരെ മറമാടിയിരുന്നത്. എന്നും ലോക വനിതകള്‍ക്കു ഒരു മാതൃകയായിരുന്നു മഹതി. അവര്‍ നേതൃത്വം നല്‍കിയിരുന്ന ആത്മീയത ഏതു മരിച്ച ഹൃദയങ്ങളെയും ജീവിപ്പിക്കുന്നതായിരുന്നു. അത് പിന്‍പറ്റുകയാണ് ഇന്നു നാം ചെയ്യേണ്ടത്.
Leave A Comment