ബറേല്‍വികള്‍

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് 236 കിലോമീറ്റര്‍ ദൂരത്തുള്ള ഒരു നഗരമാണ് ബറേലി. അവിടെയാണ് ബറേല്‍വികള്‍ എന്നു വിളിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ സുന്നികളുടെ അമരക്കാരന്‍ അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് റസാഖാന്‍ (1856-1921) അന്ത്യവിശ്രമം കൊള്ളുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സുന്നീ സമൂഹത്തിന്റെ ആത്മീയ കേന്ദ്രവും ആസ്ഥാനവുമാണ് ബറേലി.
ഇന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് അഅ്‌ലാ ഹസ്‌റത്ത്. ജീര്‍ണതകളില്‍ നിന്ന് സമൂഹത്തെ സമുദ്ധരിച്ച് പുരോഗതിയുടെ വെളിച്ചം തെളിയിച്ച, ഹിജ്‌റ പതിനാലാം ശതകത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് (മുജദ്ദിദ്) ആണദ്ദേഹം. ഇന്ത്യ ഭരിച്ചിരുന്ന ധവള സാമ്രാജ്യത്വം ഇസ്‌ലാമിക സംസ്‌കാരത്തെ നശിപ്പിക്കാന്‍ സര്‍വ്വ തന്ത്രങ്ങളും ആവിഷ്‌കരിക്കുകയും സര്‍ സയ്യിദിനെ പോലുള്ള മതനവീകരണ വാദികള്‍ക്ക് കഞ്ഞിവെച്ചുകൊടുക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക മില്ലത്തിന്റെ സംരക്ഷണത്തിനു വേണ്ടി പടക്കളത്തിലിറങ്ങിയ പോരാളിയാണ് ഇമാം റസാഖാന്‍.
1856 ജൂണ്‍ 14 (ഹി. 1272 ശവ്വാല്‍ 10) തിങ്കളാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ അഅ്‌ലാ ഹസ്‌റത്ത് ജനിച്ചത്. പിതാവ് മാജിദ് നഖീ അലി ഖാന്‍ തന്നെയായിരുന്നു പ്രഥമ ഗുരു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, സര്‍ഫ്, നഹ്‌വ്, മന്‍ത്വിഖ്, മആനി, ഖസസുല്‍ അറബി തുടങ്ങിയവയെല്ലാം പഠിച്ചത് മഹാപണ്ഡിതനായിരുന്ന പിതാവില്‍ നിന്നുതന്നെയാണ്. പതിനാലാം വയസ്സ് ആകുമ്പോഴേക്ക് ഈ വിജ്ഞാനങ്ങളിലെല്ലാം നല്ല പാണ്ഡിത്യമുള്ള വ്യക്തിയായി അഅ്‌ലാ ഹസ്‌റത്ത് മാറി.
വിശ്വവിശ്രുത പണ്ഡിതരായ അല്ലാമാ സൈനി ദഹ്‌ലാന്‍, ഹുസൈന്‍ ബിന്‍ സ്വാലിഹ് ജമലുല്ലൈല്‍, ശാഹ് ആലി റസൂല്‍, ശൈഖ് അബുല്‍ ഹുസൈന്‍ അഹ്മദ് നൂരി തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്. ഗുരുവര്യന്മാരുടെ സഹായമില്ലാതെ സ്വപ്രയത്‌നത്തിലൂടെ ഖാന്‍ സാഹിബ് നിരവധി വിജ്ഞാന മണ്ഡലങ്ങള്‍ കീഴടക്കിയിട്ടുണ്ട്. കൈവെക്കാത്ത വിജ്ഞാന ശാഖകളില്ലാ എന്നു തന്നെ പറയാം. മറ്റു പണ്ഡിതന്മാരില്‍ നിന്നും ഭിന്നമായി ശാസ്ത്രത്തോടും കലയോടും പ്രത്യേക പ്രതിപത്തി ഉണ്ടായിരുന്നു. അംഗഗണിതം, ബീജഗണിതം, ക്ഷേത്ര ഗണിതം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, രസതന്ത്രം, ആസ്‌ട്രോണമി, ഫിലോസഫി തുടങ്ങിയവയിലെല്ലാം ഗ്രന്ഥരചന നടത്തിയ അഅ്‌ലാ ഹസ്‌റത്ത് പല പാശ്ചാത്യന്‍ പണ്ഡിതന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ പഠനത്തെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹം അറബി, ഉറുദു, പേര്‍ഷ്യന്‍, ഹിന്ദി ഭാഷകളില്‍ കിടയറ്റ കവിതകള്‍ രചിച്ചിട്ടുണ്ട്.
ഹിജ്‌റ 1295-ല്‍ തന്റെ 23-ാം വയസ്സില്‍ പിതാവുമൊത്ത് ആദ്യത്തെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ മക്കയിലെത്തിയതോടെയാണ് അഅ്‌ലാ ഹസ്‌റത്ത് മുസ്‌ലിം ലോകത്ത് ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനു മുന്നില്‍ മക്കയിലെ പണ്ഡിതന്മാര്‍ അത്ഭുതം കൂറി. ശൈഖ് ഉസയ്യിബിന്‍ സ്വാലിഹ്(റ) തന്റെ ‘അല്‍ജവാഹിറുല്‍ മുളിഅ’ എന്ന ഗ്രന്ഥത്തിനു ഹാശിയ (ടിപ്പണി) എഴുതാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വെറും രണ്ട് ദിവസം കൊണ്ടാണദ്ദേഹം അത് തയ്യാറാക്കി കൊടുത്തത്. പിന്നീട് ഹിജാസിലെ വൈജ്ഞാനിക വേദികളിലെല്ലാം നിറഞ്ഞുനിന്ന അഅ്‌ലയുടെ പാണ്ഡിത്യവും ബുദ്ധിശക്തിയും രചനാ പാടവവും അദ്ദേഹത്തെ ആദരണീയനാക്കി. 1323-ല്‍ ഹജ്ജിനു പോയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് മക്കയിലെ പണ്ഡിതന്മാര്‍ നല്‍കിയത്.
ക്രി. 1905-ല്‍ അഅ്‌ലാ ഹസ്‌റത്ത് ഹിജാസിലെത്തിയപ്പോള്‍ ഇല്‍മുല്‍ ഗൈബി (അദൃശ്യ ജ്ഞാനം)നെ കുറിച്ച് അവിടുത്തെ പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വഹാബിസം ഉയര്‍ത്തിവിട്ട തീക്ഷ്ണ ചിന്തയുടെ ഫലമായി, പ്രവാചകന്‍ പോലും മറഞ്ഞ കാര്യങ്ങള്‍ അറിയില്ലെന്ന വാദം അവിടെ ഉയരാന്‍ തുടങ്ങി. ആ സമയത്താണ് മക്കയിലെ ചില പണ്ഡിതര്‍ അഅ്‌ലാ ഹസ്രത്തിനെ സമീപിക്കുന്നത്. അവരുടെ ആവശ്യപ്രകാരം അദ്ദേഹം അവിടെ വെച്ച് ഒരു പഠന പ്രബന്ധം തയ്യാറാക്കി. ഒരു റഫറന്‍സ് പോലും നോക്കാതെ സ്വന്തം ഓര്‍മശക്തി മാത്രം അവലംബിച്ചു കേവലം എട്ടു മണിക്കൂര്‍ കൊണ്ട് ‘അദ്ദൗലത്തുല്‍ മക്കിയ്യ ബില്‍ മാദ്ദത്തില്‍ ഗൈബിയ്യ’ എന്ന പേരില്‍ അത് തയ്യാറാക്കി. പ്രസ്തുത പ്രബന്ധം കണ്ട അറബ് ലോകം ആ മഹാ പണ്ഡിതന്റെ അറിവിന്റെ ആഴം അളക്കാനാകാതെ അമ്പരന്നു. ഈ പ്രപഞ്ചത്തില്‍ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ (ഗൈബ്) പ്രവാചകന്‍(സ) അറിയുമെന്ന് ബുദ്ധിയുടെയും യുക്തിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ സ്ഥാപിച്ച അഅ്‌ലയുടെ സമര്‍ത്ഥനത്തിനു മുമ്പില്‍ എതിരാളികള്‍ക്ക് ചെറു വിരലനക്കാന്‍ പോലും സാധിച്ചില്ല. കേവലം എട്ടു മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം അഞ്ഞൂറോളം പേജ് വരും. (അല്ലാമാ ഹാമിദ് റസാഖാന്‍ ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്ത പ്രസ്തുത ഗ്രന്ഥം 543 പേജുണ്ട്).
കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്ത് വിവാദമായ മറ്റൊരു വിഷയമാണ് കറന്‍സി നോട്ടിന്റെ ഇസ്‌ലാമിക മാനം. ഹിജാബിലുണ്ടായിരുന്ന അഅ്‌ലാ ഹസ്‌റത്തിനോട് ഈ വിഷയത്തില്‍ ഒരു ഫത്‌വ നല്‍കാന്‍ അറബി പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കഫലുല്‍ ഫഖീഹില്‍ ഫാഹിം ഫീ ഖിര്‍ത്വാസിദ്ദറാഹിം’ എന്ന ഒരു നിവാരണം തയ്യാറാക്കി. (ഇതിന്റെ ഉറുദു വിവര്‍ത്തനം 164 പേജുണ്ട്). ആധുനിക കറന്‍സിയുടെ മുഴുവന്‍ വശങ്ങളും ചര്‍ച്ച ചെയ്യുന്ന റസാഖാന്റെ നിവാരണം അറബ് ലോകത്തെ അത്ഭുതപ്പെടുത്തി. സര്‍വ്വ പ്രശ്‌നങ്ങളിലും തീര്‍പ്പു കല്‍പ്പിക്കുന്ന മഹാപണ്ഡിതരുടെ പണ്ഡിതനായി അവര്‍ അദ്ദേഹത്തെ അംഗീകരിച്ചു. ആ ഉത്തരേന്ത്യന്‍ പണ്ഡിതനെ പിന്നീട് മുജദ്ദിദുല്‍ ഉമ്മ എന്നാണ് മുസ്‌ലിം ലോകം വാഴ്ത്തിയത്.

ബിദ്അത്തിനെതിരെ
ബിദ്അത്തിന്റെ കരിനാഗങ്ങളെ സുന്നത്തിന്റെ വിശുദ്ധ മന്ത്രത്തിലൂടെ മയക്കിക്കിടത്തുകയും സുന്നീ സമൂഹത്തിന് ഊര്‍ജ്ജം പകരുകയുമായിരുന്നു റസാഖാന്‍. സ്വഹാബത്തിനെ നിന്ദിക്കുകയും നിസാരമാക്കുകയും ചെയ്തുകൊണ്ട് ഉത്തരേന്ത്യയില്‍ വ്യാപിച്ചുവന്ന ശീഇസത്തെ റസാഖാനും അനുയായികളും ശാന്തമായി നേരിട്ടു. റദ്ദുര്‍റാഫിള, അല്‍ ബുഷ്‌റല്‍ ആജില, ഗായത്തു തഹ്ഖീഖ്, ഇഅ്ത്തിവാദുല്‍ അഹ്ബാബ്, മത്വ്‌ലഉല്‍ ഖമറൈന്‍… തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിലൂടെ ശിയാക്കള്‍ക്കും റാഫിളികള്‍ക്കുമെതിരെ അഅ്‌ലാ ഹസ്‌റത്ത് ശബ്ദിച്ചു. പ്രവാചക ശിഷ്യരായ സ്വഹാബികളെ വിമര്‍ശിക്കുന്നത് പ്രവാചകനെ വിമര്‍ശിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം തന്റെ ഗ്രന്ഥങ്ങളിലൂടെ സമര്‍ത്ഥിച്ചു. അതോടെ അദ്ദേഹം ശിയാക്കളുടെ കണ്ണിലെ കരടായി മാറി.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭൗതിക വാദത്തിന്റെ ചുകപ്പന്‍ പതാകയുമായി കടന്നുവന്ന വ്യക്തിയാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1898). വിദ്യാഭ്യാസ വിപ്ലവത്തിനെന്ന പേരില്‍ ബ്രിട്ടീഷ് പിന്തുണയോടെ 1875 മെയ് 24ന് അദ്ദേഹം സ്ഥാപിച്ച അലിഗഢ് യൂണിവേഴ്‌സിറ്റി ആദ്യകാലങ്ങളില്‍ മുസ്‌ലിം വിദ്യാസമ്പന്നരെ പാശ്ചാത്യന്‍ സംസ്‌കാരത്തിലേക്കും കമ്യൂണിസത്തിലേക്കും റിക്രൂട്ട് ചെയ്യുകയും അവരെ ബ്രിട്ടീഷ് ഭക്തരാക്കി മാറ്റുകയും ചെയ്തു. കൂടാതെ ഇസ്‌ലാമിക സമൂഹത്തിനു പരിചയമില്ലാത്ത പല വാദങ്ങളും സര്‍ സയ്യിദ് എഴുന്നള്ളിച്ചു. ഇജ്മാഅ് ശറഇല്‍ തെളിവല്ല, മുസ്‌ലിം സ്ത്രീ പര്‍ദ്ദ ധരിക്കേണ്ടതില്ല, ഇസ്‌ലാമും ക്രിസ്ത്യാനിയും എതിരല്ല, മലക്കും പിശാചും മനുഷ്യ മനസ്സിന്റെ നന്മയും തിന്മയും ചിത്രീകരിക്കുന്ന സിംബലുകള്‍ മാത്രമാണ്… തുടങ്ങിയ വാദങ്ങളിലൂടെ സര്‍സയ്യിദ് ഇന്ത്യന്‍ മുസ്‌ലിംകളെ പിഴപ്പിക്കാന്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രകൃതിവാദത്തിനും മതനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അഅ്‌ലാ ഹസ്‌റത്ത് രംഗത്തു വരുന്നത്. ആദ്യകാലത്ത് ഇസ്‌ലാമിക വിരുദ്ധ ചിന്തയുടെ ഫാക്ടറിയായി മാറിയിരുന്ന അലിഗഢില്‍ നിന്നും പുറത്തു വന്നവര്‍ ഭൗതിക വാദത്തിന്റെയും നാച്ച്വറലിസത്തിന്റെയും വാക്താക്കളായിരുന്നു. അവര്‍ മതത്തെയും അതിന്റെ ആശയങ്ങളെയും എതിര്‍ക്കാനായിരുന്നു സ്വന്തം ഊര്‍ജ്ജം മുഴുവന്‍ ചെലവഴിച്ചത്. അതുകൊണ്ട് തന്നെ സര്‍സയ്യിദിനെയും അദ്ദേഹത്തിന്റെ അലിഗഢ് മുസ്‌ലിം കോണ്‍ഫ്രന്‍സിനെയും അഅ്‌ലാ ഹസ്‌റത്ത് എതിര്‍ത്തു. ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അലിഗഡ് പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തിയതുകൊണ്ടായിരുന്നു ആ എതിര്‍പ്പ്. അല്ലാതെ പലരും പ്രചരിപ്പിക്കുന്നതുപോലെ ഭൗതിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ് കൊണ്ടായിരുന്നില്ല.
വഹാബിസത്തിന്റെ കുടില തന്ത്രങ്ങള്‍ ആദ്യമേ തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു അഅ്‌ലാ ഹസ്‌റത്ത്. അതിന്റെ വിഷാംശങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ഇസ്മാഈല്‍ ദഹ്‌ലവിയെ ‘വഹാബിയുദ്ദഹ്‌ലി’ (ഡല്‍ഹിയിലെ വഹാബി) എന്നാണ് അഅ്‌ലാ ഹസ്‌റത്ത് വിളിച്ചത്. ഇസ്മാഈല്‍ ദഹ്‌ലവിയുടെ വഹാബീ ചിന്തകളെ തീവ്രഭാവത്തോടെ അവതരിപ്പിക്കുന്ന അഹ്‌ലേ ഹദീസുകാരും മിതഭാവത്തോടെ അവതരിപ്പിക്കുന്ന തബ്‌ലീഗുകാരും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടുതന്നെ ഇരു വിഭാഗത്തിന്റെയും രൂക്ഷമായ എതിര്‍പ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു. കാഫിര്‍, മുശ്‌രിക്ക്, മുര്‍തദ്ദ്, ദജ്ജാല്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ അദ്ദേഹത്തിനു നേരെ അവര്‍ ചൊരിഞ്ഞു. ആരോപണങ്ങള്‍ കൊണ്ടും കുപ്രചരണങ്ങള്‍ കൊണ്ടും തളര്‍ത്താന്‍ ശ്രമിച്ചു. എന്നിട്ടും അഅ്‌ലാ ഹസ്‌റത്ത് പതറിയില്ല. തന്റെ നാക്കും തൂലികയും പടവാളാക്കി ജീവിതാന്ത്യം വരെ അദ്ദേഹം സുന്നത്ത് ജമാഅത്തിനുവേണ്ടി പൊരുതി.
പ്രവാചക പ്രേമത്തില്‍ അലിഞ്ഞുചേര്‍ന്ന ജീവിതമായിരുന്നു റസാഖാന്റേത്. അതുകൊണ്ടുതന്നെ പ്രവാചക നിന്ദയൊന്നു തോന്നിക്കുന്ന ഒരു ചെറിയ പദപ്രയോഗം പോലും സഹിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. പ്രവാചകനെ ചെറുതാക്കി ചിത്രീകരിക്കുന്ന ഒരു പരാമര്‍ശം ശ്രദ്ധയില്‍ പെട്ടാല്‍ അദ്ദേഹത്തിലെ ‘ആശിഖുറസൂല്‍’ സടകുടഞ്ഞെഴുന്നേല്‍ക്കും. പ്രവാചക നിന്ദയുടെ സ്രോതസ്സ് തകര്‍ത്തതിനു ശേഷമേ ആ സിംഹം അടങ്ങൂ. ഖാദിയാനികള്‍ മുഹമ്മദ് നബി(സ)യുടെ ഖത്മുന്നുബുവ്വത്ത് നിഷേധിച്ചപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ അഅ്‌ലാ ഹസ്‌റത്ത് മുന്നിലുണ്ടായിരുന്നു. ഖഹ്‌റുദ്ദിയാന്‍, അസ്വാരിമുര്‍റബ്ബാനി, അസൗഉ വല്‍ ഇഖാബ്, ജസാഉല്ലാഹ്, ഖത്തുമുന്നുബുവ്വത്ത്, അല്‍ മുബീനു ഖത്മുന്നബിയ്യീന്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിലൂടെ ഖാദിയാനിസത്തിന്റെ വിതണ്ഡ വാദങ്ങളെ അദ്ദേഹം തകര്‍ത്തു തരിപ്പണമാക്കി.
