വിധിവിശ്വാസം ഖുര്‍ആനില്‍

ഖദ്ര്‍ ഖളാഅ്  എന്നീ വാക്കുകള്‍ സാധാരണക്കാര്‍ തന്നെ ധാരാളമായി ഉപയോഗിക്കുന്നതു കേള്‍ക്കാം. ‘അത് അല്ലാഹുവിന്റെ ഖദ്‌റാണ്, അവന്റെ ഖളാഅ് കൊണ്ടാണ് അതങ്ങനെ ആയത്’ എന്നൊക്കെ അവര്‍ പറയാറുണ്ട്. എന്നാല്‍ ഈ വാക്കുകളുടെ വിവക്ഷയെ സംബന്ധിച്ച് വമ്പിച്ച തെറ്റിദ്ധാരണയും ധാരാളം വാദപ്രതിവാദങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. അതിനാല്‍ ഖദ്ര്‍ ഖളാഇനെ സംബന്ധിച്ച് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം ചുരുക്കനിലയില്‍ നമുക്ക് ഇവിടെ പ്രതിപാദിക്കാം. അല്ലാഹുവിന് ഉണ്ടായിരിക്കല്‍ അനിവാര്യമെന്ന് ഏതൊരു നിഷ്പക്ഷബുദ്ധിയും വിധി കല്‍പിക്കുന്ന അവന്റെ വിശേഷണങ്ങളില്‍ ഒന്നാണ് ഇറാദ. ഇതിന് വേണ്ടുക വെക്കല്‍, ഉദ്ദേശിക്കല്‍, ഇച്ഛിക്കല്‍ എന്നെല്ലാമാണ് അര്‍ഥം. ‡€ശ്ലക്കžല  എന്ന വാക്കിനും ഈ അര്‍ഥങ്ങള്‍ തന്നെയാണ്. ഈ വിശേഷണം തനിക്കുള്ളതായതുകൊണ്ട് അല്ലാഹു വേണ്ടുക വെക്കുന്നവനും ഉദ്ദേശിക്കുന്നവുമായിരിക്കുന്നു. അല്‍ബുറൂജ് 16 ല്‍ അല്ലാഹു തന്നക്കുറിച്ചുതന്നെ ഫആലുന്‍ ലമാ യുരീദ് (താനുദ്ദേശിക്കുന്നത് അവന്‍ തികച്ചും പ്രവര്‍ത്തിക്കുന്നവനാണ്) എന്ന് പറയുന്നുണ്ട്. മറ്റൊരു സ്ഥലത്ത് അവന്‍ പറയുന്നത് ഇന്നല്ലാഹ യഫ്അലു മാ യശാഅ് (നിശ്ചയമായും താനുദ്ദേശിക്കുന്നത് അല്ലാഹു പ്രവര്‍ത്തിക്കും-അല്‍ഹജ്ജ് 18) എന്നാണ്. ഇങ്ങനെ ധാരാളം വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്.

അല്ലാഹുവിന്റെ ഉദ്ദേശ്യം എല്ലാ സാധ്യമായ കാര്യങ്ങ(മുംകിനാത്ത്)ളെയും ഉള്‍ക്കൊണ്ടതാണ്. ഉണ്ടാവുകയും ഉണ്ടാവാതിരിക്കുകയും ചെയ്യാമെന്ന് നിഷ്പക്ഷബുദ്ധി സമ്മതിക്കുന്ന അഖില വസ്തുക്കളും മുംകിനാത്തുകളാണ്. അപ്പോള്‍ പ്രപഞ്ചമഖിലവും അവയിലെ സര്‍വ ചരാചരങ്ങളും അവയുടെ ഗതിവിഗതികളും ഇതുവരെ ഉണ്ടായതും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇനി ഉണ്ടാകുന്നതുമായ എല്ലാ കാര്യങ്ങളും സര്‍വശക്തനായ അല്ലാഹുവിന്റെ ഇറാദത്തിനാല്‍ (വേണ്ടുകയാല്‍) ഉണ്ടായിക്കഴിഞ്ഞതും ഉണ്ടാകുന്നതുമാകുന്നു. ഈമാന്‍, കുഫ്‌റ്, ശിര്‍ക്ക്, നന്മ, തിന്മ, സന്തോഷം, ദുഃഖം, രോഗം, ആരോഗ്യം തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍ മുംകിനാത്തില്‍ പെട്ടിരിക്കയാല്‍ അവ എല്ലാം അല്ലാഹുവിന്റെ വേണ്ടുക കൊണ്ടുണ്ടായതാണ്. അല്ലാഹു സര്‍വശക്തനാണെന്നും അവന്റെ ജ്ഞാനം അതിവിശാലമാണെന്നും അവന്റെ ജ്ഞാനത്തിന്റെ പരിധിയില്‍ നിന്ന് യാതൊരു വസ്തുവും പുറത്തുപോവുകയില്ലെന്നും നാം വിശ്വസിക്കുന്നുണ്ടല്ലോ. അപ്രകാരം തന്നെ അല്ലാഹുവിന്റെ ഇറാദത്തും അതിവിശാലമാണ്. അതിന്റെ പരിധിയില്‍ നിന്ന് മുംകിനാത്തുകളില്‍ ഒന്നും തന്നെ പുറത്തുപോവുകയില്ല. അതായത് എല്ലാ മുംകിനാത്തുകളോടും അവന്റെ വേണ്ടുക ബന്ധപ്പെട്ടതാണ്. എന്നാല്‍ പ്രാപഞ്ചിക വസ്തുക്കളോട് ബന്ധപ്പെട്ട അല്ലാഹുവിന്റെ ഇറാദത്തിനാണ് ഖളാഅ് എന്നും ഖദ്ര്‍ എന്നും പറയുന്നത്. വസ്തുക്കളോട് ഇറാദത്തിന്റെ ബന്ധം രണ്ടു നിലക്കാണ്. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ സത്ത (ദാത്ത്) എന്നപോലെ അവന്റെ വിശേഷണങ്ങളും (സ്വിഫാത്ത്) അനാദി (പണ്ടേയുള്ളത്- ഖദീം) ആണ്. ഭാവിയില്‍ ഉണ്ടാകുന്ന വസ്തുക്കളോട് പണ്ടുപണ്ടേ (അസല്‍) തന്നെ അല്ലാഹുവിന്റെ ഇറാദത്തിന് ബന്ധമുണ്ട്. ഇതിന് സാധുതാബന്ധം (തഅല്ലുഖുന്‍ സലൂഹിയ്യുന്‍) എന്ന് പറയുന്നു. മുമ്പ് ഉദ്ദേശിച്ചതുപോലെയാണ് ഭാവിയില്‍ കാര്യം നടക്കുക. അപ്പോഴുള്ള ബന്ധത്തിന് നിവൃത്തബന്ധം (തഅല്ലുഖുന്‍ തന്‍ജീസിയ്യുന്‍) എന്നു പറയുന്നു.
ഒരു ഉദാഹരണംവഴി ഈ കാര്യം കൂടുതല്‍ വ്യക്തമാക്കാം: ഒരാള്‍ക്ക് ഇന്ന് 12 മണിക്ക് ഒരു സന്താനം ജനിച്ചെന്നു വെക്കുക. എന്നാല്‍ അവന് ഇന്ന കൊല്ലം ഇന്ന മാസം ഇന്ന തിയ്യതിക്ക് ഇത്ര മണിക്ക് ഇന്ന നിലക്കുള്ള ഒരു സന്താനം ജനിക്കണമെന്ന് അല്ലാഹു പണ്ടേപണ്ടുതന്നെ വേണ്ടുക വെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അത് പുലര്‍ന്നുകണ്ടത്. ഇവിടെ സന്താന ജനനത്തോടും മറ്റും പണ്ടുപണ്ടേയുള്ളതായ ബന്ധം സാധുതാബന്ധവും മുന്‍വേണ്ടുക അനുസരിച്ച് സംഗതി പുലരുമ്പോഴുള്ള ബന്ധം നിവൃത്തബന്ധവുമാണ്. സാധുതാബന്ധം പരിഗണിച്ച് ഇറാദത്തിന് ഖളാഅ് എന്നും നിവൃത്തബന്ധം ആസ്പദിച്ച് ഖദ്ര്‍ എന്നും പറയപ്പെടുന്നു. ഇങ്ങനെയാണ് ഉലമാഇല്‍ ഒരു വിഭാഗം പറയുന്നത്. മറ്റു ചിലരുടെ അഭിപ്രായം അല്ലാഹുവിന്റെ വിശാലമായ ജ്ഞാനത്തിന് അതിന്റെ സാധുതാപരവും നിവൃത്തിപരവും ആയ ബന്ധത്തെ പരണിഗണിച്ച് യഥാക്രമം ഖളാഅ് എന്നും ഖദ്ര്‍ എന്നും പറയുന്നു എന്നാണ്. ഒരു മഹാന്‍ ഇങ്ങനെ പാടുന്നു:
(മറ്റു കാര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന്റെ പണ്ടുപണ്ടേയുള്ള ഇറാദത്തിനാണ് ഖളാഅ് എന്ന് പറയുന്നതെന്ന് നീ മനസ്സിലാക്കണം. ഉന്നതനായ അല്ലാഹു താന്‍ വേണ്ടുക വെച്ച നിശ്ചിത രീതിയില്‍ വസ്തുക്കളെ ഉണ്ടാക്കുന്നതിന് ഖദ്ര്‍ എന്നും പറയുന്നു. എന്നാല്‍ ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന്റെ പണ്ടേയുള്ള അറിവ് ഖളാഉം ഈ അറിവനുസരിച്ച് കാര്യങ്ങള്‍ ഉണ്ടാക്കുന്നത് ഖദ്‌റുമാണെന്നത്രേ ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുള്ളത്.)
ഖദ്ര്‍, ഖളാഅ് എന്നിവ അല്ലാഹുവിന്റെ വേണ്ടുക എന്ന വിശേഷണത്തിന് പറയുന്നതാണോ അറിവ് എന്ന വിശേഷണത്തിന് പറയുന്നതോ എന്ന കാര്യത്തിലുള്ള അഭിപ്രായങ്ങളാണ് നാം കണ്ടത്. നിവൃത്തബന്ധം പരിഗണിച്ച് ഖളാഅ് എന്നും സാധുതാബന്ധം പരിഗണിച്ച് ഖദ്ര്‍ എന്നുമാണ് പറയുക എന്നത്രേ ചിലരുടെ അഭിപ്രായം. ഇമാം റാഗിബ് മുഫ്‌റദാത്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: (ഖളാഉം ഖദ്‌റും തമ്മില്‍ അനിവാര്യതയുള്ള രണ്ട് വിഷയങ്ങളാണ്. ഖദ്ര്‍ തറ പോലെയും ഖളാഅ് അതിന്മേലുള്ള എടുപ്പ് പോലെയും ആകുന്നു.) ഇബ്‌നുല്‍ അസീര്‍ നിഹായയില്‍ പറയുന്നതിങ്ങനെയാണ്: (ഖദ്ര്‍ എന്നത് അല്ലാഹു വിധിച്ച കാര്യങ്ങള്‍ക്ക് പറയുന്ന വാക്കാണ്.) (ഖദ്ര്‍ എന്നാല്‍ വിധിയും നിര്‍ണയവുമാകുന്നു) എന്നാണ് ഖാമൂസിലും പറയുന്നത്. ഖളാഉം ഖദ്‌റും ഒന്നിനുപയോഗിക്കുന്ന രണ്ട് പേരുകളാണെന്നാകുന്നു ഇതില്‍ നിന്ന് തെളിയുന്നത്.
എന്നാല്‍ അത് രണ്ടും ഒന്നിന് പറയുന്ന പേരാവട്ടെ അല്ലാതിരിക്കട്ടെ അല്ലാഹുവിന്റെ വിശേഷണത്തിനോട്-അത് ഇറാദത്ത് ആവട്ടെ ഇല്‍മ് ആവട്ടെ-ബന്ധപ്പെട്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നിപ്പില്ല. അപ്പോള്‍ ‘ഇന്ന കാര്യം ഇന്നതുപോലെ സംഭവിച്ചത് അല്ലാഹുവിന്റെ വിധി ആണ്’ എന്നൊരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം ‘അല്ലാഹുവിന്റെ വേണ്ടുക കൊണ്ടും അവന്റെ അറിവനുസരിച്ചുമാണ് ആ കാര്യം ഉണ്ടായത്’ എന്നാണ്. സൃഷ്ടികളില്‍ ഉണ്ടാകുന്നതെല്ലാം-അത് സല്‍കര്‍മമോ ദുഷ്‌കര്‍മമോ ആകട്ടെ, ഈമാനോ കുഫ്‌റോ മറ്റെന്തുമോ ആകട്ടെ-അല്ലാഹുവിന്റെ വേണ്ടുകയനുസരിച്ച് മാത്രമാണുണ്ടാകുന്നത്. (അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടാകുന്നു. അവനുദ്ദേശിക്കാത്തത് ഉണ്ടാകുന്നതല്ല) എന്ന പ്രമാണം സമുദായം ഒന്നടങ്കം സമ്മതിച്ചതാണ്. ഇതാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.
എന്നാല്‍ സത്യവിശ്വാസം, അനുസരണം (ഈമാന്‍, ഇഥാഅത്ത്) തുടങ്ങിയ നല്ല കാര്യങ്ങള്‍ അല്ലാഹുവിന്റെ വേണ്ടുക കൊണ്ടുണ്ടാകുന്നതാണെന്നും സത്യനിഷേധം, പാപം (കുഫ്‌റ്, മഅസ്വിയത്ത്) മുതലായ ചീത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ വേണ്ടുക കൊണ്ടല്ലെന്നും അത് പിശാചിന്റെ വേണ്ടുക കൊണ്ടാണെന്നും മുഅ്തസിലികള്‍ വാദിക്കുന്നു. ഇത് അല്ലാഹുവിന്റെ സമുന്നതമായ സ്ഥാനത്തെ ഇടിച്ചുതാഴ്ത്തലാണെന്ന് വിശിഷ്യ പറയേണ്ടതില്ലല്ലോ. ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അല്‍ബഖറ 107 ലും മറ്റും അല്ലാഹു സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ട്. അപ്രകാരം തന്നെ ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റേതാണെന്ന്-അവന്റെ സൃഷ്ടികളും അവന്റെ അടിമകളും അവന്റെ ഉടമയിലുമാണെന്ന്-അല്‍ബഖറ 284 ലും മറ്റും പ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ ലോകത്ത് സന്മാര്‍ഗത്തെ അപേക്ഷിച്ച് എത്രയോ അധികം ദുര്‍മാര്‍ഗമാണ് നടമാടുന്നതെന്ന് നമുക്കെല്ലാം അറിയാമല്ലോ. അപ്പോള്‍ അല്ലാഹുവിന്റെ ആധിപത്യത്തില്‍ അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കാത്തതും അവന്റെ ഉദ്ദേശ്യത്തിനെതിരായതുമായ കാര്യങ്ങളാണ് അവന്റെ ശത്രുക്കളുട ഉദ്ദേശ്യപ്രകാരം നടക്കുന്നതെന്നും അതെല്ലാം നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമേ അവന് കഴിയുന്നുള്ളൂ എന്നും പറയുന്നത് അല്ലാഹുവിന് എത്രമാത്രം കുറച്ചിലാണ്! ഇമാം ഗസ്സാലി(റ) ഇഹ്‌യാഉ ഉലൂമിദ്ദീന്‍ എന്ന തന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞതുപോലെ, ഒരു ചെറിയ തോട്ടത്തിന്റെ ഉടമ, അയാളുദ്ദേശിക്കുന്നത് അതില്‍ നടക്കുകയില്ലെന്നും അയാളുടെ ശത്രുക്കളുദ്ദേശിച്ചതാണ് അതില്‍ നടപ്പില്‍ വരിക എന്നും പറയുന്നത് അയാള്‍ക്ക് എത്രമാത്രം അപമാനകരമായിരിക്കും? എന്നിരിക്കെ രാജാധിരാജനായ അല്ലാഹുവിന്റെ അധികാരാതിര്‍ത്തിയില്‍ അവന്റെ ഉദ്ദേശ്യത്തിനെതിരായി മറ്റുള്ളവരുടെ ഉദ്ദേശ്യമാണ് നടക്കുന്നതെന്ന് പറയുവാന്‍ ഒരു മുസ്‌ലിമിനെങ്ങനെ കഴിയും?!
പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഖദ്ര്‍ അനുസരിച്ച്, അതായത് അവന്റെ വേണ്ടുകയോടും അറിവോടും കൂടി മാത്രം നടക്കുന്നതാണെന്ന് തെളിയിക്കുന്ന അനേകം വിശുദ്ധ വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ഉദാഹരണത്തിന് ചിലത് ചൂണ്ടിക്കാണിക്കാം. അല്‍അന്‍ആം 102 ല്‍ ഇങ്ങനെയാണുള്ളത്: ‘അവന്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ആകുന്നു. അവനല്ലാതെ ഇലാഹില്ല; അവന്‍ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നവനാണ്.’ സത്യവിശ്വാസം, സത്യനിഷേധം തുടങ്ങി മനുഷ്യന്റെ മാനസികവും ശാരീരികവുമായ എല്ലാ വസ്തുക്കളെയും ഇതരവസ്തുക്കളെപോലെത്തന്നെ അല്ലാഹുവാണ് സൃഷ്ടിക്കുന്നതെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. ഫാഥിര്‍ 3 ല്‍ ഖുര്‍ആന്‍ ചോദിക്കുന്നത്, അല്ലാഹുവിനു പുറമെ ആരെങ്കിലും സൃഷ്ടിക്കുന്നവനായിട്ടുണ്ടോ എന്നാണ്. അവന്‍ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും അവയെ ശരിക്ക് നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു എന്ന് അല്‍ഫുര്‍ഖാന്‍ 2 ലുണ്ട്. സൃഷ്ടിക്കുന്നവന്‍ മാത്രമാണ് ആരാധിക്കപ്പെടുവാന്‍ അര്‍ഹന്‍ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവനെപ്പോലെയാണോ എന്നാണ് അന്നഹ്ല്‍ 17 ല്‍ അല്ലാഹു ചോദിക്കുന്നത്. സല്‍ക്കര്‍മം, ദുഷ്‌കര്‍മം മുതലായി മനുഷ്യരില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികളെല്ലാം അല്ലാഹു സൃഷ്ടിക്കുന്നതാണെന്ന് ഈ വാക്യവും പഠിപ്പിക്കുന്നു.
ഇനി അത് മനുഷ്യന്‍ തന്നെയാണ് സൃഷ്ടിക്കുന്നതെങ്കില്‍ അവന്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹനാണെന്നു വരും. അതാവട്ടെ  öലാ ഇലാഹലല്ലല്ലാഹ് എന്ന തത്ത്വത്തിനെതിരാണ്. അര്‍റഅ്ദ് 16 ല്‍ കുറെ കൂടി ബുദ്ധിപൂര്‍വകമായ പരാമര്‍ശമാണുള്ളത്: അഥവാ അവര്‍ അല്ലാഹുവിന് ചില പങ്കാളികളെ സ്ഥാപിച്ചു, ആ പങ്കാളികള്‍ അല്ലാഹു സൃഷ്ടിക്കുന്നതുപോലെ സൃഷ്ടിച്ചു; അങ്ങനെ സൃഷ്ടികള്‍ അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) സദൃശങ്ങളായി തോന്നി?-(ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?) പറയുക: അല്ലാഹുവാണ് എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നവന്‍. ബഹുദൈവ വിശ്വാസികളുടെ ആരാധ്യവസ്തുക്കള്‍ ഒന്നും സൃഷ്ടിക്കാത്തവരാണെന്നും അതിനാല്‍ അവ ആരാധ്യരാവാന്‍ അര്‍ഹരല്ലെന്നും സൃഷ്ടിക്കുന്നവനായ അല്ലാഹു മാത്രമാണ് അതിന്നര്‍ഹന്‍ എന്നും ഈ വാക്യം പഠിപ്പിക്കുന്നു. അല്ലാഹുവാണ് മുഴുവന്‍ വസ്തുക്കളും കാര്യങ്ങളും സൃഷ്ടിക്കുന്നതെന്ന് വന്നപ്പോള്‍ എല്ലാം അവന്റെ അറിവും വേണ്ടുകയും അനുസരിച്ചാണ് നടക്കുന്നതെന്നും വ്യക്തമായി ഗ്രഹിക്കാമല്ലോ. അല്‍മുല്‍ക്ക് 14 ല്‍ ‘സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ?’ എന്നും അല്‍ഹജ്ജ് 18 ല്‍ ‘എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ പ്രവര്‍ത്തിക്കുന്നു’ എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. എല്ലാം അവന്റെ അറിവോടും വേണ്ടുകയോടും കൂടിത്തന്നെ സംഭവിക്കുക എന്നതാണല്ലോ ഖദ്ര്‍ (വിധി). നന്മയും തിന്മയുമായ ഖദ്‌റില്‍ വിശ്വസിക്കണം എന്ന് നബി ÷ അരുളിയതിന്റെ പൊരുളും അതുതന്നെയാണ്.
സത്യവിശ്വാസമെന്ന പോലെ സത്യനിഷേധവും ദുര്‍വൃത്തികളും അല്ലാഹുവിന്റെ വിധി അനുസരിച്ചുതന്നെയാണ് ഉണ്ടാകുന്നതെന്നതിന്റെ ചില ഉദാഹരണങ്ങള്‍ കൂടി കാണുക: ഖുര്‍ആന്‍ അല്‍അന്‍ആം 125 ല്‍ ഇങ്ങനെ പറയുന്നുണ്ട്-‘വല്ലവരെയും സന്മാര്‍ഗത്തിലാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ ഇസ്‌ലാമിലേക്ക് അയാളുടെ ഹൃദയത്തെ അവന്‍ തുറന്നുകൊടുക്കും. വല്ലവനെയും വഴിപിഴപ്പിക്കുവാനാണവന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ അവന്‍ സങ്കുചിതമാക്കും.’ മനുഷ്യജീവിതത്തിലുണ്ടാകുന്ന സന്മാര്‍ഗ-ദുര്‍മാര്‍ഗങ്ങള്‍ അല്ലാഹുവിന്റെ വിധി അനുസരിച്ച് ഉണ്ടാകുന്നതാണെന്ന് ഈ വാക്യം തെളിയിക്കുന്നു. അല്‍അന്‍ആം 111 ല്‍ പറയുന്നതിങ്ങനെയാണ്: ‘നിശ്ചയമായും അവരുടെ അടുക്കലേക്ക് നാം മലക്കുകളെ ഇറക്കുകയും മരണപ്പെട്ടവര്‍ അവരോട് സംസാരിക്കുകയും എല്ലാ വസ്തുക്കളെയും അവരുടെ മുന്നില്‍ നാം ഒരുമിച്ചുകൂട്ടുകയും ചെയ്തിരുന്നാല്‍ പോലും, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ സത്യത്തില്‍ വിശ്വസിക്കയില്ല.’ താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമുഖത്തുള്ളവരെല്ലാം തന്നെ സത്യവിശ്വാസം കൈക്കൊള്ളുമായിരുന്നു, (അല്ലാഹു ഉദ്ദേശിക്കാതെതന്നെ) സത്യവിശ്വാസം സ്വീകരിക്കുവാനായി താങ്കള്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണോ എന്നാണ് യൂനുസ് 99 ല്‍ ചോദിക്കുന്നത്. 10:100 ല്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ സത്യത്തില്‍ വിശ്വസിക്കുവാന്‍ ഒരു വ്യക്തിക്കും കഴിയുന്നതല്ല എന്നു കാണാം. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ മുഴുവന്‍ ജനങ്ങളെയും അവന്‍ സന്മാര്‍ഗത്തിലാക്കുമായിരുന്നു എന്ന് സത്യവിശ്വാസികള്‍ അറിഞ്ഞിട്ടില്ലേ എന്നാണ് അര്‍റഅ്ദ് 31 ല്‍ ഖുര്‍ആന്‍ ചോദിക്കുന്നത്. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നാം എല്ലാ മനുഷ്യര്‍ക്കും സന്മാര്‍ഗം നല്‍കുമായിരുന്നുവെന്ന് അസ്സജ്ദ 13 ലും, നിശ്ചയമായും താനുദ്ദേശിച്ചവരെ അല്ലാഹു വഴിപിഴപ്പിക്കുന്നു; താനുദ്ദേശിച്ചവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു എന്ന് ഫാഥിര്‍ 8 ലും കാണാം.
ശുഐബ് നബി(അ) തന്റെ ജനതയോട് ഇങ്ങനെ പ്രസ്താവിച്ചതായി അല്‍അഅ്‌റാഫ് 89 ല്‍ കാണാം: ‘ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അതിലേക്ക് (നിങ്ങളുടെ ശിര്‍ക്കിലേക്ക്) മടങ്ങുവാന്‍ ഞങ്ങള്‍ക്ക് നിവൃത്തിയില്ല.’ നൂഹ് നബി(അ) തന്റെ ജനതയോട് പറഞ്ഞതിങ്ങനെയാണെന്ന് ഹൂദ് 34-ാം സൂക്തം വ്യക്തമാക്കുന്നു: ‘അല്ലാഹു നിങ്ങളെ നേര്‍വഴിയില്‍ നിന്ന് തെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് സദുപദേശം ചെയ്യാനുദ്ദേശിച്ചാല്‍ തന്നെ എന്റെ സദുപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല.’ അന്നഹ്ല്‍ 9 ല്‍ ഉള്ളത്, അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ എല്ലാവരെയും അവന്‍ നേരായ വഴിയില്‍ ആക്കുമായിരുന്നു എന്നാണ്. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാവരെയും അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു; പക്ഷേ താനുദ്ദേശിച്ചവരെ അവന്‍ വഴിതെറ്റിക്കുന്നു; താനുദ്ദേശിച്ചവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു’വെന്നത്രേ മേല്‍സൂറത്ത് തന്നെ 93-ാം സൂക്തത്തില്‍ ഉള്ളത്. മറ്റു ചില ആയത്തുകള്‍ കൂടി കാണുക: താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ ഒരേ ഒരു സമുദായമാക്കിയിരുന്നു-ഹൂദ് 118. താങ്കളുടെ രക്ഷിതാവ് ഉദ്ദേശിക്കുന്ന പക്ഷം അവരെ നേരായ മാര്‍ഗത്തില്‍ സംഘടിപ്പിക്കുമായിരുന്നു. അതിനാല്‍ താങ്കള്‍ അജ്ഞന്മാരില്‍ പെട്ടുപോകരുത്-അല്‍അന്‍ആം 35. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവര്‍ ബഹുദൈവ വിശ്വാസികളാകുമായിരുന്നില്ല-അല്‍അന്‍ആം 107.
ഇങ്ങനെ ശിര്‍ക്ക്, കുഫ്‌റ് തുടങ്ങി ലോകത്ത് നടക്കുന്ന സര്‍വകാര്യങ്ങളും അല്ലാഹുവിന്റെ വേണ്ടുക കൊണ്ടുതന്നെയാണെന്ന് സ്പഷ്ടമായി തെളിയിക്കുന്ന അനേകം വാക്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. എന്നാല്‍ സന്മാര്‍ഗ-ദുര്‍മാര്‍ഗാദി വിഷയങ്ങള്‍ അല്ലാഹുവിന്റെ വേണ്ടുക (വിധി) അനുസരിച്ച് നടക്കുന്നതാണെന്ന പരമാര്‍ഥം ജനാബ് സി.എന്‍. അഹ്മദ് മൗലവി ശക്തിയായി നിഷേധിക്കുകയും മേല്‍കാണിച്ച ഖുര്‍ആന്‍ വാക്യങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായത്തിനൊത്ത് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുകയാണ്. അദ്ദേഹം തന്റെ വാദത്തിന് തെളിവെന്നോണം എടുത്തുകാട്ടുന്ന പ്രധാന രേഖ താഴെ കാണുന്ന ഖുര്‍ആന്‍ വാക്യമത്രേ: ‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പിതാക്കളും ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല, യാതൊന്നും ഞങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന് ബഹുദൈവ വിശ്വാസികള്‍ പറയും. ഇപ്രകാരം ഇവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ രുചിച്ചുനോക്കുന്നതുവരെ (പ്രവാചകന്മാരെ) നിഷേധിച്ചിട്ടുണ്ട്. ചോദിക്കുക: നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്കതൊന്ന് വെളിപ്പെടുത്തിത്തരിക. നിങ്ങള്‍ ഊഹത്തെ പിന്‍പറ്റുകയും അനുമാനിച്ചുപറയുകയും മാത്രമാണ് ചെയ്യുന്നത്.’ (അല്‍അന്‍ആം:148) ശിര്‍ക്ക് മുതലായ നിഷിദ്ധവൃത്തികള്‍ തങ്ങള്‍ ചെയ്യുന്നത് അല്ലാഹു അങ്ങനെ വേണ്ടുക വെച്ചതുകൊണ്ടാണെന്ന മുശ്‌രിക്കുകളുടെ വാദത്തെ ഈ വാക്യത്തില്‍ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ടെന്നും അതിനാല്‍ ആ വിശ്വാസം സത്യവിരുദ്ധമാണെന്നുമാണ് സി.എന്‍. പറയുന്നത്. അദ്ദേഹത്തിന്റെ ഈ വാദം ഖദരികള്‍ ( ‡ഖദ്‌രിയത്ത്-വിധിയെ നിഷേധിക്കുന്നവര്‍), മുഅ്തസിലികള്‍ എന്നീ പിഴച്ച കക്ഷികള്‍ മുമ്പ് പുറപ്പെടുവിച്ചതാണ്. അനേകം ഖുര്‍ആന്‍ വാക്യങ്ങളുടെയും (അവയില്‍ ചിലത് നാം മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.) നിരവധി നബിവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശുദ്ധ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വേണ്ടുക അനുസരിച്ച് നടക്കുന്നു എന്നാണല്ലോ.
എന്നാല്‍ സി.എന്‍. അഹ്മദ് മൗലവിയും അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പ്രസ്തുത കക്ഷികളും വിധിനിഷേധവാദത്തിന് തെളിവെന്നോണം എടുത്തുകാണിക്കുന്ന മേല്‍പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തിന് റാസി, ബൈളാവി, മദാരിക്, ശൈഖ് സാദ, ഖാസിന്‍, അബുസ്സുഊദ്, ഖഫാജി തുടങ്ങിയ അനേകം തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ വിവരിച്ച വ്യാഖ്യാനങ്ങളുടെ രത്‌നച്ചുരുക്കം താഴെ വിവരിക്കാം: തങ്ങളുടെ ശിര്‍ക്ക് അല്ലാഹുവിന്റെ വേണ്ടുകകൊണ്ട് വന്നതാണെന്ന് പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നില്ല മുശ്‌രിക്കുകളുടെ ഉദ്ദേശ്യം. പ്രത്യുത, ശിര്‍ക്ക് മുതലായ നിഷിദ്ധവൃത്തികള്‍ അല്ലാഹു കല്‍പിച്ചതാണെന്നും അതിനാല്‍ അതെല്ലാം ചെയ്യല്‍ അല്ലാഹുവിന് തൃപ്തിയാണെന്നുമായിരുന്നു അവരുടെ വാദം. അല്‍അഅ്‌റാഫ് 28 അത് വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്: ‘(ശിര്‍ക്ക് മുതലായ) വല്ല നീചകൃത്യവും ചെയ്താല്‍ അവര്‍ പറയും, ഞങ്ങളുടെ പൂര്‍വികന്മാര്‍ അത് ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്, അത് ചെയ്യുവാന്‍ അല്ലാഹു ഞങ്ങളോട് കല്‍പിച്ചിട്ടുമുണ്ട് എന്ന്. പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് നിങ്ങള്‍ പറയുന്നോ?’
അല്ലാഹു കല്‍പിച്ചതനുസരിച്ചാണ് ശിര്‍ക്ക് മുതലായ നിഷിദ്ധങ്ങള്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അതിനാല്‍ അല്ലാഹുവിന്റെ സംതൃപ്തിക്ക് തങ്ങള്‍ പാത്രീഭൂതരായിരിക്കയാണെന്നുമുള്ള അവരുടെ വാദത്തെയാണ് അല്ലാഹു ആക്ഷേപിച്ചിട്ടുള്ളതെന്ന് ഈ വാക്യം വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ വാദിച്ചതിന്റെ പിന്നില്‍ പ്രവാചകന്മാരെ കള്ളമാക്കലായിരുന്നു ലക്ഷ്യം. അതാണ്, (ഇപ്രകാരം ഇവരുടെ മുന്‍ഗാമികളും (പ്രവാചകന്മാരെ) നിഷേധിച്ചിട്ടുണ്ട്) എന്ന് അല്‍അന്‍ആം 148 ല്‍ അല്ലാഹു പറഞ്ഞത്. നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയില്ലെന്ന് അല്‍അഅ്‌റാഫ് 28 ലും തന്റെ അടിമകള്‍ക്ക് സത്യനിഷേധം (കുഫ്ര്‍) അവന്‍ തൃപ്തിപ്പെടുകയില്ലെന്ന് ഖുര്‍ആന്‍ അസ്സുമര്‍ 7 ലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവ അല്ലാഹുവിന്റെ വേണ്ടുക കൊണ്ട് ഉണ്ടാകുന്നതല്ലെന്ന് ഖുര്‍ആനില്‍ എവിടെയും പ്രസ്താവിച്ചിട്ടില്ല. നേരെമറിച്ച് (അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല-6:107) എന്ന വാക്യം മൂലവും മറ്റും ശിര്‍ക്ക് അല്ലാഹുവിന്റെ വേണ്ടുകയാല്‍ ഉണ്ടാകുന്നതാണെന്ന് അവന്‍ തന്നെ വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്.
ഒരു സംശയനിവാരണം
താന്‍ തെറ്റു ചെയ്യുന്നത് അല്ലാഹുവിന്റെ വിധി കൊണ്ടാണെങ്കില്‍ മനുഷ്യന്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതനാകുമല്ലോ. പിന്നെ അവന്‍ ശിക്ഷാര്‍ഹനാകുന്നതെങ്ങനെ? ഇങ്ങനെയൊരു സംശയം സ്വാഭാവികമായും ഇവിടെ ഉളവാകുന്നുണ്ട്. അതിന്റെ മറുപടി ഇപ്രകാരമാണ്: അല്ലാഹുവിന്റെ വിധി നിരുപാധികം (മുബ്‌റമ്), സോപാധികം (മുഅല്ലഖ്) എന്നിങ്ങനെ രണ്ടു വിധമുണ്ട്. നല്ലതോ ചീത്തയോ തെരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യവും (ഇഖ്തിയാറ്) അതിലേക്കുള്ള സന്നദ്ധതയും മുന്നിട്ടിറക്കവും (കസ്ബ്) അല്ലാഹു നല്‍കിയിട്ടുണ്ട്. ഒരാള്‍ നല്ലത് തെരഞ്ഞെടുത്ത് അതിലേക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അയാളില്‍ സന്മാര്‍ഗം അല്ലാഹു സൃഷ്ടിക്കുന്നു; മറ്റൊരാള്‍ ചീത്ത തെരഞ്ഞെടുത്ത് അതിലേക്ക് മുന്നിടുമ്പോള്‍ അവനില്‍ ദുര്‍മാര്‍ഗത്തെ സൃഷ്ടിക്കുന്നു. സന്മാര്‍ഗവും ദുര്‍മാര്‍ഗവും ഇന്നതെന്ന് സഹജബുദ്ധിയും പ്രവാചകന്മാരും അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുകമാത്രം ചെയ്യുന്നു. (നിശ്ചയമായും ഇഷ്ടമുള്ളവനെ താങ്കള്‍ സന്മാര്‍ഗിയാക്കുകയില്ല. എന്നാല്‍ താനുദ്ദേശിക്കുന്നവനെ അല്ലാഹു സന്മാര്‍ഗിയാക്കുന്നു.) എന്നാണ് അല്ലാഹു പറയുന്നത് (അല്‍ഖസ്വസ് 56). ലോകാനുഗ്രഹിയായ നബി ÷ ക്ക് തന്നെ ഒരാളെ സന്മാര്‍ഗിയാക്കുവാന്‍-സ്വന്തം ഇഷ്ടപ്രകാരം അയാളില്‍ സന്മാര്‍ഗം സൃഷ്ടിക്കുവാന്‍-കഴിയുകയില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? മനുഷ്യന്‍ സന്മാര്‍ഗമോ ദുര്‍മാര്‍ഗമോ തെരഞ്ഞെടുത്ത് അതിലേക്ക് മുന്നിട്ടിറങ്ങിയ കാരണത്താല്‍-അതിനെ സൃഷ്ടിച്ചവനായതുകൊണ്ടല്ല-അവന്‍ രക്ഷക്കോ ശിക്ഷക്കോ അര്‍ഹനായിത്തീരുന്നു.
അപ്പോള്‍ അല്ലാഹുവിന്റെ വിധി (വേണ്ടുക) ഇന്നവന്‍ സന്മാര്‍ഗത്തിലേക്ക് മുന്നിട്ടിറങ്ങിയാല്‍ അവനെ ഞാന്‍ സന്മാര്‍ഗിയാക്കും, ദുര്‍മാര്‍ഗത്തിലേക്ക് മുന്നിട്ടിറങ്ങിയാല്‍ ഞാന്‍ അവനെ ദുര്‍മാര്‍ഗിയാക്കും എന്നിങ്ങനെ ആയിരിക്കും. ഇതിനാണ് സോപാധിക വിധി എന്നു പറയുന്നത്. മഹാനായ ഉമര്‍(റ) ശാമിലേക്ക് പോയപ്പോള്‍ അവിടെ പ്ലേഗ് രോഗമുണ്ടെന്ന് കേള്‍ക്കുകയും അങ്ങോട്ട് പ്രവേശിക്കാതെ തിരിച്ചുപോരാന്‍ ഉദ്ദേശിക്കുകയും ചെയ്തപ്പോള്‍, ‘താങ്കള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് ഓടിപ്പോകയാണോ’ എന്ന് അബുഉബൈദ(റ) ചോദിച്ചു. അതിന് ഉമര്‍(റ) പറഞ്ഞ മറുപടി ‘ഞാന്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് അവന്റെ വിധിയിലേക്ക് ഓടുകയാണ്’ എന്നായിരുന്നു. അതായത് അല്ലാഹുവിന്റെ വിധി നടപ്പില്‍ വരുന്നതിന്റെ മുമ്പ് അവന്‍ അത്  തടയുമെന്നാശിക്കാവുന്നതാണ് എന്ന് സാരം (മുഫ്‌റദാത്ത്). രോഗം പിടിപെടുന്നതിന് അവിടെ പ്രവേശിക്കല്‍ ഒരു ഉപാധിയായിട്ടാണ് അല്ലാഹുവിന്റെ വിധിയെങ്കില്‍ അവിടെ പ്രവേശിക്കാതിരുന്നാല്‍ അതില്‍ നിന്നൊഴിവാകാമല്ലോ എന്നാണ് ആ മഹാന്‍ ഉദ്ദേശിച്ചത്.
രോഗം ബാധിച്ചാല്‍ മന്ത്രിക്കുക, ചികിത്സിക്കുക മുതലായവയെക്കുറിച്ച് (അത് അല്ലാഹുവിന്റെ വിധിയില്‍ വല്ല മാറ്റവും വരുത്തുമോ?) എന്ന് നബി ÷ യോട് ഒരു സ്വഹാബി ചോദിച്ചതിന് (അത് അല്ലാഹുവിന്റെ വിധിയില്‍ പെട്ടതാണ്) എന്ന് അവിടന്ന് മറുപടി പറഞ്ഞതും മേല്‍പറഞ്ഞ അര്‍ഥത്തിലാണ്. അതായത് രോഗം ഉണ്ടാകുന്നതും അത് സുഖപ്പെടുത്തുന്നതും അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. സുഖപ്പെടുത്തുന്നതിന് ചികിത്സ മുതലായത് ഉപാധിയാണെങ്കില്‍ അതുണ്ടാകുമ്പോള്‍ അല്ലാഹു സുഖം വരുത്തുന്നു. എന്നാല്‍ ചിലപ്പോള്‍ എത്ര ചികിത്സിച്ചാലും രോഗം സുഖമാവാതെ വരുന്നു, മനുഷ്യന്‍ മരിച്ചുപോകുന്നു. അത് അല്ലാഹുവിന്റെ നിരുപാധിക വിധിയാണ്. അത് തടയാന്‍ ഒന്നുകൊണ്ടും ആര്‍ക്കും സാധ്യമല്ല. ഈ ഹദീസിനെ കുറിച്ച്, ‘ചികിത്സിക്കലാണ് അല്ലാഹുവിന്റെ ഖദ്ര്‍’ എന്നാണ് സി.എന്‍. പറയുന്നത്. അപ്പോള്‍ രോഗം പിടിക്കലും ചിലപ്പോള്‍ ചികിത്സിച്ചാല്‍തന്നെ സുഖം വരാതിരിക്കലും എന്താണ്? അത് അല്ലാഹുവിന്റെ ഖദ്ര്‍ അല്ലേ? ഇതിന് സി.എന്‍. മൗനം അവലംബിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുവാനായി അനേകം ഖുര്‍ആന്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതുപോലെ ഈ ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തിരിക്കയാണദ്ദേഹം.
വിധിയെ നിഷേധിക്കുവാന്‍ വളരെ പ്രാധാന്യം കല്‍പിച്ചുകൊണ്ട് മൗലവി ചൂണ്ടിക്കാണിച്ചതും ബുഖാരി, മുസ്‌ലിം മുതലായവര്‍ ഉദ്ധരിച്ചതുമായ ഒരു ഹദീസ് ഇങ്ങനെയാണ്: ‘എല്ലാ കുട്ടികളും ജനിക്കുന്നത് പരിശുദ്ധ പ്രകൃതിയോടു കൂടിയാണ്. പിന്നീട് അവരെ ജൂതരും ക്രിസ്ത്യാനികളും മജൂസി (അഗ്നിയാരാധകര്‍)കളും ആക്കുന്നത് അവരുടെ മാതാപിതാക്കളാണ്.’ കുട്ടികള്‍ ജനിക്കുമ്പോള്‍ പാപികളല്ലെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കവും അവരുടെ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ പാപികളും ദുഷ്ടന്മാരുമായി തീരുന്നതെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. എന്നിരിക്കെ ഒരു മുസ്‌ലിം തലയിലെഴുത്തില്‍ (വിധിക്ക് അങ്ങനെയാണ് മൗലവി സാഹിബ് പേര്‍ പറയുന്നത്?!) എങ്ങനെ വിശ്വസിക്കും എന്നാണ് നമ്മുടെ മൗലവി ചോദിക്കുന്നത്. ഈ മനുഷ്യന് എന്ത് പറ്റിപ്പോയെന്ന് മനസ്സിലാകുന്നില്ല. മറ്റുള്ളവരുടെ സഹവാസം കൊണ്ട് ആ കുട്ടി പാപിയായത് അല്ലാഹു അങ്ങനെ വേണ്ടുകവെച്ചതുകൊണ്ടുതന്നെയാണെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. എന്നല്ലാതെ അല്ലാഹു ആ കുട്ടിയെ നല്ലവനാക്കി വളര്‍ത്തിക്കൊണ്ടുവരുവാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പക്ഷേ ഏതാനുംപേര്‍ അതനുവദിക്കാതെ അവനെ പരാജയപ്പെടുത്തി ആ കുട്ടിയെ ദുഷ്ടനാക്കി തീര്‍ത്തുവെന്നും അങ്ങനെ അല്ലാഹു ഇച്ഛാഭംഗപ്പെട്ട് പരാജയം സമ്മതിച്ച് പിന്മാറി എന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. മൗലവി സാഹിബ് അങ്ങനെയാണ് വിശ്വസിക്കുന്നതെങ്കില്‍ അതിനയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസത്തെ അപലപിക്കുന്നത് ശരിയല്ല. (അല്ലാഹുവിനെ ബഹുമാനിക്കേണ്ട ക്രമപ്രകാരം അവര്‍ ബഹുമാനിച്ചിട്ടില്ല) എന്ന് ജൂതരെ സംബന്ധിച്ച് അല്ലാഹു (അല്‍അന്‍ആം 91 ല്‍) പറഞ്ഞത് ഇത്തരം ‘സ്വാതന്ത്ര്യപ്രേമികള്‍’ ഓര്‍ക്കുന്നത് നന്ന്.
ഖുര്‍ആനില്‍ പറഞ്ഞ ഖദ്ര്‍, തഖ്ദീര്‍ എന്നീ വാക്കുകള്‍ക്ക് ‘ലോകവ്യവസ്ഥ’ എന്ന ഒരര്‍ഥമേയുള്ളുവെന്നാണ് മൗലവിയുടെ വാദം. ഇമാം റാഗിബ് മുഫ്‌റദാത്തില്‍ തഖ്ദീറിന് കൊടുത്ത ഒരുദാഹരണമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന തെളിവ്. അതിങ്ങനെയാണ്: ‘ഈത്തപ്പഴക്കുരുവില്‍ നിന്ന് ഈത്തപ്പന മാത്രമേ മുളക്കുകയുള്ളൂ, ഒലീവ് മരമോ ആപ്പിള്‍ ചെടിയോ മുളക്കുകയില്ല; മനുഷ്യന്റെ ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യന്‍ മാത്രമേ ജനിക്കുകയുള്ളൂ, മറ്റു ജീവികളൊന്നും ജനിക്കയില്ല എന്നെല്ലാം അല്ലാഹു തഖ്ദീര്‍ ചെയ്തതുപോലെ.’ എന്നാല്‍ നിരീശ്വരവാദികള്‍ ലോകപ്രകൃതിയായി വിശ്വസിച്ചുപോരുന്ന ഇത്തരം കാര്യങ്ങള്‍ തന്നെ അല്ലാഹുവിന്റെ വിധി അനുസരിച്ചാണ് നടക്കുന്നതെന്നാണ് ഇമാം റാഗിബ് ചൂണ്ടിക്കാണിച്ചത്. ഖദ്ര്‍ ഇതു മാത്രമാണെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ലോകത്ത് അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള വിധി അനുസരിച്ചാണെന്നും  (എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്) എന്ന അര്‍റഹ്മാന്‍ 29-ാം സൂക്തം ഇതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും അദ്ദേഹം മുഫ്‌റദാത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മൗലവി സാഹിബ് ഇത് കാണാതെ പോയത് അത്ഭുതം തന്നെ.

ഖദ്‌റിനെ നിഷേധിക്കല്‍
അല്ലാഹുവിന്റെ വിധിയെ സംബന്ധിച്ച് നാമിതുവരെ നടത്തിയ പ്രതിപാദനം താഴെ കാണുംവിധം സംഗ്രഹിക്കാം: 1) ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള വിധി (വേണ്ടുകയും അറിവും) അനുസരിച്ചാണ് നടക്കുന്നത്. 2) നിരുപാധികം, സോപാധികം എന്നിങ്ങനെ വിധി രണ്ടു തരമുണ്ട്. സോപാധിക വിധിക്ക് ഉപാധി ഉണ്ടാകുമ്പോള്‍ അല്ലാഹുതന്നെ മാറ്റം വരുത്തും. നിരുപാധിക വിധിക്ക് മാറ്റമുണ്ടാകയില്ല. 3) തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സന്നദ്ധതയും (ഇഖ്തിയാറും കസ്ബും) അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അതിനെ ഉപയോഗപ്പെടുത്തി അവന്‍ നന്മയിലേക്കോ തിന്മയിലേക്കോ മുന്നിട്ടിറങ്ങിയാല്‍ അതിനെ അവനില്‍ അല്ലാഹു സൃഷ്ടിക്കും. തദനുസരണം അവന്‍ രക്ഷക്കോ ശിക്ഷക്കോ അര്‍ഹനാകുന്നു. അവന്‍ ഒന്നും സൃഷ്ടിക്കുന്നില്ല. സത്യവിശ്വാസം, സത്യനിഷേധം തുടങ്ങിയ എല്ലാ കാര്യങ്ങളും അല്ലാഹുവാണ് സൃഷ്ടിക്കുന്നത്. 4) എല്ലാം അല്ലാഹുവിന്റെ വിധി അനുസരിച്ച് നടക്കുന്നതിനാല്‍ നന്മയോ തിന്മയോ ചെയ്യാന്‍ മനുഷ്യന്‍ നിര്‍ബന്ധിതന്‍ (മജ്ബൂര്‍) ആകുമെന്ന ജബ്‌രിയ്യത്തിന്റെ  വാദം അടിസ്ഥാനരഹിതമാണെന്ന് സ്വാതന്ത്ര്യവും സന്നദ്ധതയും (ഇഖ്തിയാര്‍, കസ്ബ്) സംബന്ധിച്ച വിവരണം കൊണ്ട് വ്യക്തമായി. 5) ഓരോ മനുഷ്യനും തന്നെ സംബന്ധിച്ച വിധി നിരുപാധികമോ സോപാധികമോ എന്ന് അറിയാത്തതുകൊണ്ട് അവന്‍ എപ്പോഴും നന്മയിലേക്ക് മുന്നിട്ടിറങ്ങേണ്ടതും തിന്മയെ വര്‍ജിക്കേണ്ടതുമാണ്.
ഖദ്‌റിലുള്ള വിശ്വാസം മനുഷ്യനെ കര്‍മനിരതനാക്കുകയാണ് ചെയ്യുന്നത്. സി.എന്‍. പറയുന്നതുപോലെ കര്‍മവിമുഖനാക്കുകയല്ല. നബി ÷ പ്രസ്താവിക്കുന്നത് കാണുക: (ക്ഷീണം, ഉന്മേഷം ഉള്‍പ്പെടെ സര്‍വ കാര്യങ്ങളും വിധി അനുസരിച്ചുണ്ടാകുന്നു-മുസ്‌ലിം.) അബൂഹുറൈറ(റ) പറയുന്നു: ഖദ്‌റിന്റെ കാര്യത്തില്‍ ഖുറൈശി മുശ്‌രിക്കുകള്‍ നബി ÷ യോട് തര്‍ക്കിച്ചു. അപ്പോള്‍ (മുഖങ്ങള്‍ നിലത്തു കുത്തിക്കൊണ്ട് അവരെ നരകത്തില്‍ വലിച്ചുകൊണ്ടുപോകുന്ന ദിവസം ‘നരകത്തിന്റെ സ്പര്‍ശനം നിങ്ങള്‍ രുചിച്ചുകൊള്ളുക’ എന്ന് അവരോട് പറയപ്പെടും. നിശ്ചയമായും എല്ലാ വസ്തുക്കളെയും ഒരു നിശ്ചയം അനുസരിച്ചാണ് നാം സൃഷ്ടിച്ചിരിക്കുന്നത്.) എന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചു (മുസ്‌ലിം). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) പറയുകയാണ്:
(ഈ വാക്യത്തില്‍ കാണുന്ന ഖദ്ര്‍ കൊണ്ടുള്ള വിവക്ഷ പ്രസിദ്ധമായ ഖദ്ര്‍ തന്നെയാണ്. അതാവട്ടെ അല്ലാഹു വിധിച്ചതും അവന്‍ പണ്ടേ പണ്ട് ഉദ്ദേശിച്ചതും അറിഞ്ഞതുമാണ്… ഖദ്ര്‍ ഉണ്ടെന്നും അതെല്ലാ വിഷയങ്ങളിലും പൊതുവായിട്ടാണെന്നും ഈ ഖുര്‍ആന്‍ വാക്യവും നബിവചനവും സ്പഷ്ടമായി തെളിയിച്ചിരിക്കുന്നു. അവ എല്ലാം പണ്ടേ വിധിക്കപ്പെട്ടതും അല്ലാഹു അറിഞ്ഞതും ഉദ്ദേശിച്ചതും തന്നെയാണ്.) ഖദ്‌റിനെ സംബന്ധിച്ച് അനേകം ഹദീസുകള്‍ ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്തതിനെ വിശദീകരിച്ചുകൊണ്ട് നവവി(റ) പറയുകയാണ്: ലോകത്ത് നടക്കുന്ന  സര്‍വകാര്യങ്ങളും-അത് ഗുണമോ ദോഷമോ ആവട്ടെ-അല്ലാഹുവിന്റെ വിധി അനുസരിച്ചാണെന്ന അഹ്‌ലുസ്സുന്നത്തിന്റെ മദ്ഹബിന് ഈ ഹദീസുകളില്‍ വ്യക്തമായ ധാരാളം തെളിവുകളുണ്ട്. ഖദ്ര്‍ അല്ലാഹുവിന്റെ രഹസ്യങ്ങളില്‍ ഒന്നാണ്. ഖദ്‌റിനെ സംബന്ധിച്ച അറിവ് ലോകത്തില്‍ നിന്ന് മറച്ചുവെച്ചിരിക്കയാണവന്‍. ഒരു പ്രവാചകനോ ഒരു മലക്കോ അതിനെ അറിഞ്ഞിട്ടില്ല (ശര്‍ഹു മുസ്‌ലിം). ഖദ്‌റിനെക്കുറിച്ച് ചിന്തിച്ചും തര്‍ക്കിച്ചും സമയം പാഴാക്കരുതെന്നും, നമ്മോട് ആജ്ഞാപിക്കപ്പെട്ട കാര്യം ചെയ്യാന്‍ നാം ശ്രമിക്കുകയാണ് വേണ്ടതെന്നും ഇതില്‍ നിന്ന് വ്യക്തമാണല്ലോ.
യഹ്‌യബ്‌നു യഅ്മുര്‍-റ- പറയുകയാണ്: ഖദ്‌റിനെക്കുറിച്ച വാദം ബസ്വ്‌റയില്‍ ആദ്യമായി പുറപ്പെടുവിച്ചത് മഅ്ബദുല്‍ജുഹനി ആയിരുന്നു. അങ്ങനെ ഞാനും ഹമീദുബ്‌നു അബ്ദിര്‍റഹ്മാന്‍ ഹിംയരിയും ഒരുമിച്ച് ഹജ്ജിന് പുറപ്പെട്ടു. നബി ÷ യുടെ അസ്വ്ഹാബുകളില്‍ ആരെയെങ്കിലും കണ്ടാല്‍ ഈ പ്രശ്‌നം അദ്ദേഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കാമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നു. അങ്ങനെ പള്ളിയില്‍ വെച്ച് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)നെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ ഞാനദ്ദേഹത്തോടിങ്ങനെ പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ചിലര്‍ വെളിപ്പെട്ടിട്ടുണ്ട്. അവര്‍ ഖുര്‍ആന്‍ ഓതുന്നവരും അറിവുള്ളവരുമാണ്. കാര്യങ്ങള്‍ മുന്‍കൂട്ടി അല്ലാഹു വിധിച്ചതനുസരിച്ചല്ല നടക്കുന്നതെന്നും അവ പെട്ടെന്ന് സംഭവിക്കുകയും അപ്പോള്‍ അവന്‍ അറിയുകയും ചെയ്യുന്നുവെന്നേയുള്ളുവെന്നുമാണ് അവര്‍ വാദിക്കുന്നത്. ഇതുകേട്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: നീ അവരെ കണ്ടാല്‍ ഞാന്‍ അവരില്‍ നിന്നും അവര്‍ എന്നില്‍ നിന്നും ഒഴിവായവരാണെന്ന് അവരെ അറിയിക്കണം. അല്ലാഹു തന്നെ സത്യം, ഉഹുദ് മല പോലെയുള്ള സ്വര്‍ണം അവര്‍ക്കുണ്ടാവുകയും അതവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്താലും ഖദ്‌റില്‍ വിശ്വസിക്കുന്നതുവരെ അവര്‍ സത്യവിശ്വാസികള്‍ ആവുകയില്ല. തുടര്‍ന്ന് നബി ÷ യുടെ അടുക്കല്‍ ജിബ്‌രീല്‍(അ) വന്നതും ഖദ്‌റിനെക്കുറിച്ചും മറ്റും വിവരിച്ചുകൊടുത്തതുമായ ദീര്‍ഘമായ ആ ഹദീസ് തന്റെ പിതാവായ ഉമര്‍(റ) തന്നോട് പറഞ്ഞതും അദ്ദേഹം (ഇബ്‌നു ഉമര്‍-റ) അവരെ പറഞ്ഞുകേള്‍പിച്ചു (മുസ്‌ലിം).
ഖദ്‌റില്‍ വിശ്വസിക്കാത്തവന്‍ സത്യവിശ്വാസി ആവുകയില്ലെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഖദ്ര്‍ (വിധി) ഇല്ലെന്ന് പറയുന്നവന്‍ മരിച്ചാല്‍ മയ്യിത്ത് പരിപാലനത്തില്‍ നിങ്ങള്‍ പങ്കെടുക്കരുതെന്നും അവന് രോഗം പിടിച്ചാല്‍ സന്ദര്‍ശിക്കരുതെന്നും അവര്‍ ദജ്ജാലിന്റെ അനുയായികളാണെന്നും നബി ÷ അരുളിയിട്ടുണ്ട് (അബൂദാവൂദ്). നബി ÷ പ്രസ്താവിക്കുന്നത് കാണുക: ‘ഖദ്‌റിനെ നിഷേധിക്കുന്നവരോടുകൂടെ നിങ്ങള്‍ ഇരിക്കരുത്. അവരോട് നിങ്ങള്‍ സംസാരം ആരംഭിക്കരുത്’ (അബൂദാവൂദ്). ഈ ഹദീസുകളില്‍ കാണുന്ന ഖദ്ര്‍ ‘ഈത്തപ്പനക്കുരുവില്‍ നിന്ന് ഈത്തപ്പന മുളക്കുന്നു, മനുഷ്യന്റെ ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യന്‍ ജനിക്കുന്നു’ എന്നതു മാത്രമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. അതിനെ നിഷേധിക്കുന്ന ഒരു പാര്‍ട്ടി ലോകത്തുണ്ടായിട്ടില്ല. ദൈനംദിന സംഭവങ്ങള്‍ അല്ലാഹുവിന്റെ വിധി കൊണ്ട് ഉണ്ടാകുന്നതാണെന്ന യാഥാര്‍ഥ്യം നിഷേധിക്കുന്നവരാണ് ഉണ്ടായിരുന്നത്. അവര്‍ക്കാണ് ചരിത്രത്തില്‍ ഖദരിയ്യാക്കള്‍ എന്നു പറയുന്നത്. (ഖദ്‌രിയ്യാക്കള്‍ ഖദ്‌റിനെ നിഷേധിക്കുന്നവരാണ്. കാര്യങ്ങളെല്ലാം അല്ലാഹു വിധിച്ചതനുസരിച്ചുണ്ടാകുന്നു എന്നതിനെ കള്ളമാക്കുന്നവരാണ് അവര്‍).
ഖദ്‌റിനെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ഒട്ടേറെ അനിഷേധ്യ തെളിവുണ്ടായിട്ടും, അതിലുള്ള വിശ്വാസം അത്യന്തം പ്രാധാന്യമുള്ളതാണെന്ന് മുസ്‌ലിം പണ്ഡിതലോകം കാലാകാലങ്ങളില്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും സി.എന്‍. അഹ്മദ് മൗലവി ഖദരിയ്യാക്കളുടെ പക്ഷം ചേര്‍ന്നത് നന്നായില്ല. നബി ÷ പറയുന്നത് കാണുക: സമുദായത്തിലെ രണ്ട് വിഭാഗമാളുകള്‍ക്ക് ഇസ്‌ലാമില്‍ ഒരംശവുമില്ല. അവര്‍ ഖദ്‌രിയ്യാക്കളും മുര്‍ജിയ്യാക്കളും (ജബ്‌രിയ്യാക്കള്‍) ആകുന്നു (തുര്‍മുദി). ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധി അനുസരിച്ചാണെന്നും ഇക്കാര്യം തള്ളിപ്പറയലും വ്യാജമാക്കലും സത്യനിഷേധമാണെന്നും ഇത്രയും വിവരിച്ചതില്‍ നിന്ന് നമുക്ക് ഗ്രഹിക്കാമല്ലോ. വിധിയെ നിഷേധിക്കുവാനായി വിശുദ്ധ ഖുര്‍ആനിലെ അജല്‍, കതബ, കിത്താബ് എന്നീ വാക്കുകളുടെ ഉദ്ദേശ്യങ്ങളും മൗലവി മാറ്റിമറിച്ചിട്ടുണ്ട്. അതുകണ്ട് ആരും തെറ്റിദ്ധരിച്ചുപോകരുത്.

(ഫതഹുര്‍റഹ്മാന്‍: വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്, എസ്.പി.സി, ചെമ്മാട്, മലപ്പുറം)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter