ഇമാം ഗസ്സാലി (എ.ഡി 1058-1111)

മുസ്‌ലിം ദൈവശാസ്ത്ര വിശാരദനും ആത്മജ്ഞാനിയുമായിരുന്ന ഇമാം ഗസ്സാലി എ.ഡി 1058 ല്‍ കിഴക്കന്‍ ഇറാനിലെ തൂസില്‍ ജനിച്ചു. അബൂ ഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അത്തൂസി അല്‍ ഗസ്സാലി എന്ന് പൂര്‍ണ്ണ നാമം. ചെറുപ്പത്തില്‍തന്നെ പിതാവ് മരണപ്പെട്ടു.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ ഗസ്സാലിക്ക് ഉന്നതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി. തൂസില്‍നിന്നുതന്നെയായിരുന്നു പഠനത്തിന്റെ ആരംഭം. ശേഷം, ജുര്‍ജാനിലേക്കും നിശാപൂരിലേക്കും പോയി. നിശാപൂരില്‍ അന്നത്തെ വിഖ്യാത പണ്ഡിതന്‍ അല്‍ ജുവൈനിയില്‍നിന്നാണ് വിദ്യ സ്വീകരിച്ചിരുന്നത്.
തന്റെ ധൈഷണിക പ്രഭാവം തിരിച്ചറിഞ്ഞ അബ്ബാസീ ഭരണാധികാരി നിസാമുല്‍ മുല്‍ക്ക് 33 -ാമത്തെ വയസ്സില്‍തന്നെ ഗസ്സാലിയെ ബാഗ്ദാദിലെ നിസാമിയ്യാ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി നിയമിച്ചു. അന്ന് മുസ്‌ലിംലോകത്തെ ഏറെ പ്രസിദ്ധമായ വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. യവന തത്ത്വചിന്ത ഗസ്സാലിയെയും നല്ലപോലെ സ്വാധീനിച്ചിരുന്നു.
തന്റെ വിഖ്യാതമായ നാല്‍പതോളം ഗ്രന്ഥങ്ങള്‍ക്കിടയില്‍,    ഇസ്മാഈലീ ചിന്താഗതികളെ എതിര്‍ക്കാനാണ് ഗസ്സാലീ തന്റെ പല രചനകളും നടത്തിയിരുന്നത്. അതില്‍ ഏറെ ശ്രദ്ധേയമാണ് ഫളാഇഹുല്‍ ബാഥിനിയ്യ വ ഫളാഇലുല്‍ മുസ്തസ്ഹിരിയ്യ എന്ന കൃതി. കിത്താബുല്‍ മുസ്തസ്ഹിരി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
ബാഗ്ദാദില്‍ അദ്ധ്യാപകനായതിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഗസ്സാലിയുടെ മനസ്സിനെ ചിന്താപരമായ ആശയക്കുഴപ്പം പിടികൂടി. ഇതിന്റെ അനന്തരഫലമെന്നോണമാണ് തത്ത്വചിന്തയെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹം തുനിയുന്നത്. തന്നെ നേരിട്ട ധൈഷണിക പ്രതിസന്ധിക്ക് പരിഹാരമായി യാതൊന്നും അദ്ദേഹത്തിനു മുമ്പിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഉത്തരമില്ലാത്ത അനന്തമായ ചോദ്യങ്ങളുടെ, മതകീയമായ ഒരു കൊടുങ്കാറ്റുതന്നെ തന്നെ പിന്തുടരുന്നതായി അദ്ദേഹത്തിന് തോന്നി. ഈയൊരു സമരാത്മകമായ ഘട്ടം ചില മാനസിക പ്രതിസന്ധിയിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും തന്റെ ജോലിയില്‍നിന്നും രാജിവെക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകുയും ചെയ്തു. ശേഷം, സ്വന്തം കുടുംബത്തെപ്പോലും പരിത്യജിച്ച അദ്ദേഹം സത്യം തേടി ഇറങ്ങിത്തിരിക്കാന്‍ ഉദ്ദേശിക്കുകയായിരുന്നു. ബാഗ്ദാദില്‍നിന്നുമുള്ള ഈ പുറപ്പാടിന്റെ മുമ്പ്, അവസാനമായി വിരചിതമായ അദ്ദേഹത്തിന്റെ രചനയാണ് കിത്താബുല്‍ മുസ്തസ്ഹിരി. പിന്നീട് 1095 ല്‍ മരിക്കുന്നതുവരെ പുതിയൊരു ജീവിതമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ആത്മീയ രൂപാന്തീകരണം

നിരന്തരമായ അന്വേഷണയാത്രയിലൂടെ സൂഫിസത്തിലാണ് സത്യമെന്ന് ഗസ്സാലി തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള ജീവിതത്തില്‍ ആത്മീയ രൂപാന്തീകരണത്തിന് വിധേയനായ അദ്ദേഹം സൂഫീ പരിവേഷത്തിലാണ് ജീവിച്ചിരുന്നത്. ചിന്തക്കും ഇന്ദ്രിയങ്ങള്‍ക്കുമപ്പുറത്തുള്ള ഈ ധാരയിലാണ് അതീവ ജാഗ്രത നല്‍കേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കി. തീര്‍ച്ചയായും ഈ പാതയിലാണ് ഒരാള്‍ക്ക് ദൈവത്തെ നേരില്‍ അനുഭവിക്കാന്‍ സാധിക്കുന്നത്. പ്രവാചകന്മാര്‍ പോലും ദൈവിക വെളിപാടുകള്‍ സ്വീകരിക്കുന്നത് ഇത്തരമൊരു വഴിയിലാണെന്ന് അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. ഇത്തരമൊരു അനുഭവമുണ്ടാകുന്നതിലൂടെ ഏതൊരാള്‍ക്കും തന്റെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. മാത്രമല്ല, അവന്‍ പരമ സത്യത്തിന്റെ ഗുണഭോക്താവായി മാറുന്നതുമാണ്.
പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, ഗസ്സാലി വീണ്ടും തന്റെ അദ്ധ്യാപനത്തിന്റെ വഴിയിലേക്കുതന്നെ തിരിച്ചുവന്നു.  ഇസ്‌ലാമിക സൂഫിസത്തിലൂടെ മോചനപാത കണ്ടെത്തിയ, സമര്‍പ്പിതനായ ഒരു മത തത്ത്വജ്ഞാനിയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ശിഷ്ടകാലം സൂഫീ ആശയങ്ങളില്‍ സമര്‍പ്പിതനായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്.
ബൃഹത്തായ അനവധി ഗ്രന്ഥങ്ങളുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില രചനകളാണ് അല്‍ മുന്‍ഖിദു മിനള്ളലാല്‍, തഹാഫുത്തുല്‍ ഫലാസിഫ, ഇഹ്‌യാഉ ഉലൂമിദ്ദീന്‍ എന്നിവ.
തന്റെ ആന്തരിക സംഘട്ടനങ്ങളെക്കുറിച്ചും ബൗദ്ധിക പുരോഗതിയെക്കുറിച്ചും സൂഫിസത്തിലൂടെ മോചനം വരിച്ചതിനെക്കുറിച്ചുമാണ് അല്‍ മുന്‍ഖിദു മിനള്ളലാല്‍ പ്രതിപാദിക്കുന്നത്. സ്വന്തം ജീവിതയാത്രയുടെ പ്രകാശനമായതുകൊണ്ടുതന്നെ  ഒരു ആത്മകഥയോട് ഇത് അടുത്തുനില്‍ക്കുന്നു. ‘ദ കണ്‍ഫെശ്യന്‍  ഓഫ് സെന്റ് അഗസ്റ്റിന്‍’ (സെന്റ് അഗസ്റ്റിന്റെ കുമ്പസാരം) എന്ന പുസ്തകത്തോടാണ് പാശ്ചാത്യന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തുന്നത്. സൂഫീധാരയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക്  അനുവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെതാണ് തന്റെ ബിദായത്തുല്‍ ഹിദായ.
തത്ത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം, ഗസ്സാലി   സംശയാസ്പദമായ ഇസ്‌ലാമിക് തിയോളജിയെയും ഗ്രീക്ക് ഫിലോസഫിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു പുസ്തകമെഴുതി. അതായിരുന്നു തഹാഫുത്തുല്‍ ഫലാസിഫ. ഇബ്‌നു സീനയെപോലുള്ള (യാഥാസ്തികതയെ എതിര്‍ത്ത) നിയോപ്ലാറ്റോണിക് മുസ്‌ലിം തത്ത്വചിന്തകന്മാര്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു ഇത്.
പാരമ്പര്യം, ബുദ്ധി, സൂഫിസം എന്നിങ്ങനെ മൂന്ന് സ്രോതസ്സുകളില്‍നിന്നുള്ള മത ചിന്തകളുടെ സമ്മിശ്ര അവതരണമാണ്    ഇഹ്‌യാഉ ഉലൂമിദ്ദീന്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ഗ്രന്ഥമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഗോളശാസ്ത്രത്തിലും ഗസ്സാലി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. മദ്ധ്യകാലത്തുതന്നെ അദ്ദേഹത്തിന്റെ രചനകള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഗസ്സാലീ ചിന്തകള്‍ക്കുള്ള അംഗീകാരമായിരുന്നു ഇത്.

ചിന്താതീതമായ സത്യം
തന്റെ തത്ത്വചിന്താപരമായ നിബന്ധങ്ങളില്‍, പരമസത്യത്തെ പ്രാപിക്കുന്ന വിഷയത്തില്‍ യുക്തിയുടെ അശക്തതയെ ഇമാം ഗസ്സാലി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുക്തി ഒരിക്കലും പൂര്‍ണ്ണമല്ലെന്നും അത് നിരീക്ഷണങ്ങളില്‍ മാത്രം പരിമിതവുമാണെന്നും അദ്ദേഹം പറയുന്നു. പ്രപഞ്ചത്തെക്കുറിച്ച് പല മുസ്‌ലിം തത്ത്വചിന്തകന്മാരും വെച്ചുപുലര്‍ത്തിയ വീക്ഷണങ്ങള്‍ക്കുവിരുദ്ധമായി, സ്ഥലത്തിലും സമയത്തിലും പരിമിതമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്.
യുക്തിക്കും മതത്തിനും ഇടയില്‍ ഒരു പ്രത്യേക ബാലന്‍സ് നിലനിര്‍ത്തുന്നതായിരുന്നു ഗസ്സാലിയുടെ തര്‍ക്കശാസ്ത്ര വീക്ഷണം. യുക്തിയെ പരിമിതവും മതത്തെ അപരിമേയവുമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഈ വീക്ഷണം യാഥാസ്തിക ഇസ്‌ലാമിനും സൂഫിസത്തിനും ഏറെ ഉപകാരം ചെയ്യുന്നതായിരുന്നു. അടിസ്ഥാനപരമായിത്തന്നെ സൂഫിസത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ആളായിരുന്നു ഗസ്സാലി. പരമ്പരാഗത ഇസ്‌ലാമിന്റെ ശാക്തീകരണമായിരുന്നു ഇതിലൂടെ നടന്നിരുന്നത്. അല്ലാഹുവിനെ വരിക്കാനുള്ള നേര്‍പാതയാണ് സൂഫിസമെന്ന് അദ്ദേഹം പറയുകയുണ്ടായി.
എ.ഡി 1111 ഡിസംബര്‍ 18 ന് മരണം വരിക്കുന്നതിനു മുമ്പുതന്നെ, പ്രായോഗിക ഇസ്‌ലാമിക ചിന്ത, വിശ്വാസരംഗം,  ധൈഷണിക രംഗം എന്നീ മൂന്നു തലങ്ങളിലും മുസ്‌ലിംലോകത്തെ  അത്യുന്നതചിന്തകന്‍ എന്ന അംഗീകാരം സ്വന്തം ജന്മ നാടായ തൂസില്‍  തന്നെ ഇമാം ഗസ്സാലിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ യത്‌നങ്ങളിലൂടെ, അന്നേവരെ രഹസ്യമായി നിലകൊണ്ട സൂഫിസത്തിന് പൊതുതലത്തില്‍ അംഗീകാരം ലഭിക്കുകയുണ്ടായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter