മുഅ്തസിലിസം
ഇസ്ലാമിലെ വിശ്വാസ തത്വങ്ങളെയും ആദര്‍ശ സംഹിതകളെയുമെല്ലാം യുക്തിയുടെ മൂശയിലിട്ടു പാകപ്പെടുത്താന്‍ ശ്രമിക്കുകയും ബൗദ്ധികമായി വ്യാഖ്യാനിക്കുകയും ചെയ്ത ഒരു ചിന്താപ്രസ്ഥാനമാണ് മുഅ്തസിലിസം. മുസ്ലിംകളിലെ യുക്തിവാദികള്‍ എന്നാണ് മുഅ്തസിലുകളെ പല ചരിത്ര പണ്ഡിതന്മാരും പരിചയപ്പെടുത്തിയിട്ടുള്ളത്. അമവീ ഭരണകാലത്ത് ഉടലെടുക്കകയും അബ്ബാസീ ഭരണകാലത്ത് പടര്‍ന്ന് പന്തലിക്കുകയും ചെയ്ത ഈ പ്രസ്ഥാനം, നൂറ്റാണ്ടുകളോളം മുസ്ലിം ലോകത്തിന്റെ തര്‍ക്ക വിതര്‍ക്കങ്ങളുടെയും സംവാദങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു. വലിയ ബുദ്ധിജീവികളും ധിഷണാശാലികളും അണിനിരന്ന ഈ ചിന്താധാര നിരവധി അഭ്യസ്ത വിദ്യരെ ആകര്‍ഷിക്കുകയും ഭരണകൂടങ്ങളെ സ്വാധീനിക്കുകയും ചെയ്തു.
പക്ഷേ, മുഅ്തസിലിസം കാലത്തെ അതിജയിച്ചില്ല. അഹ്ലുസ്സുന്നയുടെ ധൈഷണിക പ്രതിഭകളായ പണ്ഡിതന്മാര് അതിനനുവദിച്ചില്ല. അവരുടെ ബൗദ്ധികവും പ്രാമാണികവുമായ സമര്‍ത്ഥനങ്ങള്‍ക്കു മുന്നില്‍ മുഅ്തസിലിയ്യത്തിന്റെ യുക്തിപരതയും ന്യായാന്യായങ്ങളും സോപ്പുകുമിളകളായി തീരുകയാണുണ്ടായത്. മുഅ്തസിലിയ്യത്തിന്റെ സര്‍വ്വ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനം ഇന്നു നിലവിലില്ല. എങ്കിലും അതിന്റെ സ്വാധീനം പില്ക്കാലത്ത് മുസ്ലിം ലോകത്ത് ഉടലെടുത്ത മിക്ക അവാന്തര ചിന്താപ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ട്. ആധുനികതയുടെ മുഖമൂടി അണിഞ്ഞ് ഇന്ന് നമുക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന പല പ്രസ്ഥാനങ്ങളുടെയും നയനിലപാടുകള്‍ മുഅ്തസിലുകളില്‍ നിന്നും പകര്‍ത്തിയതാണ്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേരിട്ടു ഗവേഷണം നടത്തി കണ്ടെത്തിയ ‘മഹത്തായ ആശയം’ എന്ന പേരില്‍ ഇന്നു പലരും അവതരിപ്പിക്കുന്ന പല വാദങ്ങളും മുമ്പ് മുഅ്തസിലുകള്‍ ഉന്നയിച്ചതിനും ഇമാമുകള്‍ അതിനെ പ്രതിരോധിച്ചതിനും ചരിത്രത്തില്‍ തെളിവുകള്‍ ധാരാളം.
മുഅ്തസില, ഖദ്രിയ്യ, അദ്ലിയ്യ, മുഖ്തസിദ, വഈദിയ്യ എന്നീ പേരുകളിലെല്ലാം ഈ വിഭാഗം അറിയപ്പെടുന്നുണ്ട്. അഹ്ലുല്‍ അദ്ലി വത്തൗഹീദ് (നീതിയുടെയും തൗഹീദിന്റെയും വക്താക്കള്‍) എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. വേറിട്ടുപോയവര്‍, വിഘടിച്ചുപോയവര്‍ എന്നൊക്കെയാണ് മുഅ്തസില എന്ന വാക്കിന്റെ ഭാഷാപരമായ അര്‍ത്ഥം. വാസ്വില്‍ ബിന്‍ അത്വാ (മരണം 748) യാണ് ഈ ചിന്താധാരയുടെ സ്ഥാപകനായി അറിയപ്പെടുന്നത്. താബിഉകളില്‍ പ്രമുഖനായിരുന്ന ഹസനുല്‍ ബസ്വരി (642-728) യുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. ജമല്, സ്വിഫ്ഫീന്‍ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച ഉയര്‍ന്നിരുന്നു. പ്രസ്തുത യുദ്ധത്തില്‍ കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും അവസ്ഥയെന്ത്? കൊലപാതകം പോലുള്ള പാപങ്ങള്‍ ചെയ്തവര്‍ ഇസ്ലാമില്‍ നിന്നു പുറത്തു പോകുമോ ഇല്ലയോ? അവര്‍ കാഫിറുകളും നരകത്തില്‍ ശാശ്വതരുമായിരിക്കുമെന്നു ഖവാരിജുകള്‍ വിധിച്ചു. പരസ്യമായി പശ്ചാതപിച്ചാല് മാത്രമേ അവനെ മുസ്ലിമായി ഗണിക്കാനാവൂ എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അല്ലാഹുവിലും അവന്റെ പ്രവാചകരിലും മറ്റും വിശ്വസിക്കുന്ന ഒരാള്‍ പാപം ചെയ്തതുകൊണ്ട് ഇസ്ലാമില്‍ നിന്നു പുറത്തുപോവുകയില്ല. പ്രസ്തുത പാപം അല്ലാഹു പൊറുത്തുകൊടുക്കുകയോ അല്ലെങ്കില്‍ അതിനനുസരിച്ച ശിക്ഷ നല്‍കുകയോ ചെയ്യാം. ഇതായിരുന്നു പൊതു മുസ്ലിംകളുടെ അഭിപ്രായം.
ബസ്വറാ പള്ളിയില്‍ ദര്‍സ് നടത്തിക്കൊണ്ടിരുന്ന ഇമാം ഹസനുല്‍ ബസ്വരി(റ)യോട് ഇതു സംബന്ധിച്ച് ഒരാള്‍ സംശയം ഉന്നയിച്ചു: ”ദീനിന്റെ ഇമാം അവര്‍കളേ, മഹാപാപം ചെയ്തവര്‍ കാഫിറുകളാണെന്നു പറയുന്ന ഒരു വിഭാഗം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാഫിറുകളല്ല, മുസ്ലിംകള് തന്നെയാണെന്ന് പറയുന്ന മറുവിഭാഗവും. ഇതില്‍ ഏതാണ് ശരി?” ഇമാം മറുപടി പറയാനിരിക്കെ ശിഷ്യനായ വാസ്വില്‍ ഇടക്കുകയറി പറഞ്ഞു: ”അവന് മുഅ്മിനോ കാഫിറോ അല്ല; അതു രണ്ടിന്റെയും ഇടയിലാണ് അവന്റെ സ്ഥാനം”. ശിഷ്യന്റെ ധിക്കാരപരവും പരമാബദ്ധവുമായ ഈ മറുപടി കേട്ടപ്പോള്‍ ഇമാം പറഞ്ഞു: ”ഖദ് ഇഅ്സല അന്നാ” (അയാള്‍ നമ്മുടെ കൂട്ടത്തില്‍ നിന്നു വിഘടിച്ചുപോയി). ഹസനുല്‍ ബസ്വരി(റ) ഉള്‍പ്പെടുന്ന മുസ്ലിം പൊതുകൂട്ടായ്മയില്‍ നിന്നു വിഘടിച്ചുപോയവര്‍ എന്ന അര്‍ത്ഥത്തില്‍ വാസ്വിലും അനുയായികളും പിന്നീട് ‘മുഅ്തസില’ എന്നു വിളിക്കപ്പെട്ടു. മുഅ്തസിലീ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന്റെയും പേരിന്റെയും പശ്ചാത്തലം ഇതായിരുന്നു.
മുഅ്തസിലിത്തെ ശക്തമായി പിന്തുണക്കുന്ന, മോഡേണിസ്റ്റുകളില്‍ പ്രമുഖനായ ഡോ. അഹ്മദ് അമീന് തന്റെ ‘ഫജ്റുല്‍ ഇസ്ലാമി’ല്‍ മുഅ്തസില എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് മറ്റൊരു വീക്ഷണം അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് ജൂതന്മാരില് ‘ഫെറോഷം’ എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. ‘ഫെറോഷം’ എന്നാല്‍ വേറിട്ടുനില്ക്കുന്നവന് (മുഅ്തസില) എന്നാണ് അര്‍ത്ഥം. ഇവര്‍ ഖദ്റിനെ നിഷേധിക്കുകയും മറ്റും ചെയ്തിരുന്നു. ഇവരോട് വാസ്വിലിന്റെ കക്ഷിക്കു സാദൃശ്യം ഉണ്ടായതുകൊണ്ട് ഇസ്ലാം അശ്ലേഷിച്ച ജൂതന്മര് വാസ്വിലിന്റെ കക്ഷിയെ ‘മുഅ്തസില’ എന്നു വിളിച്ചതാകാനാണ് സാധ്യത. ജൂത ‘മുഅ്തസില’ കളുടെയും മുസ്ലിം മുഅ്തസില’കളുടെയും ഇടയില്‍ വലിയ സാദൃശ്യത ഉണ്ട്. ജൂത മുഅ്തസിലുകള്‍ തങ്ങളുടെ വേദഗ്രന്ഥമായ തൗറാത്തിനെ ഭൗതിക ശാസ്ത്രത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരായിരുന്നു. വാസ്വിലിന്റെ മുഅ്തസിലയാകട്ടെ ഖുര്‍ആനിനെ ഭൗതിക ശാസ്ത്രത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരും.” (ഉദ്ധരണി: താരീഖുല്‍ മദാഹിബില്‍ ഇസ്ലാമി: 125)
എതിരാളികള്‍ ഇവരെ ഖദ്രിയ്യ (ഖദ്റിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍) എന്നാണ് വിളിച്ചിരുന്നത്. ഖദ്രിയ്യാക്കള്‍ ഈ ഉമ്മത്തിലെ മജൂസികളാണെന്ന് നബി(സ) പ്രവചിച്ചിട്ടുണ്ട്. ഖദ്റിനെ നിഷേധിക്കുന്ന ഞങ്ങളല്ല, ഖദ്റ് സത്യമാണെന്നു പറയുന്ന സുന്നികളാണ് യഥാര്‍ത്ഥ ഖദ്രിയ്യാക്കള്‍ എന്നാണ് അവരുടെ മറുപടി. അല്ലാഹുവിന്റെ ഖദ്റിനെ നിഷേധിച്ചുകൊണ്ട് എല്ലാ ഖദ്റും തങ്ങള്‍ക്കു തന്നെയാണെന്നു വാദിച്ചതുകൊണ്ടാണ് ഇവര്‍ ഖദ്റികളായത് എന്നു വാദിച്ചുകൊണ്ട് ഇമാമുല്‍ ഹറമൈനി(റ) അടക്കമുള്ള സുന്നികള്‍ ഇതിനെ പ്രതിരോധിച്ചിട്ടുണ്ട്.
അടിസ്ഥാന ശിലകള്‍
മുഅ്തസിലസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അഞ്ചാണ്. അവര്‍ക്കിടയില്‍ ഭിന്നതകളും ഗ്രൂപ്പുകളും നിരവധിയുണ്ടെങ്കിലും അഞ്ച് അടി സ്ഥാന കാര്യങ്ങള്‍ അംഗീകരിച്ചവരെ മുഅ്തസിലിയായി അവര്‍ പരിഗണിക്കുന്നു. പ്രസ്തുത കാര്യങ്ങള്‍ ഇവയാണ് 1) തൗഹീദ് (2) അദ്ല് (3) വഅ്ദും വഈദും (4) അല്‍ മന്സിലത്തു ബൈനല്‍ മന്‍സിലത്തൈന്‍ (5) അംറുന്‍ ബില്‍ മഅ്റൂഫ്, നഹ്യുല്‍ അനില്‍ മുന്കര്.
1. തൗഹീദ്: അല്ലാഹുവിന്റെ ദാത്ത് (സത്ത) മാത്രമാണ് അനാദി. അവന്റെ ഗുണങ്ങളൊന്നും അനാദിയല്ല. സ്വയം പര്യാപ്തമായ ഒരു കേവല സത്ത മാത്രമാണ് അല്ലാഹു. അതിനപ്പുറം യാതൊരു വിശേഷണവും അവനു നല്കാന് പാടില്ല. അങ്ങനെ നല്കിയാല് ശിര്‍ക്ക് (ബഹുദൈവത്വം) സംഭവിക്കുന്നു. ഇതാണ് മുഅ്തസിലീ തൗഹീദിന്റെ കാതല്‍. ഈ വാദം പരമാബദ്ധമാണ്. അല്ലാഹുവിന്റെ സത്തയെപ്പോലെ തന്നെ അവന്റെ ഗുണങ്ങളും അനാദി (ഖദീം) ആണെന്ന പൊതുവിശ്വാസത്തിനെതിരാണിത്. ജ്ഞാനം, ശ്രവണം, സംസാരം, കാഴ്ച തുടങ്ങിയ പൂര്‍ണ്ണതയുടെ ഗുണങ്ങളെല്ലാം അല്ലാഹുവിനുണ്ടെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ ഇതു തൗഹീദിനു വിരുദ്ധവും ശിര്‍ക്കുമാണെന്ന് മുഅ്തസില വാദിക്കുന്നു. കേള്‍വി, കാഴ്ച, സംസാരം തുടങ്ങിയ ഗുണങ്ങള്‍ അല്ലാഹുവിനുണ്ടെന്നു പറഞ്ഞാല്‍ അവ അനാദി (ഖദീം) യാണെന്നു പറയേണ്ടിവരുമെന്നും അക്കാരണത്താല്‍ അല്ലാഹുവിന്റെ സത്തക്ക് ഏകത്വം നഷ്ടപ്പെട്ടു ബഹുത്വം ഉണ്ടാകുമെന്നും ഇവര്‍ ജല്‍പ്പിക്കുന്നു. ഇത് ശിര്ക്കിലേക്കാണത്രെ എത്തിപ്പെടുക.
തികച്ചും സങ്കീര്‍ണ്ണമായ ഈ സിദ്ധാന്തത്തിന്റെ അനുബന്ധമാണ് ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം. അല്ലാഹുവിന്റെ കലാം (വാക്യം) അനാദിയല്ല. പുതുതായി ഉണ്ടായത് (മുഹ്ദസ്) ആണെന്നു അവര്‍വാദിച്ചു. അതുകൊണ്ട് ഭാഷയും അക്ഷരങ്ങളും ഉള്‍ക്കൊള്ളുന്നതും നാം പാരായണം ചെയ്യുന്നതുമായ ഖുര്‍ആന്‍, സ്ഥലങ്ങളെയും കാലങ്ങളെയും ആശ്രയിക്കുന്ന ഒന്നാണ്. ഇതെങ്ങനെ സ്ഥല കാലങ്ങളുടെ ആശ്രയമില്ലാത്ത അല്ലാഹുവിന്റെ ഗുണമായ ‘കലാം’ ആകുമെന്നവര്‍ ചോദിച്ചു. എന്നാല്‍ അനാദിയായ ഖുര്‍ആന്‍ ഭാഷയുടെയും അക്ഷരങ്ങളുടെയും സ്ഥല കാലങ്ങളുടെയും ആശ്രയമില്ലാത്ത ഒരാശയമാണെന്ന വസ്തുത അവര്‍ വിസ്മരിച്ചു.
അല്ലാഹുവിനെ നിര്‍ഗുണനായി അവതരിപ്പിച്ച മുഅ്തസിലുകള്‍, പരലോകത്തുവെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ ദര്‍ശിക്കാന്‍ കഴിയുമെന്ന വിശ്വാസത്തെ ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്തു. ഒരു വസ്തുവിനെ കാണാന്‍ സാധിക്കണമെങ്കില്‍ അതിനു നിറം, സ്ഥലം തുടങ്ങിയവ ആവശ്യമാണ്. പ്രത്യക്ഷപ്പെടുന്ന ശരീരത്തിനു നീളം, വീതി, കനം തുടങ്ങിയവയുമുണ്ടാകും. അല്ലാഹു വിശ്വാസികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നു പറയുമ്പോള്‍ ഇതെല്ലാം അവനുണ്ടെന്നു പറയേണ്ടിവരും. നിര്‍ഗുണനും നിരാകരനുമായ അല്ലാഹുവാകട്ടെ അതില്‍ നിന്നു പരിശുദ്ധനും. അതുകൊണ്ട് പരലോകത്ത് സത്യവിശ്വാസികള്‍ അല്ലാഹുവിനെ ദര്‍ശിക്കുമെന്ന വാദം തൗഹീദിനു വിരുദ്ധമാണ്. ഇതാണ് മുഅ്തസിലീ തൗഹീദി’ന്റെ മറ്റൊരു വാദം. എന്നാല്‍ പരലോകത്ത് വെച്ച് അല്ലാഹു ദൃഷ്ടി ഗോചരനാകുമെന്ന് ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വ്യക്തമാക്കുന്നുണ്ട്. (ഉദാ: അല്‍ ഖിയാമ 23, അല്‍ മുത്വഫ്ഫീന്‍ 15). ”നിങ്ങള്‍ പൗര്‍ണമി രാവില്‍ ചന്ദ്രനെ കാണുന്നതുപോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുക തന്നെ ചെയ്യും” എന്ന പ്രസിദ്ധമായ ഹദീസ്, നബി(സ)യില്‍ നിന്നും ഇരുപതില്‍ പരം സ്വഹാബികള്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രാമാണിക വചനങ്ങളെയെല്ലാം മുടന്തന്‍ ന്യായങ്ങളുയര്‍ത്തി ഖണ്ഡിക്കുകയായിരുന്നു മുഅ്തസിലുകള്‍.
2. അദ്ല്: (നീതി സങ്കല്‍പ്പം): അല്ലാഹു നീതിമാനാണ്. അനീതിയെന്ന് കരുതപ്പെടുന്ന യാതൊന്നും അവനില്‍ നിന്നുണ്ടാവുകയില്ല. പക്ഷേ, ഈ നീതിയും അനീതിയും മനുഷ്യബുദ്ധികൊണ്ട് കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇവിടെയാണ് മുഅ്തസിലത്തിനു പിഴവ് സംഭവിച്ചത്. തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് നീതിയും നന്മയുമാണെന്ന് കണ്ടെത്തിയത് മാത്രമേ അല്ലാഹുവില്‍ നിന്നുണ്ടാകാന്‍ പാടുള്ളൂ എന്നും തങ്ങള്‍ക്കു അനീതിയെന്നു തിന്മയെന്നും മനസ്സിലായ യാതൊന്നും അവനില്‍ നിന്നുണ്ടാകാന്‍ പാടില്ലെന്നും ‘നീതിസിദ്ധാന്ത’ത്തിലൂടെ മുഅ്തസിലുകള്‍ ശഠിച്ചു. വളരെ അപകടകരമായ ഒരു സിദ്ധാന്തമാണിത്. ഇതനുസരിച്ച് ഖുര്‍ആനിലും ഹദീസിലും വന്നകല്പ്പനകള്ക്കോ ശാസനകള്‍ക്കോ പ്രസക്തി ഇല്ല. മറിച്ച് അവ യുക്തിയുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലേ എന്നതിനാണ്. അപ്പോള്‍ ഒരു മിണ്ടാപ്രാണിയെ കഴുത്തറുത്തു കൊന്നു തിന്നുന്നത് അനീതിയാണെന്ന് ബുദ്ധി വിധിച്ചാല്‍ അതാണ് ശരി. അവിടെ ബലിയര്‍പ്പണം പുണ്യമാണെന്നോ വേട്ട അനുവദനീയമാണെന്നോ ഖുര്‍ആനും ഹദീസും പറയാന്‍ പാടില്ല. അത്തരം പരാമര്‍ശങ്ങള്‍ അവയില്‍ ഉണ്ടെങ്കില്‍ അതു മറ്റു രീതിയില്‍ വ്യാഖ്യാനിക്കണം.
നന്മ തിന്മകളുടെയും ധര്‍മ്മാധര്‍മ്മങ്ങളുടെയും മാനദണ്ഡം ബുദ്ധിയാണെന്നും ദിവ്യബോധനവും യുക്തിയും വിയോജിക്കുന്നയിടങ്ങളില് യുക്തിക്കാണ് മുന്‍ഗമന നല്‍കേണ്ടതെന്നും ഇവിടെ മുഅ്തസില വാദിക്കുന്നു. എന്നാല്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് നേരും നെറികേടും തൂക്കിനോക്കാന്‍ സാധിക്കുമെങ്കിലും ദിവ്യബോധനത്തെ തൂക്കിനോക്കാന്‍ മാത്രം അതിനു ശക്തിയില്ലെന്നു പൊതു മുസ്ലിംകള് വിശ്വസിക്കുന്നു. യുക്തിയും ദിവ്യബോധനവും വിയോജിക്കുന്നിടത്ത് ദിവ്യബോധനത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.
ഇസ്ലാമിലെ യുക്തിവാദികള്‍ എന്നു മുഅ്തസിലുകള്‍ വിശേഷിപ്പിക്കപ്പെട്ടതിന്റെ മുഖ്യകാരണം അവരുടെ ഈ നിലപാടാണ്. സ്വര്‍ണ്ണം ഉരക്കലില്ലിട്ട് ഉരച്ചുനോക്കുന്നതുപോലെ ഇസ്ലാമിക ആശയങ്ങളെ മുഴുവന്‍ യുക്തികൊണ്ട് ഉരച്ചുനോക്കണമെന്ന് അവര്‍ വാശിപിടിച്ചു. എന്നാല്‍ സ്വര്‍ണ്ണമാണെന്ന് ഉറപ്പായിട്ടും ഉറച്ചുനോക്കിയാലേ വിശ്വസിക്കൂ എന്ന വാദത്തിന്റെയും ഉരക്കല്ല് കിട്ടുന്നത് വരെ സ്വര്‍ണ്ണമാണെന്ന് അംഗീകരിക്കില്ല എന്ന വാശിയുടെയും ആസാംഗത്യവും അര്‍ത്ഥരാഹിത്യവും ഈ ബുദ്ധിജീവികള്‍ മനസ്സിലാക്കിയില്ല.
മുഅ്തസിലസത്തിന്റെ നീതിസങ്കല്പ്പത്തിന്റെ ഭാഗമാണ് ഖദ്ര് നിഷേധം. മനുഷ്യ പ്രവര്‍ത്തനങ്ങളുടെയെല്ലാം സ്രഷ്ടാവും കര്‍ത്താവും അവന് തന്നെയാണെന്നും അതില്‍ അല്ലാഹുവിന് യാതൊരു പങ്കുമില്ലെന്നും മുഅ്തസില വാദിച്ചു. നന്മയും തിന്മയും എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍ നിശ്ചയവും തീരുമാനവും അനുസരിച്ചാണ് ഉണ്ടാകുന്നത് എന്ന ഖദ്ര്, ഖളാഅ് വിശ്വാസത്തെ അവര്‍ ചോദ്യം ചെയ്തു. ഇത് അല്ലാഹുവിന്റെ നീതിയെ നിഷേധിക്കുന്നതിനു തുല്യമാണെന്ന് അവര്‍ സ്ഥാപിച്ചു. മനുഷ്യന് അവന്റെ ചെയ്തികളെല്ലാം പൂര്‍ണ്ണ സ്വതന്ത്രരാണെന്ന ഈ വാദം മനുഷ്യരെ മുഴുവന്‍ സൃഷ്ടികര്ത്താക്കളാക്കുന്ന അബദ്ധത്തിലാണ് എത്തിപ്പെട്ടത്.
3. വഅ്ദ്, വഈദ് (സുവിശേഷവും താക്കീതും) അല്ലാഹു നീതിമാനായതുകൊണ്ട് സത്യവിശ്വാസികള്‍ക്കും സല്‍കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്കും നല്കുമെന്നു പറഞ്ഞ വാഗ്ദാനങ്ങളെല്ലാം പാലിക്കല്‍ അവനു നിര്‍ബന്ധമാണ്. അതാണ് വഅ്ദ് (പ്രതിഫല വാഗ്ദാനം). ഇപ്രകാരം അവിശ്വാസികള്‍ക്കും ദുര്‍വൃത്തിയില്‍ പെട്ടവര്‍ക്കും നല്കുമെന്നു താക്കീതു ചെയ്ത ശിക്ഷകള്‍ അവര്‍ക്കും നല്കല് നിര്‍ബന്ധമാണ്. അതാണ് വഈദ് (താക്കീത്). ഇതിലൂടെ അല്ലാഹു സ്വതന്ത്രനല്ലെന്നും നിര്‍ബന്ധിതനാണെന്നും വരുത്തിതീര്‍ക്കുകയാണ് മുഅ്തസിലുകള്‍. അവരുടെ വഅ്ദ്- വഈദിന്റെ അപകടവും ഈ ‘നിര്‍ബന്ധിപ്പിക്കല്‍’ തന്നെ. സജ്ജനങ്ങള്‍ക്ക് അല്ലാഹു നിരവധി പ്രതിഫലവും ദുര്ജനങ്ങള്ക്ക് ശിക്ഷയും വാഗ്ദാനം ചെയ്തിട്ടുണ്ട്. നീതിമാനായ അല്ലാഹു ആ വാഗ്ദാനം നിര്‍വ്വഹിക്കുകയും ചെയ്യും. ഇതാണ് മുസ്ലിം പൊതു സമൂഹത്തിന്റെ വിശ്വാസം. എന്നാല്‍, അല്ലാഹു നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു ബാധ്യതയാണിതെന്നു നാം പറയുന്നില്ല. അല്ലാഹുവിന് സ്വാതന്ത്ര്യം നല്‍കാത്ത മുഅ്തസിലിസത്തിന്റെ നിലപാടാണ് ഇവിടെ പ്രശ്നം.
4. അല്‍ മന്സിലത്തു ബൈനല്‍ മന്സിലത്തെന് (രണ്ടു പദവികള്‍ക്കിടയില്‍ മറ്റൊന്ന്): മഹാപാപം ചെയ്തവന് മുഅ്മിനോ കാഫിറോ അല്ല. അതു രണ്ടിന്റെയും ഇടയിലുള്ള ഒരു പ്രത്യേക സ്ഥാനത്ത് (ഫാസിഖ്) ആകുന്നു. ഈ വാദം മുഅ്തസിലി സ്ഥാപകന്‍ വാസ്വില്‍ തന്നെയാണ് കൊണ്ടുവന്നത്. (ഹസനുല്‍ ബസ്വരിയുടെ സദസ്സില്‍ വാസ്വില്‍ ഇത് നിരത്തിയത് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ).
പാപികള്‍ മുഅ്മിനും കാഫിറുമല്ലെന്ന നിലപാടിലൂടെ മറ്റൊരു പദവി ഉണ്ടെന്ന് സ്ഥാപിക്കുകയാണ് മുഅ്തസിലുകള്‍ ചെയ്തത്. അവരെ ഫാസിഖ് എന്നു വിളിക്കുന്നതോടൊപ്പം മുസ്ലിമായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഫാസിഖ് ശാശ്വതമായി നരകത്തില്‍ കഴിയേണ്ടവനാണെന്ന അവരുടെ വാദം തിന്മയെ പ്രതിരോധിക്കാനാണെങ്കിലും അതിരു കടന്നതായി പോയി.
5. അംറുബിന് മ്റൂഫ് വന്നഹ്യു അനില്‍ മുന്കര് (നന്മ ഉപദേശിക്കലും തിന്മ തടയലും) ഇസ്ലാമിക സന്ദേശങ്ങളുടെ പ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങളും മാര്‍ഗ ഭ്രംശം സംഭവിച്ചവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരലും ഓരോ സത്യവിശ്വാസിക്കും നിര്‍ബന്ധമാണെന്ന് മുഅ്തസിലുകള്‍ വാദിക്കുന്നു. നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും ഉമ്മത്തിന്റെ സാമൂഹ്യ ബാധ്യത തന്നെയാണ്. പക്ഷേ, ആ വകുപ്പുപയോഗിച്ച് എതിരാളികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം തങ്ങളുടെ ആശയം അംഗീകരിപ്പിക്കുകയായിരുന്നു മുഅ്തസിലുകള്‍. ഖുര്‍ആന്‍ സൃഷ്ടിവാദം പോലുള്ള മുഅ്തസിലി ആശയങ്ങളെ അംഗീകരിക്കാത്ത പണ്ഡിതന്മാരെയും മറ്റും മുഅ്തസിലുകള്‍ പീഢിപ്പിച്ചിരുന്നതും ഈ ‘തിന്മ തടയുക’ എന്ന ആയുധം ഉപയോഗിച്ചുതന്നെ.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്‍)
Leave A Comment