പ്രവാചക പ്രേമം കാരണം ‘അബ്ദുല്‍ മുസ്ത്വഫാ’ എന്ന അപരനാമം സ്വീകരിച്ച അദ്ദേഹത്തിന്റെ കാവ്യ സമാഹാരമായ ‘ഖുദാഇഖ് ബഖ്ശിശ്’ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ മഹാപ്രപഞ്ചമാണ്. ഈ ഇശ്ഖുര്‍റസൂല്‍ ആയിരുന്നു വാസ്തവത്തില്‍ ദയൂബന്ദികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കിയത്. ഇസ്മാഈല്‍ ദഹ്‌ലവി (ഹി. 1139-1246), റശീദ് അഹ്മദ് ഗംഗോഹി (1244-1323), മുഹമ്മദ് ഖാസിം നാനൂതവി (1248-1323), ഖലീല്‍ അഹ്മദ് സഹാറന്‍പൂരി (1269-1346), അശ്‌റഫ് അലി ഥാനവി (1280-1363) തുടങ്ങിയ തബ്‌ലീഗ് നേതാക്കളുടെ വാമൊഴികളിലും വരമൊഴികളിലും പ്രവാചകന്റെ മഹത്വവും ശ്രേഷ്ഠതയും ഇടിച്ചു താഴ്ത്തുന്ന നിരവധി രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാഖ്യാനങ്ങളുടെയും ന്യായീകരണങ്ങളുടെയും വാചകക്കസര്‍ത്തുകളിലൂടെ എത്ര ഉരുണ്ടുകളിച്ചാലും മറക്കാനും പൊറുക്കാനും സാധിക്കാത്ത കഠിന പരാമര്‍ശങ്ങളാണ് അവയില്‍ പലതും. അതിനോട് രാജിയാകാന്‍ ഒരു പ്രവാചക സ്‌നേഹിക്ക് ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് തന്നെയാണ് അഅ്‌ലാ ഹസ്‌റത്ത് തബ്‌ലീഗ് നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. ഇഖാമത്തുല്‍ ഖിയാമ, മുനീറുല്‍ ഐന്‍, അന്‍വാറുല്‍ ഇന്‍തിബാഹ്, അദൗലത്തുല്‍ മക്കിയ്യ, തംഹീദുല്‍ ഈമാന്‍, മുബീനുല്‍ ഹുദാ, അല്‍ മുഅ്തമദുല്‍ മുസ്തനദ്, സല്‍ത്തനത്തെ മുസ്ത്വഫാ, ഹുദല്‍ ഹൈറാന്‍, അല്‍ അംനു വല്‍ ഉലാ, ബറകാത്തുല്‍ അംദാദ്… തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിലൂടെ ബിദ്അത്തിനെതിരെ അദ്ദേഹം ശക്തമായി പോരാടിയിട്ടുണ്ട്.

സാമൂഹ്യ പരിഷ്‌കര്‍ത്താവ്
മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തിനു നായകത്വം നല്‍കിയ അഹ്മദ് റസാഖാന്‍ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് സമുദായം മുന്നേറാന്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയുണ്ടായി. 1912-ല്‍ അദ്ദേഹം കൊണ്ടുവന്ന നാല് ഫോര്‍മുലകള്‍ (Four points program of Imam Ahamad Raza) പ്രസിദ്ധമാണ്. മത-ഭൗതിക വിദ്യാഭ്യാസത്തിനുവേണ്ടി സമുദായത്തിന്റെ വിഭവ ശേഷി വിനിയോഗിക്കാനും ബിസിനസ്സ് രംഗത്ത് മുസ്‌ലിം സാന്നിധ്യം ശക്തമാക്കാനും സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബാങ്കുകള്‍ സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ അദ്ദേഹം തന്റെ ഫോര്‍മുലയിലൂടെ കൊണ്ടുവന്നു.
ബോംബെ, കല്‍കത്ത, മദ്രാസ്, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോലും ഇസ്‌ലാമിക് ബാങ്ക് പ്രചരിക്കാത്ത ഒരു കാലഘട്ടത്തിലാണ് റസാഖാന്‍ ബാങ്കിന്റെ പ്രസക്തിയെക്കുറിച്ച് സമുദായത്തോട് വിളിച്ചു പറഞ്ഞത്.
സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്ത് റസാഖാന്‍ നല്‍കിയ സംഭാവന ചെറുതെന്നുമല്ല. ഇംഗ്ലീഷ് അടക്കം ഒരു ഭാഷയോടും മുസ്‌ലിംകള്‍ക്ക് അടിസ്ഥാനപരമായി വിരോധമില്ലെന്ന് അമ്പതിലധികം കലാശാസ്ത്രങ്ങളില്‍ പ്രാവീണ്യം നേടിയ ആ മഹാപ്രതിഭ തെളിയിച്ചു. കലാശാസ്ത്ര മേഖലകളിലെല്ലാം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം അവ അഭ്യസിക്കാന്‍ സമുദായത്തോട് ആഹ്വാനം ചെയ്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹവും ശിഷ്യന്മാരും തുടക്കം കുറിച്ചു. മതവിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി 1892-ല്‍ ലക്‌നോവില്‍ നദ്‌വത്തുല്‍ ഉലമ രംഗത്തു വന്നപ്പോള്‍ അഅ്‌ലാ ഹസ്‌റത്ത് അതു സ്വാഗതം ചെയ്തു. അതിന്റെ പാഠ്യപദ്ധതി രൂപീകരണ കമ്മിറ്റിയിലും മറ്റും അംഗമായിരുന്നു. പക്ഷേ, പിന്നീട് ചിലര്‍ നദ്‌വയെ ബിദ്അത്തിലേക്കു നയിച്ചപ്പോള്‍, ആദര്‍ശത്തില്‍ അണു അളവ് വിട്ടുവീഴ്ച ചെയ്യാത്ത അഅ്‌ലാ ഹസ്‌റത്തിന് അതിനെ എതിര്‍ക്കേണ്ടിവന്നു.
വിവിധ വിഷയങ്ങളിലായി ആയിരത്തിലധികം ഗ്രന്ഥം അഅ്‌ലാ ഹസ്‌റത്ത് രചിച്ചിട്ടുണ്ട്. വിശ്വമാകെ വിജ്ഞാനത്തിന്റെ പ്രഭ പരത്തി ഏഴു പതിറ്റാണ്ടോളം ജ്വലിച്ചു നിന്ന ആ മഹാപ്രതിഭ 1921 ഒക്‌ടോബര്‍ 28 (1340 സഫര്‍ 25)നു വെള്ളിയാഴ്ച 12.38നാണ് പരലോകം പ്രാപിച്ചത്. തന്റെ അന്ത്യനിമിഷം മുന്‍കൂട്ടി കണ്ട് അതിനുവേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്ന ഖാദിരീ ത്വരീഖത്തിന്റെ ഈ ശൈഖ്, തൊട്ടടുത്ത പള്ളിയില്‍ നിന്ന് വിശ്വാസികളെ വിജയത്തിലേക്കു വിളിച്ചുകൊണ്ടുള്ള ‘ഹയ്യഅലല്‍ ഫലാഹ്’ എന്ന വാങ്കിന്റെ നാദം മുഴങ്ങിയതോടെയാണ് വിജയത്തിന്റെ ലോകത്തേക്കു യാത്രയായത്. അദ്ദേഹത്തിന്റെ അന്തിമ അവസ്ഥകളും ആ മണിക്കൂറും മിനിറ്റും സെക്കന്റുമെല്ലാം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സമൂഹത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനമാണിത് വ്യക്തമാക്കുന്നത്.
ബറേലിയിലെ അഹ്മദ് റസാഖാന്റെ ഖബ്ര്‍, സിയാറത്ത് കേന്ദ്രമാണിന്ന്. 2007 സപ്തംബര്‍ 4ന് ആ വിശുദ്ധ സാന്നിധ്യത്തിലെത്താനും ബറേലി ശരീഫ് കാണാനും ഈ ഗ്രന്ഥകാരനും അവസരമുണ്ടായി.

പിന്‍മുറക്കാര്‍
അഹ്മദ് റസാഖാനില്‍ നിന്നും വെളിച്ചം സ്വീകരിച്ച നിരവധി പണ്ഡിത കേസരികള്‍ ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ട്. നഈമുദ്ദീന്‍ മുറാദാ ബാദി (1883-1948), ഹശ്മത്ത് അലിഖാന്‍, അംജദ് അലിബിന്‍ ജമാലുദ്ദീന്‍, ദീദാര്‍ അലി, അഹ്മദ് യാര്‍ഖാന്‍ നഈമി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ബിദ്അത്തിന്റെ കരിനാഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഈ പണ്ഡിതന്മാര്‍ ചെയ്ത സേവനങ്ങള്‍ വളരെ വലുതാണ്.
തബ്‌ലീഗുകാര്‍ക്ക് വലിയ സ്വാധീനമൊന്നുമില്ലാത്ത കേരളത്തില്‍, തങ്ങള്‍ സുന്നീ വിശ്വാസാചാരങ്ങള്‍ക്ക് എതിരല്ലെന്നു അവര്‍ പറയാറുണ്ട്. എന്നാല്‍ അവരുടെ തനിനിറം കാണണമെങ്കില്‍ ഉത്തരേന്ത്യയിലേക്കു പോകണം. സുന്നീ വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ബറേല്‍വികളെ കാഫിറുകളും മുശ്‌രിക്കുകളുമായിട്ടാണ് അവിടെ അവര്‍ ചിത്രീകരിക്കുന്നത്. തബ്‌ലീഗുകാരുടെ ഏറ്റവും വലിയ ശത്രു അവിടെ ബറേല്‍വികളാണ്. തബ്‌ലീഗുകാരുടെ ശിര്‍ക്ക്, കുഫ്‌റ് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ബറേല്‍വികള്‍ കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കുന്നത്. ഈ പ്രതിരോധ നിരയിലെ എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ് അല്ലാമാ മുഫ്തി അഹ്മദ് യാര്‍ഖാന്‍ നഈമി (1906-1971)യും ഇപ്പോഴും ജീവിച്ചിരിക്കുന്ന അല്ലാമാ അര്‍ശദുല്‍ ഖാദിരിയും. നഈമിയുടെ ‘ജാഅല്‍ ഹഖ്, വ സഹഖല്‍ ബാത്വില്‍’ എന്ന ഗ്രന്ഥം വഹാബിയ്യത്തിനും ദയൂബന്ദിയ്യത്തിനും സൃഷ്ടിച്ച തലവേദന ചെറുതൊന്നുമല്ല. അവര്‍ സുന്നികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബുദ്ധിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ അക്കമിട്ടു മറുപടി പറയുകയാണ് പ്രസ്തുത ഗ്രന്ഥം. എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്ന ന്യായങ്ങളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ അദ്ദേഹം നടത്തുന്ന സമര്‍ത്ഥനങ്ങള്‍ക്കു ഉചിതമമായ മറുപടി നല്‍കാന്‍ ദയൂബന്ദികള്‍ക്കോ വഹാബികള്‍ക്കോ സാധിച്ചിട്ടില്ല.
അല്ലാമാ അര്‍ശദുല്‍ ഖാദിരി രചിച്ച സല്‍സല (പ്രകമ്പനം) എന്ന ഗ്രന്ഥം ദയൂബന്ദികളെ ശരിക്കും പ്രകമ്പനം കൊള്ളിച്ച ഒരു ഗ്രന്ഥമാണ്. സുന്നികളെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിക്കാന്‍ ദയൂബന്ദികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവരുടെ നേതാക്കള്‍ക്കെതിരെ തന്നെ തിരിച്ചുവിടുകയാണ് സല്‍സല. സുന്നികളില്‍ നിന്നുണ്ടാകുന്നു എന്നു പറയപ്പെടുന്ന ശിര്‍ക്കിന്റെ നടപടികളെല്ലാം ദയൂബന്ദി നേതാക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും അപ്പോള്‍ സുന്നികളെപോലെ തങ്ങളുടെ നേതാക്കളും മുശ്‌രിക്കുകളായി എന്നു ദയൂബന്ദികള്‍ക്കു പറയേണ്ടി വരുമെന്നുമാണ് ‘സല്‍സില’ അക്കമിട്ടു സമര്‍ത്ഥിക്കുന്നത്. ചിലതു കാണുക.
1. ദയൂബന്ദീ പണ്ഡിതനായ ശൈഖ് മുഹമ്മദ് ആശിഖ് ഇലാഹി പറയുന്നു: ”ഞാനും അശ്‌റഫ് അലി ഥാനവിയും ശൈഖ് ഖലീല്‍ അഹ്മദ് സഹാന്‍ പൂരിയോടൊപ്പം അജ്മീര്‍ ഖാജയുടെ ഖബറിടത്തില്‍ ഹാജറായി. അവിടെ സന്ദര്‍ശകര്‍ പ്രണാമമര്‍പ്പിക്കുകയും പ്രദക്ഷിണം വെക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവിടെ വെച്ച് ഖബ്‌റിലേക്ക് തിരിഞ്ഞുകൊണ്ട് ഖലീല്‍ അഹ്മദ് സഹാറന്‍പൂരി ധ്യാന നിര്‍ഭരനായി ഇരുന്നു. ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. സഹാറന്‍പൂരിയുടെ ഇരുത്തത്തില്‍ അദബുകേട് ഉണ്ടെന്ന അര്‍ത്ഥത്തില്‍ സന്ദര്‍ശകരെല്ലാം അദ്ദേഹത്തെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. മുറാഖബ (ധ്യാനം)യില്‍ മുഴുകിയ അദ്ദേഹം ഇതൊന്നും അറിഞ്ഞിരുന്നില്ല. അന്നേരം എഴുന്നേറ്റ് നില്‍ക്കാന്‍ വേണ്ടി ശൈഖിനെ ഉണര്‍ത്തിക്കൂടേ എന്ന് ഥാനവി എന്നോട് ചോദിച്ചു. അതു വേണ്ടെന്നും മുറാഖബ ഭംഗം വരാന്‍ അതിടയാകുമെന്നും ഞാന്‍ പറഞ്ഞു. പിന്നെ അല്‍പ്പം കഴിഞ്ഞ് ശൈഖ് മുറാഖബയില്‍ നിന്നു തെളിയുകയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. ഞങ്ങളൊന്നിച്ചു പുറത്തേക്കു വരുമ്പോള്‍, ആളുകളുടെ ദേഷ്യത്തോടെയുള്ള നോട്ടത്തെക്കുറിച്ച് ഞാനദ്ദേഹത്തോട് പറഞ്ഞു. ‘ഞാനതൊന്നും അറിഞ്ഞില്ല; കാര്യങ്ങള്‍ അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്കെന്നെ ഉണര്‍ത്താമായിരുന്നില്ലേ?’ അദ്ദേഹം ചോദിച്ചു.” (തദ്കിറത്തുല്‍ ഖലീല്‍: 371, 372, മുഹമ്മദ് ആശിഖ് ഇലാഹി).
അജ്മീര്‍ ഖാജയുടെ ദര്‍ഗയില്‍ പോയി ധ്യാനപരവശനായി ഇരിക്കുന്ന ഖലീല്‍ അഹ്മദ് സഹാറന്‍പൂരിയെയും അശ്‌റഫലി ഥാനവിയെയും മുഹമ്മദ് ആശിഖ് ഇലാഹിയെയും ശിര്‍ക്കു ബാധിച്ചവരായി കാണാത്ത ദയൂബന്ദികള്‍, അത്രയൊന്നും ചെയ്യാത്ത ഞങ്ങളെ ശിര്‍ക്കിന്റെ വക്താക്കളാക്കി ചിത്രീകരിക്കുന്നതെന്തുകൊണ്ട്? അര്‍ശദുല്‍ ഖാദിരി ചോദിക്കുന്നു.
2. മരിച്ചുപോയവരുടെ ആത്മാവ് മാത്രമല്ല, ശരീരവും ഭൗതിക ലോകത്ത് പ്രത്യക്ഷപ്പെടുമെന്ന് പ്രമുഖരായ പല തബ്‌ലീഗ് നേതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.
എ. ശൈഖുല്‍ ഹദീസ് എന്ന് തബ്‌ലീഗുകാര്‍ വിശേഷിപ്പിക്കുന്ന മുഹമ്മദ് സക്കരിയ്യ സാഹിബ് എഴുതുന്നു: ”ഒരിക്കല്‍ ഒരു സഹോദരന്റെ മാതാവ് മരണപ്പെട്ടു. പെട്ടെന്ന് മയ്യിത്തിന്റെ മുഖം വികൃതമാവുകയും വയര്‍ വീര്‍ത്തു വരികയും ചെയ്തു. ഇതുകണ്ടു പ്രയാസപ്പെട്ട പുത്രന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ നബി(സ) അവിടെ പ്രത്യക്ഷപ്പെടുകയും ആ സ്ത്രീയുടെ മുഖവും വയറും തടവുകയും ചെയ്തു. അതോടെ ആ മുസ്വീബത്ത് നീങ്ങിപ്പോയി.” (ഫളാഇല്‍ ദറൂദ്: 138)
നബി(സ) ഭൗതിക ശരീരത്തോടുകൂടി വന്നു സഹായിച്ചു എന്ന് സക്കരിയ്യാ സാഹിബ് എഴുതിവെച്ചപ്പോള്‍ എന്തുകൊണ്ട് അത് ശിര്‍ക്കാണെന്നു പറയാന്‍ തബ്‌ലീഗ് നേതൃത്വം തയ്യാറാകുന്നില്ല?
ബി. ”ശൈഖ് അഹ്മദ് രിഫാഈ(റ) പുണ്യനബിയുടെ ഖബ്ര്‍ സിയാറത്തിനെത്തിയപ്പോള്‍ ഖബ്‌റിലേക്ക് തിരിഞ്ഞുകൊണ്ട് ‘ഫീ ഹാലത്തില്‍ ബുഅ്ദി… എന്ന പ്രസിദ്ധമായ കവിത ആലപിക്കുകയും പ്രവാചകന്റെ വിശുദ്ധ കൈ ചുംബിക്കാന്‍ എനിക്കതൊന്നു നീട്ടിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അന്നേരം പുണ്യതിരുമേനി(സ) ഖബ്‌റില്‍ നിന്ന് അവിടുത്തെ വിശുദ്ധ കൈ നീട്ടിക്കൊടുത്തു. ശൈഖ് രിഫാഈ(റ) അതു ചുംബിച്ചു. ഈ ചരിത്ര സംഭവത്തിന് മഹ്ബൂബുസ്സുബ്ഹാനീ ഖുത്തുബുര്‍റബ്ബാനീ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഉള്‍പ്പെടെ തൊണ്ണൂറായിരം ആളുകള്‍ സാക്ഷിയായിരുന്നു. അവര്‍ക്കെല്ലാം പുണ്യനബിയുടെ വിശുദ്ധ കൈ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിച്ചു.” (ഫളാഇല്‍ ഹജ്ജ് 130-131, ഫളാഇല്‍ ദാവൂദ്: 151)
ഈ സംഭവം സത്യമാണെന്ന് അംഗീകരിക്കുന്ന സക്കരിയ്യാ സാഹിബും പിന്‍മുറക്കാരും പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നബിയോട് അപേക്ഷിക്കാനോ അര്‍ത്ഥിക്കാനോ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ നബി(സ) അത് കേള്‍ക്കില്ലെന്നും പറയുന്നത്? ‘നബിതിരുമേനി മരിച്ചു മണ്ണോട് ചേര്‍ന്നിരിക്കുന്നു’ (തഖ്‌വയത്തുല്‍ ഈമാന്‍: 130) എന്ന് എഴുതിവിട്ട ഇസ്മാഈല്‍ ദഹ്‌ലവിയെന്ന വഹാബീ ആചാര്യനെ എങ്ങനെ ഇവര്‍ക്ക് ന്യായീകരിക്കാനാകും?
സി. ”ഒരിക്കല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമിലെ അധ്യാപകര്‍ക്കിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തു. വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്രസ്തുത തര്‍ക്കത്തില്‍ ശൈഖുല്‍ ഹിന്ദ് എന്നു വിളിക്കപ്പെടുന്ന ദാറുല്‍ ഉലൂമിലെ സ്വദര്‍ മുദര്‍രിസ് ശൈഖ് മഹ്മൂദ് ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേരിതിരിഞ്ഞു. ആ സമയത്ത് ദാറുല്‍ ഉലൂം പ്രസിഡണ്ടായിരുന്ന ശൈഖ് റഫീഉദ്ദീന്റെ റൂമിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടുപോയ ദാറുല്‍ ഉലൂം സ്ഥാപകന്‍ ഖാസിം നാനൂതവി തന്റെ ഭൗതിക ശരീരത്തോടുകൂടി കടന്നുവന്നു. അദ്ദേഹം റഫീഉദ്ദിനോട് പറഞ്ഞു: നിങ്ങള്‍ മഹ്മൂദ് ഹസനോട് ഒരിക്കലും ഈ തര്‍ക്കത്തില്‍ കക്ഷി ചേരരുതെന്നു പറയണം. ഈ വിവരം മഹ്മൂദ് ഹസനെ വിളിച്ചു റഫീഉദ്ദീന്‍ പറഞ്ഞു. ഇതു കേട്ട മഹ്മൂദ് ഹസന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ കൈ പിടിച്ച് ഇതാ തൗബ ചെയ്യുന്നു. എനി ഒരിക്കലും ഞാന്‍ ഈ തര്‍ക്കത്തെക്കുറിച്ചു ഒന്നും ഉരിയാടുകയില്ല.” (അര്‍വാഹുന്‍ സലാസ: 261).
ദയൂബന്ദിലെ ഉന്നത പണ്ഡിതനായ ഖാരീ മുഹമ്മദ് ത്വയ്യിബാണ് ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടുപോയ ദാറുല്‍ ഉലൂം സ്ഥാപകന്‍ ഖാസിം നാനൂതവി ഭൗതിക ശരീരത്തോടുകൂടി തന്റെ സ്ഥാപനത്തില്‍ പ്രത്യക്ഷപ്പെടുകയും സ്ഥാപനമേധാവികളെ ഉപദേശിക്കുകയും ചെയ്തുവെന്നാണിവിടെ സ്ഥാപിക്കുന്നത്. ഈ സംഭവം വിശ്വസിക്കുന്ന ദയൂബന്ദികള്‍ക്കെങ്ങനെ പരേതാത്മാക്കള്‍ക്ക് ഭൗതിക ലോകത്ത് ഇടപെടാന്‍ കഴിയുമെന്ന സുന്നീ നിലപാട് ശിര്‍ക്കാണെന്നു പറയാന്‍ സാധിക്കും?
3. ജീവിത കാലത്തും മരണാനന്തരവും മഹാത്മാക്കളെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കാമെന്ന് ദയൂബന്ദികള്‍ പറയുന്നു. (അല്‍ മുഹന്നദ് അലല്‍ മുഫന്നദ്: 37, സഹാറന്‍പൂരി, അശ്ശിഹാബുസ്സാഖിബ്: 56,57 ഹുസൈന്‍ അഹ്മദ് മദനി). അതേ സമയം ഇസ്തിഗാസ പാടില്ലെന്നു വാദിക്കുകയും ചെയ്യുന്നു. ഇസ്തിഗാസയും തവസ്സുലും തത്വത്തില്‍ ഒന്നുതന്നെയാണ് എന്ന് ഇമാം ഇബ്‌നു ഹജറില്‍ ഹൈതമിയെ പോലുള്ളവര്‍ പറയുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇസ്തിഗാസ നടത്തുന്നവര്‍ മുശ്‌രിക്കുകളാണെന്ന് വിധിക്കുന്നത്?
4. ഖാദിരിയ്യാ, നഖ്ശബന്ദിയ്യ, ചിശ്തിയ്യ, സുഹ്‌റവര്‍ദിയ്യ തുടങ്ങിയ ത്വരീഖത്തുകളുടെ വക്താക്കളാണെന്ന് തങ്ങളെന്ന് ദയൂബന്ദികള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ ത്വരീഖത്തുകളുടെ മശാഇഖുമാര്‍ ഓരോരുത്തരും ദയൂബന്ദികള്‍ ശിര്‍ക്ക് എന്ന് മുദ്ര കുത്തിയ കാര്യങ്ങള്‍ അനുഷ്ഠിക്കുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തവരാണ്. മുരീദിന്റെ മനസ്സു കാണാന്‍ കഴിവില്ലാത്ത ശൈഖ് എങ്ങനെയാണ് തര്‍ബിയത്ത് നടത്തുക? ലോകത്തെ നിയന്ത്രിക്കുന്ന ഖുതുബിന് അഭൗതിക ജ്ഞാനമില്ലാതെ എങ്ങനെയാണ് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനാവുക?
5. ”അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മളും നമ്മുടെ മശാഇഖുമാരും അനുഷ്ഠാന കാര്യങ്ങളില്‍ ഇമാം അബൂഹനീഫ(റ)യെ തഖ്‌ലീദ് ചെയ്യുന്നവരും വിശ്വാസ കാര്യങ്ങളില്‍ ഇമാം അബുല്‍ ഹസനുല്‍ അശ്അരി(റ), ഇമാം അബുല്‍ മന്‍സൂര്‍ മാതുരീതി(റ) എന്നിവരെ പിന്തുടരുന്നവരും മഹോന്നതമായ നാല് സൂഫീ ത്വരീഖകളിലേക്ക് ചേര്‍ക്കപ്പെട്ടവരുമാകുന്നു.” (അല്‍ മുഹന്നദ്: 29,30) ഈ അവകാശവാദം ഉയര്‍ത്തുന്നവര്‍ക്ക് എങ്ങനെ അശ്അരീ, മാതുരീതി സരണികളെയും മദ്ഹബുകളെയും സൂഫീ ത്വരീഖകളെയും തള്ളിപ്പറയുകയും മാര്‍ഗഭ്രംശത്തിന്റെ പാര്‍ട്ടികളെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന വഹാബികളോട് രാജിയാകാന്‍ കഴിയുന്നു?
അര്‍ശദുല്‍ ഖാദിരി ‘സല്‍സല’യിലൂടെ ഉയര്‍ത്തിയ ഇതുപോലുള്ള ചോദ്യങ്ങള്‍ ദയൂബന്ദികളെ ശരിക്കും പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. പ്രസ്തുത ‘പ്രകമ്പന’ത്തെ പ്രതിരോധിക്കാന്‍ ദയൂബന്ദീ പക്ഷത്തുള്ള ആര്‍ക്കും സാധിച്ചിട്ടില്ല എന്നത് അര്‍ശദുല്‍ ഖാദിരിയുടെ വൈജ്ഞാനിക മികവും ബറേല്‍വികളുടെ ആദര്‍ശ ഭദ്രതയുമാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലും പാകിസ്ഥാനിലും നിരവധി സ്ഥാപനങ്ങളും ഉന്നത കലാലയങ്ങളും ബറേല്‍വികള്‍ക്കുണ്ട്. ബറേലിയിലെ ജാമിഅ റിസ്‌വിയ്യ, ലായല്‍പൂരിലെ ജാമിഅ റിസ്‌വിയ്യ, ലാഹോറിലെ ജാമിഅ നിസാമിയ്യ റിസ്‌വിയ്യ, കറാച്ചിലെ ദാറുല്‍ ഉലൂം അംജദിയ്യ, മുറാദാബാദിലെ ജാമിഅ നഈമിയ്യ, അഞ്ചുമന്‍ ഹിസ്ബുല്‍ അഹ്‌നാഫ് ലാഹോര്‍ എന്നിവ പ്രമുഖ സ്ഥാപനങ്ങളാണ്. മുംബൈ ആസ്ഥാനമായി റിസാ അക്കാഡമി പ്രവര്‍ത്തിക്കുന്നു. ഉത്തരേന്ത്യയിലെ സുന്നീ ചലനങ്ങള്‍ക്കു കാര്‍മികത്വം വഹിക്കുന്നത് ഈ അക്കാഡമിയാണ്.
കേരളവും ബറേല്‍വികളും
ബറേല്‍വികള്‍ക്ക് കേരളീയ മുസ്‌ലിംകളുമായിട്ടുള്ള ബന്ധം സംഘടനാപരം എന്നതിലുപരി ആദര്‍ശപരമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇവിടെ ഏറ്റെടുത്തു നടത്തിയ മഹാദൗത്യമാണ് ഉത്തരേന്ത്യയില്‍ അഅ്‌ലാ ഹസ്‌റത്ത് നിര്‍വഹിച്ചത്. സമസ്തയുടെ അജയ്യ നായകനും 1933-ലെ ഫറോക്ക് സമ്മേളനത്തിലെ അധ്യക്ഷനുമായിരുന്ന മൗലാനാ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി ബിദഈ പ്രസ്ഥാനങ്ങളെ ഖണ്ഡിക്കുവാന്‍ പ്രത്യേക പരിശീലനം നേടിയത് റസാഖാനില്‍ നിന്നായിരുന്നു. മലയാളക്കരയില്‍ ബിദ്അത്തിനെതിരെ പടയോട്ടം നടത്താന്‍ ശാലിയാത്തിക്ക് ഊര്‍ജ്ജം ലഭിച്ചത് റസാഖാനില്‍ നിന്നായിരുന്നു. ചാലിയത്തെ അസ്ഹരിയ്യാ ഖുത്തുബുഖാനയില്‍ ഇമാം അഹ്മദ് റസാഖാന്‍(റ)ന്റെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു സൂക്ഷിച്ചിട്ടുണ്ട്. അതവലംബമാക്കിയാണ് ശാലിയാത്തി പല ഗ്രന്ഥങ്ങളും രചിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ റൗളാങ്കിത ത്രിവര്‍ണ പതാകക്കു പോലും പ്രവാചക പ്രേമം കാരണം ‘അബ്ദുല്‍ മുസ്ത്വഫാ’ എന്ന അപരനാമം സ്വീകരിച്ച മൗലാനാ ബറേല്‍വി(റ)യുടെ ജീവിതവുമായി ബന്ധമുണ്ട്. ബറേലി ശരീഫില്‍ പാറിക്കളിക്കുന്ന പതാകയും കേരളത്തിലെ സുന്നീ സമൂഹം ഉപയോഗിക്കുന്ന പതാകയും ഒന്നുതന്നെയാണ്. 29-12-1963ന് കാസര്‍കോഡ് ചേര്‍ന്ന സമസ്തയുടെ മുശാവറ ബി. കുട്ടിഹസന്‍ ഹാജി ബോംബെയില്‍ നിന്നു കൊണ്ടുവന്ന ബറേല്‍വികളുടെ പതാക അതിലെ ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്’ എന്ന മുദ്രണം ഒഴിവാക്കി സ്വീകരിക്കുകയായിരുന്നു. 1986-ല്‍ മുംബെയില്‍ വെച്ച് ബറേല്‍വികള്‍ സംഘടിപ്പിച്ച ആഗോള സുന്നീ സമ്മേളനത്തില്‍ സമസ്തയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. യു.എ.ഇ.യിലെ ശൈഖ് അലിയ്യുല്‍ ഹാശിമി, ശൈഖ് രിഫാഈ തുടങ്ങിയ ലോക പ്രശസ്ത പണ്ഡിതന്മാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ ‘സമസ്ത’യെ പ്രതിനിധീകരിച്ചത് മര്‍ഹൂം കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് ആയിരുന്നു. അടുത്ത കാലത്തായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ അവരുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചുവരുന്നു.
നയനിലപാടുകളിലും പ്രവര്‍ത്തന രീതികളിലും തീവ്ര സമീപനം ഉണ്ടെന്നതാണ് സമസ്തയെ ബറേല്‍വികളെയും വേര്‍തിരിക്കുന്ന പ്രധാന ഘടകം. അഹ്‌ലേ ഹദീസിന്റെയും ദയൂബന്ദികളുടെ രൂക്ഷമായ എതിര്‍പ്പും കുഫ്ര്‍ ആരോപണവും ഈ തീവ്രതക്ക് ഒരു കാരണമായിട്ടുണ്ടാകാം. മഖ്ബറകളില്‍ സുജൂദ് ചെയ്യുന്നവരും ത്വവാഫു ചെയ്യുന്നവരുമാണ് ബറേല്‍വികളെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. കാര്യബോധമുള്ള ബറേല്‍വീ പണ്ഡിതന്മാരൊന്നും അത്തരം അനാചാരങ്ങളെ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. ഇമാം അഹ്മദ് റസാഖാന്‍(റ)ന്റെ പല ഗ്രന്ഥങ്ങളും അതിനു സാക്ഷിയാണ്. സമൂഹത്തില്‍ കയറിപ്പറ്റിയ അത്തരം ജീര്‍ണതകളെ അദ്ദേഹവും പിന്‍മുറക്കാരും ശക്തമായി എതിര്‍ത്തിട്ടുണ്ട്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter